Aksharathalukal

എലിസബേത്ത് -19

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം പത്തൊൻപത്


           

       സോളമൻ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു. 
അയാൾ വണ്ടി പുറകോട്ടെടുത്തു. എലിസബേത്ത് ഇരിക്കുന്ന ഇടതു വശത്തെ ഡോറിന്റെ ഗ്ലാസ്സ് അയാൾ താഴ്ത്തി വെച്ചു. അയാൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കലങ്ങിയ കണ്ണുകൾ കാറിൽ കയറാൻ നേരം കണ്ടതാണ്. ഇനി വേണ്ട.
      അവൾ പുറത്തേക്ക് നോക്കിയിരുന്നു. ദൂരെ ഒരു നിഴൽ. നീണ്ട മുടിയിഴകൾ വീണ് പാതി മറഞ്ഞ ഒരു മുഖം. ഇല്ല..   
       കളിക്കൂട്ടുകാരോ കളിക്കളങ്ങളോ നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ഒരു മനസ്സ് ബദാമിന്റെ ചുവട്ടിൽ വീണു കിടക്കുന്ന മഞ്ഞ നിറമുള്ള ഒരിലയിൽ അവൾ കണ്ടു. പുറകിലേക്ക് തിരിഞ്ഞ് നോക്കിയാൽ വീണ്ടും ചില ചിത്രങ്ങൾ അവൾക്ക് കാണാം -
    " ആരെയാ കാത്തു നില്ക്കുന്നെ ?"
    " ആരെയുമില്ല - "
വിശ്വസിച്ചില്ല. അവൾക്കറിയാം. അവന്റെ കണ്ണുകളത് പറയാതെ പറയുന്നുണ്ട്.
    " പിന്നെ ? "
    " സത്യം."
വിശ്വസിച്ചതു പോലെ അവൾ ചിരിച്ചു. 
    " ബസ്സിന്റെ സ്പീഡ് എന്തായാലും സൈക്കിളിന് കിട്ടില്ല. വഴിയിൽ വീണ് കിടക്കണ്ട. വഴീന്ന് കിട്ടിയ ഒരു കൂട്ടുകാരനെ വഴീല് ഉപേക്ഷിക്കാനും വയ്യല്ലൊ - "
     പോകാൻ നേരം അവൾ വീണ്ടും ചിരിച്ചു.
    " അപ്പൊ..വഴീന്ന് കിട്ടീതാണോ എന്നെ ?"
പതിനാലാം നമ്പർ ബസ്സ് വന്ന് നിന്നു. അവൾ അതെയെന്ന് മൂളി. അവന്റെ കണ്ണുകളിലെ തെളിച്ചം മങ്ങിയോ ?
    " കാര്യായിട്ടാ ?"
    " അതെ. വഴീന്ന് കിട്ടിയ നിധി - "
ബസ്സിലിരുന്ന് തിരിഞ്ഞു നോക്കിയപ്പോഴും അവൻ അതേ നില്പ് തന്നെ. അവൻ കൈ വീശി. അവളും. ഇന്നെന്താ.. മറന്നു പോയോ പുറകെ വരാൻ -
      കാർ മുന്നോട്ട് നീങ്ങി. 
 ഓർക്കാനെന്തൊക്കെ! കാറ്റ് വന്നു പറഞ്ഞതും, ഇലകൾ വന്ന് പറഞ്ഞതുമൊക്കെയായി..
    എലിസബേത്ത് കണ്ണുകൾ തുടച്ചു.
     " ഞാനൊരു തെറ്റും ചെയ്തില്ല.. പപ്പാ.."
     " അറിയാം. കുറെ രാത്രികൾ നീയീ നെഞ്ചിന്റെ ചൂടിൽ കിടന്നുറങ്ങിയിട്ടുണ്ട്..അന്നേയറിയാം, നിന്നെ - "
    അയാൾ ചിരിച്ചു.
 സോളമന് സോളമന്റെ മകളെയറിയില്ലെങ്കിൽ പിന്നെ ആർക്കറിയാം.? തിരികെ ചെല്ലുമ്പോൾ സോഫിയയോട് എന്ത് പറയും ? അയാളുടെ ഉത്കണ്ഠ അത് മാത്രമായിരുന്നു. തീരെ ചെറിയ കാരണങ്ങൾക്ക് പോലും ഉറക്കം നഷ്ടപ്പെടുത്തുന്നതാണവൾ. ഈയിടെയായി അവളുടെ ആരോഗ്യവും മോശമാണ്. ഇൻസോമ്നിയ അവളെ വല്ലാതെ അലട്ടുന്നുണ്ട്. എല്ലാവരുമുറങ്ങുമ്പോൾ ഒരാൾ മാത്രം ഇരുട്ടിലേക്ക് കണ്ണുകൾ തുറന്ന് പിടിച്ച് കിടക്കുന്നത് ഭീകരമാണ്. സോളമൻ നെറ്റിയിലെ വിയർപ്പ് ഒരു ക്ലീനെക്സിൽ തുടച്ച് കളഞ്ഞു.
     " മോളാരെയാ അന്വേഷിക്കുന്നേ ?"
     " ഒന്നുമില്ല പപ്പാ."
     " ആഷിക്കിനെയാണോ ?"
      ആണെന്നോ അല്ലെന്നോ എലിസബേത്ത് പറഞ്ഞില്ല. മനസ്സിന്റെ നിഗൂഢ ഭാഷ വായിച്ചെടുക്കാൻ പപ്പ ചിലപ്പോൾ പഠിച്ച് കാണണം. എന്തോ ആലോചിച്ച് അവൾ പപ്പയുടെ മുഖത്തു നോക്കി ചിരിച്ചെന്ന് വരുത്തി. പക്ഷെ സോളമനത് കണ്ടില്ല.
     " കാത്ത് നില്ക്കണോ?"
     " വേണ്ട പപ്പാ..പോകാം."
       കാത്ത് നിന്ന് കണ്ടാൽ തന്നെയും എന്താണ് പറയാനുള്ളത്.? ഒന്നുമില്ല. വെറുതെ കാണാമെന്ന് മാത്രം. പോവുകയാണെന്ന് നിശ്ശബ്ദമായി മനസ്സിൽ പറഞ്ഞ് തല കുലുക്കി യാത്ര ചോദിക്കാം. വെറുക്കരുതെന്ന്‌ കണ്ണുകൾ കൊണ്ട് അപേക്ഷിക്കാം. 
     ഇനിയെന്നെങ്കിലും അവനെ കാണുമോ? 
     സോളമൻ ഒന്നും മിണ്ടാതെ ഗിയർ മാറ്റി. 
    " കാറ് നിർത്ത് പപ്പാ..എന്റെ ക്ലാസ്സ് ടീച്ചറാണ്.."
      സിസ്റ്റർ അനുപമ അവരുടെ കാറിനടുത്തേക്ക് തിടുക്കത്തോടെ നടന്ന് വരുന്നത് എലിസബേത്ത് കണ്ടു. അനുപമ കാറിനടുത്തേക്ക് എത്തുന്നതിന് മുൻപേ എലിസബേത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങി നിന്നു. സോളമനും പുറത്തിറങ്ങി ഡോറിൽ ചാരി നിന്നു. 
     " എന്റെ മോളേ..!"
     ആർദ്രവും നനവുള്ളതുമായിരുന്നു അനുപമയുടെ ശബ്ദം.. അനുപമ എലിസബേത്തിനെ കെട്ടിപിടിച്ചു. അവളും അവളുടെ കുഞ്ഞിക്കൈകൾ അനുപമയുടെ ദേഹത്ത് ചുറ്റി.
അനുപമ അവളുടെ മുഖം രണ്ട് കൈകളിലും കോരിയെടുത്തു. നിറുകയിൽ ചുണ്ടുകൾ ചേർത്തു. പപ്പ കഴിഞ്ഞാൽ പിന്നെ എലിസബേത്തിനെ മനസ്സിലാക്കിയിട്ടുള്ളത് അനുപമ മിസ്സാണെന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 
     അനുപമ സോളമനെ നോക്കി ചിരിച്ചു.
     " പപ്പയാണല്ലേ ?"
     " അതെ -"
     " എലിസബേത്തിന്റെ മമ്മയെ കണ്ടിട്ടുണ്ട്.."
സോളമൻ ചിരിച്ചതേയുള്ളു. ഒന്നും പറയാനില്ലാതെ മൂന്ന് പേരും അല്പനേരം നിശ്ശബ്ദരായി. ബദാമിന്റെ ഒന്നുരണ്ട് മഞ്ഞ നിറമാർന്ന പഴുത്ത ഇലകൾ അവരുടെ ഇടയിലേക്ക് പൊഴിഞ്ഞ് വീണു.
       മണിയടിച്ചു.
      ഇന്റർവെല്ല് കഴിഞ്ഞെന്ന് തോന്നുന്നു. 
      " പോട്ടെ.."
      അനുപമ തലയാട്ടി യാത്ര ചോദിച്ചു. പിന്നെ എലിസബേത്തിന്റെ രണ്ട് കൈകളും കൂട്ടി പിടിച്ചു. 
      " നന്നായി പഠിക്കണം..മിടുക്കിയാവണം."
      " ഉം.."
അവൾ മുഖമുയർത്താതെ മൂളി.
      " രണ്ട് കൈകളിലും വളകളിടണം. കണ്ണെഴുതണം.."
      " ഉം.."
      " പഠിപ്പൊക്കെ കഴിഞ്ഞ് വലിയ പെണ്ണായി ഭർത്താവും കുട്ടികളുമൊക്കെയായി ഒരു ദിവസം മിസ്സിനെ കാണാൻ വരണം.."
      " ഉം.."
       ശബ്ദം പുറത്ത് കേൾപ്പിക്കാതെ എലിസബേത്ത് കരഞ്ഞു. ഹൃദയം കവിഞ്ഞ ഒരു തേങ്ങലിൽ ചുണ്ടുകൾ വിതുമ്പി.     
        തിരിഞ്ഞ് നടക്കാൻ നേരം അനുപമ സോളമനെ നോക്കി. അനുപമയുടെ നനവാർന്ന കണ്ണുകളിലേക്ക് നോക്കാതെ അയാൾ മനപ്പൂർവ്വം മിഴികൾ താഴ്ത്തി. 
      " ഈ മകൾ നിങ്ങളുടെ ഭാഗ്യമാണ്. ഒരുപാട് കഴിവുകളുള്ളവൾ. നിങ്ങളതറിയാതെ പോകരുത്.."
      വരാന്തയിലേക്ക് കയറാൻ നേരം അനുപമ തിരിഞ്ഞ് നിന്ന് കൈ വീശിക്കാണിച്ചു. അവളും. സ്നേഹത്തിന് കണ്ണുനീരെന്നും അർത്ഥമുണ്ടാകണം ശബ്ദതാരാവലിയിൽ. അത് മിസ്സിനറിയുമോ ആവോ ?
     അവൾക്ക് മീതെ സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞ് ആകാശം ഒന്ന് മങ്ങി. ഇപ്പോൾ വീശുന്നത് ഒരുഷ്ണക്കാറ്റ്.
     വിശാലമായ ഇരുമ്പു ഗേറ്റ് കടന്ന് കാറ് റോഡിലേക്കിറങ്ങി. അവസാനമായി എലിസബേത്ത് ഒന്നുകൂടെ പിൻതിരിഞ്ഞ് നോക്കി. വറ്റിവരണ്ട ഒരു സമുദ്രത്തിന്റെ ഹൃദയമിടിപ്പുകൾ അകമേ കേട്ടു. അകന്നകന്ന് പോവുകയാണ് സ്കൂളും അരവങ്ങളും. ഇനിയെന്നെങ്കിലും താനിവിടേക്ക് വരുമോ ? 
നനഞ്ഞ കണ്ണുകൾ വീണ്ടുമവളുടെ കാഴ്ച്ചകളെ മറച്ചു.    
      റോഡിൽ തിളക്കുന്ന വെയിൽ. കാറിന് പതുക്കെ വേഗം കൂടി വന്നു. എല്ലാ കാഴ്ച്ചകളും പിന്നാമ്പുറങ്ങളിലേക്ക് ഓടിയകന്ന് പോവുകയാണ്. ചൂട് കാറ്റ് അവളുടെ മുഖത്തേക്കടിച്ചു.
        വരണം. ഒരിക്കലെങ്കിലും വരണം. പത്തോ, പതിനഞ്ചോ കൊല്ലങ്ങളൊക്കെ കഴിഞ്ഞ്. വരുമ്പോൾ അവനേയും കൂട്ടണം. പൊന്തക്കാടിനുള്ളിൽ ആരും കാണാതെ ക്രമംതെറ്റിയ ഹൃദയമിടിപ്പോടെ മോട്ടോർ ഷെഡ്ഡിന്റെ ചുമരിൽ ചാരിയിരുന്ന് വീണ്ടും ഒരു സിഗരറ്റ് വലിക്കണം. ചുമച്ച് ചുമച്ച് അവന്റെ മാറിലേക്ക് ചായണം. എന്നിട്ട് പ്രിൻസിപ്പലിനെ വിളിച്ച് കാണിച്ച് കൊടുക്കണം.   
       ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങളുടെ കൂട്ട് പ്രണയത്തിലേക്ക് വീണ് പോയില്ല എന്നുറക്കെ വിളിച്ച് പറയണം. ചില ബന്ധങ്ങൾ അങ്ങനെയാണെന്നും അതൊരിക്കലും ശരീരത്തിനെ മോഹിപ്പിക്കുന്നില്ലെന്നും..
      അതിന് മുൻപ് പ്രിൻസിപ്പലെങ്ങാനും മരിച്ചു 
പോയാലോ ? കണ്ണുനീർ വീണ് ഉണങ്ങിയ എലിസബേത്തിന്റെ കവിളിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.
      കാറ് ഇടവഴിയിൽ നിന്നും മുറ്റത്തേക്ക് കയറി. തിണ്ണയിൽ കാത്തിരുന്ന സോഫിയ അവരെ കണ്ടതും എഴുന്നേറ്റു.     
      രാത്രിയിൽ പെട്ടെന്ന് വീശിയടിച്ച ഒരു കൊടുങ്കാറ്റിൽ തെരുവു വിളക്കുകളെല്ലാമണഞ്ഞ് ദിശയറിയാതെ വഴിയിൽ ഒറ്റപ്പെട്ടവനെപ്പോലെയായി സോളമൻ. ഒരു നക്ഷത്ര വെട്ടമെങ്കിലും അപ്പോൾ അയാൾ തിരഞ്ഞു. 
     " അടുത്ത വർഷം നമുക്കിവളെ ചേച്ചിമാരോടൊപ്പം സെന്റ് ജൂഡിലയക്കാം.."
      കാറിൽ നിന്നിറങ്ങുന്നതിന് മുൻപേ അയാൾ പറഞ്ഞു. സോഫിയയുടെ മുഖത്തേക്ക് മന:പൂർവ്വം നോക്കാതെ തന്നെ.
     " പുറത്താക്കിയല്ലേ..?"
     ഒരു മറുപടിയുടെ ആവശ്യമില്ല. 
      ശാന്തമായിരുന്നു സോഫിയ. കുറെ നേരം അവൾ താഴേക്ക് തന്നെ നോക്കി നിന്നു. അത്രമാത്രം. സോളമനെ അത് വല്ലാതെ ഭയപ്പെടുത്തി. വിഷമങ്ങളെല്ലാം കരഞ്ഞ് തീർക്കുന്നവളാണവൾ.
        കാറിന്റെ ഡോർ തുറന്ന് എലിസബേത്ത് പുറത്തിറങ്ങി. മുറ്റത്ത് നിന്നും ഇറയത്തേക്ക് കയറിയപ്പോൾ സോഫിയ അവളുടെ മുൻപിൽ വന്ന് നിന്നു. ചീത്തയില്ല. പരാതിയില്ല. പരിഭവങ്ങളില്ല. കരച്ചിലില്ല. നിശ്ശബ്ദതയിൽ സോഫിയയുടെ കിതപ്പിന്റെ വേഗമറിഞ്ഞു. 
      " ഈ പന്ത്രണ്ടാം വയസ്സിൽ നിനക്കൊരാണിന്റെ ദേഹത്തോട് മോഹം വന്നോ..? പറ മോളെ."
      ഈ ശബ്ദം തീരെ പരിചയമില്ലാത്തത്. ഏതോ വിദൂരങ്ങളിൽ നിന്നും മലയിറങ്ങി വന്ന വന്യമായ ഒരു കാറ്റിന്റെ ഇരമ്പൽ പോലെ. കിതപ്പിൽ ഒരു കുന്ന് ഇടിയുന്നതറിഞ്ഞു.
      " മമ്മാ.."
      കരിങ്കല്ലിൽ രാകിയെടുത്ത ഒരു കല്ലുളിയുടെ മുനയിൽ തട്ടി എലിസബേത്ത് വന്ന് വീണത് വായ് തലപ്പിൽ തന്നെ.. നിലത്തേക്ക് മുട്ടുകുത്തി വീണ് എലിസബേത്ത് ഉച്ചത്തിൽ കരഞ്ഞു.     
      " ഇങ്ങനെയൊന്നും എന്നോട് പറയല്ലെ മമ്മാ..ഇതിലും നല്ലത് എന്നെയങ്ങ് കൊന്ന് കള -.."
      മറ്റാരും എന്നെ മനസ്സിലാക്കണ്ട. ആരും...ആരോടും ഒരു പരാതിയുമില്ല..അവൾ സോഫിയയുടെ കാലുകളിൽ കെട്ടിപ്പിടിച്ചു. 
     എലിസബേത്തിന്റെ കണ്ണുനീർ സോഫിയയുടെ ഹൃദയത്തിലേക്കെത്തിയില്ല. പാതിവഴിയിൽ അതെല്ലാം ഭൂമി നക്കിത്തുടച്ചെടുത്തു. മനസ്സ് കൈമോശം വന്ന് ഇരുട്ട് കട്ടി പിടിച്ച ഒരു തുരങ്കത്തിലേക്ക് ഇറങ്ങിച്ചെന്ന ഒരുവളെ പോലെ എലിസബേത്തിന്റെ രണ്ട് കുഞ്ഞിക്കൈകളും കൂട്ടിപ്പിടിച്ച് സോഫിയ വീണ്ടും ചോദിച്ചു.
      " പറ മോളേ..നിനക്ക് മോഹം വന്നോ ?"
ആദ്യം നേർത്തൊരു ചിരിയായിരുന്നു. എലിസബേത്തിന്റെ തോളിൽ കൈ പിടിച്ചുള്ള നേർത്ത ഒച്ചയില്ലാത്ത ചിരി. പിന്നെയും അവളുടെ ചുമലുകൾ കുലുക്കി സോഫിയ വീണ്ടും വീണ്ടും അതു തന്നെ ചോദിച്ചു കൊണ്ടിരുന്നു. നേർത്ത ചിരിയിൽ നിന്ന് പിന്നെയത് ഉറക്കെയുള്ള ഒരു പൊട്ടിച്ചിരിയായി മാറി. 
     എലിസബേത്തിന്റെ പകച്ച കണ്ണുകളിൽ ഭയത്തിന്റെ നിഴലുകൾ വീണു. മമ്മയെ മുൻപൊരിക്കലും അവളിങ്ങനെ കണ്ടിട്ടില്ല. പെട്ടെന്നുണ്ടായ സോഫിയയുടെ മാറ്റം സോളമനെയും അമ്പരപ്പിച്ചു. 
       തിണ്ണയിൽ നിന്നും ഉത്തരത്തിലേക്ക് നീണ്ട് പോകുന്ന ഇരുമ്പു തൂണിനടുത്തേക്ക് സോഫിയ എലിസബത്തിനെ വലിച്ചിഴച്ചു കൊണ്ടുപോയി. സോളമൻ മുൻപിൽ വന്ന് നിന്ന് അവളെ തടഞ്ഞു. 
സോഫിയ അലറി.
     " എന്നെ..തൊട്ട് പോകരുത്.."
       ഒരടി പോലും ചലിക്കാനാവാതെ അയാൾ അവിടെ തന്നെ നിന്നു. കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കയറ് സോഫിയ സാവധാനം നിവർത്തി. പിന്നെ എലിസബേത്തിന്റെ കൈകൾ രണ്ടും തൂണിന് പുറകിലേക്ക് ചേർത്ത് വെച്ച് വരിഞ്ഞു കെട്ടി. എലിസബേത്ത് എതിർത്തില്ല. കരഞ്ഞില്ല. ഒരക്ഷരം പോലും മിണ്ടിയില്ല. ഹൃദയത്തിൽ നിന്നും തിരകളായി വന്ന തേങ്ങലുകളെ പുറത്തേക്ക് വരാതെ അവൾ തൊണ്ടയിൽ തന്നെ ഒതുക്കി നിർത്തി. 
     " സിഗരറ്റ് വലിക്കണം. ഒരാണിന്റെ ദേഹം വേണം.. പറ ഇനിയെന്തൊക്കെ വേണം എന്റെ മോൾക്ക് - ?"
സോഫിയ വീണ്ടും ചിരിച്ചു.
     സോളമൻ എലിസബേത്തിനെ കെട്ടിപ്പിടിച്ചു.
      " പപ്പ കരയാതെ മാറി നില്ക്ക്. മമ്മയല്ലെ...എന്ത് വേണമെങ്കിലും ചെയ്യട്ടെ.."
       കമ്പുകളും ഇലകളും കളഞ്ഞ പുളിമരച്ചില്ല കൊണ്ടുള്ള ആദ്വത്തെ അടിയിൽ തന്നെ സോഫിയയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്ന് എലിസബേത്തിന്റെ കാൽപ്പാദങ്ങളിൽ വീണു. അതവിടെ കിടന്ന് പൊള്ളുന്നത് അവളറിഞ്ഞു. മുട്ടിന് താഴെ ചെറുവിരൽ കനത്തിൽ ചോരനിറം വീഴ്ത്തിക്കൊണ്ട് തെളിഞ്ഞ് വന്ന പാടിൽ നിന്നും പതുക്കെ രക്തത്തുള്ളികൾ പൊടിഞ്ഞു വരാൻ തുടങ്ങി. 
     സോളമൻ കണ്ണുകളടച്ചു. 
      " എന്റെ മോളേ.."
അയാൾ നിസ്സഹായനായി.
       ഓരോ അടികളും ഓരോ ചോരപ്പാടുകൾ വീഴ്ത്തി മാംസത്തിനുള്ളിലേക്കിറങ്ങിച്ചെന്നു. തടിച്ചു വീങ്ങിയ ചുവന്ന പാടുകൾ തലങ്ങും വിലങ്ങും സാവധാനം തെളിഞ്ഞ് രക്ത വർണ്ണമായി. രക്തം കിനിഞ്ഞു വരുന്ന പാടുകളിൽ വീണ്ടും വീണ്ടും അടിയുടെ വേരുകളിറങ്ങുമ്പോഴും എലിസബേത്ത് കരഞ്ഞില്ല. പൊട്ടിച്ചിരിച്ചും കരഞ്ഞും സോഫിയ എലിസബേത്തിന് ചുറ്റും ഒരുന്മാദിനിയെപ്പോലെ കിതച്ച് നടന്നു.
      " ഒരു ദിവസം നിനക്കിതിന് പശ്ചാത്തപിക്കേണ്ടി വരും സോഫീ.."
      സോളമൻ കണ്ണുകൾ തുടച്ചു.
      ചോര ചത്ത് കിടക്കുന്ന ഈ പാടുകളേക്കാൾ നീറ്റലുള്ളതാണ് ഹൃദയത്തിൽ വരഞ്ഞ് കിടക്കുന്നത്. വേദന അതിന് മാത്രം. 
എലിസബേത്ത് വെറുതെ ചിരിച്ചു.
എന്നെങ്കിലും അവനെ കാണണം. മാപ്പ് ചോദിക്കണം. കനൽപ്പാതയിലേക്ക് വഴി തിരിച്ച് നടത്തിയതിന്. ഒരു ബസ്സിന് പുറകെ സൈക്കിളോടിച്ചു വരുന്ന ഒരു മുഖം എലിസബേത്തിന്റെ നെഞ്ചിലേക്ക് കയറി വന്നു.
     " കണ്ടില്ലേ..ഇവളുടെ അഹങ്കാരം. ഒന്ന് കരയുകയെങ്കിലും ചെയ്യുന്നുണ്ടോ ഇവൾ..!"
       സോഫിയ ഒന്ന് ചുമച്ചു. ഡോക്ടർ പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്. അവൾ ശ്വാസം കിട്ടാതെ വീണ്ടും ചുമച്ചു. ചുമച്ച് ചുമച്ച് അവൾ ചുമരിലേക്ക് ചാരി.
      " കരയണമെങ്കിൽ വേദനയെടുക്കണം. നിന്റെയീ അടികളൊന്നും അവളെ വേദനപ്പിച്ചിട്ടില്ല സോഫീ.."
      " ഇന്ന് മുഴുവൻ അവിടെ കിടക്കട്ടെ.."
തൊണ്ടയിൽ കുരുങ്ങിയ ചുമയിൽ സോഫിയയുടെ വാക്കുകൾ മുറിഞ്ഞു. സോളമൻ സോഫിയയെ താങ്ങിയെഴുന്നേല്പിച്ച് മുറിയിൽ കൊണ്ട് ചെന്ന് കിടത്തി.
       സ്കൂൾ വിട്ട് വന്ന ചേച്ചിമാർ ആദിയെ കണ്ട് പരിഭ്രമിച്ചു. അവർ മൂന്ന് പേരും ഒരുമിച്ച് കരഞ്ഞ് എലിസബേത്തിനെ കെട്ടിപ്പിടിച്ചു. ജോസ്മി അവളുടെ കൈകളിലെ കെട്ടഴിക്കാൻ തുടങ്ങി.
       " വേണ്ട..വെല്ല്യേച്ചീ..അഴിക്കണ്ട. "
      പാടവരമ്പിലേക്ക് പതുക്കെ സന്ധ്യ കയറി വരികയാണ്. അത് പിന്നെ പതുക്കെ ഇടവഴിയിലേക്കും അത് വഴി മുറ്റത്തേക്കും പിന്നെ ഉമ്മറത്തേക്കും കയറി വന്നു. 
        നില്ക്കാൻ വയ്യ.
 കാലുകൾ രണ്ടും നീര് വന്ന് വീർത്തിരിക്കുന്നു. മുറിവുകളിൽ പൊടിഞ്ഞു നിന്ന ചോരത്തുള്ളികൾ ഉറച്ച് കട്ടിയായിരിക്കുന്നു. തൊണ്ട വരണ്ടുണങ്ങി.
    എലിസബേത്ത് നാവ് നീട്ടി. വെള്ളം..
അവളുടെ കണ്ണുകളിലേക്ക് പതുക്കെ ഇരുട്ട് കടന്നു വന്നു. കൺപോളകൾ പതുക്കെ മുകളിലേക്ക് മറഞ്ഞു. പിന്നെ കാലുകൾ മടങ്ങി മുഖം കുനിഞ്ഞ് അവൾ നിലത്തേക്ക് പതുക്കെ തൂണിലൂടെ ഊർന്ന് വീണു...
      സോളമൻ ജനൽക്കമ്പികളിൽ മുഖം ചേർത്ത് ഇരുട്ട് വീഴാൻ തുടങ്ങുന്ന പാടത്തേക്ക് നോക്കി വെറുതെ നിന്നു.    
       ജീസസ്സ്..എലിസബേത്തിന് പിന്നാലെയുള്ള ആധികൾക്ക് ഒരവസാനമില്ലെ ? ഇതാണോ നീയീ വീടിന് ചൊരിഞ്ഞ അനുഗ്രഹവർഷം?
     സോഫിയ പിന്നിൽ വന്ന് നിന്നത് അയാളറിഞ്ഞില്ല.
     " ആദിയെവിടെ ? "
       ഓ..ജീസസ്സ്…
സോളമൻ ഒരു ഭ്രാന്തനെപ്പോലെ ഉമ്മറത്തേക്കോടി. 
     " മോളേ.. ആദീ.."
തളർന്ന് കിടക്കുന്ന എലിസബേത്തിന്റെ കൈകളിലെ കെട്ടുകളഴിച്ച് അയാളവളെ തന്റെ മടിയിലേക്ക് വലിച്ചു കിടത്തി. ഒരു നിലവിളിയോടെ അയാളവളെ നെഞ്ചോട് ചേർത്ത് കുലുക്കി വിളിച്ചു.
      " ആദീ..കണ്ണ് തുറക്ക് മോളേ.."
       അയാളുടെ നിലവിളിയിൽ ജോസ്മി ഓടി വന്നു. പപ്പയുടെ മടിയിൽ അനക്കമില്ലാതെ കിടക്കുന്ന ആദിയെ കണ്ട് അവളും ഉറക്കെ നിലവിളിച്ചു. സോളമന്റെ ശബ്ദം പതറി.
       " കുറച്ച് വെള്ളമെടുക്ക് മോളേ.."
       മുഖത്തേക്ക് തെറിച്ച് വീണ വെള്ളത്തുള്ളികളിലേക്ക് എലിസബേത്ത് പതുക്കെ നാവ് നീട്ടി. സോളമൻ അവളുടെ നീട്ടിയ നാവിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുത്തു. കൈവെള്ളയിൽ വെള്ളമെടുത്ത് മുഖം തുടച്ചു. നിറുകയിൽ തലോടി.
        എലിസബേത്ത് കണ്ണുകൾ പതുക്കെ ചിമ്മിത്തുറക്കാൻ ശ്രമിച്ചു. കൺപോളകൾ വലിച്ച് തുറന്ന് ഒരു ഗർഭസ്ഥ ശിശുവിനെപ്പോലെ അവൾ ചുറ്റുപാടും പകച്ച് നോക്കി.
       " എന്റെ മോളേ.."
     അവൾ പപ്പയെ നോക്കി ചെറുതായി ചിരിച്ചു. കൺപീലികളിൽ കണ്ണുനീരിന്റെ ഉപ്പുരസം അപ്പോഴും ഒട്ടിപ്പിടിച്ച് കിടപ്പുണ്ടായിരുന്നു.
      " മമ്മയെവിടെ.. പപ്പാ.?"
      " മോള് മമ്മയെ വെറുക്കരുത്..അവള് പാവമാ.."
സോളമന്റെ വാക്കുകൾ മുറിഞ്ഞു.
      " ഇല്ല പപ്പാ..ആദ്യത്തെ അടിയിൽ തന്നെ എന്റെ കാലിൽ വീണ ഒരു കണ്ണീർത്തുള്ളിയെ തിരിച്ചറിയാൻ പന്ത്രണ്ട് വയസ്സ് തന്നെ ധാരാളമാണ് പപ്പാ.."
       രാത്രി വളർന്നു. പെയ്തൊഴിഞ്ഞ കാർമേഘങ്ങളെ രാത്രി ഇരുട്ടിന്റെ മറയിലൊളിപ്പിച്ചു. ശാന്തമായ ഒരന്തരീക്ഷത്തിലേക്ക് സോളമൻ മനസ്സിന്റെ ജനാലകൾ തുറന്ന് വെച്ചു. തളർന്ന് മയങ്ങുന്ന സോഫിയുടെ മുഖത്തേക്ക് സോളമൻ ഏറെ നേരം നോക്കി നിന്നു. കൺകോണിൽ ഉരുണ്ടു നിന്ന ഒരു തുള്ളി കണ്ണുനീർ. ലോകത്തിലെ മുഴുവൻ ദു:ഖങ്ങളും അയാളതിൽ കണ്ടു.
      ചേച്ചിമാരെല്ലാവരും കൂടി മാറി മാറി ആദിക്ക് വയറ് നിറയെ ചോറ് വാരിക്കൊടുത്തു. 
     " വേദനയുണ്ടോ ?"
     " ഉണ്ട്..പപ്പാ.."
     " പപ്പ..മരുന്ന് പുരട്ടിത്തരാം.."
     " വേണ്ട പപ്പാ.. ഈ വേദന ഇങ്ങനെ തന്നെയിരിക്കട്ടെ..."
      ഇരുട്ടിൽ കണ്ണുകളടച്ച് വെറുതെ കിടന്നു. തീരെ ഉറക്കം വരുന്നില്ല. ജാലകൾങ്ങൾക്കപ്പുറത്ത് തീരെ നിലാവില്ലാത്ത രാത്രി. പതിവായി വരുന്ന തണുത്ത കാറ്റുമില്ല.
       ഈ രാത്രിയിൽ അവൾ ആഷിക്കിനെ ഓർക്കുന്നു. ജൂലിയെ ഓർക്കുന്നു. മുഖമില്ലാത്ത ഒരു മോട്ടോർ സൈക്കിൾ കാരനെ ഓർക്കുന്നു. പിന്നെയൊരു തീവണ്ടിപ്പാളം. ഒരു ഗ്രീറ്റിംഗ് കാർഡ്…
       കാലുകൾക്ക് മേലെ പുതപ്പ് വിരിച്ചിടാൻ വയ്യ. മുറിവുകൾക്ക് മീതെ പുതപ്പ് ഉരഞ്ഞുണ്ടാകുന്ന നീറ്റൽ സഹിക്കാൻ പറ്റാത്തതാണ്. കഴിഞ്ഞു പോയതെല്ലാം ഒരു പകൽ സ്വപ്നമായിരുന്നെങ്കിൽ..! 
     സമയം പിന്നേയും കുറെ വൈകി…
     പാതി മയക്കത്തിൽ അവളറിഞ്ഞു.
    ഇരുട്ടിൽ മുറിവുകളിലാരോ മരുന്ന് പുരട്ടി തൂവൽ കൊണ്ട് തലോടുന്നതു പോലെ. ആരോ കാൽപ്പാദങ്ങളിൽ മുഖം ചേർത്ത് ഉമ്മ വെക്കുന്നുണ്ട്. കണ്ണീർത്തുള്ളികളുടെ നനവും ചെറു ചൂടും കാലുകളറിയുന്നുണ്ട്. കണ്ണീരിന്റെ ഉപ്പു പരലുകൾ വീണ് മുറിവുകൾ നീറുന്നതുമറിഞ്ഞു.
      " മമ്മയോട് ക്ഷമിക്കെടാ.."
കാതുകളിലേക്ക് നേർത്തൊരു നിലാവു പോലെ കയറി വന്ന ഈ ശബ്ദം..വെറുതെ തോന്നിയതായിരിക്കുമോ ? മറുപടിയായി പാതി മയക്കത്തിൽ അവളറിയാതെ തന്നെ അവളുടെ ചുണ്ടുകളും മന്ത്രിച്ചു :
     " ക്ഷമിക്കേണ്ടത് അവനാണ് മമ്മാ..ആഷിക്ക് - "
ഉറക്കത്തിൽ പിന്നെയും അവളെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
     " പഞ്ചപിടിക്കാം..വാ - "
     " ഞാൻ തോല്ക്കും.."
     " കാല്പാദങ്ങളിൽ ഉമ്മ വേണ്ടേ ?"
     " ഉം -"
     " വാ..നിന്റെ മുൻപിൽ എനിക്ക് തോല്ക്കണം. ഇപ്രാവശ്യം ഞാൻ തോറ്റ് തരും.."
പിറ്റെ ദിവസം വളരെ വൈകി എലിസബേത്ത് കണ്ണുകൾ തുറക്കുമ്പോൾ കാല്പാദങ്ങളിൽ തല വെച്ചുറങ്ങുന്ന സോഫിയയെ അവൾ കണ്ടു.
    


🟥 തുടരുന്നു…


എലിസബേത്ത് -20

എലിസബേത്ത് -20

0
370

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്        പതിനേഴ് ദിവസങ്ങൾ.എലിസബേത്ത് സ്കൂളിൽ പോകാത്ത പതിനേഴ് ദിവസങ്ങളാണ് കടന്നു പോയത്. സ്കൂളിൽ പോകുന്നില്ലെങ്കിലും എന്നത്തേയും പോലെ ദിവസവും അതിരാവിലെ അവളെഴുന്നേല്ക്കുന്നു.      നരച്ച വെളിച്ചത്തിന്റെ നിഴലുകളിലൂടെ മുറ്റത്ത് വെറുതെ എന്തെങ്കിലുമൊക്കെ ഓർത്ത് നടക്കുന്നു. ഇടവഴിയിൽ നിന്നും കയറി മുറ്റത്തേക്ക് വരുന്ന വയലൂരപ്പന്റെ നടയിൽ നിന്നുള്ള ഭക്തി ഗാനങ്ങൾ കേൾക്കുന്നു. കിളികളുടെ നിർമ്മലശബ്ദങ്ങളും കാറ്റിന്റെ തണുപ്പുമറിയുന്നു. ഇലകളുടെ മർമ്മരമറിയുന്നു. വെളുപ്പാൻകാലത്തെ നിശ്ശബ്ദതയറിയുന്നു. പാടവരമ്പിന