Aksharathalukal

മായാമൊഴി 💖22

ബാത്റൂമിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും നീലവിരിയിട്ട ജനാലക്കരികിൽ പുറത്തെ വിദൂര കാഴ്ചകൾ നോക്കികൊണ്ട് ഒരു സ്വപ്നാടകയെപ്പോലെ അവൾ നിൽക്കുന്നുണ്ടായിരുന്നു ……!

“മായേ …..”

പതുക്കെ വിളിച്ചപ്പോൾ അവൾ ജനാലവിരി വലിച്ചെടുത്തു കണ്ണുകൾ തുടയ്ക്കുന്നതു കണ്ടപ്പോഴാണ് അവളും കരയുകയായിരുന്നെന്നു മനസിലായത്…..!

അയാളുടെ നെഞ്ചുപിടഞ്ഞു പോയി .

“എന്താ മായേ……”

ഉത്കണ്ഠയോടെ ചോദിച്ചപ്പോൾ ഒന്നുമില്ലെന്നു നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് ചിരിച്ചെങ്കിലും അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ എന്നയാൾക്ക് മനസ്സിലായില്ല .

എന്തിനാണവൾ കരഞ്ഞിട്ടുണ്ടാവുക……!
അയാൾ തന്നോടുതന്നെ ചോദിച്ചു നോക്കിയെങ്കിലും താൻ എന്തിനാണ് കരഞ്ഞതന്ന് അയാളുടെ മനസ്സാക്ഷി തിരിച്ചുചോദിച്ചപ്പോൾ ശരിയായ ഉത്തരം കിട്ടി…..!

“എന്റെ അനിയേൻ പോയശേഷം ആദ്യമായിട്ടാണ് ഞാൻ സമാധാനത്തോടെയും സന്തോഷത്തോടെയുമൊക്കെ ഒരു മുറിയിൽ രാത്രിയിൽ കിടന്നുറങ്ങുവാൻ പോകുന്നത്….”

രാത്രിയിൽ ഉറങ്ങുവാനുള്ള വട്ടം കൂട്ടുന്നതിനിടയിലാണ് അവൾ പറഞ്ഞത്.

അതുപറയുമ്പോൾ ആ വാക്കുകളിൽ അവൾക്കു തന്നിലുള്ള വിശ്വാസം മുഴുവൻ അലിയിച്ചു ചേർത്തിട്ടുണ്ടെന്നു മനസ്സിലാക്കി മനസ്സിലാക്കിയതിനാൽ ഹൃദയപൂർവ്വം അവളെ നോക്കി ചിരിച്ചതല്ലാതെ അയാൾ മറുപടി ഒന്നും കൊടുത്തില്ല .

“ഈ കഴിഞ്ഞ ഒന്നരമാസത്തെ ചില രാത്രികളിൽ ഹോട്ടൽ മുറികളിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ ശരീരത്തിൽ എത്ര അവയവങ്ങൾ ബാക്കിയുണ്ടാകുമെന്നുപോലും ഞാൻ പേടിച്ചു പോകാറുണ്ട്…….”

അവളുടെ മനസ്സും ഓർമ്മകളും വീണ്ടും ഒന്നരമാസക്കാലത്തെ പിടിവിട്ടുപോയ ജീവിതത്തിലേക്ക് വഴുതി വീണപ്പോൾ അയാൾ ശ്രദ്ധാപൂർവ്വം കാതോർത്തു.

“അനിമോൾ മാത്രം മതിയെന്നും അതുകൊണ്ട് അവൾക്ക് മൂന്നുവയസ്സുവരെയെങ്കിലും പാലുകൊടുക്കണമെന്നും അനിയേട്ടൻ എപ്പോഴും പറയുമായിരുന്നു……

അതുകൊണ്ട് അടുത്തകാലംവരെ അവൾ പാൽ കുടിക്കുമായിരുന്നു ഈയടുത്ത കാലത്താണ് ചെന്നിനായകമൊക്കെ പരീക്ഷിച്ചുകൊണ്ട് അമ്മ ആ പരിപാടി നിർത്തിച്ചത് …….”

പറഞ്ഞതിനുശേഷം അയാൾ ശ്രദ്ധിക്കുന്നുണ്ടോയെന്നു നോക്കിയതിനു ശേഷമാണ് അവൾ തുടർന്നത്.

” എന്നാലും ഇപ്പോഴും എന്നെ കണ്ടയുടനെ ഓടിവന്നു മടിയിലിരുന്നുകൊണ്ടു അവിടെയും ഇവിടെയുമൊക്കെ കടിക്കുകയും പിടിക്കുകയും തൊടുകയും തലോടുകയും ചെയ്താലെ അവൾക്ക് തൃപ്തിയാകൂ …..”

വീണ്ടും നിർത്തിയപ്പോഴും അവൾ എന്താണു പറഞ്ഞു വരുന്നതെന്നോ …..
എന്തിനാണ് തന്നോടിപ്പോൾ ഇതൊക്കെ പറയുന്നതെന്നും ഓർത്തുകൊണ്ടു അയാൾ അത്ഭുതപ്പെട്ടു…!

” പക്ഷേ രണ്ടുമൂന്നു തവണ രാത്രി ലോഡ്ജിൽ കഴിച്ചുകൂട്ടിയ ശേഷം പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ എനിക്കെന്റെ മോളെ നെഞ്ചോടു ചേർത്തുപിടിക്കാൻ പോലും പറ്റിയില്ല…..!
അങ്ങനെ വീട്ടിലെത്തിയ ഒരു ദിവസം കളിക്കുന്നതിനിടയിൽ നെഞ്ചിൽ തലകൊണ്ടു കുത്തിയപ്പോഴാണ് വേദനകൊണ്ടു പുളഞ്ഞ കാരണം ഞാനവളെ ആദ്യമായും അവസാനമായും തല്ലിയതുതന്നെ …..”

അയ്യായിരം രൂപ കൊടുത്തു ഒരു രാത്രിയിലേകുമാത്രം വാടകയ്ക്കെടുക്കുന്ന ഒരു പെണ്ണിൻറെ ജീവനുള്ള ശരീരം കടിച്ചാലും പിടിച്ചാലും മാന്തിയാലും പൊട്ടിച്ചാലും വേദനിക്കാതെ റബ്ബറാണെന്നു കരുതുന്നവരെയും ഈ ഒന്നരമാസത്തിനുള്ളിൽ ഞാൻ കണ്ടിരുന്നു…..
ഇന്നത്തെ രാത്രിയിൽ അതൊന്നും പേടിക്കേണ്ടല്ലോ…….”

പറഞ്ഞു നിർത്തിയപ്പോഴാണ് അവൾ പറഞ്ഞത്തിന്റെ ആന്തരികാർത്ഥം അയാൾക്ക്‌ ശരിക്കും മനസ്സിലായതും അയ്യായിരം രൂപ കൊടുത്തു താൻ വാടകയ്ക്കെടുത്ത ഉറുപ്പടിയോട് കേവലം ഒരു ദിവസം മുന്നേയുള്ള രാത്രിയിൽ മദ്യലഹരിയിൽ താൻ കാണിച്ചിരിക്കുന്ന പരാക്രമവും അപ്പോഴത്തെ അവളുടെ നേർത്ത പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഓർമയിലേക്ക് ഓടിയെത്തിയതും.

അവളുടെ മുഖത്തേക്കു നോക്കാനാവാതെ കുറ്റബോധവും ലജ്ജയും കാരണം വേഗം തലകുനിച്ചുപോയി

“അനിലേട്ടനെയല്ല കേട്ടോ ….
നിങ്ങൾ എന്നോടങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നലെ രാവിലെ ഹോട്ടൽ നിങ്ങൾ മരിച്ചു കിടന്നാൽ പോലും ഞാൻ തിരിഞ്ഞു നോക്കില്ലായിരുന്നു ……”

തന്റെ മനസ്സ് വായിച്ചതു പോലെ അവൾ പറയുന്നതു കേട്ടപ്പോഴാണ് അയാൾക്ക് സമാധാനമായത്

” മായേ ലൈറ്റണക്കണോ …..”

നഴ്സുമാർ അവസാനത്തെ ഇഞ്ചക്ഷനും മരുന്നുകളും നൽകി തിരിച്ചുപോയശേഷം കോട്ടുവായിട്ടുകൊണ്ട് ഉറങ്ങുവാനായി അവൾ കിടക്കയിലേക്ക് ചായാനൊരുങ്ങുമ്പോഴാണ് .
അവളുടെ മുഖം നോക്കി കിടക്കുവാനല്ലാതെ ഇരുട്ടിൽ കിടക്കുവാൻ താൽപര്യമില്ലെങ്കിലും വെറുതെ ചോദിച്ചു നോക്കിയത് …..!

“എങ്ങനെയായാലും എനിക്കു പ്രശ്നമില്ല കിടന്നാലുടനെ ഞാനുറങ്ങും…..”

കോട്ടുവായിട്ടുകൊണ്ടുതന്നെയാണ് മറുപടി.

” ശരി…..
എങ്കിൽ പിന്നെ ലൈറ്റണക്കുന്നില്ല …..”

അയാൾ ചിരിയോടെ പറഞ്ഞു .

“അനിലേട്ടാ ……”

വാട്സാപ്പിലൂടെ കണ്ണോടിക്കുന്ന അതിനിടയിലാണ് മൃദുവായ സ്വരത്തിലുള്ള അവളുടെ വിളികേട്ടപ്പോൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയത് .

തലയിണയിൽ കൈമുട്ട് ഊന്നിയ വലതുകൈപ്പത്തിയിൽ തലതാങ്ങിക്കൊണ്ടു അയാളെയും നോക്കി ചെരിഞ്ഞു കിടക്കുകയായിരുന്നു അവൾ……!
ചുമലിലും തലയിണയിലുമായി ചിതറിക്കിടക്കുന്ന വിദർത്തിയിട്ട നീണ്ട മുടിയിഴകളും….

മാറിടത്തിൽ അൽപ്പം അകന്നുമാറി അലസമായി നിൽക്കുന്ന ചുവന്ന സാരിയും……
കരിമഷി പടർന്ന നീണ്ട മിഴികളുമൊക്കെ അവൽക്കപ്പോൾ വല്ലാത്തൊരു മാദക ഭംഗി നൽകുന്നുണ്ടെന്നു തോന്നി …..!

“എന്താ…..”

കാടുകയറി തുടങ്ങിയ ചിന്തകൾക്ക് തടയിട്ടുകൊണ്ടു വിസ്മയത്തോടെയാണ് ചോദിച്ചത് .

” ഇത്രയും കാര്യങ്ങൾ ചെയ്തു തന്നിട്ടും നിങ്ങൾ പറഞ്ഞ കാര്യത്തിനു ഞാൻ തയ്യാറാവാത്തതുകൊണ്ട് ഞാനൊരു നന്ദികെട്ടവളാണെന്ന് അനിലേട്ടനു തോന്നരുത്….”

അവൾ തന്നെയാണ് തുടക്കമിട്ടത്……!

” എനിക്കങ്ങനെ തോന്നിയിട്ടെയില്ല….”

ആദ്യമായാണ് തന്നോട്വൾ ഈ വിഷയം സംസാരിക്കുന്നതെന്നു വിസ്മയത്തോടെ ഓർത്തുകൊണ്ടാണ് ഉള്ളിൽ ജാഗരൂകനായിരുന്നെങ്കിലും ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തത് .

“നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ടൊന്നുമല്ല ഞാനങ്ങനെ പറയുന്നത് ….!
ദൈവത്താണെ സത്യം നിങ്ങളെയെനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്……
നിങ്ങൾക്ക് എന്താണൊരു കുറവ് …..

ഒന്നുമില്ല …..
നല്ല സ്വഭാവം …..
മറ്റുള്ളവരെ സ്നേഹിക്കാനും ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിയുന്ന മനസ്സ്……
അതൊക്കെയാണ് ഒരു പെണ്ണിനു വേണ്ടതും അതൊക്കെ നിങ്ങൾക്കുണ്ട് ……”

അർദ്ധോക്തിയിൽ അവൾ നിർത്തിയശേഷം അവൾ തല താഴ്ത്തി .

“ഇതൊക്കെയുണ്ടെങ്കിൽ പിന്നെ മായയുടെ പ്രശ്നമെന്താണ് …”

അയാളും ഗൗരവത്തിലായി.

” ഞാനിങ്ങനെയൊക്കെയാകുന്നതിനു മുന്നേയാണ് നിങ്ങളെ പരിചയപ്പെട്ടതെങ്കിൽ….
ഒരുപക്ഷേ എന്റെ അനിയേട്ടനോടു മാപ്പു ചോദിച്ചുകൊണ്ട് നിങ്ങളുടെ കൂടെ വരുമായിരുന്നു ….
പക്ഷേ ഇപ്പോൾ ഞാനങ്ങനെ ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല എന്നോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും …….
ഇപ്പോൾ ഞാനൊരു ചീത്തപെണ്ണാണ്……
അര്ഹിക്കാത്തതൊന്നും ആഗ്രഹിക്കുവാനോ…….
മറ്റുള്ളവർക്ക് അവകാശപ്പെട്ടത് പിടിച്ചെടുത്തു സ്വന്തമാക്കുവാനോ എനിക്കിപ്പോൾ അർഹതയില്ല…….”

“മായയുടെ ഒന്നരമാസത്തെ ജീവിതത്തെ കുറിച്ചാണ് പറഞ്ഞു വരുന്നതെങ്കിൽ എനിക്കു കേൾക്കണമെന്നില്ല ……
മായ ഇക്കഴിഞ്ഞ ഒന്നരമാസകാലംമാത്രമാണ്
വഴിതെറ്റി ജീവിച്ചതെങ്കിൽ എൻറെ ഇരുപത്തിയഞ്ചു വയസു മുതൽ ഇപ്പോഴത്തെ മുപ്പത്തിയഞ്ച് വയസിൽ രണ്ടുദിവസം മുന്നെ മായയെ കണ്ടുമുട്ടുന്നതുവരെ വഴിതെറ്റി നടന്നവനാണ് ഞാൻ …..
സത്യം പറഞ്ഞാൽ മാസത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും വച്ചുകൂട്ടിനോക്കിയാൽ തന്നെ ഈ പത്തുവർഷത്തിനുള്ളിൽ എത്രയോ പെണ്ണിനെ തേടി ഞാൻ പോയിട്ടുണ്ടാവും …..
മായ അതൊന്നു ഓർത്തുനോക്കൂ…….!”

“അങ്ങനെ നോക്കുമ്പോൾ മായയെ തേടി വന്നവരുടെ പത്ത് ഇരട്ടിയിലധികം പേരെ ഞാനങ്ങോട്ടു തേടി പോയിട്ടുണ്ടാവും…..”

അവൾ പറയുന്നതിനിടയിൽ തടസ്സപ്പെടുത്തിക്കൊണ്ടാണ് അയാൾ പറഞ്ഞത്.

“അതുപോലെയാണോ ഒരു പെണ്ണായ ഞാൻ ……”

അയാൾ പറഞ്ഞതു മുഴുവൻ ശ്രദ്ധയോടെ കേട്ടശേഷമാണ് അവൾ ചോദിച്ചത് .

“അല്ല വ്യത്യാസമുണ്ട് ….
ആരൊക്കെയോ പറഞ്ഞു പറ്റിച്ചതുകാരണം അറിവില്ലായ്മയും ഗതികേടും കൊണ്ടാണ് മായ ഇങ്ങനെയായി ഈ വഴിക്കെത്തിയത്……
അതു പൊറുക്കുവാനാകാത്ത തെറ്റാണ്……!
ഞാനാണെങ്കിൽ പണത്തിന്റെ പൊളപ്പുകാരണം മനസ്സിന്റെ വിശപ്പടക്കുവാൻ കാണുന്ന പെണ്ണിനെയൊക്കെ വിലയിട്ടുകൊണ്ടു അവരുടെ ചൂടുതേടിപ്പോയി …..!
അപ്പോൾ എന്റെ തെറ്റുകൾ സാരമില്ല അല്ലെ…..!
മായേ സത്യം പറഞ്ഞാൽ ആരാണ് ശരിക്കും വേശ്യ……..!
സുഖം തേടിപ്പോയിരിക്കുന്ന ഞാനോ……
അതോ ഗത്തികേടുകൊണ്ടു മറ്റുള്ളവർക്ക് സുഖം വിറ്റിരുന്ന മായയോ ……!
ആണിനെ വിളിക്കുവാൻ അങ്ങനെയൊരു പേരില്ലാത്തതുകൊണ്ടല്ലേ …..
ആണിനെയാരും അങ്ങനെ വിളിക്കാത്തത്…..!
മായ അങ്ങനെ പറയുകയാണെങ്കിൽ ഞാനുമൊരു വേശ്യയാണ്….
ആൺവേശ്യ …….”

പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ക്ഷോഭംകൊണ്ടു അയാൾ കിതച്ചു തുടങ്ങിയിരുന്നു .

അയാളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കിയതല്ലാതെ അവൾ മറുപടിയോന്നും പറഞ്ഞതുമില്ല

“ചോരയും നീരുമുള്ള പണക്കാരായ ആണിനെ മയാക്കിയെടുക്കുന്ന യക്ഷിയെന്ന സർട്ടിഫിക്കറ്റ് അനിലേട്ടനെ കാര്യത്തിൽ പണ്ടേ എനിക്കു കിട്ടിയിട്ടുണ്ട്…….
ഇനിയൊരിക്കൽക്കൂടെ എനിക്കതു കേൾക്കുവാൻ വയ്യ…….’

അല്പസമയത്തിനുശേഷമാണ് അവൾ പറഞ്ഞത്.

” അതവരുടെ കാര്യമല്ല എൻറെ കാര്യത്തിൽ അങ്ങനെ പറയുവാൻ ഒരാളുപോലുമില്ല …..
എൻറെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും തീരുമാനം എന്റേതു മാത്രമാണ്……
ആരായാലും അവനവന്റെ ജീവിതം അവനവൻ തെരഞ്ഞെടുക്കണമെന്നാണ് എന്റെ കാഴ്ചപ്പാടും……”

അയാൾ ഉറപ്പിച്ചുപറഞ്ഞു .

“നിങ്ങൾ എന്നോടുള്ള് ഇഷ്ടകൂടുതൽകൊണ്ടു എന്തൊക്കെയോ പറയുന്നതാണ് ….
ഇനി നിങ്ങൾ പറയുന്നതുപോലെ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നെന്നിരിക്കട്ടെ ഒരു രാത്രിയിൽ നിങ്ങളെപ്പോലെ കടന്നുപോയ ഒരാൾ എന്നെങ്കിലും എന്നെയും നിങ്ങളെയും ഒരുമിച്ചു കാണുകയാണെങ്കിൽ ഞാൻ ചവച്ചുതുപ്പിയ ചണ്ടിയെ കൊണ്ടുനടക്കുന്നവനെന്നു നിങ്ങളെ മനസിൽ പരിഹസിച്ചു ചിരിക്കും……
അപ്പോൾ നിങ്ങൾക്ക് ചിലപ്പോൾ വിഷമം തോന്നില്ലെങ്കിലും ജീവിതത്തിന്റെ പുതുമ തീരുമ്പോൾ നിങ്ങൾക്കും വിഷമമാകും…… പിന്നെ സ്നേഹം വെറുപ്പായി മാറി തുടങ്ങും…..
അതൊക്കെ ഓർക്കണം …….”

അവൾ പറയുന്നതുകേട്ടപ്പോഴാണ് അവൾ അവളെ കുറിച്ചല്ല……
പകരം തൻറെ ജീവിതത്തിലേക്ക് വരികയാണെങ്കിൽ തന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് ദീർഘ വീക്ഷണത്തോടെ ഊർത്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നതെന്നു അയാൾക്ക് മനസ്സിലായത് .

“മായായോട് എനിക്ക് തോന്നിയ ഇഷ്ടം ഒരു ഇരുപത്തിയൊന്നുകാരന്റെ കേവലമായ അഭിനിവേശമൊന്നുമല്ല ……
എനിക്കിപ്പോൾ മുപ്പത്തിയഞ്ച് വയസ്സുണ്ട്….. ചെറുപ്പം മുതലേ ബിസിനസ് ആവശ്യത്തിനായി ഒരുപാടു ചുറ്റിക്കറങ്ങി നടന്നതുകൊണ്ടു ഒരുപാടുപേരെ പരിചയപ്പെടുകയും……
ഒത്തിരി ജീവിതങ്ങൾ കാണുകയും ചെയ്തതുകൊണ്ട് കുറച്ചു ലോകപരിചയവും വിശാലമായി ചിന്തിക്കുവാനുള്ള കഴിവുമുണ്ടെന്നാണ് എന്റെവിശ്വാസം…… അതുകൊണ്ടുതന്നെ മായ പറഞ്ഞതുപോലുള്ള എല്ലാ കാര്യങ്ങളും അതിന്റെ ഭവിഷ്യത്തുകളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത് ……

ഞാനും മായയുംഎങ്ങനെയാണ് പരിചയപ്പെട്ടതെന്ന് ഓർക്കുമ്പോൾ തന്നെ ഇപ്പറഞ്ഞതൊന്നും ഒരു കാര്യവുമില്ലെന്ന് മായയ്ക്ക് മനസ്സിലാകും ……
ശരീരത്തിൽ മാലിന്യം പറ്റിയാൽ അതെന്തായാലും ഡെറ്റോളും സോപ്പും ഉപയോഗിച്ചു കഴുകിക്കളയാം അങ്ങനെയൊരു മാലിന്യമേ ഇപ്പോൾ മായയുടെ ശരീരത്തിലുള്ളൂ…..
മനസ്സ് ശുദ്ധമാണ് …..
പത്തരമാറ്റ് തങ്കം…..!
അല്ലെങ്കിലും നമ്മളെന്തിനാണ് മറ്റുള്ളവരുടെ ഭൂതകാലം നോക്കുന്നത്……
മായ എന്റെ ജീവിതത്തിലേക്ക് വന്നശേഷമുള്ള കാര്യങ്ങൾ നോക്കിയാൽ പോരെ…..
അതിലെനിക്ക് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസം മായയെയാണ്…..
അതുകൊണ്ട് മായേ ഭൂതകാലം നമുക്ക് പരസ്പരം മറക്കാം വീണ്ടും വീണ്ടും ചികയാതിരിക്കാംഎനിക്കുവേണ്ടത് മായയുടെ മനസാണ്……
ഹൃദയമാണ്……
അതെനിക്ക് തരുമോ …..!
അതാണെനിക്ക് അറിയേണ്ടത്…..?”

അയാൾ പറഞ്ഞു നിർത്തിയ ശേഷം മറുപടിക്കായി തുടിക്കുന്ന ഹൃദയത്തോടെ കാതോർത്തുകൊണ്ടു അവളുടെ മുഖത്തേക്ക് നോക്കി.

“നിങ്ങൾ ഇപ്പോൾ പറയുന്നതുപോലെ അതൊന്നും അത്ര ഈസിയായി ചിന്തിക്കുവാനോ പ്രവർത്തിക്കാനോ എനിക്കു് കഴിയില്ല അനിലേട്ടാ……
എനിക്കും ഇരുപത്തിയേഴു വയസായി……
മൂന്നുവയസുകാരിയായ മോളുടെ അമ്മയുംകൂടിയാണ് ഞാൻ…..

അതുകൊണ്ട് ഞാനെന്റെ സുഖവും സന്തോഷവും മാത്രം നോക്കിയാൽ പോര….. എൻറെ മോളുടെ സുഖവും സന്തോഷവുമാണ് എനിക്കേറ്റവും വലുത്……..
ഒരുപക്ഷേ എൻറെ ശരീരം ചുക്കിച്ചുളിയുന്നതുവരെ എനിക്കൊരു നല്ല ഭർത്താവിനെ കിട്ടിയേക്കും……
പക്ഷേ എന്റെ മോൾക്കൊരു അച്ഛനെ ഒരിക്കലും കിട്ടില്ല……

നിങ്ങൾ അതോർക്കണം എൻറെ മോൾക്കെന്തെങ്കിലും ബുദ്ധിമുട്ടു സംഭവിച്ചാൽ എന്റെ അനിയേട്ടൻ എന്നോട് പൊറുക്കില്ല……”

അവസാനമായപ്പോഴേക്കും അവളുടെ തൊണ്ടയിടറി തുടങ്ങിയിരുന്നു .

” മായയുടെ മോൾ എൻറെയും മോളായിരിക്കും എൻറെ മോൾ എന്നല്ലാതെ ഒരാളോടും ഞാൻ ഒരിക്കലും തിരിച്ചു പറയില്ല ……
എന്നെ വിശ്വാസമില്ലെങ്കിൽ വേണ്ട…..
അവളുടെ ഭാവി സുരക്ഷിതത്ത്വത്തിനുവേണ്ടി മായാ പറയുന്ന ഏതുകാര്യവും എന്നെക്കൊണ്ടു കഴിയുന്നതാണെങ്കിൽ ഞാൻ ചെയ്യും…..
മായ പറയൂ…….”

അതൊക്കെ നിങ്ങൾ ചെയ്യുമെന്നും നിങ്ങൾ ഏതോ വലിയ പണക്കാരനാണെന്നും എനിക്കറിയാം ……
പക്ഷേ ഒരു പെൺകുട്ടിയെ സംബന്ധിച്ച് അതൊക്കെ മാത്രമാണോ അനിലേട്ടാ സംരക്ഷണവും സുരക്ഷിതത്വവും ……..”

മുഖത്തുനോക്കാതെയുള്ള അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക് വല്ലായ്മ തോന്നി .

‘മായ പറയുന്നതെനിക്ക് മനസ്സിലായി….. അങ്ങനെയാണെങ്കിൽ സ്വന്തം പെണ്മക്കളോട് മോശമായി പെരുമാറുന്ന എത്രയോ അച്ഛന്മാരെക്കുറിച്ചു നമ്മൾ കേട്ടിരിക്കുന്നു …..

അതൊക്കെ രണ്ടാനച്ഛൻ ആയതുകൊണ്ടാണോ…..

അതുപോലെ ഭാര്യയ്ക്ക് ആദ്യ വിവാഹത്തിലുണ്ടായ മക്കളെ സ്വന്തം മക്കളെക്കാൾ കൂടുതൽകൊണ്ടുനടക്കുന്ന അച്ഛന്മാരെക്കുറിച്ചും നമ്മൾ കേട്ടിട്ടില്ലേ……

അതൊക്കെ ഓരോരോ ആൾക്കാരുടെ മൃഗമനസുപോലിരിക്കും…..
ഞാനും അങ്ങനെയുള്ള ഒരാളാണെന്ന് മായയ്ക്ക് തോന്നുന്നുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല…..”

ക്ഷോഭത്തോടെ പറഞ്ഞശേഷം അയാൾ നിശബ്ദനായി .

” നിങ്ങൾക്ക് വിഷമം തോന്നേണ്ട …..
നിങ്ങളെക്കുറിച്ചു ഞാനൊരിക്കലും അങ്ങനെ പറയില്ല …..
നിങ്ങളീ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നുമല്ല ഞാൻ ഉദ്ദേശിച്ചതും……”

താൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അയാൾ തെറ്റിദ്ധരിച്ചതിൽ അവൾക്ക് സങ്കടം തോന്നി  ” എന്തൊരു കഷ്ടമാണിത് …..
ഈ മായയ്ക്കെന്താണിത്ര പ്രത്യേകത …..
എനിക്കു മനസ്സിലാവുന്നില്ലല്ലോ …..
എല്ലാവരുടെയും ജീവിതം തകർക്കാനുള്ള ഈ നശീകരണം പിടിച്ച മായ ചാകണം…..
എന്നാൽ ഈ ലോകം നന്നാകും…..
ഇതെന്തൊരു പരീക്ഷണമാണ് എന്റെ ഈശ്വരാ…..”

അവൾ സ്വയം പ്രാകിക്കൊണ്ടു പിറുപിറുത്തു.

” ഞാൻ എൻറെ ജീവിതത്തിൽ കണ്ടിരിക്കുന്ന എന്തൊക്കെയോ പ്രത്യേകതകളുള്ളവളാണ് മായ…..
മായ എന്നെക്കുറിച്ചു പറഞ്ഞതുപോലെ സ്നേഹിക്കുവാനും…….
ഉൾക്കൊള്ളുവാനും …..
മനസ്സിലാക്കാനുമുളള നല്ലൊരു ഹൃദയം മായയുടെ ഉള്ളിലുണ്ട്…….
അതൊതന്നെയാണ് മായയുടെ പ്രത്യേകത….”

അവളെ നോക്കാതെ മൊബൈലിൽ നോക്കിക്കൊണ്ടാണ് അയാളും പിറുപിറുത്തത്.

” അനിലേട്ടാ…….”

കുറച്ചു കഴിഞ്ഞപ്പോൾ ഇടറിയ ശബ്ദത്തിലുള്ള വിളി കേട്ടുപ്പോഴാണ് അവളുടെ മുഖത്തേക്ക് നോക്കിയത്.

” നിങ്ങൾക്കെന്നോടു വേറെ എന്തെങ്കിലും രീതിയിലുള്ള താൽപര്യമാണ് തോന്നുന്നതെങ്കിൽ…….”

ഒരു നിമിഷം അവൾ നിർത്തിയപ്പോൾ അയാൾ ആകാംക്ഷയോടെ അവളെ തന്നെ സൂക്ഷിച്ചു നോക്കി .

“അങ്ങനെയാണെങ്കിൽ നിങ്ങളോടു ഞാൻ നേരത്തെ പറഞ്ഞിരുന്ന വാക്കു പിൻവലിക്കാം….. എന്നെ ഒരു വലിയ ചെളിക്കുഴിയിൽ നിന്നും വലിച്ചു കയറ്റിയതു നിങ്ങളാണ് ആ നിങ്ങൾക്കുവേണ്ടി ……
കഴിഞ്ഞ ഒന്നരമാസമായി ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യം……
ഇന്നൊരു രാത്രി …..
ഒരേയൊരു രാത്രികൂടി മാത്രം അവസാനമായി ഞാൻ ചെയ്യാം …..!
ഇപ്പോൾ ഈ രാത്രിയിൽ ഈ മുറിയിൽ ഞാനും നിങ്ങളും മാത്രമല്ലേയുള്ളൂ ……
നിങ്ങളെന്നെ എന്തു വേണമെങ്കിലും ചെയ്തുകൊള്ളും ഞാൻ എതിർക്കുന്നില്ല….. അല്ലാതെ എന്നെ ഇനിയും ഇങ്ങനെ പറഞ്ഞു നിർബന്ധിപ്പിക്കല്ലേ അനിലേട്ടാ……
നിങ്ങളുടെ സങ്കടവും വിഷമവും എനിക്കു കണ്ടു സഹിക്കാൻ വയ്യ …..
സഹികെട്ടു പറയുന്നതുപോലെ പറഞ്ഞുകഴിഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ടു കൈകൾകൊണ്ടു കണ്ണുപൊത്തി കമിഴ്ന്നു കിടന്നതും ഒരുമിച്ചായിരുന്നു …….!

അവളുടെ സംസാരവും പൊട്ടിക്കരച്ചിലും കണ്ടപ്പോൾ ഒരു നിമിഷം അയാൾ സ്തംഭിച്ചുപോയി……!

“വേണ്ട …..
അങ്ങനെ ഒരു രീതിയിൽ അതിനുവേണ്ടി മാത്രം ഇനിയൊരിക്കലും എനിക്കു മായയെ വേണ്ട…..
എനിക്കു വേണ്ടതു മായയുടെ ശരീരമല്ല മനസ്സാണ് ….
ഹൃദയമാണ് …..
സ്നേഹമാണ് …..
ഒരാളും അവകാശം പറഞ്ഞുവരാനില്ലാത്ത മായയുടെ സ്നേഹവും…മനസ്സും…. ശരീരവും അതുമതിയെനിക്ക് …..
എന്നിട്ടെനിക്ക് എല്ലാവരോടും ഇവളെന്റെ സ്വന്തം മായയാണെന്നു ഉറക്കെ പറയണം…….”

അവൾക്കു മറുപടി കൊടുക്കുമ്പോഴേക്കും ചുമലും കഴുത്തും മുഴുവൻ കുലുക്കികൊണ്ടുള്ള നിസ്സഹായയായ അവളുടെ കരച്ചിലിന്റെ ചീളുകൾ കുപ്പിച്ചില്ലുകൾ പോലെ ചെവിക്കുള്ളിൽ ആഞ്ഞുതറക്കുന്നുണ്ടായിരുന്നെങ്കിലും അയാൾ അനങ്ങിയില്ല ……!

ഇത്രയും നേരത്തെ സംസാരത്തിനിടയിൽ തൻറെ അപേക്ഷ സ്വീകരിക്കുവാനും തള്ളിക്കളയുവാനും സാധിക്കാനാവാത്ത മാനസികാവസ്ഥയിൽ അവളെത്തിയിരിക്കുകയാണെന്നു അയാൾ മനസ്സിലാക്കിയിരുന്നു .

“കരയട്ടെ …..
കരഞ്ഞു കരഞ്ഞു അവളുടെ മനസ്സിലെ ഭാരം തീരട്ടെ ……
തീർത്തുകൊണ്ട് ഒരു തീരുമാനമെടുക്കട്ടെ……”

അയാൾ മനസ്സിൽ കരുതി .

“നിങ്ങളെന്നെ മറക്കണം അനിലേട്ടാ….. ഒരാളുടെ ഭാര്യയായി മൂന്നുവർഷം ജീവിച്ചവളാണ് ഞാൻ …..
ഒരു കുഞ്ഞിനെ അമ്മയാണ്……
അതൊക്കെ കൂടാതെ ഇപ്പോൾ ഒന്നരമാസമായി ആരുടെയൊക്കെയോ കൂടെ ഒരുദിവസത്തെ വാടക ഭാര്യയായി ജീവിച്ച ചീത്തപ്പെണ്ണുമാണ്….. അതുപോലെ ഒരാളെ നിങ്ങൾക്കെന്തിനാണ് …. നാട്ടിൽ വേറെയും പെൺകുട്ടികൾ ഉണ്ടല്ലോ….. എന്നെക്കാളും സുന്ദരികളും പഠിപ്പുള്ളവരുമായ പെൺകുട്ടികൾ നിങ്ങൾക്ക് അങ്ങനെ ആരെയെങ്കിലും വിവാഹം കഴിച്ചാൽ പോരേ…..”

കരയുന്നതിനിടയിലാണ് അവൾ പറഞ്ഞുകൊണ്ടിരുന്നത് …….!

“ഉണ്ടാകുമായിരിക്കും പക്ഷേ അവരാരും ആയല്ലോ അവരാരും മായയല്ലല്ലോ ……
അവരാരും മായയെപ്പോലെ ആകില്ലല്ലോ….. ആകുവാനും പറ്റില്ലല്ലോ …..
അതുകൊണ്ടാണ് മതിയെന്ന് ഞാനും പറയുന്നത്…….
എനിക്കു വേണ്ടി ഒരു തീരുമാനമെടുക്കുന്നതുവരെ ഞാൻ മായയെ കാത്തിരിക്കാമെന്ന് …..”

ചിരിയോടെയുള്ള അയാളുടെ മറുപടി കേട്ടതും പെട്ടെന്നവൾ കമിഴ്ന്നുകിടന്നിടത്തു നിന്നും അയാളുടെ നേരെ മുഖം തിരിച്ചുകൊണ്ടു സാരിത്തലപ്പുയർത്തി കണ്ണുകൾ തുടയ്ക്കുകയും ചെയ്തു.

” ഇതു തന്നെയാണു ഞാനും നിങ്ങളോട് ചോദിക്കുന്നത് …….”

പെട്ടെന്നുള്ള അവളുടെ പ്രതികരണം കേട്ടപ്പോൾ എന്താണെന്ന അർത്ഥത്തിൽ ഒന്നും മനസ്സിലാകാതെ ഭാവത്തിൽ അവളുടെ മുഖത്തേക്കുനോക്കി ……!

“നിങ്ങളിപ്പോൾ പറഞ്ഞില്ലേ……
മറ്റു പെൺകുട്ടികളാരും മായയാകില്ല …..

മായയെപ്പോലെയാകില്ല എന്നൊക്കെ….. അതുപോലെ അനിയേട്ടന്റെ സ്ഥാനത്തു നിങ്ങളെ കാണണമെന്ന് പറയുന്നതിൽ എന്താണ് അർത്ഥം…..
ഒരാൾക്കു മറ്റൊരാളെ പോലെ ആകുവാനാകുമോ….
ഒരാൾക്ക് മറ്റൊരാളായി മാറുവാൻ സാധികുമോ……”

അയാളുടെ ന്യായമായ സംശയം കേട്ടപ്പോൾ മറുപടി പറയാനാകാതെ അയാൾ പതറിപ്പോയി……!
ഇന്നലെ കണ്ടിരിക്കുന്ന എന്നെ നിങ്ങൾക്ക് മറക്കുവാൻ പറ്റുന്നില്ല……!
എൻറെ സ്ഥാനത്ത് വേറൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല ……!
അപ്പോൾ പിന്നെ മൂന്നുവർഷം അനിയേട്ടന്റെ കൂടെ ജീവിച്ച എൻറെ അവസ്ഥയോ ……!
പറയൂ അങ്ങനെ സാധിക്കുമോ ……!

മുഖത്തേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടു അവൾ വീണ്ടും ചോദിച്ചപ്പോൾ മറുപടി പറയാനാകാതെയും അവളുടെ നോട്ടത്തെ നേരിടാനാവാവാതെയും തളർച്ചയോടെ അയാൾ ചുമരിലുള്ള സ്വിച്ചിൽ സീറ്റിൽ വിരലമർത്തി മുറിയിൽ അന്ധകാരം പരന്നു ഒപ്പം അയാളുടെ മനസ്സിലും ……




തുടരും....... ♥️

മായാമൊഴി 💖23

മായാമൊഴി 💖23

4.7
9583

തൊട്ടടുത്ത കട്ടിലിൽ ഒന്നുമറിയാത്തതുപോലെ അവൾ ശാന്തമായി ഉറങ്ങുകയാണെന്നു തോന്നുന്നു ……നേർത്ത ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് .ഒരേയൊരു ദിവസം മുന്നേയുള്ള രാത്രിയിൽ തൊട്ടടുത്ത ഹോട്ടൽ മുറിക്കുള്ളിൽ സിരകളിൽ തീ പിടിപ്പിച്ചു കൊണ്ട് തന്റെ കൂടെ രതിയുടെ ആഴക്കടൽ നീന്തി കടന്നിരുന്ന മായ…..!പ്രതിരോധിച്ചും പ്രതിഷേധിച്ചും ഒരു പൂമൊട്ട് വിരിയുന്നതു പോലെ പതിയെപ്പതിയെ ഉണരുകയും……ഇതളുകൾ വിടർത്തി സുഗന്ധം പരത്തി പരിലസിക്കുന്നതിനിടയിൽതേൻ നുകരാനെത്തിയ പൂമ്പാറ്റയെ തേനൂട്ടിയും പൂമ്പൊടിനൽകിയും സന്തോഷിപ്പിച്ചശേഷം ദളങ്ങൾ അടർന്നു കൊഴിഞ്ഞുപോയ ഒരു പൂവുപോ