Aksharathalukal

എലിസബേത്ത് - 13

🟥 രവി നീലഗിരിയുടെ നോവൽ
©️


അധ്യായം പതിമൂന്ന്




       തീരെ വിജനമായ ഇങ്ങനെയൊരു സ്ഥലം കണ്ടു പിടിച്ചത് അവൻ തന്നെയാണ്. ഒറ്റവരി പാതക്ക് അപ്പുറത്തും ഇപ്പുറത്തുമായി ചെറിയ കുന്നിൻ പ്രദേശമാണ്. അതിന് താഴെ പാതക്ക് സമാന്തരമായി തീരെ ചെറിയ പാഴ്ച്ചെടികളും നീളമേറിയ പൊന്തക്കാടുകളും വളർന്ന് നില്പുണ്ട്. ആർക്കും ദൂരെ നിന്ന് പെട്ടെണ് കാണാൻ പറ്റാത്ത പാകത്തിലുള്ള ഒരു മറ അത് തീർക്കുന്നുമുണ്ട്. 
      എങ്ങും നല്ല കൂരിരുട്ട് തന്നെയാണ്. പരസ്പരം തൊട്ടടുത്ത് നിന്നാൽ പോലും കാണാൻ പറ്റാത്തത്ര ഇരുട്ട്. രണ്ടുപേർക്കും ഈ ഇരുട്ട് ഇപ്പോൾ ഒരനുഗ്രഹമാണ്. പരസ്പരം മുഖം കാണാതെ നടക്കാം. മുഖത്തെ വലിഞ്ഞു മുറുക്കങ്ങൾ തമ്മിൽ കാണുകയേയില്ല. ഉള്ളിൽ വേവുന്ന കനൽച്ചീളുകൾ കണ്ണുകളിൽ മിന്നി മറയുന്നതും അറിയില്ല. 
       റെയിൽപ്പാളത്തിന് നടുവിലും രണ്ട് അറ്റത്തുമായി വിരിച്ചിട്ടിരുന്ന വലിപ്പം കൂടിയ കരിങ്കൽ കഷണങ്ങൾക്ക് മുകളിലൂടെയുള്ള നടത്തം രണ്ട് പേർക്കും ആയാസകരമായി തോന്നി.
       അവളോർത്തു. തീരുമാനങ്ങൾ എടുക്കുന്നതും അത് നടപ്പിൽ വരുത്തുന്നതുമെല്ലാം അവൻ തന്നെ. ജൂലി എല്ലാം മൂളി കേൾക്കും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചതും. ഒരാഴ്ച്ച മുൻപാണ്. ക്ലാസ്സിൽ പോകാൻ സമ്മതിക്കാതെ ഒരത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് വരികയായിരുന്നു അവളെ. അവനവളെ കാത്ത് ഗേറ്റിനപ്പുറത്ത് മോട്ടോർ സൈക്കിളിൽ കുറെ സമയം കാത്തു നില്ക്കുകയും ചെയ്തിരുന്നു. കണ്ടപാടെ മുഖവുരയൊന്നുമില്ലാതെയാണ് അവൻ പറഞ്ഞു തുടങ്ങിയത്.
      " എനിക്ക് മുകളിൽ രണ്ട് ചേച്ചിമാരുണ്ട്..."
      " അറിയാം..?"
       ജൂലി ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ വീട്ടിലെ കാര്യങ്ങളെല്ലാം കുറച്ച് അവൾക്കും അറിവുള്ളതാണ്. വിവാഹപ്രായം കഴിഞ്ഞ് നില്ക്കുകയാണ് രണ്ട് ചേച്ചിമാരും. രണ്ട് പേരെയും ഒന്നിറക്കി വിടണമെങ്കിൽ എളുപ്പമല്ലെന്നും അവനവളോട് പറഞ്ഞിട്ടുണ്ട്.    
      അവനെന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
       റോഡ് സൈഡിൽ അവനൊരു മരത്തണലിലേക്ക് മോട്ടോർസൈക്കിൾ ഒതുക്കി നിർത്തി. വാഹനങ്ങളുടെ തീരെ തിരക്കില്ലാത്ത വീതി കുറഞ്ഞ ടാറിട്ട ഒരിട റോഡായിരുന്നു അത്. ഹെൽമെറ്റെടുത്ത് മാറ്റി വെച്ചു. പിന്നെ വണ്ടിയിൽ ചാരി നിന്ന് അവനൊരു സിഗരറ്റിന് തീ പിടിപ്പിച്ചു.
    " നിന്നെ ഒരിത്തിരി നേരം പോലും പിരിഞ്ഞിരിക്കാൻ എനിക്കാവുന്നില്ല. നമുക്കൊരുമിക്കാൻ ഇനിയുമെത്ര വർഷങ്ങൾ വേണ്ടി വരുമെന്നും എനിക്കറിയില്ല.. അതുകൊണ്ട്.."
    " അതുകൊണ്ട്.?"
      അവൻ അവിടെ വെച്ച് നിർത്തി അല്പ സമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നില്ക്കുകയാണുണ്ടായത്. അവന്റെ മനസ്സിലുള്ളത് അവനിനിയും പറഞ്ഞില്ല. അവൾ കുറച്ചു കൂടി അവനരികിലേക്ക് ചേർന്ന് നിന്നു. കാറ്റിൽ മുഖത്ത് വീണ മുടിയിഴകൾ അവൾ രണ്ട് ചെവികൾക്കിടയിലേക്കും തിരുകി വെച്ചു. 
      രണ്ടോ മൂന്നോ വഴി യാത്രക്കാർ അവരെ ശ്രദ്ധിച്ച് കടന്നു പോയി. അവളുടെ കോളേജ് യൂണിഫോം കണ്ടാണ് അവളെ ശ്രദ്ധിക്കുന്നതെന്ന് ജൂലിക്ക് മനസ്സിലാക്കാൻ പിന്നെയും കുറച്ച് സമയമെടുത്തു.
    " അതുകൊണ്ട്..നമുക്കൊരുമിച്ച് മരിക്കാം. "
    " മരിക്കാനോ.?"
ജൂലിക്ക് ചിരിക്കാനാണ് തോന്നിയത്. ചിരിച്ചു കൊണ്ടാണ് അവളങ്ങനെ ചോദിച്ചതും. പക്ഷെ അവന്റെ മുഖത്തെ ഗൗരവം അവളുടെ ചിരി മായ്ച്ചു കളഞ്ഞു. അവൻ ദൂരെ വളവ് തിരിഞ്ഞു വരുന്ന ഒരു സൈക്കിൾ യാത്രക്കാരനെ വെറുതെ നോക്കി നിന്നു.
     " ഇപ്പോൾ നമുക്കൊന്നിക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല ജൂലീ.."
മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞ് നിർത്തി.
     " ഇത് പറയാനാണോ നീ ഇത്രേം വഴി എന്നേം കൊണ്ട് വന്നത് ? നീ വണ്ടിയെടുക്ക്..എന്നിട്ടെന്നെ ക്ലാസ്സിൽ കൊണ്ടു ചെന്നാക്ക്."
      അവൾ തിരക്ക് കൂട്ടി. ജൂലിയുടെ അമ്പരപ്പ് ഇനിയും വിട്ട് മാറിയിട്ടില്ല. ആദ്യമൊക്കെ അവന്റെ ഒരു തമാശയായിട്ടായിരുന്നു ജൂലിക്ക് അതൊക്കെ തോന്നിയിരുന്നത്. പിന്നെ പിന്നെ അതൊരു നിർബ്ബന്ധമായി വളർന്ന് വരുന്നത് തുടർന്ന് വന്ന ദിവസങ്ങളിൽ ജൂലിക്ക് മനസ്സിലായി വന്നു.
     " പപ്പ, മമ്മ, അനിയത്തിമാർ, ചേച്ചി…ഇവരുടെയൊക്ക കൂടെ എനിക്കിനീം ജീവിക്കണം.."
    " അപ്പൊ..നിനക്ക് എന്നേക്കാളും വലുത് അവരാണല്ലേ. ?"
     " എനിക്ക് അവരേം വേണം..നീന്നേം വേണം.."
അവനതിന് മറുപടിയൊന്നും പറയാതെ പെട്ടെന്ന് ഫോൺ വെച്ചു. നിശ്ചലമായ ഫോണിലേക്ക് നോക്കി അവൾ കുറച്ച് സമയം അവിടെ തന്നെയിരുന്നു. കണ്ണുകളിലേക്ക് മിഴിനീർ ഇറങ്ങി വരുന്നത് അവളറിഞ്ഞില്ല.
     " എന്ത് പറ്റീ ജൂലി ?"
പ്രിയ അവളുടെ തോളിൽ കൈ വെച്ചു. ജൂലി തല കുമ്പിട്ടിരുന്നു.
     " ഈ ബന്ധം നമുക്ക് വേണ്ട ജൂലി. അവനാള് അത്ര ശരിയല്ലെന്ന് തോന്നുന്നു…മൂന്നാമത്തെ പിരീഡാണ് നീയിങ്ങനെ ക്ലാസ്സീ കയറാതെ ഇവിടെയിങ്ങനെ
ഇരിക്കുന്നെ - "
       അവിടന്നങ്ങോട്ടുള്ള രാത്രികളിൽ ജൂലിയുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ക്ലാസ്സുകളിൽ തീരെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അക്ഷരങ്ങളെല്ലാം മഞ്ഞിൻ മറയിൽ നില്ക്കുന്നതു പോലെ. പുസ്തകമെടുത്ത് തുറന്നാൽ താളുകളിൽ അവന്റെ മുഖം മാത്രം. വിളിക്കുമ്പോഴൊക്കെ അവന് സംസാരിക്കാനുള്ളത് മരണത്തെക്കുറിച്ച് മാത്രം -
      രാവും പകലും അവൾ സങ്കടപ്പെട്ട് നടന്നു. അവളുടെ കളിയും ചിരിയുമെല്ലാം മാഞ്ഞു. മരണം ഒരു നിഴൽ പോലെ അവൾക്കു ചുറ്റും പതുങ്ങി നടക്കാൻ തുടങ്ങി. വരുന്ന ഓരോ ഫോൺ റിങ്ങിലും അവൾ അറിയാതെ ഞെട്ടി.
     " നെനക്കെന്താ പറ്റീത്..?"
     " ഒന്നുമില്ല മമ്മാ.."
മമ്മക്ക് മുഖം കൊടുക്കാതെ അവളൊഴിഞ്ഞു മാറി. രണ്ട് ദിവസമായി അവൾ കോളേജിൽ പോയിട്ട്.
     സോഫിയ അവളെ തൊട്ടടുത്ത് പിടിച്ചിരുത്തി. കെട്ടിവെച്ചിരുന്ന മുടിയഴിച്ചിട്ടു. തലമുടിയിൽ തുളസിയിലയും കുരുമുളകുമിട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ചു.
     " നന്നായി അണിഞ്ഞൊരുങ്ങി നടക്കേണ്ട പ്രായമാണിതൊക്കെ. ഇതെങ്ങനെയാ.. സമയാസമയത്തിന് എണ്ണ തേപ്പില്ല. കുളിയില്ല.."
സോഫിയ ആരോടെന്നില്ലാതെ പറഞ്ഞു.
      കുറച്ച് ദിവസങ്ങളായി സോഫിയ അവളുടെ മാറ്റങ്ങൾ കാണുന്നുണ്ട്. സദാ സമയവും മുറിയടച്ചുള്ള ഇരിപ്പു തന്നെ. നേരാം വണ്ണം കുളിയില്ല. സമയത്ത് ഭക്ഷണമില്ല. സംസാരമില്ല.
സദാസമയവും മുകളിൽ തന്നെ.
     " നീയിന്ന് പള്ളീ വരുന്നില്ലേ.?"
ഒരു ഞായറാഴ്ച്ച സോഫിയ ജൂലിയുടെ വാതിലിൽ ചെന്ന് മുട്ടി.
     " നല്ല തലവേദന മമ്മാ."
സോഫിയ അവളെയൊന്ന് കനപ്പിച്ച് നോക്കി. ഇവൾക്കെന്താണാവോ പറ്റിയത്.? എലിസബേത്തിനെക്കുറിച്ചുള്ള ആധി തന്നെ കൂടുതലാണ്. ഇനിയിപ്പോൾ ഇവളും കൂടെ ഇങ്ങനെയായാൽ..! കോണിപ്പടികളിറങ്ങാൻ നേരം സോഫിയ ഒന്ന് തിരിഞ്ഞ് നിന്നു.
    " ഈയിടെയായി നിനക്ക് തലവേദന കൂടുന്നുണ്ട്.."
    അവളതിന് മറുപടിയൊന്നും പറയാതെ തല വഴി പുതപ്പെടുത്ത് മൂടി തിരിഞ്ഞ് കിടന്നു. അല്പ സമയം കഴിഞ്ഞ് സോഫിയ ഗോവണിയിറങ്ങി പോകുന്ന ശബ്ദം അവൾ കേട്ടു.
       ട്രെയിനിന്റെ സമയമൊന്നും അവൻ കണക്കുകൂട്ടി വെച്ചിരുന്നില്ല. അതിന്റെ ആവശ്യമുണ്ടെന്നും അവന് തോന്നിയില്ല. ഏതെങ്കിലുമൊരു തീവണ്ടി. നേരം വെളുക്കുന്നതിനു മുൻപ് ഇതിലൂടെ കടന്നു പോകണമെന്ന് മാത്രം. അത് മതിയായിരുന്നു അവന് -
      നടക്കുമ്പോൾ രണ്ട് പേരും ഒന്നും പറയാനില്ലാതെ നിശ്ശബ്ദരായിരുന്നു. ഇന്നലെ വരെ രാവും പകലും എത്ര സംസാരിച്ചാലും മതിയാകാത്തവർ. ചുണ്ടുകൾക്കപ്പുറത്ത് കണ്ണുകളിലും ഒരു പാട് അക്ഷരങ്ങൾ കുത്തി നിറച്ച് വെച്ചവർ.
     " ഈ..കണ്ണുകൾ സംസാരിക്കുന്ന ഭാഷയേതാണ് ?"
ഒരിക്കലവൾ തമാശയായി അവനോട് ചോദിച്ചു. 
     ഈ ഭൂമിയിൽ കാമുകീ കാമുകൻമാർക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്. അവർ മാത്രം സംസാരിക്കുന്നതും. കണ്ണുകളുടെ ഭാഷ. അക്ഷരങ്ങളില്ലാത്ത ഭാഷ. 
     കണ്ണുകൾ കൊണ്ട് ഒരു പ്രണയിനി മഹാഭാരതം പോലും അവളുടെ കാമുകന് വായിച്ചു കൊടുക്കും. വാത്സ്യായനന്റെ കാമസൂത്രവും കണ്ണുകളിൽ തന്നെ ഇനിയും വായിക്കാനായി കാത്ത് കിടക്കും. വാക്കുകൾ എത്ര പെട്ടെന്നാണ് ഒരു മായാജാലത്തിലെന്നപോലെ അവരുടെയിടയിൽ നിന്നും മറഞ്ഞൊളിച്ചത്..!
    പെട്ടെന്ന് അവൻ ജൂലിയുടെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ കൈത്തലം തണുത്ത് മരവിച്ചിരിക്കുന്നതായി അവനനുഭവപ്പെട്ടു.
    " ഭയം തോന്നുന്നുണ്ടോ ?"
    " ഉം."
   " അതിന്..നീ ഒറ്റയ്ക്കല്ലല്ലൊ..ഞാനും കൂടെയില്ലേ ?"
       മറുപടിക്കായി അവൾ വാക്കുകൾ പരതി. ഇല്ല. മറുപടിയില്ല. നല്ല തണുത്ത ഒരു കാറ്റ് വീശി. അവൾ കാതോർത്തു. എങ്ങാനും ഒരു തീവണ്ടിയുടെ അകലെ നിന്നുള്ള ഒരു ചൂളം വിളിയുടെ നേർത്ത ശബ്ദം. ഇരുട്ടിനെ കീറിമുറിച്ച് വരുന്ന വെളിച്ചത്തിന്റെ തീക്ഷ്ണ രേഖകൾ..
      അവൾ ആലോചിക്കുകയായിരുന്നു. തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്. ഒരു മരണചിന്ത പോലും എത്ര വിദൂരമായിരുന്നു. ഈ ഭൂമിയിലിനി വിരലിലെണ്ണാവുന്ന കുറച്ച് നിമിഷങ്ങൾ മാത്രമേയുള്ളു തനിക്കിനി. 
     പപ്പയും മമ്മയും തന്നെ കാണാതെ ഇപ്പോൾ അന്വേഷിച്ചു തുടങ്ങിയിരിക്കും. പോകാൻ സാധ്യതയുള്ള കൂട്ടുകാരികളുടെ വീട്ടിൽ വിളിച്ചന്വേഷിക്കും. അയൽപ്പക്കത്തും ബന്ധുവീടുകളിലും തിരയും. എല്ലാം നാളെ നേരം വെളുക്കുന്നതു വരെ മാത്രം. 
    " ഇത് നിനക്കെന്റെ അന്ത്യ ചുംബനം.."
     അവനൊന്ന് നിന്നു. അവളും. ഇരുട്ടിൽ പരസ്പരം കാണാൻ വയ്യ. എങ്കിലും അവനവളെ ചേർത്ത് പിടിച്ചു. പേടിച്ചരണ്ട ഒരു മുയൽ കുഞ്ഞിനെപ്പോലെ അവളൊതുങ്ങി നിന്നു. വിറയാർന്ന അവളുടെ അധരങ്ങളിൽ അവൻ ചുണ്ടുകൾ ചേർത്തു. ഒരു പൊള്ളലിൽ പിടഞ്ഞ് അവൾ കുതറി. ഒരു ചുംബനത്തിന്റെ ചൂടും കുളിരും ജൂലിയുടെ ആകെ തണുത്ത് മരവിച്ച ശരീരത്തിൽ ഒരു ചലനങ്ങളും ഉണ്ടാക്കുന്നില്ല. കവിളുകൾ കണ്ണീരിൽ നനഞ്ഞിരിക്കുന്നത് അന്നേരമാണ് അവനറിയുന്നത്.
      അവളെ അങ്ങനെ തന്നെ ചേർത്ത് പിടിച്ച് പോക്കറ്റിൽ കരുതി വെച്ചിരുന്ന ഒരു പ്ലാസ്റ്റിക് കയർ അവൻ പുറത്തെടുത്തു. പിന്നെ രണ്ടു പേരുടേയും അരയിൽ ഒരുമിച്ച് ചേർത്ത് കുരുക്കിട്ടു.
   " ഇതെന്തിനാ ?"
   " അലറിക്കുതിച്ച് വരുന്ന അതിന്റെ ഒച്ചയിൽ നീ ചെലപ്പൊ തീരുമാനം മാറ്റിയാലോ ?"
      അവനതിന് ഒരു മറുപടി പ്രതിക്ഷിച്ചില്ലെന്ന് തോന്നി. പറയാനൊരു മറുപടി അവളുടെയടുത്തും ഉണ്ടായിരുന്നില്ല.. ആ സമയം അവനവളെ നന്നായി ഒതുക്കി ചേർത്ത് പിടിച്ച് കഴുത്തു വരെ കയർ കൊണ്ട് വരിഞ്ഞ് കെട്ടുകയായിരുന്നു. ഒരു ശില പോലെ പ്രജ്ഞയറ്റ് അവൾ നിന്നു. അവൾ ആകാശത്തേക്ക് വെറുതെയൊന്ന് നോക്കി. ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്ത് കിടക്കുന്നു. പാൽനിലാവ് പോലെ ചന്ദ്രനും. ഭൂമിയിൽ നിന്നുള്ള ഏറ്റവും മനോഹരമായ അവസാനത്തെ ആകാശക്കാഴ്ച്ച.
    " എത്രയായാലും നീയൊരു പെണ്ണല്ലെ.."
      അവൻ ഒച്ച താഴ്ത്തി പൊട്ടി ചിരിച്ചു. അവന്റെ ചിരിയുടെ അലകൾ കനത്ത ഇരുട്ടിൽ അലിഞ്ഞ് ചേർന്നു. ഇവനെങ്ങനെ ഈ സമയത്തും ചിരിക്കാൻ കഴിയുന്നു എന്നായിരുന്നു ജൂലി അതിശയിച്ചത്.
     " നിനക്ക് പേടിയില്ലേ..മരിക്കാൻ ?"
വിറയാർന്നതും പതുങ്ങിയതുമായ ഒരു ശബ്ദത്തിലായിരുന്നു അവളത് ചോദിച്ചത്. ആ ശബ്ദം സ്വന്തം ശബ്ദമായിരുന്നോ എന്നവൾ സംശയിച്ചു. അവൻ വീണ്ടും ചിരിച്ചു.
     " നിനക്കറിയോ.? ഇതെന്റെ അനിവാര്യമായ വിധിയാണ്. സ്വന്തം ചേച്ചിയെ വയറ്റിലുണ്ടാക്കിയ എനിക്ക് ഇതല്ലാതെ വേറെന്ത് വിധി.."
      അവളൊന്ന് ഞെട്ടി. 
അവനെന്താണ് പറഞ്ഞത് ?
അവൻ പറഞ്ഞ വാക്കുകൾ ഭൂതകാലത്തിൽ നിന്നും തിരിച്ചു വിളിച്ച് വീണ്ടും വീണ്ടും അവൾ കേട്ടു. 
     അവന്റെ മുഖം കാണാൻ വയ്യ. പക്ഷെ നിശ്വാസത്തിന്റെ ചൂട് ജൂലിയുടെ മൂക്കിൻ തുമ്പിൽ വന്ന് വീഴുന്നുണ്ട്. ഇത് അവന്റെ ശബ്ദം തന്നെയാണോ ? ഇതെനിക്ക് തീരെ പരിചിതമല്ലാത്ത ഏതോ ഒരുവൻ. ഒരു കിതപ്പ് അവളെ വന്ന് പൊതിഞ്ഞു. ഒരാന്തലോടെ അവളവന്റെ ശബ്ദം കേട്ടു.
     " ജൂലീ..നിന്നെ കൊല്ലേണ്ടത് എന്റെയൊരു ആവശ്യമായിരുന്നു."
      അവൾക്ക് ശ്വാസം മുട്ടി. ഇരുട്ട് കനത്തു കിടക്കുന്ന ഒരു തുരുത്തിലേക്കാണ് അവളോടിക്കയറിയത്. വഴിയറിയാതെ അവൾ ദിശ തെറ്റിയലഞ്ഞു. വന്യമായ ഒരിരുൾ ഗുഹയിലൂടെ കടന്നു വരുന്ന അവന്റെ ശബ്ദം ജൂലി വീണ്ടും കേട്ടു.
     " അതെ..ഈ മരണം എനിക്കൊരു പ്രണയ പരാജയത്തിന്റെ മേൽക്കുപ്പായം ചാർത്തിത്തരും..ജൂലീ."
      അവൻ വീണ്ടും ചിരിച്ചു. പെങ്ങളെ പിഴപ്പിച്ചവൻ എന്നെഴുതിയ കോടി പുതച്ച് ഉമ്മറത്ത് കിടക്കേണ്ടി വരില്ല. പ്രണയച്ചൂടിൽ വാടിക്കരിഞ്ഞവൻ. ദിവ്യപ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ. അവസാനയാത്ര പറയാൻ വരുന്നവരെല്ലാം ചുറ്റും നിന്ന് ഷാജഹാനേയും മുംതാസിനേയും ഓർക്കും. അകാലത്തിൽ കൊഴിഞ്ഞു പോയ ഒരു പനിനീർ പൂവിനേയും. അങ്ങനെയങ്ങനെ..
      ഇനിയും രണ്ട് മാസമെങ്കിലും കഴിയേണ്ടിവരും ചന്ദ്രിയുടെ ഉദരത്തിന്റെ നിഗൂഢതകൾ പുറത്തറിയാൻ. കാറ്റും കാലവും അപ്പോഴേക്കും എന്റെ ഓർമ്മകൾ തന്നെ മായ്ച്ചു കളഞ്ഞിരിക്കും.
     അവളുടെ തൊണ്ടയിൽ നിന്നും ഒരു പതിഞ്ഞ നിലവിളി പുറത്ത് വരുന്നതിന് മുൻപേ അവൻ അവളുമായി പാളത്തിലേക്ക് വീണു.
     " എനിക്ക് മരിക്കേണ്ട.."
      അവനവളുടെ വായ പൊത്തി. കൈത്തലത്തിനുള്ളിൽ ശ്വാസം മുട്ടിയ വാക്കുകൾ അവിടെ തന്നെ ഞെരിഞ്ഞ് പിടഞ്ഞ് മരിച്ചു. ദൂരെ ഒരു വണ്ടിയുടെ ചൂളം വിളി കേട്ടു. തെക്ക് നിന്നും വടക്കോട്ടാണ്. രാജധാനിയായിരിക്കണം. അകലെ നിന്നും അടുത്തു വരുന്ന വെളിച്ചത്തിന്റെ തീക്ഷ്ണ പ്രകാശം ഇപ്പോൾ അവർക്ക് മേലെ പതിച്ചു. അതോടൊപ്പം ആർത്തലച്ച് വന്ന അതിന്റെ ശബ്ദത്തിൽ ജൂലിയുടെ വലിയൊരു നിലവിളി അലിഞ്ഞ് ചേർന്നു. 
        ഒരിരമ്പൽ എല്ലാ ശബ്ദങ്ങളും നക്കിയെടുത്ത് ഒരു നീണ്ട ചൂളം വിളിയോടെ അവരെ കടന്നു പോയി.
      സോഫിയ ഞെട്ടിയെഴുന്നേറ്റ് ലൈറ്റിട്ടു.
 അതുപോലെ സോളമനും ഞെട്ടിയുണർന്നു. അയാൾ സമയം നോക്കി. രണ്ടു മണി കഴിഞ്ഞിരിക്കുന്നു. രണ്ട് പേരും ഒരു നിമിഷം കാതോർത്തു. എങ്ങും രാത്രിയുടെ നിശ്ശബ്ദത മാത്രം.
   " ഇച്ചായൻ കേട്ടില്ലേ ഒരു കരച്ചിൽ ?"
   " ഉം..ആദീടെ മുറീന്നല്ലേ..!"
   " അതേന്ന് തോന്നുന്നു."
      അവർ രണ്ട് പേരും എഴുന്നേറ്റ് ആദിയുടെ മുറിയിലേക്കോടി ചെന്നു. അവർക്ക് സംശയമായിരുന്നു. കരച്ചിൽ കേട്ടത് ആദിയുടെ മുറിയിൽ നിന്നും തന്നെയല്ലെ.?     
      വെളിച്ചമിട്ട് നോക്കുമ്പോൾ പേടിച്ചരണ്ട മുഖത്തോടെ കട്ടിലിൽ എഴുന്നേറ്റിരുന്ന് കിതക്കുന്ന എലിസബേത്തിനെയാണ് അവർ കണ്ടത്. അവരെ കണ്ടതും എലിസബേത്ത് സോഫിയയുടെ നെഞ്ചിലേക്ക് ചാരി വീണ് പൊട്ടിക്കരഞ്ഞു.
    " നമ്മുടെ കുഞ്ഞേച്ചി ട്രെയിനിടിച്ച് മരിച്ചു പോയി മമ്മാ.."
     വാക്കുകൾ എലിസബേത്തിന് മുറിഞ്ഞു പോയി. ഇരുട്ടിൽ അലറിക്കുതിച്ചു വരുന്ന ഒരു തീവണ്ടിയുടെ സീൽക്കാരങ്ങളിൽ അതും ചേർന്നലിഞ്ഞതു പോലെ. എല്ലാം നക്കിത്തുടച്ചെടുത്തു പോയ ഒരിരമ്പൽ...ഇപ്പോഴും അവളത് കേൾക്കുന്നുണ്ട്. കുഞ്ഞേച്ചിയുടെ നിലവിളികളും. 
       എലിസബേത്തിന്റെ കുഞ്ഞി കണ്ണുകളിൽ എന്തോ ഒരു ഭയം തളം കെട്ടിക്കിടക്കുന്നത് സോഫിയയും സോളമനും കണ്ടു. സോഫിയ അവളെ ചേർത്ത് പിടിച്ചു.
   " മോള്..സ്വപ്നം കണ്ടോ ?"
   " ഉം.."
   " സ്വപ്നല്ലേ.. അതിനെന്തിനാ ഇത്രേം പേടിക്കുന്നെ?."
   " ഇനിക്ക് കുഞ്ഞേച്ചീനെ കാണണം.."
   " അവള് മേലെ ഉറങ്ങല്ലെ. നമുക്ക് രാവിലെ കാണാം."
   " ഇനിക്കിപ്പൊ കാണണം.."
   " മോളിപ്പൊ..പപ്പേടേം മമ്മേടേം അടുത്ത് കിടന്നോ.."
     പെട്ടെന്ന് അവളെഴുന്നേറ്റ് കോണിപ്പടികൾ ഓടിക്കയറി ജൂലിയുടെ മുറിയിലെത്തി. പെട്ടെന്നുണ്ടായ എലിസബേത്തിന്റെ ഭാവമാറ്റത്തിൽ പകച്ച് സോളമനും സോഫിയയും അവൾക്ക് പുറകെ പോയി.
    അവളോടിച്ചെന്ന് ജൂലിയെ കെട്ടിപ്പിടിച്ചു. ഉറക്കം വിട്ട് പോകാത്ത കണ്ണുകളുമായി ജൂലി ഒന്നും മനസ്സിലാകാതെ എഴുന്നേറ്റിരുന്നു.
      കുറച്ച് നിമിഷങ്ങൾക്കു മുൻപ് കണ്ടതെല്ലാം എലിസബേത്തിന്റെ കണ്ണുകളിൽ അങ്ങനെതന്നെ കിടപ്പുണ്ട്. അതൊരു സ്വപ്നമാണെന്ന് പോലും അവൾക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
     " എന്ത് പറ്റിയെടാ..?"
ജൂലിയും ആദിയെ ചേർത്തു പിടിച്ചു. അർദ്ധ രാത്രിയിൽ പപ്പയേയും മമ്മയേയും കണ്ട് അവളും ഒന്ന് ഭയന്നു പോയിരുന്നു. എലിസബേത്ത് എന്തോ സ്വപ്നം കണ്ട് പേടിച്ചെന്ന് സോഫിയ പറഞ്ഞപ്പോൾ ജൂലി അവളുടെ നിറുകയിൽ തലോടി.
    " ഞാനിന്ന് കുഞ്ഞേച്ചീടെ കൂടെ കിടക്കട്ടെ."
    " ഉം.."
      പുതപ്പിനുള്ളിലേക്ക് എലിസബേത്ത് നൂണ്ട് കടന്നു. ജൂലിയുടെ കൈകൾ അവളെ ചുറ്റി. കുറച്ചു മുൻപ് കണ്ട കാഴ്ച്ചകളെല്ലാം ഇനിയൊരിക്കലും കണ്ണുകളിലേക്ക് തിരിച്ച് വരരുത്. അതൊരു കറുത്ത തിരശ്ശീലക്കപ്പുറം മറഞ്ഞ് കിടക്കട്ടെ. എലിസബേത്ത് കണ്ണുകൾ മുറുക്കിയടച്ചു.
പക്ഷെ, കുറെ കഴിഞ്ഞ് പാതി മയക്കത്തിൽ അറിയാതെ അവളുടെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു..
      അവനെന്റെ കുഞ്ഞേച്ചിയെ കൊല്ലും !
      അവനെന്റെ കുഞ്ഞേച്ചിയെ കൊല്ലും !
സോളമനും സോഫിയയും ഓരോ ആലോചനകളിൽ മുഴുകി ഇരുട്ടിൽ കണ്ണുകൾ തുറന്ന് കിടന്നു.
    " നമുക്കൊരു കപ്പൂച്ചിയനച്ചനെ കൊണ്ട് വന്നാലോ?"
    " എന്തിന്?"
    " വീടിന് എന്തേലും ദോഷങ്ങളുണ്ടെങ്കിൽ.."
സോളമൻ ആലോചനയിൽ തന്നെയായിരുന്നു. സോഫിയയുടെ മനസ്സമാധാനക്കുറവ് അവളുടെ പതറിയ ശബ്ദത്തിൽ നിന്നും അയാൾ തിരിച്ചറിഞ്ഞു. അയാളതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ തിരിഞ്ഞ് കിടന്നു.     
     നേരം വെളുക്കുന്നത് വരെ സോഫിയ കണ്ണ് തുറന്ന് തന്നെ കിടന്നു.
       പിറ്റെ ഞായറാഴ്ച്ച പള്ളിയിൽ പോകാൻ നേരം എലിസബേത്ത് നാലായി മടക്കിയ ഒരു കടലാസ് പപ്പയുടെ കൈയിൽ കൊടുത്തു. വരയിടാത്ത കണക്ക് പുസ്തകത്തിൽ നിന്നും കീറിയെടുത്ത ഒരു പേജായിരുന്നു അത്. സോളമൻ അത് നിവർത്താതെ തന്നെ തിരിച്ചും മറിച്ചും നോക്കി. പിന്നെ എലിസബേത്തിന്റെ മുഖത്തേക്കും.
    " എന്താത് ?"
    " ജീസസ്സിനുള്ളതാ.."
    " ഇതിലെന്താ?"
    " പപ്പ ഇത് നേർച്ചപ്പെട്ടീല് ഇട്ടാ മതി..ജീസസ്സിനോട് പറയാനുള്ളതൊക്കെ ഞാനിതില് എഴുതീട്ട്ണ്ട്.."
സോളമൻ ചിരിച്ചു.
      ഇടവഴിയിൽ നിന്നും കയറി വന്ന എലിസബേത്തിനെ കണ്ടതും കാക്കകൾ കരയാൻ തുടങ്ങി. അവൾ വെറുതെ കോട വീണ് കിടക്കുന്ന പാടത്തേക്ക് നോക്കി. ദൂരെ നിന്നും ഒരു കുട്ടി വാസുവിനേയും കൊണ്ട് വരമ്പിലൂടെ വരുന്നത് അവൾ കണ്ടു. 
       പള്ളിയുടെ കാർ പാർക്കിങ്ങിൽ വെച്ച് സോളമൻ എലിസബേത്തിന്റെ നാലായി മടക്കിയ കത്തെടുത്ത് നിവർത്തി.
         dear Jesus..
My Kunjechi is in the grip of a devil. Jesus must save my baby sister some how. I have no one else to tell this. This is the first time I have asked you something. Please help me and save our home..
yours
aadhi…
      സോളമൻ കാറിൽ നിന്നിറങ്ങാതെ ആ കത്തുമായി കുറച്ചു നേരം അവിടെ തന്നെയിരുന്നു. പിന്നെ അയാളത് മടക്കി ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു. കുർബ്ബാന തുടങ്ങിക്കഴിഞ്ഞു. അയാളെ കാണാതെ സോഫിയ കാറിനടുത്തേക്ക് ധൃതിയിൽ നടന്ന് വന്നു.
    " എന്താ..വരുന്നില്ലേ ?"
    " വരാം..നീ പൊയ്ക്കോളൂ.."
    " എന്തേ.?"
    " നടന്നോളൂ.."
      എലിസബേത്തിന്റെ അക്ഷരങ്ങൾക്കു മീതെ അയാൾ കുറേ നേരം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. എത്തിപ്പെട്ടതോ ചെങ്കുത്തായതും വഴുക്കലുള്ളതുമായ പാറക്കെട്ടുകൾക്ക് മീതെ. അതിനപ്പുറം വെളിച്ചം തീരെ കടന്നു വരാത്ത ഒരുൾക്കാട്. മനുഷ്യവാസ യോഗ്യമല്ലാത്തത്. കരടികളും മുള്ളൻപന്നികളും വാഴുന്നയിടം.
     പോരാൻ നേരം നേർച്ചപ്പെട്ടിയുടെ അടുത്ത് സോളമൻ ഒന്ന് നിന്നു. പോക്കറ്റിൽ എലിസബേത്ത് ജീസസ്സിനെഴുതിയ കത്തുണ്ട്. 
അയാൾ തിരിഞ്ഞ് നടന്നു.
     ഞാനറിയുന്നു. പപ്പയത് വായിച്ചു നോക്കും. ഞാനത്ഭുതപ്പെടില്ല. ജൂലിയുടെ മേലേ എന്റെ കണ്ണുകൾ മാത്രം പോര. എന്റെ കണ്ണുകൾക്ക് കാണാൻ പറ്റാത്തത് ചിലപ്പോൾ പപ്പക്ക് കാണാൻ പറ്റിയെന്ന് വരും. ജീവിതം കുറെ കണ്ട കണ്ണുകളാണത്.
     മഞ്ഞിൻമറ ഉരുകിയൊലിച്ച് തീരണം. അതിന് സൂര്യന്റെ നട്ടുച്ചവെയിൽ വേണം. തീക്ഷ്ണമായ അഗ്നിച്ചൂട് വേണം. അവനാരാണ് ? അവനെ കണ്ട് പിടിച്ചേ മതിയാകൂ -
         ജൂലി ഈസിൻ ഡെയ്ഞ്ചർ..
 സോളമൻ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു. ഇരുട്ടിൽ മുറ്റത്ത് അയാൾ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു. സിഗരറ്റിന്റെ തീക്കനൽ തുമ്പിലെ വെളിച്ചം അയാളുടെ കണ്ണുകളിൽ ഇടയ്ക്ക് വന്ന് വീണു കൊണ്ടിരുന്നു.
     എലിസബേത്ത് പറയാതെ പറയുന്നതെന്താണ് ?
ഒച്ചയുണ്ടാക്കാതെ മുറിയിൽ ചെന്ന് സോളമൻ ആ കത്തെടുത്ത് വീണ്ടും വായിക്കാൻ തുടങ്ങി..
      ഒന്നും സോഫിയ അറിയരുത്.



🟥 തുടരുന്നു…


എലിസബേത്ത് -14

എലിസബേത്ത് -14

0
481

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിനാല്       തലേലെഴുത്തുകൾ എന്നാൽ എന്താണ് ? സോളമൻ സ്വയം ചോദിച്ചു. അതൊരു ഉച്ച സമയമായിരുന്നു. പുറത്ത് നഗരവും തെരുവും മനുഷ്യരും വേവുന്നുണ്ട്. ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആരും കേൾക്കാതെ വേണം. മനസ്സിൽ മാത്രം കേൾക്കാൻ പാകത്തിന്. ആൾക്കൂട്ടത്തിനിടയിൽ കണ്ണടച്ചിരുന്നും ഇരുട്ടിൽ കണ്ണുകൾ തുറന്നിരുന്നും സോളമൻ ആലോചിക്കുന്നു.       കാലം ഓരോരുത്തർക്കും ഓരോ ശിരോലിഖിതങ്ങൾ കുറിച്ചു വെക്കുന്നുണ്ട്. മായ്ച്ചു കളയാൻ പറ്റാത്തത്. കരിങ്കല്ലിൽ ചിറ്റുളി വെച്ച് കൊത്തിയുണ്ടാക്കിയത്. ദൈവത്തിന്റെ തിരുവെഴുത്തുകൾ. സോളമനും സോ