Aksharathalukal

എലിസബേത്ത് -15

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം പതിനഞ്ച്




      അഭിശപ്തമായ ജന്മങ്ങളുടെ നാരായം കൊണ്ടെഴുതിയ തലയിലെഴുത്തുകൾ. കൺമുന്നിൽ നേരിട്ട് വന്നുള്ള തിറയാട്ടങ്ങളെല്ലാം കാണാതെ വയ്യ. കാണാം.
      സോഫിയയുടെ ആയുസ്സിങ്ങനെ നീണ്ട് കിടപ്പുണ്ടല്ലൊ. ഒരമ്മയെ മകളറിയുന്നില്ല. അറിയണമെങ്കിൽ അതിന് മകൾ ഒരമ്മയാകേണ്ടിവരും. അഗ്നിയും പേറി നടക്കുന്നവളാണവൾ. സ്വയം കത്തുകയും മറ്റുള്ളവരെ കത്തിക്കുകയും ചെയ്യുന്ന അഗ്നി. പക്ഷെ ആദി അതൊന്നുമറിയുന്നില്ലല്ലൊ..!
      പ്രിൻസിപ്പൽ പറഞ്ഞത് എന്താണെന്ന് സോഫിയ ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു. തൊട്ട് മുൻപ് നടന്നതെല്ലാം ഏതോ ഒരു പൂർവ്വജന്മത്ത് നടന്നതു പോലെയാണ് സോഫിയക്ക് തോന്നുന്നത്. ശബ്ദങ്ങളും കാഴ്ച്ചകളുമെല്ലാം വർത്തുളാകൃതിയിലുള്ള ഒരു തുരങ്കത്തിനകത്തു തന്നെ. ഇരുട്ടു മൂടിക്കിടക്കുന്ന അതിനുള്ളിലെ നിഴൽ ചിത്രങ്ങളുടെ ഫോസിലുകൾ കണ്ടു പിടിക്കാനും സോഫിയക്ക് കഴിയുന്നില്ല. തലക്കുള്ളിലെ കനം തീരെ കുറഞ്ഞിട്ടില്ല. വല്ലാത്തൊരു ദാഹവും. ഒരു സമുദ്രം മുഴുവൻ കുടിച്ചു വറ്റിക്കാനുള്ള ദാഹം.
      സോഫിയ പേടിച്ചരണ്ട കണ്ണുകളോടെ തലയുയർത്തി ചുറ്റും നോക്കി. സോളമൻ അവളുടെ തൊട്ടടുത്ത് തന്നെയുണ്ട്. അയാളുടെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മുഖത്തേക്ക് സോഫിയ നോക്കിയില്ല. കുറച്ചുനേരം സോളമന്റെ കൈകളിൽ മുഖം ചേർത്ത് സോഫിയ തേങ്ങിക്കരഞ്ഞു. അയാൾ അവളുടെ നിറുകയിൽ തലോടി.
     " മിസിസ്സ് സോളമൻ ഞാൻ പറയുന്നതൊന്ന് കേൾക്കൂ..ഷീയീസ് സേഫ്. അവൾക്കൊന്നും പറ്റിയിട്ടില്ല. ബട്ട്.. കുട്ടികളെല്ലാം കൂട്ട നിലവിളിയായിരുന്നു എന്ന് മാത്രം -"
    സോഫിയുടെ നിലവിളിയിലും അബോധാവസ്ഥയിലും പ്രിൻസിപ്പലും അനുപമയും അമ്പരന്ന് പോയിരുന്നു.
    " അവൾ ക്ലാസ്സിലുണ്ട്. ഒരു കുഴപ്പവുമില്ല..."
സോഫിയക്ക് എത്രയും പെട്ടെന്ന് ആദിയെ കാണണം.
     " എലിസബേത്തിനെ കൊണ്ടു വരാൻ പറയൂ.."
പ്രിൻസിപ്പൽ ഒരു കുറിപ്പെഴുതി പിയൂണിന്റെ കൈയിൽ കൊടുത്തയച്ചു.
    " നോക്കൂ..അവളൊരു സാധാരണ കുട്ടിയല്ല. അതുകൊണ്ട് തന്നെ അവളുടെ എല്ലാ പ്രവൃത്തികളും അസാധാരണവുമാണ്. നിങ്ങളവളെ നല്ലൊരു മനശ്ശാസ്ത്രജ്ഞനെ കാണിക്കണം.."
     സോളമൻ നിശ്ശബ്ദനായി നിന്നു. സോഫിയയെക്കുറിച്ച് മാത്രമാണ് അയാളിപ്പോൾ ചിന്തിക്കുന്നത്. തൊട്ട് മുൻപ് നടന്ന സംഭവങ്ങളിൽ സോളമന്റെ മനസ്സും തകർന്ന് പോയിരിക്കുന്നു. സോളമൻ ഓർത്തു. ആദിയെക്കുറിച്ചുള്ള വേവലാതികൾ സോഫിയയുടെ ജീവന് തന്നെ ആപത്താണ്.
    " ആസ് എ പ്രിൻസിപ്പൽ ഐ ഹാവ് ലിമിറ്റ്സ് റ്റു അഫോഡ് ദീസ്. സൊ...പ്ലീസ് ഡോണ്ട് ഫീൽ ബാഡ് എബൌട്ട് മി.. യൂ ഹാവ് ബീൻ വാൺഡ്.. മീൻസ് ടേക് ഇറ്റ് ആസെ ഫൈനൽ വാണിങ്ങ്.."
     എലിസബേത്തിന്റെ കുട്ടിക്കളികൾക്ക് മേലെ ചുവന്ന മുദ്ര പതിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് സൂക്ഷ്മമായതും കൃത്യതയുളളതുമായ ചുവടു വെയ്പ്പുകൾ വേണം. കരിയിലയനക്കങ്ങൾ പോലും പതുങ്ങിയിരിക്കുന്ന ഇഴ ജന്തുക്കളല്ലെന്ന് ഉറപ്പു വരുത്തണം.
      സോഫിയയുടെ തൊട്ടു പുറകിൽ എലിസബേത്ത് വന്നു നിന്നു. എലിസബേത്തിനെ കണ്ടതും സോഫിയ അവളെ ചേർത്ത് പിടിച്ച് തേങ്ങി. എലിസബേത്ത് ഒന്നും മിണ്ടാതെ നിർവ്വികാരയായി നിന്നു. 
      കണ്ണീർ. ഇത് മാത്രമാണല്ലൊ ഞാനെന്റെ മമ്മക്ക് കൊടുക്കുന്നത്.! പപ്പയുടെ മുഖത്തേക്കും നോക്കിയില്ല. - -  
       - പപ്പാ..ഒന്നും ഞാനറിഞ്ഞ് കൊണ്ടല്ല..ഒന്നും.
      " ഞാനിവളെ കൊണ്ട് പോയ്ക്കോട്ടെ ?"
      " ഓയെസ്..ബട്ട് വിത് ദ പെർമിഷൻ ഓഫ് യുവർ ക്ലാസ്സ് ടീച്ചർ.."
      പപ്പയുടെയും മമ്മയുടെയും കൂടെ എലിസബേത്ത് വരാന്തയിൽ നിന്നും വിശാലമായ മുറ്റത്തേക്കിറങ്ങി. നടക്കുമ്പോൾ സോഫിയ അവളെ ചേർത്ത് പിടിച്ചിരുന്നു.
      ഗേറ്റിനപ്പുറത്തെത്തിയപ്പോൾ കാറിലിരുന്ന് അവളൊന്ന് തിരിഞ്ഞു നോക്കി. അന്നേരം അവളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കവിളിലേക്ക് ഒലിച്ചിറങ്ങി.
     " ഇനി ഞാൻ നല്ല കുട്ടിയാവാം പപ്പാ.."
     " പപ്പയെ നീ ഓർക്കണ്ട..പക്ഷെ നീ നിന്റെ മമ്മേനെയെങ്കിലും ഓർക്കണം.."
     കാറിനു പുറകിലേക്ക് ഓടി മറയുന്ന മരങ്ങളുടെ കാഴ്ച്ചകളിലേക്ക് നോക്കി അവളിരുന്നു. എല്ലാ കാഴ്ച്ചകളും എത്ര പെട്ടെന്നാണ് പുറകിലേക്ക് ഓടി മറയുന്നത്. എല്ലാം ഭൂതകാലത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് നിഷ്ക്കരുണം വലിച്ചെറിയപ്പെടുന്നു. കാറ്റിൽ മുടിയിഴകൾ വീണ് അവളുടെ മുഖം അന്നേരം മറഞ്ഞു കിടന്നു. 
     എലിസബേത്ത് രണ്ട് കൈകളും കൂട്ടി പിടിച്ച് മനസ്സിൽ ജീസസ്സിനെ ഓർത്തു. മുൾക്കിരീടവുമായി നെറ്റിയിൽ ചോരയൊലിപ്പിച്ച് നില്ക്കുന്ന ക്രൂശിത രൂപം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. മമ്മക്ക് ഇനിയൊരിക്കലും എന്നെയോർത്ത് കരയേണ്ടി വരില്ല മമ്മാ..ഞാൻ സത്യം ചെയ്യുന്നു.
       ഹൈവേയിലേക്ക് തിരിയുന്നിടത്ത് സോളമൻ റോഡ് സൈഡിലെ ഒരു മരത്തണലിലേക്ക് വണ്ടിയൊതുക്കി നിർത്തി.
    " മോൾക്ക് ഐസ്ക്രീം കഴിക്കണോ.?"
    " വേണ്ട..പപ്പാ.."
    " എന്നാ പിന്നെ ടൗണീ പോകാം. മോൾക്കിഷ്ടപ്പെട്ട കെഎഫ്സി കഴിക്കാം.."
    " എനിക്കൊന്നും വേണ്ട പപ്പാ."
    " കെഎഫ്സി വേണംന്ന് മോളിന്നലെ വാശി പിടിച്ചതല്ലേ.?."
    " ഒന്നും വേണ്ട പപ്പാ - "
അവൾ സോഫിയുടെ തോളിൽ തല വെച്ചു കിടന്നു. വണ്ടി ഒരു വളവ് തിരിഞ്ഞ് ബൈപാസ്സിലേക്ക് കയറി.
    " നീയവളോട് ഒന്നും ചോദിക്കാനോ പറയാനോ നിക്കണ്ട.."
രാത്രി കിടക്കാൻ നേരം സോളമൻ സോഫിയയെ ഓർമ്മിപ്പിച്ചു. സോളമൻ പറയുന്നതെല്ലാം അവൾ മൂളി കേട്ടു.
    " ആദിക്ക് നല്ല വിഷമമുണ്ട്."
    " ഉം..."
    " അവളത് പറയുന്നില്ലെന്നേയുള്ളു.."
    " ഉം..."
പിറ്റെ ദിവസം രാത്രിയിൽ ജോസ്മി എലിസബേത്തിന്റെ മുറിയിൽ ചെന്നു. വെല്ല്യേച്ചിയെ കണ്ട് അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ചു.
    " കാലിന് വേദനേണ്ടോ..നിന്റെ ?"
എലിസബേത്തിനോട് ഒന്നും ചോദിക്കേണ്ടെന്ന് പപ്പ മുൻകൂട്ടി എല്ലാവരോടും പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ജോസ്മിക്ക് സമാധാനമില്ല.
   " ഇല്ല..വെല്ല്യേച്ചി."
   " മോളെന്തിനാ ചാടീത്..?"
   " ആങ്കുട്ട്യാണേ മോളീന്ന് ചാടാൻ റോഷൻ പറഞ്ഞു."
   " മോൾക്ക് പേടിയായില്ലേ ?"
   " ഇല്ല..വെല്ല്യേച്ചീ - "
ജോസ്മിക്ക് പുറകെ ജൂലിയും ജാസ്മിനും വന്ന് അവളുടെയടുത്തായി കട്ടിലിലിരുന്നു.
    " ഈ ആങ്കുട്ട്യോളൊക്കെ പേടിത്തൊണ്ടൻമാരാ പപ്പാ. അവരൊക്കെ ശരിക്കും പെങ്കുട്ട്യോളാ.."
അപ്പോൾ വാതില്ക്കൽ വന്ന് നിന്ന സോളമനോട് അവൾ പറഞ്ഞു ചിരിച്ചു.
     ഇന്നലെ കണ്ട എലിസബേത്തല്ല ഇത്. രാത്രിയിലെ ഒരുറക്കത്തിൽ ഉറക്കി കളഞ്ഞത് അവളുടെ ഇന്നലെകളും കൂടിയായിരുന്നു. 
     സോഫിയ അടുക്കളയിലുണ്ട്. സോളമൻ അടുക്കളയിലേക്ക് ചെന്നു. പുറകിലൂടെ സോഫിയയുടെ തോളിൽ കൈയിട്ട് തനിക്കു നേരെ തിരിച്ചു നിർത്തി. 
    " സോഫീ..നമുക്ക് ജനിച്ചത് ഒരാൺകുട്ടിയാ. നമ്മുടെ മോഹം പോലെത്തന്നെ."
   " പക്ഷെ ശരിക്കും അവളൊരു പെൺകുട്ടിയാ..അത് മറക്കണ്ട."
   " നീയൊന്ന് പേടിക്കാതിരി..!"
   " ഞാനൊരമ്മയാണ്. ചില്ലറയല്ല എൻ്റെ പേടി.."
   " കുറച്ചൂടെ വലുതാവുമ്പോ എല്ലാം ശരിയാവും.."
   " നമുക്കവളെ നല്ലൊരു മന:ശാസ്ത്രജ്ഞനെ കാണിക്കണമെന്ന് ഞാനെത്ര നാളായി പറയുന്നു - "
     പിന്നേയും സോഫിയ എന്തൊക്കെയോ പറയുന്നുണ്ട്. അവളുടെ അക്ഷരങ്ങളായിരിക്കണം ജമന്തിപ്പൂക്കൾ പോലെ അടുക്കളയുടെ ഒരു കോണിൽ നനഞ്ഞു വാടി കിടക്കുന്നുണ്ട്. കണ്ണുനീർത്തുള്ളികളായിരിക്കണം ജനൽ വഴി കടന്ന് പുറത്തെ കാറ്റിലേക്ക് അലിഞ്ഞ് ചേർന്നത്.
       ഒരു ദിവസം ഇന്റർവെല്ലിന് വരാന്തയിൽ കാത്ത് നില്ക്കുന്ന ആഷിക്കിനെ എലിസബേത്ത് കണ്ടു. രണ്ട് മൂന്ന് ദിവസമായി അവൻ അവളെ കാണാൻ ശ്രമിക്കുന്നു. സ്കൂൾ മുഴുവൻ എലിസബേത്തായിരുന്നു സംസാര വിഷയം. ആദ്യം കേട്ടപ്പോൾ അവനും പേടിച്ചു.
     " വലിയ ചാട്ടക്കാരിയായെന്ന് കേട്ടു.."
അവൾ നിന്നു.
     " ഞാൻ പറഞ്ഞാലും ചാടുമോ ?"
കണ്ണുകളിൽ അവൻ സ്നേഹം നിറച്ചു. പതിഞ്ഞ ശബ്ദമായിരുന്നു അവന്റെ. തൂണിന്റെ അരികിലേക്ക് അവനൊതുങ്ങി നിന്നു. അവളും.
     " ഉം...പറ. എവിടെ നിന്ന് ചാടണം? "
     " ഞാൻ പറയില്ല.."
     " അതെന്താ ?"
     " ചെലപ്പൊ..നീ ചാടിയാലോ. ഇനീം പേടിക്കാൻ വയ്യ - "
അവൾ ചിരിച്ചു. അവനും. കുറച്ചുനേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല. ഇപ്പോൾ അവരെ വന്ന് പൊതിയുന്നത് ഒരു നേർത്ത തണുത്ത കാറ്റ്. 
      ദിവസങ്ങൾ കഴിയുന്തോറും സോളമൻ കൂടുതൽ അസ്വസ്ഥനായി വന്നു. എലിസബേത്ത് അയാൾക്ക് ഒരസ്വസ്ഥതയായിരുന്നില്ല.. പക്ഷെ ജൂലി ?    
      എലിസബേത്തെഴുതിയ ചുവന്ന അക്ഷരങ്ങളിലൂടെ അയാൾ വീണ്ടും കൈവിരൽത്തുമ്പുകളോടിച്ചു. പിന്നെ കസേരയിൽ നിന്നെഴുന്നേറ്റ് സോളമൻ ചുറ്റുമൊന്ന് നോക്കി. സോഫിയ അടുക്കളയിലാണ്. 
      അയാൾ പതുക്കെ ഗോവണി കയറി ജൂലിയുടെ മുറിയുടെ വാതിലിന് മുൻപിൽ വന്ന് നിന്നു.
അകത്ത് ആരോ ഉണ്ട്.
ജൂലി ഇതുവരെ എത്തിയിട്ടില്ലല്ലൊ.! 
സോളമൻ ശ്വാസം പിടിച്ചു. പിന്നെ പതുക്കെ പാളികൾക്കിടയിലൂടെ അകത്തേക്ക് നോക്കി.
എലിസബേത്ത് -
       

🟥 തുടരുന്നു…


എലിസബേത്ത് -16

എലിസബേത്ത് -16

0
565

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിനാറ്           തീരെ വലിപ്പം കുറഞ്ഞൊരു മുറി. ചുമരുകളിൽ അടിച്ചിരുന്ന പഴകിയ ഇളം നീല ഡിസ്റ്റമ്പർ പെയിന്റ് അങ്ങിങ്ങായി അഴുക്ക് പിടിച്ച് നിറം മങ്ങി ഇരുണ്ടിരിക്കുന്നു. നീളത്തിലുള്ള തീരെ വീതി കുറഞ്ഞ ഒട്ടു മുക്കാലും ചിതൽ തിന്ന് തീർത്ത മരത്തിന്റെ രണ്ട് ജനലുകൾ. വിജാഗിരികൾ ഇളകി നേരാംവണ്ണം അടക്കാൻ പറ്റാത്ത അതിന്റെ വിടവുകളിലൂടെ കടലിൽ ചായുന്ന സൂര്യന്റെ മഞ്ഞ വെളിച്ചം മുറിക്കകത്തെ തറയോടുകളിൽ തെളിച്ചമുള്ള നിഴലുകളായി നീളത്തിൽ വീണ് കിടക്കുന്നുണ്ട്.         ജനലിന് തൊട്ടടുത്തായി മരത്തിന്റെ തന്നെ ചെറിയൊരു അലമാരയുണ്ട്.