\"നീ കണ്ടോ... അന്ന് എനിക്ക് അതിന് കഴിഞ്ഞില്ല... പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ അവരോടുള്ള പക എരിയുകയാണ്... അതുപോലെ എല്ലാറ്റിനും കാരണക്കാരായ ചത്തുതുലഞ്ഞ ആ രമേശിന്റെ പെണ്ണും... നീ നിന്റെ മറ്റവളെ സ്വന്തമാക്കുന്നതിനുമുന്നേ അവളെ ഞാൻ സ്വന്തമാക്കിയിരിക്കും... \"
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
എടാ ജിമ്മി... നീ അച്ചുവിന്റെയടുത്ത് പോയിരുന്നോ... ഞാനിന്ന് പോകണമെന്ന് കരുതിയതാണ്... എന്നാൽ ആ നാസറിനെ അർജന്റായി കാണണം... ഇന്ന് പോയാലേ അവനെ കാണാൻ പറ്റൂ... നാളെയവൻ സൂറത്തിലേക്ക് പോകും... \"
\"അപ്പച്ചൻ പോയേച്ചും വാ അച്ചുവിന്റെയടുത്ത് ഞാൻ പോകുന്നുണ്ട്... പിന്നെ കുറച്ച് പണം കൊടുക്കണം... അതുപോലെ നാളെയാണ് അവനെ ഡോക്ടറെ കാണിക്കേണ്ടത്... മരുന്നിനും മറ്റുമായി കുറച്ചു പണവുംകൂടി ചേർത്ത് കൊടുക്കണം... \"
\"അത് വേണം... പിന്നെ നീ കൂടുതലൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്... ആ ഷാജി ഇപ്പോൾ അടങ്ങിയിരിക്കുന്നത് നോക്കേണ്ട... ഏതുനിമിഷവും അവനിൽനിന്നും ഒരാക്രമണം പ്രതീക്ഷിക്കണം... \"
\"അറിയാം... അവന് ഇന്ന് ഈ നാട്ടിൽ ഏറ്റവും വലിയ ശത്രു ഞാനാണ്... അതറിയാഞ്ഞിട്ടല്ല... പക്ഷേ അവനെ ഇനിയങ്ങനെ അഴിച്ചുവിടാൻ അനുവദിക്കില്ല... \"
\"എന്നിട്ട് എന്തിന്... നിയമത്തിനു പോലും അവനെ ഒന്നും ചെയ്യാൻ പറ്റുന്നില്ല... എങ്ങനെ പറ്റും... അവനെ ഏതുവിധേനയും രക്ഷിച്ചെടുത്ത് ഇവിടെ പ്രശ്നങ്ങളുണ്ടാക്കി നമ്മളെ നാറ്റിക്കുകയാണ് അയാളുടെ ലക്ഷ്യം... മറ്റുള്ളവരെ സഹായിക്കാനേ എന്റെ അപ്പച്ചൻ എന്നെ പഠിപ്പിച്ചിട്ടുള്ളൂ... അത് ഏതുവിധേനയും ചെയ്യുന്നതുമാണ്... പക്ഷേ ആ ധർമ്മരാജനെപ്പോലെയുള്ളവർ ഈ നാട്ടിലുള്ളോടത്തോളം കാലം മറ്റുള്ളവർക്ക് സമാധാനമുണ്ടാവില്ല... അവനെയാണ് ആദ്യം ഒതുക്കേണ്ടത്... അല്ലാതെ ഷാജിയെപ്പോലെ പണത്തിനുവേണ്ടി എന്തും ചെയ്യുന്നവനെയല്ല... ഷാജിയെ ഒതുക്കണം... അതിനുമുമ്പ് ധർമ്മരാജനെ ഒതുക്കിയാലാണ് ഷാജിയെ ഒതുക്കിയിട്ട് കാര്യമുള്ളൂ... ഇപ്പോൾ ഷാജിക്ക് പുതിയൊരു കൂട്ടും വന്നിട്ടുണ്ടല്ലോ... അച്ചുവിനെ കുത്തിയവൻ... അവനെപ്പോലെ ഇനി എത്രയെണ്ണം പൊട്ടിമുളക്കുമെന്ന് ആർക്കറിയാം... \"
\"അപ്പച്ചൻ പറഞ്ഞത് സത്യമാണ്... ഒരു ഷാജിയെ ഒതുക്കിയിട്ട് കാര്യമില്ല... അതുപോലെ ഓരോ ഷാജിമാരും പൊട്ടിമുളക്കും... ആ ധർമ്മരാജൻ ഉള്ളോടത്തോളംകാലം അതുപോലെ സംഭവിക്കും... എനിക്ക് ഒരൂട്ടം തോന്നുന്നുണ്ട്... നമ്മുടെ കാർത്തിക്കിനെ ഇവിടേക്ക് സ്ഥലം മാറ്റിച്ചാലോ... ഇപ്പോഴത്തെ കോന്തൻ സി ഐയും എസ് ഐയും പണം കാണുമ്പോൾ അതിൽ കമിഴ്ന്ന് വീഴുന്നവരാണ്... ആ സി ഐ സുന്ദരന്റെ സ്ഥാനത്ത് കാർത്തിക് വരണം എന്നാലേ എന്തെങ്കിലും നടക്കൂ... \"
\"അത് ഞാനാലോചിക്കാതിരിന്നതല്ല... കാർത്തിക് വന്നാലും ആ എസ് ഐ സുഗുണൻ ഇവിടെയുള്ള കാലം എല്ലാ രഹസ്യവും അറിയേണ്ടവർ അറിയും... അത്രക്ക് നീചനാണ് അയാൾ... \"
\"അതെ... ഏതായാലും ഞാൻ നമ്മുടെ എംഎൽഎയെ വിളിച്ച് കാര്യം പറഞ്ഞുനോക്കാം... നമ്മൾ പറഞ്ഞാൽ അയാൾക്ക് തള്ളാൻ കഴിയില്ല... അന്ന് ഇവിടെ കാർത്തിക് എസ് ഐയായി ചാർജെടുത്തപ്പോൾ ഇവിടെ ഒരുത്തനെയും പേടിക്കേണ്ടായിരുന്നു... അവന് സിഐ ആയി പ്രമോഷൻ കിട്ടി പോയതിൽപ്പിന്നെ വീണ്ടും അവരൊക്കെ തലപ്പൊക്കി തുടങ്ങി... \"
\"നീയേതായാലും എംഎൽഎ യെ വിളിച്ച് കാര്യം പറയ്.... അയാളുടെ ഏറ്റവും അടുത്ത ആളാണല്ലോ നമ്മുടെ മുഖ്യൻ... അന്നേരം നമ്മുടെ കാര്യം നടക്കും... \"
ജിമ്മിച്ചൻ തന്റെ ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു...
\"ഉച്ചക്ക് ഭദ്ര തന്റെ കയ്യിലുള്ള കുറച്ച് ബുക്സുമെടുത്ത് അച്ചുവിന്റെയടുത്തേക്ക് ചെന്നു... ഭദ്രയുണ്ടാക്കിക്കൊടുത്ത ചൂടുവെള്ളം അവൾ വച്ചതുപോലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു...
\"ഇതെന്താ വല്ല്യ വീരവാധം മുഴക്കിയിട്ട് തിളപ്പിച്ച വെള്ളം അനങ്ങിയിട്ടില്ലല്ലോ... എന്തേ മേലൊക്കെ തുടച്ചില്ലേ... അതോ ഇനി ആരെങ്കിലും വരാമെന്നേറ്റിട്ടുണ്ടോ... \"
ഭദ്ര ചോദിച്ചു...
\"ആ ഒരാൾ വരാമെന്നേറ്റിരുന്നു... പക്ഷേ ആ വ്യക്തിക്കിപ്പോൾ ഡിമാന്റ് കുറച്ച് കൂടുതലാണ്... ഞാൻ ഒറ്റക്ക് ചെയ്യാമെന്ന് കരുതിയപ്പോൾ നേരെചുവ്വേ ഒന്ന് തിരിയാൻപോലും വയ്യ വേദനിച്ചിട്ട്... എന്തുചെയ്യാനാണ്... തുണയില്ലാത്തന് ഇതാണനുഭവം... ഏതായാലും അമ്മയെ വിളിച്ചേ മതിയാവൂ... അമ്മയാകുമ്പോൾ എല്ലാം കണ്ടറിഞ്ഞ് ചെയ്തോളും...\"
\"എന്നാൽ വിളിക്കായിരുന്നില്ലേ... എന്തിനാണ് താമസിക്കുന്നത്... അമ്മവന്ന് മോന് പറ്റിയ മുറിവ് കാണുമ്പോൾ ഒരു മുറിയിൽ രണ്ടു ബെഡ്ഡിലായി മുഖത്തോട് മുഖം നോക്കി കിടക്കാലോ... \"
\"എത്ര വയ്യാതായാലും എന്റെ അമ്മ എന്റെ കാര്യം നോക്കിക്കോളും... \"
\"ആണോ... അതു ഞാനറിഞ്ഞില്ല... കാരണം ഓർമ്മവക്കുന്നതിനുമുന്നേ എനിക്കെന്റഅമ്മ നഷ്ടപ്പെട്ടു പോയതല്ലേ... അന്നേരം അമ്മ എങ്ങനെയാണ് മക്കളെ പരിചരിക്കുന്നതെന്ന് അറിയില്ല... പച്ച മലയാളത്തിൽ ഞാൻ പറഞ്ഞില്ലേ ഞാൻ തുടച്ചു തരാമെന്ന്... അത് പറ്റില്ല മാന്യന്... വയ്യാതിരിക്കുമ്പോഴും അഭിമാനം വിട്ട് കളിക്കരുത്... \"
ഭദ്ര ബുക്സ് അച്ചു കിടക്കുന്ന കട്ടിലിൽ വച്ച് വെള്ളവും പാത്രവുമായി അടുക്കളയിലേക്ക് നടന്നു... പാത്രത്തിലെ വെള്ളം ഒഴിവാക്കിയതിനുശേഷം പൈപ്പുതുറന്ന് വെള്ളംപിടിച്ച് സ്റ്റൌവിൽവച്ചത് തിളപ്പിച്ചു... തിളച്ച വെള്ളവുമായി അവൾ മുറിയിലേക്ക് വന്നു... അന്നേരം ഭദ്ര വച്ച ബുക്സെടുത്ത് മറിച്ചുനോക്കുകയായിരുന്നു അച്ചു...
\"അതവിടെ വച്ചേ... എന്നിട്ട് എണീറ്റിരുന്നേ... \"
ഭദ്ര അവനെ പിടിച്ച് ഇരുത്തിച്ചു... അതിനുശേഷം അവൾ തോർത്തെടുത്ത് ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്തു... ചൂടു കാരണം അവൾ തോർത്ത് രണ്ടുകയ്യിലുമായി മാറ്റിപിടിക്കുന്നുണ്ടായിരുന്നു... പിന്നെ അച്ചുവിന്റെ മേലൊക്കെ തുടക്കാൻ തുടങ്ങി...
\"നാളെ ഹോസ്പിറ്റലിൽ പോവാനുള്ളതല്ലേ... കൂട്ടിന് പോരാൻ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ... \"
\"ഉണ്ട്... ഒരാളെ കണ്ടുവച്ചിട്ടുണ്ട്... പക്ഷേ അയാൾ വരുമോന്നാണ് സംശയം... വന്നില്ലെങ്കിൽ കിച്ചുവിനോട് ലീവെടുത്ത് കൂടെവരാൻ പറയണം...പിന്നെ ജിമ്മിച്ചനുമുണ്ടാകുമല്ലോ\"
\"അതെന്താ അങ്ങനെ... നിങ്ങൾ ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായി... അപ്പോൾ എന്റെ പ്രസന്റ് നിങ്ങൾക്കാവിശ്യമാണല്ലേ... കിച്ചുവിനെ വെറുതേ ലീവെടുപ്പിക്കേണ്ട... ഞാൻ തന്നെ വന്നോളാം.. ഒരു കണക്കിന് എന്റെ കാരണം കൊണ്ടാണല്ലോ ഇങ്ങനെയൊക്കെയാണ് അതുകൊണ്ട് ഇതുപോലെ വല്ലതും ചെയ്തുതന്ന് അതിന് പ്രത്യുപകാരം ചെയ്തോളാം... \"
\"നിന്നെയെനിക്ക് മനിസ്ലിലാകുന്നില്ല... എന്താണ് നിന്റെ മനസ്സിൽ... ഒന്നും പുറത്തു പറയാതെ ചോദിക്കുന്നതും പറയുന്നതുമെല്ലാം എങ്ങും തൊടാതെ... നിന്റെ മനസ്സ് നീയാർക്കും പിടികൊടുക്കാതെ ഇങ്ങനെ... സത്യമായിട്ടും നിന്റെ മനസ്സിലെന്താണ്... ഇന്ന് രാവിലെ നീ പോകുമ്പോൾ സ്വന്തം ഭാര്യ ചെയ്തുതരുന്നതുപോലെ കരുതിയാൽ മതിയെന്ന് പറഞ്ഞു... പിന്നെ വന്നപ്പോൾ അത് തമാശയായിട്ട് പറഞ്ഞ താനെന്നും പറഞ്ഞു... ഇതിൽ നിന്ന് ഞാനെന്താണ് മനസ്സിലാക്കേണ്ടത്... \"
\"ഒന്നും മനസ്സിലാക്കേണ്ട... എന്താ കഴിഞ്ഞില്ലേ കാര്യം... \"
\"ഞാൻ ആത്മാർത്ഥമായി ചോദിക്കുകയാണ്... അതിന് വ്യക്തമായി ഒരുത്തരം തരണമെനിക്ക്... നീ എന്റെ കാര്യങ്ങളിൽ ഇടപെടുന്നതു വരെ എന്റെ മനസ്സിൽ എന്റെ മായയെ കൊന്നവരുടെ പ്രതികാരം ചെയ്യണം എന്ന ഒറ്റലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളു... പക്ഷേ നീ എന്റെ കാര്യങ്ങൾ നോക്കിതുടങ്ങിയതിനുശേഷം എന്തോ എനിക്ക് ആരോ സ്വന്തമായിട്ടുണ്ടെന്ന തോന്നൽ വന്നു തുടങ്ങി... നീ എന്റെ ആരോ ആണെന്ന് തോന്നിപ്പോവുകയാണ്... അത് എന്റെ മനസ്സിൽ വല്ലാതെ കിടന്ന് വിങ്ങുകയാണ്... എനിക്കറിയേണ്ടത് ഒരു കാര്യം മാത്രമാണ്... നിനക്ക് എന്നെ സ്നേഹിച്ചൂടേ... എന്റേതായി നിനക്ക് ജീവിച്ചൂടേ... നിന്റെ മനസ്സിലുള്ളതൊക്കെയും എന്താണെന്ന് എനിക്കറിയില്ല... അറിയാൻ താൽപര്യമുണ്ട്... നിന്റെ ജീവിതം അത് ഇത്രയും കാലം എങ്ങനെയായിരുന്നു എന്ന് എനിക്കറിയാം... ഇനിയും അതുപോലെയാകുമോ എന്ന ചിന്തയാണ് നിന്റെ മനസ്സിലെങ്കിൽ അത് വേണ്ട... എന്റെ കൂടെ ജീവിക്കുന്ന കാലത്തോളം നിനക്ക് ഒരു ദുരിതവും അനുഭവിക്കേണ്ടി വരില്ല... പിന്നെ എന്നെ കുത്തിയവന്റെ കാര്യമോർത്താണെങ്കിൽ അതു വേണ്ട... എനിക്ക് ജീവനുള്ളോടുത്തോളം കാലം അവൻ നിന്നേയോ എന്നേയോ ഒന്നും ചെയ്യില്ല... ആ വാക്ക് ഞാൻ തരാം... \"
\"നിങ്ങളുടെ മനസ്സ് ശുദ്ധമാണ്... എന്റെ അവസ്ഥ കണ്ട് ഒരു ജീവിതം നൽകാമെന്ന് തോന്നിയല്ലോ... സന്തോഷം... \"
അതൊന്നുമല്ല... അങ്ങനെയാണെങ്കിൽ ആതിരയുടെ അവസ്ഥയെന്താണ്... സ്നേഹിച്ച പുരുഷനെ സ്വന്തമാക്കിയിട്ടും വിധി അവളോട് മുഖംതിരിച്ചു... ഒരു കുഞ്ഞിനേയും ഭർത്താവിന്റെ അമ്മയേയും അച്ഛനേയും ജോലിചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നില്ലേ... എന്നാലും അവളുടെ മനസ്സിൽ തനിക്ക് നഷ്ടപ്പെട്ട ദാമ്പത്യത്തെക്കുറിച്ചോർത്ത് ദുഃഖിക്കുന്നുമില്ലേ... അവളോട് വരെ തോന്നാത്ത ഒരിഷ്ടം എപ്പോഴോ നിന്നോട് തോന്നി... അത് വെറുതേ മനസ്സിൽവച്ച് കൊണ്ടുനടന്ന് അത് വെറും സ്വപ്നമാണെന്ന് മനസ്സിലാവുമ്പോൾ എന്തിനാണ് പിന്നീടൊരു തീരാവേദനയായി കൊണ്ടുനടക്കുന്നത്... എനിക്ക് ഒരുത്തരം ഇപ്പോൾ കിട്ടണം... അത് നെഗറ്റീവായാലും പോസറ്റീവായാലും ഇപ്പോൾ അറിഞ്ഞു കഴിഞ്ഞാൽ പ്രശ്നമിവിടെ തീരും... എന്നു കരുതി ഇപ്പോഴത്തെ ഈ പരിപാലനമൊക്കെ ഉപേക്ഷിക്കില്ലട്ടോ... നീ പറഞ്ഞതുപോലെ പിന്നെ എന്നും ഒരുകൂടപ്പിറപ്പായി കാണാൻ ശ്രമിക്കും ഞാൻ... \"
\"അപ്പോൾ എന്നെ വെറുതെ വിടാൻ ഇയാൾക്ക് മനസ്സില്ലല്ലേ... എന്താണ് നിങ്ങൾക്കറിയേണ്ടത്... എന്റെ മനസ്സോ... അതിന്നോ നഷ്ടപ്പെട്ടവളാണ് ഞാൻ... മാത്രമല്ല ഞാൻ ഇവിടെയാണെങ്കിലും ഇന്നും നിയമത്തിന്റെ മുന്നിൽ ഞാനൊരു ഭാര്യയാണ്... അത് അത്രയെളുപ്പത്തിൽ ഊരിപ്പോരാൻ പറ്റുന്നതുമല്ല... ഇനിയെങ്ങാനും ഊരിപ്പോന്നെന്നിരിക്കട്ടെ... മറ്റൊരു ജീവിതം സ്വപ്നം കണ്ട് മനസ് സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് തോന്നുണ്ടോ..... നിങ്ങൾ പറഞ്ഞില്ലേ എപ്പോഴോ നിങ്ങളുടെ മനസ്സിൽ എന്നെ പ്രതിഷ്ഠിച്ചു പോയെന്ന്... അത് നിങ്ങളിൽ മാത്രമല്ല എന്റെ മനസ്സിലും അങ്ങനെയൊരിഷ്ടം മുളപൊട്ടിയിരുന്നു... പക്ഷേ ആ ഇഷ്ടം ഒരു വലിയ ആഴത്തിലേക്ക് നീങ്ങരുതെന്ന് എനിക്ക് നിർബന്ധമാണ്.. അതുകൊണ്ട് അതെന്റെ മനസ്സിന്റെ ഒരു കോണിൽ മാത്രം ഒതുക്കി വക്കുകയാണ്... അതവിടെ അങ്ങനെ കിടന്നിട്ടെ... എപ്പോഴെങ്കിലും എനിക്കും ഒരു സുരക്ഷിതമുണ്ടെന്ന് മനസ്സിനെപ്പറഞ്ഞ് ബോദ്ധ്യപ്പെടുത്താലോ... നിങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേയായുളളു എങ്കിലും അതെനിക്ക് എന്റെ മനസ്സിൽ നിന്നും മുറിച്ചു മാറ്റാൻ പറ്റുന്നതൊന്നല്ല... എന്തൊക്കെ പറഞ്ഞാലും നേരത്തെ ഞാൻ പോകുമ്പോൾ ചൂടാക്കി വച്ച് വെള്ളംകൊണ്ടു നിങ്ങൾ തനിയേ തുടക്കരുതെന്ന് മനസ്സിലാഗ്രഹിച്ചു... ദൈവം ആ കാര്യത്തിലെങ്കിലും എന്റെ കൂടെ നിന്നു... ഇന്ന് കിച്ചുവിനെ നിർബന്ധിച്ച് ജോലിക്ക് പറഞ്ഞയച്ചതും അതുകൊണ്ടാണ്... എനിക്ക് എന്റേതായി ഇയാളെ വേണം... പക്ഷേ അതിന് ഒരുപാട് കടമ്പകൾ എന്റെ മുന്നിലുണ്ട്... അതെല്ലാം കടന്ന് സ്വസ്ഥമാകുമ്പോൾ മാത്രമേ എനിക്ക് ആ ഇഷ്ടം പൂർത്തീകരിക്കാൻ സാധിക്കൂ...
തുടരും....
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖