Aksharathalukal

ചന്ദന ചാർത്ത്

തൊടുവിരൽ തുമ്പിനാൽ നീ തൊട്ട ചാരു ചന്ദനത്തിൻ ഗന്ധമുള്ളിൽ വീണ്ടും
തൊട്ടു വിളിച്ചുണർത്തിടുന്നാ സ്വപ്നലോകത്തിലേക്കായി
ജന്മസുകൃതമായി  ഹൃദയത്തിന്നാരാമവനി യിൽ കാത്തു വച്ച കനവുകളൊക്കെയും
മിഴി ചിമ്മുകയായ്...!!
നന്മയായി നറുതിരി വെളിച്ചമായെന്നാത്മാവിൽ പൂത്തുലയുന്ന വർണ്ണ വസന്തമാണു നീ....
സൗഗന്ധികങ്ങൾ  പൂവിടുന്നാരാ സായന്തനത്തിൽ ആദ്യമായി കണ്ടരാ പ്രണയമായിരുന്നു നീ..
സൗഭാഗ്യമാണെന്നു കരുതിയ നിമിഷത്തിന്നോർമ്മയിൽ ഒരു വേള മതിമറന്നിരുന്നോ ഞാൻ...!
ഓർമ്മകൾ ചുര മാന്തുന്ന മൗനത്തിൻ വേളകളിൽ ഓർക്കുവാൻ മാത്രമായൊരു വസന്തം സമ്മാനിച്ചു നീ മറഞ്ഞതെവിടെയ്കായിരുന്നു 
ജീവനും ജീവിതവും വഴിമുട്ടിയ കാലത്തിലൂടെ ഞാഞാൻ
ജീവവായുവാം നിന്നെയോർത്തു പിടയുന്നതറിയുന്നതില്ലേ നീ...
ഒരു വേള അറിഞ്ഞിട്ടുമറിയാതെ മറഞ്ഞിരുന്നെന്റെ നൊമ്പരം കണ്ടെന്നേ കുത്തി നോവിക്കുന്നുവോ നീ...
കാലത്തിനപ്പുറമൊരു യാത്ര പോവാൻ മനസ്സിന്നു മോഹമായി തുടങ്ങീടവേ...
നിന്നെ ഒരു നോക്കു കണ്ടെൻ പരിഭവങ്ങൾ പറയുവാൻ മാത്രമണീ കാത്തിരിപ്പ്....!!!
കനവുകൾ കാണാൻ പഠിപ്പിച്ചതും നീയായിരുന്നു
മൗനങ്ങൾ വാചാലമാക്കിയതും നീ തന്നെയായിരുന്നു
ഒടുവിൽ ഒന്നും പറയാതെയെന്നിൽ കനൽ കിരീടം ചാർത്തി നീയകന്നുപോയി
നെടുവീർപ്പിൻ തീച്ചൂളയിൽ ഞാൻ വെന്തുരുകി..
ചന്ദന ചാർത്തണിയാൻ പിന്നെ ഞാൻ പോയതില്ല
ചന്ദന ഗന്ധം പോലുമെന്നിൽ നോവുകളായി
മൗനത്തിൻ പടുകുഴിയിലേക്ക് ഞാൻ വീണരാ നിമിഷം മുതലെനിക്കൊരോമനപേ രുമായി..!!
മനസ്സിൻ തളമേതെന്നറിയാതെയായി
രാവുകൾ പകലുകളറിയാതെ
മുന്നിൽ മിന്നിമായുന്ന മുഖങ്ങളറിയാതെ സിരകളിൽ മിന്നുന്ന ഭാവങ്ങളറിയാതെ
ഞാൻ ഞാനല്ലതായി നിനക്കു വേണ്ടി...
പലനാളിന്നൊടുവിൽ നിന്നോർമ്മകൾക്കുവേണ്ടി ഞാൻ കൊതിച്ചു
പലരോടുമെന്നെയും എന്നിലെ നിന്നെയും തിരക്കി
പിന്നെപ്പോഴോ കാലത്തിൻ അനന്തതയിൽ
മറഞ്ഞ നിന്റെ കഥയറിഞ്ഞെന്റെ
മനസ്സിൽ നിന്നു ഞാനും പടിയിറങ്ങി...!!
നറുചന്ദനത്തിൻ ഗന്ധം നീ ചാർത്തി തന്ന ഓർമ്മകൾക്കുള്ളിൽ
നിറയുമോർമ്മയായി ഞാനും കെട്ടടങ്ങി...
അഗ്നി വിഴുങ്ങിടുമ്പോഴും ഞാനറിയുകയായിരുന്നു നീയാം ചന്ദന ഗന്ധമെത്രത്തോളമാഴത്തിലെന്നിൽ നിറഞ്ഞിരുന്നെന്ന സത്യം..!!
ഇന്നു നിന്നോപ്പമീ വിൺ ചന്ദ്രികതൻ നിലാകുളിരിൽ നിൽക്കെ അറിയുകയാണിന്നു ഞാൻ
നിന്നിലെ എന്നെയും
എന്നിലെ നിന്നെയും
പിന്നീയീ മരണത്തിനപ്പുറമുള്ളരാ ജീവിതത്തെയും.....!!!!!

💖SJ Dreams💖