\"അങ്ങനെ അങ്ങ് പോയാലോ ലീന കൊച്ച്.. നമ്മള് തമ്മിൽ ഒരു കടം ബാക്കിയില്ലേ.. അത് തീർത്തിട്ട് അങ്ങ് പൊക്കോ. \" അശ്ലീല ചുവയോടെ ലീനയെ നോക്കി അവൻ പറഞ്ഞു.
എല്ലാവരുടെയും മുൻപിൽ ധൈര്യം കാണിക്കുന്ന ലീനക്ക് ചെറുതായി ഭയം തോന്നിത്തുടങ്ങിയിരുന്നു. അവൾ ചുറ്റും നോക്കി. കാർ പാർക്കിങ്ങിൽ ആരുമില്ല. ഇരുട്ടും വീണു തുടങ്ങിയിരിക്കുന്നു. അവൾ കയ്യിലെ ബാഗിൽ തൻറെ ഫോണിനായി പരതി.
\"ദേ.. ഇതാണോ നീ തിരയുന്നത്?\" അവളുടെ ഫോൺ പൊക്കിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു.
\"മാറിനിൽക്കടാ പട്ടി..\" ആക്രോശിച്ചുകൊണ്ട് അവൾ അവനെ ആഞ്ഞു തള്ളി.
ലീനയുടെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ ഹേമന്ത് ഒന്ന് ഞെട്ടി പിന്നോട്ട് ആഞ്ഞു പോയി. അവൻറെ ശ്രദ്ധ മാറിയതും ലീന അവിടെ നിന്ന് ഗേറ്റിനരികിലേക്ക് ഓടി. ഗേറ്റിനടുത്ത് സെക്യൂരിറ്റി നിൽക്കുന്നത് അവൾ കണ്ടു.
\"ഹേയ്.. ഹെല്പ്..\" അവൾ വിളിച്ചു പറഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് ഓടി.
പെട്ടെന്നാണ് സൈഡിൽ നിന്ന് ഹേമന്ത് ചാടിവീണു അവളുടെ കൈ രണ്ടും പിന്നിലേക്ക് ആയി കൂട്ടി പിടിച്ചത്.
\"ചേട്ടാ..\" അവൾ വീണ്ടും സെക്യൂരിറ്റിയെ വിളിച്ചതും അയാൾ കേൾക്കാത്ത ഭാവത്തിൽ നിന്നതേയുള്ളൂ.
\"പുള്ളിക്ക് കേൾക്കില്ല.. ചെവി കേൾക്കാത്തതുകൊണ്ട് അയാൾ സ്ഥിരം വയ്ക്കുന്ന ഇയർഫോൺ മാറ്റിവയ്ക്കാൻ അയാൾക്ക് ഉള്ളത് കൊടുത്തിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്. ഈ സമയം ഇവിടേക്ക് ആരെയും കയറ്റി വിടാതിരിക്കാൻ ഉള്ളതും വേറെ കൊടുത്തിട്ടുണ്ട്.. \" ഹേമന്ത് പറഞ്ഞത് കേട്ട് ലീന അവനെയും സെക്യൂരിറ്റിയും മാറി മാറി നോക്കി.
\"അതിലൊക്കെ മുമ്പ്.. ദാ ഈ സെക്യൂരിറ്റി ക്യാമറകൾ ഒന്നും വർക്ക് ചെയ്യുന്നില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.. \" അവൻ ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു അവളെ കാറുകൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോയി.
ലീന അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു. \"അടങ്ങി നിൽക്കടി.. ഇത് എൻറെ ആദ്യത്തെ അനുഭവം ഒന്നുമല്ല.. നിന്റെയോ?\" അശ്ലീല ചുവയോടെ അവൻ ചോദിച്ചു.
\"എന്നെ കൊന്നാലും നിൻറെ ആഗ്രഹം നടക്കാൻ പോകുന്നില്ല..\" വീറോടെ അവൾ പറഞ്ഞു. അവളുടെ വാക്കുകളിൽ മാത്രമേ ആ ധൈര്യം ഉണ്ടായിരുന്നുള്ളൂ. മനസ്സിൽ നിന്ന് അത് ചോർന്ന് ഒലിച്ചു പോകാൻ തുടങ്ങിയിരുന്നു.
\"എന്താടി ഇത്ര അഹങ്കാരം? നിൻറെ പോലീസുകാരൻ ചേട്ടനെ ഓർത്തിട്ട് ആണോ? ഒരു കാര്യവുമില്ല.. ഇത് കഴിഞ്ഞിട്ട് നീ ചൊല്ലുമ്പോൾ ഉള്ള കേസ് ഒക്കെ തിരിച്ചു മാച്ച് കളയാനുള്ള കാര്യങ്ങൾ എന്റെ അമ്മാവൻ എംഎൽഎ ചെയ്തിട്ടുണ്ട്. പിന്നെ ഇതിൽ നിന്നൊക്കെ നിൻറെ ഏട്ടനെ മാറ്റി നിർത്താൻ ആയി പഴയ ഏതോ കൊലപാതക കേസ് അയാളുടെ കയ്യിലേക്ക് ഇട്ടു കൊടുത്തിട്ടുണ്ട്. അങ്ങേര് നിൻറെ കാര്യം പറഞ്ഞ ചെല്ലുമ്പോൾ മേളിലുള്ളവർ കൊലപാതക കേസിൽ തുമ്പുണ്ടാക്കാൻ കഴിയാത്തതിനെ പറ്റി പറഞ്ഞു അയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടും.. \"
ഹേമന്ദിന്റെ വാക്കുകൾ ലീന ഭയത്തോടെ കേട്ടു. അവൻ ശരിക്കും ആസൂത്രിതമായാണ് കാര്യങ്ങൾ നീക്കിയിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്ത അവളിൽ ഉദിച്ചു. തന്റെ കാല് പിന്നോട്ട് ആഞ്ഞ് അവൻറെ കാലിൽ തട്ടി അവന് താഴെ വീഴ്ത്താൻ അവൾ ശ്രമിച്ചു. അവൾ കുതറി കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അവളുടെ കയ്യിലെ പിടി അയഞ്ഞതും ഹേമന്ത് തെറിച്ചു സൈഡിലേക്ക് വീണതും. തിരിഞ്ഞു നോക്കിയ ലീന കണ്ടത് സാമിനെ ആയിരുന്നു.
ഒരു ക്ലൈണ്ടിനെ മീറ്റ് ചെയ്യാൻ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങിയതായിരുന്നു സാം. പക്ഷേ അവിടെ ചെന്നപ്പോഴാണ് ആവശ്യമുള്ള ഒരു ഫയൽ ഓഫീസിൽ നിന്ന് എടുത്തിട്ടില്ല എന്ന് അവൻ മനസ്സിലാക്കിയത്. സാധാരണ പൂർണി ആയിരുന്നു അത്തരം കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്തിരുന്നത്. അവൾ റിസൈൻ ചെയ്തു പോയപ്പോൾ അവൾക്ക് പകരം മറ്റൊരാളെ അതുവരെ നിയമിച്ചിട്ടില്ലായിരുന്നതുകൊണ്ട് കൃത്യമായി ഫയലുകൾ എടുത്തു വയ്ക്കാൻ വിട്ടുപോയി. അത് എടുക്കാൻ ആയി തിരികെ ഓഫീസിൽ എത്തിയപ്പോഴാണ് കാർ പാർക്കിങ്ങിൽ പണി നടക്കുന്നതായി പറഞ്ഞു സെക്യൂരിറ്റി ആൾക്കാരെ തിരിച്ചുവിടുന്നത് അവൻ ശ്രദ്ധിച്ചത്.
സാമിനെ കണ്ട സെക്യൂരിറ്റി ഒന്ന് പതുങ്ങി. ഹേമന്ത് കൊടുക്കുന്ന വലിയ തുകയുമായി അവിടെ നിന്ന് കേസും കൂട്ടവും ആകുന്നതിനു മുൻപ രക്ഷപ്പെടാൻ ആയിരുന്നു അയാളുടെ പരിപാടി.. പക്ഷേ സാമിനെ അയാൾ അവിടെ പ്രതീക്ഷിച്ചിരുന്നില്ല.
പാർക്കിങ്ങിന് അകത്തേക്ക് കയറിയ അവൻ കണ്ടത് ലീനയെ വലിച്ചുകൊണ്ടുപോകുന്ന ഹേമന്തിനെ ആണ്. ഒരു നിമിഷം പോലും ഓർത്തു നിൽക്കാതെ അവൻ ഹേമന്ദിന്റെ വലത്തേ കൈത്തണ്ടയിൽ ആഞ്ഞു ചവിട്ടിയിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ തെറിച്ചുപോയ ഹേമന്ത് സമിനരികിലേക്ക് ഓടി വന്നെങ്കിലും അതിനു മുൻപേ സാം കുനിഞ്ഞ് അവൻറെ കാലിൽ പിടിച്ചു ഉയർത്തി നിലത്ത് അടിച്ചിരുന്നു.
സാമും ഹേമന്തും തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ ലീന പകപോടെ ചുറ്റും നോക്കി. അവിടെ കണ്ട ഒരു പഴയ പൈപ്പ് കഷണം എടുത്ത് അവൾ ഹേമന്ദിന്റെ തലയിൽ ആഞ്ഞടിച്ചു. ബോധം മറഞ്ഞ ഹേമന്ത് താഴേക്ക് വീണു. കിതച്ചുകൊണ്ട് ലീനയും സാമും പരസ്പരം നോക്കി.
രണ്ടുപേരുടെയും ശ്വാസം ഒന്ന് നേരെ ആയപ്പോൾ സാം തന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസ് വരാനായി കാത്തുനിൽക്കുമ്പോൾ അവൻ ലീനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
\"ഒരു താങ്ക്സ് പറയാം..\" കള്ളച്ചിരിയോടെ അവൻ പറഞ്ഞു.
\"താങ്ക്സ് അല്ല നിങ്ങൾക്ക് പറയേണ്ടത്.. കൺഗ്രാജുലേഷൻസ് ആണ്.. അടിപൊളി പെർഫോമൻസ്.. തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് പൂർണിയുമായ ബ്രേക്ക് അപ്പ് ചെയ്യുക. അവൾ വഴി ആ കാര്യം എൻറെ ഫ്രണ്ട് മിഥുനെ അറിയിക്കുക. മിഥുൻ എന്തായാലും എന്നോട് പറയാതിരിക്കില്ലല്ലോ അത്. പിന്നെ എന്നോട് വിദ്വേഷം ഉള്ള ഒരാളെ എന്നെ ഉപദ്രവിക്കാനായി ഏർപ്പാടാക്കുക. ഹീറോ സ്റ്റൈലിൽ എന്നെ വന്ന് രക്ഷിക്കുക. എല്ലാം നന്നായിട്ടുണ്ട്.
പക്ഷേ അൺഫോർച്ചുനേറ്റ്ലി ഇത് അലീനയാണ്. കടയാടിയിലെ അലീന. തന്റെ ഈ ചീപ്പ് നമ്പറിൽ ഒന്നും ഞാൻ വീഴില്ല. അത്തരം മോഹങ്ങളൊക്കെ മനസ്സിൽ വച്ചാൽ മതി. ഇങ്ങോട്ടേക്ക് എടുക്കണ്ട. അലക്സച്ചായൻ തന്ന പ്ലാസ്റ്റർ വെട്ടിയിട്ട് അധിക ദിവസമായില്ലല്ലോ. ഇത്തവണ കൈക്ക് ഒപ്പം രണ്ട് കാലുകൂടെ എടുത്തേക്കും എന്റെ ഇച്ചായന്മാർ.
വരട്ടെ.. അത് പോരല്ലോ... അന്ന് താൻ എന്താ പറഞ്ഞത്.. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതുകൊണ്ട് ഞാൻ എന്റെ ഇച്ചായന്മാരെ വിട്ട് തല്ലിക്കും എന്ന് അല്ലേ.. ? ഇനി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഒരു ചിന്ത തനിക്ക് വേണ്ട.. അതുകൊണ്ട് ദാ ഇത് ഇരിക്കട്ടെ..\" ലീന കൈവീശി സാമിന്റെ ഇടത്തെ കവിളിൽ ഒന്ന് പൊട്ടിച്ചു. അവനെ പുച്ഛത്തോടെ ഒന്ന് നോക്കി തന്റെ സ്കൂട്ടറിന് അടുത്തേക്ക് നടന്നു.
ഇടത്തെ കവിളിൽ കൈവെച്ച് കണ്ണിലൂടെ പറന്ന പൊന്നീച്ചകളെ എണ്ണി \'എന്താ ഇപ്പോ ഇവിടെ സംഭവിച്ചേ?\' എന്ന എക്സ്പ്രഷനിൽ നിൽക്കുകയായിരുന്നു അപ്പോൾ സാം.
*********
\"എന്താ കുട്ടച്ചായ കാണണം എന്ന് പറഞ്ഞത്?\" സാവിയോയുടെ ഓഫീസ് ടേബിളിനു മുന്നിലിരുന്ന് അലക്സ് ചോദിച്ചു.
\"ഓ അതോ.. ഒരു മിനിറ്റ്..\" കയ്യിലിരുന്ന് ഫയൽ ഒപ്പുവെച്ച് കോൺസ്റ്റബിളിന് കയ്യിൽ കൊടുത്ത് അയാളോട് പുറത്തേക്ക് പോകാൻ സാവിയോ ആംഗ്യം കാണിച്ചു.
അയാൾ പുറത്തു പോയതും സാവിയോ തൻറെ ടേബിളിൽ നിന്ന് മറ്റൊരു ഫയൽ എടുത്ത് അലക്സിന് നേരെ നീട്ടി.
\"ഇതാ.. നീ ചോദിച്ചില്ലേ.. കുരുവി കൂട്ടിലെ ഫിലിപ്പിനെ കുറിച്ച്.. അയാളുടെ ഫയലാണ്. കുറച്ചു പഴയതാണ്. അന്ന് റേചെമ്മായിയുടെ കല്യാണ തലേന്ന് ഫിലിപ്പ് ഇമോറൽ ട്രാഫിക്കിന് പോലീസ് പിടിയിൽ ആയപ്പോൾ രജിസ്റ്റർ ചെയ്ത കേസിന്റെ കോപ്പി.
അന്ന് അയാളുടെ കൂടെ പിടിയിലായത് ശ്രീലക്ഷ്മി വർമ്മ എന്ന ഒരു നമ്പൂതിരി പെൺകുട്ടിയാണ്. നമ്പൂതിരി എന്ന് പറയാമോ എന്ന് എനിക്കറിയില്ല. അവരുടെ അച്ഛൻ ഗോപാലകൃഷ്ണവർമ്മ വർഷങ്ങൾക്കു മുമ്പ് തൻറെ തറവാട്ടിൽ നിന്ന് പടിയടച്ചു പിണ്ണം വയ്ക്കപ്പെട്ട വ്യക്തിയാണ്. കമ്മ്യൂണിസം തലയ്ക്കു പിടിച്ചപ്പോൾ പൂണൂൽ പൊട്ടിച്ചെറിഞ്ഞ് സാധാരണക്കാർക്ക് ഇടയിലേക്ക് ഇറങ്ങിയ ഒരു വ്യക്തിയാണ് ഈ ഗോപാലകൃഷ്ണ വർമ്മ. ശ്രീലക്ഷ്മിക്ക് ഏകദേശം പന്ത്രണ്ടോ പതിമൂന്നോ മറ്റോ വയസ്സുള്ളപ്പോൾ അച്ഛൻറെ കൂടെ തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ് അവൾ. അവളും ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നു. ഫിലിപ്പിന്റെ ക്ലാസ്മേറ്റ്.\"
നല്ല ഐശ്വര്യമുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോ അലക്സിന് നേരെ നീട്ടി സാവിയോ തുടർന്നു. \"ഇതാണ് ഫിലിപ്പും ശ്രീലക്ഷ്മിയും..\"
ശ്രീലക്ഷ്മിയെ എവിടെയോ കണ്ടിട്ടുള്ളതുപോലെ അലക്സിന് തോന്നി. പക്ഷേ എവിടെയാണെന്ന് ഉറപ്പിച്ചു പറയാൻ അവന് സാധിച്ചില്ല.
\"ഈ ഗോപാലകൃഷ്ണ വർമ്മ തൻറെ തറവാട് വിട്ടതിനുശേഷം മുഴുവൻ സമയ പാർട്ടി പ്രവർത്തകനായിരുന്നു. പാർട്ടിയെ തമിഴ്നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ഉദ്ദേശം വച്ചാണ് കേരള തമിഴ്നാട് ബോർഡറിൽ ഉള്ള പീലാമേട് എന്ന നാട്ടിൽ അയാൾ ചെന്നത്. ഒരുപാട് ഫാക്ടറികളും മറ്റും പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ ഗ്രാമമാണ് പീലാമേട്. അവിടുത്തെ തൊഴിലാളികൾക്കിടയിൽ അദ്ദേഹം പുതിയൊരു ഉണർവ് ഉണ്ടാക്കി. അവർക്കായി, പിറതിപലിപ്പ് എന്ന പേരിൽ ഒരു പത്രവും അദ്ദേഹം തുടങ്ങിയിരുന്നു.
പത്രം പച്ചപിടിച്ച തോടുകൂടി പല വലിയ നേതാക്കന്മാരുടെയും കണ്ണിലെ കരടായി മാറി ഗോപാലകൃഷ്ണൻ സഖാവ്. അതിൻറെ ഫലമായിരുന്നു ഒരു ആക്സിഡന്റിലൂടെ ഉള്ള അയാളുടെ മരണം. പക്ഷേ അച്ഛനേക്കാൾ കരളുറപ്പുള്ള മകളായിരുന്നു ശ്രീലക്ഷ്മി. അവൾ ആ പത്രവും അച്ഛൻറെ പാരമ്പര്യവും ഏറ്റെടുത്തു.
ഞാൻ മനസ്സിലാക്കിയിടത്തോളം, അന്ന് തന്റെ വിവാഹത്തിൻറെ തലേന്ന് ഫിലിപ്പ് ബാച്ചിലർ പാർട്ടിക്ക് വേണ്ടി അല്ല പോയത്. ശ്രീലക്ഷ്മിക്ക് വേണ്ടി ഒരു ഇൻവെസ്റ്റിഗേറ്റീവ് ഫീച്ചറിന്റെ ഫോട്ടോസ് എടുക്കാൻ ആണ് അവൻ പോയത്. ആരൊക്കെയോ വച്ച ട്രാപ്പിൽ ശ്രീലക്ഷ്മിയും ഫിലിപ്പും കുടുങ്ങുകയായിരുന്നു.
സത്യം പറയട്ടെ ജോ. തൻറെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം മാറ്റിവച്ച്, തൻറെ പേരിൽ ചീത്ത പേരു കേൾക്കാനിടയായ ഒരു പെണ്ണിന് ഒരു ജീവിതം കൊടുത്ത ഫിലിപ്പിനോട് എനിക്കിപ്പോൾ റെസ്പെക്ട് ആണ് തോന്നുന്നത്.\" സാവിയോ പറഞ്ഞു.
സാവിയോ പറഞ്ഞത് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു അലക്സ്. ഇത്രയും കാലം താൻ ഒരു ശത്രുവിനെപ്പോലെ മനസ്സിൽ കൊണ്ട് നടന്നത് ഒരു നല്ല മനുഷ്യനെ ആയിരുന്നു എന്ന് അവന് വിശ്വസിക്കാൻ സാധിച്ചില്ല. പിന്നെ എന്തിനുവേണ്ടിയായിരുന്നു ഈ വഴക്കൊക്കെ? അവൻ സ്വയം ചോദിച്ചു.
\"എന്നിട്ട് ഇപ്പോൾ ഈ ഫിലിപ്പ് എവിടെയുണ്ട്?\" അലക്സ് ചോദിച്ചു.
അതിൻറെ ഉത്തരം അറിയാമായിരുന്നിട്ടും സാവിയോ പറഞ്ഞില്ല. അത് അവൻ തന്നെ കണ്ടുപിടിക്കണം എന്ന് സാവിയൊക്കെ തോന്നിയിരുന്നു.
\"അമ്മു ആരാണെന്ന് അലക്സ് തന്നെ കണ്ടുപിടിക്കണം. അവളുടെ യഥാർത്ഥ കഥ അറിഞ്ഞു വേണം അലക്സ് അവളെ സ്നേഹിക്കാൻ.\" (സാവിയോ ആത്മ.)
\"എനിക്ക് ഇത്രയുമേ ഇപ്പോൾ കണ്ടുപിടിക്കാൻ സാധിച്ചുള്ളൂ.. നിനക്കറിയാമല്ലോ.. ഞാൻ പണ്ട് അന്വേഷിച്ചിരുന്ന ഒരു മർഡർ കേസ് റീ ഓപ്പൺ ആയിട്ടുണ്ട്. അതിന് പിന്നാലെ ആണ് ഇപ്പോൾ ഞാൻ. നിനക്ക് സമയമുണ്ടെങ്കിൽ നീ പീലാമേട് വരെ ഒന്ന് ചെന്ന് അന്വേഷിക്കു..\" സാവിയോ പറഞ്ഞു.
\"ഓക്കേ അച്ചായാ.. ഇന്ന് കുറച്ചു പണികൾ കൂടി എനിക്ക് ബാക്കിയുണ്ട്.. നാളെ ഞാൻ പീലാമേട്ടിലേക്ക് പോകാം.. ഒരു കാര്യം ചെയ്യാം.. വില്ലിയെ കൂടി കൂടെ കൂട്ടാം. റിസർച്ച് സെൻററിന്റെ പണിയൊന്നും തുടങ്ങാൻ പറ്റാത്തതുകൊണ്ട് ബോറടിച്ചിരിക്കുകയാണ് അവൻ. \" അലക്സ് പറഞ്ഞു.
\"നാളെ പോയാൽ.. മറ്റന്നാൾ വല്യപ്പച്ചന്റെ ബർത്ത് ഡേ സെലിബ്രേഷൻ അല്ലേ?\" സാവിയോ ചോദിച്ചു.
\"അതൊന്നും ഇച്ചായൻ പേടിക്കേണ്ട.. വൈകുന്നേരം അല്ലേ പരിപാടി.. അതിനു മുൻപ് ഞാൻ എത്തും.. അപ്പോൾ എൻറെ കയ്യിൽ ഫിലിപ്പ് ഒപ്പിട്ട പേപ്പറും കാണും.. ഇനി അയാൾ ഒപ്പിട്ടില്ലെങ്കിൽ ഞാൻ ഒപ്പിടിക്കും.. അതായിരിക്കും വല്യപ്പച്ചൻ ഉള്ള എൻറെ ബർത്ത് ഡേ ഗിഫ്റ്റ്\" സാവിയോയെ കണ്ണ് ചിമ്മി കാണിച്ച് അവനിരുന്ന കസേര പുറകിലേക്ക് നീക്കിക്കൊണ്ട് എഴുന്നേറ്റ് അലക്സ് തിരിഞ്ഞു നടന്നു.
(തുടരും..)
അതെ.. നിങ്ങൾ ഫോളോ ആക്കിയപ്പോൾ ഇടാതെ പറ്റിക്കുന്നത് ഒന്നും അല്ല.. ഈ ആപ്പ് എന്നെ എഡിറ്റ് ചെയ്യാൻ സമ്മതിക്കുന്നില്ല. അല്ലെങ്കിൽ എന്നും പോസ്റ്റ് ചെയ്യാൻ ഞാൻ റെഡിയാണ്. പക്ഷേ എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ ബ്ലാങ്ക് ആയി അങ്ങനെ കിടക്കുകയാണ് ആപ്പ്. ഞാനെന്തു ചെയ്യാനാണ്? വല്ലപ്പോഴും ശരിയായി വരുമ്പോൾ ആണ് ഈ പോസ്റ്റ് ചെയ്യുന്നത്. ഞാൻ നേരത്തെ പറഞ്ഞതാണ്. പ്രതിലിപി ആപ്പിൽ ഞാൻ പോസ്റ്റ് ചെയ്യുന്നുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ഭാഗം വെച്ച് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. നിങ്ങൾക്ക് അവിടെ പോയി വായിക്കാം. അതല്ലെങ്കിൽ ഈ ആപ്പ് ശരിയാകുമ്പോൾ ഒക്കെ ഞാൻ പോസ്റ്റ് ചെയ്തേക്കാം. നിങ്ങൾ കാത്തിരുന്നതുകൊണ്ട് ഒരു ഭാഗം കൂടി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം, ആപ്പ് അനുവദിച്ചാൽ. പക്ഷേ കമൻറ് കുറയ്ക്കരുത്. കമന്റും റേറ്റിംഗും കിട്ടാത്തതുകൊണ്ടാണ് എല്ലാ പാർട്ടും പെട്ടെന്ന് പോസ്റ്റ് ചെയ്യാത്തത്.