Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 24

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 24

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം ദേവ് ഓഫീസിൽ നിന്നും വീട്ടിൽ വന്നപ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നുണ്ട്. ആരുടെ കാർ ആണ് എന്ന് സംശയത്തോടെയാണ് അയാൾ അകത്തേക്ക് വന്ന് തന്നെ.

അകത്ത് അമ്പതോടടുത്ത് പ്രായം വരുന്ന നല്ല പ്രൗഡിയോടെ ഉള്ള ഒരു പുരുഷനും അയാൾക്ക് അടുത്തു തന്നെ 45 വയസ്സ് തോന്നുന്ന സ്ത്രീത്വം തുളുമ്പുന്ന ഒരു സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു.

അച്ഛനും അമ്മയും ശ്രീദേവിയും അവരെ നന്നായി തന്നെ സൽക്കരിക്കുന്നുണ്ട്. മാത്രമല്ല വളരെ സന്തോഷത്തോടെ അവരോട് എല്ലാവരും സംസാരിക്കുന്നുണ്ട്.

ദേവനെ കണ്ട ശ്രീദേവി പറഞ്ഞു.

“ദ, ഏട്ടൻ വന്നല്ലോ... ഞാൻ ചായ എടുക്കാം.”

ശ്രീദേവി പറയുന്നത് കേട്ട് പുഞ്ചിരിയോടെ എന്നാൽ സംശയത്തോടെ അയാൾ അകത്തേക്ക് കയറി വന്നു. അകത്തു കയറിയ ദേവ് അച്ഛനെ നോക്കി.

ആ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കി ചന്ദ്രൻ മകനോട് പറഞ്ഞു.

“നീ അകത്തു കയറി വായോ...”

പിന്നെ ചിരിച്ചു കൊണ്ട് അവിടെയിരിക്കുന്നവരോടായി പറഞ്ഞു.

“ഇതാണ് എൻറെ മകൻ ദേവ്. CA ആണ്. മാത്രമല്ല സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും കൂടുതലും കമ്പനി കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എല്ലാം അവൻ തന്നെയാണ്. ഞാൻ അവൻറെ കൂടെ ഒരു കൂട്ടായി ഉണ്ട് എന്ന് മാത്രം. ബാക്കി കാര്യങ്ങളെല്ലാം നോക്കുന്നത് പെൺമക്കളുടെ ഭർത്താക്കന്മാരാണ്. പിന്നെ അവരുടെ മക്കളും ഉണ്ട് കൂടെ.”

അച്ഛൻ ഇത്രയും കാര്യമായി ബിസിനസ് കാര്യങ്ങളെല്ലാം സംസാരിക്കുന്നത് കേട്ട് ദേവ് അച്ഛനോട് ചോദിച്ചു.

“ക്ഷമിക്കണം... ആരാണ് എന്ന് മനസ്സിലായില്ല അച്ഛാ... പക്ഷേ എവിടെയോ കണ്ടു പരിചയമുള്ള പോലെ...”

ദേവ് സംശയത്തോടെ രണ്ടുപേരെയും നോക്കിക്കൊണ്ട് പറഞ്ഞു.

“ഇവർ...”

മകൻറെ ചോദ്യത്തിന് മറുപടി നൽകാൻ തുടങ്ങിയ അച്ഛനെ മഹാദേവൻ തടഞ്ഞു കൊണ്ട് പറഞ്ഞു.

“ഞാൻ തന്നെ ഞങ്ങളെ പരിചയപ്പെടുത്താം. അതല്ലേ അതിൻറെ ഒരു ശരി.”

മഹാദേവൻ ചിരിയോടെ പറഞ്ഞു. പിന്നെ സ്വയം പരിചയപ്പെടുത്തി.

“ഞാൻ മഹാദേവ വർമ്മ… ഇത് എൻറെ ഭാര്യ അംബികാ ദേവി വർമ്മ.”

മഹാദേവൻ പറയുന്നത് കേട്ട് ദേവ് മനസ്സിൽ എന്തോ ആലോചിച്ച ശേഷം ആ പേര്  ഒരു പ്രാവശ്യം കൂടി മനസ്സിൽ ഉരുവിട്ടു.

“മഹാദേവ വർമ്മ... വർമ്മ ഗ്രൂപ്പിൻറെ...”

ദേവ് സംശയത്തോടെ അവരെ നോക്കി ചോദിച്ചു.

മകൻറെ സംശയം തീർക്കാൻ എന്ന പോലെ ചന്ദ്രൻ പറഞ്ഞു.

“മോനെ നിൻറെ സംശയം ശരിയാണ്... അവര് തന്നെയാണ്.”

എന്നാൽ വന്ന ഗസ്റ്റിനെ മനസ്സിലായതും ദേവൻറെ മുഖത്തെ തെളിച്ചം ഇല്ലായ്മ മഹാദേവനും ഭാര്യ അംബികാ ദേവിയും ശ്രദ്ധിച്ചിരുന്നു. അത് കാര്യമാക്കാതെ അയാൾ പറഞ്ഞു തുടങ്ങി.

“ഞങ്ങൾ വന്നത് ഒരു കല്യാണ ആലോചനയുമായി ആണ്.

ഞങ്ങൾക്ക് ആറു ആൺ മക്കളാണ്. അതിൽ ആദ്യത്തെ നാലു പേർ ട്വിൻസ് ആണ്. അവരുടെ നാലുപേരുടെയും വിവാഹവും ഏകദേശം ഉറപ്പിച്ച മട്ടാണ്.
ഇനിയുള്ള രണ്ടു പേർക്കു വേണ്ടിയാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.”

ദേവ് ഒന്നും പറയുന്നില്ല എന്നു മനസ്സിലാക്കി മഹാദേവൻ തുടർന്നു പറഞ്ഞു.

“ഇവിടത്തെ മോളേ ഞങ്ങളുടെ മകന്...”

പെട്ടെന്നാണ് ദേവ് പറഞ്ഞത്.

“ക്ഷമിക്കണം... എനിക്ക് ആകെ ഒരു മകളെ ഉള്ളൂ. മാത്രമല്ല അവൾ പഠിക്കുകയാണ്. അടുത്ത അഞ്ചു വർഷത്തേക്ക് എന്തായാലും ഞങ്ങൾ അവളെ വിവാഹം കഴിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല. അവളുടെ പഠിത്തം കഴിഞ്ഞു മാത്രമേ ഞങ്ങൾ അവളുടെ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നു പോലും ഉള്ളൂ.”

ദേവ് എടുത്തടിച്ച പോലെ പറഞ്ഞത് കേട്ട് അംബികാ ദേവി പറഞ്ഞു.

“ഞങ്ങൾക്കും പെട്ടെന്നൊന്നും കല്യാണത്തിനു താല്പര്യമില്ല. പക്ഷേ എല്ലാം ഒന്നു പറഞ്ഞുറപ്പിച്ചു വയ്ക്കാൻ...”

“അത് അഞ്ചുകൊല്ലം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ... മാത്രമല്ല അവളുടെ ഇഷ്ടം അതാണ് എനിക്ക് പ്രധാനം. അവളുടെ ജീവിതം... അവളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ അവൾ തന്നെ എടുക്കാനാണ് ഞങ്ങൾ അവളെ പഠിപ്പിച്ചിരിക്കുന്നത്.”

ദേവ് പറഞ്ഞത് കേട്ട് മഹാദേവനും അംബിക ദേവിയും സ്വാഹ പറഞ്ഞ ഡയലോഗ് ഓർത്തു.

പിന്നെ രണ്ടുപേരും ഒന്നു പുഞ്ചിരിച്ച ശേഷം പറഞ്ഞു.

“ഞങ്ങൾകൊന്നേ പറയാനുള്ളൂ. മകൾക്ക് വിവാഹം എന്നൊന്ന് നിങ്ങളുടെ മനസ്സിൽ വരുമ്പോൾ എൻറെ മകൻ ആയിരിക്കണം ആദ്യം ചോയ്സ്.

ഞങ്ങൾക്ക് സ്വാഹ മോളെ അത്രയ്ക്ക് ഇഷ്ടമായി, അതുകൊണ്ടാണ്...”

അംബികാ ദേവി പറഞ്ഞത് കേട്ട്  ദേവ് സംശയത്തോടെ അവരെ നോക്കി.
അതുകണ്ട് മഹാദേവൻ പറഞ്ഞു.

“താൻ സംശയിക്കേണ്ട, ഞങ്ങളുടെ ബാംഗ്ലൂരിലെ മെഡിക്കൽ കോളേജിലാണ് സ്വാഹയും ശ്രീലതയും പഠിക്കുന്നത്. അതു കൊണ്ടാണ് അവരെ കാണാൻ സാധിച്ചത് തന്നെ.

സ്വാഹയേയും ശ്രീലതയേയും ഞങ്ങളുടെ ഇളയ മക്കളായ അഗ്നിക്കും ശ്രീഹരിക്കും വേണ്ടിയാണ് ചോദിക്കുന്നത്.”

ദേവ് ഒന്നും തന്നെ മറുപടി പറഞ്ഞില്ല.

അതുകൊണ്ട് മഹാദേവൻ പറഞ്ഞു.

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. വീട്ടിലെത്താൻ ദൂരം കുറച്ചു പോകേണ്ടതാണ്.”

അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയ മഹാദേവൻ ദേവനെ പുറത്തേക്ക് വിളിച്ചു. കുറച്ച് പുറത്തേക്ക് നടന്ന ശേഷം അയാൾ ദേവിനോട് ആയി പറഞ്ഞു.

“മോൾ ദേവിനോട് സംഭവിച്ചതെല്ലാം പറഞ്ഞതായി നിങ്ങളുടെ താല്പര്യം ഇല്ലായ്മയിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി.

എൻറെ മക്കൾ ചെയ്തത് ഞാൻ ഒരിക്കലും ന്യായീകരിക്കുന്നില്ല. അവർ ചെയ്ത തെറ്റ് തിരുത്താൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്.

ഞാനും ഇവളും അവരെ രണ്ടുപേരെയും ഞങ്ങളുടെ സ്വന്തം മക്കളായാണ് കാണുന്നത്. പക്ഷേ കുട്ടികൾ ഒരു വിധത്തിലും അടുക്കുന്നില്ല. ഞങ്ങൾ പല തവണ അവരോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു.

കേൾക്കാൻ അവർ തയ്യാറല്ല എന്ന് ഞങ്ങളോട് മുഖത്തു നോക്കി തന്നെ പറഞ്ഞു രണ്ടു കാന്താരികളും.”

മഹാദേവൻ പറയുന്നത് മുഴുവനും ശ്രദ്ധയോടെ കേട്ട ശേഷം ദേവ് മറുപടി പറഞ്ഞു.

“എൻറെ മക്കൾ രണ്ടുപേരും തെറ്റൊന്നും ചെയ്തതായി എനിക്കോ അവർക്ക് തോന്നുന്നില്ല. പിന്നെ ഇത് അവരുടെ ജീവിതമാണ്. അവരാണ് അതിൽ തീരുമാനം എടുക്കേണ്ടത്.

മാത്രമല്ല നിങ്ങളുടെ മക്കൾ ചെയ്തതൊന്നും ആർക്കും അംഗീകരിക്കാൻ സാധിക്കുന്ന കാര്യങ്ങളല്ല എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ സമ്മതിച്ചല്ലോ?

അപ്പോൾ അവരിൽ നിന്നും ഇങ്ങനെയൊക്കെ മാത്രമേ പ്രതീക്ഷിക്കാവൂ. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണും. എന്നാലും പറയുകയാണ്.

അവർ രണ്ടുപേരും... അവർക്ക് സ്വന്തമായി തീരുമാനങ്ങളും, ലക്ഷ്യങ്ങളും ഉള്ള പെൺകുട്ടികളാണ്.”

ദേവ് പറയുന്നത് കേട്ട് അംബികാദേവി പറഞ്ഞു.

“എൻറെ മക്കൾ ആർക്കും അംഗീകരിക്കാൻ പറ്റാത്ത ചെയ്തികളാണ് ചെയ്തു കൂട്ടി ഇരിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടു തന്നെയാണ് ഇതിനൊരു പരിഹാരം കാണാൻ ഞങ്ങൾ തന്നെ ഇറങ്ങിപ്പുറപ്പെട്ടത്.

അവർ ചെയ്ത തെറ്റ് തിരുത്താൻ ആണ് ഞങ്ങൾ ഇപ്പോൾ നിങ്ങളെ കാണാൻ വന്നത്. അവരെ രണ്ടുപേരെയും ഞങ്ങൾക്ക് തന്നു കൂടെ... പൊന്നു പോലെ നോക്കിക്കോളാം ഞങ്ങൾ.”

“മേഡം ഞാൻ ആദ്യമേ പറഞ്ഞു. അവരുടെ കാര്യങ്ങൾ, അവസാന തീരുമാനം എടുക്കുന്നത് അവർ തന്നെയാണ്. അവർ രണ്ടുപേരും ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുത്താലും അവർക്കൊപ്പം ഞാനുണ്ടാകും.

രണ്ടു പേരെ കുറിച്ചും ഒന്ന് ഞാൻ പറയാം.
സാധാരണ പെൺകുട്ടികളെപ്പോലെ എന്തെങ്കിലും പഠിച്ചു വിവാഹം സ്വപ്നം കണ്ട് നടക്കുന്നവരല്ല രണ്ടുപേരും. സ്വപ്രയത്നം കൊണ്ട് സ്കോളർഷിപ്പ് നേടി പഠിച്ചാണ് രണ്ടുപേരും ഇവിടം വരെ എത്തിയത്. അവർക്ക് അവരുടെ തീരുമാനങ്ങൾ ഉണ്ട്. അവർക്കൊപ്പം എന്തിനും ഒപ്പം നിൽക്കാൻ മനസ്സുള്ള ഒരു അച്ഛനും അമ്മയും അവർക്കുണ്ട്. മാത്രമല്ല അവരെ ഒന്നിനും ഞങ്ങൾ പ്രഷർ ചെയ്യില്ല.”

അയാൾ പറഞ്ഞു നിർത്തിയതും മഹാദേവൻ പറഞ്ഞു.

“നിങ്ങളുടെ ആ രണ്ട് കാന്താരികൾക്ക് വേണ്ടി ദേവി പീഠത്തിലെ വാതിലുകൾ തുറന്ന് തന്നെ ഉണ്ടാകും. ഞങ്ങൾക്ക് ഉറപ്പാണ് ഇന്നല്ലെങ്കിൽ നാളെ അവർ രണ്ടുപേരും ഞങ്ങളുടെ രണ്ടുവശത്തും ഉണ്ടാകുമെന്ന്. ഇനി ആ സുദിനത്തിനു വേണ്ടി കാത്തിരിപ്പാണ് ദേവി പീഠത്തിലെ മുഴുവൻ അംഗങ്ങളും.”

ദേവ് അതിനു മറുപടി ഒന്നും നൽകിയില്ല.

“നമുക്ക് വീണ്ടും വൈകാതെ കാണാടോ... ഇപ്പോൾ നേരം ഒരുപാട് വൈകി”

എന്നും പറഞ്ഞ് രണ്ടുപേരും കാറിൽ കയറി പോകുന്നത് നോക്കി നിന്ന ദേവ് പെട്ടെന്ന് ഫോൺ എടുത്തു ശ്രീലതയുടെ അമ്മയെ വിളിച്ചു.

അഗ്നിയുടെയും ശ്രീഹരിയുടെയും അച്ഛനുമമ്മയും വന്നതും സംസാരിച്ചതും എല്ലാം വിശദമായി തന്നെ ആയാൾ അവരോട് പറഞ്ഞു.

അവിടേക്കും അവർ ചെന്നതായി ശ്രീലതയുടെ അമ്മ ദേവിനോടു പറഞ്ഞു.

അവരും അവരുടെ വേദന തുറന്നു തന്നെ മഹാദേവനോടും അംബികാ ദേവിയോടും പറഞ്ഞു.

അവരോടു സംസാരിച്ച ശേഷം ദേവ് സ്വാഹയേ വിളിച്ചുപറഞ്ഞു.

അഗ്നിയുടെ അച്ഛനുമമ്മയും വന്നതും പറഞ്ഞതും എല്ലാം വിശദമായി തന്നെ.

എല്ലാം കേട്ട ശേഷം സ്വാഹ പറഞ്ഞു.

“ഞങ്ങൾക്കറിയാമായിരുന്നു അവർ വരും എന്ന്. അന്ന് അവർ ഞങ്ങളോട് പറഞ്ഞിരുന്നു വീട്ടുകാരുമായി സംസാരിക്കാം എന്ന്. എന്തായാലും അച്ഛൻ പറയേണ്ടത് പറഞ്ഞത് നന്നായി. അച്ഛൻ വിഷമിക്കേണ്ട, എന്തു വന്നാലും നേരിടാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ രണ്ടുപേരും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഞങ്ങൾക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി അച്ഛാ. പിന്നെ വിളിക്കാം.”

അങ്ങനെ ആ സംസാരം അവിടെ നിർത്തി ദേവ് അകത്തേക്ക് കയറി ചെന്നു. അകത്ത് കയറി വന്ന മകനോട് ചന്ദ്രൻ ചോദിച്ചു.

“എന്താ ദേവ് നീ ഒരു താൽപര്യമില്ലാതെ അവരോട് അങ്ങനെ സംസാരിച്ചത്?”

“അത് അച്ഛാ... നമ്മൾക്ക് തോള് ചേർക്കാൻ പറ്റാത്ത അത്രയും ഉയരത്തിൽ ഉള്ളവരാണ് അവർ. അത്രയ്ക്കും വലിയ ബന്ധം നമ്മൾക്ക്... നമ്മുടെ കുട്ടിക്ക് വേണ്ട അച്ഛാ... അവർ വളരെയധികം വലിയ പണക്കാരൻ ആണ്. നമ്മൾ ഈ ഗ്രാമത്തിലെ ആൾക്കാർ... അത് വേണ്ട അച്ഛാ, എൻറെ കുട്ടിക്ക് വേദനിക്കുന്നത് എനിക്ക് കാണണ്ട.
മാത്രമല്ല അവൾക്ക് എന്തുവേണമെന്ന് അവൾ തന്നെ തീരുമാനിക്കട്ടെ. നമുക്ക് അവളുടെ തീരുമാനത്തിന് ഒപ്പം നിൽക്കാം അത് എന്തു തന്നെയായാലും.”

“അതും ശരിയാണ്. മോള് തീരുമാനിക്കട്ടെ എന്തു വേണമെന്ന്. നീ എന്തായാലും ഇവർ വന്നത് അവളോട് വിളിച്ചു പറയു.”

“ഞാൻ ഓൾറെഡി പറഞ്ഞു അച്ഛാ.”

“അതു നന്നായി... ഇനി എല്ലാം ദൈവ വിധി പോലെ.”

എല്ലാം കേട്ടു നിന്ന ദേവിൻറെ അമ്മ പറഞ്ഞു. പിന്നെ ആ സംസാരം അവിടെ തീർന്നു.

(നമുക്ക് ഇനി പാസ്റ്റിന് ഒരു ചെറിയ ഇടവേള നൽകാം)

സ്വാഹ ഏകദേശം ഇങ്ങനെയൊക്കെ തന്നെ പറയുമെന്ന് അവനു ഒരു ഊഹം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അമൻ എല്ലാം കേട്ട് പുഞ്ചിരിയോടെ അവളെ തന്നെ നോക്കി ഇരുന്നു. സ്വാഹ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം അമൻ അവളെ നോക്കി പറഞ്ഞു.
“മോളേ... സമയം വല്ലാതെ ആയിരിക്കുന്നു. ഉറങ്ങിക്കോളൂ...”
അതും പറഞ്ഞു അമൻ ബൈസ്റ്റാൻഡർക്കുള്ള ബെഡിൽ കയറി കിടന്നു.
അവൾ തൻറെ ബെഡിൽ കിടന്ന് ആലോചനയിൽ മുഴുകി പോയി.

ആലോചനയ്ക്ക് അവസാനം അവൾ ഉറങ്ങിപ്പോയി.
എന്നാൽ മുന്നോട്ട് എന്തു ചെയ്യണമെന്ന് ആലോചനയിലായിരുന്നു അമൻ അപ്പോഴും.
സ്വാഹയുടെ ജീവിതത്തിൽ  എന്താണ് സംഭവിച്ചത് എന്ന് അറിയാതെ മുന്നോട്ടു ഒന്നും നടക്കില്ലെന്ന് അവനും അറിയാമായിരുന്നു. മാത്രമല്ല തൻറെ രണ്ട് അനിയന്മാരുടെ ജീവിതം ഇവളുടെ ഈ ഒരു ഡിസിഷനിൽ തൂങ്ങി ആടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

അമൻ ഇന്നു വരെ ഒന്നും തന്നെ അരുണിനോട് മറിച്ച് വെച്ചിട്ടില്ല. 

കാരണം മറ്റൊന്നുമല്ല അവർ ട്വിൻസ് ആണ്. ആ ഒരു അറ്റാച്ച്മെൻറ് രണ്ടുപേർക്കും പരസ്പരം ഉള്ളതാണ്.

Amey IAS ആയിരുന്നിട്ടു  പോലും ഒഫീഷ്യൽ പ്രശ്നങ്ങൾ ആയാൽ പോലും കണ്ണുമടച്ച് എല്ലാ പ്രധാന കാര്യങ്ങളും സംസാരിക്കുന്നത് അരുണിനോട് ആണ്. അരുണും തിരിച്ച് അങ്ങനെ തന്നെയാണ്.

പലതും ആലോചിച്ച് അമൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നു.

എന്തായാലും സ്വാഹയെ കണ്ടെത്തി. ഇനി വേണ്ടത് അവളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുക എന്നതാണ്.

പക്ഷേ സ്വാഹ സാധാരണ പെൺകുട്ടികളെപ്പോലെ ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ഒരു ആളല്ല എന്ന് പലപ്പോഴായി തെളിയിച്ചവളാണ്.

അവൾ അവൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാൻ ഏതറ്റം വരെയും പോകും.
തൻറെ ജോലി അത്ര സേഫ് ആയ ഒന്ന് അല്ലാത്തതു കൊണ്ട് തന്നെ  അരുണിനെ അറിയിക്കുക തന്നെയാണ് നല്ലത്. ഇനി ഒരിക്കൽ കൂടി ഇവളെ നഷ്ടപ്പെടുത്താൻ സാധിക്കുകയില്ല.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെയും അവൾ ഇനി ഒറ്റയ്ക്ക് ആകരുത്. അത് മാത്രമല്ല, അഗ്നി... അവനോടാണ് ശരിക്കും എല്ലാം പറയേണ്ടത്.

പക്ഷേ അവൻറെ സ്വഭാവത്തിന് ആ നിമിഷം അവൻ അവളുടെ മുൻപിൽ വരും. പിന്നെ രണ്ടും കൂടി എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് പിടിക്കേണ്ടിയിരിക്കുന്നു.

അച്ചു തൻറെ ഭാര്യയാണെങ്കിലും ഇപ്പോൾ ഒന്നും അറിയേണ്ട എന്ന് തന്നെയാണ് അവൻ തീരുമാനിച്ചത്.

അങ്ങനെ പല തീരുമാനങ്ങൾ എടുത്താണ് അമനും ഉറക്കത്തിലേക്ക് വഴുതി വീണത്.
അടുത്ത ദിവസം കാലത്ത് രണ്ടുപേരും ഉണർന്നു. അവരുടെ തീരുമാനത്തിൽ രണ്ടുപേരും ഉറച്ചു നിന്നു.

അമൻ വിളിച്ചു പറഞ്ഞതനുസരിച്ച് ഡോക്ടർ വന്ന് അവളെ ചെക്ക് ചെയ്തു. പിന്നെ ഡിസ്ചാർജ് എഴുതി കൊടുത്തു.

അമൻ തന്നെയാണ് സ്വാഹയെ ഹോസ്റ്റലിൽ എത്തിച്ചത്. ഹോസ്റ്റലിൽ എത്തിയതും കാറിൽ നിന്ന് ഇറങ്ങും മുൻപ് സ്വാഹ ഒന്നു കൂടി പറഞ്ഞു.

“ഏട്ടാ... ആരും നമ്മൾ തമ്മിൽ എന്തെങ്കിലും മുൻപരിചയം ഉണ്ടെന്ന് അറിയാതിരിക്കുന്നതാണ് നമുക്ക് ഇരുവർക്കും നല്ലത്.
പിന്നെ എൻറെ ബാഗും ഫോണും എല്ലാം അടിക്കിടയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഒക്കെ തിരിച്ചു കിട്ടിയാൽ...”

അതു കേട്ട് അവൻ പറഞ്ഞു.

“നീ പേടിക്കണ്ട, നിൻറെ ബാഗ് പോലീസ് സ്റ്റേഷനിൽ കിട്ടിയിട്ടുണ്ട്. ഞാൻ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് നാളെ നിൻറെ കോളേജിൽ എത്തിക്കാം.

പിന്നെ പേടിക്കേണ്ട... ഇന്നലെ കണ്ട പരിചയം മാത്രം മതി നമ്മൾ തമ്മിൽ. എന്നെ അപകടത്തിൽ നിന്നും രക്ഷിച്ചവളെ ഇടയ്ക്ക് കാണാനും സംസാരിക്കാനും ഈ ബന്ധം തന്നെ ധാരാളം.

ഒന്നുമാത്രം ഏട്ടനെ മോളുടെ പറയാനുണ്ട്. മോളുടെ ഓരോ പ്രവർത്തിയും നാലു പേരുടെ ജീവിതമാണ് ബാധകമാകുന്നത്. അത് മറക്കരുത്.”

എന്നാൽ അവൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല. അതുകൊണ്ടു തന്നെ അവൾ ചോദിച്ചു.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 25

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 25

4.8
8308

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 25 “ഏട്ടൻ ഇപ്പോൾ എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. ആര് നാലുപേരുടെ കാര്യമാണ് ഏട്ടൻ ഇപ്പോൾ പറഞ്ഞത്?” അത് കേട്ട് അമൻ ചിരിയോടെ പറഞ്ഞു. “എൻറെ രണ്ട് അനിയന്മാരുടെയും അവരുടെ ഭാര്യമാരുടെയും കാര്യമാണ് ഞാൻ പറഞ്ഞത്.” അപ്പോഴും അവൾക്ക് കാര്യം ഒന്നും മനസ്സിലായില്ല. “എൻറെ ജീവിതവും ഏട്ടൻറെ ബ്രദേഴ്സും ആയുള്ള ബന്ധം... അതും ഞാൻ കാരണം അവരും അവരുടെ വൈഫും തമ്മിലെന്താണ്?” അവളുടെ സംശയങ്ങൾ എല്ലാം കേട്ട് അമൻ പറഞ്ഞു. “നമുക്ക് കുറച്ച് സംസാരിക്കാം