Aksharathalukal

മായാമൊഴി 💖10

” മരിച്ചുപോയവർ അങ്ങനെ എന്തൊക്കെ പറയും ജീവിച്ചിരിക്കുന്നവർക്ക് അതുപോലെയൊക്കെ ചെയ്യുവാൻ പറ്റുമോയെന്നു നിങ്ങൾ കരുതുന്നുണ്ടാകും അല്ലെ……”

അയാളുടെ നെഞ്ചിൽനിന്നും പെട്ടെന്നു എഴുന്നേറ്റുകൊണ്ടു തേങ്ങലോടെയാണ് അവളുടെ ചോദ്യം.
അതുകേട്ടപ്പോൾ അവളുടെ മുതുകിൽ പതിയെ അരുമയോടെ തഴുകിയതല്ലാതെ അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

അയാളുടെ മനസിലപ്പോൾ വഴിതെറ്റി സഞ്ചരിച്ചിരുന്ന അച്ഛനും ……
അച്ഛനെ എപ്പോഴും സംശയത്തോടെമാത്രം വീക്ഷിച്ചിരുന്ന അമ്മയും……
ഒരിക്കലും അവസാനിക്കാത്ത അവർ തമ്മിലുള്ള വഴക്കുകളും ആയിരുന്നു……

ഡ്രാക്കുള കോട്ടപോലുള്ള ഒരു വലിയ വീട്ടിൽ പരസ്പരം ആത്മാർഥമായി സംസാരിക്കാതെ…..
പരസ്പരം സംശയങ്ങൾ ആരോപിച്ചുകൊണ്ടു ജീവിതം തള്ളിനീക്കിയ രണ്ടു ജന്മങ്ങൾ…..

” എപ്പോഴും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു ജീവിച്ചതുകൊണ്ടു അവരുടെയിടയിൽ കളിയും ചിരിയും മറന്നുപോയ താനും….!

അതിനിടയിൽ ഇങ്ങനെയും ചില ജന്മങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ടായിരുന്നോ…!
മരിച്ചുമണ്ണടിഞ്ഞിട്ടും മറക്കുവാൻ പറ്റാത്തവർ…..!
അയാൾക്ക് അത്ഭുതം തോന്നി…..!

” അച്ഛനുംഅമ്മയും മരിച്ചുപോയെങ്കിലും നിങ്ങൾക്ക് ഒരുപാട് ബന്ധുക്കൾ ഉള്ളതുകൊണ്ട് പ്രശ്നമില്ല…..
എന്റെ കാര്യം നോക്കണം ഈ ഭൂമിയിലുള്ള എന്റെ രണ്ടേരണ്ടു ബന്ധുക്കൾ എന്റെ മോളും അമ്മയും മാത്രമാണ്……”

പറഞ്ഞുകൊണ്ടു ഒറ്റപ്പെട്ടവളുടെ കണ്ണീർച്ചിരിയോടെ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അയാളും ചെറുതായൊന്നു പുഞ്ചിരിച്ചു.

“മായയെ പരിചയപ്പെട്ടപ്പോഴും മായയുടെ കഥകൾ കേട്ടപ്പോഴുമാണ് ഇങ്ങനെയും ചില ആളുകളും ബന്ധങ്ങളൊക്കെ ഉണ്ടെന്നു മനസിലായത്….

“അതിനു കല്ല്യാണം കഴിക്കണം അപ്പോൾ മനസിലായിക്കോളും……”

ചിരിച്ചുകൊണ്ടാണ് അവൾ തുടങ്ങിയതെങ്കിലും പെട്ടെന്നു ഭാവം മാറി…..!

“എന്നെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധമാണെന്നു എനിക്കു എപ്പോഴും തോന്നാറുണ്ട്…..

ഭാര്യയ്ക്ക് ഭർത്താവിനെ നഷ്ടപ്പെടുമ്പോഴും…..

ഭർത്താവിന് ഭാര്യയെ നഷ്ടപ്പെടുമ്പോഴുമുള്ള വേദന അതനുഭവിച്ചവർക്കുമാത്രമേ മനസ്സിലാകൂ…..
പറഞ്ഞറിയിക്കുവാൻ പറ്റില്ല……
ശരിക്കും ഭൂമിയിൽ ഒറ്റപ്പെട്ടതുപോലെ തോന്നിപ്പോകും….

അനിയേട്ടൻ പോയയുടനെ ഞാൻ എത്രയോ തവണ ആത്‍മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നു….
പക്ഷേ……
എന്റെ മോളെ കുറിച്ചോർത്തപ്പോൾ ……
ഇടയ്ക്കിടെ തലയ്ക്ക് സ്ഥിരതയില്ലാതാകുന്ന അമ്മയെക്കുറിച്ചോർത്തപ്പോൾ അതിനൊന്നും മനസ്സുവന്നില്ല…..!
പിന്നെയുള്ള മാർഗം അവരെയും കൂടെകൂട്ടുകയെന്നതായിരുന്നു പക്ഷേ…..
മോളുടെ മുഖത്തുനോക്കുമ്പോൾ അതിനും മനസ്സുവന്നില്ല…..
കാരണം…..
എന്റെ അനിയേട്ടനെ മുറിച്ചുവച്ചൊരു കഷണം പോലെയാണവൾ…..!
ശരിക്കും അനിയേട്ടന്റെ പെൺരൂപം…..!

മോളെക്കുറിച്ചു പറയുമ്പോൾ കണ്ണുകളിൽ കണ്ണീരിനിടയിലും അഭിമാനത്തിന്റെ തിളക്കം കണ്ടു.

“ഇങ്ങനെയും സ്നേഹിക്കുന്ന ഭാര്യയുണ്ടെങ്കിൽ ജീവിക്കുമ്പോഴും മരിച്ചാലും സംതൃപ്തിയായിരിക്കും മായേ……”

അയാൾ ശബ്ദം താഴ്ത്തി വീണ്ടും പറഞ്ഞു.

” അതൊക്കെ നിങ്ങൾ വെറുതെ പറയുന്നതാണ്……..
നിങ്ങൾ എന്നെപ്പോലുള്ള ചീത്തപെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ അതുകൊണ്ടാണിങ്ങനെ……”

പരിഹാസ സ്വരത്തിൽ പറഞ്ഞശേഷം അവൾ വിളറിയ ഒരു ചിരിച്ചിരിച്ചു.

“ചീത്തയെന്നാൽ എന്താണ് മായേ……
അഴുകിയ മനസും നല്ല ശരീരവുമുണ്ടായിട്ടെന്താ കാര്യം……”

അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളുടെ അഭിപ്രായത്തെ എതിർത്തു.

“ഇതാണ് ഏറ്റവും നല്ല തമാശ…….!
നല്ല മനസിവിടെ ആർക്കാണ് വേണ്ടത്…..?

നിങ്ങൾ തന്നെ പറയുന്നു എനിക്ക് നല്ല മനസാണെന്നു എന്നിട്ടാണോ ഇന്നലെ രാത്രിയിൽവരെ കുറച്ചുപണത്തിനു വേണ്ടി എനിക്കു നിങ്ങളുടെ കൂടെ കിടക്കേണ്ടി വന്നത്….?

പരിഹാസത്തോടൊപ്പം മൂർച്ചയോടെയുള്ള അവളുടെ ചോദ്യത്തിനുത്തരം പറയാനാകാതെ അയാൾ തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് കണ്ണുകളയച്ചു.

“നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ ഒരുപെണ്ണിന്റെ മാംസപിണ്ഡം പോലുള്ള ശരീരം പറയുന്ന വിലകൊടുത്തു ഒരു രാത്രിയിലെ ആവശ്യം തീർക്കുവാൻ വാടകയ്ക്കെടുത്തുകൊണ്ടു കണ്ട പേക്കൂത്തുകളൊക്കെ നടത്തിയശേഷം ചവച്ചുതുപ്പുന്നതുപോലെ രാവിലെ വാടകകൊടുത്തു ഒഴിവാക്കുന്നതുപോലെയൊന്നുമല്ല കുടുംബജീവിതം……….”

സാരിതുമ്പിൽ തെരുപ്പിടിച്ചു തറയിലേക്ക് നോക്കിക്കൊണ്ടു അവൾ പറയുന്നതൊക്കെ അയാൾ അത്ഭുതത്തോടെ സാകൂതം കേൾക്കുകയായിരുന്നെങ്കിലും മനസിലെവിടെയോ അവ്യക്തമായ ഏതോയൊരു നിരാശയുടെ ഒരു കാർമേഘം പരക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു…

“ചിലരെയോക്കെ കണ്ടിട്ടില്ലേ……
ഇന്നലെ കണ്ടിരിക്കുന്ന ഭാര്യയ്ക്കോ ഭർത്താവിനോ വേണ്ടി ജനിച്ചപ്പോൾ മുതൽ കാണുന്ന അച്ഛനും അമ്മയുമായി കലാഹിക്കുന്നത്…..
അതാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം……!”

“മായയ്ക്ക് ഒരു ടീച്ചർ ആകുവാനുള്ള നല്ല ഭാവിയുണ്ട്……..”

അവൾ പറഞ്ഞു നിർത്തിയപ്പോൾ മുറുകിയ അന്തരീക്ഷം കുറച്ചു അയയുവാൻ വേണ്ടിയാണ് അയാൾ അങ്ങനെ പറഞ്ഞത്.

“ശരിയാണ് ഇതിനിടെ പത്തിരുപത്തിരണ്ടു വയസുള്ള ഒരുത്തൻ എല്ലാംകഴിഞ്ഞു പോകുമ്പോൾ എന്നോടു പറഞ്ഞിരുന്നു ഞാനാണവന്റെ ഡ്രൈവിങ് ടീച്ചറെന്നും ജീവിതത്തിൽ എപ്പോഴും ഓർക്കുമെന്നും…..”

പറഞ്ഞശേഷം അവൾ വീണ്ടും ചിരിക്കുന്നത് കണ്ടു.

“അതൊക്കെ പോട്ടെ നിങ്ങളുടെ കാര്യം തന്നെ പറയാം …….
നിങ്ങളും കൂട്ടുകാരും എങ്ങോട്ടെങ്കിലും പോകുന്ന വഴിയിൽ യാദൃശ്ചികമായി എവിടെയെങ്കിലും വച്ചു എന്നെ കണ്ടുമുട്ടുകയാണെങ്കിൽ……

“എടാ അതൊരു വെടിയാണ് ഞാൻ ഒരിക്കൽ അവളുടെയടുത്തു പോയിട്ടുണ്ടെന്നു നിങ്ങൾ അവജ്ഞയോടെയും പരിഹാസത്തോടെയും കൂട്ടുകാരോട് പറയില്ലേ….”

അവളുടെ ചോദ്യം കേട്ടതും അയാൾ ഞെട്ടിപ്പോയി…..!

“വെടിയോ………!
ഇതൊക്കെ ആരാണ് മായയ്ക്ക് പറഞ്ഞുതന്നത്……”

കണ്ണുകൾ മിഴിച്ചുകൊണ്ടാണ് അയാൾ ചോദിച്ചത്…..

“നിങ്ങളൊഴികെ ഇതുവരെയുള്ള മിക്കവരും ആവശ്യം കഴിയുന്നതിനുമുന്നേയോ……
ആവശ്യം നടത്തിക്കൊണ്ടിരിക്കുമ്പോഴോ…..
കഴിഞ്ഞതിനുശേഷമോ……
എന്റെ മുഖത്തുനോക്കി വിളിച്ചിട്ടുണ്ടല്ലോ…..
അപ്പോഴൊന്നും എനിക്കു സങ്കടമോ വിഷമമോ ഉണ്ടായിട്ടില്ല…..
പക്ഷേ…..
ഞാൻ പറഞ്ഞില്ലേ പണം മോഷ്ടിച്ചെന്നു പറഞ്ഞുകൊണ്ട് എന്നെ തല്ലിയ ഒരു നായയെ കുറിച്ച്……
അയാൾ പണം മോഷ്ടിച്ചെന്നു പറഞ്ഞുകൊണ്ടു എന്നെ തല്ലിയപ്പോൾ അതുപോലെയുള്ള പണിയൊന്നും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞതിന്……
“അയ്യായിരം രൂപ തരാമെന്നു പറഞ്ഞപ്പോൾ എന്റെ മുന്നിൽ തുണിയഴിച്ചു കിടന്ന നിന്നെപ്പോലൊരു വെടിക്ക് എവിടെയാടി അന്തസ്സന്നു ചോദിച്ചപ്പോൾ ഞാൻ കരഞ്ഞുപോയിരുന്നു…….

ശരിക്കും ഞാനിപ്പോൾ ആലോചിക്കുകയാണ് എന്നെ വെടിയെന്നു വിളിക്കുകയാണെങ്കിൽ എന്റെ അടുത്തുവന്നവരെയൊക്കെ ഞാനെന്താണ് വിളിക്കേണ്ടത്……?
വെടിക്കാരെന്നോ……
അല്ല വെടിവെപ്പുകാരെന്നോ….?”

ചോദിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ മുഖംകൊടുക്കാതെ തല ചെരിച്ചുപിടിച്ചു.

” അവരെയൊക്കെ പോലെതന്നെയാണ് അപ്പോൾ മായ എന്നെയും കണക്കുകൂട്ടിയതല്ലേ …….? ”

പരിഭവിച്ചതുപോലെ തല ഭിത്തിയുടെ ഭാഗത്തേക്ക് ചരിച്ചു പിടിച്ചു കിടന്നുകൊണ്ടു വല്ലായ്മയോടെയാണ് അയാൾ ചോദിച്ചത്.

“സത്യമായും…..
അവരെപ്പോലെയൊന്നുമല്ല ഞാൻ നിങ്ങളെ കാണുന്നത് …..
നിങ്ങൾ നല്ലൊരു മനുഷ്യനാണ്…..
നല്ല മനുഷ്യത്വം മനസിൽ ചെറിയൊരു നന്മയുമുണ്ട്….

പരിഭവം തീർക്കാനെന്നപോലെ അയാളുടെ തല തന്റെ നേരെ ചരിച്ചുപിടിച്ചു കണ്ണുകളിൽ ഉറ്റുനോക്കികൊണ്ടു് അവളങ്ങനെ പറയുന്നതു കേട്ടപ്പോൾ മനസ്സിൽ എവിടെയോ തണുത്തൊരു നീരുറവ കിനിയുന്നത് അയാളറിഞ്ഞു.

“നിങ്ങളോടങ്ങനെ പറയാമോയെന്ന് എനിക്കറിഞ്ഞുകൂടാ എങ്കിലും ഞാൻ ഒരു കാര്യം പറയട്ടെ …… ”

ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്ന് വിവേചിച്ചാറിയുവാൻ കഴിഞ്ഞില്ല.

” മായ പറഞ്ഞോളൂ …….
മായയ്ക്ക് എന്നോട് എന്തുവേണങ്കിലും പറയാം…..”

അവൾക്കു പറയാനുള്ളതു കേൾക്കുവാനുള്ള ആകാക്ഷയോടെ ചെവികൾ കൂർപ്പിച്ചുകൊണ്ട് അനുമതി കൊടുത്തു.

“വീട്ടിൽ നിയന്ത്രിക്കാനും സ്നേഹിക്കാനും ആരും ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ നടക്കുന്നത് …..

അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ എന്നെപ്പോലൊരു തേവിടിശ്ശി പെണ്ണിൻറെ ശരീരം തേടിപോകാതെ കല്യാണം കഴിക്കണം ……

അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ഒരു പെണ്ണിൻറെ ശരീരം മാത്രം വാടകയ്ക്ക് എടുക്കുമ്പോൾ ലഭിക്കുന്ന സുഖവും ഒരു പെണ്ണിന്റെ് മനസ്സടക്കം സ്വന്തമാക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും രണ്ടും രണ്ടാണെന്ന്……!”

അവളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു ഉപദേശം പ്രതികരണവുമായിരുന്നതുകൊണ്ട് തന്നെ ആദ്യം മറുപടി പറയാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ഒന്നും മിണ്ടാതെ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ…..!

“ചിരിക്കാൻ പറഞ്ഞതല്ല ഞാൻ പറഞ്ഞത് സത്യമാണ്…….”

പരിഹസിച്ചു ചിരിച്ചതാണെന്നു കരു്തിയതുകൊണ്ടാകണം അവൾ വീണ്ടും പറയുന്നതുകേട്ടു.

“സത്യം പറഞ്ഞാൽ…….
എൻറെ മനസ്സിന്റെ ഏഴയലത്തുപോലും ഇതുവരെ അങ്ങനെയൊരു ചിന്തയൊന്നും ഇല്ലായിരുന്നു…….
കാരണം എനിക്ക് കുടുംബജീവിതം എന്നു പറയുന്നതുതന്നെ വെറുപ്പാണ് ……

എൻറെ അമ്മയുടെയും അച്ഛന്റെയും ജീവിതം കണ്ടു എന്റെ മനസ്സ് മരവിച്ചു പോയിരുന്നു …..
അതുകൊണ്ട് ഞാൻ എടുത്ത തീരുമാനമാണ് ജീവിതത്തിലൊരിക്കലും ഞാൻ വിവാഹം കഴിക്കില്ലെന്നു……
വെറുതെ എന്തിനാണു ഒരു വഞ്ചിയിലിരുന്ന് കൊണ്ട് ഇരുവശത്തേക്കും തുഴയുന്നത്…….
പിന്നെ ശാരീരികമായ ആവശ്യം……!അതിനുവേണ്ടി ……
ഒരുനേരത്തെ ആഹാരം കഴിക്കുവാൻ ഹോട്ടൽ തുടങ്ങേണ്ട കാര്യമില്ലെന്നും കരുതി…..”

ഗൗരവത്തിലാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവളെനോക്കി ഒരു കള്ളച്ചിരിയോടെയാണ് അവസാനിപ്പിച്ചത്.

“അച്ഛനമ്മമാരുടെ ജീവിതം അങ്ങനെയായെന്നു നിങ്ങളുടെ ജീവിതവും അങ്ങനെയാവണമെന്നുണ്ടോ…..
നമ്മളുടെ ജീവിതം എങ്ങനെയായിരിക്കണമെന്നു നമ്മളല്ലേ തീരുമാനിക്കുന്നത്….
പരസ്പരം ആത്മാർഥമാത്രം മതി എന്നാൽ തന്നെ പകുതി ജീവിതം ജയിച്ചു……”

ഒരു തത്വചിന്തകയെപ്പോലെ പിറകെ വീണ്ടും അവളുടെ ഉപദേശം കേട്ടു.

” അതെ മായയെ കാണുകയും…… പരിചയപ്പെടുകയും…….
മായയുടെയും അനിയേട്ടന്റെയും കഥകൾ അറിയുകയും ചെയ്തപ്പോൾ മുതൽ എനിക്കും മനസ്സിലെവിടെയോ ഒരു ആശ തുടങ്ങിയ പോലെ തോന്നുന്നു……!
മായയെപ്പോലെ സ്നേഹിക്കുവാനും മനസ്സിലാക്കുവാനും അറിയുന്നൊരു പെണ്ണിനെ സ്വന്തമാക്കണമെന്നും ഒന്നിച്ചു ജീവിക്കണമെന്നുമൊക്കെയുള്ള ആശ……!

പക്ഷേ വയസു മുപ്പത്തിയഞ്ചു കഴിഞ്ഞു …..
ഇനിയെവിടെനിന്നാണ് പെണ്ണ് കിട്ടുക അല്ലെ……?

വരട്ടെ മനസ്സിൽ ഒരു പെണ്ണുണ്ട് അവളോട് സമയമാകുമ്പോൾ ചോദിച്ചു നോക്കാം … ”

കുറച്ചുനേരം എന്തോ ആലോചിച്ചശേഷം അൽപ്പസമയം കഴിഞ്ഞാണ് അയാൾ ചിരിച്ചു കൊണ്ടു തന്നെ അവൾക്കു മറുപടി കൊടുത്തത്.

അത് കേട്ടതും അവളുടെ മുഖത്ത് നിലാവുദിച്ചതുപോലുള്ള പ്രകാശം പരക്കുന്നതുകണ്ടു……!

“അതൊന്നും ഒരു പ്രായമല്ല അന്വേഷിച്ചാൽ ഈ ലോകത്തിൽ എവിടെയെങ്കിലും നിങ്ങൾക്കുവേണ്ടിയും പെണ്ണ് കാത്തിരിക്കുന്നുണ്ടാവും…….
ഭാഗ്യമുള്ള ഒരു പെണ്ണ്…….
പക്ഷേ കല്യാണം കഴിഞ്ഞ ശേഷവും ഇതുപോലെ മറ്റൊരു പെണ്ണിനെ തേടിപ്പോയിക്കൊണ്ടു ഒരിക്കലും അവളെ വഞ്ചിക്കാതിരുന്നാൽ മതി….”
അതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ അരുതേയെന്ന അപേക്ഷഭാവം തന്നെയായിരുന്നു…..

“ഇല്ല മായേ……. ഇന്നലെ മായയുമൊന്നിച്ചുകൂടിയ രാത്രിയോടുകൂടി എന്റെ ജീവിതത്തിലെ കുത്തഴിഞ്ഞ കാലഘട്ടം അവസാനിക്കുകയാണ്….”

അതുകേട്ടതും ഇതുവരെ അദ്ധ്യപികയെപ്പോലെ മുഖത്തുനോക്കി സംസാരിച്ചിരുന്ന അവളുടെ കണ്ണുകളിൽ പെട്ടെന്നൊരു പിടച്ചിൽ മിന്നിമറയുന്നതും…….
മുഖം കുനിക്കുന്നതും …..
മുഖം ചുവന്നുതുടുക്കുന്നതും…….
ചുണ്ടിന്റെ കോണിൽ നാണം കാലർന്ന ഭംഗിയുള്ളൊരു ചിരിവിടരുന്നതും കണ്ടു…..!

“ഇനി മുതൽ ഞാൻ വേറൊരു മനുഷ്യനായി ജീവിക്കാനാണ് തീരുമാനിച്ചത് …….
ഇതുപോലുള്ള കാര്യങ്ങൾ വ്യക്തമായി അറിയില്ലെങ്കിലും മദ്യപാനമൊക്കെ അമ്മയ്ക്ക് അറിയുമായിരുന്നു ……..
എങ്ങനെയെങ്കിലും ഏതെങ്കിലും ഒരു പെണ്ണ് വന്നാൽ നിന്റെ സ്വഭാവത്തെ മാറ്റിയെടുത്തുകൊള്ളുമെന്നു മദ്യപിച്ച് ലക്കുകെട്ടു നാലുകാലിൽ പോയപ്പോഴൊക്കെ അമ്മ മരിക്കുന്നതുവരെ പറയുമായിരുന്നു…….
അതെത്ര സത്യമാണ് …….!
മായയെ യാദൃശ്ചികമായി കണ്ടു……..
പരിചയപ്പെട്ടു ……
എന്തൊക്കെയോ ആയി ……
അവസാനം എൻറെ ജീവൻവരെ രക്ഷിച്ചു….! ഇപ്പോഴിതാ സ്വഭാവം പോലും മായ മാറ്റിയിരിക്കുന്നു …….!
അതുകൊണ്ട് ഇനിമേലിൽ …..
പറഞ്ഞുകഴിഞ്ഞതും അവളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ട് തലയിൽ കൈവച്ച് ഒന്നിച്ചായിരുന്നു…..!

അയാൾ ആദ്യം പറഞ്ഞിരുന്നത് കേട്ടത്തിന്റെ ലജ്ജയാൽ മുഖം കുനിച്ചിരുന്നുകൊണ്ടു കടകണ്ണാലെ അയാളെ വീക്ഷിച്ചുകൊണ്ടു അയാൾ പറയുന്നതു മുഴുവൻ ശ്രദ്ധയോടെ കേൾക്കുകയായിരുന്ന അവൾ അപ്രതീക്ഷിതമായ ബാലപ്രയോഗത്തിൽ നിലവിട്ട അവൾ അയാളുടെ നെഞ്ചിലേക്ക് തന്നെ മുഖമടച്ചു വീണു പോയി….!

പെട്ടെന്നു തന്നെ സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ടു തലയിൽനിന്നും അയാളുടെ എടുത്തുമാറ്റിയശേഷം അവൾ കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു അയാളുടെ മുഖാത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി.

സംഭ്രമവും ഭയവുമൊക്കെ അവളുടെ മുഖവും പെട്ടെന്നുള്ള പരിഭ്രമത്തിൽ കരയിൽപ്പെട്ട മീനിനെപ്പോലെ പിടയ്ക്കുന്ന മിഴികളും കണ്ടപ്പോൾ എത്ര അടക്കിനിർത്തിയിട്ടും അവളെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ടു ഒരിക്കൽകൂടെ ചുംബിക്കണമെന്നു അയാൾക്ക് അദമ്യമായ ആഗ്രഹം തോന്നി...




തുടരും...... ♥️


മായാമൊഴി💖 11

മായാമൊഴി💖 11

4.6
10691

കട്ടിലിൽനിന്നും എഴുന്നേറ്റു പോയശേഷം മേശയിൽ ചാരി നിന്നു കൈവിരലുകളിൽ ഞൊട്ടയിട്ടുകൊണ്ടു എന്തോ ഗഹനമായ ആലോചനയിലായിരുന്നു അവൾ….അവളെ നോക്കിയപ്പോൾ പെട്ടെന്ന് ഓർക്കാപ്പുറത്തു മറ്റൊന്നും ചിന്തിക്കാതെ അവളെയങ്ങനെ പിടിച്ചുവലിച്ചതിൽ അയാൾക്കും മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി.” മായ ഇവിടെ വേറെയെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ …..”ജാള്യത മാറുവാൻ വേണ്ടിയുള്ള കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഓർക്കാപ്പുറത്തുള്ള ചോദ്യമായതുകൊണ്ടാകണം ചിന്തയിൽ നിന്നും അവൽ ഞെട്ടിയുണർന്നതെന്നത്..“ങും…..”അവൾ തലകുനിച്ചുപിടിച്ചുകൊണ്ട് അവൾ മൂളുന്നതുകേട്ടു.“എവിടെയാണ്……”അയാൾ ആകാ