Aksharathalukal

മായാമൊഴി 💖 18

“എനിക്കിതുപോലുള്ള ഫോൺ ഉപയോഗിക്കാനൊന്നുമറിയി്ല്ല……”

പുതിയ ഫോണും ചാർജറും ഇയർഫോണുമൊക്കെ തിരിച്ചും മറിച്ചും മണപ്പിച്ചുമൊക്കെ നോക്കിയശേഷം അതിൻറെ ബോക്സെടുത്ത് മുഖത്തിന്റെ് ഒരുവശം മറച്ചു പിടിച്ചുകൊണ്ടാണ് ജാള്യതയോടെ അവൾ പറഞ്ഞത് .

“അതിനൊന്നും സാരമില്ല ഞാൻ പഠിപ്പിച്ചു തരാം ഇന്ന് രാത്രി മുഴുവൻ സമയമുണ്ടല്ലോ കേട്ടോ…..
ഇപ്പോൾ തൽക്കാലം ഫോണവിടെ ചാർജ്ജ് ചെയ്യുവാൻ വയ്ക്കൂ ……
മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷം എടുത്താൽ മതി ……”

ചിരിയോടെ അവളെ സമാധാനിപ്പിച്ചു .

“ഇപ്പോൾ സമയം പന്ത്രണ്ടര …..
ഒന്നര…..
രണ്ടര….
മൂന്നര …..
അപ്പോൾ മൂന്നരയ്ക്ക് എടുക്കാമല്ലോ അല്ലെ…..”

പുതിയ ഫോണിൽ എല്ലാം നോക്കുവാനും കാണുവാനും പടിക്കുവാനുമുള്ള ധൃതിയോടെയാണ് മണിക്കൂറുകൾ എണ്ണിക്കൊണ്ടുള്ള നിഷ്കളങ്കമായ അവളുടെ ചോദ്യം …..!

സമ്മതഭാവത്തിൽ തലയാട്ടിയ ശേഷം അവളുടെ ചെയ്തികൾ ശ്രദ്ധിച്ചുകൊണ്ട് അയാൾ കട്ടിലിൽ നിവർന്നുകിടന്നു .

വീണ്ടും മൊബൈലിന്റെ പെട്ടിതുറന്നു ഫോൺ പുറത്തെടുത്തശേഷം സാരിത്തലപ്പുകൊണ്ട് അരുമയോടെ തുടച്ചുവൃത്തിയാക്കുന്നതും പിന്നെ ചാർജറെടുത്തു ഊതിക്കൊണ്ടു പൊടികളയുന്നതും മേശയിലെ സാധനങ്ങളൊക്കെ അടുക്കിവച്ചശേഷം ഒരു കടലാസുവിരിച്ചു ഫോൺ അതിനുമുകളിൽ വെച്ചുകൊണ്ട് ചാർജ് ചെയ്യുന്നതും കണ്ടു …..!

കുറച്ചു നേരം അതുനോക്കി നിന്ന ശേഷം തൃപ്തിയാകാത്തതുകൊണ്ടാകണം ഫോണിന്റെ ബോക്സെടുത്ത് ഫോൺ അതിനുമുകളിൽ മാറ്റിവയ്ക്കുന്നതും് കണ്ടു…..!

കൂട്ടിരിപ്പുകാർക്ക് കിടക്കാനുള്ള കട്ടിലിൽ മുള്ളിന്മേൽ ഇരിക്കുന്നതുപോലെ ഇരുന്നുകൊണ്ട് ഫോണിൽ ചാർജ് കയറുന്നത് കണ്ടുകൊണ്ടിരുന്നപ്പോൾ വീണ്ടും എന്തോ ഒരു അതൃപ്തി …..!
അയാൾ ശ്രദ്ധിക്കുന്നുണ്ടോയെന്നു ഒളികണ്ണിട്ടു നോക്കിയാശം വേഗം എഴുന്നേറ്റ് പോയി മൊബൈൽ ഫോണിന്റെ ബോക്സ് തുറന്നു അതിനുള്ളിൽ ഫോൺ ചാർജിൽവച്ചശേഷം മൂടികൊണ്ട് അടച്ചപ്പോൾ മുഖം തൃപ്തിയായി…..!
ഒപ്പം കള്ളച്ചിരിയോടെ ഒരു ദീർഘനിശ്വാസവും കേട്ടു……!

എന്റെ മായേ കുറച്ചുകഴിഞ്ഞ് ഉപയോഗിക്കാനുള്ള സാധനമല്ലേ അത്….. അതെന്തിനാ പെട്ടിയിലൊക്കെ സൂക്ഷിക്കുന്നത്….”

ചിരിയോടെ ചോദിക്കാതിരിക്കാൻ പറ്റിയില്ല….!

” ജീവിതത്തിൽ എനിക്കൊരിക്കലും ഇതുപോലൊരു ഫോൺ വാങ്ങുവാൻ സാധിക്കില്ല……
ആരെങ്കിലും ഇഷ്ടത്തോടെ വാങ്ങിത്തന്നത് വൃത്തിയായി സൂക്ഷിക്കേണ്ടേ……”

അവൾ പിറുപിറുക്കുന്നത് കേട്ടു .

“എങ്കിൽ ഒരു കാര്യം ചെയ്യൂ …..
ഫോൺ ആ പെട്ടിയിൽ തന്നെ കൊണ്ടുനടന്നാൽ മതി അതാ നല്ലത്…….”

അയാൾ കളിയാക്കി .

“ഞാൻ വൈകുന്നേരം പുറത്തുപോയി ഇതിനുവേണ്ടി നല്ലൊരു കവർ വാങ്ങി കൊണ്ടുവരും മോനേ നോക്കിക്കോ……”

ചെറിയ കുട്ടികളെ പോലെയായിരുന്നു മറുപടി.

” ഇതുകൊണ്ട് എനിക്ക് ഒരു ദിവസം ഷോറൂമിൽ പോകണമായിരുന്നു…..
ശ്യാമളയും സുനിതയുമൊക്കെ എപ്പോഴും എൻറെ ഫോണിനെ കുറിച്ചു പറഞ്ഞു കളിയാക്കും…….”

തുടർന്നാണ് പരാതി പറയുന്നതുപോലെ അവൾ പറഞ്ഞത് .

“മായയ്ക്ക് അവിടെ പോകണമെന്നുണ്ടോ…… എങ്കിൽ ഞാനും വരാം നമുക്ക് നാളെ തന്നെ പോയാലോ …….”

ചോദിച്ചുകൊണ്ട് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

” അയ്യോ ……
വേണ്ട …..വേണ്ട …..
ചത്താലും ഞാനിനി അങ്ങോട്ടില്ല ……”

പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത്‌ കണ്ടപ്പോൾ അയാൾക്ക് വീണ്ടും അവളോട് വല്ലാത്തൊരു സഹതാപം തോന്നി…..!

” മായയ്ക്ക് അവിടെനിന്നും സാലറി കിട്ടാനില്ലെ….. അതുവാങ്ങുന്നില്ലേ……”

സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് ചോദിച്ചത് .
“ഈമാസം ഇതുവരെ ജോലിചെയ്ത് പൈസ കിട്ടാനുണ്ട്…….
അത് സാരമില്ല അനിലേട്ടാ ……”

വീണ്ടും അവളുടെ അനിലേട്ടാ വിളി കേട്ടപ്പോൾ ഒരിക്കൽ കൂടി ശരീരമാസകലം അയാൾക്ക് കോരിത്തരിച്ചു ……!

” പിശാചിന്റെ മുന്നിൽ നിന്നും നിങ്ങളെന്നെ രക്ഷപ്പെടുത്തിയില്ലേ അതുമതിയെനിക്ക്…….”

പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിറയെ സങ്കടത്തിനു പകരം അയാളോടുള്ള നന്ദിയായിരുന്നു അവളുടെ കണ്ണുകളിലൂടെ അയാൾ വായിച്ചറിഞ്ഞുതു.

” അത്രയും പൈസ കിട്ടിയാൽ മായയുടെ ബാങ്കിലെ ബാധ്യതകൾ അത്രയും തീരും….. ഇത്രയും ദിവസത്തെ കൂലി മാത്രമല്ല രണ്ടുവർഷത്തിലധികം ജോലി ചെയ്തതല്ലേ സാലറി കൂടാതെ വേറെ എന്തെങ്കിലും കിട്ടും……”

പറഞ്ഞശേഷം മറുപടിക്കായി വീണ്ടും അയാൾ അവളുടെ മുഖത്തേക്കു നോക്കി .

“ആരുമല്ലാതായിരുന്നിട്ടും ഇത്രയൊക്കെ എനിക്കു ചെയ്തുതന്നില്ലേ ……
അതുമതി ഇതെനിക്ക് വേണ്ട അനിലേട്ടാ ……
പ്ലീസ് …….എനിക്ക് വേണ്ട …..
എന്നെ നിർബന്ധിക്കരുത് …..
അവിടെ പോകാൻ എനിക്കിഷ്ടമല്ല…..
അയാളുടെ മുഖം കാണുന്ന കാര്യം ഓർക്കുമ്പോൾ തന്നെ …..
പ്ലീസ് …….നിർബന്ധിക്കല്ലെ…..
അനിലേട്ടാ……”

അയാളുടെ മുഖത്തേക്ക് ദയനീയതയോടെ നോക്കി കൈകൾ കൊണ്ടാണ് മറുപടി .

“ഓക്കേ അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം ….
ഇപ്പോൾ മായയ്ക്ക് വിശക്കുന്നില്ലേ …..
എനിക്ക് നല്ലപോലെ വിശക്കുന്നുണ്ട് …..
വേഗം താഴെ ഹോട്ടലിൽ പോയി ചോറ് വാങ്ങിയിട്ട് വരൂ……..”

അവളുടെ കടയിൽ പോകണമോ…വേണ്ടെന്നോ പറയാതെയാണ് അയാൾ വിഷയം മാറ്റിയത്.

“ഓ….. ഞാനും അതുമറന്നു പോയി …..
പാവം വിശക്കുന്നുണ്ടാകും അല്ലെ……
എനിക്കുള്ള ചോറ് ഞാൻ കൊണ്ടുവന്നിട്ടുണ്ട് നിങ്ങൾക്ക് വേണ്ടി ഞാനിപ്പോൾ വാങ്ങിക്കൊണ്ടുവരാം കേട്ടോ …….”

സ്നേഹത്തോടെ പറഞ്ഞുകൊണ്ട് അവൾ വാനിറ്റിബാഗ് വലിച്ചെടുക്കുന്ന കണ്ടപ്പോൾ തന്നെ പൈസയെടുക്കുവാണെന്ന് അയാൾക്ക്‌ മനസ്സിലായി.

” അതൊന്നും വലിച്ചെടുക്കേണ്ട മായേ….. അല്ലെങ്കിൽതന്നെ ഒരു ഒരു കടം ഇപ്പോൾ ബാക്കിയുണ്ട്…….
അന്നത്തെ രാത്രിയിലെ പൈസ ഇതുവരെ തന്നില്ല …..
അതിൻറെ കൂടെ ഇനി ഇതുകൂടി വേണ്ട……”

അവൾ ഒരു അഭിസാരികയായി തന്റെ മുന്നിലെത്തിയ ആദ്യദിവസം രാത്രിയിലെ കാര്യമാണ് ചെറുചിരിയോടെ ഫലിതരൂപേണ അയാൾ ഓർമ്മപ്പെടുത്തിയത് .

“അപ്പോൾ എനിക്കു ചെയ്തു തന്നിരിക്കുന്നതിന്റെ കടമൊക്കെ ഞാൻ എങ്ങനെയാണ് തന്നുതീർക്കുക…….
നിങ്ങളുടെ കണ്ണിലും ഞാനിപ്പോഴും ഒരു വേശ്യതന്നെയാണല്ലേ……”

ബാഗ് തുറക്കുന്നതിനിടയിൽ സങ്കടത്തോടെയാണ് അവളുടെ മറുപടി.

” ഞാനിപ്പോഴും മായയ്ക്ക് അന്യനല്ലേ…… അതുകൊണ്ട് ആ പൈസ തന്നിട്ടെ ഞാൻ പോകൂ….!

അയാളുടെ ഉള്ളിലെ നിരാശ പുറത്തു ചാടിയതുകേട്ടതും അവൾ ഞെട്ടലോടെ മുഖമുയർത്തി അയാളെ നോക്കി …..!

ആ മുഖത്തെ ബാർബിപാവയുടെ ഇമകൾ ഒന്നും മനസിലാകാത്തതുുപോലെ പലതവണ ചിമ്മി തുറന്നു ….!

“അതെ നിങ്ങലൂടെയുള്ളിൽ ഞാൻ ഇപ്പോഴും ങ്ങനെയായതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെയൊക്കെ പറയുന്നത് അതുകൊണ്ടാണ് ഒരു രാത്രിയുടെ വിലപറഞ്ഞുകൊണ്ട് നിങ്ങളെന്നെ കരയിക്കുന്നത് ……
സാരമില്ല നിങ്ങൾ പറഞ്ഞോളൂ …..
പക്ഷേ ഇനിയും എന്നെ ഓർമിപ്പിച്ചോളൂ…….
അങ്ങനെ ഇനിയും നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങളുടെ ഫോണും ഒരു കുന്തവും എനിക്ക് വേണ്ട …….”

ബാഗിൽനിന്നും പൈസ എടുത്തു മടക്കി പിടിച്ചുകൊണ്ട് ദേഷ്യത്തിൽ വാതിലിനടുത്തേക്ക് നടക്കുന്നതിനിടയിലാണ് തൊണ്ടയിടറികൊണ്ടുള്ള അവളുടെ മറുപടി.

അതുകേട്ടപ്പോൾ ഒന്നും ആലോചിക്കാതെ പെട്ടെന്നു അങ്ങനെയൊരു തമാശ പറയുവാൻ തോന്നിയതിൽ അയാൾക്കും വല്ലാതെ വിഷമമായി .

“മായേ……..”

പിറകിൽ നിന്നും വിളിച്ചെങ്കിലും അവൾ നിന്നില്ല.

“മായേ അവിടെ നിൽക്കൂ…….”

വീണ്ടും ശബ്ദമുയർത്തി വിളിച്ചപ്പോഴാണ് തിരിഞ്ഞുനോക്കിയത് .

“കയ്യിൽ എത്രയുണ്ട് പൈസയുണ്ട്……..”

ചിരിയോടെ ചോദിച്ചു.

“നിങ്ങൾക്ക് ഒരു ചോറു വാങ്ങിതരുവാനുള്ള പൈസയോക്കെ എന്റെ കയ്യിലുണ്ട് …….”

മുഖത്ത് നോക്കാതെ താഴേക്കു നോക്കിയാണ് വീറോടെയുള്ള മറുപടി .

“എന്നാലും എത്രയുണ്ട് ……”

ചോദ്യം കേട്ടതും കൈവെള്ളയിൽ ചുരുട്ടി പിടിച്ചിരുന്ന നൂറു രൂപയുടെ മുഷിഞ്ഞ നോട്ടു നിവർത്തി കാണിച്ചു ……!

“എങ്കിൽ ഇതുകൂടി കയ്യിൽവച്ചോളൂ…..
ഈ ഹോസ്പിറ്റലിനു മുന്നിലെ ഹോട്ടലിൽ പോയി സ്പെഷ്യൽ ഊണുവാങ്ങിക്കോളൂ …..
അവിടെ നല്ല വറുത്ത മീൻ കിട്ടും എന്തെങ്കിലും നല്ല മീനും രണ്ടെണ്ണം വാങ്ങണം …….”

അതുകേട്ടപ്പോൾ അവൾ മുഖം കൊണ്ടു എന്തൊക്കെയോ കോക്രികൾ കാണിക്കുന്നത് കണ്ണാടിയിലൂടെ കണ്ടെങ്കിലും ചിരിയോടെ അവഗണിച്ചു …..!

തിരികെവന്നു കൊണ്ടു മുഖത്തുനോക്കാതെ തട്ടിപ്പറിക്കുന്നതുപോലെയാണ് അവൾ പൈസ വാങ്ങി തിരിച്ചു നടന്നത് . അതൊക്കെ കണ്ടപ്പോൾ അവളെയോർത്തുകൊണ്ടു അയാൾക്ക് വീണ്ടും ചിരി വന്നു.

മായ ഭക്ഷണം വാങ്ങുവാൻ പോയതോടെ മുറി വീണ്ടും നിശബ്ദമായി…..!
വല്ലാത്തൊരു ശൂന്യത …..

ഇത്തിരിനേരംപോലും അവളുടെ സാന്നിധ്യം ഇല്ലാതാകുമ്പോൾ തന്നെ തന്നെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നതും അസഹനീയമാകുന്നതും ഒരിക്കൽ കൂടി അയാൾ തിരിച്ചറിയുകയായിരുന്നു…..!

ഇന്നത്തെ പകലും രാത്രിയും എരിഞ്ഞടങ്ങി നാളെ ഉച്ചയാവുമ്പോഴേക്കും തനിക്കവൾ അന്യയാവും …..
അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ വെറും ഫോർമാലിറ്റിയോടെ മാത്രം തന്നോടു സംസാരിക്കുന്ന ഒരാൾ …..!

അതോർത്തപ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ …….!
ശ്വാസം മുട്ടുന്നതുപോലെ ……!

പിണങ്ങുവാനും സ്നേഹിക്കുവാനും പരിഭവിക്കുവാനും പരിചരിക്കുവാനും അവളില്ലാതെ ഒരു നിമിഷം പോലും സാധ്യമല്ലെന്നാണ് തോന്നുന്നത് ……!

അവളുടെ സ്നേഹവും പരിഭവവും പരാതിയും ഒന്നുമില്ലാതെ ഇനി എങ്ങനെ മുന്നോട്ടു പോകും……

വേണ്ടായിരുന്നു അവളുടെ ഭൂതകാലത്തെക്കുറിച്ച് ചോദിച്ചറിയരുതായിരുന്നു…….
അവളുമായി ഇത്രയും അടുക്കരുതായിരുന്നു…..
എങ്കിൽ ഇത്രയും നഷ്ടബോധവും ഒറ്റപ്പെടലും നിരാശയും തോന്നില്ലായിരുന്നു…..

ഈ രാത്രിയും പകലും ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്ലെന്നു അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി…..

പഞ്ചപുച്ഛമടക്കിക്കൊണ്ടു ഭവ്യതയോടെനിൽക്കുകയും കൃത്രിമമായി ചിരിക്കുകയും ചെയ്യുന്ന കുറെ ജോലിക്കാർ……

കൂട്ടിയാലും ഗുണിച്ചാലും ഹരിച്ചാലും കഴിച്ചാലും താനെന്ന ശിഷ്ടം മാത്രം ബാക്കിയാവുന്ന കുറേ കണക്കുകൾ…….

കോയമ്പത്തൂരിലെയും ഈറോഡിലെയും കുറെ തുണിമില്ലുകൾ ……!

കാഞ്ചീപുരത്തെയും ബനാറസിലെയും നെയ്തു ശാലകൾ…..

ചെന്നൈയിലെയും ബാംഗ്ലൂരിലേയും മുംബൈയിലേയും പണത്തിനു മുന്നിൽ ഉരുണ്ട തലയിണയിൽ ചാരി ഇരുന്നു ഹുക്കവലിക്കുന്ന സേട്ടുജിമാർ …….!

പഞ്ചനക്ഷത്രഹോട്ടലുകളിലെ അരണ്ട വെളിച്ചത്തിലെ വ്യാപാരികളുടെ നിശാപാർട്ടികൾ….!

ഗ്ലാസ്സിൽ നുരയുന്ന മദ്യം ……!

കാതടപ്പിക്കുന്ന സംഗീത കോലാഹലം…..!

ചുണ്ടുകളിൽ കടും ചായം പൂശിയ അർദ്ധനഗ്നകളായ ബാറിലെ നർത്തകിമാരുടെ അരക്കെട്ടും മാറിടങ്ങളും ഇളക്കിയുള്ള മാദക നൃത്ത ആഭാസങ്ങൾ …….!

പിന്നീട് രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോഴോ അവരുടെ ആരുടെയെങ്കിലും കൂടെ ഏതെങ്കിലും ഹോട്ടൽ മുറികളിൽ സീൽക്കാരത്തിലും കിതപ്പുകളിലും അവസാനിക്കുന്ന രാത്രികൾ …..!

മണിക്കൂറുകൾക്കു വിലയിട്ടുകൊണ്ടു കണക്കു പറഞ്ഞു പണം വാങ്ങി ആയിരങ്ങൾ വിലയുള്ള വാനിറ്റിബാഗുകളിൽ തിരുകുന്ന പഞ്ചനക്ഷത്ര വേശ്യകൾ മുതൽ കൊടുക്കുന്ന പൈസ തുറന്നുനോക്കുകപോലും ബ്ലൗസിനുള്ളിൽ തിരുകുന്ന നാടൻ അഭിസാരികകൾവരെയുള്ള സഹവാസം… …!

ഇതൊക്കെയായിരുന്നു ഇതുവരെയുള്ള തന്റെ ജീവിതം…..!

അങ്ങനെയൊക്കെയാണ് ജീവിതം ആസ്വദിക്കേണ്ടതെന്നാണ് താൻ ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത് ……!

അതൊക്കെയാണ് ഒരൊറ്റ രാത്രിയും പകലുമുള്ളആ സാന്നിദ്ധ്യം കൊണ്ടവൾ തിരുത്തി തന്നത് …..!

മാൻപേടയുടെതു പോലെ നീണ്ട കണ്ണുകളും ……
ഇടതൂർന്ന നീണ്ട മുടിയും …….
ഇരു നിറവും ……..
ഒത്തനീളവും അതിനനുസരിച്ച് വണ്ണവുമുള്ള മായ എന്ന പെൺകുട്ടി ……..!

സ്നേഹവും ……
കരുതലും …….
പിണക്കവും ….
പരിഭവവും….
എന്താണെന്നും അതിനെയൊക്കെ സുഖവും സംതൃപ്തിയും നൊമ്പരവും എന്താണെന്നും.ഒറ്റ ദിവസം കൊണ്ടാണവൾ മനസ്സിലാക്കിത്തന്നത്….!

അവളുടെ കണ്ണുകളിൽ എപ്പോഴും കാരുണ്യവും സ്നേഹവും …..
അതുപോലെ നോട്ടത്തിൽ കരുതലും വേവലാതിയുമാണെന്നും മനസിലാക്കുവാൻ അവളുടെ കൂടെ ഒരു പകലും രാത്രിയും കഴിയേണ്ട ആവശ്യമില്ല എതാനും മിനുട്ടുകൾ ചിലവഴിച്ചാൽ മതിയെന്നും അതിശയത്തോടെ അയാൾ ഓർത്തു…..!

ജീവിതമെന്ന ആഴക്കടലിൽ ഒരുപാടു തവണ മുങ്ങിത്തപ്പിയപ്പോൾ കിട്ടിയിരിക്കുന്ന വിലമതിക്കാനാവാത്ത ഒരു മാണിക്യത്തെ നഷ്ടപ്പെടുത്തുന്നതിന് കുറിച്ച് ആലോചിക്കാൻ പോലും താൻ അശക്തനാണെന്ന് അവളില്ലാതെ ഓരോ നിമിഷവും അയാൾ തിരിച്ചറിയുകയായിരുന്നു ….!

ചിന്തകൾ കാടുന്നതിനിടയിലാണ് മേശമേലുള്ള അവളുടെ വാണിറ്റിബാഗിൽ കണ്ണുകളുടക്കിയതും അതിനുള്ളിൽ അവളുടെ ഉച്ചഭക്ഷണം ഉണ്ടെന്ന കാര്യം ഓർമ്മയിൽ വന്നതും.

വേഗം കട്ടിലിൽ എഴുന്നേറ്റിരുന്നു ബാഗ് വലിച്ചെടുത്തു തുറന്നുനോക്കിയപ്പോൾ അവളുമായുള്ള നിരന്തരസമ്പർക്കംകൊണ്ടാകണം അവളുടെ ബാഗിനുപോലും പോലും അവളുടെ അതേ ഗന്ധമാണെന്ന് അയാൾക്കു തോന്നി ……!

തന്നെ കൊതിപ്പിക്കും മോഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവളുടെ ഇടപഴകലുകൾ പോലെയും സാന്നിദ്ധ്യം പോലെയും സൗരഭ്യമുള്ള ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെയും സമ്മിശ്രഗന്ധം……!

ബാഗില്നിന്നും അരികും മൂലയും ചുളുങ്ങിയ സ്റ്റീലിന്റെ ടിഫിൻ ബോക്സ് കിട്ടിയെങ്കിലും കറിപാത്രം എവിടെയും കണ്ടില്ല ……!

പിന്നെയുള്ളത് ബ്രാണ്ടി കുപ്പിയിൽ നിറച്ചു വച്ചിരിക്കുന്ന ജീരകവെള്ളമാണ്……

ഒരു ചെറിയ പ്ലാസ്റ്റിക് സഞ്ചിയിൽ എന്തോ പൊതിഞ്ഞുവച്ചിരിക്കുന്നത് അമർത്തിനോക്കിയെപ്പോൾ തുണിയാണെന്നു മനസിലായതുകൊണ്ടു തുറന്നുനോക്കിയില്ല….

ചുളുങ്ങിയതാണെങ്കിലും ടിഫിൻ ബോക്സ് തുറന്നു കിട്ടാൻ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു…….!

പാത്രത്തിനുള്ളിൽ ചോറു വളരെ കുറവായിരുന്നു അതിനു മുകളിൽ തന്നെ കറികളായ ചമ്മന്തിയും തോരനും വിളമ്പി വിളിച്ചിട്ടുണ്ട് …..!

രുചി നോക്കുവാനായി ചമ്മന്തിയെടുത്തു നാക്കിൻ തുമ്പിൽ വായ്ക്കുമ്പോഴാണ് ഹോട്ടലിലെ പൊതിച്ചോറുമായി അവൾ വാതിൽ തുറന്നുകൊണ്ടു അകത്തേക്ക് കയറിയത്..

അയാളോട് എന്തോ പരാതി പറയാനായി നോക്കിയപ്പോൾ അയാളുടെ മുന്നിൽ തുറന്നു വെച്ചിരിക്കുന്ന തന്റെ ഉച്ചഭക്ഷണം പാത്രം കണ്ടതും……

“അയ്യേ …….അതുകഴിക്കുകയാണോ……
അതുമോശമായിട്ടുണ്ടാവും ഇന്നലെ ഉണ്ടാക്കിയ ചോറാണ് അതിലുള്ളത്……..”

കയ്യിലുള്ള പൊതിച്ചോറ് കട്ടിലിൽവച്ചശേഷം അയാളുടെ മുന്നിലെ പാത്രം എടുക്കുവാനായി പരിഭ്രമത്തോടെ ഓടിയെത്തുമ്പോഴേക്കും അതിന്റെ മൂടിയടച്ചുകൊണ്ടു അയാളതു പിറകുവശത്തെക്ക് മാറ്റി പിടിച്ചിരുന്നു……!

” അതിൽ കറിയൊന്നുമില്ല ഞാനത് കഴിച്ചോളാം….”

പാത്രത്തിന് കൈനീട്ടി കൊണ്ടാണ് അപേക്ഷികുന്നതുപോലെ പറഞ്ഞത് .

“ഇതിൽ ഒരു തോരനും ചമ്മന്തിയുമുണ്ട് എനിക്കിതു ധാരാളം മതി …….”

ചിരിയോടെ പാത്രം അയാൾ ഒരുവശത്തേക്ക് മാറ്റിപിടിച്ചു .

“പിന്നെന്തിനാണ് എന്നെക്കൊണ്ട് ഇപ്പോൾ ചോറു വാങ്ങി കൊണ്ടുവരുവാൻ പറഞ്ഞത്…..”

പിണങ്ങിയത് പോലെ തലതാഴ്ത്തി പിടിച്ചുകൊണ്ടാണ് ചോദ്യം …..!

“അതു മായയ്ക്കുവേണ്ടി …..
ഇതെനിക്കുവേണ്ടി ……”

അയാൾ പറഞ്ഞു.

“അതു മായയ്ക്ക് വേണ്ടി …..
ഇതെനിക്ക് വേണ്ടി ……”

താൻ പറഞ്ഞ അതേ ഈണത്തിൽ കൊഞ്ഞനം കുത്തിക്കൊണ്ട് പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല ……!

“ഇതിന്റെ ഏറ്റവും അടിഭാഗത്ത് മാത്രമല്ലേ ഇത്തിരി ചോറ് കാണുന്നുള്ളൂ……
അതെന്താ മായേ ഡയറ്റിംഗ് ആണോ ……”

പാത്രം കുലുക്കികൊണ്ടാണ് അയാൾ ചോദിച്ചത്.

“ങാ…..അതേ മായ തുടങ്ങിയതാണ് ഡയറ്റിംഗ്…..
അമ്മയ്ക്ക് നല്ല ഇളക്കം വരുമ്പോൾ മായമാത്രമല്ല എന്റെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പലദിവസങ്ങളിലും ഒരു ദിവസം മുഴുവൻ ഡയറ്റിങ് ആയിരുന്നു……..”

ക്ഷീണിച്ചപോലെ കൈകൾ കിടക്കയിലൂന്നി കട്ടിലിലിരുന്നുകൊണ്ടു വാതിൽ പാളിയിലേക്ക് നോക്കിയുള്ള മറുപടി കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും പുറമേ കാണിച്ചില്ല .

അയാൾ വീണ്ടും ടിഫിൻ ബോക്സ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവൾ തലതിരിച്ചു നോക്കിയത് ……

“നല്ല ചമ്മന്തി അമ്മിയിലരച്ചു ഉണ്ടാക്കിയതാണെന്ന് തോന്നുന്നു അല്ലേ…..”

നേരത്തെ ഉപ്പുമാവിന് കാര്യത്തിൽ ക്ഷീണം പറ്റിയതുകൊണ്ട് അല്പം വൈക്ലബ്യത്തോടെയാണ് ചോദിച്ചത് .

“എൻറെ വീട്ടിൽ മിക്സിയോക്കെയുണ്ട് ……”

ഉടൻ ഗൗരവത്തിലുള്ള മറുപടി വന്നു. തൊട്ടുപിറകെ കഴുത്ത് വെട്ടിക്കുന്നതുകൂടി കണ്ടപ്പോൾ അയാൾക്ക് വീണ്ടും ചിരി പൊട്ടി…..!

” വട്ടത്തിയുടെ മോളുടെ കൂടിയിട്ടിപ്പോൾ മുഴു വട്ടായിപ്പോയോ ചിരിക്കുവാൻ ഞാൻ വലിയ തമാശയൊന്നും പറഞ്ഞില്ലല്ലോ ……..”

ചുമരിലേക്ക് നോക്കിക്കൊണ്ടാണ് പിറുപിറുത്തത് .

” ഇങ്ങനെ തുടർച്ചയായി അഞ്ചുതവണ കഴുത്തു വെട്ടിച്ചിട്ടുണ്ടെങ്കിൽ മായയുടെ കഴുത്ത് ഉളുക്കി പോകും പിന്നീടെങ്ങനെ ഇതുപോലെ കഴുത്തുവെട്ടിക്കും എന്നോർത്തപ്പോൾ ചിരിച്ചു പോയതാണ് ……”

തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കിയാണ് അവളെ അനുകരിച്ചുകൊണ്ട് അയാളും മറുപടി പറഞ്ഞത് .

“ഓ…..വീണ്ടും വലിയ തമാശ……”

പറഞ്ഞുകൊണ്ടു അയാളെ നോക്കി ഒരിക്കൽകൂടി കഴുത്ത് വെട്ടിച്ചപ്പോൾ അവളുടെ ചുണ്ടുകളിൽ നേരിയ മന്ദഹാസം ഉണ്ടായിരുന്നു……!

പരസ്പരം സംസാരിക്കാതെ അയാൾ നോക്കുമ്പോൾ അവളും അവൾ നോക്കുമ്പോൾ അയാളും തലതാഴ്ത്തി കൊണ്ടുള്ള സ്നേഹത്തിന്റെയും പരിഭവത്തിന്റെയും ആവിയിൽ വിങ്ങുന്ന നിമിഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു....




തുടരും....... ♥️


മായാമൊഴി 💖19

മായാമൊഴി 💖19

4.7
9994

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ടു സാരിയുടെ മുന്താണിതുമ്പെടുത്തു എളിയിൽ തിരുകി ഭരതനാട്യകാരിയെപോലെയായി മാറുന്നത് കണ്ടപ്പോൾ തന്നെ ശീതസമരം അവസാനിപ്പിച്ചു ഭക്ഷണം വിളമ്പാനുള്ള പുറപ്പാടാണെന്ന് അയാൾക്ക് മനസ്സിലായി….!അവളുടെ ടിഫിൻബോക്‌സിൽ താളം പിടിച്ചുകൊണ്ടു അയാളും കട്ടിലിൽനിന്നും വേഗം എഴുന്നേറ്റു മേശയ്ക്കടുത്തുള്ള സ്റ്റൂളിൽ സ്ഥാനംപിടിച്ചശേഷം അവളുടെ ടിഫിൻ ബോക്സ് തുറന്നു .“ഇന്നലെയുണ്ടാക്കിയ തണുത്ത ചോറും കറിയുമാണ് അതിലുള്ളത്……അസുഖമുള്ളവർ അതുകഴിച്ചശേഷം അസുഖം വല്ലതും കൂടിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല…..”കഴുകിയ പ്ലേറ്റെടുത്ത് അവിടെ മുന്നിലേക്