എന്നോട് മിണ്ടിപറയാനും, എന്നോട് കൂട്ടുകൂടാനും,എന്റെ സങ്കടങ്ങൾ കേട്ടിരിക്കാനും, എന്നെയൊന്നു മനസറിഞ്ഞു സ്നേഹിക്കാൻ പോലും
നീയേഒള്ളു ... നീമാത്രം....!
ആരുമില്ലാത്ത ഈ പാവംപിടിച്ച പെണ്ണിനു അഹങ്കാരത്തോടെ പറയാനെങ്കിലും നീയുണ്ടല്ലോ കൂട്ടിനു
അതാണെകൊരാശ്വാസം....
അല്ലെങ്കിൽ തന്നെ ആരെയാണ് കൂടെ കൂട്ടേണ്ടത്..???
ബാലശ്യം തൊട്ടേ നീയെന്റെ ചെക്കനാണെന്നും പറഞ് കൊള്ളീടെ ഇലതണ്ടിനാൽ താലിയും കെട്ടി
ചെങ്കല്ല് കട്ടികല്ലിൽ ഉരസിയുരസി ചൊമപ്പപൊടിയുമാക്കി സിന്ദൂരംന്നും
പറഞ് നെറ്റിയിൽ വരച്ചും
നമ്മുടെ കുഞ്ഞിന് ഉണ്ണീയെന്നു പേരിടൽചടങ്ങും നടത്തി വന്നവർക്കെല്ലാം മണ്ണപ്പവും ചെമ്പരത്തികറിയും വിളമ്പി
നാം അന്നേ പരിണയപ്പെട്ടു തുടങ്ങിയിരുന്നു....!
നാളിതുവരെ എന്റെ
ദിനചര്യകളിലെല്ലാം നീ മാത്രമായിരുന്നു..
കുട്ടിത്തം വിട്ട് യൗവനത്തിലേക്കു നാളുകൾ മറിഞ്ഞപ്പോൾ കുട്ടികാലത്ത് കളിച്ചത് കളിയല്ലെന്നും നമ്മുടെ ജീവിതമാണെന്നും നീ പറഞ്ഞുവെച്ചു
ഒടുവിൽ നമ്മൾ ദാമ്പത്യത്തിലേയ്ക്കു കടന്നു...
ആദ്യൊക്കെ പ്രണയത്തിൻ്റെ കൊടും പർവ്വതങ്ങൾ ഇരുവരും പയ്യെപയ്യേ കയറുകയായിരുന്നു പിന്നീട്
നിനക്കു വീർപ്പുമുട്ടിക്കുന്ന
പൂതിഗന്ധമായി തീർന്നുഞാൻ
എന്നെ കാണുന്നതൊ കേൾക്കുന്നതോ നിന്നെ അങ്ങേയറ്റം നീരസപ്പെടുത്തികൊണ്ടേയിരുന്നു... കുപിതനായ കശാപ്പ്ക്കാരൻ കശാപ്പ്ശാലയിൽ മാടുകളെ
തെല്ലും ദയാരാഹിത്യമില്ലാതെ അറുത്തിറച്ചി കഷ്ണങ്ങളാക്കി വിൽക്കുന്നതിനു
സാരമായ മാറ്റങ്ങളില്ലാതെ
നീ എന്നേയും...
ഞാനെന്നും ഏറെ സ്വപ്നംകണ്ടു മോഹിച്ച നമ്മടെ കൊച്ചുവീട്
ഒരു കശാപ്പ്ശാലയായി മാറിയിരുന്നു
ഞാൻ ശാലയിലെ മാടായും...!
ആരെല്ലാമോ ന്റെ ഇറച്ചിക്കായി വന്നുകൊണ്ടേയിരുന്നു...
ഒരു രാത്രിപോലും
കിടത്തിയുറക്കാതെ വരുന്നവർക്കും പോകുന്നവർക്കും ന്റെയിറച്ചി അവിടെ വിൽക്കപ്പെട്ടു...
ദൈവം വെറും സാങ്കൽപ്പികം
മാത്രമെന്നു വരെ ശങ്കിച്ചു പോയ്...
അല്ലെങ്കിൽ തന്നെ കാണപ്പെട്ട ദൈവം നമ്മുടെയെല്ലാം അച്ഛനമ്മമാരല്ലേ എനിക്കാണേൽ ഇരുവരേയും കാണാനും പറ്റിയിട്ടില്ല്യ
കാഴ്ച്ചയുറക്യും മുന്നേ എന്നിൽനിന്നും അകന്നു പോയിരുന്നു....
അത്രയും ഭാഗ്യം കെട്ട ജന്മമാണന്റേത്
എന്നിരുന്നാലും സങ്കടങ്ങൾ എന്നെ കീറിമുറിക്കുമ്പോഴെല്ലാം എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കില് നിക്കീഗതി വരില്ലായിരിന്നുവെന്ന് വെറുതെ നിനക്കും...
അന്നേരം ആകാശം കീറിമുറിയുന്നുണ്ടായിരുന്നു
വെളിച്ചം വിതറിക്കൊണ്ട് മഴയും താളത്തിൽ പെയ്തിറങ്ങുന്നുണ്ടാർന്നു...
മഴ തോർന്നു തുടങ്ങി...
പെട്ടന്ന് തെക്കോട്ട്ന്നൊരു കാറ്റ് വന്നന്റെ
കാതിൽ ചൊല്ലിപ്പോയ്
നിന്നെ തെക്കോട്ടെടുക്കട്ടേന്നും പറഞ്
ചൊല്ലിപ്പോയ കാറ്റിനെ തുറന്നിട്ട
വാതായനങ്ങളിലൂടെ ഏറെ കൗതുകത്തോടെ കണ്ട്നിന്നു..
പെട്ടന്നൊരൊച്ച ഞാൻ ആകാശതട്ടിലേക്ക് നോക്കെറിഞ്ഞു
അന്നേരം താഴേക്കൊരു കുഞ്ഞുനക്ഷത്രം പറന്നിറങ്ങുന്നുണ്ടായിരുന്നു
മെല്ലെമെല്ലെ വാതായനങ്ങളിലൂടെ ന്റരികിലേക്കെത്തി
ഏറെ ആശ്ചര്യത്തോടെ ഒന്ന് കണ്ണിമവെട്ടാതെ ഞാൻ നോക്കിനിന്ന്
അല്ലേലും നക്ഷത്രൊക്കെ താഴെയിറങ്ങാൻ ഇതെന്ത് പുരാണകഥകളിലെ ദിവ്യാത്ഭുതമോ...?
ഞാനൊന്ന് ഇരുത്തി ചിന്തിച്ചു
എന്തൊക്കെ പിറ്പിറ്ത്താലും ഇല്ലേലും ന്തൊരു ചന്താണയ്ന്...
മുറിയ്ക്കുള്ളിൽ രാത്രി പായ വിരിക്കുംപോലെ ഇരുട്ടിനെ നീട്ടിവിരിച്ചിട്ടുണ്ടായിരുന്നു ന്നാൽ പറന്നിറങ്ങിയ ഈ കൊച്ചു നക്ഷത്രത്തിന്റെ തിളക്കം വിരിച്ച പായ മടക്കുംപോലെ ഇരുട്ടിനെ മടക്കി മുറിക്ക് പുറത്ത് ചാരിവച്ചു
ന്തൊരു വെണ്മയാണ്...
ന്തൊരു കാന്തിയാണ്...
നിന്റെ പേരെന്താണ്...?
ഞാനേറെ ആകാംഷയോടെ ചോയ്ച്ചു
മറുപടിയായി മരണമെന്നവൻ മൊഴിഞ്ഞു
എന്തിനാണ് ഈ ഭാഗ്യമില്ലാത്ത
പാവംപിടിച്ച പെണ്ണിനരികിലേക്ക്
നീ പറന്നിറങ്ങിയത്...
പറയൂ ന്തിനാണ്...?
\" ആരുമില്ലാത്ത നിനക്കു ഇനിയെന്നും കൂട്ടിനായി \"
അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്....
നിക്ക് അതത്ര രസിച്ചില്ല
ഞാനെന്നും ഒറ്റക്കാണ്...
കൂടെ കൂട്ടിയോനാണേൽ
ന്നെ ഒട്ടും വേണ്ടേവേണ്ട
പിന്നെയാണ് നീ വന്നേക്കണ്
അതും കൂടെകൂട്ടാൻ...
ഞാനേറെ ദേഷ്യത്തോടെ പറഞ് നിർത്തി..!
ഒരേസമയം മുഖം ചുവന്ന്തുടിക്കുകയും, കൺതടത്തിൽ വെള്ളം പൊട്ടിയൊഴുകുകയും, കവിൾ നീര് നിറയുകയും ചെയ്തു...
പെട്ടന്ന് മുറിയ്ക്കുള്ളിൽ ഇരുട്ട് വിരിച്ചവൻ ന്നെ മാറോട് ചേർത്ത് ഏറെ സ്നേഹത്തോടെ, അതിലേറെ കരുതലോടെ മൃദുവായി തലയിൽ തലോടികൊണ്ട് മെല്ലെ ന്നോടവൻ പറഞ്ഞു
\"\"ഞാൻ നിന്നെ അതിയായ് പ്രണയിക്കുന്നുവെന്ന് \"\"
തൽക്ഷണം മറുപടിക്കായ് അവന്റെ ഹൃദയം അതിവേഗം തുടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു
ന്റെ മരണമേ......
ന്നെ ചുടലപ്പറമ്പിലേക്ക് എടുക്കാൻ പോലും ആരൂല്ല്യ എന്നതാണ് സത്യം...
ഉള്ളവരെല്ലാം ന്റെ ജീവനുള്ള ശരീരത്തെ ഭ്രമിച്ചു ഭോഗിച്ചു പോയവരായിരുന്നു
അല്ലേലും ശവത്തെ ആർക്കു വേണം..?
ശവംത്തീനികളായ പുഴുക്കൾക്കു മാത്രമെന്ന് പറയും മുന്നേ
അവനെന്റെ വായ് മൂടി...!
ഏറെ വ്യാകുലപ്പെട്ടവൻ എന്നോട് പറഞ്ഞു നാളിതുവരെ നീ കണ്ടോരും കേട്ടോരും നിന്നെ സങ്കടകടലിലേക്കായിരുന്നു തള്ളിയിട്ടത്
നീയതിനെ നിന്റെ ഗതിയെന്നും,വിധിയെന്നും വിളിച്ചു എന്നാൽ ഇനിയുള്ള കാലമത്രയും നമ്മുക്ക് പ്രണയിക്കാം.,
പ്രണയസമുദ്രത്തിലേക്കു നമുക്ക് ഊളയിട്ട് ആഴ്ന്നിറങ്ങാമെന്നും പറഞവൻ
ന്നെ ചേര്ത്തു പിടിച്ചു...
ഞാന്നേരം എവിടേക്കോ വഴുതിവീണിരുന്നു താഴേനിന്നും മേലേയ്ക്കു നീന്തി കയറുമ്പോൾ അവൻ പറഞ്ഞ പ്രണയസമുദ്രത്തിലാർന്നെന്ന്
പിന്നെ മനസിലായി...
മാത്രകൾക്കുള്ളിൽ അവനെനിക്കെല്ലാമായി..
ഞാനേറെ ഉന്മാദത്തോടെ
അവനോട് പറഞ്ഞു
മരണമേ.......
നിന്നെ ഞാനത്രയും സ്നേഹിക്കുന്നു...,
അതിലേറെ നീയെന്നെ തിരിച്ചും സ്നേഹിക്കുമെന്ന ഉറപ്പാണ്...
കൽപ്പാന്തത്തോളം ചതിക്കില്ലെന്നുള്ള വിശ്വാസമാണ്...!
എനിക്കു നീ അത്രമേൽ പ്രിയപ്പെട്ടതാകുന്നത്....
മരണമേ......
വരൂ നമുക്ക് കൊതിയോടെ പ്രണയിക്കാം
ന്റെ നെറ്റിയിലും അദരങ്ങളിലും ചുംബിച്ച് പിന്നെയും ചുംബിച്ച്
ന്റെ മാറിടത്തിൽ തലചായ്ച്ചു കാൽപ്പനികമായ നിലാവുകളെ തഴുകിയുണർത്താം...
അന്നേരം എന്നുള്ളിലേക്ക് ആഴ്ന്നിറങ്ങികൊണ്ട് അവൻ
ന്റെ ഹൃദയത്തോട് പറഞ്ഞു
\"\"വരൂ നമുക്കാകാശത്തേക്ക് പറന്നുയരാം...\"\"
\"\"വരൂ നമുക്കാകാശത്തേക്ക് പറന്നുയരാം...\"\"
പൊടുന്നനെ അവനെന്നെയും ചേർത്ത്
ആകാശത്തട്ടിലേക്ക് പറന്നകന്നു....!!!
- അനൂപ് മോഹനൻ പി