Aksharathalukal

എലിസബേത്ത് -11

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം പതിനൊന്ന്


       
       പാദസരങ്ങൾ. ചെറിയ കറുത്ത വട്ടപ്പൊട്ട്. വിരൽ നഖങ്ങളിൽ ചുവപ്പ്. കുപ്പിവളകൾ. കൺമഷിക്കറുപ്പ്. കൈവെള്ളയിലെ മൈലാഞ്ചിച്ചുവപ്പ്..
     ഈ ദിവസം എലിസബേത്തിന്റേതാണ്. ഒരു സ്ത്രീയാക്കി ഭൂമിയുടെ മാറിൽ കാലവും പ്രകൃതിയും അവളെ ഒരുക്കി നിർത്തിയ ദിവസം. സ്ത്രീയായി അടയാളപ്പെടുത്തിയ ദിവസം.. ഈ ദിവസം എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ.    
       മമ്മയുടെ മുഖം ഞാൻ കണ്ടതാണ്. തെളിഞ്ഞ കാട്ടു തേനിന്റെ നിറമുളള കണ്ണുകളിലെ സന്തോഷം ഞാൻ കണ്ടതാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസം.. മമ്മക്കത് കൊടുക്കണം.
       ക്ലാസ്സിലേക്ക് കടന്ന് വന്ന എലിസബേത്തിനെ കണ്ട കുട്ടികളെല്ലാവരും പരസ്പരം മുഖത്ത് നോക്കി. ആരോടും ഒന്നും മിണ്ടാതെ അവൾ അവളുടെ സീറ്റിൽ ചെന്നിരുന്നു. കുറച്ച് കുട്ടികൾ അവളുടെ ചുറ്റും കൂടി.
ബെല്ലടിച്ചു.
       അസംബ്ലി വിട്ട നേരം കൂട്ടുകാരികൾ വീണ്ടും അവളുടെ പിറകെ ഒന്നായി കൂടി. അവർ കൈകളിലെ കുപ്പിവളകളിൽ തൊട്ടു. മൈലാഞ്ചിച്ചുവപ്പിൽ തൊട്ടു.
    \" എന്ത് പറ്റീ ആദീ..ഇത് നീ തന്നെയാണോ ?\"
      നീന അവളുടെ കഴുത്തിൽ കൈകൾ ചുറ്റി.      
      അവളൊന്നും പറഞ്ഞില്ല. അവൾക്കൊന്നും പറയാനില്ല. 
അല്ലെങ്കിൽ തന്നെ എന്താണ് പറയാൻ ? അവൾ ഒരു പെണ്ണായെന്നോ.! ചമയങ്ങളും ഉടയാടകളുമൊക്കെ അഴിച്ചു വെക്കാനുള്ള സമയമായെന്നോ ? എലിസബേത്ത് ഇവർക്കൊക്കെ തമാശക്കുള്ള വകയോ ?
      എല്ലാറ്റിനും മറുപടിയായി അവൾ വെറുതെ ചിരിച്ചതേയുള്ളു. കാലത്തിന് മാത്രം എളുപ്പത്തിൽ ആദിയെ തോല്പിക്കാം. ശരീരത്തിൽ മാന്ത്രിക വടിയുഴിഞ്ഞ് നീയൊരു പെണ്ണാണെന്ന് ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ട് -
      പിന്നെ പപ്പക്കും, മമ്മക്കും, ചേച്ചിമാർക്കും തോല്പിക്കാം.. ഇപ്പോൾ ആർക്കും എളുപ്പത്തിൽ ആദിയെ തോല്പിക്കാം. തോല്പിക്കാൻ പാകത്തിൽ നിന്ന് തരാനും തയ്യാർ. മനസ്സ് തോല്ക്കുന്നിടത്ത് ശരീരത്തിന് പിടിച്ചു നില്ക്കാൻ കരിങ്കൽത്തൂണുകളില്ല.
ഞാനത് മനസ്സിലാക്കുന്നു.
ഞാനത് തിരിച്ചറിയുന്നു.
      ഇന്റർവെൽ സമയത്ത് ആൺകുട്ടികളുടെ ടോയ്ലറ്റിന് പുറകുവശത്തെ വരാന്തയിൽ വെച്ച് വിവേകും ആകാശും കിരൺ പ്രകാശും അവളുടെ മുൻപിൽ വന്ന് നിന്നു.
     \" നീയൊരു പെണ്ണായേന്റെ ലക്ഷണമൊക്കെ മുഖത്ത് കാണാനുണ്ടല്ലോടീ.\"
       കിരൺ പ്രകാശാണ്. കൂട്ടത്തിൽ അവനാണ് കുറച്ച് മുതിർന്നത്. മൂക്കിന് താഴെ ചെറിയ രോമങ്ങൾ കിളിർത്തു തുടങ്ങിയിരിക്കുന്നത് കാണാം. ആണായതിന്റെ ലക്ഷണം കാണിക്കുകയാണോ അവൻ ?   
      മുൻപൊരിക്കൽ പഞ്ച പിടിക്കാനായി വെല്ലുവിളിച്ച് വന്ന ആഷിക്കിന്റെ കൂട്ടത്തിൽ ഇവനെ കണ്ടത് എലിസബേത്ത് ഓർത്തു. അവന്റെ നോട്ടം നെഞ്ചിലേക്കാണ്. 
      \" ഈ കരിവളേം പൊട്ടൂം മാറ്റിയാ മതി..ആദി ആണായി. ഒരു ഇൻകാർണേഷൻ. എന്തേ..നോക്കണോ?\"
      \" എന്നാല്..നീ ഞങ്ങടെ ടോയ്ലറ്റീ വന്ന് മുള്ള്..\'
      \" അവിടെ തന്നെയാ ഇപ്പോഴും മുള്ളുന്നേ.\"
      \" ഞാങ്കട്ടിട്ടില്ല..\"
      \" കാണിച്ച് തരണോ? ടോയ്ലറ്റിലാക്കണ്ട. ഇവിടെയാക്കാം.\"
      ശബ്ദം അല്പം ഉച്ചത്തിലായോ ? എല്ലാവർക്കും എലിസബേത്തിനെ ഒരു ഭ്രാന്തിയാക്കണം.! ഒരു റിബൽ.. ഒരു കാഴ്ച്ചവസ്തു..അത്രേയുള്ളു. എത്ര വഴിമാറി നടന്നാലും കൈവഴികൾ എത്തിച്ചേരുന്നത് ഒരേ പാതയിലേക്ക് തന്നെ -
      അവനതിന് മറുപടി പറഞ്ഞില്ല. വരാന്തയിലൂടെ കടന്ന് പോകുന്ന കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. നാലഞ്ച് പേർ പമ്മിപമ്മി തൊട്ടടുത്തും വന്ന് നിലയുറപ്പിച്ചു. എലിസബേത്ത് എവിടെയാണോ അവിടെ കുറച്ച് കുട്ടികൾ അവളെ ചുറ്റിപറ്റി എപ്പോഴുമുണ്ടാകും. വരാന്തയുടെ അങ്ങേയറ്റത്ത് നിന്നും അനുപമ മിസ്സ് വരുന്നത് കണ്ടു.
     \" സുന്ദരിയായിട്ടുണ്ടല്ലൊ - \"
അടുത്തെത്തിയപ്പോൾ മിസ്സ് ചിരിച്ചു.
അവളും ചിരിച്ച് ഒതുങ്ങി നിന്നതേയുള്ളു. വരാന്തയിലാകെ ഒരു സുഗന്ധം പടർന്നു. മിസ്സിന്റെ ഭർത്താവ് വിദേശത്തു നിന്നും വന്നിട്ടുണ്ടായിരിക്കണം. ഇനി ദിവസവും സ്കൂളിൽ നിന്നും മിസ്സിനെ കൂട്ടാൻ അയാൾ വരും.
     \" എന്താണ് ഇവിടെയൊരു കൂട്ടം? എനി ഇഷ്യൂ?\"
മിസ്സ് തിരിഞ്ഞു നിന്നു.
     \" നത്തിംഗ് മേം..\"
എലിസബേത്ത് ഉള്ളിടത്തേ പ്രശ്നങ്ങളുണ്ടാകൂ എന്ന് മിസ്സിനും തോന്നി തുടങ്ങിയോ? പ്രശ്നങ്ങൾ എലിസബേത്തിന് പുറകെയുണ്ട്. അതറിയുന്നു. ഒരു ഇടി കൊണ്ട് തീരാവുന്ന പ്രശ്നമേയുള്ളു ഇവിടെയും.
പക്ഷെ ഞാൻ വഴി മാറുന്നു.
      എലിസബേത്ത് പിൻ തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നതിന് മുൻപ് അവനെയൊന്ന് നോക്കി.
      \" പഞ്ച പിടിക്കാൻ വന്ന ഒരു വെളളിയാഴ്ച്ചേലെ ലഞ്ച് ബ്രേക് നിനക്കോർമ്മയില്ലേടാ. ചെക്കാ..?\"
    തീക്ഷ്ണമായ നോട്ടത്തിന് മുൻപിൽ അവന്റെ തല അറിയാതെ കുനിഞ്ഞു. അവൾ പിന്നെ അവന്റെയടുത്തേക്ക് രണ്ടടി വെച്ചു. അവളുടെ ശ്വാസത്തിന്റെ ചൂട് അവന്റെ കവിളിൽ വന്ന് മുട്ടി. 
     \" മറക്കണ്ട..ശാന്തമായ കാറ്റിനകത്താണ് കൊടുങ്കാറ്റും ഉറങ്ങിക്കിടക്കുന്നത് - \"
    അവൾ തിരിഞ്ഞ് നടന്നു.
അവൾ പോയ വഴിയേ നോക്കി അവൻ വെറുതെ നിന്നു. വരാന്ത വിജനമായി.
     \" ഞാനപ്പഴേ പറഞ്ഞതാ..അവളെ വിട്ട് കളയാൻ - \"
വിവേകും ആകാശും അയാളില്ലാതെ തിരിഞ്ഞ് നടന്നു.
        പെൺകുട്ടികളുടെ കൂക്കിവിളികൾക്കിടയിൽ ആഷിക്കിനൊപ്പം തല കുനിച്ച് മഴയത്തേക്ക് ഇറങ്ങി നടന്നത് അവനിപ്പോഴും ഓർക്കുന്നുണ്ട്. ദേഹം തുളച്ച് വീഴുന്ന ഒരു ചാറ്റൽ മഴയിലേക്ക് -
      ഒരു ക്ലാസ് മുറിയിലെ കുട്ടികൾ മുഴുവനായും ഒരു പെരുമഴപോലെ ആർത്തിരമ്പി കൂക്കിവിളിച്ച് പുറകിലും. ഏറ്റവും വലിയ നാണക്കേട്. എല്ലാറ്റിനും കാരണക്കാരൻ അവനായിരുന്നു. 
      \" നാല് ആൺകുട്ടികളെ ഓരോരുത്തരെയായി ഒറ്റക്ക് തോല്പിച്ചവളാണിവൾ. ഇവളോട് മുട്ടാൻ നിക്കണ്ട..\"
കൂട്ടുകാർ പറഞ്ഞതൊന്നും അവൻ കേട്ടില്ല.
ആഷിക്. - വെല്ലുവിളിക്കാൻ അവന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. അന്ന് ആഷിക് വെല്ലുവിളിച്ചത് ക്ലാസ്സിലുള്ള മുഴുവൻ ആൺകുട്ടികളെയുമായിരുന്നു. 
      തൊട്ടപ്പുറത്തെ ഡിവിഷനിൽ നിന്നും ഇവിടെ ക്ലാസ്സ് ബിയിൽ വന്ന് അവന് എന്തും പറയാമെന്നായിട്ടുണ്ട്. ആരേയും ചീത്തവിളിക്കാം. ഭീഷണിപ്പെടുത്താം. ഒരു പോലീസുകാരന്റെ മകനായത് കൊണ്ട് മാത്രം അപ്പുറത്തെ ക്ലാസ് മുറിയിൽ വന്ന് അവന് എന്തും ചെയ്യാം.    
      കുട്ടികൾ ദ്വേഷ്യം ഉള്ളിലൊതുക്കി പരസ്പരം മുഖത്ത് നോക്കി നിന്നു. എല്ലാവരും അല്പനേരം നിശ്ശബ്ദമായി. ആരും ഒന്നും മിണ്ടിയില്ല. ആഷിക്കിനോട് ജയിച്ച് നിൽക്കാൻ മാത്രം ആരുമുണ്ടായിരുന്നില്ല അവിടെ.
       \" ആങ്കുട്ട്യായി ആരൂല്ല്യേ..ഈ ക്ലാസ്സില്..?\"
      മുടി നീട്ടി വളർത്തിയ തലയിൽ അലസമായി തലോടിയും ചൊറിഞ്ഞും അവനൊരു വൃത്തികെട്ട ചിരി ചിരിച്ചു. അതിന്റെ അലകൾ ക്ലാസ്സ് മുറിയിലാകെ തേരട്ടകളെ പോലെ ഇഴഞ്ഞു നടന്നു. തലയുയർത്തി പിടിച്ച് അവൻ കുട്ടികളുടെ ഇടയിലൂടെ നടന്നു. തടസ്സമായവരെ തള്ളി മാറ്റി. വഴിയിൽ കണ്ട കസേരകൾ കാലുകൾ കൊണ്ട് തട്ടി മാറ്റി. 
     \" ആൺകുട്ടിക്ക് പകരം ഒരു പെൺകുട്ടിയായാൽ നിനക്ക് വിരോധമുണ്ടോ ?\"
      എലിസബേത്ത് അവന്റെ മുൻപിലേക്ക് രണ്ടടി നീങ്ങി നിന്നു. അവനവളെ ആകപ്പാടെയൊന്ന് സൂക്ഷിച്ചു നോക്കി. ഒരു പെൺകുട്ടിയായ നീയോ? അവൻ ചിരിച്ചു. 
     \" എന്താ നിന്റെ പേര് ? \"
     \" ആദി..\"
     \" ഓഹോ..അപ്പോൾ നീയാണ് ഞാൻ പറഞ്ഞ് കേട്ട എലിസബേത്ത് എന്ന ആദി..!\"
       എലിസബേത്തിനെ അവനറിയാം. ആദിയേയും. അവൻ മുൻപേ കേട്ടിട്ടുണ്ട്. കാണുന്നത് ഇതാദ്യം. അവൻ വീണ്ടും ചിരിച്ചു.
     \" നിന്നെപ്പോലെ ഒരു നരുന്ത് പെണ്ണാണോ എന്നെ പഞ്ചപിടിച്ച് തോല്പിക്കുന്നത്..?\"
      പുറകിൽ നിന്നും ആഷിക്കിനെ ശ്യാം പിടിച്ച് നിർത്തി.    
     \" തൊട്ട് മുൻപിൽ നില്ക്കുന്നത് എലിസബേത്താണ്. ഇവളോട് നീ മുട്ടണ്ട. പറയാൻ പറ്റില്ല. ഇത് വേറൊരു ജന്മമാണ്. \"
      ആഷിക് ശ്യാമിന്റെ കൈകൾ തട്ടി മാറ്റി. രണ്ടടി അവനും മുന്നിലേക്ക് വന്നു. എലിസബേത്ത് അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു:
     \" ഞാൻ തോറ്റാൽ നിനക്കെന്ത് വേണം..? ആദ്യം നീയത് പറ..\"
    \" എന്ത് തരും?\"
    \" ആദിയെന്ന പേര് ഞാനുപേക്ഷിക്കും. നാളെ മുതൽ എലിസബേത്തായി ഞാൻ വളകളിടും. കണ്ണെഴുതും. പൊട്ട് തൊടും..ഇതൊക്കെയിട്ട് വന്ന് നിന്റെ വലത് കാൽപ്പാദത്തിൽ ഒരു ചുംബനവും..\"
     \" മതി..എനിക്ക് സമ്മതം..\"
     \" നീയോ?\"
     \" എന്റെ മുടി. തലമുടി കളഞ്ഞ ഒരാഷിക്കിനെ നീ നാളെ സ്കൂളിൽ കാണും -\"
     \" സമ്മതം..\"
      ഒരു മേശക്കു ചുറ്റും അപ്പുറവും ഇപ്പുറവുമായി അവർ ഇരുന്നു. എലിസബേത്തിന് ഈ കളി ജയിച്ചേ മതിയാവൂ. ആകാശത്ത് പെയ്യാനായി കാത്ത് നിന്ന വർഷമേഘങ്ങൾ ചാറ്റൽ മഴയായി പതുക്കെ പൊഴിയാൻ തുടങ്ങി.
     \" ബെല്ലടിക്കാൻ എട്ട് മിനിറ്റേയുള്ളു. അതിനിടയിൽ തീർക്കണം..\"
ഏതോ ഒരു കുട്ടി ഇടക്ക് വിളിച്ചു പറഞ്ഞു.
     ഗർഭപാത്രത്തിലിരുന്നും ഭൂമിയിലെ കാഴ്ച്ചകൾ കാണാൻ അനുഗ്രഹം കൊടുത്ത അവളുടെ ജീസസ്സ് കൈ വിരലുകളിൽ തൊടുന്നുണ്ട്. ആർത്തലച്ച് പെയ്ത മഴയുള്ള ഒരു രാത്രിയിലെ ഒരാൺകുട്ടിയുടെ പിറവിയും അവൾ കണ്ടു. കൈകളിലേക്ക് നിശ്ശബ്ദമായി കയറി വന്ന ഒരു അശ്വവേഗം. കുതിരക്കുളമ്പടി ശബ്ദം.. എനിക്ക് ജയിക്കണം. അല്ലെങ്കിൽ ആദിയുടെ മരണം..
    കൈകൾ കൂട്ടിപ്പിടിച്ചപ്പോൾ പെരുവിരലിലേക്ക് ഒരു തണുപ്പ് പടർന്നു. പിന്നെയത് അഗ്നിച്ചൂടായി കൈകളിലേക്ക് -
     അല്പം കഴിഞ്ഞു കാണും. അവന്റെ കൈകളിലെ ശക്തി ചോരുന്നതറിഞ്ഞു. ഇനി അധിക സമയമെടുക്കില്ല. അവൾ കണക്ക് കൂട്ടി. ദൈവത്തിന്റെ തിരുവെഴുത്തുകൾ എലിസബേത്തിനിപ്പോൾ വായിക്കാൻ കഴിയും.
     നാലര മിനിറ്റ്. അത് മതിയായിരുന്നു. 
     മേശപ്പുറത്ത് മലർന്ന് പതിച്ച അവന്റെ കൈകളിൽ നിന്നും പിടി വിടാതെ അവൾ അല്പ നേരം കൂടിയിരുന്നു. കൈ വെള്ളയിലാകെ ചോര കട്ടി പിടിച്ച് ചുവപ്പ് രാശി പടർന്ന് കിടന്നത് അവൾ പിന്നെയും കുറെ കഴിഞ്ഞാണ് കണ്ടത്.
      അപ്രതീക്ഷിതമായ തോൽവിയിൽ കണ്ണുകളിലെ വെളിച്ചം കെട്ട്, ചിരി മാഞ്ഞ്, തല കുനിച്ച് പുറത്തെ വരാന്തയിൽ സിമന്റ് തൂണിൽ പിടിച്ച് പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിലേക്ക് നോക്കിനില്ക്കുന്ന ആഷിക്കിനെ ഒരു നിമിഷം അവൾ നോക്കി നിന്നു. 
       ക്ലാസ്സ് ബിയിലെ മുഴുവൻ കുട്ടികളുടെയും ആരവങ്ങൾക്കിടയിലൂടെ അവസാനം കുനിഞ്ഞ മുഖവുമായി അവൻ ചാറ്റൽ മഴയിലേക്കിറങ്ങാൻ നേരം എലിസബേത്ത് അവന്റെ പുറകിൽ ചെന്ന് തോളിൽ കൈ വെച്ചു.
     \" മുടി കളയണ്ട..മുടി പോയാൽ ഇയാളെ തീരെ ഭംഗീണ്ടാവില്ല.. കാണാൻ -\"
     \" പിന്നെ..?\"
     \" ഒന്നും വേണ്ട..നിന്നെ തോല്പിക്കലായിരുന്നു എന്റെ ലക്ഷ്യം. അല്ലാതെ ശത്രുവാക്കലല്ല..\"
      എലിസബേത്ത് അവന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു. അവൻ ചിരിച്ചില്ല. അവനൊന്നും മനസ്സിലായില്ല. ചില കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ തലച്ചോറ് കൂടുതൽ സമയം ചോദിക്കും. അവൻ കണ്ണുകൾ ചിമ്മിയടച്ചു. പിന്നെ മഴയിലേക്കിറങ്ങി. ചാറ്റൽ മഴത്തുള്ളികൾ അവനെ വന്ന് പൊതിഞ്ഞു.
     രണ്ടോ മൂന്നോ വയസ്സ് കൂടും എന്നേക്കാൾ -
     അവനും കുട്ടി തന്നെയാണ്. ഇവനെ ഞാനെന്റെ ഏറ്റവും നല്ല കൂട്ടുകാരനാക്കും..
അവൾ, അവൻ പോകുന്നതും നോക്കി നിന്നു.
      ഇതാണോ എല്ലാവരും പറഞ്ഞറിഞ്ഞ എലിസബേത്ത്.? അവന്റെ കണ്ണുകളിൽ നിശ്ശബ്ദമായ ഒരു തിരയിളകി. നടക്കുന്നതിനിടയിൽ മഴത്തുള്ളികൾക്കിടയിലൂടെ അവനവളെ പിൻതിരിഞ്ഞ് വീണ്ടും നോക്കി. 
      അവൾ കൈകൾ കെട്ടി ചിരിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിൽക്കുകയാണ്. കുട്ടികളുടെ കൈകൾ വീശിയുള്ള ആരവങ്ങൾക്കിടയിൽ അവളുടെ പാതി മറഞ്ഞ മുഖം കാണാം. പിന്നെ നനഞ്ഞ കാറ്റിൽ അവന്റെ നീണ്ട് വളർന്ന മുടിയിഴകൾ അലസമായി കണ്ണുകൾക്ക് മീതെ വന്ന് വീണ് അവൾക്ക് നേരെയുള്ള അവന്റെ ആ കാഴ്ച്ചയും മറച്ചു.
      ചാറ്റൽ മഴയിലേക്കിറങ്ങിയ അവൻ മാത്രം ഇപ്പോൾ മഴ നനയുന്നില്ല. കാറ്റിന്റെ ചൂളം വിളിയോ പുറകിൽ നിന്നുള്ള കുട്ടികളുടെ കൂക്കിവിളികളൊ അവൻ കേട്ടില്ല. പറഞ്ഞും അറിഞ്ഞും കേട്ട എലിസബേത്തിന്റെ മറ്റൊരു മുഖം അവൻ മഴത്തുള്ളികൾക്കിടയിലൂടെ കാണുകയായിരുന്നു.
      സൈക്കിളിന്റെ മിററിൽ അവൻ അവനെത്തന്നെ കുറെ സമയം നോക്കി നിന്നു. നീണ്ട് വളർന്ന് നില്ക്കുന്ന മുടിയിൽ അവൻ വെറുതെ തലോടി. അടുത്ത നിമിഷം മുടിയെല്ലാം വടിച്ചു കളഞ്ഞ തലയുടെ ഒരു ചിത്രം അവൻ കണ്ടു. പിന്നെ തൊട്ടടുത്ത് കൈകൾ കെട്ടി ചിരിച്ചു നില്ക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും അവൻ കണ്ടു.
        കുറച്ച് ദിവസം കഴിഞ്ഞ് സ്കൂൾ വിട്ട് പോകാൻ നേരം സൈക്കിൾ ഷെഡ്ഡിനടുത്ത് അവൾ ആഷിക്കിനെ കണ്ടു. അവൻ ചിരിച്ച് അവളുടെയടുത്ത് വന്നു.
   \" എന്റെ മൊട്ടത്തല കാണണ്ടെ ?\"
  \" വേണ്ട -\"
  \" എന്തേ ?\"
  \" ഒരു ഭംഗീംണ്ടാവില്ല..\"
       കുറച്ചു സമയം രണ്ട് പേരും ഒന്നും മിണ്ടിയില്ല. സൈക്കിൾ ഷെഡ്ഢിന് തൊട്ടടുത്ത് നില്ക്കുന്ന ബദാം മരത്തിൽ നിന്നും മഞ്ഞ നിറമുള്ള പഴുത്ത ഒരില അവളുടെ മുഖത്തേക്ക് വന്ന് വീണു. അവളതെടുത്ത് കൈയിൽ വെച്ച് വെറുതെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. മഞ്ഞ പ്രതലത്തിൽ ഇളം തവിട്ടു നിറത്തിൽ നെടുകെയും കുറുകെയും എഴുന്ന് നില്ക്കുന്ന അതിന്റെ ഉണങ്ങിയ ഞരമ്പുകളിൽ അവൾ വിരൽത്തുമ്പുകളോടിച്ചു.
        എലിസബേത്തിന്റെ പതിന്നാലാം നമ്പർ ബസ്സ് ഇനിയും വന്നിട്ടില്ല. ബസ്സ് നമ്പർ പതിമൂന്ന് തൊട്ടപ്പുറത്ത് കുട്ടികളെ കയറ്റുന്നുണ്ട്. അച്ചടക്കത്തോടെ വരിവരിയായി കുട്ടികൾ ഓരോരുത്തരായി ബസ്സിലേക്ക് കയറുന്നതും നോക്കി എലിസബേത്ത് നിന്നു. 
        അവൻ ഒരടികൂടി അവളുടെയടുത്തേക്ക് നീങ്ങി നിന്നു. തൊട്ടപ്പുറത്ത് നില്ക്കുന്ന കുട്ടികൾ കേൾക്കാതിരിക്കാൻ തക്കവണ്ണം ഒച്ച താഴ്ത്തിയാണ് പിന്നെയവൻ സംസാരിച്ചത്. അതും അവൾക്ക് മാത്രം കേൾക്കാൻ പറ്റുന്നത്ര താഴ്ത്തി കാതിൽ ഒരു സ്വകാര്യം പറയും പോലെ.
       \" കാലെങ്കിൽ കാല്..ഞാനൊരുമ്മ പ്രതീക്ഷിച്ചു..\"
       \" എന്നിട്ട് ?\"
       \" എനിക്ക് ഭാഗ്യം ഉണ്ടായില്ല..അത്രന്നെ..\"
       \" കാലില് ഉമ്മ കിട്ടുന്നതാണോ വല്യ ഭാഗ്യം ?\"
       \" അതും ഒരു കണക്കിന് നോക്ക്യാ ഭാഗ്യം തന്ന്യാ.\"
       \" ഇനീം..ഭാഗ്യം ഒന്നൂടെ നോക്കണോ?\"
       \" വേണ്ട..
       \" ഉം..?\"
       \" തോക്കുംന്ന് ഒറപ്പുള്ള കളിക്ക് വെറുതെ എന്തിനാ നിക്കണെ?\"
       \" ഞാൻ തോറ്റ് തന്നാലോ ?\"
       എലിസബേത്തിന്റെ പതിന്നാലാം നമ്പർ ബസ്സ് വന്ന് നിന്നു. ബസ്സിൽ കയറാൻ നേരം ചവിട്ടുപടിയിൽ നിന്ന് അവൾ വെറുതെയൊന്ന് തിരിഞ്ഞ് നോക്കി. അവൻ അവിടെ തന്നെയുണ്ട്. അവളെ തന്നെ നോക്കി. നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകളെ അവൻ ചെവിക്ക് പുറകിലേക്ക് തിരുകി വെക്കുന്നതും അവൾ അന്നേരം കണ്ടു.
       ഗേറ്റ് കടന്ന് ബസ്സ് റോഡിലേക്കിറങ്ങിയപ്പോൾ അവൾ വീണ്ടും പിൻ തിരിഞ്ഞൊന്ന് നോക്കി. ഒരു സൈക്കിളിൽ ബസ്സിന് പുറകെ അവളവനെ കണ്ടു. 
        രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എലിസബേത്ത് സോളമനോട് ചോദിച്ചു :
       \" ഒരു ശത്രുവിനെ ജയിക്കാനുള്ള എളുപ്പവഴി എന്താണ് പപ്പാ ?\"
       \" സ്നേഹം..\"
       \" ആണോ പപ്പാ ?\"
       \" അതെ മോളെ.. മിസൈലിനേക്കാളും, ടാങ്കിനേക്കാളും, ആണവായുധങ്ങളേക്കാളും വലിയ ആയുധമാണ് മോളേ..സ്നേഹം. അതുകൊണ്ട് കീഴ്പ്പെടുത്താൻ പറ്റാത്തതായി ഈ ലോകത്ത് ഒന്നും തന്നെയില്ല. പക്ഷെ നമുക്കത് അറിയില്ലെന്ന് മാത്രം - \"
        ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ജനലിനപ്പുറത്ത് വിശാലമായ പാടം മുഴുവൻ നിലാവ് പരന്ന് കിടക്കുന്നത് എലിസബേത്ത് കണ്ടു.
        അവൾ അന്ന് രാത്രിയിൽ കണ്ട സ്വപ്നം ഗോതമ്പ് വയലുകൾ വിളഞ്ഞു കിടക്കുന്ന വിശാലമായ ഒരു പാടമായിരുന്നു. ആ പാടത്തിന്റെ ഒരറ്റത്ത് കൊഴിഞ്ഞു വീണ ഗോതമ്പ് മണികൾ ഒരു തുണിസഞ്ചിയിലേക്ക് പെറുക്കിയിടുന്ന പതിന്നാല് വയസ്സുള്ള ഒരു പയ്യനേയും അവൾ കണ്ടു. അവൾ അവനടുത്തേക്ക് നടന്ന് ചെന്നു. അവൻ തലയുയർത്തി അവളെ നോക്കി ചിരിച്ചു. 
        ഇവനെ ഞാനറിയും. പക്ഷെ - ആഷിക്കല്ല. ഇവന് ആഷിക്കിന്റെ മുഖഛായയില്ല. നീട്ടി വളർത്തിയ മുടിയുമില്ല. 
    \" ഇവിടെയാണോ നിന്റെ വീട്.?\"
    \" അതെ.\"
    \" ഞാനൊന്ന് തൊട്ട് നോക്കട്ടെ..?\"
    \" എവിടെ ?\"
    \" നിന്റെ ചെവിക്ക് താഴെയുള്ള ഈ മറുകിൽ..\"
പേര് ചോദിക്കാൻ വിട്ട് പോയ ഒരാൺകുട്ടിയുടെ മുഖം അവളപ്പോൾ ഓർത്തെടുത്തു. പിന്നെ പ്രിൻസിപ്പലിന്റെ മുൻപിൽ തല കുനിച്ച് നില്ക്കുന്ന മങ്ങിയ ഒരു നിഴൽ ചിത്രവും -
     \" ഇവനാണോ നിന്നെ തള്ളിയിട്ടത് ?\"
     \" അല്ല മേം..\"
     \" പിന്നെ - ?\"
     \" സ്ലിപ്പായി വീണതാണ്..\"
     \" തള്ളിയിടുന്നത് കണ്ട കുട്ടികളുണ്ടല്ലൊ..?\"
     \" നെവർ..മേം. ഇവനത് ചെയ്യില്ല.. വീയാർ ഫ്രന്റ്സ്.\"
      പെട്ടെന്ന് ആർത്തലച്ച് പെയ്ത മഴയിലും ഇടിമിന്നലിലും പേടിച്ച് അവളവനെ ഗാഢമായി കെട്ടിപ്പിടിച്ചു. പക്ഷെ.. അവൻ വെറുതെ നിന്നതേയുള്ളു. കൈകളൊന്ന് ചലിപ്പിക്കാൻ പോലുമാകാതെ -
      


🟥 തുടരുന്നു…


എലിസബേത്ത് - 12

എലിസബേത്ത് - 12

0
424

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പന്ത്രണ്ട്                   എല്ലാവരുടെയും റോൾ നമ്പർ വിളിച്ചു.അറ്റന്റൻസ് കഴിഞ്ഞു. കുട്ടികളെല്ലാവരും മറ്റേതൊരു ദിവസത്തേക്കാളും നിശ്ശബ്ദരായിരുന്നു. എല്ലാവരും പരസ്പരം നോക്കി ശ്വാസം പിടിച്ചിരുന്നു. ഏതൊരു ദിവസത്തെയും പോലെയല്ല ഇന്നത്തെ ഈ ദിവസം.മിഡ് ടേം എക്സാമിനേഷന്റെ റിസൾറ്റ് വന്നിട്ടുണ്ട്.      മിസ്സ് അനുപമ ഓരോ കുട്ടികളുടേയും മുഖത്ത് മാറി മാറി നോക്കി. എല്ലാവരും ഒന്നുകൂടെ നിശ്ശബ്ദരായി. സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദം അവരവർക്ക് കേൾക്കാൻ പറ്റാവുന്നത്ര നിശ്ശബ്ദത. മിസ്സിന്റെ ചുണ്ടുകൾക്കിടയിൽ നിന്നും വരാൻ പോ