Aksharathalukal

അക്കരെയക്കരെ ഭാഗം 05

ആഴ്ചയിൽ ഒന്നോ രണ്ടോ തവണയൊക്കെ രതീഷേട്ടൻ വിളിക്കും. നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ആ സംസാരങ്ങൾക്കു വേണ്ടി പോലും രണ്ടറ്റത്ത് ഞങ്ങൾ രണ്ടു പേരും കാത്തിരിക്കുന്നു. 
പതിഞ്ഞ ശബ്ദത്തിൽ ശ്വാസം അടക്കിപ്പിടിച്ച് സംസാരിക്കുന്നതു കേൾക്കാം.  എത്ര നാൾ മുന്നോട്ട് പോകും ഇങ്ങനെ ? ഒന്നും അറിയില്ല. 

കഴിഞ്ഞ ഒരു മാസം കൊണ്ട് പോയി കാണാവുന്ന രാഷ്ട്രീയക്കാരെ ഒക്കെ പോയി കണ്ടു. എല്ലാവരും പറയും നോക്കാം ... ശരിയാക്കാമെന്ന്. 

അവരെ കണ്ടും വിളിച്ചും കുഴയുമ്പോൾ അടുത്തത് ആരെ കാണണമെന്നു പോലും എനിക്കറിയില്ല. 
പത്താം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. രതീഷേട്ടന്റെയോ അച്ഛന്റെയോ കൂടെയല്ലാതെ ഈ ജില്ലയ്ക്കു പുറത്തു പോലും പോയിട്ടില്ല ഇതുവരെ . എന്റെ നിസ്സഹായതകൾ ഞാൻ തിരിച്ചറിഞ്ഞ നാളുകൾ. 

പലയിടത്തും അനിയണ്ണൻ കൂടെ വരും. എത്ര നാൾ ബുദ്ധിമുട്ടിക്കും എല്ലാവരെയും? അവരും ദിവസേന ജോലിക്ക് പോയി കഴിയുന്നതല്ലേ .... 

കഴിഞ്ഞ ആഴ്ച എം. എൽ. എ യെ പോയി കണ്ടിരുന്നു ഞാൻ. രണ്ട് രണ്ടര മണിക്കൂർ പുറത്ത് കാത്തിരുന്നു . അകത്തേക്ക് വിളിപ്പിച്ചപ്പോൾ വെപ്രാളപ്പെടാതെ പറയാനുള്ളതെല്ലാം മനസ്സിൽ അടുക്കിപ്പെറുക്കുന്ന തിരക്കിലായിരുന്നു ഞാൻ. 

സൈമണെപ്പറ്റിയും അവനുമായുള്ള പരിചയവും ഒക്കെ പറഞ്ഞു. രതീഷേട്ടൻ വിളിക്കാറുള്ളതൊഴിച്ച് . 

അനിയണ്ണനാണ് പറഞ്ഞത് എം.എൽ എ യെ ഒന്നു പോയി കണ്ട് നോക്കാമെന്ന്. ആൾക്ക് അത്യാവശ്യം പാർട്ടി പ്രവർത്തനം ഒക്കെയുണ്ട്. ആ ഒരു സ്വാധീനത്തിൽ ....
അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നൊന്നും എനിക്കറിയുമായിരുന്നില്ല. എന്നിട്ടും ഞാൻ വിശ്വസിച്ചു എന്തെങ്കിലും ചെയ്യുമായിരിക്കുമെന്ന് . 

\" സ്വന്തമായി ഒരു കിടപ്പാടം പോലുമില്ല സർ. വാടക വീട്ടിലാണ് താമസിക്കുന്നത്. പത്തും അഞ്ചും വയസ്സുള്ള രണ്ടു കുഞ്ഞു മക്കളാണ്. എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ല. വേറെ ആരുമില്ല  ഒന്ന് സഹായം ചോദിക്കാൻ പോലും. \" 

ധൈര്യമായിട്ട് പൊയ്ക്കോ. അന്വേഷിച്ചിട്ട് വിളിക്കാം എന്നു പറഞ്ഞു. 

പിറ്റേന്ന് മുതൽ തന്നിരുന്ന പി.എയുടെ നമ്പറിൽ ഞാൻ വിളിച്ചു. മറുപടിയില്ല. അനിയണ്ണൻ നേരിട്ട് ചെന്ന് തിരക്കിയപ്പോഴാണ് പറയുന്നത് ഗവൺമെന്റ് രേഖകളിൽ ഒന്നും അങ്ങനെ ഒരു അറസ്‌റ്റോ ചോദ്യം ചെയ്യലോ രേഖപ്പെടുത്തിയിട്ടില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസി അങ്ങനെയൊരു കാര്യം സ്ഥിതീകരിച്ചിട്ടില്ല. അവർക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ലാത്രേ . 

അവർ ശരിക്കും അന്വേഷിച്ചിട്ടുണ്ടാകുമോ ? അതോ ശല്യം ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാകുമോ ? 

ചിന്തിച്ച് ഭ്രാന്തു പിടിച്ചു തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്കിറങ്ങിയത് .  ഇത് മാത്രമാണ് എന്റെ ഏക ആശ്രയം. 

തൊഴുതിറങ്ങിയപ്പോൾ കണ്ടു -  രതീഷേട്ടന്റെ   അമ്മ. എനിക്കു നേരെ നടന്നടുക്കുന്നു. 
അനിയണ്ണൻ പറഞ്ഞ് എല്ലാം അറിഞ്ഞിട്ടുണ്ടാകും. 

\" എന്ന് നിന്നെ കെട്ടിയോ അന്ന് തുടങ്ങിയതാ എന്റെ കുഞ്ഞിന്റെ കഷ്ടപ്പാട്.  വല്ല അന്യ നാട്ടിലും പോലീസിന്റെ കൈയിൽ വരെ അവനെ എത്തിച്ചപ്പോ  നിനക്ക് സമാധാനമായല്ലോ . \" 

പല്ല് ഞെരിച്ച് മൂദേവി എന്നു കൂടി വിളിച്ചിട്ട് അമ്മ ദേഷ്യത്തിൽ തിരിഞ്ഞു നടന്നു. 
അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇതായിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. എന്നോട് എത്ര ദേഷ്യമുണ്ടെങ്കിലും സ്വന്തം മകനല്ലേ ?

അവൻ വിളിച്ചോ ? പോലീസുകാർ ഉപദ്രവിച്ചോ ? അവന് കുഴപ്പമൊന്നുമില്ലല്ലോ ? 

അങ്ങനെ എന്തെങ്കിലും ഒരു ചോദ്യം പ്രതീക്ഷിച്ചു. 

ഒക്കെ പോട്ടെ. ഞങ്ങൾക്ക് രണ്ട് കുഞ്ഞുങ്ങളില്ലേ ! അവരെവിടെ എന്നെങ്കിലും ചോദിച്ചു കൂടെ ? 

ഞങ്ങളുടെ കൈയിൽ നീക്കിയിരുപ്പ് എത്ര കാണും എന്നൊക്കെ അമ്മയ്ക്ക് അറിയാം. അതും ഇങ്ങനെ ഒരവസ്ഥയിൽ !

ആദ്യമായി ഗൾഫിൽ പോകാൻ വിസ എടുത്ത സമയത്ത് കാശിനു വേണ്ടി ഈ നാടു മുഴുവൻ ആ മനുഷ്യൻ അലഞ്ഞിട്ടുണ്ട്. പലിശക്കാരോടെല്ലാം കടം വാങ്ങി. അതും ഞങ്ങൾ തറവാട്ടിൽ നിൽക്കുമ്പോൾ തന്നെ. 
കൺമുന്നിൽ കിടന്ന് നെട്ടോട്ടം ഓടുന്നത് കണ്ടിട്ടും അനങ്ങിയിട്ടില്ല അമ്മയോ അച്ഛനോ . ഒന്നും തന്നില്ലെങ്കിലും വെറുതെ ഒരു ചോദ്യമെങ്കിലും ....

..............................

\" അച്ചാച്ചൻ എന്നാ വരുന്നെ ? എന്റെ ഹെലികോപ്റ്റർ മറക്കല്ലേ കേട്ടോ. റെഡ് കളർ മതി. \" 

കണ്ണനാണ്. അഞ്ച് വയസ്സുള്ള കുഞ്ഞ് ഗൾഫിലുള്ള അവന്റെ അച്ഛനോട് വേറെ എന്തു പറയാൻ ! 
തിരിച്ച് പറയുന്ന മറുപടി ഒന്നും കേൾക്കാൻ വയ്യ. 

മോള് ഫോൺ വാങ്ങിയ ഉടനെ അച്ചാച്ചൻ ചോറുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടു. അവൾക്ക് എന്തൊക്കെയോ മനസ്സിലാകുന്നുണ്ടാവണം . ചില നേരത്ത് വെറുതെ എന്നെത്തന്നെ നോക്കിയിരിക്കുന്നതു കാണാം. ഒന്നും ചോദിക്കില്ല....

\" വിജീ...\"

ഫോൺ എന്റെ കൈയിൽ എത്തിയതും വിളി വന്നു. 

\" ഇവിടെ കുഴപ്പമൊന്നുമില്ല. അത്യാവശ്യത്തിനുള്ള കാശൊക്കെ ഒണ്ട് അക്കൗണ്ടിൽ . ടെൻഷൻ ആവണ്ട. \"

ആ വിളിയുടെയും മൗനത്തിന്റെയും അർത്ഥം എനിക്ക് അറിയാം . 

\" ഉം.
എനിക്ക് .. എനിക്ക് നിങ്ങളെ ഒന്ന് കാണാൻ തോന്നുന്നെ ടീ .\"

\" ഞങ്ങൾക്കും. \"

മറുപടി ഒന്നും വന്നില്ല. രണ്ടു വശത്തും മൗനം. ഉയർന്നു കേൾക്കുന്ന നിശ്വാസങ്ങൾക്ക് കാതോർത്തു കൊണ്ട് വെറുതെ ഫോണും പിടിച്ചിരുന്നു. 

\" വെക്കട്ടേ ? എല്ലാവർക്കും വിളിക്കണം.\"

\" ഉം. \"

രണ്ടു നിമിഷം കൂടി കഴിഞ്ഞപ്പോൾ ഫോൺ കട്ടായി. 
എന്നിട്ടും ഞാനത് ചെവിയിൽ തന്നെ വെച്ചു കൊണ്ടിരുന്നു. വിജീ .... എന്ന വിളി എവിടുന്നോ മുഴങ്ങുന്നതു പോലെ.
ഇന്നും കേട്ട് മടുക്കാത്ത വിളി.

ഇന്നോളം തോന്നാത്ത പോലെ കൊതി തോന്നുന്നു ഒന്നു കാണാൻ , തൊടാൻ , അടുത്തു നിന്ന് സംസാരിക്കാൻ ഒക്കെയും... 

തിണ്ണയിൽ ചെന്നിരുന്ന്  കിഴക്കോട്ട് നോക്കി. 
വാതിൽക്കലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന കൂട്ടത്തിൽ രതീഷേട്ടനും ഉണ്ടെന്ന് വെറുതെ ചിന്തിച്ചു. ലീവിന് വരുമ്പോഴുള്ള പതിവാണത്. 

സന്ധ്യ ആയല്ലോ. ഇരുട്ടി തുടങ്ങി. കളി നിർത്തി ഇപ്പോൾ വരുമായിരിക്കും. 

ഉടുത്തിരുന്ന കൈലി ഒന്ന് അഴിച്ച് മടക്കിക്കുത്തി മുറ്റത്തേക്ക് കയറുന്നു. ആരോ വിളിച്ചപ്പോൾ തിരിഞ്ഞ് നിന്ന് ചിരിയോടെ കൈ പൊക്കി കാട്ടി.

\" നാളെ കാണാടാ \"

എന്ന് പറഞ്ഞ് അതേ ചിരിയോടെ തിരിഞ്ഞു. 

നിറച്ചും കായ്ച്ചു നിൽക്കുന്ന ചാമ്പയിൽ നിന്ന് രണ്ടെണ്ണം പൊട്ടിച്ചെടുത്തു. അതിലൊന്ന് എനിക്കുള്ളതാണ്. 

\" വിജീ... \"

വിളിച്ചു കൊണ്ട് തന്നെ അകത്തേക്ക് കയറി പോകുന്നു. എന്നെ നോക്കുന്നില്ല. ആ ഓട്ടം അടുക്കളയിലേ ചെന്ന് നിൽക്കൂ . 

എന്നാലും ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ ?

തുടരും...

// സാരംഗി//
© copyright protected



അക്കരെയക്കരെ ഭാഗം 06

അക്കരെയക്കരെ ഭാഗം 06

4
1018

ആ സെല്ലിൽ ഞങ്ങൾ ആറ് പേരുണ്ടായിരുന്നു ഞാൻ ഉൾപ്പെടെ ആറു മലയാളികളും ഒരു തമിഴ്നാട്ടുകാരനും .വാസു. വാസുദേവ അയ്യങ്കാർ. ശ്രീനിവാസ അയ്യങ്കാറിനും ഭാര്യ ജാനകി അയ്യങ്കാറിനും അൻപതുകളുടെ തുടക്കത്തിൽ ലഭിച്ച - ദൈവാധീനമോ വൈദ്യശാസ്ത്രമോ - അവരുടെ സ്വപ്നം.പഠനം കഴിഞ്ഞ് സ്വന്തം സ്റ്റാർട്ടപ് തുടങ്ങാൻ ഒരുങ്ങിയപ്പോൾ അവന്റെ ഇഷ്ടങ്ങൾക്ക് ഒപ്പം അവരവനെ പറക്കാൻ വിട്ടു. ഇരുപത്തി മൂന്നാം വയസ്സിൽ അവൻ കടൽ കടന്നു. ലോകം കണ്ടു തുടങ്ങുന്ന പ്രായം.ഓരോന്നും ഓരോ ജീവിതങ്ങൾ . ആഹാരം കഴിക്കാൻ ചെന്ന് നിൽക്കുമ്പോൾ കാണാം മറ്റ് സെല്ലിൽ ഉള്ളവരെ . ചില കണ്ണുകളിൽ പ്രതീക്ഷയെങ്കിൽ ചിലതിൽ നിരാശ. മറ്