Aksharathalukal

അക്കരെയക്കരെ ഭാഗം 07

\" ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്ന് അറിയുവോ തനിക്ക് ? നമ്മളെ സ്നേഹിക്കാൻ... കാത്തിരിക്കാൻ... ഒരാളുള്ളത്. \"

ആർക്കൊക്കെയോ വേണ്ടി ജീവിച്ച് ഒടുക്കം ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ട ഒരുവന്റെ വേദന അയാളുടെ വാക്കുകളിൽ നിറഞ്ഞു നിന്നു. 

\" അവരെ ... അവരെ ഒന്ന് വിളിച്ചൂടെ ?\"

എന്റെ ചിന്ത ആ സ്ത്രീയെപ്പറ്റി ആയിരുന്നു. 
അയാളൊന്നും മിണ്ടാതെ എഴുന്നേറ്റു പോയി കിടന്നു. 

\" നിങ്ങടെ പേരെന്താ ?\"

ആ ചോദ്യം തീർത്തും അനാവശ്യമായി എനിക്കു തന്നെ തോന്നി. ഒരാളെ അറിയാൻ പേരിന്റെ ആവശ്യമില്ല . അറിയുക എന്ന പദത്തിന് ഒരുവന്റെ ഉള്ളറിയുക എന്നും അർത്ഥമുണ്ടെന്ന് എവിടെയോ വായിച്ചത് ഓർത്തു ഞാൻ. 

\" രാജൻ. \" 

കണ്ണ് പോലും തുറക്കാതെ അയാൾ പറഞ്ഞു. 

................................................

ഇവിടെ എത്തിയിട്ട് ഇന്നേക്ക് അൻപത്തിയെട്ടാം ദിവസം. 

രാവിലെ ആഹാരം കഴിക്കാൻ പോയിട്ട് തിരികെ വന്ന ഞങ്ങൾക്കു മുന്നിൽ ഫായിസ് സർ ഉണ്ടായിരുന്നു. എന്നെ ആദ്യ ദിവസം ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ. ഇവിടെ ഞാൻ കണ്ടതിൽ ഏറ്റവും മാന്യനായ മനുഷ്യൻ. അദ്ദേഹം വരുന്ന ദിവസങ്ങളിൽ അവർ ഉപദ്രവിക്കാറില്ല. ഇതിനോടകം പല തവണ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു -  അനൗപചാരികമായി. അതിന്റേതായ ഒരു ബഹുമാനം ഞാൻ ഉൾപ്പെടെ എല്ലാവർക്കും അദ്ദേഹത്തിനോട് ഉണ്ടായിരുന്നു. 

ഒരിക്കൽ അദ്ദേഹം എന്നോട് പറയുക കൂടി ചെയ്തു - 

\" നിങ്ങൾ എല്ലാവരും നിരപരാധികളാണെന്നും അവന്റെ കെണിയിൽ വീണ്ടു പോയതാണെന്നും ഞങ്ങൾക്കും അറിയാം. ബട്ട് വി ആർ ഹെൽപ്പ്ലെസ്.
ഞങ്ങൾക്ക് തരുന്ന ആജ്ഞകൾ അനുസരിക്കാതെ പറ്റില്ല. നിങ്ങളുടെ ഇന്ത്യ പോലെയല്ല ഇവിടെ. \" 

അന്നത്തെ ആ സംസാരത്തിനു ശേഷം ഇന്നാണ് അദ്ദേഹം വരുന്നത്. 

അടുത്തേക്ക് ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഞങ്ങളുടെ സെല്ലിനകത്തു നിന്ന് പോലീസുകാർ ഒരു രൂപത്തെ പുറത്തേക്ക് തള്ളി. 

രാജൻ !! 

\" ജയിലിനകത്ത് ഫോൺ ഒളിച്ചു കടത്തുന്നത് എത്ര വലിയ കുറ്റമാണെന്ന് നിങ്ങൾക്കറിയുമോ ?\"

ഞാൻ ഞെട്ടിപ്പോയി. ചോദ്യം എന്നോടാണെന്ന് കരുതി ഞെട്ടി തലയുയർത്തിയപ്പോൾ .... 
അല്ല ! താഴെ കിടക്കുന്ന അയാളോടാണ്. 

പോലീസുകാർ അവിടെയിട്ട് തന്നെ അയാളെ തലങ്ങും വിലങ്ങും ചവിട്ടിക്കൊണ്ടിരുന്നു. പിടിച്ചു മാറ്റാൻ ചെല്ലുന്നതിനു മുൻപ് തന്നെ ഞങ്ങളെ അവർ സെല്ലിനകത്താക്കി പൂട്ടി. 

വലിച്ചു കൊണ്ടു പോകുന്ന പോലീസുകാരുടെ കൈയിൽ നിന്നും കുതറി മാറി അയാൾ ഫായിസ് സാറിനടുത്തേക്ക് ചെന്ന് എന്തോ പറയുന്നതും സർ തലയാട്ടുന്നതും കണ്ടു. 

ഇരുമ്പഴികളിൽ പിടിച്ചു നിന്നിരുന്ന എന്റെ അടുത്തേക്ക് അയാൾ വന്നു. 

\" താൻ പറഞ്ഞില്ലേ അവളെ ഒന്നു വിളിക്കാൻ ? ഞാൻ വിളിച്ചെടോ. സംസാരിച്ചു. 

രണ്ടു വർഷം കഴിഞ്ഞ് ചെല്ലുമെന്ന് പറഞ്ഞു. \" 

നിറഞ്ഞ കണ്ണുകൾക്കിടയിലൂടെ ഞാൻ കണ്ടു - അനുസരണയുള്ള കുഞ്ഞിനെപ്പോലെ അയാൾ അവർക്കൊപ്പം നടന്നകലുന്നത്. 

\" നിങ്ങൾ എല്ലാവരും ആ മൊബൈൽ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. ബട്ട് ഐ ആം ഇഗ്നോറിങ്  ഇറ്റ്. ഡോണ്ട് സ്പീക്ക് അപ് . \"

ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി സർ നടന്നകന്നു. 

ഞങ്ങളും അതേ തെറ്റ് ചെയ്തവരാണ്. പക്ഷേ വിളിച്ചു പറയാൻ പറ്റുന്നില്ല. 

എനിക്കെന്തെങ്കിലും പറ്റിയാൽ....

എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന മൂന്ന് ജീവനുകൾ ഉണ്ടെനിക്ക്. 

നിലവിളക്കിന്റെ വെളിച്ചത്തിൽ ഒരു കുഞ്ഞു വീടിന്റെ തിണ്ണയിലിരിക്കുന്ന മൂന്നു മുഖങ്ങൾ ഓർമ്മ വന്നു.

ഇല്ല !!

ഞാനും സ്വാർത്ഥനാണ് എന്റെ കുടുംബത്തിന്റെ കാര്യത്തിൽ ....

പുറത്തേക്ക് വരാൻ പാഞ്ഞു പറിച്ചു വന്ന എന്തൊക്കെയോ വാക്കുകളെ വായ ഇറുകെ പൂട്ടി തൊണ്ടയിൽ വച്ചു തന്നെ ശ്വാസം മുട്ടിച്ച് ഞാൻ കൊന്നു കളഞ്ഞു. 

..........................................

വിജി മക്കൾക്ക് ചോറ് വാരി കൊടുക്കുന്നു.
ചിക്കൻ ഒക്കെ വാങ്ങിയോ ? സാധാരണ ഇത് ഞായറാഴ്ച മാത്രേ പതിവുള്ളൂ. ഇന്നെന്താ പ്രത്യേകിച്ച് ? 

ഇവളെന്തിനാ കരയുന്നെ ? 

ഓരോ ഉരുളയ്ക്കും ഒപ്പം അവൾ കുഞ്ഞുങ്ങളെ തുരുതുരെ ഉമ്മ വയ്ക്കുന്നു. 

മോള് വിജിക്കൊപ്പം കരയുന്നു.

കണ്ണനാണെങ്കിൽ കവിളിൽ പറ്റിയ വിജിയുടെ കണ്ണുനീര് അസ്വസ്ഥതയോ തൂത്തു മാറ്റുന്നു.

ബാക്കി വന്ന ചോറ് അവളും കഴിച്ചു.

താഴെ പോയ ഒരു വറ്റ് വരെ വിജി പെറുക്കിയെടുത്തു കഴിച്ചു.

എന്റെ കുഞ്ഞ്.... അവന്റെ കണ്ണ് നിറയുന്നു. ശ്വാസം മുട്ടുന്നുണ്ടോ ? ഉണ്ട്!!

എന്റെ മക്കൾ ശ്വാസം കിട്ടാതെ പിടയുന്നു. വിജി അവരെ അലച്ചു വാരി കെട്ടിപ്പിടിക്കുന്നു. അവരെ നെഞ്ചോട് ചേർക്കുമ്പോൾ അവളുടെ കണ്ണുകളും തുറിച്ചു വരുന്നുണ്ട്. 

.......................

അലറി വിളിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റതും സുബഹി വാങ്ക് വിളിച്ചതും ഒരുമിച്ചായിരുന്നു. കണ്ടതൊരു സ്വപ്നമായിരുന്നെന്ന് വിശ്വസിക്കാൻ ഹൃദയവും തലച്ചോറും ഒരുപോലെ മടിക്കുന്നു. 
എന്തിന് അങ്ങനെയൊരു സ്വപ്നം ?

അങ്ങനെയൊരു കൈയബദ്ധം ചെയ്യാൻ വിജിയ്ക്ക് തോന്നരുതേ ദൈവമേ !!

നോക്കിയപ്പോൾ മുജീബിക്ക നിസ്കരിക്കുന്നതു കണ്ടു. 
കട്ടിലിൽ നിന്ന് ഞാൻ ചാടിയിറങ്ങി. 
നിസ്കരിക്കാനറിയില്ല. ഇസ്‌ലാം മത വിശ്വാസിയല്ല. ചെയ്യുന്നത് ശരിയോ തെറ്റോ എന്നൊന്നും അറിയില്ല. 

എന്നിട്ടും ഞാൻ നിസ്കരിച്ചു. അല്ല , തറയിൽ മുട്ടുകുത്തി ഇക്ക ഇരുന്നതു പോലെ ഇരുന്നു. 
മറ്റൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. 
അള്ളാ എന്നു മാത്രം വിളിച്ചു. 

എനിക്ക് ജീവിക്കണം. എനിക്ക് തിരിച്ചു പോകണം. എന്നെ അവർ കാത്തിരിക്കുന്നു. 
അതുങ്ങൾക്ക് ഞാൻ മാത്രമേ ഉള്ളൂ. 

.........................

ഒരു മാറ്റവും ഇല്ലാതെ പിന്നെയും ദിവസങ്ങൾ കടന്നു പോയി. ചോദ്യം ചെയ്യലുകളൊക്കെ തീർത്തും ഒഴിവായിരുന്നു. ആകെയുള്ള മാറ്റം സെല്ലിനുള്ളിൽ രാജനില്ല എന്നതായിരുന്നു. പക്ഷേ അയാളുടെ അഭാവത്തേക്കാൾ മൊബൈലിന്റെ അഭാവം അവിടെ മുഴച്ചു നിന്നു. വീടുമായുള്ള എല്ലാ ബന്ധവും നിലച്ചു.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് ഒരു വൈകുന്നേരം ഫായിസ് സർ വീണ്ടും വന്നു. 

\" നാട്ടിലേക്ക് മടങ്ങാൻ തയാറായിക്കോളൂ...\"

എനിക്ക് മനസ്സിലായില്ല. എനിക്കെന്നല്ല  , ആർക്കും. 
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.

\" എന്തു പറ്റി ? മനസ്സിലായില്ലേ ? ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ തയാറായിക്കോളാൻ . വി ആർ റിലീസിംഗ് യു . \"

കേട്ടത് സത്യമോ കള്ളമോ ? 

ഇവിടെ നിന്നൊരു തിരിച്ചു പോക്ക് !! എന്റെ വിജി, മക്കൾ , നാട് ....

ഹൃദയമതിന്റെ പരമാവധി ആവേഗത്തിൽ മിടിച്ചു തുടങ്ങിയതിന്റെ അടുത്ത നിമിഷം ഉള്ളിലൊരു ഭയവും നാമ്പിട്ടു . 
റിലീസ് ചെയ്യും. പക്ഷേ നാട്ടിലെത്തുന്നത് ജീവനുള്ള ശരീരം തന്നെയാകുമോ ? 


തുടരും... 

ഒരു പ്രത്യേക മതത്തിനെയോ മത ആചാരങ്ങളെയോ പുകഴ്ത്താനോ ഇകഴ്ത്താനോ ഞാൻ ശ്രമിച്ചിട്ടില്ല. ഒരു മനുഷ്യൻ അവന്റെ ഏറ്റവും വലിയ നിസ്സഹായതയിൽ എന്തൊക്കെ ചെയ്യാം എന്നു കാണിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. 



// സാരംഗി//
© copyright protected



അക്കരെയക്കരെ ഭാഗം 08

അക്കരെയക്കരെ ഭാഗം 08

4.8
924

\" എംബസി ഇടപെട്ടു. എല്ലാം സ്ട്രിക്ട്ലി കോൺഫിഡൻഷ്യൽ ആയിരുന്നു . ബട്ട് സംഹൗ ഇറ്റ് വാസ് ഡിസ്‌ക്ലോസ്ഡ് . \"ഫായിസ് സർ പറഞ്ഞപ്പോഴും ഞാൻ പൂർണമായും വിശ്വസിച്ചിരുന്നില്ല. ഭയം അത്രത്തോളം മനസ്സിനെ കീഴടക്കിയിരുന്നു. പക്ഷേ എല്ലാ ഭയവും ഇല്ലാതാക്കിക്കൊണ്ട് പിറ്റേ ദിവസം ഇന്ത്യൻ എംബസി പ്രതിനിധികൾ ജയിലിലെത്തി. ഐ.ഡി. കാണിച്ചു. തിരിച്ചറിയൽ പരേഡ് നടത്തി. പിന്നെയും മൂന്ന് ദിവസങ്ങൾക്കു ശേഷം ആ ജയിലിന്റെ ഇരുമ്പ് വാതിൽ ഞങ്ങൾക്കായി തുറക്കപ്പെടുന്നു. പുറത്തേക്കാണെന്നു മാത്രം. എല്ലാ പരിശോധനകളും നടപടികളും കഴിഞ്ഞ് എൻട്രൻസിലെത്തി ഞാൻ ഒന്ന് ചുറ്റും നോക്കി. രാജൻ ? അയാൾ എവി