Aksharathalukal

എലിസബേത്ത് -17

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം പതിനേഴ്




      എലിസബേത്തിന് ഒരു സിഗരറ്റ് വലിക്കണം. നാസാരന്ധ്രങ്ങളിൽ അതിന്റെ ഗന്ധമറിയണം. പപ്പയോടല്ലാതെ അവൾക്ക് പറയാൻ മറ്റാരുമില്ല. സോളമന്റെ മറുപടിക്ക് വേണ്ടി അവൾ കാത്തിരുന്നു.
       " സിഗരറ്റ് മാത്രമാക്കണ്ട..ഒരു കുപ്പി കളള് കൂടെ വാങ്ങിച്ച് കൊട്..മോൾക്ക്."
       വാതിൽപ്പടിയിൽ നിന്ന് സോഫിയ എലിസബേത്തിനെ തറച്ചു നോക്കി. സോഫിയ വന്ന് നിന്നത് എലിസബേത്തോ സോളമനൊ അറിഞ്ഞില്ല. മമ്മയറിയരുതെന്ന് അവൾ കരുതിയിരുന്നു.
     മമ്മക്ക് ഈ രാത്രിയിലെ ഉറക്കം പോകാൻ ഇനിയിത് മതി. ചോദ്യങ്ങളും പരാതികളുമായി പപ്പ കഷ്ടപ്പെടും. എല്ലാറ്റിന്റെയും അവസാനം കരച്ചിലും -
എലിസബേത്ത് പോകാനായി എണീറ്റു.
       ഒരു ദിവസം പോലും ഇവളൊരു മനസ്സമാധാനം തരുന്നില്ലല്ലോയെന്ന് സോഫിയ വേവലാതിപ്പെട്ടു. ഓരോ ദിവസവും ഓരോ തലവേദനകളുമായിട്ടാണ് എലിസബേത്തിന്റെ ദിവസങ്ങളെല്ലാം അവസാനിക്കുന്നതെന്നും അവളോർത്തു. 
     " ഇതെന്ത് സ്വഭാവാ..ആദീ നിന്റെ ?"
സോഫിയയുടെ പുറകിൽ വാതില്പടിയിൽ ജോസ്മി നില്പുണ്ടായിരുന്നു.
     " ആങ്കുട്ട്യോൾക്ക് സിഗരറ്റ് വലിക്കാം.."
മുഖത്ത് നോക്കിയില്ല.
     " അതിന്..നീയ് ആങ്കുട്ട്യാ ?"
     " അതെ..ഞാനാങ്കുട്ട്യാ."
     വെല്ല്യേച്ചിയോട് ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല. മനസ്സിലേക്ക് കുറ്റബോധത്തിന്റെ ഒരു കയ്പ്പ് ഇറങ്ങി വന്നു. എലിസബേത്ത് പിന്നെയൊന്നും മിണ്ടാതെ തലകുനിച്ച് പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങിപ്പോയി. അവൾ പോയതിന് ശേഷം കുറച്ചു സമയം അവിടം നിശ്ശബ്ദമായിരുന്നു. പിന്നെ ജോസ്മിയും അവളുടെ മുറിയിലേക്ക് പോയി.   
       കിടക്കുമ്പോൾ സോളമന്റെ കൈത്തലമെടുത്ത് സോഫിയ അവളുടെ നെഞ്ചിലേക്ക് വെച്ചു. വേദനിപ്പിക്കുന്ന മിടിപ്പുകൾ നിറഞ്ഞതായിരുന്നു അന്നേരം അവളുടെ നെഞ്ച്. അയാളത് തിരിച്ചറിഞ്ഞു. സോളമൻ കൈ പിൻവലിക്കാതെ അവിടെ തന്നെ വെച്ചു.
    " ഇവളിങ്ങനെ തൊടങ്ങ്യാ..എന്തു ചെയ്യും ഇച്ചായാ? "
    " ഇങ്ങനെ വിഷമിക്കാതെ..എല്ലാറ്റിനും ഞാനില്ലേ കൂടെ."
      ഈ മറുപടി. അവളത് പ്രതീക്ഷിക്കുന്നുണ്ട്. താൻ കൂടി നിശ്ശബ്ദനായാൽ അവളേറെ വേദനിക്കും. ഈ മറുപടികളാണ് സോഫിയക്കിപ്പോൾ ആകെയൊരു പിടിവളളി. അവളുടെ ഹൃദയത്തിലേക്കിറങ്ങി വരുന്ന ഈ ശാന്തമായ തണുത്ത കാറ്റോ..? നെഞ്ചോരം ചേർന്നുളള ഈ കിടപ്പിൽ നിന്നും കിട്ടുന്നത് -
      ആഷിക്കിനെ കാണണം. 
പിറ്റെ ദിവസം സ്കൂൾ വിട്ട നേരം എലിസബേത്ത് ആഷിക്കിനെ കാത്ത് നിന്നു. പതിവ് പോലെ സൈക്കിൾ ഷെഡ്ഡിനടുത്തുള്ള ബദാമിന്റെ ചുവട്ടിൽ അവനെ കണ്ടില്ല. കണ്ണുകൾ അവനെ പരതി. അവന്റെ സൈക്കിളെവിടെ ? 
       അല്പം കഴിഞ്ഞപ്പോൾ അവൻ വരാന്തയിലൂടെ നടന്ന് വരുന്നത് എലിസബേത്ത് കണ്ടു. അവൾ അവനടുത്തേക്ക് നടന്ന് ചെന്നു. അടുത്തെത്തിയപ്പോൾ തീരെ പതുങ്ങിയ ശബ്ദത്തിൽ ഒരു സ്വകാര്യം പോലെ അവൾ ചോദിച്ചു.
        " ഇനിക്ക് ഒരു കാര്യം വാങ്ങിത്തരുമോ ?"
        " എന്താ?"
     എലിസബേത്തിനെ അടുത്ത് കണ്ടിട്ട് ഏറെ ദിവസങ്ങളായി. ഇതിനിടയിൽ ഒന്നു രണ്ട് വട്ടം കണ്ടപ്പോഴൊക്കെ അവൾ ഒരു പുഞ്ചിരി മാത്രം തന്ന് പോവുകയായിരുന്നു. 
     എന്തായിരിക്കും? അവന്റെ മുഖത്ത് ഒരു പ്രകാശം വീണു. നെറ്റിയിൽ വീണ് കണ്ണുകൾ മറച്ച നീണ്ട് ചുരുണ്ട മുടിയിഴകൾ അവൻ ചെവിക്ക് പുറകിലേക്ക് തിരുകി വെച്ചു. അവനാകാംക്ഷയോടെ എലിസബേത്തിന്റെ കണ്ണുകളിലേക്ക് നോക്കി.
     " നീയെപ്പോഴെങ്കിലും സിഗരറ്റ് വലിച്ചിട്ടുണ്ടോ ?"
     " ഇല്ല.."
     " നമുക്കൊരു സിഗരറ്റ് വലിച്ചാലോ ?"
      നടക്കുന്നതിനിടയിൽ തീരെ സ്വകാര്യം പോലെയാണ് അവളത് ചോദിച്ചത്. അങ്ങനെ ചോദിക്കാനെന്നോണം അവനോട് തീരെ ചേർന്നാണ് അവൾ നടന്നിരുന്നതും. അവളുടെ മിനുസമാർന്ന കൈകൾ പലപ്പോഴും അവന്റെ ദേഹത്ത് മുട്ടിയുരുമ്മി. 
      അവനൊന്ന് നിന്നു. അപ്രതീക്ഷിതമായ ചോദ്യത്തിൽ അവനവളെ അത്ഭുതത്തോടെ നോക്കി. ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. വലിക്കണമെന്ന് തോന്നിയിട്ടുമില്ല.
       അവൻ ചിരിച്ചു. ഒരു തരം തലതിരിഞ്ഞ ഇഷ്ടങ്ങൾ. ഈ ഇഷ്ടം അവന് തള്ളിക്കളയാനാവില്ല. പക്ഷെ അവനെ അലട്ടിയ പ്രശ്നം അതൊന്നുമായിരുന്നില്ല. സിഗരറ്റ് എങ്ങനെയെങ്കിലും വാങ്ങാം. പക്ഷെ ആരും കാണാതെ വലിക്കാനുള്ള ഒരു സ്ഥലമെവിടെ ? എലിസബേത്ത് തന്നെയാണ് അതിനുത്തരവും കണ്ടുപിടിച്ചത്.
     " നമുക്ക് മൈതാനത്തിനപ്പുറത്തുള്ള മോട്ടോർ ഷെഡ്ഡിന്റെ മറയിലേക്ക് പോകാം."
       സ്കൂൾ ഗ്രൗണ്ടിനുമപ്പുറത്ത് മതിലിനോട് ചേർന്ന് ഒറ്റപ്പെട്ട് കിടക്കുന്ന മോട്ടോർ ഷെഡ്ഡ് അവനറിയാം. അങ്ങിങ്ങായി നിറയെ തീരെ ചെറിയ പൊന്തക്കാടുകൾ വളർന്ന് നില്ക്കുന്ന ഒരൊഴിഞ്ഞ സ്ഥലം. തോട്ടക്കാരൻ ജാഫർ മാത്രം ഇടക്കിടക്ക് അങ്ങോട്ട് പോകുന്നത് ആഷിക്ക് കണ്ടിട്ടുണ്ട്. കരിയിലകൾ വീണ് കിടക്കുന്ന അവിടം കുട്ടികൾക്ക് തീരെ പ്രവേശനമില്ലാത്ത ഒരു സ്ഥലമാണ്. അത് മതിയെന്ന അർത്ഥത്തിൽ അവൻ തലയാട്ടി.
    " വാങ്ങിയിട്ടുണ്ട്.."
പിറ്റെ ദിവസം ഇന്റർവെല്ലിന് ബാത്റൂമിനപ്പുറത്തെ വരാന്തയിൽ വെച്ച് എലിസബേത്തിനെ കണ്ടപ്പോൾ ആഷിക്ക് പറഞ്ഞു. കൂട്ടുകാരികളെ മാറ്റി നിർത്തി എലിസബേത്ത് അവനടുത്തേക്ക് ചെന്നു. തൊട്ടപ്പുറത്തെ സിമന്റ് തൂണിന്റെ മറവിലേക്ക് അവരൊതുങ്ങി നിന്നു.
    " ഉവ്വോ..?"
കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.
    " ലഞ്ച് കഴിഞ്ഞ് അങ്ങോട്ട് വന്നാൽ മതി. ഞാനവിടെയുണ്ടാവും."
    " ആരേം കൂട്ടണ്ട..നീയൊറ്റക്ക് മതി."
    " ഉം -"
       ഉച്ചക്ക് എലിസബേത്ത് ലഞ്ച് കഴിക്കാൻ നിന്നില്ല. വയറ് കാലിയാണ്. നല്ല വിശപ്പുമുണ്ട്. പക്ഷെ ഗ്രൗണ്ടിൽ കുട്ടികളെത്തുന്നതിന് മുൻപെ അവിടം കടക്കണം. 
     കൂട്ടുകാരികളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറി അവൾ മൈതാനത്തിനുമപ്പുറത്തെ അരയാലിനടുത്തേക്ക് നടന്നു.    
       ഒരു നിമിഷം അവളൊന്ന് നിന്നു. ലഞ്ച് കഴിഞ്ഞ് കുട്ടികൾ മൈതാനത്തേക്ക് വന്ന് തുടങ്ങിയിട്ടില്ല. ഇനി ലഞ്ച് ബ്രേക് കഴിഞ്ഞ് കുട്ടികളെല്ലാം മൈതാനത്ത് നിന്നും പോയതിന് ശേഷമേ ഇങ്ങോട്ട് വരാനും കഴിയൂ.
     അരയാലിന്റെ തൂങ്ങിക്കിടക്കുന്ന വേരുകളുടെ മറയിൽ അല്പസമയം അവൾ നിന്നു. ആരും കാണുന്നില്ലെന്നുറപ്പു വരുത്തി കുറ്റിക്കാടുകളുടെ മറപറ്റി അവൾ ധൃതിയിൽ മോട്ടോർ ഷെഡ്ഡിനെ ലക്ഷ്യമാക്കി നടന്നു. 
       ദൂരെ നിന്നും നടന്നു വരുന്ന എലിസബേത്തിനെ ആഷിക്ക് കണ്ടു. അവന്റെ ഹൃദയമിടിപ്പ് കൂടി. തൊണ്ട വരളുന്നത് അവനറിഞ്ഞു. ആരെങ്കിലും കണ്ടാൽ മതി. തീർന്നു. അതും ഒരു പെൺകുട്ടിയുടെ കൂടെ. അവന് ശ്വാസം മുട്ടി.
    " നിനക്ക് പേടി തോന്നുന്നില്ലേ ?"
അവളടുത്തെത്തിയപ്പോൾ ഒരു പരിഭ്രമിച്ച മുഖത്തോടെയാണ് അവൻ ചോദിച്ചത്. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി ചിരിച്ചു. 
    " വരുന്നത് ആരേലും കണ്ടിരുന്നോ ?"
    " ഇല്ല.."
ഭയം അവനാണ്. അത് കണ്ടപ്പോൾ അവൾ വീണ്ടും ചിരിച്ചു.
       " എവിടെ..? കാണട്ടെ."
     എലിസബേത്തിന് ആകാംക്ഷയായി. കൈത്തലം കൊണ്ട് അവൾ മുഖത്തെ വിയർപ്പ് തുടച്ചെടുത്തു. പിന്നെയവൾ വെറുതെയൊന്ന് ചുറ്റും നോക്കി മോട്ടോർ ഷെഡ്ഢിന്റെ ചുമരിനടുത്തേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു. കൂടെ അവനും.
      യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും നീണ്ട് വെളുത്ത രണ്ട് സിഗരറ്റുകൾ അവൻ പുറത്തെടുത്തു. അതിലൊരെണ്ണം അവനവൾക്ക് നേരെ നീട്ടി. മറ്റൊരെണ്ണം അവനെടുത്ത് ചുണ്ടിൽ വെച്ചു.
      ആദ്യമായാണ് എലിസബേത്ത് ഒരു സിഗരറ്റ് കൈകൾ കൊണ്ട് തൊടുന്നത്. അവളത് വിരലുകൾക്കിടയിൽ വെച്ച് തിരിച്ചും മറിച്ചും നോക്കി ആസ്വദിച്ചു. മൂക്കിന് താഴെ പിടിച്ച് മണത്തു നോക്കി. ഇതുവരെ അവളുടെ നാസാരന്ധ്രങ്ങൾക്ക് തീരെ പരിചിതമല്ലാത്ത ഒരു മണം. പുകയിലയുടെ പുതുമണം. 
    " എങ്ങനെ കത്തിക്കും?"
യൂണിഫോമിന്റെ മറ്റൊരു പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന തീരെ ചെറിയൊരു തീപ്പെട്ടി അവൻ പുറത്തെടുത്തു. അവൾ ചുണ്ടുകൾക്കിടയിൽ സിഗരറ്റ് വെച്ച് അവനെ നോക്കി ഒന്ന് ചിരിച്ചു. ആദ്യം അവൻ അവളുടെ സിഗരറ്റിന് തീപിടിപ്പിച്ചു. പിന്നെ അവനും.
     വെളുത്ത പുകച്ചുരുളുകൾ തൊണ്ടയിലൂടെ അവളുടെ ശൂന്യമായ ആമാശയത്തിലേക്കിറങ്ങിച്ചെന്നു. നിയതരൂപങ്ങളില്ലാത്ത ഒരു പ്രേതാത്മാവിനെപ്പോലെ അതവിടെ വട്ടം കറങ്ങിയലഞ്ഞു. പിന്നയത് വായിലൂടെയും നാസാരന്ധ്രങ്ങളിലൂടെയും തിരിച്ചിറങ്ങി വായുവിന്റെ പൊടിപിടിച്ച് മുഷിഞ്ഞ വിശാലതകളിലേക്ക് അലിഞ്ഞ് ചേർന്നു.
       സിഗരറ്റിന്റെ മദിപ്പിക്കുന്ന ഗന്ധം എലിസബേത്ത് ആവോളം വലിച്ചെടുത്ത് നാസാരന്ധ്രങ്ങളിൽ തന്നെ അടരുകളായി സൂക്ഷിച്ചു വെച്ചു. ഒരിക്കലും നഷ്ടപ്പെടാതിരിക്കാനെന്നവണ്ണം. ഈ ഗന്ധം എനിക്കാവശ്യമുണ്ട്.
      " ആഷിക്ക്..എനിക്ക് തല കറങ്ങുന്നത് പോലെ തോന്നുന്നു.."
      " സാരല്ല്യ..ആദ്യായിട്ടല്ലെ - "
അവൾ ചുമരിൽ ചാരി. 
      സമുദ്രങ്ങൾ മനസ്സിനകത്തേക്ക് പറയാതെ കയറി വന്നു. കണ്ണുകളിലെ ഇരുട്ടിൽ നിന്നും അവ്യക്തമായ നിഴൽരൂപങ്ങൾ ഇറങ്ങി വന്ന് അവൾക്ക് കാവൽ നിന്നു. അന്നേരം തന്നെ അവളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ വീണു. പക്ഷെ, നക്ഷത്രങ്ങൾ ഒന്ന് മിന്നിയതിന് ശേഷം കണ്ണുകൾ ചിമ്മി സാവധാനം എന്നേക്കുമായി ഇമകളടച്ചു. 
        ശരീരം തളർന്ന ഒരു താമരത്തണ്ട് പോലെ വാടുകയാണ്. ശിരസ്സ് നേരെ നില്ക്കാനാവാതെ മാറിലേക്ക് കുനിഞ്ഞു. കൺപോളകൾ കൂമ്പിയടഞ്ഞു. വരണ്ട തൊണ്ടക്ക് ഒരിറ്റ് തണുത്ത വെള്ളത്തുള്ളി വേണം..വെള്ളം..നാവിൽ എലിസബേത്തിന്റെ അക്ഷരങ്ങൾ കുഴഞ്ഞു..
       അവൾ സാവധാനം ആഷിക്കിന്റെ ദേഹത്തേക്ക് ചാഞ്ഞു. താഴെ വീഴാതിരിക്കാനായി അവനവളെ നെഞ്ചിൽ ചേർത്തു പിടിച്ചു. വായിലുണ്ടായിരുന്ന ഒരു കവിൾ പുക അവന്റെ തൊണ്ടയിൽ അന്നേരം കുരുങ്ങി. അവനൊന്ന് ചുമച്ചു. ചുമയിൽ അവന് ശ്വാസം മുട്ടി. കണ്ണുകളിൽ നീർ പൊടിഞ്ഞു. 
      തൊട്ടടുത്ത് കരിയിലകളനങ്ങി.
അവൻ കാതോർത്തു. പുറകിൽ ആരോ വന്ന് നില്ക്കുന്നുണ്ട്. പെട്ടെന്നവൻ തിരിഞ്ഞ് നോക്കി. തോട്ടക്കാരൻ ജാഫർ.
ജാഫറിന് പുറകിൽ കുറച്ച് മാറി നില്ക്കുന്ന മിസ്സ് ക്ലിയോപാട്രയെ കണ്ട് അവൻ വീണ്ടുമൊന്ന് ഞെട്ടി.
വൈസ് പ്രിൻസിപ്പൽ..
     നെഞ്ചിൽ പറ്റിച്ചേർന്ന് തളർന്ന് കിടക്കുന്ന എലിസബേത്തിനെയും മിസ്സിനേയും ആഷിക്ക് മാറി മാറി നോക്കി.
          

🟥 തുടരുന്നു…


എലിസബേത്ത് -18

എലിസബേത്ത് -18

0
465

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിനെട്ട്        നോക്കെത്താ ദൂരം വരെ നീണ്ട് വിശാലമായി കിടക്കുന്ന മണൽപ്പരപ്പ്. ഒരു മണലാഴി. എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന ചൂടുകാറ്റിൽ ചാരം കലർന്ന മങ്ങിയ വെളുത്ത നിറമുള്ള മണൽത്തരികളുയർന്നു പൊങ്ങി കടൽത്തിരകൾ പോലെ മണലാഴിയിൽ പല തട്ടുകളായി ഉയർന്നും താഴ്ന്നുമുള്ള മടക്കുകൾ വീഴ്ത്തി. പെൺശരീരത്തിന്റെ മാംസം ഞൊറിഞ്ഞിട്ട അലുക്കുകൾ പോലെ തീക്ഷ്ണമായ വെയിലിൽ അതങ്ങനെ വിശാലമായി പരന്ന് കിടന്നു.       ഒരീന്തപ്പനയുടെ ചുവട്ടിലിരിക്കുന്ന അവന്റെ അടുത്തേക്ക് എലിസബേത്ത് നടന്ന് വരുമ്പോൾ അവളുടെ കൈയിൽ അവനായി കരുതി വെച്ച ഒരു പോമല