Aksharathalukal

ചെമ്പകപ്പൂക്കൾ - 11

ഭാഗം 11

ഇവിടെ എല്ലാവർക്കും എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. അതും ആൾക്കാരെ അപകടപെടുത്താൻ മാത്രം പാകത്തിന് ഉള്ള രഹസ്യങ്ങൾ. താൻ വന്നു പെട്ടിരിക്കുന്നത് ഒരു വലിയ കുരുക്കിലാണോ എന്ന് പോലും അവൾക്കു സംശയം തോന്നിപോയി. ഇനിയിപ്പോ എന്താ ചെയ്യുക? തന്റെ തുണിയെല്ലാം വാരി കെട്ടി വീട്ടിലേക്കു തന്നെ പോയാലോ? താൻ മനസ്സ് കൊണ്ട് അറിയുക പോലും ചെയ്യാത്ത കാര്യത്തിന്റെ പേരിൽ തന്റെ ജീവൻ കളയേണ്ട ആവശ്യം ഉണ്ടോ? ഇവിടെ എന്തെങ്കിലും പ്രശനം ഉണ്ടായാൽ വീട്ടിലേക്കു തന്നെ ചെന്നോളാൻ അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ? അതിനു വേണ്ടി അവൾ അലമാരയുടെ അടുത്തേക്ക് നടക്കുകയും ചെയ്തതാണ്. പക്ഷെ അപ്പോൾ അവളുടെ മനസ്സിൽ അനന്തന്റെ മുഖം തെളിഞ്ഞു വന്നു. പണ്ട് പെട്ടെന്നൊരു ദിവസം തന്റെ കുടുംബം തകർന്നപ്പോൾ മനസ്സ് തകർന്നു പോയ കുഞ്ഞു അനന്തൻ.  അവൻ അവളോടൊന്നും മിണ്ടാറില്ലെങ്കിലും എന്നും രാവിലെ എണീറ്റാൽ കുറച്ചു നേരം അവന്റെ ഉറങ്ങുന്ന മുഖം നോക്കി അവൾ ഇരിക്കാറുണ്ട്.. എന്തോ അവനെ ഈ വീട്ടിൽ തനിച്ചാക്കി പോകാൻ അവൾക്കു മനസ്സ് വരുന്നുണ്ടായിരുന്നില്ല. അവനു തന്റെ ആവശ്യം ഉണ്ടെന്നു ആരോ ഉള്ളിലിരുന്നു പറയുന്ന പോലെ..പക്ഷെ അനന്തേട്ടൻ തന്നെ മൈൻഡ് ചെയ്യുന്നു പോലും ഇല്ല.. പോരാത്തതിന് ആവശ്യത്തിന് അവഗണിക്കുന്നും ഉണ്ട്. അപ്പോൾ പിന്നെ അങ്ങനെ ഒരാൾക്ക്‌ വേണ്ടി തന്റെ ജീവൻ പോലും അപകടത്തിൽ ആക്കി കൊണ്ട് ഇവിടെ നിൽക്കേണ്ട കാര്യം ഉണ്ടോ?ഒരു പക്ഷെ തന്റെ സുരക്ഷിതത്വം ഓർത്താണെങ്കിലോ അവൻ തന്നെ അവഗണിക്കുന്നത്? രണ്ടു രീതിയിലും ഉള്ള ചിന്തകൾ മനസ്സിനെ കുഴപ്പിച്ചു കൊണ്ടിരുന്നു. മൂക്കിലേക്ക് ചെമ്പകപ്പൂക്കളുടെ സുഗന്ധം അടിച്ചപ്പോഴാണ് അവൾക്കു പരിസര ബോധം വീണത്. ഓരോരോ ആലോചനകളിൽ മതി മറന്നു എപ്പോഴാണ് താൻ ബാൽക്കണിയിലേക്ക് എത്തിയതെന്നു ഓർമ ഇല്ല.. തങ്ങളുടെ മുറിയുടെ ബാൽക്കണി അനന്തന്റെ വിഹാരകേന്ദ്രം ആണ്. അത് കൊണ്ട് നന്ദു അങ്ങനെ അങ്ങോട്ട്‌ ഇറങ്ങാറില്ല. വീണ്ടും ചെമ്പകപ്പൂക്കളുടെ മണം..അവൾ താഴേക്കു നോക്കി.. അവരുടെ ബാൽക്കണിയിൽ നിന്നു നോക്കിയാൽ വീടിന്റെ പുറകു വശം ആണ് കാണുന്നത്. പുറകിലുള്ള പറമ്പിൽ നിറയെ പൂത്തു നിൽക്കുന്ന ചെമ്പക മരം. അപ്പോൾ അവിടെ നിന്നാണ് ഈ മണം.പലപ്പോഴും ആ മുറിയിൽ ഇരിക്കുമ്പോൾ അവൾക്കു ചെമ്പകപ്പൂക്കളുടെ സുഗന്ധം കിട്ടാറുണ്ട്.. പക്ഷെ ഇത് വരെ അവൾ ആ മരം എവിടെയാണെന്ന് കണ്ടിട്ടുണ്ടായിരുന്നില്ല. ചെറിയൊരു  കാറ്റുണ്ട്.. ആ കാറ്റാണ് ഈ മണം തന്നിലേക്ക് എത്തിക്കുന്നത്.ആ പൂക്കൾ നോക്കി നിൽക്കെ ആ മരത്തിനടുത്തേക്ക് പോകാൻ അവൾക്കു തോന്നി. അങ്ങോട്ട്‌ തന്നെ ആരോ മാടി വിളിക്കുന്നത് പോലെ. അധികം ചിന്തിക്കാൻ സാധിക്കുന്നതിനു മുന്നേ തന്നെ അവളുടെ കാലുകൾ അവളെ ആ മുറിയുടെ പുറത്തേക്കും, പിന്നെ താഴേക്കും കൊണ്ട് പോയിരുന്നു. അടുക്കളവശത്തു കൂടി പുറത്തിറങ്ങി  അവൾ ചെമ്പകമരത്തിനടുത്തേക്ക് നടന്നു. അടുക്കുന്തോറും പൂവിന്റെ മണം കൂടി കൂടി വന്നു. ഒടുവിൽ ആ മരത്തിന്റെ ചോട്ടിൽ അവൾ വന്നു നിന്നു. മരത്തിനു താഴെ കുറെയധികം പൂക്കൾ വീണു കിടപ്പുണ്ട്.. അതിൽ നിന്നും ഒരു പൂവെടുത്തു അവൾ മൂക്കിലേക്ക് ചേർത്ത് വച്ചു. വല്ലാത്തൊരു സുഗന്ധം.. അവൾ കണ്ണുകൾ അടച്ചു അതിൽ ലയിച്ചു അങ്ങനെ നിന്നു..ആ സമയം അവളെ ആരോ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് പോലെ തോന്നി അവൾക്കു

\" ആഹാ.. മോൾ ഇവിടെ വന്നു നിൽക്കുവായിരുന്നോ? ഞാൻ വിചാരിച്ചു മുറിയിൽ നാളെ പോകാൻ ഡ്രസ്സ്‌ ഒക്കെ എടുത്തു വയ്ക്കുകയാവും എന്ന്.. \"

പിന്നിൽ നിന്നു ഇന്ദിരയുടെ സ്വരം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി..

\" മോൾക്കും ചെമ്പകപ്പൂക്കൾ ഇഷ്ടമാണോ?\"

അവളുടെ കയ്യിലെ പൂവ് കണ്ടു ഇന്ദിര ചോദിച്ചു.

\" എനിക്ക് ഇഷ്ടമാണ്.. വേറെ ആർക്കാ അമ്മേ ഈ പൂക്കൾ ഇത്രയ്ക്കു ഇഷ്ടം? \"

\"അനന്തനു വലിയ ഇഷ്ടമാണ്.. അവൻ ഇടക്കൊക്കെ ഇത് പോലെ ഇവിടെ വന്നു ഈ മരച്ചുവട്ടിൽ ഇങ്ങനെ നില്കുന്നത് കാണാം.. പഴയ ഓർമ്മകൾ ആവും.. ഏട്ടത്തിക്കും ചെമ്പകപ്പൂക്കളോട് വലിയ ഇഷ്ടം ആയിരുന്നു. ഏട്ടത്തി നട്ടതാണ് ഈ ചെമ്പകമരം..ഇടക്കൊക്കെ സ്നേഹം കൂടുമ്പോൾ രുദ്രേട്ടൻ പറിച്ചു കൊണ്ട് വന്നു മുടിയിൽ ചൂടി കൊടുക്കാമായിരുന്നു \"

ഒരു നിശ്വാസത്തോടെ ഇന്ദിര പറഞ്ഞു..ഈ കഴിഞ്ഞ ദിവസങ്ങളിൽ പല തവണ ഇന്ദിരയോട് ചോദിക്കണമെന്ന് വിചാരിച്ചതാണ് അനന്തേട്ടന്റെ അച്ഛനെയും അമ്മയെയും പറ്റി. എന്നാൽ അത് അവർ എങ്ങനെ എടുക്കും എന്നുള്ള തോന്നൽ ആണ് അവളെ അതിൽ നിന്നു പിന്തിരിപ്പിച്ചത്. പക്ഷെ ഇപ്പോൾ ഇന്ദിര തന്നെ ഇങ്ങോട്ട് വന്നു പറയുമ്പോൾ.. ആ ചെമ്പകചുവട്ടിൽ നിൽക്കുമ്പോൾ അവൾക്കു ചോദിക്കണമെന്ന് തോന്നി

\" അമ്മേ.. അനന്തേട്ടന്റെ അമ്മയും അച്ഛനും.. അവർക്കു ശരിക്കും എന്താ പറ്റിയത്? ഞാൻ അറിഞ്ഞത് അനന്തേട്ടന്റെ അമ്മ അച്ഛനെ...അത് സത്യമാണോ? \"

\" മാധവൻ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു അല്ലെ? ഈ കല്യാണം നടന്നു അയാൾക്ക്‌ പൈസ കിട്ടാൻ വേണ്ടി അയാൾ ഇനി ഇതൊക്കെ പറയാതിരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു എനിക്ക്\"

ഇന്ദിര പറഞ്ഞു.അപ്പോൾ മാധവൻ മാമന് എല്ലാം അറിയാമായിരുന്നു. അറിഞ്ഞിട്ടും തങ്ങളോട് പറയാതെ മറച്ചു വെച്ചതാണ്. ഈ കല്യാണത്തിന്റെ പേരിൽ ഇവരുടെ കയ്യിൽ നിന്നു പൈസയും വാങ്ങിയിട്ടുണ്ട്. തത്കാലം മാധവൻ മാമൻ പറഞ്ഞു അറിഞ്ഞതാണ് എന്ന് തന്നെ ഇരുന്നോട്ടെ.. ഇന്ദിര പക്ഷെ അവളുടെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങിയിരുന്നു 

\"എന്താണ് സംഭവിച്ചതെന്നു ഇപ്പോഴും എനിക്ക് അറിയില്ല മോളെ.. ഇത്രയും കാലത്തിനിടക്ക് ഏട്ടത്തി അങ്ങനൊന്നു ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ ആയിട്ടില്ല. എന്ത് സ്നേഹമായിരുന്നു രുദ്രേട്ടനും ഏട്ടത്തിയും തമ്മിൽ.. ആരും കൊതിച്ചു പോകുന്ന ഒരു ജീവിതം ആയിരുന്നു അവരുടേത്.. ഒരു വഴക്ക് പോലും അവർ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടില്ല. രുദ്രേട്ടന് ഏട്ടത്തിയെ ജീവൻ ആയിരുന്നു. ഒച്ച ഉയർത്തി ഒരു വാക്ക് പോലും പറയുമായിരുന്നില്ല. തിരിച്ചു ഏട്ടത്തിയും.അങ്ങനെയുള്ള ഏട്ടനെ മറന്നിട്ടു ഏട്ടത്തി എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാവുന്നില്ല \"

നന്ദു മെല്ലെ തലകുലുക്കി.. അപ്പോൾ സണ്ണിയുടെ പേരും പറഞ്ഞു അനന്തേട്ടന്റെ അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നു എന്ന് സുമതി പറഞ്ഞത് നാട്ടുകാരുടെ കെട്ടുകഥ ആണെന്ന് തോന്നുന്നു..

\" ആ സംഭവം നടന്ന രാത്രി അമ്മയും ചെറിയച്ഛനും ഒക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ? \"

\" ഉണ്ടായിരുന്നു.. ഞാനും കിരണും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ മഹിയേട്ടൻ ആ സമയത്തു കോയമ്പത്തൂർ ആയിരുന്നു. അവിടെ ഒരു പുതിയ തുണി ഫാക്ടറി തുടങ്ങാൻ രുദ്രേട്ടന് plan ഉണ്ടായിരുന്നു. അതിന്റെ ചുമതല മുഴുവനും മഹിയേട്ടനെ ആണ് ഏല്പിച്ചിരുന്നതു. അത് കൊണ്ട് ആ സമയത്തെല്ലാം മഹിയേട്ടൻ കോയമ്പത്തൂർ ആയിരുന്നു. രണ്ടു മാസം കൂടുമ്പോൾ ഒരിക്കൽ ഒക്കെയാണ് ഞങ്ങളെ കാണാൻ ഇങ്ങോട്ട് വന്നിരുന്നത് . അന്ന് ആ സംഭവങ്ങൾ ഒക്കെ നടക്കുമ്പോഴും മഹിയേട്ടൻ ഇവിടെയില്ല. \"

ചെറിയച്ഛൻ ഇവിടെയില്ലാത്തപ്പോഴാണ് അപ്പോൾ ഈ സംഭവങ്ങൾ ഒക്കെ നടക്കുന്നത്. അവളുടെ മനസ്സിലെ ഏറ്റവും വലിയ സംശയം അവൾ ചോദിച്ചു.

\" അന്ന് രാത്രി അനന്തേട്ടന്റെ അമ്മ അച്ഛന് കുടിക്കാനുള്ള പാലിൽ എന്തോ കലക്കിയത് അമ്മ കണ്ടിരുന്നോ? \"

ഇന്ദിര അവളെ ഒന്ന് നോക്കി. താനിതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ഇന്ദിര ഇപ്പോൾ ചോദിക്കുമെന്ന് അവൾക്കു തോന്നി. ചോദിച്ചത് അബദ്ധമായോ എന്ന് ഒരു വേള നന്ദുവിന് തോന്നി.. പക്ഷെ  കുറച്ചു സമയത്തിന് ശേഷം ഇന്ദിര അതിനും ഉത്തരം പറഞ്ഞു.

\" കണ്ടു.. പക്ഷെ ഞാൻ അത് രുദ്രേട്ടനുള്ള മരുന്ന് ആണെന്ന കരുതിയത്. ആ സമയത്തു പുതിയ ഫാക്ടറിയുടെ കാര്യങ്ങളും ഒക്കെയായി രുദ്രേട്ടന് കുറെ ടെൻഷൻ ഉണ്ടായിരുന്നു. അത് കൊണ്ട് ഇടയ്ക്കിടയ്ക്ക് ശക്തമായ തലവേദന വരാൻ തുടങ്ങി. അന്ന് ഒരു വൈദ്യരെ കാണിച്ചപ്പോൾ എല്ലാ ദിവസവും കിടക്കുന്നതിനു മുന്നേ പാലിൽ കലക്കി കൊടുക്കാൻ ഒരു പൊടി കൊടുത്തിരുന്നു. അതാണ്‌ ഏട്ടത്തി കലക്കുന്നത് എന്നാണ് ഞാൻ കരുതിയത്. പക്ഷെ പിറ്റേന്ന് ആണ് അറിയുന്നത് രുദ്രേട്ടൻ കുടിച്ച പാലിൽ വിഷം ഉണ്ടായിരുന്നു എന്ന്\"

നന്ദുവിന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ ഉയരാൻ തുടങ്ങി.

\" അപ്പോൾ അന്ന് അനന്തേട്ടന്റെ അമ്മ ഒരു ബാഗുമായി സണ്ണിയുടെ കൂടെ ഇറങ്ങി പോയത് കണ്ടു എന്ന് പറയുന്നത്.. \"

\"അതും ഉണ്ട്.. പക്ഷെ അത് ഞാൻ കണ്ടില്ല.. അംബികയാണ് കണ്ടത്. അംബിക അന്ന് ഇവിടെ ജോലിക്ക് വന്നിട്ട് രണ്ടു ആഴ്ചയോ മറ്റോ ആവുന്നുണ്ടായിരുന്നുള്ളു. രാത്രി എന്തോ ഒച്ച കെട്ടു മുറിക്കു പുറത്തു വന്നു നോക്കിയപ്പോഴാണ് ഏട്ടത്തി ഒരു വലിയ ബാഗുമായി അടുക്കളവശത്തു കൂടി പുറത്തേക്കു പോകുന്നത് അംബിക കണ്ടത്. അവിടെ ആരോ ഇരുട്ടിൽ നിൽക്കുന്നത് പോലെ അംബികക്ക് തോന്നുകയും ചെയ്തു അത്രേ.. \"

ഇന്ദിര പറഞ്ഞു.

\" അമ്മ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ? അനന്തേട്ടന്റെ അമ്മ ഇങ്ങനൊക്കെ ചെയ്യുമെന്ന്? \"

\" ഞാൻ ആദ്യമേ പറഞ്ഞില്ലേ മോളെ..  ഈ കാലത്തിനിടക്ക് ഇത് വരെ എനിക്ക് ഏട്ടത്തി ഇങ്ങനൊന്നും ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ നമ്മുടെ മുന്നിലുള്ള കാര്യങ്ങൾ എങ്ങനെ കണ്ടില്ലന്നു വയ്ക്കും? ഏട്ടത്തി അല്ല ഇതൊന്നും ചെയ്തതെങ്കിൽ പിന്നെ ഏട്ടത്തി എവിടെ? സണ്ണി എവിടെ? ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ അവർ എന്തിനു ഈ കാലമത്രയും ഒളിച്ചു താമസിക്കണം? സ്വന്തം മകനെ ഒന്ന് കാണാൻ പോലും ഇത്ര കാലമായും എന്ത് കൊണ്ട് ഏട്ടത്തി വന്നില്ല? അന്ന് ഇവിടുന്നു നഷ്ടപെട്ട ആഭരണങ്ങളും ഒരു കോടിയിലധികം പണവും എവിടെ? ഈ ചോദ്യത്തിനൊന്നും ഇത് വരെയും ഉത്തരം ലഭിച്ചിട്ടില്ല\"

ഇന്ദിര പറഞ്ഞു നിർത്തി.. നന്ദു അത്ഭുദത്തോടെ അവരെ നോക്കി..

\" ഒരു കോടി രൂപയോ? \"

\" അതേ മോളെ.. ആ രാത്രി ഏട്ടത്തിയുടെ കുറെ വിലപിടിപ്പുള്ള ആഭരണങ്ങളും, നമ്മുടെ കോയമ്പത്തൂർ ഫാക്ട്ടറിയെ സംബന്ധിക്കുന്ന കുറെ പേപ്പറുകളും, ഒരു കോടിയിലധികം രൂപയും നമുക്ക് നഷ്ടപ്പെട്ടു. അതൊക്കെ രുദ്രേട്ടന്റെ കയ്യിലാണ് ഉണ്ടായിരുന്നത്. ഏട്ടത്തിക്കല്ലാതെ മറ്റാർക്കും അത് എടുക്കാൻ സാധിക്കില്ല.. അതൊക്കെ കൊണ്ടാണ് ഏട്ടത്തിയെ... \"

നന്ദുവിന് വീണ്ടും തല പെരുക്കാൻ തുടങ്ങി. എന്തൊക്കെയാ ഈ വീട്ടിൽ നടന്നത്..

\" എന്നാലും ഫാക്ടറിയുടെ പേപ്പർ ഒക്കെ എന്തിനാ അവർ കൊണ്ട് പോയത്? \"

\" അതോ.. ഈ രുദ്രേട്ടന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നു സണ്ണി.മോളും കേട്ടു കാണുമല്ലോ? കോയമ്പത്തൂർ ഫാക്ടറി തുടങ്ങിയപ്പോൾ അത് അവനെ ഏല്പിക്കാതെ മഹിയേട്ടനെ നോക്കാൻ ഏല്പിച്ചതിൽ സണ്ണിക്ക് വലിയ ദേഷ്യം ഉണ്ടായിരുന്നു. അത് എനിക്കും അറിയാവുന്ന കാര്യമാണ്.. ഒരിക്കൽ ഈ ഫാക്ടറിയുടെ പേരിൽ സണ്ണി രുദ്രേട്ടനോട് വഴക്കുണ്ടാക്കുന്നത് ഞാൻ എന്റെ കണ്ണിൽ കണ്ടതാണ്. അന്ന് മഹിയേട്ടൻ ഈ ഫാക്ടറി നടത്തിയാൽ നന്നാവില്ലന്ന് അവൻ പറഞ്ഞത് ഞാൻ കേട്ടതാണ്. ആ ദേഷ്യം കൊണ്ടാണെന്നു തോന്നുന്നു ആ പേപ്പറുകൾ അവർ കൊണ്ട് പോയതാണ്. അതൊക്കെ നഷ്ടപെട്ടത് കാരണം ആ ഫാക്ട്ടറിയേ വേണ്ടാന്ന് വയ്ക്കേണ്ടി വന്നു . എന്ത് മാത്രം നഷ്ടം നമുക്ക് വന്നു എന്നറിയാമോ? \"

ഇന്ദിര സങ്കടത്തോടെ പറഞ്ഞു.. അപ്പോൾ ആ സമയത്തു ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട് . നന്ദു മനസ്സിൽ ഓർത്തു. പിന്നീട് തന്റെ മനസ്സിൽ വന്ന ചോദ്യം ചോദിക്കണോ എന്ന് അവൾ ഒരു വേള ആലോചിച്ചു.. പിന്നെ ഇങ്ങനെ ഒരു അവസരം ഇനി എപ്പോൾ കിട്ടാനാണ് എന്നോർത്ത് അപ്പോൾ തന്നെ ചോദിച്ചു 

\"  ഇന്ദിരാമ്മാ.. അന്ന് അനന്തേട്ടൻ അമ്മയെ ഉപദ്രവിച്ചു എന്ന് ഇങ്ങനെ പറഞ്ഞു കേട്ടല്ലോ? സത്യമാണോ അമ്മേ? \"

\" അത് അവൻ അറിയാതെ ചെയ്തതല്ലേ മോളെ? ഞാൻ അവന്റെ അമ്മയാണെന്നു കരുതി അമ്മയോടുള്ള ദേഷ്യത്തിൽ ചെയ്തത് ആണെന്നാണ് അന്ന് ഡോക്ടർ പറഞ്ഞതു. അതിനു മുൻപോ അതിനു ശേഷമോ അവൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. മോൾ അങ്ങനെയൊന്നും ഓർക്കല്ലേ. അവൻ പാവമാണ് \"

ഇന്ദിര പെട്ടെന്ന് പറഞ്ഞു. താൻ അങ്ങനെ ചോദിച്ചപ്പോൾ അനന്തന്റെ അസുഖത്തെ പറ്റിയുള്ള പേടി മൂലം ചോദിച്ചതാണെന്നാണ് ഇന്ദിര കരുതിയിരിക്കുന്നതെന്നു അവൾക്കു മനസിലായി.

\" അയ്യോ അമ്മേ.. ഞാൻ അങ്ങനെ ഒന്നും ഓർത്തല്ല ചോദിച്ചത്. അന്ന് നടന്ന കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ അതൊക്കെ ഒന്ന് അറിയണം എന്ന് തോന്നി. അത് കൊണ്ട് ചോദിച്ചന്നെ ഉള്ളു\"

ഇത്രയും നാൾ അനന്തൻ എവിടെയായിരുന്നു എന്ന് കൂടി അവൾക്കു ചോദിക്കണം എന്നുണ്ടായിരുന്നു . പക്ഷെ അത് ചോദിച്ചാൽ പോലും മറുപടി കിട്ടാൻ പോണില്ല എന്ന് അവൾക്കു ഏകദേശം ഉറപ്പുണ്ടായിരുന്നു. ആ വിഷയത്തെ പറ്റിയുള്ള സംസാരം ആ വീട്ടിൽ പരമാവധി ഒഴിവാക്കുന്നത് അവൾ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് ആ ചോദ്യം അവൾ ചോദിച്ചില്ല.

\" മോൾ ഇതൊന്നും അനന്തന്നോട് പറയുകയോ ചോദിക്കുകയോ വേണ്ട കേട്ടോ.. അവൻ ഇതൊന്നും ഓർക്കാൻ പോലും ഇഷ്ടപെടുന്നുണ്ടാവില്ല. വെറുതെ അവന്റെ മനസ്സ് വേദനിപ്പിക്കുന്നത് എന്തിനാ?? \"

ഇതൊക്കെ വീണ്ടും ഓർത്താൽ അനന്തന് 
പിന്നെയും അസുഖം വന്നാലോ എന്ന പേടി അവർക്കുണ്ടെന്നു അവൾക്കു മനസിലായി.

\" ഇല്ലമ്മേ.. ഞാൻ ഒന്നും ചോദിക്കില്ല.. \"

\" ശരി എന്നാൽ.. മോൾ ഇനി ഇവിടെ ഇങ്ങനെ നിൽക്കേണ്ട.. അകത്തേക്ക് വായോ.. നേരം ഇരുട്ടി തുടങ്ങി \"

ഇന്ദിര തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു. അവൾ ആകാശത്തേക്ക് നോക്കി. ശരിയാണ്.. ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. അവളും ഇന്ദിരയുടെ പിറകെ വീട്ടിലേക്കു നടന്നു.

പിറ്റേ ദിവസം ബ്രേക്ഫാസ്റ്റ് കഴിഞ്ഞപ്പോൾ അവൾ മുറിയിലേക്ക് വന്നു. രണ്ടു ദിവസം തന്റെ വീട്ടിൽ പോയി നിൽക്കാനുള്ള ഡ്രസ്സ്‌ ഒക്കെ അവൾ പാക്ക് ചെയ്തിരുന്നു. ഇന്നലെ രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴൊക്കെ എന്ത് ചെയ്യണം എന്ന ചിന്ത ആയിരുന്നു അവൾക്കു. എന്നാലും എത്ര ആലോചിച്ചിട്ടും അതിനു ഒരു ഉത്തരം കിട്ടിയില്ല. അവസാനം തന്റെ വീട്ടിൽ പോയി മനസമാധാനമായി ആലോചിക്കാം എന്ന് തീരുമാനിച്ചു. ഇപ്പോൾ തലക്കകത്തു മുഴുവനും എന്തൊക്കെയോ ചിന്തകൾ ആണ്. ഇവിടുന്നു ഒന്ന് മാറിയാൽ തല ഒന്ന് ശരിയാവും.പതുക്കെ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താം. മുറിയിൽ അന്ന് പതിവില്ലാതെ അനന്തൻ ഉണ്ടായിരുന്നു. അവൾ കയറി വന്നപ്പോൾ അവൻ അവളെ നോക്കി. പക്ഷെ അവൾ അവനെ മൈൻഡ് ചെയ്യാതെ തന്റെ ബാഗുമെടുത്തു മുറിക്കു പുറത്തേക്കു നടക്കാൻ തുടങ്ങി. പക്ഷെ എന്തോ ഒന്ന് പിന്നിലേക്ക് വലിക്കുന്നത് പോലെ. അവനോടു മിണ്ടാതെ പോകാൻ മനസ്സ് അനുവദിച്ചില്ല. വാതിലിന്റെ അടുത്ത് എത്തിയതും അവൾ തിരിഞ്ഞു നടന്നു അവന്റെ അടുത്തേക്ക് വന്നു..

\" ഞാൻ എന്റെ വീട്ടിലേക്കു പോവുകയാണ്.. \"

\" ഉമ്‌.. \"

പതിവ് പോലെ ഒരു മൂളൽ മാത്രം. പക്ഷെ അവന്റെ മുഖത്ത് എന്തോ വല്ലായ്മ ഉള്ളത് പോലെ അവൾക്കു തോന്നി. അതോ ഇനി തന്റെ തോന്നൽ ആയിരിക്കുമോ? താൻ പോകുന്നതിനു  അനന്തേട്ടൻ എന്തിനാ വിഷമിക്കുന്നത്. അവൾക്കു പിന്നെയും എന്തോ പറയണം എന്ന് തോന്നി. എന്നാൽ പറയാൻ സാധിക്കുന്നും ഇല്ല. കുറച്ചു നേരം ഒന്നും മിണ്ടാതെ രണ്ടു പേരും നിന്നു. അവൾ വീണ്ടും പോകാനായി തിരിഞ്ഞു.. രണ്ടു ചുവടു മുന്നോട്ടു വച്ചു.. പിന്നെ രണ്ടും കല്പിച്ചു തിരിഞ്ഞു.

\" അനന്തേട്ട.. \"

\" എന്താ ദേവാ? \"

\" അത് പിന്നെ..സൂക്ഷിക്കണം..എപ്പോഴും.. എല്ലാവരെയും...\"

അവന്റെ മുഖത്തു അത്ഭുദവും സംശയവും ഒരു പോലെ നിറയുന്നത് കണ്ടു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. അത്രയും എങ്കിലും പറയാതെ പോയാൽ അവൾക്കു സമാധാനം കിട്ടില്ലെന്ന്‌ അവൾക്കു അറിയാമായിരുന്നു.

***********************************************

തന്റെ വീട്ടിൽ എത്തിയിട്ടും നന്ദുവിന് എന്തൊക്കെയോ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അനന്തനെ ഓർത്തിട്ടാണോ അതോ ചെമ്പകമഠത്തിലെ കാര്യങ്ങൾ ഓർത്തിട്ടാണോ എന്നൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല.

\" വല്യേച്ചി.. ഇതെന്തു ആലോചിച്ചു നിൽക്കുവാ? വാ കഴിക്കാം \"

കണ്ണൻ അവളെ ഊണ് കഴിക്കാനായി വന്നു വിളിച്ചു. കഴിക്കാൻ ചെന്നിരുന്നപ്പോൾ അവളുടെ മുഖത്തെ വല്ലായ്മ എല്ലാവരും ശ്രദ്ധിച്ചുന്നു ചെറിയമ്മയുടെ സംസാരത്തിൽ നിന്നു അവൾക്കു മനസിലായി  

\" നീ വന്നപ്പോൾ അനന്തനെ കൂട്ടി എന്താ വരാതിരുന്നത്? \"

\" അനന്തൻ വന്നില്ല എന്നുണ്ടെങ്കിൽ ഇവിടെ വന്നു അച്ഛനെ കണ്ടിട്ട് പെട്ടെന്ന് പോയാൽ പോരായിരുന്നോ? \"

തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോൾ തന്നെ രണ്ടു മൂന്നു തവണ ആയിരിക്കുന്നു. അവൾ ചെറിയമ്മയെ ഒന്ന് നോക്കി. പുതിയ ഒരു മാല കഴുത്തിൽ കിടപ്പുണ്ട്. ആരുവിന്റെ കാതിലും കിടക്കുന്ന കമ്മൽ പുതിയതാണ്. തന്നെ അങ്ങോട്ട്‌ കെട്ടിച്ചതിന്റെ പ്രതിഫലമായി ചെമ്പകമഠത്തിൽ നിന്നു ചെറിയ ചില സമ്മാനങ്ങൾ പല രൂപത്തിലും ഒന്ന് രണ്ടു തവണ ഇവിടെ എത്തിയത് കണ്ണൻ പറഞ്ഞു അവൾ അറിഞ്ഞിരുന്നു. പോരാത്തതിന് ഇന്നലെ ഇന്ദിര തന്നോട് മാധവൻ കാശ് വാങ്ങിയത് കൂടെ പറഞ്ഞിരുന്നതിന്റെ ദേഷ്യം അവളുടെ ഉള്ളിൽ കിടപ്പുണ്ടായിരുന്നു. ഇവരൊക്കെ തന്നെ വെറുതെ അവരുടെ ആവശ്യങ്ങൾ നടത്താൻ വേണ്ടി ആർക്കും വിൽക്കാൻ പറ്റുന്ന  ഒരു വസ്തു ആയാണ് കാണുന്നതെന്നുള്ള തോന്നൽ അവളുടെ ദേഷ്യം വർധിപ്പിച്ചിരുന്നു.

\" ചെറിയമ്മ പേടിക്കണ്ട.. ഞാൻ അച്ഛന്റെ കൂടെ രണ്ടു ദിവസം നിൽക്കാൻ വേണ്ടി വന്നു എന്നെ ഉള്ളു.. അത് കഴിയുമ്പോൾ ഞാൻ പോകും.. ഞാൻ കാരണം ഇപ്പോൾ നിങ്ങള്ക്ക് ചെമ്പകമഠത്തിൽ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന സമ്മാനങ്ങൾ ഒന്നും നിന്നു പോകുമെന്ന പേടി ഒന്നും വേണ്ട. \"

അവൾ ഇത്തിരി ദേഷ്യത്തോടെ തന്നെ പറഞ്ഞു. ചെറിയമ്മ കണ്ണനെ തറപ്പിച്ചു നോക്കുന്നത് കണ്ടു  

\" നീ എന്തിനാ അതിനു ഇങ്ങനെ ദേഷ്യപ്പെടുന്നത്?  നിനക്ക് ആ ബന്ധം കൊണ്ട് ദോഷം ഒന്നും വന്നില്ലാലോ? അവിടെ നീ വലിയ രാജകുമാരിയെ പോലെയാണ് കഴിയുന്നതെന്നൊക്കെ ഞങ്ങൾ അറിയുന്നുണ്ട്. നിനക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങളിൽ കുറച്ചു നിന്റെ അനിയത്തിക്കും അനിയനും ഒക്കെ  കിട്ടുന്നതിനാണോ നീ ഇങ്ങനെ കിടന്നു ചാടുന്നത്? \"

ചെറിയമ്മയും വിടാനുള്ള ഭാവം ഇല്ലായിരുന്നു 

\" നിങ്ങള്ക്ക് കിട്ടുന്ന സൗഭാഗ്യങ്ങളിൽ ഒന്നും എനിക്ക് യാതൊരു വിരോധവുമില്ല ചെറിയമ്മേ.. അതിനു ഞാൻ കാരണക്കാരി ആയതിൽ എനിക്ക് സന്തോഷവുമുണ്ട്. എന്നും പറഞ്ഞു എനിക്ക് എന്റെ അച്ഛന്റെ കൂടെ രണ്ടു ദിവസം വന്നു നിൽക്കണം എന്ന് തോന്നിയാൽ നിൽക്കാൻ പാടില്ല എന്നില്ലല്ലോ? \"

\" ഭാമേ.. നീ വെറുതെ അവളെ അതും ഇതും പറയരുത്... അവൾക്കു മനസമാധാനം കൊടുക്ക്‌ നീ..അവൾ എത്ര ദിവസം വേണമെന്ന് വച്ചാൽ ഇവിടെ നിൽക്കട്ടെ.. ഇത് അവളുടെ കൂടി വീടാണെന്നു നീ മറക്കരുത്... \"

ശങ്കരൻ അവളുടെ ഭാഗം പിടിച്ചു. ഭാമ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. കണ്ണൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ തിരിച്ചു അവനെ നോക്കി ചിരിക്കുകയും ചെയ്തു. തന്റെ വീട്ടിലെത്തി എല്ലാവരോടും ഒപ്പം ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചതോടെ അവളുടെ പിരിമുറുക്കം ഒന്ന് അയഞ്ഞു. വൈകിട്ട് അവളും കണ്ണനും കൂടി അച്ഛനെയും കൂട്ടി പറമ്പിലൊക്കെ ഇറങ്ങി നടന്നു. അവിടുത്തെ വിശേഷങ്ങൾ കേട്ടും, അവളുടെ വിശേഷങ്ങൾ അങ്ങോട്ട്‌ പറഞ്ഞും അവർ കുറെ സമയം സന്തോഷത്തോടെ ചിലവഴിച്ചു. അത്താഴം കഴിഞ്ഞു തന്റെ മുറിയിൽ എത്തിയപ്പോൾ അവളുടെ മനസ്സ് ശാന്തം ആയിരുന്നു. മനസമാധാനത്തോടെ ചിന്തിച്ചപ്പോൾ തന്റെ മനസ്സിലെ പല ചോദ്യങ്ങൾക്കു അവൾക്കു തന്നെ ഉത്തരം ലഭിച്ചു. ഇത്ര നാൾ അവൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളിൽ നിന്നു അനന്തനെ ചുറ്റി പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്നു അവൾക്കു മനസിലായിട്ടുണ്ടായിരുന്നു. ഒപ്പം അപകടങ്ങളും. അതിൽ അവനെ ചുറ്റി പറ്റി നിൽക്കുന്നവർക്ക് തന്നെ പങ്കുണ്ട്.. അനന്തന്റെ ചുറ്റും ഉള്ളവർ തന്നെയാണ് അവനെ അപകടപെടുത്താൻ നടക്കുന്നത്. താൻ അവന്റെ കൂടെ നിൽക്കുന്നിടത്തോളം തനിക്കും അപകടമാണ്. അന്ന് കാർ ആക്‌സിഡന്റ് ആയതു പോലെ. തനിക്കു ഒന്നുകിൽഅതെല്ലാം അറിഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് തിരികെ പോകാം.. ഇല്ലെങ്കിൽ ആ വീടും വീട്ടുകാരെയും മറന്നു കൊണ്ട് ഇവിടെ ജീവിക്കാം. കുറെ നേരത്തെ ആലോചനക്കൊടുവിൽ അവൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ അന്ന് സുഖമായി ഉറങ്ങി.

അതേ സമയം തീരെ ഉറങ്ങാൻ ശ്രദ്ധിക്കാതെ തന്റെ മുറിയിലെ ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരിക്കുകയായിരുന്നു അനന്തൻ. പുറത്തു നല്ല തണുപ്പുണ്ടായിരുന്നിട്ടും മനസ്സിന് വല്ലാത്ത ചൂട്. ഉറക്കം വരാത്തത് കൊണ്ട് ഒരു ബുക്ക്‌ എടുത്തു  കൊണ്ട് വന്നെങ്കിലും ഒരു മണിക്കൂറായിട്ടും അതിൽ ഒരു വരി പോലും അവൻ മര്യാദക്ക് വായിച്ചിട്ടുണ്ടായിരുന്നില്ല. മുറിയിൽ എത്തിയാൽ ഒഴിഞ്ഞു കിടക്കുന്ന കട്ടിൽ അവനിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അവൻ കിടക്കാൻ വരുമ്പോൾ അവൾ എപ്പോഴും ഉറക്കം പിടിച്ചിട്ടുണ്ടാവും. ശാന്തമായി ഉറങ്ങുന്ന അവളെ നോക്കി കിടന്നാണ് അവനും ഉറങ്ങാറ്. അങ്ങനെ കിടക്കുമ്പോൾ താൻ തനിച്ചല്ല കൂട്ടിനു ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായിരുന്നു. ഈ കല്യാണം ഒട്ടും മനസ്സോടെ അല്ല നടന്നത്. അത് കൊണ്ട് ചെറിയമ്മ പല തവണ പറഞ്ഞിട്ടും അവളുടെ ഫോട്ടോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.തന്റെ വീട്ടിലെ പ്രാരാബ്ദങ്ങൾ തീർക്കാൻ തന്നെ കെട്ടാൻ തയ്യാറായ ഒരു പെണ്ണ്. പിന്നെ അവൾ കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ പക്വതയും ധൈര്യവും ഒന്നുമില്ലാത്ത ഒരു പൊട്ടി പെണ്ണ് ആണെന്നാണ് കരുതിയത്. എങ്കിലും അന്ന് അമ്പലനടയിൽ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു ചലനം അനുഭവപ്പെട്ടു. അവളുടെ നോട്ടം അന്നേ തുളഞ്ഞു കയറിയിരുന്നു ഉള്ളിൽ. അന്ന് രാത്രി അവളോട്‌ കാര്യമായി തന്നെയാണ് ഭ്രാന്തന്റെ ഭാര്യയായി കഴിയാൻ താൽപര്യമില്ലെങ്കിൽ പോയ്കൊള്ളാൻ പറഞ്ഞത്. പക്ഷെ അവളുടെ മറുപടി ഞെട്ടിച്ചു കളഞ്ഞു. അവൾ അത് കേട്ടു കരഞ്ഞില്ല, തന്നെ ഭയപ്പെട്ടതുമില്ല.. പക്ഷെ ഇനിയുള്ള ജീവിതം എന്ത് തന്നെയാണെങ്കിലും അത് തന്നോടൊപ്പം ആണെന്ന് പറഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു സന്തോഷം തോന്നിയിരുന്നു. അവളെ അവഗണിക്കുമ്പോഴും അവളെറിയാതെ അവളെ ശ്രദ്ധിക്കുമായിരുന്നു, നോക്കുമായിരുന്നു. അവളുടെ ചിരി, നോട്ടം,സംസാരം,ദേഷ്യം, ആലോചന ഒക്കെ.. അന്ന് അപകടത്തിൽപെട്ടപ്പോൾ അവൾ കാണിച്ച കരുതൽ.. തന്റെ മനസ്സിലെ മഞ്ഞിനെ പകുതിയും ഉരുക്കിയതാണ്..പക്ഷെ ചെയ്തു തീർക്കാനുള്ള കാര്യങ്ങളും തന്നെ ചുറ്റി പറ്റിയുള്ള അപകടങ്ങളെ പറ്റിയും ഓർത്തപ്പോൾ അവളെ അവഗണിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളു.. തന്റെ അവഗണന അവൾക്കു ബുദ്ധിമുട്ടുണ്ടാകുന്നത് മനസിലാകാതെ അല്ല.. എല്ലാം അവസാനിക്കുമ്പോൾ ഒരു പുതിയ ജീവിതം കിട്ടുമെങ്കിൽ അതിലേക്കു അവളെയും ചേർത്ത് പിടിക്കാമെന്നു കരുതിയിരുന്നതാണ്.. പക്ഷെ ഇന്ന് അവൾ വീട്ടിലേക്കു പോകാൻ യാത്ര പറയാൻ വന്നപ്പോൾ അവളുടെ മുഖത്തെ ഭാവം..സൂക്ഷിക്കണം എന്ന അവളുടെ ഉപദേശം.. അവൾ എന്തൊക്കെയോ സംശയിക്കുന്നത് പോലെ.. അവൾക്കു എത്രത്തോളം കാര്യങ്ങൾ മനസിലായിട്ടുണ്ട് എന്ന് അറിയില്ല. താൻ ആദ്യം വിചാരിച്ച പോലെ ഒരു പൊട്ടി പെണ്ണല്ല അവൾ എന്ന് ബോധ്യപ്പെട്ടതാണ് അന്ന് അപകടദിവസം.. ഈ വീടിനെയും തന്റെ ജീവിതത്തെയും ചുറ്റിപറ്റിയുള്ള അപകടങ്ങൾ അവൾ മനസിലാക്കിയിരിക്കുന്നു എന്ന് അനന്തന് തോന്നി. തന്നോടൊപ്പം നിന്നാൽ ആ അപകടം അവളെയും കൂടി ബാധിക്കുമെന്ന് അവൾക്കു തോന്നിയിട്ടുണ്ടാവും.അത് കൊണ്ടായിരിക്കുമോ അവൾ പെട്ടെന്ന് അവളുടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചത്? ഇനി ഈ അപകടങ്ങളിലേക്ക് തിരികെ വരുന്നില്ല എന്ന് തീരുമാനിച്ചിട്ടുണ്ടാവുമോ? തനിക്കു നഷ്ടപെട്ട തന്റെ പ്രിയപെട്ടവരുടെ കൂട്ടത്തിൽ ദേവനന്ദ എന്ന പേര് കൂടി ചേർക്കേണ്ടി വരുമോ എന്ന പേടി അപ്പോൾ അനന്തന് ഉണ്ടായിരുന്നു 

തുടരും...

 ( ഈ പാർട്ടുകളിൽ കുറച്ചു വ്യക്തത കുറവും കൺഫ്യൂഷനും ഒക്കെ ഉണ്ടാവും എന്നറിയാം.. അതെല്ലാം വരും പാർട്ടുകളിൽ തീർച്ചയായും മാറും.. അത് വരെ കാത്തിരിക്കണെ.. തുടർന്നു വായിച്ചു പ്രോത്സാഹിപ്പിക്കുകയും വേണം..)