Aksharathalukal

മായാമൊഴി 💖06

ഒരു പരിഹാസച്ചിരിയോടെ കണ്ണീരിനിടയിലൂടെ യായിരുന്നു അവളുടെ മറുപടി .

“ഞാൻ മോളുടെ അവകാശവും പറഞ്ഞു പോകുമോയെന്ന് ഭയമുള്ളതുകൊണ്ടാണ് അവർ ഇപ്പോഴും ഇങ്ങനെ അപവാദം പറയുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് ……..
എൻറെ മോൾക്ക് ആരുടേതും ഒന്നും വേണ്ട….”

കണ്ണുകളിൽ നിന്നും ഉതിർന്നിറങ്ങുന്നകണ്ണീരിന്റെ തിളക്കത്തിൽ അവൾ വാശിയോടെ പറയുന്നത് കേട്ടു .

“ഓക്കേ അനിലേട്ടനെ വീട്ടുകാരോ അങ്ങനെ പക്ഷേ മായയുടെ വീട്ടുകാരോ അവരാരും ഇല്ലേ ……”

” എൻറെ വീട്ടുകാരോ അതൊരു കഥയാണ് സാർ …
എൻറെ അമ്മയുടെ അച്ഛനും അമ്മയും തിരുവിതാംകൂർ മേഖലയിൽ എവിടെയോ നിന്നുള്ളവരാണ് അവിടെയുള്ള ഏതോ വലിയ കുടുംബത്തിളാണ് എൻറെ മുത്തശ്ശി.

മുത്തശ്ശൻ ആണെങ്കിൽ പാവപ്പെട്ട കുടുംബവും അങ്ങനെ പരസ്പരം ഇഷ്ടത്തിലായ മുത്തശ്ശനുംമുത്തശ്ശിയും ഏതോ ഒരു പാതിരാത്രിയിൽ രാത്രിവണ്ടികയറി നാടുവിട്ടതാണ്……
ഇവിടെയെത്തിയശേഷം മുത്തശ്ശൻ പാറമടകളിലും മറ്റും ജോലി ചെയ്തും മുത്തശ്ശി കൃഷിപ്പണിക്ക് പോയുമാണ് ജീവിച്ചത്…….

പിന്നീട് അവരുടെ നാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല അവരെ തിരക്കി വീട്ടുകാർ വന്നതുമില്ല…….!

അമ്മ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് പക്ഷേ ഡിഗ്രിക്ക് പോയി തുടങ്ങിയപ്പോൾ മുതലാണ്് അമ്മയ്ക്ക് ചെറിയൊരു പ്രശ്നം തുടങ്ങിയതെന്നാണ് മുത്തശ്ശി പറഞ്ഞു കേട്ടത്…..”

“എന്താണ് പ്രശ്നം…… ”

ആകാംക്ഷയോടെ അയാൾ തിരക്കി .

“കലപില വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന അമ്മ ഒരുദിവസം പെട്ടെന്ന് നിശബ്ദതയായി…….! ആരോടും അധികം സംസാരമില്ല ഭക്ഷണമില്ല കുളിയില്ല പഠിക്കാൻ താല്പര്യമില്ല ……..
ആദ്യമൊന്നും മുത്തശ്ശനും മുത്തശ്ശിയും മൈൻഡ് ചെയ്തില്ലത്രെ ………!
കാരണം അന്നത്തെ കാലമല്ലേ അവർക്ക് അത്രയൊന്നും ചിന്തിക്കാൻ ആവില്ലല്ലോ ……..!പിന്നീട് മൗനം വെടിഞ്ഞ് പിറുപിറുക്കാൻ തുടങ്ങിയപ്പോഴും് മുത്തശ്ശൻ മന്ത്രവാദികളെയൊക്കെ വിളിച്ചുവരുത്തി പൂജ നടത്തുകയാണ് ചെയ്തത്……..

കുറേക്കാലം പൂജയും മന്ത്രവാദവുമൊക്കെയായി മുന്നോട്ടുപോയി അതിനിടയിൽ സ്വന്തം മുടി മുറിച്ചു മാറ്റുക വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുക കിണറ്റിൽ ചാടുവാൻ ശ്രമിക്കുക തുടങ്ങിയ ആക്രമണ സ്വഭാവങ്ങളും കാണിച്ചുതുടങ്ങിരുന്നു.

അതിനുശേഷമാണ് ആദ്യം നാടൻ വൈദ്യന്മാരെയും പിന്നീട് ആശുപത്രികളിലും ചികിത്സിക്കുവാൻ തുടങ്ങിയത് …….!
കുറേ ചികിത്സിക്കുമ്പോൾ ഭേദമാകും.
അഞ്ചോ ആറോ മാസം പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല .

പിന്നൊരു ദിവസം വീണ്ടും ഇതുപോലെ തുടങ്ങും…..!
അപ്പോഴേക്കും അമ്മ പഠിപ്പൊക്കെ നിർത്തിയിരുന്നു . നോർമലായ സമയങ്ങളിൽ മുത്തശ്ശിയുടെ കൂടെ പാടത്തും പറമ്പിലും ചുമട്ടുപണികൾക്കും എല്ലാ പണികൾക്കും പോകും ……!

കാണാനും എൻറെ അമ്മ നല്ല ഭംഗിയായിരുന്നു കേട്ടോ………
പിന്നെപ്പിന്നെഅസുഖം വന്നുകഴിഞ്ഞാൽ വീട്ടിൽനിന്നിറങ്ങി പോകും എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു വഴിയിലെ ചപ്പും ചവറുമൊക്കെ പൊറുക്കി ഭാണ്ഡത്തിലാക്കി വൈകിട്ട് വീട്ടിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്യും…….!

അസുഖം കൂടിയാൽ യാതൊരു പരിസരബോധവും ഉണ്ടാകില്ല ആൾക്കൂട്ടത്തിൽ നിന്നും തുണി പൊക്കി കാണിക്കുക …..
ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ പരസ്യമായി കീറിയെറിയുക തുടങ്ങിയവയാണ് അപ്പോഴത്തെ പ്രധാന ഹോബി …….

അസുഖം കൂടുമ്പോൾ മുത്തശ്ശൻ മാത്രം പണിക്കുപോയി മുത്തശ്ശി അമ്മയ്ക്ക് കാവലിരിക്കും.
സുന്ദരിയും പ്രായപൂർത്തിയുമായ യുവതിയല്ലേ ആരെങ്കിലും വല്ലതും ചെയ്താലോ …….
എൻറെ വീടിൻറെ പരിസരം കശുമാവിൻ തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലങ്ങളാണ് .
അതുകൊണ്ട് മുത്തശ്ശനും മുത്തശ്ശിക്കും അമ്മയുടെ കാര്യമോർത്ത് വലിയ ഭയമായിരുന്നു. മുത്തശ്ശി അമ്മയ്ക്ക് കാവലിരിക്കുമെങ്കിലും അമ്മ മുത്തശ്ശിയെ അനുസരിക്കുകയൊന്നുമില്ല …..
വീടിനുള്ളിൽ പൂട്ടിയിട്ടാൽ അതിനുള്ളിലുള്ളത് മുഴുവൻ അടിച്ചു തകർക്കുകയും ബഹളം വയ്ക്കുകയും മുറിക്കുള്ളിൽ തന്നെ മലമൂത്ര വിസർജനം നടത്തുകയും ചെയ്യും ……!
അതുകൊണ്ട് പൂട്ടിയിടുവാൻ മുത്തശ്ശനും മുത്തശ്ശിക്കും മനസ്സ് വന്നതുമില്ല …..!

അങ്ങനെ മുത്തശ്ശിയുടെ കണ്ണുവെട്ടിച്ചുകൊണ്ടു ഇറങ്ങിനടന്നുള്ള അലച്ചിലിനിടയിലാണ് അമ്മയിലേക്ക് ആരോ ഞാൻ മുളച്ചുപൊന്തുവാനുള്ള ബീജത്തിന്റെ വിത്തുവിതറിയത് …..!

സത്യം പറഞ്ഞാൽ എന്റെ അച്ഛനാരാണെന്നു ചോദിച്ചാൽ എന്റെ അമ്മയ്ക്ക് പോലും അറിയില്ലെന്ന് ചുരുക്കം…..”

“ആ അവസ്ഥയിൽ ആരെങ്കിലും അങ്ങനെ ചെയ്യുമോ…….”

അമ്പരപ്പോടെയാണ് അയാൾ ചോദിച്ചത്.

“ഓഹോ……
ആദ്യമായിട്ടാണോ നിങ്ങൾ ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്……
മൂന്നുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും തൊണ്ണൂറു വയസുള്ള വൃദ്ധയെയുമൊക്കെ ബലാത്സംഗം ചെയ്തത് നിങ്ങൾ കേട്ടിട്ടേയില്ലേ……..
അവർക്കൊക്കെ എന്തുണ്ടായിട്ടാണ് അവരോട് അങ്ങനെ ചെയ്തത്…….”

അവളുടെ ചോദ്യത്തിനുമുന്നിൽ മറുപടിയില്ലാതെപതറിപ്പോയതുകൊണ്ടു അയാൾ നിശബ്ദനായി.

” ഓലമടലിനു സാരിചുറ്റിനിർത്തിവെച്ചതുകണ്ടാലും ആണിന്റെ വർഗ്ഗത്തിനു കാമം തോന്നുമെന്ന്‌ എന്റെ മുത്തശ്ശി എപ്പോഴും പറയുമായിരുന്നു സത്യത്തിൽ അതെത്ര ശരിയാണ്…….
മുഖത്തു കുഷ്ട്ടം ബാധിച്ചിരിക്കുന്ന പെണ്ണിനെ ഒറ്റയ്ക്കു സൗകര്യത്തിനു കിട്ടിയാൽപോലും മുഖത്തു തുണിയിട്ടുമൂടിക്കൊണ്ടു നിങ്ങൾ നിങ്ങളുടെ കാമം തീർക്കും പിന്നെയല്ലെ കുറെ ദിവസമായി കുളിക്കുകയോ പല്ലുതേക്കുകയോ മാത്രം ചെയ്യാത്ത സുന്ദരിയായ എന്റെ അമ്മയെ സൗകര്യത്തിനു കിട്ടിയപ്പോൾ വെറുതെ വിടുന്നകാര്യം……
പെണ്ണെന്ന വാക്കു കേൾക്കുമ്പോൾ പോലും കാമം ഉണരുന്ന ഏതോ നായിന്റെ മോനായിരിക്കും എന്റെ പാവം അമ്മയോടും ഇതുപോലൊരു ദ്രോഹം ചെയ്തിട്ടുണ്ടാവുക…… ”

അരിശത്തോടെ പറഞ്ഞശേഷം…..

“ത്ഫൂ……”

അവൾ പകയോടെ ജനാലയിലൂടെ പുറത്തേക്കു നീട്ടിതുപ്പിയപ്പോൾ ആ തുപ്പൽ തന്റെ മുഖത്തു പതിച്ചതുപോലെയാണ് അയാൾക്ക്‌ തോന്നിയത്.
അതുകൊണ്ടു പുതപ്പുയർത്തി വേവലാതിയോടെ വേഗം മുഖം തുടച്ചു.

“മറ്റൊരു രസമറിയോ…….!
എന്റെയും എന്റെ അമ്മയുടെയും സർട്ടിഫിക്കറ്റുകളിൽ അച്ഛന്റെ സ്ഥാനത്ത് ഒരേ പേരാണ്……..!
എന്റെ മുത്തശ്ശന്റെ പേര്…..!
സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ മരിച്ചുപോയെന്നു പറഞ്ഞാലും അച്ഛനൊരു പേരുണ്ടാകുമല്ലോ…….
തറവാട്ടു പേരടക്കം അതു പറഞ്ഞുകൊടുക്കേണ്ടേ……?

സാങ്കൽപ്പീക പേരൊന്നും പറഞ്ഞു കൊടുക്കാനില്ലാത്തതുകൊണ്ടു മുത്തശ്ശൻ അച്ഛന്റെ സ്ഥാനത്ത് സ്വന്തം പേര് തന്നെയാണ് ചേർത്തത്……!
മോളുടെയും പേരക്കുട്ടിയുടെയും അച്ഛന്റെ സ്ഥാനം അലങ്കരിക്കുവാൻ സാധിച്ച എന്റെ മുത്തശ്ശനെപ്പോലെ ഭാഗ്യം ലഭിച്ചവർ അപൂർവമായിരിക്കും അല്ലെ……!
പറഞ്ഞ്തിനുശേഷം അവൾ മുത്തുകിലുങ്ങുന്നതുപോലെ ചിരിച്ചു.. …..!

അത് ചിരിയാണോ കരച്ചിലാണോയെന്നു വിവേചിച്ചറിയാനാകാതെ അയാളും അവളുടെ മുഖത്തേക്ക് തന്നെ അത്ഭുതത്തോടെ നോക്കി ഇരുന്നുപോയി…..!

“ചിരിക്കുമ്പോൾ പേടിയാകുന്നുണ്ടോ……
എന്റെ അമ്മയുടെ പ്രാന്ത് പാരമ്പര്യമാണുപോലും മുത്തശ്ശിയുടെ അമ്മയ്ക്കുണ്ടായിരുന്നത്രെ പക്ഷേ…….
മുത്തശ്ശിക്കുവന്നില്ല പകരം പാരമ്പര്യം രോഗം പിടികൂടിയത് എന്റെ പാവം അമ്മയെയാണ്…..
ഇനി എനിക്കാണെന്നു ആർക്കറിയാം…..”

ചിരിക്കുന്നതിനിടയിൽ അയാളുടെ അന്തംവിട്ട മുഖഭാവത്തിലേക്കു നോക്കി അവൾ പറയുന്നുണ്ടായിരുന്നു.

നാലുമാസം കഴിഞ്ഞപ്പോൾ ആണത്രേ അമ്മയുടെ വയറ്റിനുള്ളിൽ ഞാൻ മുളപൊട്ടിയ വിവരം മുത്തശ്ശിയും മുത്തശ്ശനും അറിയുന്നത് .. ….!
അപ്പോഴേക്കും ഒഴിവാക്കുവാനുള്ള എല്ലാ മാർഗ്ഗവും അടഞ്ഞിരുന്നു.. ….!
അമ്മയ്ക്കാണെങ്കിൽ അസുഖം മൂർദ്ധന്യാവസ്ഥയിലും…..

എന്നെ പ്രസവിച്ചത് പോലും അമ്മ അറിഞ്ഞില്ലെന്നാണ് മുത്തശ്ശി പറഞ്ഞത്……!

ശരിക്കും പറഞ്ഞാൽ എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ്.

കുപ്പിപ്പാൽ വാങ്ങി എന്നെ പാലൂട്ടിവളർത്തിയത് എൻറെ മുത്തശ്ശിയാണ്.. …
ചേർത്തു കിടത്തി ചൂടുപകർന്നു താലോലിച്ചതും ഭക്ഷണം വാരി തന്നതും എൻറെ മുത്തശ്ശിയാണ്….
കണ്ണെഴുതി പൊട്ടുകുത്തിതന്നതും മുത്തശ്ശി തന്നെ…..!

എപ്പോഴാണ് അസുഖം വരികയെന്ന് പറയാൻ പറയുവാനും …..
അസുഖം വന്നു കഴിഞ്ഞാൽ എന്തൊക്കെയാണ് കാട്ടികൂട്ടുകയെന്ന് അറിയാനും സാധിക്കാത്തതുകൊണ്ടു അസുഖം ഭേദമായപ്പോഴും മുത്തശ്ശി അമ്മയുടെ അടുത്തെന്നെ തനിച്ചു കിടത്തുകയേയില്ല….!

അതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും മുത്തശ്ശിയോടുള്ള നന്ദിയും കടപ്പാടും ഒഴുകിയിറങ്ങുകയാണെന്നാണ് അയാൾക്ക് തോന്നിയത്.

“ചില ദിവസങ്ങളിലേ അമ്മയുടെ ഇളക്കം കാണുമ്പോൾ ഞാൻ പേടിച്ചു മുത്തശ്ശിയുടെ പിറകിൽ ഒളിക്കുമായിരുന്നു…….!

അഥവാ അമ്മയുടെ അടുത്തു കിടക്കുന്നുണ്ടെങ്കിൽ എന്നെ ചേർത്തു പിടിച്ച് കൊണ്ട് മുത്തശ്ശിയും കൂടെയുണ്ടാവും.. .. എനിക്കൊരു അഞ്ചു വയസ്സു കഴിഞ്ഞ ശേഷം അമ്മയുടെ അസുഖത്തിലും വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി…
അഞ്ചോ ആറോ മാസം അല്ലെങ്കിൽ ഒരു വർഷം എന്നുള്ളത് രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ആയി തുടങ്ങി… ആക്രമത്തിൽ അവസാനിക്കുന്ന അസുഖം ഡോക്ടറെ കാണിച്ച് ഒന്നോരണ്ടോ ആഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതോടുകൂടി സുഖമാവും.. ….
പിന്നെ കുറച്ചുകാലത്തേക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല… …
മരുന്നുകൾ എപ്പോഴും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അതുകൊണ്ട് എപ്പോഴും ഉറക്കമാണ്..

ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീടിനു രണ്ടു കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ.. എസ്എസ്എൽസി പരീക്ഷ അടുത്തത് കൊണ്ട് ചില ദിവസങ്ങളിൽ അഞ്ചുമണിവരെ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടാകും…….
എന്റെ ഭാഗ്യദോഷം എന്നേ പറയേണ്ടൂ അന്ന് രാവിലെ പോകുമ്പോൾ സ്പെഷൽ ക്ലാസിന്റ കാര്യം അമ്മയോടും മുത്തശ്ശിയോടും പറയുവാൻ മറന്നുപോയിരുന്നു…
സാധാരണരീതിയിൽ നാലരയാകുമ്പോൾ വീട്ടിൽ തിരിച്ചെത്തുന്ന ഞാൻ അഞ്ചു മണി ആയിട്ടും കാണാതായപ്പോൾ അമ്മയ്ക്ക് വേവലാതിയായി തുടങ്ങി.. …
മുത്തശ്ശിയുടെ വിലക്ക് വകവയ്ക്കാതെ അമ്മ എന്നെയും തേടി വീട്ടിൽ നിന്നിറങ്ങിയപ്പോൾ തന്നെ അമ്മയ്ക്ക് ഇളക്കം തുടങ്ങിയിരുന്നുവെന്നാണ് മുത്തശ്ശി പറഞ്ഞത്… എന്താ പറയേണ്ടത്, ……!
ഞാൻ സ്കൂളിൽ നിന്നിറങ്ങുമ്പോഴേക്കും സ്കൂളിന് അടുത്തുള്ള ബസ്റ്റോപ്പിനു മുന്നിൽ വലിയ ആൾക്കൂട്ടം.. ..
ചീത്തവിളിയും ബഹളവുമൊക്കെ ഉണ്ടായിരുന്നു.. ഞാനും കൂട്ടുകാരികളും ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി നോക്കുമ്പോൾ കണ്ട കാഴ്ച …..!

എൻറെ അമ്മ ഉടുത്തിരിക്കുന്ന സാരിയും പാവാടയും പൊക്കി പിടിച്ചു കൊണ്ട് അവിടെ കൂടിയിരിക്കുന്ന ആൾക്കാരെ വെല്ലുവിളിക്കുകയാണ്.. ചീത്ത വിളിക്കുകയാണ്… …!
കേട്ടാലറക്കുന്ന തെറി.. ….

അതിനനുസരിച്ച് അമ്മയെ വിറളി പിടിപ്പിക്കുവാനും കല്ലെറിയാനും ഭ്രാന്തുള്ളവരെ കൂടുതൽ ഭ്രാന്തൻമാരാക്കുവാനും കുറെ ജന്മങ്ങൾ ചുറ്റും നിൽക്കുന്നുമുണ്ട്.. ….!

നിങ്ങൾ ഒന്നാലോചിച്ചു നോക്കണം പുരുഷന്മാരാടക്കമുള്ള കാണികളുടേയും ക്ലാസ്സിലെ കൂട്ടുകാരുടെടെ മുന്നിൽ വച്ച് അമ്മയെ അങ്ങനെ കാണേണ്ടി വന്ന പെണ്കുട്ടിയായ എന്റെ അവസ്ഥ.. !

പക്ഷേ ഞാൻ അവിടെ നിന്ന് ഒഴിഞ്ഞുമാറിയൊന്നും ഇല്ല കേട്ടോ…
ഞാൻ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു സാരി വലിച്ചു താഴ്ത്തി.. അന്ന് ഞാൻ അവസാനിപ്പിച്ചു എൻറെ വിദ്യാഭ്യാസം.. എസ്എസ്എൽസി പരീക്ഷ എഴുതിയില്ല..

“ഇതൊക്കെ സത്യമാണോ മായേ…..”

അവൾ പറഞ്ഞു നിർത്തിയശേഷം അന്ധാളിപ്പോടെയാണ് ചോദിച്ചത്.

“ആരും വിശ്വസിക്കില്ല……!
ഞാനെപ്പോഴും ഓർക്കും ഞാനമ്മയുടെ വയറിനുള്ളിൽ വളരുന്ന കാര്യം കുറച്ചുമുന്നെ എന്റെ മുത്തശ്ശനും മുത്തശ്ശിയും അറിഞ്ഞിരുന്നെങ്കിൽ ഞാനെന്ന ഗതികെട്ട പാഴ്ജന്മം ഈ ഭൂമിക്കു ഭാരമായി ജനിക്കില്ലായിരുന്നു അല്ലെ…..”

ചോദിച്ചുകൊണ്ട് അവൾ കണ്ണീർച്ചിരിയോടെ അയാളെ നോക്കിയപ്പോൾ എന്തുമറുപടിയാണ് പറയേണ്ടതെന്നറിയാതെ അയാൾ പുതപ്പെടുത്തു മുഖത്തേക്ക് വലിച്ചിട്ടു...




തുടരും..... ♥️



മായാമൊഴി 💖07

മായാമൊഴി 💖07

4.5
13971

“ഈ ജന്മംകൊണ്ടു എനിക്കുള്ള ആകെ ലാഭം അനിയേട്ടനെ കാണുവാനും……അനിയേട്ടന്റെസ്നേഹം അനുഭവിക്കാനും….പിന്നെ രണ്ടു വർഷമെങ്കിൽ രണ്ടുവർഷമെങ്കിലും ഒന്നിച്ചു ജീവിക്കാൻ പറ്റിയതുമാണ്…..”അവൾ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു പറയുന്നതു കേട്ടു.എന്നിട്ട് മായ പത്താംതരത്തിനുശേഷം സ്കൂളിൽ പോയി്ല്ലേ……അവിടെനിന്ന് ആരും അന്വേഷിച്ചിട്ടുമില്ലേ…..”മുഖത്തുനിന്നും പുതപ്പു മാറ്റാതെ് ഒരു ഇരുട്ടിനോട് എന്നപോലെയാണ് അയാൾ ചോദിച്ചത്.“ഇല്ല പിന്നീട് ഞാൻ സ്കൂളിൽ ഞാൻ പോയതേയില്ല…..അന്നുതന്നെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ഞാൻ അമ്മയ്ക്ക് കൂട്ടായി അവിടെ നിൽക്കുകയും ചെയ്തു…..’സ്