Aksharathalukal

എലിസബേത്ത് -23

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം ഇരുപത്തിമൂന്ന്



      

         ജൂലി പതിവിലും നേരത്തെ എഴുന്നേറ്റു. നേരത്തെ കുളിച്ചു. നേരത്തെ ഡ്രസ്സ് ചെയ്തു. ധൃതിയിൽ ചെന്ന് കഴിക്കാനിരുന്നു. മമ്മ തിരക്കിലാണ്. ആരെയും അടുക്കളയിൽ കണ്ടില്ല. സാധാരണ ദിവസങ്ങളിൽ വെല്ല്യേച്ചിയെ അടുക്കളയിൽ കാണാറുള്ളതാണ്. കോളേജില്ലാത്ത ദിവസങ്ങളിലും ജോസ്മി വെളുപ്പിനെഴുന്നേല്ക്കും. അടുക്കളയിൽ സോഫിയയെ സഹായിക്കും.
     മൂന്ന് നാല് ദിവസങ്ങളായി ജോസ്മി കോളേജിൽ പോകുന്നില്ല. സോഫിയ ചോദിച്ചപ്പോൾ ഒരാഴ്ച്ച ക്ലാസ്സില്ലെന്നാണ് പറഞ്ഞത്. കൂടുതലൊന്നും സോഫിയ ചോദിക്കാൻ നിന്നില്ല. കാരണമില്ലാതെ ക്ലാസ്സ് കളയുന്നവളല്ല ജോസ്മി. 
     പക്ഷെ ജോസ്മിയുടെ വാടിയ മുഖം സോഫിയ കാണാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ചിരിയും വർത്തമാനവുമില്ല. സദാ സമയവും കതകടച്ച് മുറിയിൽ തന്നെ. വായനയും കുറവാണ്. സോഫിയ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.
     " മോൾക്ക് എന്തേലും വിഷമമുണ്ടോ? ഉണ്ടേല് മമ്മയോട് പറ.."
    " ഒന്നൂല്ല.."
    " ഈ പ്രായത്തില് പെങ്കുട്ട്യോള് ചിന്തിച്ചോണ്ടിരുന്നാ.. അമ്മമാരുടെ മനസ്സീ തീയാ.."
       ജോസ്മി കിടക്കയിൽ എഴുന്നേറ്റിരുന്നു. തീരെ എണ്ണമയമില്ലാത്ത അവളുടെ മുടി കെട്ടിവെക്കുമ്പോൾ ഇടക്ക് സോഫിയ പറഞ്ഞു:
     " കുറച്ച് എണ്ണ തേച്ച് കുളിച്ചാ മതി. എല്ലാ ക്ഷീണോം മാറും. അതെങ്ങനാ..ഞാൻ പറയുന്നതിന് ആർക്കേലും വെലയുണ്ടോ ഇവിടെ?"
      ജോസ്മി ഒന്നും മിണ്ടിയില്ല. മമ്മയെ തന്നെ നോക്കിയിരുന്നു. ഞങ്ങളുടെ ആരുടെയെങ്കിലും മുഖമൊന്ന് വാടിയാൽ മതി മമ്മക്ക് ആധിയാവാൻ. പിന്നെ സദാസമയവും പുറകിലുണ്ടാവും. എല്ലാ മമ്മമാരും ഇങ്ങനെയായിരിക്കുമോ ? ആകുമായിരിക്കും.     
      എലിസബേത്തിനെക്കുറിച്ചുള്ള പരാതികളും ആധിയുമായിരുന്നു ഇത്രയും നാളും. എലിസബേത്ത് ഇപ്പോൾ സദാസമയവും മമ്മയുടെ അടുത്തുണ്ട്. സോഫിയക്ക് അത്രയും സമാധാനം.
       സോഫിയ ഓർത്തു. ഈയിടെയായി ജൂലിയും ഇങ്ങനെയൊക്കെ തന്നെ. എപ്പോഴും ചിന്തിച്ചു കൊണ്ട് നടക്കുന്നത് കാണാം. വിളിച്ചാൽ പോലും കേൾക്കില്ല. ഈ കുട്ടികൾക്കിതെന്ത് പറ്റി ? പെൺകുട്ടികൾ വലുതാകുന്തോറും ചിരിയും വർത്തമാനങ്ങളും എവിടെ പോകുന്നു.?
      പ്ലേറ്റും മുന്നിൽ വെച്ചിരിക്കുന്ന ജൂലിയെ സോഫിയ കനപ്പിച്ച് നോക്കി.
      " എനിക്ക് നാല് കൈയൊന്നുമില്ല..നിനക്കെന്താ എടുത്ത് കഴിച്ചാൽ ?"
     തിരിഞ്ഞ് നിന്നപ്പോൾ ഇളവെയിൽ മമ്മയുടെ മുഖത്ത് വീണു. ശബ്ദം നേർത്തതായിരുന്നു. ദ്വേഷ്യമൊന്നുമില്ല.
    " നീയെങ്ങോട്ടാ ഇത്ര നേരത്തെ ?"
    " ഞാനിന്നലെ പറഞ്ഞതല്ലെ.."
    " നീയും ചേച്ചിയും ആദിയെ പോലെ തുടങ്ങുവാണോ ? മനസ്സമാധാനം കളയാൻ.."
      എന്തെങ്കിലും മനസ്സിൽ വെച്ചു കൊണ്ടായിരിക്കണം അമ്മയുടെ ചോദ്യം. അവൾ ഒന്നും മിണ്ടാതെ കൈ കഴുകി. അടുക്കളയിൽ മമ്മ പിന്നെയും തനിയെ സംസാരിക്കുന്നത് കേട്ടു.
      ഇടവഴിയിൽ പുല്ലാനിക്കാടിനടുത്ത് എലിസബേത്ത് മുട്ടുകുത്തിയിരിക്കുന്നത് കണ്ടു. അവൾ ഒരു ഒച്ചിന്റെ പുറകെയാണ്. പിറുപിറുക്കുന്നത് കേൾക്കാം. തനിയെ ചിരിക്കുന്നതും. അത് മറ്റൊരു ജന്മം.    
      ഗേറ്റിനടുത്തെത്തിയപ്പോൾ പപ്പ പുറകിൽ നിന്നും വിളിച്ചു ചോദിച്ചു.
     " പപ്പ കൊണ്ട് വിടണോ ?"
     " വേണ്ട പപ്പാ.."
സോളമൻ വീണ്ടും കാറ് കഴുകാൻ തുടങ്ങി. പപ്പ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ഭാഗ്യം. ഉത്തരം കരുതി വെച്ചിരുന്നു. ജൂലി പോയ വഴിയെ നോക്കി സോളമൻ അല്പ സമയം ആലോചിച്ച് നിന്നു. പിന്നെ അയാൾ ധൃതിയിൽ അകത്തേക്ക് നടന്നു.
      സമയം ഏഴ് പത്ത്. അഞ്ച് മിനിറ്റ് വേണ്ട ബസ് സ്റ്റോപ്പിലേക്ക്. ഏഴ് ഇരുപതിനാണ് സുദർശൻ വരുന്നത്. രണ്ടാം കല്ല് ബസ് സ്റ്റോപ്പിൽ ഇറങ്ങാനാണ് രാജീവ് പറഞ്ഞിരിക്കുന്നത്. വീണ്ടും നാല് സ്റ്റോപ്പുകൾ കഴിയണം കോളേജിലേക്ക്. തീരെ പരിചയമില്ലാത്ത സ്ഥലം. പറഞ്ഞപ്പോൾ തന്നെ അവൾ സംശയിച്ചു. അന്നേരം അവളത് ചോദിക്കുകയും ചെയ്തു.
     " ഇതെന്തിനാ അവിടെയിറങ്ങുന്നെ ?"
     " എല്ലാം നേരിട്ട് പറയാം.."
      ഞായറാഴ്ച്ച എല്ലാവരും പള്ളിയിൽ പോയിരിക്കുന്ന സമയമായിരുന്നു. ഫോണിൽ തീരെ വിളിക്കരുതെന്ന് ജൂലി അവനോട് മുൻപെ പറഞ്ഞ് വെച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡാണ്. ബില്ല് വരുന്നത് പപ്പക്ക്. പലപ്പോഴും അവൾ തിരിച്ചറിയുന്നുണ്ട് പപ്പയുടെ ഇടപെടലുകളിലെ വ്യത്യാസങ്ങൾ.
     ഫോണിലെ രാജീവിന്റെ ശബ്ദത്തിലെ പതർച്ച അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
      " ഉം..എന്ത് പറ്റി ?"
      " അത്യാവശ്യമായി എനിക്കൊന്ന് കാണണം.."
      " കോളേജ് ബസ് സ്റ്റോപ്പീ...കണ്ടാ പോരേ ?"
      " അത് പോരാ -"
      റോഡിൽ വാഹനങ്ങളുടെ തിരക്ക് തീരെയില്ല. ഒരു ബസ് സ്റ്റോപ്പിന്റെ ലക്ഷണങ്ങളൊന്നും രണ്ടാം കല്ലിനില്ല. വലിയ ഒരു മരച്ചുവട്. അടുത്ത് ഒരു തട്ടുകടയുണ്ട്. അത്രമാത്രം. തട്ട് കടയുടെ മുൻപിലുള്ള മരത്തിന്റെ ബഞ്ചിൽ ഒരാളിരുന്ന് ചായ കുടിക്കുന്നുണ്ട്. അവിടെ നിന്നിരുന്ന ഒരമ്മയും കുഞ്ഞും ജൂലിയിറങ്ങിയ ബസ്സിലേക്ക് കയറി.
     ബസ്സിറങ്ങുമ്പോഴേ കണ്ടു മരച്ചുവട്ടിൽ നില്ക്കുന്ന രാജീവിനെ. ഹൃദയമിടിപ്പ് കൂടുന്നത് അവളറിഞ്ഞു. പതുങ്ങിയ കാൽവെയ്പ്പുകളോടെ അടുത്ത് ചെന്നു. ഹെൽമറ്റിൽ മുഖം കാണാൻ വയ്യ.
     " കയറ്.."
     " എങ്ങോട്ടാ?"
     " നീ കയറ്.."
     " നല്ല പേടിയുണ്ടെനിക്ക് - "
എന്നെയാണോ പേടി അതോ നാട്ടുകാരെയോ ? അവനങ്ങനെ ചോദിക്കണമെന്ന് തോന്നി. ചോദിച്ചില്ല.
      ഒരു കോഫി ക്ലബ്ബിന്റെ മുൻപിലാണ് രാജീവിന്റെ ബൈക്ക് ചെന്ന് നിന്നത്. തലയിൽ നിന്നും ഹെൽമെറ്റെടുത്ത് അവൻ ബൈക്കിന്റെ ഹാന്റിലിൽ വെച്ചു. അവളുടെ കണ്ണുകളിൽ ഒരു പരിഭ്രമം നിറഞ്ഞ് നില്പുണ്ട്. അവൾ ചുറ്റും നോക്കി. അദൃശ്യമായ ഒരു നിഴലെങ്ങാനും..!
       അവൻ കണ്ണുകൾ ചെറുതാക്കി ചിരിച്ചു. ഭയപ്പെടേണ്ട ഇവിടെയാരും നമ്മളെ തിരിച്ചറിയാൻ പോണില്ല എന്ന് പറയുമ്പോലെ. പക്ഷെ അദൃശ്യമായ ഒരു നിഴൽ അവളെ പിൻ തുടരുന്നതായി അവളറിയുന്നുണ്ട്.
     " സാന്ദ്രയെ വിളിച്ചിട്ട് കിട്ടിയില്ല. അതുകൊണ്ടാ നിന്നെ വിളിച്ചെ.."
ജൂലി അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
    " നീയെന്തേലും കഴിച്ചോ?"
    " ഉം.."
    " ഞാനൊന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട്..നീ വാ.."
     വെളിച്ചം തീരെ കുറവ്. ഗ്ലാസ്സ് കൊണ്ട് പകുതി മാത്രം മറച്ച ചെറിയൊരു മുറി. ഒരു ടേബിളും നാല് കസേരകളും മാത്രം. കടൽത്തിരകളുടെയും അസ്തമയസൂര്യന്റെ ചുവപ്പിന്റെയും പശ്ചാത്തലത്തിൽ തീരത്തിലൂടെ ഒരമ്മയും കുഞ്ഞും നടന്ന് പോകുന്ന ഒരു പെയിന്റിംഗ് ചുവരിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. 
      ചുമരിനോട് ചേർന്നുള്ള കസേരയിൽ അവൾ ഒതുങ്ങിയിരുന്നു. തോൾ ബാഗ് തൊട്ടടുത്ത കസേരയിൽ വെച്ചു. കറങ്ങുന്ന ഫാനിന് കീഴെ ഈ സമയത്തും അവൾ ചെറുതായി വിയർത്തു. അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് എന്തിനായിരിക്കണം? കാറ്റിൽ നെറ്റിയിലേക്ക് വീണ മുടിച്ചുരുളുകൾ ജൂലി ചെവികൾക്ക് പുറകിലേക്ക് തിരുകി വെച്ചു.
   " മിനിഞ്ഞാന്ന് രണ്ട് പേർ എന്നെ കാണാൻ വന്നു.."
   " ആര് ? "
   " അതറിയില്ല.."
     ഒരു സ്വകാര്യം പോലെ തീരെ പതിഞ്ഞതായിരുന്നു അവന്റെ ശബ്ദം. അവൻ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്നു. അവൾക്ക് കേൾക്കാൻ മാത്രമായി അവൻ ശബ്ദം താഴ്ത്തി.
    " അവരെന്നെ ബലമായി കാറിൽ വലിച്ച് കയറ്റി.."
    " എന്നിട്ട്..? "
ജൂലി ഭയന്ന് പോയി.
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ഭയം അവിടെ ഒരു പ്രാവിനെ പോലെ പതിയിരിക്കുന്നത് കണ്ടു. കണ്ണടയെടുത്തു മാറ്റി ജീൻസിന്റെ പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് അവൻ മുഖം തുടച്ചു. അവൾ കാതോർത്തിരിക്കുന്നത് അവന്റെ ചുണ്ടുകളിൽ നിന്നും ഇനി വീഴാൻ പോകുന്ന വാക്കുകൾക്കാണ്.. 
       അപ്രതീക്ഷിതമായിരുന്നു അവരുടെ വരവ്. ഇടവഴിയിൽ നിന്നും മുറ്റത്തേക്ക് കയറുന്നതിന് മുൻപായി ഗേറ്റിനടുത്ത് വെച്ച് തന്നെ അവർ കാർ മുൻപിലേക്ക് കയറ്റി നിർത്തിയിരുന്നു. ഒരു ചുവന്ന സ്വിഫ്റ്റ്. കാത്തു നില്ക്കുകയായിരുന്നു എന്ന് തോന്നി. കാറിനകത്ത് രണ്ട് പേരുണ്ടായിരുന്നു.
   " നിങ്ങളാണോ രാജീവ് മേനോൻ ?"
   " അതെ - "
      ചോദ്യം ഇംഗ്ലീഷിലായിരുന്നു. രാജീവ് മോട്ടോർ സൈക്കിൾ സൈഡ് സ്റ്റാന്റിൽ നിർത്തി. അവർ രണ്ട് പേരും ചിരിച്ചു. കാഴ്ച്ചയിൽ ഒരുവൻ മലയാളിയല്ല. ജീൻസും കറുത്ത ബനിയനും ധരിച്ചിരുന്ന അയാളുടെ ചുണ്ടിൽ ഒരു സിഗരറ്റ് പുകയുന്നുണ്ടായിരുന്നു. നീട്ടി വളർത്തിയ മുടി തോളറ്റം വരെ കിടക്കുന്നു. ശിവലിംഗം പച്ചകുത്തിയിട്ടുണ്ട് ഇടതു കൈയിൽ.
      " ഒരഞ്ച് മിനിറ്റ് തരുമോ ?"
      " എന്തിന്?"
      " നമുക്ക് കാറിലിരുന്ന് സംസാരിക്കാം.."
ചിരിയിലും മുഖഭാവങ്ങളിലും പെരുമാറ്റങ്ങളിലും ഒരു പൊരുത്തക്കേടുണ്ട്. രാജീവ് നിഷേധിച്ചു.
      " നൊ..ഐ സീം റ്റു ബി മോർ കംഫർട്ടബിൾ ഹിയർ.."
     പെട്ടെന്ന് രണ്ട് കൈകളിലും അവരുടെ പിടി വീണു. അമ്പരന്ന് നിന്ന ആ ഒരു നിമിഷം മതിയായിരുന്നു അവർക്ക് രാജീവിനെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റാൻ. കരുത്തുറ്റ അവരുടെ കൈകളിൽ അവൻ വെറുമൊരു പൂച്ചക്കുട്ടി. ശബ്ദമൊന്നും പുറത്ത് വന്നില്ല. 
     അധികം വലിപ്പമില്ലാത്ത ഒരു കത്തിയുടെ മുനക്കൂർപ്പ് പിൻകഴുത്തിലെ തൊലിയിൽ തൊട്ടു നിന്നു. അർത്ഥം ഒന്നേയുള്ളു. അനങ്ങാതിരിക്കുക.
      വണ്ടി മുൻപോട്ട് നീങ്ങി.
    " വീയാർ വെരി കൂൾ റൈറ്റ് നൗ..ഡു നോട്ട് ബോയിൽ.."
    " പറയൂ..നിങ്ങളാരാണ്. നിങ്ങൾക്കെന്ത് വേണം ?"
      അതിന് ആരും പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല. കാറിൽ ഇരുവരും തീരെ നിശ്ശബ്ദരായിരുന്നു. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ പതിപ്പിച്ച് മറ്റെയാൾ വണ്ടിയുടെ വേഗം കൂട്ടിക്കൊണ്ടിരുന്നു. മുൻപിൽ പോകുന്ന വണ്ടികളെയെല്ലാം തന്റെ സവിശേഷമായ ഡ്രൈവിങ്ങ് ചാതുരികൊണ്ട് അയാൾ പുറകിലേയ്ക്കാക്കി. 
      കുറച്ച് ദൂരം ഓടിയ ശേഷം കാർ ടാറിട്ട വീതി കുറഞ്ഞ ഒരു ഇടറോഡിലേക്ക് അയാൾ വളച്ചിറക്കി. റോഡിന് സമാന്തരമായി രണ്ട് വശത്തും ഒരാൾ പൊക്കത്തിൽ കുറ്റിക്കാടുകൾ വളർന്ന് നില്പുണ്ട്. കുറെ ദൂരം പിന്നെയും ഓടി. ഈ സമയമത്രയും എതിരെ നിന്ന് വരുന്ന ഒരു വണ്ടിയെയോ ഒരു കാൽനടയാത്രക്കാരനെയോ രാജീവ് കണ്ടില്ല. 
     കുറേക്കൂടി കഴിഞ്ഞ് ഒരു കലുങ്കിനോട് ചേർന്ന് ഡ്രൈവർ വണ്ടി നിർത്തി. ഡോർ തുറന്ന് വെച്ചു.
    " ആപ്കൊ ജാ സക്തെ..യൂ കാൻ ഗെറ്റോഫ്.."
     രാജീവിനൊന്നും മനസ്സിലായില്ല. 
ഇറങ്ങാൻ നേരം മുടി നീട്ടി വളർത്തിയവൻ തോളിൽ കൈ വെച്ചു. പിന്നെ ബനിയന്റെ പോക്കറ്റിൽ നിന്നും ഒരു കൂളിംഗ് ഗ്ലാസ്സെടുത്ത് മുഖത്ത് വെച്ചു. ബോളിവുഡ് സിനിമയിലെ ഒരു വില്ലന്റെ ഛായ അന്നേരം അയാൾക്ക് വന്നു.
     " യൂ ഹാവ് ബീൻ വാൺഡ്..ബിക്കോസ്, ലേഡീസ് ആർ ഇൻഫ്ലാമ്മബിൾ.."
     അവളെല്ലാം കേട്ടിരുന്നു.
    മുന്നിൽ കൊണ്ട് വന്ന് വെച്ച കോഫി ചൂടാറിയിരിക്കുന്നു. ജൂലി ഒരു കവിൾ കുടിച്ചു. പിന്നെ രാജീവ് കഴിക്കുന്നതും നോക്കി കുറെ സമയം ഒന്നും മിണ്ടാതെ അവളിരുന്നു.
     നിഴലുകൾ അടുത്തു വരികയാണ്. അതൊരു വലയാകാം. ഇരയ്ക്ക് ചുറ്റും ചുരുങ്ങി ചുരുങ്ങി തീരെ ചെറുതാകുന്ന വല. അതിന് പുറകിലൊരു തലയുണ്ട്. അവളുറപ്പിച്ചു. സംവൺ ഹാസ് ബീൻ ഫോളോയിംഗ്..!
     " ആ കറുത്ത വണ്ടി കണ്ടൊ..? ഒരു KL45L 8077.."
കോഫി ക്ലബ്ബിൽ നിന്നും ഇറങ്ങാൻ നേരം ജൂലി ഒച്ചയടക്കി രാജീവിനോട് ചോദിച്ചു.
     " ഉം.."
     " പലപ്പോഴും എന്റെ പുറകിൽ ഞാനിത് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവിടെയും.."
     " എങ്കിൽ ഇന്ന് നമുക്ക് അവനെ കണ്ടു പിടിക്കാം."
     " ഇംപോസിബിൾ. അവന്റെ ഫോക്കസ് നമ്മളാണ്. നമ്മുടെ ചലനങ്ങൾക്കനുസരിച്ചേ അവൻ ചലിക്കൂ.."
       രാത്രിയിൽ വളരെ വൈകിയാണ് ജൂലി ഉറങ്ങാൻ കിടന്നത്. മനസ്സമാധാനത്തിലേക്ക് ഇനിയെത്ര നാൾ ? തെളിഞ്ഞ കാഴ്ച്ചകളിലേക്ക് ഇനിയെത്ര ദൂരം? രാജീവിന്റെ പുറകിലും ആരോ ഉണ്ട്…
      ആ രാത്രി എലിസബേത്തും ഉറങ്ങാതെ കിടക്കുകയാണ്. ആഷിക്ക് വിളിച്ച് വെച്ചതേയുള്ളു. പതറിയ ഒരു ശബ്ദമായിരുന്നു അവന്. ശ്വാസം തൊണ്ടയിൽ കുരുങ്ങിയ ഒരുവന്റെ ശബ്ദം. 
      " ആദീ..രാജീവ് ഹാസ് ബീൻ കിഡ്നാപ്പ്ഡ്.." എലിസബേത്തിന് ശ്വാസം മുട്ടി. അല്പ സമയം അവൾ മിണ്ടാതെ നിന്നു.
     " ഞാനവന്റെ ബൈക്കിന് പുറകിലുണ്ടായിരുന്നു."
     " എന്നിട്ട് ?"
     " ഞാൻ മാറി നിന്നു. എനിക്കവരെ ഫോളോ ചെയ്യാൻ പേടി തോന്നി.."
     " കാറിന്റെ നമ്പർ ഓർമ്മയുണ്ടോ?"
     " ഇല്ല.."
      ട്രാക്ക് മാറിയാണ് വണ്ടിയോടുന്നത്. രാജീവ് മേനോന്റെ പുറകിൽ മറ്റാരോ ഉണ്ട്. അതാരായിരിക്കും.? രാജീവ് മേനോൻ ഇപ്പോൾ ഒരു ദുരൂഹതയാണ്. കുഞ്ഞേച്ചിയും വെല്ല്യേച്ചിയും ആ ദുരൂഹതയുടെ നിഴലിലും. 
       ഉറക്കം വരുന്നില്ല. എലിസബേത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. പുകയുന്ന ഒരു സിഗരറ്റിന്റെ മണം ഇപ്പോൾ എലിസബേത്തിന്റെ മൂക്കിൻ തുമ്പിൽ വന്ന് മുട്ടി നിന്നു. 
അവൾ ചാടിയെഴുന്നേറ്റു. അതെ..അത് തന്നെ -
     ശബ്ദമുണ്ടാക്കാതെ പതുക്കെ ഗോവണിപ്പടികൾ കയറി അവൾ മുകളിലെത്തി. ജൂലിയുടെ മുറിയിൽ വെളിച്ചമില്ല. വാതിൽ ചാരിയിട്ടേയുള്ളു.   
      എലിസബേത്ത് ടെറസ്സിന് മുകളിലേക്കുള്ള ആദ്യത്തെ പടിയിൽ വലത് കാലെടുത്ത് വെച്ചു. ഇതുവരെയില്ലാത്ത ഒരു ഭയം അവളെ പൊതിഞ്ഞു. 
     മുകളിലുളളത് ഒരു പുരുഷനായിരിക്കണം. കായബലവും കൈക്കരുത്തുമുള്ള ഒരാണ്. ഇപ്പോൾ അയാളുടെ മുൻപിൽ അകപ്പെടുന്നത് ആരായാലും അതയാളുടെ ശത്രുവായിരിക്കും. ജീവൻ ബാക്കി വെക്കാതെ അവസാനിപ്പിക്കേണ്ട ശത്രു. 
     എലിസബേത്ത് കിതച്ചു.
അവൾ രണ്ടാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചു. തട്ടിൻ മുകളിലെ വാതിൽപ്പലകകൾ തുറന്ന് കിടപ്പുണ്ട്. അവൾ സാവധാനം ടെറസ്സിലേക്ക് ഇഴഞ്ഞ് കയറി. 
രാത്രിയുടെ നരച്ച ഇരുട്ട്.
ആകാശച്ചെരുവിൽ മിന്നുന്ന നക്ഷത്രങ്ങൾ. 
മുട്ടുകാലിൽ ഇഴഞ്ഞ് അവൾ വാട്ടർ ടാങ്കിന്റെ മറവിലെത്തി.  
തൊട്ടു മുന്നിൽ രണ്ട് നിഴലുകൾ !
അവൾ ഞെട്ടി പുറകോട്ട് മാറി ചെരിഞ്ഞ് കിടന്നു.
    " ഞാൻ പറഞ്ഞത് നീയെന്തേലും കേട്ടോ ?"
    " പറ -"
    " എനിക്കെന്റെ പഴയ വെല്ല്യേച്ചിയെ വേണം.." 
അടക്കിയ ശബ്ദത്തിന്റെ കിതപ്പ്. മുറിഞ്ഞ് വീഴുന്ന ചതഞ്ഞ വാക്കുകൾ.
     " അതിന്.. മനുവിലേക്കെത്താനായി ഇപ്പോൾ നമ്മുടെ കൈയിലുള്ള ഒരേയൊരു വഴി ആ ഗ്രീറ്റിംഗ് കാർഡിൽ ഒളിഞ്ഞിരിക്കുന്ന ഫോൺ നമ്പറാണ്.."
    " ഉം.."
   " പിന്നെ..വരാൻ പോകുന്ന ഒരു കൊറിയറും.."
      മറ്റൊരു കാഴ്ച്ചയും വേണ്ട.
     അവൾ കണ്ണുകളടച്ചു പിടിച്ച് ആകാശത്തേക്ക് നോക്കി. പിന്നെ പിൻതിരിഞ്ഞ് ധൃതിയിൽ പടികളിറങ്ങി. ചാരിയിരുന്ന കതക് തുറന്ന് അവൾ ജൂലിയുടെ മുറിയിൽ കയറി. ഇരുട്ടിൽ കുറെ സമയം അവളങ്ങനെ വെറുതെ നിന്നു. 
     രണ്ട് നിഴലുകൾ.
അതിലൊരു നിഴൽ തന്റെ കുഞ്ഞേച്ചിയായിരിക്കുമെന്ന തിരിച്ചറിവിൽ അവൾ മുഖം പൊത്തി കരഞ്ഞു. 
     എന്റെ കുഞ്ഞേച്ചി ചീത്തയായിപ്പോയല്ലൊ !
തൊട്ട് മുൻപ് കണ്ടതെല്ലാം ഒരു സ്വപ്നമാകണം. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നുമുണരുമ്പോൾ ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത ഒരു സ്വപ്നം. മറ്റൊന്നും വയ്യ…
    ഇരുട്ടിൽ തപ്പി അവൾ ലൈറ്റ് ഓണാക്കി. കട്ടിലിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ജൂലിയെ കണ്ട് എലിസബേത്ത് അമ്പരന്നു.
      

🟥 തുടരുന്നു…


എലിസബേത്ത് -24

എലിസബേത്ത് -24

0
620

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിനാല്             സാന്ദ്ര നല്ല ഉറക്കത്തിലാണ്. ഡ്രസ്സ് ചെയ്യുന്നതിനിടയിൽ അവളുടെ കിടപ്പ് കണ്ട് ജൂലി വെറുതെ ചിരിച്ചു. പെണ്ണല്ലെ എന്ന് വെച്ച് കിടപ്പിൽ അച്ചടക്കമൊന്നുമില്ല. വസ്ത്രങ്ങളൊന്നും നേരെ ചൊവ്വെയല്ല. അടിവസ്ത്രവുമില്ല. ഇതെന്തൊരു സ്വഭാവമാണ്.! പുതപ്പെടുത്ത് അവളുടെ മേലെയിട്ടു. അവളൊന്ന് ഞരങ്ങി തിരിഞ്ഞ് കിടന്നു. കെട്ടിപ്പിടിച്ച് കിടക്കാൻ ഒരു തലയിണയും വെച്ച് കൊടുത്തു.      ഇന്നലെ രാത്രിയിൽ എപ്പോഴാണുറങ്ങിയത് ? അറിയില്ല. പതിവിന് വിപരീതമായി സാന്ദ്ര വളരെ നിശ്ശബ്ദയായിരുന്നു.കുറെ നേരം മുറിയിൽ വെറുതെ അങ