പുര നിറയാത്ത മകൾ
🟥 രവി നീലഗിരിയുടെ കഥ
©️
ഉമ്മറത്ത് കെട്ടിത്തൂക്കിയിട്ടിരുന്ന മണിയടിച്ച് അയാൾ വാതിലിനു മുൻപിൽ കാത്തു നിന്നു. ആദ്യത്തെ മണിയടി ശബ്ദം കേൾക്കുമ്പോഴേ പൂജാ മോൾ തുള്ളിച്ചാടി വരാറുള്ളതാണ്. കഴിക്കാനുള്ള എന്തെങ്കിലും ബേക്കറി സാധനങ്ങൾ അച്ഛന്റെ കൈയിലുണ്ടാവുമെന്ന് അവൾക്കറിയാം. ഇന്നെന്തോ അവളെ കാണുന്നില്ല. അമ്മയുമായി വഴക്കു കൂടിയോ എന്തോ..? എങ്കിൽ പിന്നെ ഇന്നത്തെ ദിവസം മുറിയിൽ നിന്നും പുറത്തുവരികയേയില്ല. കമിഴ്ന്നങ്ങനെ കിടക്കും. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വരില്ല. അച്ഛൻ വന്ന് ചുമലിൽ തട്ടി വിളിച്ചാലെ തലയെങ്കിലും ഒന്ന് പൊക്കി നോക്കൂ. അച്ഛന്റെ കൊഞ്ചിപ്പിള്ളയാണവൾ. അമ്മയേക്കാൾ അടുപ്പവും ഒട്ടലും അച്ഛനോട് തന്നെ. പതിവുള്ള കട്ടൻ കാപ്പിക്കു ശേഷം പത്രത്താളുകൾക്കിടയിലേക്ക് ഇറങ്ങാൻ നേരം വരെ അവൾ പുറകിൽ തന്നെയുണ്ടാവും.
അയാൾ ഒരു പ്രാവശ്യം കൂടി മണിയടിച്ചു. പതിവിന് വിപരീതമായി കതക് തുറന്നത് ചാരുവായിരുന്നു.
" പൂജ വന്നില്ലേ..?"
" ഉം.."
" എന്നിട്ടവളെവിടെ..?"
" മുറീലുണ്ട്.."
" ഇതവൾക്കുള്ളതാ -"
ബേക്കറിയിൽ നിന്നുള്ള തവിട്ടു നിറത്തിലുള്ള ചെറിയൊരു കടലാസ് കവർ അയാൾ ചാരുവിനെ ഏല്പിച്ചു. അകത്തേക്ക് കയറിയപ്പോൾ വല്ലാത്തൊരു നിശ്ശബ്ദത അവിടമാകെ വീണു കിടക്കുന്നതായി അയാൾക്ക് തോന്നി. തീരെ പതിവില്ലാത്തതാണത്. ചാരുവും അടുക്കളയിലെ നരച്ച വെളിച്ചത്തിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. അവളും നിശ്ശബ്ദതയിലാണല്ലൊ.
വസ്ത്രങ്ങൾ മാറുന്നേരം ചാരു അകത്തേക്ക് കടന്നു വന്നു. പതിവില്ലാത്ത വിധം അവൾ വാതിൽ അകത്തു നിന്നും ചാരിയടച്ചു. മുഖത്തെ ഭാവം കാണാൻ വയ്യ. ചുരുണ്ട മുടിയിഴകൾ വീണ് മുഖം പാതിയും മറഞ്ഞു കിടന്നിരുന്നു. എന്തോ കാര്യമുണ്ടല്ലൊ.? കൈലിയുടുക്കുന്നേരം അവൾ രണ്ട് കത്തുകളെടുത്ത് അയാളുടെ നേർക്ക് നീട്ടി.
" എന്താത് ?"
" ഇതിലൊന്ന് ഏതോ ഒരു ചെക്കൻ നമ്മുടെ മോൾക്ക് കൊടുത്തത്. മറ്റേത് നമ്മുടെ മോള് അവന് കൊടുക്കാനായി എഴുതീത്.."
അവൾക്ക് പിടിച്ചു നില്ക്കാനായില്ല. പറഞ്ഞു തീർന്നതും ചാരു തളർന്ന് അയാളുടെ ദേഹത്തേക്ക് ചാഞ്ഞു. കൈകൾ ചുറ്റി അയാളവളെ ചേർത്തു പിടിച്ചു. വാടിയ ഒരു താമരത്തണ്ട് പോലെയായിരുന്നു അന്നേരം അവളുടെ ശരീരം.
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലൊ ദൈവമേ.. വെറും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ മനസ്സിന്റെ ഇടനാഴികളിൽ എന്തൊക്കെയാണ് അവൾ ആരുമറിയാതെ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.? എന്റെയീ കണ്ണുകളിലിപ്പോഴും അവളൊരു കൊച്ചു കുട്ടിയാണല്ലൊ..! അവൾ അതിനും മാത്രം എന്നാണാവോ ഇത്ര വലുതായത്.? മക്കൾ വലുതാവുന്നത് അച്ഛൻമാർക്കെന്താണാവോ മനസ്സിലാവാതെ പോകുന്നത്..! ഇങ്ങനെ ഒരു പാട് ചോദ്യങ്ങളാണ് മനസ്സിലേക്ക് ഒറ്റയടിക്ക് വലിയൊരു കടൽത്തിര പോലെ കടന്നു വന്നത്.
" നീയവളെ തല്ലിയോ ?"
" ഉം.."
" ദേഹത്ത് അടീടെ ചൊവന്ന പാടുകള് വീഴ്ത്താമെന്നല്ലാതെ മറ്റെന്ത് കാര്യം..ചാരൂ.."
" സങ്കടം സഹിക്കാൻ പറ്റിയില്ലേട്ടാ.."
പതിമൂന്ന് വയസ്സിന്റെ ഒരു കുട്ടിക്കാലം അന്നേരം ചാരുവിന്റെ കണ്ണുകളിലേക്കിറങ്ങി വന്നു. പതിമൂന്നാം വയസ്സിൽ ഇങ്ങനത്തെ ചിന്തകളോ..? അന്നൊക്കെ ആൺ പെൺ വ്യത്യാസമില്ലാതെ അയൽപ്പക്കങ്ങളിലായിരുന്നു സ്കൂൾ വിട്ട് വന്നാൽ. എന്തൊക്കെ കളികളാണ്. സന്ധ്യ മയങ്ങണം വീട്ടിലേക്ക് തിരിച്ചു പോരാൻ. മഷിക്കറുപ്പിന്റെ നിറമുള്ള കാക്ക നോട്ടങ്ങളൊന്നും ആരുടെയും കണ്ണുകളിൽ ഉണ്ടായിരുന്നതായി ചാരു ഓർക്കുന്നേയില്ല.
" മുത്തോളുടെ വഴിയേയാണ് ഇവളും പോകുന്നെങ്കിൽ, വൈകീട്ട് വരുമ്പോ നെലം മുട്ടാത്ത കാലുകളുമായി ഞാനീ മുറീലുണ്ടാവും. പിന്നാലെ ഏട്ടനും പോരേ.."
ഒന്നും മറന്നിട്ടില്ല. എട്ട് മാസവും നാലു ദിവസവും അത്ര വലിയ കാലയളവല്ല ചാരുവിന്. നെഞ്ചിനുള്ളിൽ നിന്ന് അതങ്ങനെ എളുപ്പത്തിൽ മാഞ്ഞോ മറഞ്ഞോ പോവുകയുമില്ല. കോളേജിലെ അവസാന വർഷമായിരുന്നു സ്വാതി. അതുകൊണ്ട് തന്നെ അവൾക്ക് മേലെ സ്വപ്നങ്ങളും ഒരുപാടുണ്ടായിരുന്നു. അതവൾക്കും അറിയാമായിരുന്നു. കാലിൽ വീണ് അനുഗ്രഹം വാങ്ങി നിറുകയിൽ ചൂടുള്ള ഒരു ചുംബനത്തിന്റെ വിരഹ വേദനയുമായി തിരിഞ്ഞു നോക്കി ഭർത്താവിന്റെ പുറകിലൂടെ നടന്നു പോകുന്ന അവളെ എത്രയോ വട്ടം വെളുപ്പാൻ കാലങ്ങളിൽ ഒരു സ്വപ്നത്തിന്റെ മഞ്ഞിൻ മറക്കുള്ളിൽ കണ്ടിരിക്കുന്നു.
ഇപ്പോൾ ചാരുവിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ സ്വാതിയെ കാണാതായ ഒരു ഞായറാഴ്ച്ചയിലെ വെളുപ്പാൻ കാലം അയാൾക്ക് കാണാം. പിന്നെയും ഞായറാഴ്ച്ചകളെത്രയോ കഴിഞ്ഞു പോയി. മുറിയടച്ചിട്ട് പുറത്തിറങ്ങാതെ കരഞ്ഞു തീർത്ത ഞായറാഴ്ച്ചകൾ പിന്നെയും ചാരുവിന്റെ കരുവാളിച്ച് രക്തം വറ്റിയ മുഖത്തിനെ തലോടി കടന്നു പോയി. പൂജ മോളുടെ വാടിയ മുഖത്തെ കണ്ണീർപ്പാടുകൾ പിന്നേയും കുറേ ദിവസം കൂടെ മായാതെ കിടന്നു.
" പോകുന്നേന് മുമ്പ് ചേച്ചി മോളോട് എന്തേലും പറഞ്ഞിരുന്നോ.?"
" ഇല്ലച്ഛാ -"
" മോക്ക് എന്തേലും സംശയം തോന്നിയോ.?"
" രാത്രീല് കെടക്കാൻ നേരം കൊറെ ഉമ്മകള് തന്നു.."
" പിന്നെ ?"
" കരയേം ചെയ്തു..നല്ലോണം പഠിക്കണംന്ന് പറഞ്ഞു. അച്ഛയും അമ്മേം പറയുന്നത് കേക്കണംന്നും പറഞ്ഞു.."
അയാൾ അവളുടെ തലമുടിയിഴകളിൽ തലോടി. അവൾക്കെന്തറിയാം. പാവം. ജനലഴികൾക്കുള്ളിലൂടെ ഒരു തണുത്ത കാറ്റ് കടന്നു വന്ന് അവരുടെ ചാരെയങ്ങനെ നിന്നു. വെളിച്ചം വറ്റിയ അവളുടെ കുഞ്ഞിക്കണ്ണുകളിൽ ഭയത്തിന്റെ നിഴലുകളനങ്ങുന്നത് അന്നേരം അയാൾ കണ്ടു.
" ഞാനിന്ന് അച്ഛേടെ കൂടെ കെടക്കട്ടെ?"
" ഇനിയെന്നും മോള് അച്ഛേടെ കൂടെ കെടന്നോ.."
ചേച്ചിയുടെ പുറകിൽ നിന്നും മാറാതെ ഒരു നിഴലു പോലെ നടന്നിരുന്ന അവളുടെ ഇന്നലെകൾ കണ്ണുകളിൽ മറയാതെ കിടപ്പുണ്ട്. ഇണങ്ങലും പിണങ്ങലും കരച്ചിലും കളികളും ഉറക്കവുമെല്ലാം ഒരുമിച്ചു തന്നെ. രാത്രിയിൽ ഒരു കമ്പിളിക്കുള്ളിൽ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കണ്ണുകൾ മിഴിച്ചു കിടക്കുമ്പോൾ നെറ്റിയിലൊരുമ്മ തന്ന് അവളെ ചേർത്ത് പിടിച്ചു കിടത്താൻ ചേച്ചിയെവിടെ ?
" മോളുറങ്ങിക്കോ..ചേച്ചി അടുത്തു തന്നേണ്ട്.."
ഞെട്ടിയെഴുന്നേറ്റ് അവൾ തപ്പി നോക്കും. എവിടെ..?
അങ്ങനെ ഇരുട്ടിന്റെ നരച്ച നിശ്ശബ്ദതയിൽ ഉറക്കത്തെയും കാത്തു കിടന്ന രാത്രികളെത്ര.? കുഞ്ഞുട്ടീ എന്നൊരു വിളി..പിന്നേയും ചേച്ചിയില്ലാത്ത ദിവസങ്ങളെത്ര വീണ്ടും കടന്നു പോയി.
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രികളിലൊന്നിൽ അയാൾ ചാരുവിന്റെ ഹൃദയത്തിൽ തൊട്ടു.
" ഉറങ്ങിയോ ?"
" ഇല്ല -"
" ഉം..?"
" ഉറക്കം വരണില്ല."
" മാസം നാലു കഴിഞ്ഞില്ലേ ചാരൂ..ഇനിയും അത് തന്നെ ഓർത്ത് വിഷമിച്ചിട്ട് എന്താ കാര്യം..?"
ഒരു നെടുവീർപ്പിന്റെ നിശ്ശബ്ദതയിലേക്ക് അവൾ തിരിഞ്ഞു കിടന്നു. കണ്ണുകളിലെ അരണ്ട വെളിച്ചം അപ്പോൾ അയാളുടെ മുഖത്ത് വന്നു വീണു. മുടിച്ചുരുളുകൾ വീണ് മറഞ്ഞ മുഖത്ത് അയാൾ ചുണ്ടുകൾ ചേർത്തു.
" ഞാനൊരു കാര്യം ചോദിക്കട്ടെ ?"
" ഉം..?"
അയാൾ ആകാംക്ഷയോടെ തലയുയർത്തി. പിന്നെ ഒട്ടധികം വാത്സല്യത്തോടെ അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു. ഈയിടെയായി അവൾ സംസാരിക്കുന്നതു തന്നെ തീരെ കുറവ്. ചീത്തപറച്ചിലും പരാതിയുമൊക്കെയായി എപ്പോഴും ബഹളം വെച്ച് നടന്നു കൊണ്ടിരുന്ന അവളെത്ര പെട്ടെന്നാണ് നിശ്ശബ്ദയായി പോയത്.
" ഇത്രേം വർഷം നമ്മളവൾക്ക് കൊടുത്ത സ്നേഹത്തേക്കാളും വലുതാകുമോ ഏട്ടാ ഇന്നലെ കണ്ട അവൻ കൊടുത്ത സ്നേഹം..?"
" അറിയില്ല ചാരൂ..എനിക്കറിയാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങളിൽ ഇതും പെടുന്നുണ്ട്.."
" ഇടക്ക് ചീത്ത പറയുന്നതോ തല്ലുന്നതോ ഒക്കെ അവളോട് ഇഷ്ടമില്ലാതെയാണെന്ന് അവൾ കരുതിക്കാണുമോ.?"
" ചാരൂ..നീയോരോന്ന് വെറുതെ ആലോചിച്ച് കൂട്ടുകയാണ്.."
" എന്നാലും അവള് നമ്മുടെ സ്നേഹം അറിഞ്ഞില്ലല്ലൊ ഏട്ടാ.."
" ഒരു മകൾക്ക് അവളുടെ അമ്മയുടെ മനസ്സിൽ കിടക്കുന്ന വാക്കുകളുടെ പൊരുൾ വായിക്കാൻ കഴിയുന്നത് അവളൊരു അമ്മയാകുമ്പോൾ മാത്രമാണ്. അതു വരെ ആ ഭാഷ അവൾക്കന്യമാണ് ചാരൂ.."
" അവൾ നമ്മളെ ഓർക്കുന്നുണ്ടാവുമോ ഏട്ടാ..?"
" അവൾ നമ്മുടെ മകളല്ലെ ചാരൂ...ഓർക്കും. ഓർക്കണം. മരണം വരെ മനസ്സിലിങ്ങനെ ആ ഓർമ്മകളുടെ ഒരു നീറ്റല് എപ്പഴും കിടപ്പുണ്ടാകേം ചെയ്യും.."
" പിന്നെന്തേ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലൊ അവൾ..കഴിഞ്ഞ ബെർത്ത്ഡേക്ക് വാങ്ങിക്കൊടുത്ത ഡ്രസ്സു പോലും അവള് കൊണ്ടു പോയില്ലല്ലൊ ഏട്ടാ ?"
" ചാരൂ..നമ്മളറിയാതെ നമുക്കായി അവളൊരു ചതിക്കുഴി കുഴിക്കുന്നത് കാണാനുള്ള പഠിപ്പോ അറിവോ നമുക്കില്ലാതെ പോയി.."
ചേച്ചിയുടെ അതേ വഴിയിലൂടെയാണോ എന്റെ പൂജ മോളും നടന്നു പോകുന്നത്. ഇവളെന്റെ മകൾ. ചേച്ചിക്ക് പറ്റിയത് ഒരബദ്ധമാവാനേ തരമുള്ളു. അതെ. അതായിരിക്കും ശരി. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് പറഞ്ഞതാരാണ് ? ആരെങ്കിലുമാവട്ടെ.. ഇവളെന്റെ മകൾ.എന്റെ കുഞ്ഞൂട്ടി.
രാത്രിയാവാൻ കാത്തിരുന്നു. ചാരു ഉറങ്ങണം. ഇരുട്ടിൽ കണ്ണുകൾ തുറന്ന് കുറേ സമയം വെറുതെ കിടന്നു. മുൻപൊക്കെ കിടക്കേണ്ട താമസം. ഇപ്പോൾ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്ന് ഏറെ സമയം വേണം അവൾക്കൊന്നുറങ്ങാൻ.
പൂജയുടെ മുറിയിൽ അരണ്ട വെളിച്ചമുണ്ട്. ചാരിയിട്ടിരുന്ന കതകുകൾ ശബ്ദമുണ്ടാക്കാതെ തുറന്ന് അയാൾ അവളുടെയടുത്തായി കട്ടിലിലിരുന്നു. തലയിണയിൽ മുഖം ചേർത്ത് തിരിഞ്ഞു കിടക്കുകയാണ് പൂജ. കഴിക്കാനായി കൊണ്ടു വെച്ച ഭക്ഷണം അതേ പടിയിരിപ്പുണ്ട്. മുട്ടിനു താഴെയുള്ള അടിയുടെ ചുവന്ന പാടുകളിൽ അയാൾ സാവധാനം കൈവിരൽ കൊണ്ട് തലോടി. അച്ഛനെ കണ്ടതും അവളൊരു തേങ്ങലോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. കണ്ണുകളിൽ കണ്ണീർ വന്ന് മുട്ടി നിന്നു.
" അമ്മ കൊറേ തല്ലിയോ.?"
" അമ്മയല്ലെ. സാരല്ല്യച്ഛാ.."
" അമ്മയോട് ദ്വേഷ്യം വെക്കരുത്."
" ഇല്ലച്ഛാ.."
അവളുടെ കുഞ്ഞിക്കവിളുകളിൽ കണ്ണുനീർ പാടുകൾ ഉണങ്ങിക്കിടന്നു. അഴിഞ്ഞുലഞ്ഞ മുടിയിഴകൾ കവിളിലെ കണ്ണീരിൽ ഒട്ടിപ്പിടിച്ച് കിടന്നു. രണ്ടു കൈകളിലും അയാൾ അവളുടെ മുഖം കോരിയെടുത്തു. പൊട്ടിയ ചുണ്ടുകളിൽ തലോടിയപ്പോൾ ഹൃദയത്തിലാരോ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞതുപോലെ.
" ഇതെന്താത്..?"
" അമ്മ ചുമരില് ഉരച്ചതാ -"
ജനലിനപ്പുറത്തെ കറുത്ത ഇരുട്ടിലേക്ക് നോക്കി അയാൾ കുറച്ചു നേരം വെറുതെയിരുന്നു. ജ്യോത്സ്യൻ പറഞ്ഞിരുന്നു. ചാരുവിന് ശനിയുടെ അപഹാരകാലമാണ്. കണ്ണുനീരും തീയും മരണവുമൊക്കെ ശനി കാണിച്ചു തരും. ശാസ്താവിന്റെ നടയ്ക്കൽ നീരാഞ്ജനവുമായി എത്രവട്ടം തൊഴുതു നിന്നു. എന്നിട്ടും -
" അമ്മയോട് പിണങ്ങല്ലേ മോളെ..അവളൊരു പാവമാ.."
" ഇനിയ്ക്കറിയാം.."
" ചേച്ചി പോയേന്റെ വെഷമം ഇപ്പഴും അവൾടെ മനസ്സീ കെടപ്പുണ്ട്.."
" ഒക്കെ ഇനിയ്ക്കറിയാം അച്ഛേ -"
അയാൾ ചാരു കൊടുത്ത രണ്ട് കത്തുകളുമെടുത്ത് അവളുടെ കൈയിൽ വെച്ചു കൊടുത്തു. അവൾ മുഖമുയർത്തി അയാളെയൊന്ന് നോക്കി.
" ചോരേലാണല്ലൊ അവനെഴുതീത്..പിന്നെ മോളെന്താ ചൊവന്ന മഷീലാക്കീത്..?"
അയാൾ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു. ആ ഒരു ഉമ്മയിലൂടെ അവൾ നടന്നു കയറി അച്ഛന്റെ മനസ്സിന്റെ പിന്നാമ്പുറത്തെ ഇടനാഴിയിൽ ആരുമറിയാതെ അവൾ കണ്ണു പൊത്തി ഒളിച്ചിരുന്നു. അയാളവളെ കണ്ടുപിടിച്ചപ്പോൾ അവൾ ഉറക്കെ ചിരിച്ചു. ആ ചിരിയിൽ അവളുടെ വിഷമങ്ങളെല്ലാം ഒഴുകിയൊഴുകി കടലിൽ ചെന്ന് ചേർന്നു.
" ചോര ഇനിയ്ക്ക് പേടിയാണ്.."
" നിന്റെ കത്തില് രണ്ട് അക്ഷരത്തെറ്റ്ണ്ട്. ഞാനത് തിര്ത്തീട്ട്ണ്ട്. എന്താ..കത്ത് മലയാളത്തിലാക്ക്യേ.? ഇംഗ്ലീഷല്ലേ എളുപ്പം..?"
" അതിന്...അവന് ഇംഗ്ലീഷറിയില്ലച്ഛേ..അവനൊരു ഓട്ടോറിക്ഷക്കാരനാ.."
" കൊറച്ചൂടെ നല്ല അക്ഷരത്തില് ഉരുട്ടിയെഴുതണം. കൊടുക്കുന്നേന് മുന്നെ അച്ഛയെ കാണിച്ചാ തെറ്റുണ്ടേ തിരുത്തി തരാം. അവനൊരു റോസാപ്പൂ തന്നിട്ടില്ലേ. അപ്പൊ പകരം നീയുമൊരെണ്ണം കൊടുക്കണം...ഉറങ്ങിക്കോളൂ. നാളെ സ്കൂളീ പോണ്ടേ..ഗുഡ് നൈറ്റ് കുഞ്ഞൂട്ടീ.."
അയാൾ എഴുന്നേറ്റു. നടുവിനൊരു പിടുത്തമുണ്ട്. കാൽ മുട്ടുകൾ മടക്കി കുറേ നേരമിരിക്കാനും വയ്യ. വയസ്സായി വരുന്നതിന്റെ ലക്ഷണമാകാം. പോകാൻ നേരം ഒരു താക്കോലെടുത്ത് അയാൾ കട്ടിലിന്റെ തലയ്ക്കൽ വെച്ചു.
" ഇത് കബോഡിലുള്ള ലോക്കറിന്റെ താക്കോലാ. ചേച്ചീടെ കല്ല്യാണത്തിന് വേണ്ടി മാറ്റി വെച്ച കുറച്ച് സ്വർണ്ണാഭരണങ്ങളാണതില്. ഇതിനി മോളുടെ കൈയിലിരുന്നോട്ടെ. ആരേം അറീക്കാതെ പോണംന്ന് തോന്നുമ്പോ..ചേച്ചീടെ പോലെ വെറും കൈയോടെ മോള് പോണ്ട. അലമാരേലെ ഡ്രസ്സുകളും, ബെർത്ത്ഡേ ഗിഫ്റ്റുകളും, കൺമഷീം, ചാന്തും, പൊട്ടും, വളേം, ചെരുപ്പുകളും ഒക്കെ കൊണ്ടു പോണം. പോകുമ്പൊ അച്ഛയും അമ്മയും അറിയരുതെന്ന് മാത്രം..ചെലപ്പൊ മനസ്സു മാറി ഈ അച്ഛ തന്നെ പോകാൻ സമ്മതിച്ചില്ലെങ്കിലോ..? അതോണ്ടാ. പറ്റുമെങ്കീ അറിയാതെ അമ്മേടെ കാലീ തൊട്ട് അനുഗ്രഹോം മേടിക്കണം. ഇല്ലേലും കൊഴപ്പൊന്നൂല്ല. അവള് നെന്നെ ശപിക്കാനൊന്നും പോണില്ല. ഏതമ്മമാർക്കാ അതിന് കഴിയാ ? പിന്നെ അച്ഛന്റെ അനുഗഹം എപ്പഴും മോൾടെ കൂടുണ്ടാവും.."
അവളുടെ മറുപടി കേൾക്കാൻ കാത്തു നിന്നില്ല. വാതിൽ പതുക്കെ ചാരി അയാൾ പുറത്തു കടന്നു. പാവം ചാരു. അവൾ നല്ല ഉറക്കത്തിലാണ്. ഒഴിഞ്ഞു മാറി നില്ക്കുന്ന ഉറക്കത്തെ കാത്ത് ഇനിയുമെത്ര നേരം ഇങ്ങനെ ഈയിരുട്ടിൽ കണ്ണുകൾ തുറന്നു പിടിച്ച് കിടക്കണം..?
പിറ്റേന്ന് രാവിലെ മുറ്റത്ത് പല്ല് തേച്ച് നില്ക്കുമ്പോൾ പൂജ മുൻപിൽ വന്ന് നിന്നു. അവൾ സ്കൂളിലേക്കുള്ള വേഷത്തിലാണ്.
" മറന്നിട്ടില്ലല്ലൊ..?"
" എന്ത് ?"
" കത്ത് -"
" ഇല്ല.."
" റോസാപ്പൂ...പോകും വഴി ശാലിനീടെ വീട്ടീന്ന് ഒരെണ്ണം പറിച്ചോ.."
" ഉം.."
" കത്തെവിടെ..നോക്കട്ടെ. അക്ഷരത്തെറ്റുണ്ടേ നാണക്കേടാ -"
കുനുകുനെ കീറിയ ഒരു കത്തിന്റെ ഒരുപാട് കടലാസു തുണ്ടുകൾ അവൾ ബാഗിൽ നിന്നുമെടുത്ത് അച്ഛന്റെ കൈ വെള്ളയിൽ വെച്ചു കൊടുത്തു. കൂടെ ലോക്കറിന്റെ താക്കോലും. അപ്പോൾ അവളുടെ കണ്ണുകളിൽ പ്രഭാതസൂര്യന്റെ കിരണങ്ങൾ മിന്നി മറയുന്നത് അയാൾ കണ്ടു. കൺകോണുകളിൽ വീണുടയാൻ പാകത്തിൽ ഉരുണ്ടു കൂടി നില്ക്കുന്ന ഒരു തുള്ളി കണ്ണുനീരും. പിന്നെ പോകാൻ നേരം കഴുത്തിൽ കൈകൾ ചുറ്റി അവൾ അയാളുടെ കവിളിൽ ഒരുമ്മ കൊടുത്തു.
" പോട്ടെ അച്ഛേ..ഇപ്പൊത്തന്നെ നേരം വൈകി."
" കൂട്ടുകാരികളോട് എന്ത് പറയും ?"
" എന്ത് ?-"
" അടീടെ ചൊവന്ന ഈ പാടുകള്..!"
" ഓ..അതോ..അത് അച്ഛയും അമ്മേം ഉമ്മ വെച്ചതാണെന്ന് പറയും.."
" വിശ്വസിക്ക്യോ..അവര് ?"
അയാൾ ചിരിച്ചു.
" ആരും വിശ്വസിച്ചില്ലേലും എനിക്കങ്ങനെ വിശ്വസിക്കാനാ ഇഷ്ടം. ഇതിലൂടെ നടന്നു കയറിയാണ് ഞാൻ സ്നേഹത്തിന്റെ നീല നിറമുള്ള ആഴക്കടലുകൾ കണ്ടത്.."
ഇടവഴിയിൽ നിന്നും കയറി വന്ന നേർത്ത ഒരിളം കാറ്റിൽ അയാളുടെ കൈകളിലിരുന്ന കടലാസു തുണ്ടുകൾ മുറ്റമാകെ തുമ്പികളായി പറന്നു നടന്നു.
എന്തൊരു ഭംഗിയാണ് ഇന്നത്തെ ഈ പ്രഭാതത്തിന്.
◼️©️