Aksharathalukal

മായാമൊഴി 💖 20

അവളെയും നോക്കിക്കൊണ്ട് കിടക്കുന്നതിനിടയിൽ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല ……
ഉച്ചമയക്കത്തിനിയിലെപ്പോഴോ കടന്നുവന്ന അശുഭസ്വപ്നത്തിനിടയിൽ ഞെട്ടിപ്പിടഞ്ഞു് കണ്ണുകൾ തുറന്നപ്പോൾ വീണ്ടും
ഞെട്ടിപ്പോയി……!

തൊട്ടുമുന്നിലെ കണ്ണാടിക്കുമുന്നിൽ നിതംബത്തോളമെത്തുന്ന മുടിയൊക്കെ അഴിച്ചു വിടർത്തിയിട്ടുകൊണ്ട് ഇളം ചുവപ്പുനിറത്തിലുള്ള സാരിധരിച്ച ഒരു സ്ത്രീരൂപം പുറംതിരിഞ്ഞുനിൽക്കുന്നു……!

ഉച്ചയുറക്കപ്പിച്ചിന്റെ മതിഭ്രമത്തോടെ കണ്ണുകൾ ചിമ്മിയടച്ചു വീണ്ടും തുറന്നുനോക്കിയപ്പോഴാണ് കണ്ണാടിലെ മുഖം ശ്രദ്ധിച്ചത് …….!

അവൾ തന്നെ ആയിരുന്നു …..
മായ……!

ഓഹോ…..
താൻ ഇറങ്ങിയ സമയംനോക്കി എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു ധരിച്ചിരുന്ന സാരിയൊക്കെ മാറ്റിയിരിക്കുകയാണ് ……!
അയാൾ ഊഹിച്ചു.

എന്തായാലും ആ ഇളം ചുവപ്പും സാരി അവളുടെ ഉടലിനും മുഖത്തും ആരും മോഹിച്ചുപോകുന്ന വല്ലാത്തൊരു മാദകഭംഗി നൽകുന്നുണ്ടെന്നും അയാൾക്ക് തോന്നി.

കണ്ണാടിക്കു മുഖം മുട്ടിക്കുന്നതുപോലെ അടുത്തു നിന്നുകൊണ്ട് കയ്യിലെ ഡപ്പ തുറന്നു കണ്മഷിയെടുത്തു കണ്ണെഴുത്തുന്ന തിരക്കിലാണ്…..
കണ്ണെഴുതുമ്പോഴുള്ള അവളുടെ കണ്ണുകളുടെ ചലനങ്ങൾ ശ്രദ്ധിച്ചപ്പോൾ അയാൾക്ക് വീണ്ടും പണ്ടെന്നോ കണ്ടുമറന്ന യക്ഷിയുടെ കഥയുള്ള സിനിമയിലെ യക്ഷിയെ ഓർമ്മവന്നു…. !

നനഞ്ഞതുകാരണം വിടർത്തിയിട്ട ഇടതൂർന്ന നീളൻ തലമുടിയിലെ വെള്ളത്തുള്ളികൾകൊണ്ടാവണം പിറകുവശം മുതൽ നിതംബം വരെ നനഞ്ഞോട്ടി കിടക്കുകയാണ്….

മഞ്ഞുകാലത്തു പുൽക്കൊടികളിൽ നിന്നും ഇറ്റുവീഴുന്ന മഞ്ഞുകണങ്ങൾ പോലെ മുടിയിൽ നിന്നും താഴെയുള്ള മിനുസമുള്ള തിളങ്ങുന്ന ടൈൽസിലേക്ക് ഇറ്റുവീഴുവാനായി വെള്ളതുള്ളികൾ മുടിത്തുമ്പിൽ വെമ്പൽകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു..!

ഞെറിവെടുത്തു ബ്ലൗസിനോട് പിൻചെയ്തു നിർത്താതെ വെറുതെ ചുമലിലൂടെ വിടർത്തിയിട്ട സാരിയുടെതുമ്പ് ഇടയ്ക്കിടെ അനുസരണയില്ലാതെ ഊർന്നിറങ്ങിപ്പോവാൻ ശ്രമിക്കുന്നതും അപ്പോഴൊക്കെ അവൾ സാരിയെ ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് പിടിച്ചുവലിച്ചു നേരെയിടുന്നതും കാണുന്നുണ്ടായിരുന്നു…

കൺമഷിയും കണ്ണുകളുമായുള്ള യുദ്ധം കഴിഞ്ഞയുടനെ കണ്ണാടിയിൽ നോക്കി പല്ലുമായുള്ള യുദ്ധം തുടങ്ങുന്നതും അയാൾ ശ്രദ്ധിച്ചു…..!


കാൽ വിരലുകളിൽ ഉയർന്നുനിന്നുകൊണ്ടു മുഖം കണ്ണാടിയോട് കൂടുതൽ അടുപ്പിച്ചു പിടിച്ചശേഷം വാ തുറന്ന് അണപ്പല്ലുകൾ വരെ നോക്കുകയും…..
പിന്നെ അടക്കുകയും….
പിന്നെയും തുറന്നു നോക്കിയും ….
ചിരിച്ചു നോക്കിയും ഇളിച്ചു നോക്കിയുമൊക്കെ എന്തൊക്കെയോ അഭ്യാസപ്രകടനങ്ങൾ…..!
അതിനിടയിൽ നടുവിലൂടെ പകുത്തുമാറ്റിയ മുടിക്കിടയിൽനിന്നും പേനുകളെ തപ്പിയെടുക്കുവാനുള്ള ഭാഗീരഥ പ്രയത്നവും നടക്കുന്നുണ്ട്…….!

പല്ലിൻറെ വിടവിലൂടെ ഉമിനീർ ചീറ്റുന്നത് കൊണ്ടാകണം ഇടയ്ക്കിടെ ചൂളംവിളിക്കുന്നത് പോലെയുള്ള ചെറിയ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു…..!

ഇതുവരെ കാണാത്ത കാഴ്ചകൾ കൗതുകത്തോടെ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ചിരി വരുന്നുണ്ടായിരുന്നു …….!

താനുണർന്നത് അറിഞ്ഞുകാണില്ല….. അറിയിക്കാമെന്ന് കരുതി തൊണ്ടയനക്കി ശബ്ദമുണ്ടാക്കാൻ ശ്രമിക്കൂമ്പോഴാണ് അവൾ കണ്ണാടിയിലൂടെ തന്നെ നോക്കി ഒരു പ്രത്യേക രീതിയിൽ പുരികക്കൊടി ഉയർത്തിക്കൊണ്ട്…..

” എന്തിനാണ് ചിരിക്കുന്നതെന്ന് ….”

ചോദിക്കുന്നത് കണ്ടത് .

ഒന്നുമില്ലെന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു.

വീണ്ടും കണ്ണാടിയിലൂടെ അവൾ അതേ പോലെ ചോദിക്കുന്നത് കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടു പോയേക്കുമോയെന്നുപോലും അയാൾ സംശയിച്ചു പോയി ……!

അത്രയും മനോഹരമായിരുന്നു അപ്പോഴത്തെ അവളുടെ ഭാവം…….!

ആ ഭാവത്തിൽ ഒരു ഫോട്ടോ എടുക്കുവാൻ പറ്റിയിരുന്നെങ്കിൽ ……
അങ്ങനെ തോന്നാത്തത്തിൽ വല്ലാതെ കുണ്ഠിതം തോന്നി ……!

“മനുഷ്യനെ പേടിപ്പിക്കുകയാണോ……
ഞാൻ കരുതിയല്ലോ…..
ഉറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും വല്ല കള്ളിയങ്കാട്ട് നീലിയോ മറ്റോ മുന്നിൽവന്നു നിൽക്കുകയാണെന്ന്…… ”

കപടമായ ഗൗരവത്തിലാണ് അയാൾ ചോദിച്ചത്.

” അയ്യടാ എന്നെ കാണുമ്പോൾ അങ്ങനെയൊന്നും തോന്നില്ല ……
ഞാൻ കുളിച്ച് മുടി വിടർത്തിയിടുന്നതു കാണുമ്പോൾ ആറാം തമ്പുരാനിലെ മഞ്ജുവാര്യരെപോലെ ഉണ്ടെന്നാണല്ലോ എൻറെ അനിയേട്ടൻ എപ്പോഴും പറഞ്ഞിരുന്നത് …….!”

ഗർവ്വു കലർന്ന ചിരിയോടെയാണ് മറുപടി.

“അനിയേട്ടൻ കണ്ണടയില്ലാതെ കണ്ടതായിരിക്കും
എല്ലാവർക്കും അങ്ങനെ തോന്നണമെങ്കിൽ കണ്ണു പൊട്ടന്മാരായിരിക്കണം …..”

അവളെ പ്രകോപിപ്പിക്കുവാനായി അയാൾ പിറുപിറുത്തു.

” ശരിക്കും എന്നെ കണ്ടാൽ യക്ഷിയെ പോലെയുണ്ടോ …….
സത്യം പറ…….”

കണ്ണാടിയിലൂടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടാണ് ചോദ്യം.

“ഞാനിതുവരെ യക്ഷിയെ നേരിട്ടു കണ്ടിട്ടില്ല…. പറഞ്ഞതും വായിച്ചുകേട്ടതുമൊക്കെ വച്ചുനോക്കുമ്പോൾ ഏകദേശം ഇതുപോലെ തന്നെയാണെന്നാണ് തോന്നുന്നതു……”

കണ്ണാടിയിൽ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് മറുപടിയും കൊടുത്തു .

“വെറുതെയല്ല അനിയേട്ടന്റെ അച്ഛനുമമ്മയും എൻറെ മോനെ വളച്ചെടുത്ത യക്ഷി എന്നൊക്കെ പറയുന്നതല്ലേ ……
ഇപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത്…….”

ഈറൻ കലർന്ന സ്വരത്തിലാണ് അവൾ പറഞ്ഞത് .

“ഞാൻ യക്ഷിയെ പോലെയൊന്നുമല്ല…. ചോരയും നീരുമൂറ്റിക്കുടിക്കുന്ന കുറെ ആളുകൾ എന്റെ ചോരയും നീരും ഊറ്റികുടിച്ചതല്ലാതെ ഞാൻ ഇതുവരെ ആരുടെയും ചോരയൂറ്റി കുടിച്ചിട്ടില്ല …….
ഇനി കുടിക്കുകയുമില്ല…..
ഉറപ്പാണ്…….”

തൊട്ടുപിറകെ അവൾ സ്വയം സമാധാനിക്കുന്നത് കേട്ടപ്പോൾ വിഷമം തോന്നി.

” സാധാരണ യക്ഷികൾ കഴുത്തു കടിച്ചു പൊട്ടിച്ചു ചോരയൂറ്റിക്കുടിക്കുകയാണെങ്കിൽ നീയെന്ന യക്ഷി എന്റെ ഹൃദയത്തിൽ കുടിയേറി ഹൃദയരക്തം വലിച്ചുകുടിച്ചുകൊണ്ടിരിക്കുകയാണെന്നു അവളോട്‌ പറയണമെന്നുണ്ടായിരുന്നെങ്കിലും അവസാനം അയാൾ വേണ്ടെന്നുവച്ചു ……!

“അയ്യോ….സമയം അഞ്ചുമണിയായി …..
നേരത്തെതന്നെ ഞാൻ ചായ വാങ്ങികൊണ്ടുവച്ചിട്ടുണ്ട് അതെടുത്തു തരട്ടെ ……
എന്നിട്ടുവേണം എന്നെ മൊബൈൽഫോണിലെ കാര്യങ്ങൾ പഠിപ്പിക്കുവാൻ ……”

പൗഡർകൊണ്ടു നെറ്റിയിൽ ഒരു കുറിയും വരച്ചു തൃപ്തിയായ ശേഷമാണ് അയാളെ തിരിഞ്ഞു നോക്കികൊണ്ടു ചോദിച്ചത്.

സമ്മതഭാവത്തിൽ തലയാട്ടികൊണ്ട് കട്ടിലിൽ എഴുന്നേറ്റിരിക്കുമ്പോഴേക്കും പ്ലാസ്റ്റിക്കിൽനിന്നും പകർന്ന ചൂട് ചായയുമായി അവളും അടുത്തെത്തിയിരുന്നു .

ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെയും മാസ്മരഗന്ധം വീണ്ടും അയാളുടെ മൂക്കിനുള്ളിലൂടെ തലച്ചോറിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു …….!
മത്തുപിടിപ്പിക്കുന്ന ഗന്ധം…….!
മനസിന്റെ മദം പൊട്ടിപ്പോകുന്ന ഗന്ധം…..!

എന്തൊരത്ഭുതം ഇവൾ എവിടെപ്പോകുമ്പോഴും ചന്ദ്രിക സോപ്പും കൂടെ കരുതാറുണ്ടോ…..!

” എന്താണിങ്ങനെ നോക്കുന്നതു…..”

അവളുടെ മുഖത്തേക്ക് തന്നെ നോക്കിയപ്പോഴാണ് ചോദ്യം .

“നല്ല മണം……
ഇനിമുതൽ ഞാനും ചന്ദ്രിക സോപ്പാണ് ഉപയോഗിക്കുന്നത്……
എവിടെപ്പോകുമ്പോഴും മായ സോപ്പും കൂടെ കൊണ്ടുപോകാറുണ്ടോ…..”

മൂക്കു വിടർത്തി അവളെ മുഴുവൻ മൂക്കിനുള്ളിലേക്ക് വലിച്ചെടുക്കുന്നതുപോലെ മുഴുവൻ ഗന്ധം മുഴുവൻ മൂക്കിലേക്ക് വലിച്ചെടുത്തുകൊണ്ടാണ് കാര്യമായി തന്നെ അയാൾ ചോദിച്ചത് ……!

“അയ്യോ ……
ചന്ദ്രിക സോപ്പൊന്നുമല്ല ഞാനിന്നു ഉപയോഗിച്ചത്…….
ഇവിടെയുണ്ടായിരുന്ന ഇന്നലെ വാങ്ങിയ സോപ്പാണ് കെട്ടോ……”

നിഷ്കളങ്കമായ ചിരിയോടെയാണ് അവൾ പറഞ്ഞത്.

കസ്തൂരിമാനിൽ നിന്നും പ്രസരിക്കുന്ന കസ്തൂരിയുടെ ഗന്ധംപോലെ ഇതായിരിക്കും പെണ്ണിൻറെ ശരീരം പുറപ്പെടുവിക്കുന്ന ഇണയെ അകര്ഷിക്കുവാനുള്ള മാസ്മരഗന്ധം …..!

അയാൾ ഊഹിച്ചു .

കേട്ടറിഞ്ഞ യക്ഷികളൊക്കെ പാലപ്പൂവിൻറെ സുഗന്ധവുമായി എല്ലാവരെയും വശീകരിക്കുമ്പോൾ ഇവിടെ എൻറെ യക്ഷി ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെയും സുഗന്ധവുമായി എന്നെ മോഹിപ്പിച്ചും കൊതിപ്പിച്ചും കൊണ്ടേയിരിക്കുകയാണ് മനസ്സിൽ മന്ത്രിച്ചുകൊണ്ടു അയാൾ വീണ്ടും ഊറിച്ചിരിച്ചു

“എൻറെ മോളുടെ ഫോട്ടോ തന്നെ പുതിയ ഫോണിലെയും ഡിസ്പ്ലേയിൽ ഇതുപോലെ വയ്ക്കണം കേട്ടോ……”

ചായയുടെ ഗ്ലസും ഫ്‌ളാസ്‌ക്കും ഒക്കെ കഴുകി വൃത്തിയാക്കി മേശമേൽ കമിഴ്ത്തിയ ശേഷം കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടു ചാർജു ചെയ്യുവാൻ വച്ചിരിക്കുന്ന പുതിയ മൊബൈൽഫോൺ എടുക്കുന്നതിനിടെ പഴയ ഫോണിന്റെ ഡിസ്പ്ലേയുള്ള മോളുടെ ഫോട്ടോ കാണിച്ചുകൊണ്ടാണ് അപേക്ഷ ഭാവത്തിൽ അവൾ പറഞ്ഞത്.

“ഇപ്പോൾ ഇതുവയ്ക്കാം പക്ഷെ പിന്നെ പുതിയ ഫോണുകൊണ്ടു അടിപൊളി ഫോട്ടോയെടുത്ത ശേഷം മാറ്റിവയ്ക്കണം കേട്ടോ ……..”

അനുകമ്പയോടെ അയാൾ മറുപടി പറഞ്ഞു.

” അതുകൊണ്ട് നല്ല ക്ലാരിട്ടിയുള്ള ഫോട്ടോകൾ എടുക്കാൻ പറ്റുമോ……”

അവളുടെ സംശയം .

“എന്താ സംശയം…..
ഫോൺ തരൂ ഞാൻ കാണിച്ചു തരാം….”

ഫോണിനു വേണ്ടി കൈനീട്ടിയപ്പോൾ രണ്ടു ഫോണുകളും കൈയിൽ കൊടുത്തു .

“മായ ആ മേശയ്ക്കടുത്തു പോയി നിൽക്കൂ…..”

അയാൾ പറഞ്ഞതുകേട്ടപ്പോൾ എന്തിനാണെന്ന ഭാവത്തിൽ അമ്പരപ്പോടെ മുഖത്തേക്ക് നോക്കി…..!

” ഫോട്ടോ കാണേണ്ടേ ……?”

അതു കേട്ടയുടനെ വേഗം പോയി കൈകൾ മാറോട് ചേർത്തു പിടിച്ചുകൊണ്ടു മേശയിൽ ചാരിനിന്നയുടനെ അയാൾ ക്യാമറ ക്ലിക്ക് ചെയ്തതും മുറിയിൽ ഒരുനിമിഷം വെള്ളിവെളിച്ചം മിന്നിമറഞ്ഞു.

“ഇതാ നോക്കിക്കോളൂ……”

ഫോൺ അവളുടെ മുഖത്തിനുനേരെ നീട്ടി കാണിച്ചു കൊണ്ടാണ് പറഞ്ഞത്.
” എന്റമ്മോ….
ഇതു ഞാൻ തന്നെയാണോ ……
ഈ ഫോട്ടോയിൽ എന്തൊരു ഭംഗിയാണല്ലെ…. എടുത്തുവച്ചതു പോലെയുണ്ട്……
എന്റെ പഴയ മൊബൈൽ കൊണ്ടു ഫോട്ടോയെടുത്താൽ ഇരുട്ടിൽ നിൽക്കുന്നതുപോലെയുണ്ടാകും….
സൂപ്പർ ക്ലാരിറ്റിയുള്ള ഫോട്ടോ…..!
സത്യമായും ഞാനാദ്യമായിട്ടാണ് ഇതുപോലുള്ള ഫോൺ കൈകൊണ്ട് തൊടുന്നത് തന്നെ ……!”

എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ ഫോട്ടോയിൽ നോക്കി അതിശയം കൂറുന്നതും…..
സന്തോഷം കൊണ്ടു അവളുടെ മുഖം വിടരുന്നതും…..
നീണ്ട കണ്ണുകൾ പിന്നെയും വികസിക്കുന്നതുമൊക്കെ കൗതുകത്തോടെ അയാൾ ആസ്വദിക്കുകയായിരുന്നു.

‘ഇതുപോലെ എൻറെ മോളുടെയും കുറെ ഫോട്ടോകൾ എടുക്കണം ……”

നീട്ടിയ ഫോൺ വാങ്ങിയശേഷം തന്റെ മുഖത്തേക്കും ഫോണിലേക്കും മാറി മാറി നോക്കിക്കൊണ്ട് അവൾ പറയുന്നതു കേട്ടപ്പോൾ അയാൾ ചിരിച്ചതേയുള്ളൂ…..

” എങ്ങനെയോ ഫോട്ടോയെടുക്കുന്നത്….”

ചോദിച്ചുകൊണ്ട് ഇളഭ്യചിരിയുമായി സംശയത്തോടെ മുഖത്തേക്ക് നോക്കിയപ്പോൾ ക്യാമറയുടെ ബട്ടൺ കാണിച്ചുകൊടുത്തയുടനെ
അവൾ അയാളുടെ നേരെ ഫോണിന്റെ ക്യാമറ തിരിച്ചുകൊണ്ട് തുരുതുരെ ഫ്ലാഷുകൾ മിന്നിച്ചു തുടങ്ങി…….!

“ഫോട്ടോയെടുക്കുമ്പോൾ കരയുവാനും കെട്ടിത്തൂങ്ങി ചാകുമെന്ന് ഭീഷണിപ്പെടുത്താനുമൊക്കെ എനിക്കും അറിയാം കേട്ടോ ……..”

ആദ്യത്തെ ദിവസം രാത്രിയിൽ ഹോട്ടൽ മുറിയിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ അവൾ കരഞ്ഞതിനെയും ആത്മഹത്യ ഭീഷണി മുഴക്കിയതിനെയും കുറിച്ചോർത്തുകൊണ്ടാണ് അയാൾ കളിയാക്കിയത് .

“അയ്യോ പാവം……
നല്ല കാര്യം തന്നെ…..
അങ്ങനെ കരഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ വേഗം താഴെപ്പോയി മെഡിക്കൽ ഷോപ്പിൽ നിന്നും ഒരു പാൽ കുപ്പിയും പാലും വാങ്ങിക്കൊണ്ടുവന്നു കുപ്പിയിൽ ഒഴിച്ചു തരാം കേട്ടോ …….”
മുറിയിലെ ഓരോ മുക്കിലും മൂലയിലും പോയിനിന്നുകൊണ്ട് പല ആംഗിളുകളിൽ അയാളുടെ ഫോട്ടോ എടുക്കുന്നതിനിടയിൽ ഉരുളയ്ക്കു ഉപ്പേരി പോലുള്ള അവളുടെ മറുപടികേട്ടപ്പോൾ ചമ്മിപ്പോയെങ്കിലും ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടികളുടെതുപോലെയുള്ള അവളുടെ മുഖവും …..
കണ്ണുകളിലെ തിളക്കവും…..
മുഖത്തെ തെളിച്ചവും …..
ചുണ്ടിലെ ചിരിയും…..
ശബ്ദത്തിലെ വിറയലുമോക്കെ കണ്ടപ്പോൾ ഒരു പക്ഷേ അവൾ സന്തോഷംകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചേക്കുമെന്നു പോലും ഒരുവേള അയാൾ സന്ദേഹിച്ചു പോയി ……!

മറ്റൊന്നും ഇല്ലെങ്കിലും വേണ്ട…..
അവളുടെ ഈ സന്തോഷം കണ്ടാൽ മതി …..
ഇതുവരെ ചെയ്തതൊക്കെ അർത്ഥവത്തായതുപോലെ അയാൾക്ക് തോന്നി…..!

” ഫോട്ടോയെടുക്കുന്നത് മാത്രം പഠിച്ചാൽ മതിയോ ബാക്കിയൊക്കെ പഠിക്കേണ്ടേ……”

ചോദ്യം കേട്ടതും അവൾ ഫോണുമായി ചിരിയോടെ തൊട്ടടുത്ത വന്നിരുന്നപ്പോൾ അവളുടെ ശരീരത്തിന്റെ ചൂടും ചന്ദനത്തിന്റെയും ചന്ദ്രിക സോപ്പിന്റെയും ഗന്ധവും മൂക്കിലൂടെ തലച്ചോറിനുള്ളിൽ കയറി പിന്നെയത് തൻറെ സിരകളിലേക്ക് വ്യാപിക്കുന്നതു പോലെ അയാൾക്കു തോന്നി ……!

ശരീരത്തിൽ എവിടെയൊക്കെയോ ചില തരംഗങ്ങൾ നടക്കുന്നതുപോലുള്ള അനുഭൂതി…..!

സെൽഫിയെടുക്കുവാൻ പഠിപ്പിച്ചുകൊടുത്തയുടനെ അയാളിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി അയാളോടു ചേർന്നിരുന്നുകൊണ്ടു അയാളെയും ചേർത്തൊരു സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അവളുടെ മാറിടത്തിന്റെ മാംസളതയുടെ മൃദുലത അറിയാതെ ചുമലിൽ അമർന്നുപോയപ്പോഴും ചൂടുള്ള നിശ്വാസം മുഖത്തുതട്ടിയപ്പോഴും താൻ ദുർബലനായി പോയേക്കുമോയെന്നു പോലും ഒരു നിമിഷം അയാൾക്ക് സംശയം തോന്നി…..!

അപ്പോഴൊക്കെയും മലവെള്ള പാച്ചിൽ പോലെ ചിതറിയൊഴുകുന്ന ചിന്തകളെ വഴിതിരിച്ചുവിട്ടുകൊണ്ട് മനസിനു കടിഞ്ഞാണിടാൻ അയാൾ പാടുപെടുകയായിരുന്നു ……!

പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളെല്ലാം വിചാരിച്ചതിനേക്കാൾ എളുപ്പത്തിൽ അവൾക്ക് വ്യക്തമാക്കുന്നതും ഹൃദ്യസ്ഥമാക്കുന്നതും അയാളെ അത്ഭുതപ്പെടുത്തി കളഞ്ഞു.

” ബാക്കിയൊക്കെ പഠിച്ചല്ലോ അല്ലേ ……
ഇനി ഇതിനകത്ത് സിം കാർഡ് ആക്ടീവാക്കിയശേഷം ആക്ടിവേറ്റ് ചെയ്യണം….. മായയുടെ കൈയിലുള്ള ഫോണിലെ സിംകാർഡ് ഇതിൽ ഉപയോഗിക്കാൻ കഴിയില്ല ……

മൈക്രോ സിംകാർഡാണ് ഇതിൽ ഉപയോഗിക്കുന്നത്……..
നാളെ രാവിലെ നമ്മൾ നാട്ടിലേക്കു പോകുമ്പോൾ നമുക്കേതെങ്കിലും മൊബൈൽ കടയിൽ കയറി സിം കാർഡ് കട്ടുചെയ്താൽ പോരെ മൊബൈൽ ഫോൺ അവളുടെ കൈയിൽ കൊടുത്തു കൊണ്ടാണ് പറഞ്ഞത്.

“അയ്യോ അപ്പോൾ ഇന്ന് വിളിക്കാൻ പറ്റില്ലല്ലോ….. എൻറെ മോളെ വിളിച്ചുകൊണ്ട് ഫോൺ ഉദ്ഘാടനം ചെയ്യണമെന്നാണ് ഞാൻ കരുതിയിരുന്നത് …… ”

പറയുമ്പോൾ നിരാശ കാരണമാകണം അവളുടെ മുഖം മങ്ങി മങ്ങിയിരുന്നു.

” സാരമില്ല നാളെ വിളിക്കാമല്ലോ……
മോളെ തന്നെ ആദ്യം വിളിച്ചോളൂ പിന്നെ ഡാറ്റ ആക്ടീവേറ്റാക്കണം …
കുറെ അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തെടുക്കുവാനുണ്ട് …..
അതൊക്കെ നാളെ ഞാൻ ശരിയാക്കിത്തരാം കേട്ടോ……’

സഹതാപത്തോടെ അവളുടെ മുഖത്തേക്ക് നോക്കി സമാധാനിപ്പിച്ചു.

” വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെ വേണ്ടേ……”

തുടർന്നാണ് അയാൾ ചോദിച്ചത് .

“എനിക്ക് അതൊന്നും വേണ്ടേ…..
ഞാനതൊന്നും ഉപയോഗിക്കില്ല……
എനിക്കിഷ്ടമല്ല…….”

ഇഷ്ടക്കേടോടെ മുഖം ചുളിച്ചുകൊണ്ടു അവൾ തീർത്തുപറഞ്ഞു .

“ഫേസ്ബുക്ക് വേണ്ടെങ്കിൽ വേണ്ട വാട്ട്സ്ആപ്പ് വേണം ഒന്നുമില്ലെങ്കിൽനമുക്ക് രണ്ടു പേർക്കും മാത്രം വെറുതെ കുറേനേരം ചാറ്റാമല്ലോ……”

കള്ളച്ചിരിയോടെയാണ് അയാൾ പറഞ്ഞത്.

” എൻറമ്മോ……
നിങ്ങളുടെ കൂടെ ചാറ്റുവാൻ ഞാൻ തീരെ ഇല്ല …….”


മുഖം ചുളിച്ച് തലയിൽ കൈവച്ചു കൊണ്ടുള്ള മറുപടി കണ്ടപ്പോൾ അയാൾക്ക് ചിരിവന്നു.

” അതെന്താ അങ്ങനെ പറഞ്ഞത് …….”

അയാളും നെറ്റിചുളിച്ചു.

” മറ്റൊന്നുമില്ല നിങ്ങൾക്ക് എപ്പോഴും എപ്പോഴും വേറെ എന്തെങ്കിലും മാത്രമേ ചോദിക്കാനും പറയാനുമുണ്ടാകൂ……”

ഇഷ്ടപ്പെടാത്ത രീതിയിൽ അവൾ വീണ്ടും മുഖം ചുളിച്ചു.

‘ വേറെ എന്തെങ്കിലും എന്നുവച്ചാൽ……”

അവൾ പറഞ്ഞത് മനസ്സിലായെങ്കിലും മനസ്സിൽ ചിരിച്ചുകൊണ്ട് മനസ്സിലായില്ലെന്ന വിധത്തിലാണ് ചോദിച്ചതു.

” ഒന്നുമില്ല ഫോണിൻറെ കാര്യം പഠിപ്പിക്കുവാൻ അരമണിക്കൂർ അടുത്തുവന്നിരുന്നപ്പോൾ ഓരോന്ന് പറഞ്ഞു തരാനെന്നരീതിയിൽ അറിയാതെയെന്നപോലെ ആയിരം വട്ടമെങ്കിലും എന്നെ എവിടെയെങ്കിലും തട്ടുവാനും മുട്ടുവാനും നോക്കിയത് എനിക്ക് മനസ്സിലായിരുന്നു…..
അപ്പോൾ ഞാൻ വേണ്ടെന്നുവച്ചിട്ടാണ്……”

പല്ലുകടിച്ചുകൊണ്ടുപറഞ്ഞുകഴിഞ്ഞതും മിന്നൽ വേഗത്തിൽ തന്നെ അയാളുടെ കൈ വണ്ണയിൽ അമർത്തി നുള്ളി വലിച്ചുകൊണ്ട് വേഗത്തിൽ അകന്നു മാറിയതും ഒരുമിച്ചായിരുന്നു ……!

അയാൾക്ക്‌ നന്നായി വേദനിച്ചെങ്കിലും ജാള്യത കാരണം കൈവണ്ണയിൽ അമർത്തി തടവിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.

” എന്താണിങ്ങനെ ഓർത്തോർത്ത് ചിരിക്കുന്നത്……”

അവളുടെ കട്ടിലിൽ പോയിരുന്ന ശേഷം ഫോണിൽ തന്നെ നോക്കിക്കൊണ്ട് എന്തോ ഓർത്തോർത്ത് ചിരിക്കുന്നതു കണ്ടപ്പോഴാണ് സംശയത്തോടെ ചോദിച്ചത്……

“ഒന്നുമില്ലെന്ന് …….”
മറുപടി പറഞ്ഞുകൊണ്ട് അവൾ വീണ്ടും ചിരിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി…..!

” എന്താണെങ്കിലും പറയൂ ……
ഞാനും കേൾക്കട്ടെ …..
എനിക്കും് ചിരിക്കാമല്ലോ …….”

അയാൾ വീണ്ടും ചോദിച്ചു.

” ഒന്നുമില്ല ഈ ഫോണിൽ മലയാളം എഴുതാൻ പറ്റുമോ…….”

കുസൃതി കലർന്ന കണ്ണുകളോടെ അവൾ ചോദിച്ചു .

“എന്താ സംശയം……
പക്ഷേ ഇപ്പോൾ പറ്റില്ല നാളെ ഡാറ്റ കയറ്റിയശേഷം ഞാൻ അതിന്റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു തരാം ……
അക്കാര്യം ചോദിക്കാനാണോ…..
ഇത്രയും ചിരിച്ചത് .
മായയ്ക്ക് എന്തിനാണിപ്പോൾ മലയാളത്തിൻറെ അത്യാവശ്യം ……..”

അവൾ പറഞ്ഞത് വിശ്വാസമാകാത്ത പോലെ അയാൾ വീണ്ടും തിരക്കി .

“ഒരു ഫോട്ടോയിൽ പേരെഴുതുന്ന കാര്യം ഓർത്തപ്പോൾ ചിരിച്ചതാണ് ……

വാപൊത്തി ചിരിച്ചു കൊണ്ടാണ് മറുപടി.

” അങ്ങനെയെങ്കിൽ ഫോട്ടോ എൻറെ ഫോണിലേക്ക് അയച്ചുതരൂ …..
ഞാനിപ്പോൾ തന്നെ ശരിയാക്കിത്തരാം….”

അവളുടെ അനിമോളുടെ ഫോട്ടോയിലോ മറ്റോ വല്ലതും എഴുതാനായിരിക്കും എന്നുകരുതിയാണ് അയാൾ സ്വയം സഹായ മനസ്കനായത്.

“അയ്യോ……
വേണ്ട വേണ്ട ……
ഞാൻ തന്നെ എഴുതികൊള്ളും…….
നമ്മൾ വീടിന്റെ മുന്നിലൊക്കെ എഴുതി വയ്ക്കാറില്ലേ…..
അതുപോലെ ഈ ഫോട്ടോയിൽ
” ഹനുമാൻ ഈ ഫോണിന്റെ ഐശ്വര്യം ….”
എന്നെഴുതാനാണ് ……..”

പറഞ്ഞശേഷം പൊട്ടിച്ചിരിയോടെ കൈയിലുള്ള ഫോണിൻറെ ഡിസ്പ്ലേയുള്ള അയാളുടെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോഴാണ് അയാൾക്ക് അബദ്ധം മനസ്സിലായത് .

“അങ്ങനെയെങ്കിലും മായയുടെ മനസ്സിൽ ഞാനുണ്ടല്ലോ അതുമതിയെനിക്ക്……”

നടുവിന് കൈകൾ ഊന്നിയും കൈപ്പത്തികൊണ്ട് കണ്ണുകൾ മൂടിയും നിർത്താതെ ചിരിച്ചുകൊണ്ടു ചിരിയടക്കാൻ കഴിയാതെ പാടുപെട്ടുകൊണ്ടിരുന്ന അവൾ അയാളുടെ വാക്കുകേട്ടതോടെ പിടിച്ചുനിർത്തിയതു പോലെ ചിരി നിർത്തിയശേഷം അവിശ്വസനീയതയോടെ അയാളുടെ മുഖത്തേക്കു നോക്കി .

“ഞാൻ തമാശപറഞ്ഞതു് അനിലേട്ടന് വിഷമമായോ ……..”
അമ്പരപ്പോടെയുള്ള ചോദ്യം കേട്ടപ്പോൾ അയാൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു ……!

“എന്നോട് പിണങ്ങിയോ അനിലേട്ടാ…..
അയ്യോ…ഞാനൊരു തമാശ പറഞ്ഞതല്ലേ…..”

പറഞ്ഞുകൊണ്ട് അവൾ വീണ്ടും ആധിയോടെ അയാളുടെ മുഖത്തേക്കു നോക്കി

അയ്യോ .. …
എനിക്കു മായയോട് പിണക്കമൊന്നുമില്ല അല്ലെങ്കിലും പിണങ്ങിയാൽ തന്നെ മായയ്ക്ക് എന്താണ് ……”
ഞാൻ മായയുടെ ആരുമല്ലല്ലോ ……”

അയാൾ മനപൂർവ്വമായ നിസ്സംഗതയോടെ പറഞ്ഞു .

” അതെന്താ അനിലേട്ടൻ അങ്ങനെ പറഞ്ഞത് …..
ആരുമില്ലെന്ന് ഞാൻ പറഞ്ഞിരുന്നോ…..
നിങ്ങൾ പറയുന്നതുപോലെയോന്നും ആകുവാൻ കഴിയില്ലെന്നല്ലേ ഞാൻ ഞാൻ പറഞ്ഞിട്ടുള്ളൂ……”

കേട്ടതു വിശ്വസിക്കാനാകാതെ പോലെ വേവലാതിയോടെ അയാളുടെ മുഖത്തെ നോക്കി സങ്കടത്തോടെയാണ് ചോദിച്ചത്.

“അങ്ങനെ പറഞ്ഞില്ലെങ്കിലും അതുപോലെ തന്നെയല്ലേ മായേ…..”

വിഷാദത്തോടെ അയാൾ അവളുടെ മുഖത്തേക്കു നോക്കി.

” ഞാൻ കുറെ തവണ പറഞ്ഞല്ലോ അനിലേട്ടാ….. നിങ്ങൾ പറഞ്ഞതുപോലെ ഒന്നുമല്ലെങ്കിലും നിങ്ങളെന്റെ ആരൊക്കെയോയാണ് …..
അതെന്താണെന്നും എങ്ങനെയാണെന്നും എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണമെന്ന് എനിക്കുപോലും അറിയില്ലെന്നു മാത്രം…..

ഒന്നുപറയാം ഒറ്റവാക്കിൽ പറയാൻ പറ്റാതെ ആരൊക്കെയോയാണ് നിങ്ങളെനിക്കിപ്പോൾ….. രണ്ടുവർഷത്തിനുള്ളിൽ ഇന്നത്തെപ്പോലെ സംസാരിക്കുകയും ചിരിക്കുകയും അതുപോലെതന്നെ കരയുകയും ചെയ്തിരുന്ന വേറൊരു ദിവസം ഉണ്ടായിട്ടില്ല …….
നിങ്ങളെന്റെ ആരുമല്ലാത്തതുകൊണ്ടാണോ ഞാനങ്ങനെ സ്വയം മറന്നു മാറിപ്പോയത്……..
അനിലേട്ടൻ പറഞിരുന്ന കാര്യത്തിനു ഞാൻ തയ്യാറാവാത്തതുകൊണ്ടു നിങ്ങൾക്ക് ചിലപ്പോൾ ഞാൻ ആരുമല്ലെന്നു തോന്നുന്നുണ്ടാകും പക്ഷെ എനിക്കങ്ങനെയല്ലാ കെട്ടോ……
എന്റെ മോൾ വളർന്നു വലുതാൽ അവളോടും ഞാൻ നിങ്ങളെക്കുറിച്ചു പറയും…..
ചെളിക്കുണ്ടിൽ പെട്ടുപോയ നിന്റെ അമ്മയെ അതിൽനിന്നും കാരകയറ്റിയത് ദൈവത്തെക്കാൾ വലിയൊരു മനുഷ്യനാണെന്നു……..
അതുകൊണ്ട് നിങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്കു സങ്കടവും വിഷമവും ഒക്കെയാകും ചിലപ്പോൾ വീണ്ടും ഞാൻ കരഞ്ഞുപോയെന്നും വരും അതുകൊണ്ട് അനിലേട്ടാ പ്ലീസ് ……
ഇങ്ങനെയൊന്നും എന്നോടിനി പറയല്ലേ…..”

പറഞ്ഞുകൊണ്ട് അവൾ മിഴികളുയർത്തിയപ്പോഴേക്കും അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധംകൊണ്ടു അയാളുടെ മിഴികളും സജലങ്ങളായി തുടങ്ങിയിരുന്നു……!

“എന്നെയും ഇങ്ങനെ വിഷമിപ്പിക്കല്ലേ…..
മായയോട് എനിക്കൊരു ദേഷ്യവുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ ……
എനിക്കതിനു സാധിക്കുകയുമില്ല….. ആരൊക്കെയോ ആണെന്ന് പറയുമ്പോൾ തന്നെ ഞാൻ ആരാണെന്ന് പറയുന്നതു വരെ മായ എനിക്ക് അന്യതന്നെയല്ലേ …..
ഇനിയേതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഞാനും മായയും രണ്ടു വഴിക്കു പിരിയുന്ന കാര്യം ഓർക്കാൻ പോലും എനിക്കു വയ്യ ……
അതുകൊനാണ് ഞാനിങ്ങനെ ഇടക്കിടെ പറഞ്ഞുപോകുന്നത്……
സോറി ….മായേ….
മായ പറഞ്ഞതുപോലെ തന്നെയാണ് എന്റെ കാര്യവും കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിനിടയിൽ മായ എന്റെ കൂടെ ഉണ്ടായ ഈ രണ്ടു ദിവസമാണ് ഇങ്ങിനെയും ഒരു ജീവിതമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്….. ഭക്ഷണം വിളമ്പി തരുന്നു…….
നിർബന്ധിച്ച് കഴിപ്പിക്കുന്നു…….
ശുശ്രൂഷിക്കുന്നു ……

ശാസിക്കുന്നു ……
ചിലതൊക്കെ സ്നേഹത്തോടെ വിലക്കുന്നു….. പിണങ്ങുന്നു …….
പരിഭവിക്കുന്നു ……
ഞാൻ പറഞ്ഞില്ലേ ഇതൊക്കെ എന്റെ ആദ്യത്തെ അനുഭവമാണ്…..
നാളെ മുതൽ അതൊന്നും ഉണ്ടാകില്ലെന്നും നഷ്ടപ്പെടുകയാണെന്നും ഓർക്കുമ്പോൾ……!

പറയുന്നതിനിടയിൽ നിറഞ്ഞുതുളുമ്പിയ കണ്ണുകളിൽനിന്നും രണ്ട് നീർ മുത്തുകൾ കവിളിലൂടെ ഒരുണ്ടുരുണ്ടു താഴേക്കു പതിക്കുന്നതു കണ്ടതും അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റുപോയി ഒരു കുഞ്ഞിനെയെന്ന പോലെ അയാളുടെ മുഖം തൻറെ വയറിനോട് ചേർത്തുപിടിക്കുകയും മറുകൈകൊണ്ട് പതുക്കെ തലയിൽ തഴുകികൊണ്ടു ആശ്വസിപ്പിക്കുകയും ചെയ്തു.

ഒരു കുഞ്ഞിനെപ്പോലെ അവളുടെ വയറിനോട് മുഖം ചേർത്തിരിക്കുമ്പോൾ കുറച്ചു സമയം മുന്നേവരെ തന്നെ ഉത്തേജിപ്പിക്കുകയും കൊതിപ്പിക്കുകയും മോഹിപ്പിക്കയും ചെയ്തിരുന്ന അവളുടെ ചന്ദ്രികസോപ്പിന്റെയും ചന്ദനത്തിന്റെയും ഗന്ധം മാറിമറിഞ്ഞു അമ്മയുടെ വാത്സല്യത്തിന്റെ ചൂടും അമ്മിഞ്ഞപ്പാലിന്റെ ചൂരുമായി തന്റെ മനസിലേക്കും ശരീരത്തിലേക്കും പടരുന്നത് അയാൾ അറിയുകയായിരുന്നു.

നീയെന്തിനാണ് ഈശ്വരാ …..
ഈ മനുഷ്യനെ എനിക്കു പരിചയപ്പെടുത്തിത്തന്നത് ……
ഞാൻ ഇങ്ങനെയൊന്നും അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവത്തിന്റെ ജീവിതത്തിലേക്ക് നിറഞ്ഞ മനസോടെ ഞാൻ പോകുമായിരുന്നല്ലോ……
ഇങ്ങനെയൊക്കെയായി തീർന്നശേഷം നീയെന്തിനാണ് ഈ മനുഷ്യനെ എന്റെ മുന്നിലേക്ക് അയച്ചത്…..”

പുറമേ നിഷേധിക്കുകയും നിരുത്സാഹപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നിസ്സഹായയായ അയാളുടെ മുഖം സ്വന്തം വയറിനോട് ചേർത്തുപിടിച്ചു കൊണ്ടുള്ള അവളുടെ മനസ്സിന്റെ വെന്തുരുകുന്ന ആത്മവിലാപം അയാളും അറിയുന്നുണ്ടായിരുന്നില്ല…..




തുടരും...... ♥️

മായാമൊഴി 💖21

മായാമൊഴി 💖21

4.7
10155

ഒരു വഞ്ചിയിലിരുന്നു കൊണ്ട് ഇരുവശത്തേക്കും തുഴയുന്ന അപരിചിതരായ യാത്രക്കാരെപ്പോലെ പരസ്പരം കൂട്ടിമുട്ടാതെ ചിന്തകളുമായി എത്രനേരം കഴിച്ചു കൂട്ടിയെന്നറിയില്ല .അവളുടെ മൊബൈൽ തുരുതുരെ ബെല്ലടിക്കാൻ തുടങ്ങിയപ്പോഴാണ് പരിസരബോധം വീണ്ടെടുത്തുകൊണ്ടു പരസ്പരം അകന്നു മാറിയത്“അവനായിരിക്കും ആ നാശം പിടിച്ചവൻ…..”ദേഷ്യത്തിൽ അങ്ങനെ പിറുപിറുത്തുകൊണ്ടാണ് അവൾ ഫോണിനടുത്തേക്കു നടന്നത്…..!ആരാണെന്ന് ചോദിക്കാൻ് തുടങ്ങിയപ്പോഴേക്കും ….” ഞാൻ പറഞ്ഞില്ലേ അവനായിരിക്കുമെന്നു……ഇതാ ….ആ ലോഡ്ജിലെ നിങ്ങളുടെ കൂട്ടുകാരനാണ്…….റൂം ബോയ് …….”വെറുപ്പോടെ പറഞ്ഞുകൊണ്ടും ഫോൺ അയാൾക്ക്‌ ന