Aksharathalukal

ചെമ്പകപ്പൂക്കൾ - 4

ഭാഗം 4

മൂന്നാഴ്ച പെട്ടെന്ന് കടന്നുപോയി. കല്യാണത്തിന്റെ അന്ന് രാവിലെ നന്ദു കുറെ അധികം നാളുകൾക്കു ശേഷം അമ്പലത്തിൽ പോയി. അനന്തനും നന്ദുവും തമ്മിലുള്ള വിവാഹത്തിന്റെ കാര്യം നാട്ടിൽ എല്ലാവരും അറിഞ്ഞിരുന്നു. 
അത് കൊണ്ട് തന്നെ എല്ലാവരുടെയും നോട്ടം അവളിൽ ആയിരുന്നു. അനന്തന്റെ ആഗ്രഹം പോലെ ലളിതമായ വിവാഹം ആയതു കൊണ്ട് നാട്ടിൽ ആരെയും വിവാഹത്തിന് വിളിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ രണ്ടു പേരുടെയും കഴിഞ്ഞ കാലത്തെ കാര്യങ്ങളും മറ്റും അറിയാവുന്നതു കൊണ്ട് ഈ വിവാഹം എങ്ങനെ ആയി തീരും എന്നു എല്ലാവർക്കും കൗതുകവും ഉണ്ടായിരുന്നു. അമ്പലനടയിൽ നിൽക്കുമ്പോൾ തനിക്കു വേണ്ടി എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ തന്റെ അച്ഛനും വീട്ടിലുള്ളവർക്കും നല്ലത് വരുത്തണം എന്ന് മാത്രം പ്രാർത്ഥിച്ചു. വീട്ടിൽ എത്തിയപ്പോഴേക്കും മാധവൻ മാമനും ഭാര്യ ഗീത അമ്മായിയും അവിടെ എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ അവരെല്ലാം അവരവരുടെ തിരക്കുകളിൽ വ്യസ്ഥരായിരുന്നു. അവളെ ഒരുക്കാൻ ഒന്നും ആരും വന്നിട്ടുണ്ടായിരുന്നില്ല. ചെമ്പമഠത്തിൽ നിന്നും കൊണ്ട് തന്ന വില കൂടിയ പട്ടുസാരി അവൾ തന്നെ ഞൊറിഞ്ഞുടുത്തു. ശേഷം ആഭരണങ്ങളിലേക്ക് നോക്കി. ലളിതമായ ചടങ്ങിനു ഇത്രയധികം ആഭരണങ്ങൾ അണിഞ്ഞു ചെല്ലുന്നത് ഔചിത്യമാണോ എന്ന് ഒരു വേള അവൾക്കു തോന്നി. പിന്നെ അവർ കൊണ്ട് തന്ന സ്ഥിതിക്ക് ഇടാതെ ഇരിക്കുനത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് അവൾ അതോരോന്നായി എടുത്തു അണിഞ്ഞു. ഒരുങ്ങി ഇറങ്ങിയപ്പോൾ കണ്ണൻ അവളുടെ അടുത്തേക്ക് വന്നു സൂപ്പർ എന്ന് കൈ കൊണ്ട് കാണിച്ചു. അവനായി ഒരു പുഞ്ചിരി സമ്മാനിച്ചു നന്ദു അമ്മയെ ദഹിപ്പിച്ചിടത്തു ചെന്ന് കുറച്ചു നേരം അങ്ങനെ നിന്നു..

\" അമ്മ.. എന്റെ കല്യാണം ഇങ്ങനൊന്നും അല്ല അമ്മ വിചാരിച്ചിരുന്നത് എന്ന് എനിക്കറിയാം. എല്ലാം ഞാൻ ആയി തന്നെ വരുത്തി വെച്ചതാണ്. അച്ഛന്റെ ഈ അവസ്ഥയ്ക്കുള്ള കാരണക്കാരിയും ഞാൻ തന്നെ. അതൊക്കെ ശരിയാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം ഞാൻ കാണുന്നില്ല അമ്മേ. അമ്മയുടെ ആത്മാവ് എന്ന് ഈ മകൾക്കു കാവൽ ഉണ്ടാവണം \"

തൊഴുതു പ്രാർത്ഥിച്ചു അവൾ അച്ഛന്റെ അടുക്കലേക്കു ചെന്നു. അവളെ കല്യാണവേഷത്തിൽ കണ്ടതും ശങ്കരന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി

\" മോളെ.. \"

\" എന്തിനാ അച്ഛാ വിഷമിക്കുന്നത്? ഞാൻ ദൂരത്തേക്കൊന്നും അല്ലല്ലോ പോകുന്നത്? അച്ഛനു എപ്പോൾ കാണണം എന്ന് തോന്നുമ്പോഴും ഒന്ന് വിളിച്ചാൽ മതി. നന്ദു ഇങ്ങു വരില്ലേ? \"

അയാൾ അവളുടെ മുടിയിൽ വാത്സല്യത്തോടെ തലോടി..

\" ഒരിക്കലും ഒരു അച്ഛനും ഇങ്ങനെ പറയാൻ പാടില്ല എന്നറിയാം.. എന്നാലും പറയുകയാണ്..അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്റെ മോൾ അച്ഛന്റെ അടുത്തേക്ക് തന്നെ തിരികെ പോരണം. \"

അനന്തന്റെ അസുഖത്തെ പറ്റിയാണ് അച്ഛൻ പറയുന്നതെന്ന് അവൾക്കു മനസിലായി. അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല. അച്ഛന്റെ ചികിത്സ മുഴുവനും കഴിയുന്നത് വരെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അവിടെ തന്നെ പിടിച്ചു നിൽക്കാൻ അവൾ മനസ്സ് കൊണ്ട് ഉറപ്പിച്ചിരുന്നു. എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ കാരണം തളർന്ന എന്റെ അച്ഛന്റെ അച്ഛന്റെ ആരോഗ്യം വീണ്ടെടുക്കണം. തന്നോട് ദേഷ്യം ആണെങ്കിലും ചെറിയമ്മയ്ക്കും ആരുവിനും അച്ഛനോട് കാര്യം ആണ്. അച്ഛന്റെ കാര്യങ്ങൾ എല്ലാം അവർ നന്നായി നോക്കിയിട്ടും ഉണ്ട് . അത് അവൾക്കു വലിയ ആശ്വാസം ആയിരുന്നു.  വീട്ടിൽ നിന്നിറങ്ങുന്നതിനു മുന്നേ ചെറിയമ്മയ്ക്കും മാധവൻ മാമനും ഗീത അമ്മായിക്കും ദക്ഷിണ കൊടുക്കാൻ അവൾ മറന്നില്ല. അവൾ ഒഴിവായി പോകുന്നതിന്റെയും വീട്ടിലെ മറ്റു കടങ്ങളും ബാധ്യതകളും തീരുന്നതിന്റെയും സന്തോഷത്തിൽ ചെറിയമ്മ സന്തോഷത്തോടെ അത് സ്വീകരിച്ചു. അവരെ കുടുംബക്ഷേത്രത്തിലേക്കു കൊണ്ട് പോകാൻ ചെമ്പകമഠത്തിൽ നിന്നു കാർ അയച്ചിരുന്നു. താൻ ജനിച്ചു വളർന്ന വീട് ഒരു തവണ കൂടി കണ്ണ് നിറച്ചു കണ്ടതിനു ശേഷം നന്ദു പടിയിറങ്ങി .. എന്താണ് വരാനിരിക്കുന്നത് എന്നറിയാത്ത തന്റെ പുതിയ ജീവിതത്തിലേക്ക്.

അവരെല്ലാം കാറിൽ കയറി അങ്ങോട്ടേക്ക് പുറപ്പെട്ടു.അര മണിക്കൂറിലെ യാത്രയിൽ അവർ ചെമ്പകമഠത്തിലെ കുടുംബക്ഷേത്രത്തിൽ എത്തിച്ചേർന്നു. അവിടെയും അധികം ആളുകളെ ഒന്നും കണ്ടില്ല. എല്ലാം കൂടി ഒരു പതിനഞ്ചോളം ആളുകൾ മാത്രമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്  . അധികം ആളുകൾ ഒന്നും ഇല്ലാത്തതു ഒരു കണക്കിന് നന്ദുവിന് ആശ്വാസമായി തോന്നി.

\" വരൂ.. വരൂ.. ഇവിടെ എല്ലാം റെഡി ആണ്.. ഞങ്ങൾ കാത്തിരിക്കുകയായിരുന്നു\"

മഹാദേവൻ അവരെ കണ്ട ഉടനെ അങ്ങോട്ടേക്ക് വന്നു. അയാളോടൊപ്പം ഇന്ദിരയും ഉണ്ടായിരുന്നു.

\" മോൾ വന്നോളൂ..\"

ഇന്ദിര നന്ദുവിനെ വിളിച്ചു. ഇന്ദിരയോടൊപ്പം നടക്കുമ്പോൾ ആരുവും ചെറിയമ്മയും ഒരു വല്ലാത്ത ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടു. 

\" സാരിയും ആഭരണങ്ങളും ഒക്കെ ഇഷ്ടപ്പെട്ടോ? മോളുടെ ഇഷ്ടങ്ങൾ ഒന്നും അറിയാത്തതു കൊണ്ട് ഞാൻ എന്റെ ഒരു ഇഷ്ടത്തിന് അങ്ങ് വാങ്ങിയതാണ് \"

\" എല്ലാം വളരെ നന്നായിട്ടുണ്ട്.. താങ്ക് യൂ \"

\" അയ്യേ.. അതൊക്കെ എന്തിനാ? ഇനി ഇപ്പൊ മോളും ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെ അല്ലെ?\"

അവർ വാത്സല്യത്തോടെ പറഞ്ഞു.

\"ചെമ്പകമഠത്തിലെ കുടുംബക്ഷേത്രത്തിൽ മഹാവിഷ്ണു ആണ് പ്രതിഷ്ഠ.. \"

ക്ഷേത്രത്തിന്റെ പുറത്തായി ചെറിയൊരു മണ്ഡപം പോലെ ഉണ്ടാക്കിയിരുന്നു. അങ്ങോട്ടാണ് ഇന്ദിര അവളെ കൊണ്ട് പോയത്..

\" ഒരു ഫോട്ടോ.. ഒരു ഫോട്ടോ.. \"

കയ്യിൽ ഒരു വില കൂടിയ മൊബൈലുമായി ഇളം മഞ്ഞ നിറത്തിലുള്ള ജുബ്ബയും കസവു മുണ്ടും ധരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തെത്തി. അയാളുടെ നിറഞ്ഞ പുഞ്ചിരിയും ചുറുചുറുക്കോടെ ഉള്ള നിൽപ്പും കണ്ടപ്പോൾ അത് അനന്തൻ അല്ല എന്നവൾക്ക് മനസിലായി

\"ഓഹോ.. അപ്പോൾ ഇതാണല്ലേ എന്റെ ഏട്ടത്തി? അമ്മ പറഞ്ഞിരുന്നു സുന്ദരി ആണെന്ന്.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.\"

എന്ന് അയാൾ പറഞ്ഞപ്പോൾ ഇയാൾ ആരാണെന്നോ എന്ത് പറയണമെന്നോ മനസിലാവാതെ നന്ദു നിന്നു..

\" എന്നെ മനസിലായില്ല അല്ലെ? ഞാൻ കിരൺ.. അനന്തൻ എന്റെ ഏട്ടനാണ്.. \"

അനന്തന്റെ അനിയൻ.. അപ്പോൾ..

\" എന്റെ മോനാ മോളെ.. \"

ഇന്ദിര അവളുടെ ചിന്ത പൂർത്തിയാക്കി. ചെമ്പകമഠത്തിലേ മഹാദേവനും ഇന്ദിരയ്ക്കും ഒരു മകൻ ഉള്ള വിവരം അവൾ കേട്ടിട്ടുണ്ട്.. അപ്പോൾ ഇതാണ് ആ കക്ഷി.. അവൾ മനസിലോർത്തു..

\" ഏട്ടൻ കാറിൽ തന്നെ ഇരിക്കുവാ.. ഒരു ഫോട്ടോ എടുക്കാൻ ഇറങ്ങി വരാൻ പറഞ്ഞിട്ട് പോലും വന്നില്ല \"

കിരൺ കൊച്ചു കുട്ടികളെ പോലെ അമ്മയുടെ അടുത്ത് പരാതി പറഞ്ഞു.

\" അവന്റെ അവസ്ഥ നിനക്കറിയില്ലേ മോനെ? അപ്പോൾ അവനെ ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ? ഇനിയിപ്പോ ദേവനന്ദ കൂടി അവന്റെ ജീവിതത്തിലേക്ക് വന്നില്ലേ? പതിയെ പതിയെ എല്ലാം ശരിയാവും.. അത് വരെ നീ അവനെ ശല്യപെടുത്താതെ \"

ഇന്ദിര കിരണിനെ ഉപദേശിച്ചു.

\" ശെരി.. ഏട്ടന്റെ ഫോട്ടോ എടുക്കണ്ടെങ്കിൽ വേണ്ട.. ഏട്ടത്തിടെ എടുക്കാലോ? അമ്മയും ഏട്ടത്തിയും കൂടെ നിന്നെ.. ഞാൻ എടുക്കാം ഫോട്ടോ\"

ഇന്ദിര അവളോട് ചേർന്ന് നിന്നു. നന്ദുവിന് ചെറിയ ചമ്മൽ തോന്നി എങ്കിലും വേണ്ടാന്ന് പറയാൻ തോന്നിയില്ല. അത് കൊണ്ട് അവൾ ഫോട്ടോക്ക് നിന്നു കൊടുത്തു. പിന്നീട് കിരണും കൂടി അവരോടൊപ്പം വന്നു നിന്നു സെൽഫി എടുത്തു.. അങ്ങനെ നിൽക്കുമ്പോഴാണ് ബാക്കി എല്ലാവരും അങ്ങോട്ടേക്ക് വരുന്നത്. നന്ദുവിനെ ചേർത്ത് നിർത്തി അവർ ഫോട്ടോയും മറ്റും സന്തോഷത്തോടെ എടുക്കുന്നത് കണ്ടു ആരുവിന്റെ മുഖം വല്ലാതായി .

\" ആ.. നീ ഇവിടെ ഫോട്ടോയും എടുത്തു നിൽക്കുവാണോ? അപ്പോൾ അനന്തന്റെ അടുത്ത് ആരാ? \"

മഹാദേവൻ ചോദിച്ചു..

\" ഏട്ടൻ തന്നെയാ എന്നോട് ഇങ്ങോട്ടേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞത്.. അവിടെ പിള്ള ചേട്ടൻ ഉണ്ട്.. \"

\" മുഹൂർത്തതിന് സമയം ആയി.. പെണ്ണിനേയും ചെക്കനെയും വിളിച്ചോളൂ.\"

പൂജിച്ച താലിയുമായി അങ്ങോട്ടേക്ക് വന്ന തിരുമേനി പറഞ്ഞു.

\" കിരൺ.. മോനെ.. ഏട്ടനെ വിളിച്ചോണ്ട് വാ \"

ഇന്ദിര പറഞ്ഞു.. കിരൺ വേഗം അവരുടെ കാറിനടുത്തേക്ക് ഓടി. നന്ദുവിന്റെ ഹൃദയം പട പടാന്ന് മിടിക്കാൻ തുടങ്ങി. അവൾ പതുക്കെ ഇന്ത്യയുടെ അടുത്ത് നിന്നു കണ്ണന്റെ അടുത്തേക്ക് നീങ്ങി നിന്നു. കണ്ണൻ അവളുടെ പേടി മനസിലാക്കി അവളുടെ കയ്യിൽ പിടിച്ചു. പിന്നെ പേടിക്കേണ്ടെന്നു കണ്ണടച്ച് കാണിച്ചു. അധികം വൈകാതെ കിരൺ തിരികെയെത്തി. അവനോടൊപ്പം രണ്ടു പേരുമുണ്ടായിരുന്നു   ഒരാൾ ഏകദേശം അൻപതു അറുപതു വയസ്സ് പ്രായം വരുന്ന ഉയരം കുറഞ്ഞ ഇരു നിറമുള്ള ഒരു മനുഷ്യൻ ആയിരുന്നു. അതായിരിക്കാം നേരത്തെ കിരൺ പറഞ്ഞ പിള്ള ചേട്ടൻ. നന്ദുവിന്റെ നോട്ടം കിരണിനോടൊപ്പം വരുന്ന അടുത്ത ആളിലേക്ക് നീണ്ടു. പിള്ള ചേട്ടനെ പോലെ അല്ല.. നല്ല ഉയരം.. വെളുത്ത നിറം.. മുഖത്ത് കട്ടിയുള്ളതെങ്കിലും ഭംഗിയായി വെട്ടി ഒതുക്കിയ കറുത്ത താടി.. കട്ടി മീശ.. കണ്ണുകളിൽ നിറഞ്ഞ ഗൗരവം.. ചന്ദന നിറത്തിലുള്ള ഹാഫ് കുർത്തയും കസവു മുണ്ടുമാണ് വേഷം. ആരു അന്ന് പറഞ്ഞത് പോലെ തന്നെ സുന്ദരൻ ആയിരുന്നു അനന്തപദ്മനാഭൻ. അവൾ അയാളെ നോക്കി കൊണ്ട് നിൽക്കുന്ന സമയത്തു തന്നെ അയാളുടെ നോട്ടം അവളിലേക്കായി. രണ്ടു നിമിഷം അത് അവളിൽ താങ്ങി നിന്ന ശേഷം വീണ്ടും മുന്നിലേക്ക്‌ തന്നെ ആയി. വേറെ ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ അനന്തൻ കിരണിനോടൊപ്പം മഹാദേവന്റെ അടുത്ത് ചെന്നു നിന്നു. 

\" കണ്ടിട്ട് അസുഖം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.. പക്ഷെ നല്ല പോലെ ജാഡ ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു\"

അവൾ മനസ്സിൽ ഓർത്തു.

\" പെണ്ണും ചെക്കനും മണ്ഡപത്തിലേക്കു കയറി ഇരുന്നോളു. \"

വീണ്ടും തിരുമേനിയുടെ നിർദേശം വന്നു. അവൾ അച്ഛനെ നോക്കി. ശങ്കരൻ അവളോട്‌ പോയ്കൊള്ളാൻ തല കൊണ്ട് ആംഗ്യം കാണിച്ചു. അവൾ മണ്ഡപത്തിൽ കയറി ഇരുന്നതിന് ശേഷമാണ് അനന്തൻ കയറി ഇരുന്നത്.  ഇരുന്നപ്പോഴും അവൻ അവളെ നോക്കിയില്ല. കിരൺ ആണെങ്കിൽ ചുറ്റും നടന്നു എല്ലാത്തിന്റെയും ഫോട്ടോ എടുക്കുന്നുണ്ട്.  അപ്പോഴത്തെ പേടി കാരണം അതൊന്നും ശ്രദ്ധിക്കാൻ അവൾക്കു മനസ്സും തോന്നിയില്ല. 

\" എന്നാൽ മുഹൂർത്തം തെറ്റാതെ ചടങ്ങ് നടക്കട്ടെ തിരുമേനി \"

മഹാദേവൻ പറഞ്ഞു. തിരുമേനി മഞ്ഞ ചരടിൽ കോർത്ത താലി അനന്തന്റെ മുന്നിലേക്ക്‌ നീട്ടി. ഒരു നിമിഷം അവൻ ഒന്ന് ശങ്കിച്ച പോലെ തോന്നി നന്ദുവിന്.. പിന്നെ ഇരു കൈയും നീട്ടി അവൻ അത് സ്വീകരിച്ചു. താലി കെട്ടാനായി അവളുടെ നേരെ തിരിഞ്ഞപ്പോൾ വീണ്ടും അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഉടക്കി. അവന്റെ കണ്ണിലെ അപ്പോഴത്തെ ഭാവം അവൾക്കു വേർതിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ കൈ കൊണ്ട് നന്ദുവിന്റെ കഴുത്തിൽ താലിയും അതിനു ശേഷം നെറുകയിൽ ഒരു നുള്ള് സിന്ദൂരവും അണിയപ്പെട്ടു. എത്ര പെട്ടന്നാണ് താൻ അനന്തന്റെ ഭാര്യ ആയി മാറിയത്. ബാക്കി ഉള്ള ചടങ്ങുകളെല്ലാം ക്രമം പോലെ നടന്നു.മാലായിട്ടപ്പോഴും മന്ത്രകോടി കൊടുത്തപ്പോഴും എല്ലാം അവന്റെ മുഖത്ത്  ഗൗരവം ആയിരുന്നു. പക്ഷെ ശങ്കരൻ അവന്റെ കൈകളിലേക്ക് അവളുടെ കൈകൾ ചേർത്ത് വച്ചപ്പോൾ അവളുടെ കൈയോട് ചേർന്നിരിക്കുന്ന അവന്റെ കൈക്കു അവൾ പ്രതീക്ഷിച്ചതു പോലെ കാടിന്യം ഉണ്ടായിരുന്നില്ല.. പകരം അവൾക്കു ഒരു മൃദുത്വം അനുഭവപ്പെട്ടു. അനന്തന്റെ കൈ പിടിച്ചു അവന്റെ പിന്നിലായി മൂന്നു തവണ വലം വച്ചു കഴിഞ്ഞപ്പോൾ തിരുമേനി ചടങ്ങുകൾ എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞു.

\" എന്നാൽ പിന്നെ ഇനി രണ്ടാളും കൂടി ഒന്ന് അമ്പലത്തിനുള്ളിൽ കയറി തൊഴുതിട്ട് വാ.. \"

ഇന്ദിര പറഞ്ഞു. അനന്തൻ അമ്പലത്തിനുള്ളിലേക്ക് കയറിയപ്പോൾ പിറകെ നന്ദുവും ചെന്നു. കുടുംബക്ഷേത്രം ആയതു കൊണ്ടും ഇന്നവിടെ കല്യാണം ആയതു കൊണ്ടും അകത്തു അധികം ആളുണ്ടായിരുന്നില്ല. അത് കൊണ്ടായിരിക്കണം അമ്പലത്തിനകത്തു അധികം ശ്രദ്ധിക്കാത്ത പോലെ മാറിനിന്ന് കൊണ്ട് തങ്ങളെ വീക്ഷിക്കുന്ന ഒരു ആളെ നന്ദു ശ്രദ്ധിച്ചത്. ആദ്യം അവൾ കരുതിയത് കല്യാണം കഴിഞ്ഞു വരുന്ന വരനെയും വധുവിനെയും, പ്രത്യേകിച്ച് തങ്ങളെ പോലെ നാട്ടിൽ പ്രശസ്തരായവരെ ആരായാലും നോക്കുമല്ലോ? അങ്ങനെ ആയിരിക്കും എന്നാണ്.. പക്ഷെ അമ്പലനടയിൽ തൊഴുതു നിൽക്കുമ്പോഴും പ്രസാദം വാങ്ങുമ്പോഴും വലം വയ്ക്കുമ്പോഴുമെല്ലാം അയാളുടെ കണ്ണുകൾ തങ്ങളുടെ മേൽ, പ്രത്യേകിച്ച് തന്റെ മേൽ ആണെന്ന് കണ്ടപ്പോൾ നന്ദുവിന് വല്ലായ്മ തോന്നി.  അനന്തൻ ആണെങ്കിൽ അവൾ കൂടെ ഉണ്ട് എന്നുള്ള മൈൻഡ് പോലും ഇല്ലാതെയാണ് നടപ്പ്. അത് കൊണ്ട് അവൾ അവനോടു ഒന്നും പറയാൻ പോയില്ല . തൊഴുതു ഇറങ്ങി കഴിഞ്ഞപ്പോൾ  കിരണിന്റെ വക കുറച്ചു ഫോട്ടോ എടുപ്പും കഴിഞ്ഞു സദ്യ കഴിക്കാനായി കയറി. എല്ലാം അനന്തന്റെ  വീട്ടുകാർ തന്നെ അറേഞ്ച് ചെയ്തിരുന്നത് കൊണ്ട്  ബുദ്ധിമുട്ടുണ്ടായില്ല. സദ്യ കഴിഞ്ഞപ്പോൾ നന്ദു അമ്പലത്തിന്റെ അടുത്തായി അവൾക്കു സാരീ മാറാനായി ഒരുക്കിയിരുന്ന സ്ഥലത്തേക്ക് പോയി. ചെറിയമ്മയോ ആരുവോ ഒന്നും അവളോടൊപ്പം വന്നില്ലെങ്കിലും ഇന്ദിരയും ഒപ്പം മറ്റൊരു സ്ത്രീയും അവളോടൊപ്പം വന്നു. കൂടെ വന്നിരിക്കുന്നത് വളരെ അധികം നാളുകളായി ചെമ്പകമഠത്തിലെ വിശ്വസ്ഥയായ ഒരു ജോലിക്കാരി അംബിക ആണെന്ന് ഇന്ദിര അവളോട്‌ പറഞ്ഞു.

\" അനന്തന്റെ അച്ഛനും അമ്മയും ഉള്ളപ്പോൾ മുതൽ അംബിക അവിടെയുള്ളതാണ്. അനന്തനെ ഒക്കെ എടുത്തു കൊണ്ട് നടന്നിട്ടുള്ളതാ.. നമ്മുടെ കുടുംബത്തിലെ ഒരു അംഗം തന്നെ എന്ന് പറയാം..\"

ഇന്ദിര അവരെ പരിചയപെടുത്തികൊണ്ട് അവളോട്‌ പറഞ്ഞു.അവർ രണ്ടാളും കൂടി അവളെ സാരീ മാറാനും മറ്റും സഹായിച്ചു. മന്ത്രകോടി ഉടുപ്പിച്ചു കഴിഞ്ഞപ്പോൾ അവളുടെ കയ്യിൽ കുറച്ചു മേക്കപ്പ് സാധനങ്ങൾ കൊടുത്തിട്ടു മുഖം ഒക്കെ ഒന്ന് നന്നാക്കി മണ്ഡപത്തിന്റെ അടുത്തേക്ക് വന്നേക്കാൻ പറഞ്ഞിട്ട് ഇന്ദിരയും അംബികയും കൂടി അങ്ങോട്ട്‌ പോയി. അധികം മേക്കപ്പ് ചെയ്തുള്ള പരിചയം ഒന്നുമില്ലാത്തതു കൊണ്ട് അവൾ കുറച്ചു ക്രീമും പുരട്ടി കണ്ണും എഴുതി അവൾ ആ പരിപാടി അവസാനിപ്പിച്ചു.തിരികെ മണ്ഡപത്തിലേക്കു നടക്കുമ്പോഴാണ് അപ്പുറത്ത് നിന്നു ആരൊക്കെയോ അവിടെയുള്ള ഒരു മരത്തിന്റെ പിറകിൽ നിന്നു സംസാരിക്കുന്നതു കേട്ടത്. വലിയ കാര്യമാക്കാതെ മുന്നോട്ടു പോകുമ്പോഴാണ് അതിൽ ഒരാൾ അനന്തന്റെ പേര് വിളിക്കുന്നത് അവൾ കേട്ടത്. അറിയാതെ അവൾ അവിടെ നിന്നു അയാൾ പറയുന്നത് ശ്രദ്ധിച്ചു പോയി.

തുടരും..

( നന്നാവുന്നുണ്ടോ? വായിക്കുന്നവർ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഒരുപാട് നന്നായിരുന്നു )


ചെമ്പകപ്പൂക്കൾ -5

ചെമ്പകപ്പൂക്കൾ -5

4.4
923

ഭാഗം 5മണ്ഡപത്തിലേക്കു നടക്കുമ്പോഴാണ് അപ്പുറത്ത് നിന്നു ആരൊക്കെയോ അവിടെയുള്ള ഒരു മരത്തിന്റെ പിറകിൽ നിന്നു സംസാരിക്കുന്നതു കേട്ടത്.അത് കാര്യമാക്കാതെ മുന്നോട്ടു പോകുമ്പോഴാണ് അതിൽ ഒരാൾ അനന്തന്റെ പേര് വിളിക്കുന്നത് അവൾ കേട്ടത്. അവന്റെ പേര് കേട്ടതും അറിയാതെ അവൾ അവിടെ നിന്നു അയാൾ പറയുന്നത് ശ്രദ്ധിച്ചു പോയി.\" അനന്താ.. നീ എന്തൊക്കെ പറഞ്ഞാലും ഈ നടക്കുന്നതിനോടൊന്നും എനിക്ക് യോജിക്കാൻ കഴിയില്ല.. ഇതൊക്കെ വലിയ റിസ്ക് ആണ്.ഇത് കാരണം ഇനി ഒന്നും നമ്മൾ വിചാരിച്ച പോലെ നടക്കില്ല \"അനന്തനെ വിളിച്ചാണ് അയാൾ സംസാരിക്കുന്നതു. അതിനർത്ഥം ഈ മരത്തിനു പിന്നിൽ നിൽക്കുന്ന ഒരാൾ