Aksharathalukal

ഫേസ്ബുക്ക് ചങ്ക്

ഫേസ് ബുക്ക്‌ ചങ്ക്


"ഹായ്  സുന്ദരി ചേച്ചി ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ് 
നാളെയല്ലേ ന്യൂ ഇയർ "

"എന്റെ സണ്ണിക്കുട്ടാ, ചങ്കെ നിനക്കും അഡ്വാൻസായി ഹാപ്പി  ഹാപ്പി ന്യൂ ഇയർ. സണ്ണിക്കുട്ടാ  ഹായ്.."

"ഇന്ന് ചേച്ചിയെക്കണ്ടാൽ സിനിമ നടിയെപ്പോലുണ്ട് "

"പോടാ ചെക്കാ ചുമ്മാ
സോപ്പിടാതെ"

"സത്യമാ ചേച്ചി. ഇത്ര സുന്ദരിയായ ചേച്ചിയെ എന്നും കുടിച്ചേച്ചും വന്ന് അടിക്കുവേം ഇടിക്കുവേം ചെയ്യുന്ന ആ ദുഷ്ടനോട് ദൈവം ചോദിക്കും "

"നിനക്കിന്നു കോളേജിൽ പോകണ്ടേ ചക്കരക്കുട്ടാ "

"ഇപ്പൊ സ്റ്റഡി ലീവാ ചേച്ചി "

"ഹായ് നിന്റെ പഴുതാരമീശ കാണാനെന്തു ഭംഗിയാടാ ചുന്നരക്കുട്ടാ !"

"ഒന്നു പോ ചേച്ചി  നിച്ചു ഞാണം വരുന്നു"

"നീ ചുമ്മാ ഞാണിക്കടാ.. "

"ചേച്ചിയെ ഒന്ന് അടുത്ത് കാണുവാനും  സങ്കടങ്ങൾ കേട്ട് പരസ്പരം കെട്ടിപ്പിടിച്ചു അശ്വസിപ്പിക്കാനും കൊതിയാവുന്നു ചേച്ചി. അച്ഛനും അമ്മയും ദുഫായിൽ. വളർത്തിയത് വല്യച്ഛനും
വല്യമ്മയും. സ്നേഹം കിട്ടാതെ ഞാൻ  വലയുകയാണ് ചേച്ചി.
വേഴാമ്പലിനെപ്പോലെ ദാഹിക്കുകയാണ് "

"എന്നാ ഇന്ന്  ഇങ്ങോട്ട് പോരൂ
ചക്കരക്കുട്ടാ  എനിക്കും നിന്നെ നേരിൽ കാണാൻ കൊതിയായടാ. നമുക്ക് സങ്കടങ്ങൾ പറഞ്ഞു കരയാം "

"ശരിക്കും?!!!!  ഞാൻ വരട്ടെ.. അപ്പോൾ ഭർത്താവ്."

"ആ ദുഷ്ടനെപ്പറ്റി പറയാതെ. ഇന്നലെ മുതുകിലും നെഞ്ചിലും ഇടിച്ചതിന്റേം അടിവയറ്റിൽ ചവിട്ടിയതിന്റേം  കൊരങ്ങാവള്ളിയിൽ ഞെക്കിയതിന്റേം വേദന ഇപ്പോഴും മാറിയില്ല. പാൻക്രിയാസ് ആകെ പണിമുടക്കിലായി. കിഡ്നിയും പോക്കായെന്നു തോന്നുന്നു.ടോയ്‌ലെറ്റിൽ പോകാൻപോലും ബുദ്ധിമുട്ടാണ്. അയ്യോ.."

"ഡോണ്ട് വറി ചേച്ചി.. എല്ലായിടത്തും ഞാൻ  ബാമിട്ട് തിരുമ്മിത്തരാം ചേച്ചീ .. അച്ഛൻ ദുഫായീന്നും കൊണ്ടുവന്ന അടിപൊളി ഇടിവെട്ട്  കോടാലി ബാമിരുപ്പുണ്ട് "

"ഓർക്കുപ്പോൾ എനിക്ക് രോമാഞ്ചം വരുന്നടാ. എന്നാടാ.. നിനക്കെന്നാടാ.. എനിക്ക് വയ്യടാ..പെട്ടന്ന് ബാമുമായി ഓടി വാടാ.."

"അയ്യോ സുന്ദരിച്ചേച്ചി, അയാൾ, ചേച്ചീടെ കെട്ടിയവൻ വന്നാൽ എന്നെയും ഉപദ്രവിക്കുമോ"

"ഇന്ന്  രാവിലെ ആ കാലമാടൻ എറണാകുളത്തിന് പോയിരിക്കുവാ. അഥവാ ആ പോത്ത് വന്നാൽ എന്തു ചെയ്യണമെന്ന് ഞാൻ പറയാം. നീ വാടാ പെട്ടന്ന് വാടാ."

"ഹീ.. യാ.. ഞാൻ എത്തി. സന്തോഷം കൊണ്ട് സത്യമായും എനിക്ക് വട്ടു പിടിച്ചു ചേച്ചി. ഉമ്മ ചേച്ചീ.. ഉമ്മ.."

"ഇവിടുത്തെ അഡ്രസ് നിനക്ക് അറിയാമോടാ കേരള സൂപ്പർ മർക്കറ്റ് കഴിഞ്ഞാലടുത്ത ജംഗ്ഷനിലുള്ള സൂര്യ
അപ്പാർട്ട്മെന്റ്. അതിന്റെ
ആറാമത്തെ ഫ്ലോറിൽ  303 നമ്പർ ഫ്ലാറ്റ്. വാ കുട്ടാ. എനിക്ക് കാണാൻ കൊതിയായടാ. മേലാകെ അടിമുടി രോമാഞ്ചം വരുന്നടാ  അയ്യോ.. ലിഫ്റ്റിൽ കേറി പാഞ്ഞു വാടാ ."

വീഡിയോചാറ്റ് അവസാനിപ്പിച്ചിട്ട് മീശകുരുക്കാൻ തുടങ്ങിയ കോളേജ് കുമാരൻ സണ്ണിക്കുട്ടനും  ഭർത്താവിന്റെ സ്നേഹം കിട്ടാതെ പട്ടണത്തിലെ ഫ്ലാറ്റിൽ പട്ടിണി കിടക്കുന്ന സുന്ദരി ചേച്ചിയും ഫോൺ ഓഫാക്കി.

അരമണിക്കൂറിനകം ഫ്ലാറ്റ് നമ്പർ 303 ന്റെ കാളിങ് ബെൽ കരഞ്ഞു. ചേച്ചി വാതിൽ തുറക്കുമ്പോൾ മുന്നിൽ വെളുക്കെ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫേസ്ബുക്ക്ചങ്ക്. കയ്യിലൊരു  പായ്ക്കറ്റ്.

അവൻ ഒരു മടിയുംകൂടാതെ അകത്തേക്ക് കടന്ന് കതകടച്ചു.
ഇതുപോലുള്ള എത്ര ചേച്ചിമാരെയും സിസ്റ്റർമാരെയും കണ്ടിരിക്കുന്നു എന്ന് അവന്റെ മുഖം  വിളിച്ചു പറഞ്ഞു.

പെട്ടന്നവൻ അവളുടെ കൈയ്യിൽ കടന്ന് പിടിച്ച് കണ്ണുകളിലേക്ക് ഉറ്റു നോക്കി.

"ചേച്ചീന്നു വിളിക്കാനുള്ള പ്രായമില്ലല്ലോ കുട്ടിക്ക്. ഞാൻ പേര് വിളിച്ചോട്ടെ. എന്താ ശരിക്കുള്ള പേര് പറയു ചക്കരമുത്തേ."

"അനുമോൾ "

"നല്ല പേര്.. അനുമോളെ.. അനുമോളെ.."

അവൾ നാണംകൊണ്ട് ചൂളി. പിന്നെ കാൽ വിരൽകൊണ്ട് തറയിൽ ഒരു ചെറിയ വട്ടം വരച്ചു.

"എന്റെ ഭർത്താവ് ഒരിക്കലും എന്നെ പേര് വിളിച്ചിട്ടില്ല. എടീ  ഡാഷ് മോളേ എന്നൊക്കെയെ എന്നെ വിളിക്കു. സണ്ണിമോൻ വിളിച്ചപ്പോ ഭയങ്കര സന്തോഷമായി. ഒന്നൂടെ വിളിക്കടാ.. ഞാൻ ഇനീം സന്തോഷിക്കട്ടടാ "

"അനൂമോളേ "

"എന്നാടാ.. നിനക്കെന്നാടാ.. എന്നെ കൊല്ലാനാണോടാ ഇത്ര സ്നേഹത്തോടെ മോളെന്നു വിളിച്ചത്. ഇനി വിളിച്ചാൽ ഞാൻ വയറുപൊട്ടി ചത്തുപോകുമെടാ  
വാ..  ഇവിടെ സോഫയിൽ വന്ന് ഇരിക്കടാ"

അവൾ അവന്റെ കൈ പിടിച്ച് സോഫയിലിരുത്തി.

അവളുടെയടുത്തിരുന്നിട്ടു
അവൻ ഒരു പായ്ക്കറ്റ് തുറന്ന് പെർഫ്യൂമിന്റെ കുപ്പികളും നാലഞ്ച് കോടാലി ബാമിന്റെ ഡബ്ബകളും ടീപ്പൊയിൽ നിരത്തി വച്ചു.

"ഹായ്.. ഫോറിൻ പെർഫ്യൂം.."

അവൾ പെർഫ്യൂമെടുത്തു തിരിച്ചും മറിച്ചും നോക്കി. 

"നീ മുത്താടാ സണ്ണിക്കുട്ടാ.. മുത്ത്‌ "

"എന്നാ സമയം കളയാതെ തിരുമ്മൽ തുടങ്ങാം. എവിടെയാ വേദന."

അവൻ  ബാം
കൈയ്യിലെടുത്തു.

"അയ്യോ സണ്ണിമോൻ  വന്നു കയറിയതല്ലേയുള്ളു. ദിവസം മുഴുവൻ നീണ്ടു നിവർന്നു കിടക്കുവല്ലേ. നമുക്ക് വല്ലതും തിന്നുകുടിച്ചിട്ട് തിരുമ്മൽ തുടങ്ങിയാൽപ്പോരെ, തിരുമ്മാനും ഉരുമ്മാനുമൊക്കെ ഒരു ഉഷാർ വേണ്ടേ സണ്ണിക്കുട്ടാ"

"എന്നാലും ചേച്ചീടെ, അല്ല അനുവിന്റെ സങ്കടമോർത്തപ്പോൾ സഹിച്ചില്ല. ബൈക്കെടുത്തു പറക്കുകയായിരുന്നു ഞാൻ 
കോഴിയെപ്പോലെ.."

അവൻ നിരാശയോടെ ഡബ്ബ തിരിച്ചു വച്ചു.

"ഒരു പ്രത്യേക കാര്യം പറയട്ടെ"

അവൾ അവന്റെ കൈത്തണ്ടയിൽ പ്രേമപൂർവ്വം തടവി. അവൻ വികാരംകൊണ്ട് വീർപ്പുമുട്ടി. കൈയ്യിലെ രോമങ്ങൾ വടിപോലെ എഴുന്നേറ്റുനിന്നു. മീശ വിറച്ചു.

"എന്താ അനുക്കുട്ടി, പറയൂ.. കേൾക്കാൻ എന്റെ കാതുകൾ തരിക്കയാണ് "

"അബദ്ധത്തിലെങ്ങാനും ആ ദുഷ്ടൻ വന്നാൽ മോൻ റൂം സെർവിസിനു വന്നതാണന്ന് ഞാൻ പറയും."

അവൾ എഴുന്നേറ്റു പോയി മുറി തുടയ്ക്കുന്ന സാധങ്ങളുമായി തിരികെ വന്ന് അത്
കാണാവുന്ന ഇടങ്ങളിൽ വച്ചു.

"അപ്പോൾ ചക്കര ചൂല് വെറുതെ എടുത്ത് അടിക്കുന്നപോലെ ആംഗ്യം കാണിക്കണം. അടിക്കേണ്ട കേട്ടല്ലോ.. തക്കത്തിനു ഓടി രക്ഷപെട്ടോണം"

"ചെയ്യാം മോളേ.. നിനക്കുവേണ്ടി ചാകാനും ഞാൻ റെഡി."

"എന്നാ ഞാൻ പോയി ചായ കൊണ്ടരാം. ചായ കുടിച്ചിട്ട് മോൻ മസ്സാജു ചെയ്യണം. മേലാകെ വേദനയാ.."

"കൈ തരിക്കണു അനു.. പെട്ടന്ന് ചായ ഇടൂ. ജണ്ടു ബാം...  ജണ്ടു ബാം.... പീഡാ ഹാരി ബാം.. കോടാലി ബാം സൂപ്പറാ"

താളത്തിൽ കുലുങ്ങിക്കുലുങ്ങി കിച്ചണിലേക്ക് പോകുന്ന അനുക്കുട്ടിയുടെ വലിപ്പമുള്ള പിന്നാമ്പുറത്തേക്ക് നോക്കിയപ്പോൾ അവന്റെ വായിലെ വെള്ളം വറ്റി. നാവ് വരണ്ടുണങ്ങി.

"'ഒരു നടക്ക് പോകുന്ന
മുതലല്ലിത്' 

അവൻ മനസ്സിൽ പറഞ്ഞു.

അടുക്കളയിൽ നിന്നും അനുവിന്റെ മൂളിപ്പാട്ടും
പാത്രങ്ങളുടെ
ശബ്ദവുമുയർന്നു.

അവൻ എഴുന്നേറ്റു ഭിത്തിയിലെ വിലപിടിച്ച ചിത്രങ്ങൾ നോക്കി നിന്നു.

ഓർക്കാപ്പുറത്താണ്  കാളിങ്ബെൽ അടിച്ചത്. അവൾ ഓടിവന്നു  വിറയ്ക്കുന്ന കൈകൊണ്ട് ചൂൽ അവനെ ഏല്പിച്ചു.

"ഇത് പിടിച്ചോ.. അയാൾ വന്നെന്ന് തോന്നുന്നു."

അവൾ വാതിൽ തുറന്നു. കൊമ്പൻമീശയും വട്ട മുഖവും 
കട്ടത്താടിയുമുള്ള ഒരു തടിയൻ അകത്തു കയറി.

"ഇതാരാ, മീശ കുരുക്കാത്ത ഈ പൊട്ടൻ, ആരാടാ നീ ഞാഞ്ഞൂലെ "

മൂലയിൽ ചൂലുമായിനിന്ന ചെക്കനെ അയാൾ സംശയത്തോടെ നോക്കി. അയാളെപ്പോലെ അയാളുടെ ശബ്ദവും അതിഭീകരമായിരുന്നു.

"ചേട്ടാ അത്  സിറ്റിലെ റൂം സർവീസ് ഏജൻസിയിൽ നിന്നും വന്നതാണ്. ഡേ സർവീസ് ആണ്."

അവൾ തിടുക്കത്തിൽ പറഞ്ഞു.

"ക്രിസ്തുമസ്സിന് കഴിച്ച
പാത്രങ്ങൾ വരെ കഴുകാൻ കിടക്കുവാ.. ഒരു കുന്നു തുണി കഴുകാനുണ്ട്. നാളെ ന്യൂയിയറിനു ഡിന്നർ കഴിക്കാൻ മൂന്നു ഫാമിലി വരും. ഞാൻ തന്നെ എന്തു ചെയ്യും. വീടാരു വൃത്തിയാക്കും"

"ഇവനെക്കണ്ടിട്ട് പണിക്കാരനാണെന്ന് തോന്നുന്നില്ലല്ലോ. ഒരു കള്ള ലക്ഷണം. എന്താടാ നിന്റെ പേര്. നിനക്ക് യൂണിഫോമൊന്നുമില്ലേടാ മരമാക്രീ"

തടിയൻ കണ്ണുരുട്ടി മീശ പിരിച്ചു.

"സണ്ണിക്കുട്ടനെന്നാ പേര്. ഞാൻ ട്രെയിനീയാണ്. അതുകൊണ്ട് യൂണിഫോം കിട്ടിയില്ല"

അവൻ അവസരത്തിനൊത്തുയർന്നു. ചേച്ചിക്കും നല്ല ബുദ്ധിയുണ്ട്.

"ശരി.. ശരി.. മൊത്തം പണിയും ചെയ്യാതെ തന്നെ ഞാൻ വിടില്ല.. ആദ്യം വീട് വൃത്തിയാക്കണം പിന്നെ അടുക്കളപ്പാത്രങ്ങൾ .
തുണികഴുക്ക് പെട്ടന്നാകട്ടെ,  എല്ലാം വെട്ടിത്തിളങ്ങണം. പെട്ടന്ന്.."

തടിയൻ ടീവി ഓൺ ചെയ്ത്  ഏതോ ക്രിക്കറ്റ്‌ മാച്ച് കാണാൻ തുടങ്ങി.

താൻ കുടുങ്ങിയെന്ന് അവന് മനസിലായി.
കളി കാണുന്നതിനിടെ അയാൾ ബിയർ കുടിക്കുകയും അവനെ നോക്കി  പെട്ടെന്ന്  പെട്ടെന്ന് ചെയ്യടാ മരത്തലയാ, വേട്ടാവളിയാ എന്നൊക്കെ ഉറക്കെ
ആക്രോശിക്കുകയും
ചെയ്തു കൊണ്ടിരുന്നു.

ഉച്ചക്ക് അവർ ഓൺലൈനിൽ അടിപൊളി നോൺ വെജ് ഭക്ഷണം മേടിച്ചു കഴിച്ചു. സണ്ണിക്കുട്ടന് ഒന്നും കിട്ടിയില്ല. മാത്രമല്ല അവർ കഴിച്ച പാത്രം കഴുകാനും കൊടുത്തു.

ഇടക്കിടക്കയ്‌ക്ക്‌  ചേച്ചിയും ഓരോരോ സാധനങ്ങൾ അവന് ക്‌ളീൻ ചെയ്യാൻ കൊടുത്തുകൊണ്ടിരുന്നു. പഴയ
പാത്രങ്ങൾ, വിളക്കുകൾ,
ഇസ്തിരിപ്പെട്ടി, ഭരണികൾ എല്ലാം വന്നുകൊണ്ടിരുന്നു.
യാതൊരു പരിചയവും അവർ അവനോടു കാട്ടിയില്ല.

"ഈ പെർഫ്യൂം ആരു തന്നു?"

തടിയൻ പെർഫ്യൂമെടുത്തു മണപ്പിച്ചു നോക്കി.

"ചേട്ടാ പറയാൻ വിട്ടുപോയി. എന്റെ കൂട്ടുകാരി ആയിഷയും ഭർത്താവും വന്നിരുന്നു. അവളുടെ കെട്ടിയോൻ അങ്ങ് ദുഫായിലാ. കുറച്ചു കോടാലി ബാമും തന്നു"

അവളുടെ ബുദ്ധിയിൽ സണ്ണിക്കുട്ടൻ അതിശയിച്ചു.

"ഞങ്ങൾ പറയുന്നത്  നോക്കി നിൽക്കാതെ പണിയെടുക്കടാ പൊട്ടാ. ഇവിടെന്താ സീരിയൽ കളിക്കുന്നോ "

അവനെ നോക്കി അവൾ ഉച്ചത്തിൽ അലറി.

"ജോലിക്കള്ളൻ. ഞാൻ ഏജൻസിയിൽ വിളിച്ചു പറയും. നിന്റെ പണി തെറുപ്പിക്കും"

സന്ധ്യയായപ്പോഴേക്കും വീട് പുതിയതുപോലെയായി.

"സാറേ ഇനി ഞാൻ പൊക്കോട്ടെ"

അവൻ ദയനീയമായി തടിയനെ നോക്കി. അയാൾ എഴുന്നേറ്റു അടുക്കളയും മറ്റും നോക്കിയിട്ട് തിരിച്ചു വന്നു. പിന്നെ
പേഴ്‌സെടുത്തു.

"എത്രയാ നിന്റെ ചാർജ്?"

അനു അകത്തു നിന്നും പാഞ്ഞു വന്നു.

"ചേട്ടാ ഒന്നും കൊടുക്കല്ലേ. 1500 രൂപ ഞാൻ അഡ്വാൻസായി ഏജൻസിക്കൂ കൊടുത്തിട്ടുണ്ട്."

അവൾ ടീപ്പോയിൽ നിന്നും രണ്ടു  ബാമെടുത്തു അവന്റെ കൈ വെള്ളയിൽ വച്ചു കൊടുത്തു.

"നല്ലപോലെ പണിയെടുത്തില്ലേ. വേദന കാണും. ഇത് കൊണ്ടു മസ്സാജ് ചെയ്‌താൽ മാറിക്കോളും. ഇനീം വിളിക്കുമ്പോൾ വരണേ. കോടാലി ബാം സൂപ്പറാ"

അത് വാങ്ങി പോക്കറ്റിൽ ഇട്ടിട്ട്
ജീവൻ രക്ഷപെട്ട സന്തോഷത്തിൽ സണ്ണിക്കുട്ടൻ നടന്നുപോയി.

*****

പിറ്റേ ഞായറാഴ്ച്ച രാവിലെ പത്തു മണി..

ഫ്ലാറ്റ് നമ്പർ 303 ന്റെ കാളിങ് ബെൽ കരഞ്ഞു. ചേച്ചി വാതിൽ തുറക്കുമ്പോൾ മുന്നിൽ വെളുക്കെ ചിരിച്ചുകൊണ്ട് നിൽക്കുന്ന മീശ കുരുക്കാത്ത ഫേസ്ബുക്ക് ചങ്ക്. കയ്യിലൊരു  പായ്ക്കറ്റ്.

"വാ. കയറി വാ മിട്ടുമോനേ..ചേച്ചീടെ മേലാകെ വേദന"

അവൾ വശ്യമായി ചിരിച്ചു...

🌹


(മനു നാസിക് )


(നിയമ പ്രകാരമുള്ള മുന്നറിയിപ്പ് )

1.  ഫേസ് ബുക്ക്‌ചങ്ക്  വിളിക്കുമ്പോൾ ആണായാലും പെണ്ണായാലും കണ്ണുമടച്ചു പോകരുത്. അതിന് വലിയ വില കൊടുക്കേണ്ടി വരും.

2. ചിരി ആയുസ്സ് കൂട്ടുന്നു.