Aksharathalukal

മായാമൊഴി 💖23

തൊട്ടടുത്ത കട്ടിലിൽ ഒന്നുമറിയാത്തതുപോലെ അവൾ ശാന്തമായി ഉറങ്ങുകയാണെന്നു തോന്നുന്നു ……
നേർത്ത ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് .
ഒരേയൊരു ദിവസം മുന്നേയുള്ള രാത്രിയിൽ തൊട്ടടുത്ത ഹോട്ടൽ മുറിക്കുള്ളിൽ സിരകളിൽ തീ പിടിപ്പിച്ചു കൊണ്ട് തന്റെ കൂടെ രതിയുടെ ആഴക്കടൽ നീന്തി കടന്നിരുന്ന മായ…..!

പ്രതിരോധിച്ചും പ്രതിഷേധിച്ചും ഒരു പൂമൊട്ട് വിരിയുന്നതു പോലെ പതിയെപ്പതിയെ ഉണരുകയും……
ഇതളുകൾ വിടർത്തി സുഗന്ധം പരത്തി പരിലസിക്കുന്നതിനിടയിൽ
തേൻ നുകരാനെത്തിയ പൂമ്പാറ്റയെ തേനൂട്ടിയും പൂമ്പൊടിനൽകിയും സന്തോഷിപ്പിച്ചശേഷം ദളങ്ങൾ അടർന്നു കൊഴിഞ്ഞുപോയ ഒരു പൂവുപോലെ രാത്രിയുടെ ഏതോ യാമത്തിൽ വാടിത്തളർന്നു തൻറെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുകയും ചെയ്തിരുന്ന ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിന്റെയും ഗന്ധമുള്ള അതേ മായ …….!

രതിയെന്ന മോഹക്കടലിന്റെ തീരം തേടിയുള്ള യാത്രയ്ക്കിടയിൽ ആദ്യമൊക്കെ ഒരു പൂച്ചയെപ്പോലെ ചീറിയും …..!
പിന്നെപ്പിന്നെ മാടപ്രാവിനെപ്പോലെ കുറുകിയും…!
പതിയെപ്പതിയെ മയിലിനെപ്പോലെ പീലിവിടർത്തിയാടിയും…….!
അവസാനം മാനിനെപ്പോലെ കുതിച്ചും കിതച്ചും കൊണ്ടോടിക്കൊണ്ടു തന്റെ രാതിമോഹങ്ങളുടെ കാമനകളിൽ വിസ്മയങ്ങൾ ആടിതീർത്തിരിക്കുന്ന മായ….!

ഒരു രാത്രിയിലെ മാംസദാഹം തീർക്കുവാൻമാത്രം ഒരുദിവസത്തിനു താൻ വിലപേശി വിലയിട്ടുകൊണ്ടു കൂടെ കൂട്ടുകയും ഇപ്പോൾ തന്റെ ആയുസ്സേത്തുന്നതുവരെയുള്ള ഒരു ജീവിത കാലത്തേക്ക് മുഴുവൻ ആശയോടെ വിലയിട്ടു ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അതേ മായതന്നെ……!

പണത്തിനും പദവിക്കും അവളുടെ ഉറച്ച മനസ്സിനെ പ്രലോഭിപ്പിക്കുവാനോ അനിയേട്ടന് മാത്രം സ്ഥാനമുള്ള അവളുടെ മനസ്സിനെ ഇളക്കിമറിക്കുവാനോ സാധ്യമല്ലെന്ന് അനുഭവങ്ങൾകൊണ്ടു മനസ്സിലായി…..

പക്ഷേ സ്നേഹത്തിനു മുന്നിൽ ഇടയ്ക്കിടെ അവൾ അറിയാതെയാണെങ്കിലും ദുർബലയായി പോകുന്നുമുണ്ട് .
അവളുടെ മനസ്സിന്റെ തൊട്ടടുത്തെത്തിയെന്നു സമാധാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് ….
“ഒരാൾക്ക് എങ്ങനെ മറ്റൊരാളാകുവാൻ സാധിക്കുമെന്ന …..”സമസ്യയും ചോദിച്ചുകൊണ്ട് അവളുടെ മനസ്സിൽ താനുദ്ദേശിക്കുന്ന രീതിയിലുള്ള ഒരു സ്ഥാനവും തനിക്കില്ലെന്നും അതിനും എത്രയോ അകലെയാണ് താനുള്ളതെന്നും അവൾ പറയാതെ പറഞ്ഞിരിക്കുന്നത് ……!

സത്യത്തിൽ ഇവൾ മായയാണോ അതോ മനസിനെ മയക്കുന്ന മായാവിയോ….?

ഉത്തരം പറയാനാവാത്ത അവളുടെ ചോദ്യത്തെ കുറിച്ചോർത്തു തലപുകയ്ക്കുന്നതിനിടയിൽ അയാളങ്ങനെപോലും ചിന്തിച്ചു പോയി …..!

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ വല്ലാതെ വീർപ്പുമുട്ടുന്നതുപോലെതോന്നി.
ആകെയുള്ള ഒരേയൊരു ബന്ധുവായ അമ്മാവനോടും അടുത്ത കൂട്ടുകാരോടും അവളെ പരിചയപ്പെട്ട സാഹചര്യമൊഴികെ ബാക്കിയെല്ലാം പറഞ്ഞിട്ടുണ്ട് .

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയതുകൊണ്ടുതന്നെ അവിടെനിന്നും പരിചയപ്പെട്ട ഭർത്താവ് ഉപേക്ഷിച്ച യുവതിയെ മറ്റുമാമൂലുകളൊന്നും നോക്കാതെ വിവാഹം കഴിക്കുകയും ബിസിനസും ചില്ലറ സാമൂഹിക പ്രവർത്തനങ്ങളുമായി പൊതുസമൂഹത്തിൽ ഇടപഴകുന്നതുകൊണ്ടു വിശാലമനസ്സും ചിന്താഗതിയുമുള്ള അമ്മാവൻ നൂറുവട്ടം സമ്മതിക്കുകയും ചെയ്തു.

” നിനക്ക് ഇപ്പോഴെങ്കിലും അങ്ങനെയൊരു നല്ലകാര്യം ചെയ്യാൻ തോന്നിയത് ഏതായാലും് നന്നായി …..
ഒരു കുട്ടിയുള്ളതൊന്നും കുഴപ്പമില്ല ……
ഇന്നത്തെ കാലത്ത് അതൊന്നും ഒരു വിഷയമല്ല….
നിന്നെ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും അവൾക്കു സാധിക്കുമെന്ന് നിനക്കു ഉറപ്പുണ്ടെങ്കിൽ മറ്റൊന്നും നോക്കണമെന്നില്ല….
ആരായാലും എന്തായാലും നിന്റെ കൂടെ വരുന്നവൾ നിന്നെ നല്ലപോലെ നോക്കിയാൽ മതി……
എനിക്കത്രയേ വേണ്ടൂ…….
എനിക്കല്ലെങ്കിൽ തന്നെ ഇവിടെ നൂറുകൂട്ടം തലവേദനകളുണ്ട് …….
ഇതൊന്നു നടന്നുകിട്ടിയാൽ നിന്റെ ഒരു തലവേദനയെങ്കിലും ഒഴിഞ്ഞുകിട്ടുമല്ലോ……
അവളുടെ കൂടെ ഒരു കുഞ്ഞിനെ നോക്കുവാനുള്ള സാമ്പത്തികശേഷിയൊക്കെ നിനക്കെന്തായാലും ഉണ്ടല്ലോ പിന്നെന്താ പ്രശ്നം……..
ആ കുഞ്ഞിനെ അവളുടെ കുഞ്ഞായിമാത്രം കാണാതെ നിന്റെയും കുഞ്ഞായി കാണുക……..
ആ കുഞ്ഞിനെ നീ എത്രകണ്ട് സ്നേഹിക്കുന്നോ അതിന്റെ നൂറിരട്ടി അതിന്റെ ‘അമ്മ നിന്നെ സ്നേഹിക്കും അതാണ് സ്ത്രീകളുടെ മനഃശാസ്ത്രം…….!
അച്ഛനെയും അമ്മയെയെയും പോലെ പണത്തിനു പിന്നാലെ പോകുവാൻ തോന്നാതെ അങ്ങനെയൊരു കാര്യം ചെയ്യുന്നത് നന്നായിരിക്കും…….
അതിന്റെ പുണ്യവും നിനക്കുകിട്ടും……

സ്വര്ഗത്തിലിരുന്നു അവർ കാണട്ടെ നിന്റെ ജീവിതം….
പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് നീയവർക്ക് കാണിച്ചുകൊടുക്കണം…..!”

കുറേ വർഷമായി വിവാഹത്തിനു നിർബന്ധിക്കുന്ന അമ്മാവൻ പറഞ്ഞതനൊക്കെയാണ് ….

“തന്നെ തീരെ വിശ്വാസമില്ല രണ്ടുപേരുടെയും മനസുമാറുന്നതിനുമുന്നേ നാളെത്തന്നെ അവളെയും വിളിച്ചുകൊണ്ട് വീട്ടിൽ ചെല്ലുവാനും അപ്പോഴേക്കും അമ്മാവൻ കുടുംബസമേതം വീട്ടിലെത്തുമെന്ന ഉത്തരവുകൂടെ പിറകെയുണ്ടായിരുന്നു. …….!

അവളെ കണ്ടുമുട്ടി ഇങ്ങനെയൊരു തീരുമാനമെടുത്ത ശേഷം അടുത്ത നാലഞ്ചു കൂട്ടുകാരെ ഉൾപ്പെടുത്തി കൊണ്ടു തട്ടിക്കൂട്ടിയുണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കൂട്ടുകാരോട് ഇക്കാര്യം സംസാരിച്ചപ്പോൾ ഒരുദിവസം പോലും വൈകാതെ നാളെ തന്നെ തൊട്ടടുത്ത ഉമാമഹേശ്വരി ക്ഷേത്രത്തിൽവച്ചു വിവാഹം നടത്തുവാനാണ് അവരുടെ പ്ലാൻ……!

അതിനുവേണ്ടി എല്ലാ ഒരുക്കങ്ങളും അവർ നടത്തിയും തുടങ്ങിയിട്ടുണ്ട്….

അതൊക്കെ ഓർത്തപ്പോൾ അയാൾക്ക് തല പെരുക്കുന്നത് പോലെ തോന്നി അവൾ പറഞ്ഞതുപോലെ ഒരു കാര്യം ഉറപ്പാണ്……

” എന്തൊക്കെ വിലകൊടുത്തു വാങ്ങിയാലും ഒരാളുടെ മനസ്സ് വിലക്കെടുക്കാൻ ആർക്കും സാധിക്കുകയില്ല …….’

അങ്ങനെ എത്രയെത്ര വലിയ വലിയ സത്യങ്ങളാണ് ചെറിയ ചെറിയ കാര്യങ്ങളിലൂടെ അവൾ തന്നെ ബോധ്യപ്പെടുത്തി തന്നുകൊണ്ടിരുന്നത് ……!
അതും ഏതാനും മണിക്കൂറുകൾക്കുള്ളിൽ……! ഓർക്കുമ്പോൾ തന്നെ അയാൾക്ക് അത്ഭുതം തോന്നി…..!

അവളെ കുറിച്ച് വീണ്ടും ഓർത്തപ്പോൾ ഉടനെ ഒരിക്കൽക്കൂടി അവളുടെ മുഖം കാണണമെന്നു തോന്നി …..!

“ഒരാൾക്കെങ്ങനെ മറ്റൊരാളെ പോലെയാകുവാൻ കഴിയുമെന്ന അവളുടെ സമസ്യ കേട്ടയുടനെ ലൈറ്റണച്ചതാണ് അതിനുശേഷം കണ്ണുകളിലെന്നപോലെ തന്നെ മനസ്സിലും ഇരുട്ടുപരന്നുകൊണ്ടിരിക്കുകയാണ്….!

സ്വിച്ചിൽ വിരൽ അമർത്തിയപ്പോൾ മുറിയിൽ വെളിച്ചം പരന്നു …..
കമിഴ്ന്നുകിടന്നു കരയുന്നതിനിടയിൽ തന്റെ നേരെ തലതിരിച്ചു വച്ചുകൊണ്ടാണ് അങ്ങനെ ചോദിച്ചത് ……!

അതേ കിടപ്പിൽതന്നെ ഉറങ്ങിപ്പോവുകയും ചെയ്തെന്നാണ് തോന്നുന്നത്……!

അവളെത്തന്നെ നോക്കിയിരിക്കെ തേൻ നുകരുവാനുള്ള ആർത്തിയോടെ പൂവിനു ചുറ്റും പാറിപ്പറക്കുന്ന പൂമ്പാറ്റയെപ്പോലെ അയാളുടെ മനസ്സു വീണ്ടും ചഞ്ചലപ്പെടുവാൻ തുടങ്ങിയിരുന്നു……!

അവളുടെ മനസ്സും സ്നേഹവും കരുതലും ഇടപെടലുകളും മോഹിപ്പിക്കുകയും കൊതിപ്പിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ അവളുടെ പെണ്ണുടലിന്റെ അഴകളവുകളും മനസ്സിനെ ഉണർത്തി സിരകളിൽ രക്തപ്രവാഹമുണ്ടാകുന്ന മാസ്മര ഗന്ധവും നിരന്തരം പ്രലോഭിപ്പിക്കുകയാണെന്നു അയാൾ അതിശയത്തോടെ ഓർത്തു.

അവളുടെ ശരീരമാണ് താൻ ആഗ്രഹിക്കുന്നതെങ്കിൽ ഇന്നൊരു രാത്രി….. ഒരേയൊരു രാത്രി മാത്രം ……
തനിക്കു വേണ്ടി എന്തിനും വശംവദയാകാമെന്ന് അവൾ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ..
പക്ഷെ ……
അങ്ങനെ ഒരു രാത്രിക്കു വേണ്ടി താനൊന്നു തുനിഞ്ഞിറങ്ങിയാൽ മായയെന്ന ആകാശത്തോളമുള്ള മോഹം അതോടെ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമെന്നയാൾക്ക് നന്നായി അറിയാമായിരുന്നു……!

അതുകൊണ്ട് …..
വികാരം വിവേകത്തെ കീഴ്പ്പെടുത്തുന്നു മുന്നേ പെട്ടെന്നയാൾ മനസ്സിനെ വഴിതിരിച്ചുവിട്ടു .
കിടക്കയിൽനിന്നും എഴുന്നേറ്റു തന്റെ പുതപ്പു ചുരുട്ടിയെടുത്തുകൊണ്ട് അവൾ കിടക്കുന്ന കട്ടിലിനടുത്തേക്ക് നടന്നു …..

പാദം മുതൽ കഴുത്തുവരെ പുതപ്പിച്ചപ്പോഴാണ് നെറ്റിയിൽ വീണുകിടക്കുന്ന അളകങ്ങൾ മാടിയൊതുക്കി അവളെ ഉണർത്താതെ അവിടെയൊന്നു ചുണ്ടമർത്തണമെന്ന അദമ്യമായ മോഹം മനസ്സിലുദിച്ചതും….

വിറയ്ക്കുന്ന കൈകളോടെയും…..
അടിച്ചമർത്തിയ മോഹങ്ങളുടെ വരണ്ട ചുണ്ടുകളോടെയും ചൂടുള്ള നിശ്വാസവുമായി അതിനുവേണ്ടി അവളുടെ മുഖത്തിനുനേരെ കുനിഞ്ഞപ്പോഴാണ് അടച്ചു പിടിച്ചിരിക്കുന്നു കൺപോളകൾക്കടിയിൽ കൃഷ്ണമണിയുടെ നേർത്ത ചലനം മനസ്സിലായത് ……!

തൊട്ടരികിൽ തൻറെ സാന്നിധ്യം തിരിച്ചറിഞ്ഞ അവളുടെ ആറാമിന്ദ്രിയം അറിയിപ്പു കൊടുത്തതുകൊണ്ടാകണം…..
അവൾ ജാഗരൂകയായി ……
സംഭ്രമത്തോടെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു കിടക്കുകയാണ് ……!

അതോടെ മനസ്സിലെ ദാഹമടക്കി നിർത്തി….. നെറ്റിയിൽ ചുണ്ടമർത്താനുള്ള മനസിന്റെ വെമ്പൽ ഉപേക്ഷിച്ചു .

നെറ്റിയിൽ പതുക്കെയോന്ന് സ്നേഹത്തോടെ സ്പർശിച്ച ശേഷം തിരികെ തന്റെ കട്ടിലിലേക്കു തന്നെ തിരികെ നടന്നു ……!
അവൾ ഉറങ്ങിയിരുന്നില്ലേ…….!
തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടു ഉണർന്നതാണോ……!
അല്ലെങ്കിൽ ഇത്രയും നേരം ഉറങ്ങാതെ കിടക്കുകയായിരുന്നോ……?

അതിനാണ് കൂടുതൽ സാധ്യതയെന്നയാൾക്ക് തോന്നി…….!
തന്നെ സംബന്ധിച്ചുള്ള എല്ലാകാര്യത്തിലും അവൾ ഉറക്കം നടിക്കട്ടെ …..
എത്രകാലം ഉറക്കം നടിക്കുമെന്ന് കാത്തിരിക്കാം…..!

അതോർത്തപ്പോൾ അയാൾക്ക്‌ കരയണമെന്നുപോലും തോന്നിപ്പോയി….!

പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ഉറക്കം അയാളുടെ കൺപോളകളെ തഴുകുവാനെത്തിയത്.

“അനിലേട്ടാ ……
എഴുന്നേൽക്കുന്നില്ലെ……
അല്ലെങ്കിൽ ഇവിടെത്തന്നെ നിൽക്കുവാനാണോ പരിപാടി …….
സമയം ഏഴുമണിയായി……”

ചെവി കേൾക്കാത്ത ആളെ വിളിക്കുന്നതുപോലെ അവൾ ഉറക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ് ഞെട്ടിയുണർന്നത്.

പകപ്പോടെ കണ്ണുകൾ തിരുമ്മിതുറന്നുകൊണ്ടു അയാൾ പകപ്പോടെ മൊബൈൽ ഫോണെടുത്തു സമയം നോക്കിയത്

“എന്തൊരു ഉറക്കമാണിത് സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു ……
വേഗം എഴുന്നേറ്റു കുളിക്കൂ മോനെ…..
നമുക്കു നാട്ടിലേക്ക് പോകേണ്ടേ……”

മൊബൈൽ ഫോണിൽ സമയം നോക്കുന്നതിനിടയിലാണ് വീണ്ടും അവളുടെ ഉറക്കെയുള്ള ശബ്ദം ……!

സാധാരണ രീതിയിൽ ചെവി വട്ടംപിടിച്ചാൽ മാത്രമേ അവൾ പറയുന്നത് കേൾക്കൂ….!
ഇതെന്തൊരു അൽഭുതം ……!
ഇന്നെന്തുപറ്റി ……!

അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടാണ് ഫ്ലാസ്ക്കിൽ നിന്നും ഗ്ലാസ്സിലേക്ക് ചൂടുചായ പകരുകയായിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയതും ചിരി പൊട്ടിപ്പോയതും……!

അപ്പോൾ അതാണ് കാര്യം …..!
ഇയർഫോൺ ചെവിയിൽ ചെവിയിൽ കുത്തിത്തിരുകികൊണ്ടു അവൾ ആസ്വദിച്ചു പാട്ടുകൾ കേൾക്കുകയാണ് ……!
ഇയർഫോൺ ചെവിയിലുള്ളതുകൊണ്ടാണ് ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത് ……!

പുതിയ ഫോൺ ഇത്രയുംവേഗം മാന്തി പറിച്ചു തുറന്നുകൊണ്ട് അവളുടെ പഴയ ഫോണിലെ മെമ്മറി കാർഡിട്ടു കാണുമോ…..?

പിന്നെങ്ങനെ പാട്ടുകേൾക്കും……!

അത്ഭുതത്തോടെ ആലോചിച്ചുകൊണ്ട് മേശയുടെ മുകളിലേക്ക് നോക്കിയപ്പോൾ ഫോണിന്റെ ബോക്സിനു മുകളിൽ തന്നെ പുതിയ ഫോൺ കൈലേസുകൊണ്ടു ഭദ്രമായി മൂടിവച്ചിരിക്കുന്നത് കണ്ടു……!

” ഓഹോ അപ്പോൾ പഴയ ഫോണിൽ പുതിയ ഫോണിന്റെ ഈയർഫോൺ ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സംഗീതാസ്വാദനം ….!

” ചായയൊക്കെ ഞാൻ നേരത്തെ വാങ്ങിക്കൊണ്ടുവന്നു …..”

ചായ നിറച്ച ഗ്ലാസെടുത്തു അയാൾക്കു നേരെ നീട്ടുന്ന ഇതിനിടയിലാണ് വീണ്ടും ഉറക്കെയുള്ള സംസാരം ……!

ചിരിയോടെ അവളുടെ കയ്യിൽ നിന്നും ചായ വാങ്ങുമ്പോഴാണ് പാട്ടുകേൾക്കുന്ന മൊബൈൽ ഫോൺ അവളുടെ കൈയ്യിലൊന്നും കാണുന്നില്ലല്ലോയെന്നു അയാൾ ശ്രദ്ധിച്ചത്….!

അതോടെ അവൾ നേരത്തെ പറഞ്ഞരുന്നതിന്റെ ഓർമ്മയിലാണ് നോട്ടം അവളുടെ മാറിടത്തിലേക്ക് പാളിപ്പോയി…..!

ഊഹം തെറ്റിയില്ല …..!
സാരിക്കിടയിലൂടെ ഇയർഫോണിന്റെ കേബിളിന്റെ കിടപ്പുകണ്ടപ്പോൾത്തന്നെ മൊബൈൽഫോൺ സൂക്ഷിച്ചിരിക്കുന്ന സ്ഥലം മനസ്സിലായതും ഊറിച്ചിരിച്ചുകൊണ്ട് അവളെ കൈമാറി വിളിച്ചു.

അതിനു മറുപടിയായി അവൾ പുരികക്കൊടികൾ വളച്ചു കണ്ണുകൾകൊണ്ട് എന്തിനാണെന്ന് ചോദിക്കുകയാണ് ചെയ്തത്.

“മായേ….. എനിക്കു നന്നായി ചെവികേൾക്കും പതുക്കെ പറഞ്ഞാൽ മതി കെട്ടോ…..”

വീണ്ടും വിളിച്ചപ്പോൾ അടുത്തെത്തിയയുടനെ അവളുടെ ചെവിയിൽ തിരുകിയിട്ടുള്ള ഇയർഫോൺ വലിച്ചുമാറ്റി കൊണ്ടാണ് അയാൾ പറഞ്ഞത് .

“ഇതുകൊണ്ട് പാട്ടുകേൾക്കാൻ എന്തു രസമാണെന്നോ…..
ചെവിയിൽ വച്ചുനോക്കിയെ…..
ചെവിക്കുള്ളിൽ നിന്നും പാടുന്നതുപോലെ തന്നെ തോന്നുന്നു…….!”

അയാൾ പറഞ്ഞതിനു മറുപടിയായി അവൾ അങ്ങനെയാണവൾ പറഞ്ഞത് .

“ഇതും ചെവിയിൽ തിരുകി പാട്ടുകൾ കേട്ടുകൊണ്ട് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം അറിയാതെ ഉയർന്നുപോകും അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കുമ്പോൾ പാട്ടുകേട്ടുകൊണ്ട് സംസാരിക്കരുത് കേട്ടോ …….”

അവൾ നൽകിയ ചൂടുചായ ഊതികുടിച്ചുകൊണ്ടാണ് അയാൾ ഉപദേശിച്ചത്.

അബദ്ധം പറ്റിയമട്ടിലുള്ള ചമ്മിയ ചിരിയോടെ തലകുലുക്കികൊണ്ടു മേശയിൽ ചാരിനിന്നുകൊണ്ടവൾ സരിതുമ്പുയർത്തി വെറുതെ കടിക്കുന്നതുകണ്ടപ്പോൾ അയാൾക്കും ചിരിവരുന്നുണ്ടായിരുന്നു.

“ചെവിയിലെ ഈയർ ഫോണെടുത്തു മാറ്റിയതുപോലെ അവിടെനിന്നും ഫോണും ഞാൻ തന്നെ എടുത്തു മാറ്റിത്തരണോ …….”

ചായകുടിച്ചു കഴിഞ്ഞ ശേഷം ഗ്ലാസ് അവളെ തിരികെ ഏൽപ്പിക്കുമ്പോഴാണ് കുസൃതിച്ചിരിയോടെ അയാൾ തിരക്കിയത്.

” ഒന്നു പോയേ……
ഇവിടെ നേരം വെളുത്തില്ല……
അപ്പോഴേക്കും തോന്നിയവാസം പറയുവാൻ തുടങ്ങി…..
ടൗണിലെ വായിനോക്കികളെപ്പോലെ നാണമില്ലാതെ ഒരുപെണ്ണിന്റെ എവിടെയൊക്കെയാ നോക്കുന്നത്……!”

ദേഷ്യവും ലജ്ജയും കലർന്ന സ്വരത്തിൽ പറഞ്ഞുകഴിഞ്ഞതും അതേ ഗ്ലാസുകൊണ്ടു തന്നെ അയാളുടെ മുതുകിൽ ആഞ്ഞൊരു കുത്തുകൊടുത്തതും ഒരുമിച്ചായിരുന്നു …..!

“എട്ടരയാകുമ്പോഴേക്കും ബില്ലൊക്കെ റെഡിയാകുമെന്നുസിസ്റ്റർ പറഞ്ഞിരുന്നു ….
സമയം ഏഴരയായി തോന്നിയവാസം പയാതെ നിൽക്കാതെ വേഗം എഴുന്നേറ്റു കുളിച്ചൊരുങ്ങുവാൻ നോക്ക്…….”

അയാൾക്കെതിരെ തിരിഞ്ഞുനിന്നുകൊണ്ട് ബ്ലൗസിനുള്ളിൽ നിന്നും ഫോണെടുത്തു മാറ്റുന്നതിനിടയിലാണ് അവൾ പറഞ്ഞത്.

” അയ്യോ ഡിസ്ചാർജായോ….

അപ്പോൾ ഡോക്ടറിന്ന്‌ വരില്ലേ…..! എനിക്കാണെങ്കിൽ ഇന്നലെ രാത്രിമുതൽ തലവേദന കൂടിയിട്ടാണുള്ളത് …..”

അവളെ പ്രകോപിപ്പിക്കുവാൻ മനപൂർവ്വം പറഞ്ഞതാണ്.

“അതെനിക്കു മനസ്സിലായി ……
അങ്ങനെ ഇന്നലെ രാത്രിയിൽ മുതൽ ഒന്നുമല്ല മിനിയാന്നു വൈകുന്നേരം ഞാൻ പോകാനൊരുങ്ങിയപ്പോൾ മുതൽ തലവേദന കൂടുതലാണെന്നു എനിക്ക് മനസ്സിലായിരുന്നു…..! ഇന്നലെ രാത്രിയിലാണെങ്കിൽ സഹിക്കാൻ പറ്റാത്തത്രയും കൂടിയിരുന്നു അല്ലെ……!

രാത്രിയിൽ എന്റെ അടുത്തു വന്നപ്പോഴൊന്നും ഞാൻ ഉറങ്ങിയിട്ടില്ല മോനെ……..!

പ്രതീക്ഷിച്ചതു തന്നെ …..!
എങ്കിലും അവളുടെ നാവിൽനിന്നും കേട്ടപ്പോൾ അയാൾ ചൂളിപ്പോയി….!

” ഡിസ്ചാർജ് ആകുന്നില്ലെങ്കിൽ കിടന്നു മോനിവിടെ കിടന്നോളൂ കെട്ടോ……
മായ ഒറ്റയ്ക്കു പോയിക്കോളും …..!”

ചെറിയ കുട്ടികളും പറയുന്നതുപോലെ തുടർന്നു പറഞ്ഞുകൊണ്ടു് അവൾ കട്ടിലിലിരുന്നു.

അവളെ ശരിക്കും ശ്രദ്ധിച്ചതു അപ്പോഴാണ്…..! ഇന്നലെ വൈകുന്നേരം ധരിച്ചിരുന്ന ചുവന്ന സാരിയൊക്കെ മാറ്റി
ഇന്നലെ പകൽ ധരിച്ചിരുന്ന പച്ചനിറത്തിലുള്ള സാരി വീണ്ടുമെടുത്ത് ധരിച്ചിട്ടുണ്ട് …..
നീളമുള്ള മുടി ഒത്തനടുവിലൂടെ പകുത്തുകൊണ്ടു ഭംഗിയോടെ മെടഞ്ഞു കെട്ടിയിരിക്കുന്നു……! ബാർബി പാവയുടേതുപോലുള്ള ഭംഗിയുള്ള കൺപീലികളിൽ കൺമഷിയുടെ ധാരാളിത്തം എടുത്തുകാണിക്കുന്നുണ്ട് ……!
ആ വലിയ നെറ്റിയിൽ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പൊട്ട് കൂടിയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ താൻ …….!

ഒരിക്കൽ കൂടി നിരാശയോടെ അയാളോർത്തു.

“എനിക്കിവിടെ നിന്നും പോകണമെന്നൊന്നുമില്ല ……!
ആശുപത്രിയായാലും ഹോട്ടൽമുറിയായാലും വീടായാലും എനിക്കൊരുപോലെയാണ്…… അനിലിനെ കാത്തിരിക്കാൻ എവിടെയും ആരുമില്ല……!
വീണിടം വിഷ്ണുലോകം അങ്ങനെയാണ് എന്റെ ജീവിതം……
പിന്നെ മായയുടെ ചില പ്രശ്നങ്ങൾ തീർക്കാനില്ലേ…….
അതുകൊണ്ട് നമുക്കു വേഗം പോയിക്കളയാം കെട്ടോ……”

തമാശ പറയുന്നതുപോലെ അയാൾ തന്റെ ഒറ്റപ്പെടലിനെ കുറിച്ചുപറഞ്ഞുകൊണ്ടു ഉറക്കെ പൊട്ടിച്ചിരിച്ചപ്പോൾ അവൾ ഞെട്ടലോടെയും സങ്കടത്തോടെയും അയാളുടെ മുഖത്തേക്കു തിരിഞ്ഞുനോക്കി …….!

“അരുതേ……അങ്ങനെ പറയരുതേ…..ശരീരംകൊണ്ടു
അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാനെപ്പോഴും കൂടെയുണ്ടാകും….. ”

അവളുടെ മനസയാളോട് ഹൃദയത്തിന്റെ ഭാഷയിൽ നിശബ്ദമായി കേഴുകയായിരുന്നു.

സ്നേഹവും ……
സഹതാപവും ……
അനുകമ്പയും ……
ഒഴുകിപ്പരക്കുന്ന ഹൃദയത്തിൻറെ അടിത്തട്ടുവരെ ഇറങ്ങിയെത്തുന്ന നോട്ടം…..!

അതുപോലെ ഒരു നോട്ടം താനിതുവരെ കണ്ടിട്ടില്ലെന്നും….
വേറെയാരും തന്നെ ഇതുവരെ അങ്ങനെ നോക്കിയില്ലെന്നും അമ്പരപ്പോടെ അയാളോർത്തു ……!

“അനിലേട്ടൻ വെറുതെയെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് …..
നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതു കേൾക്കുമ്പോൾ എനിക്കു വിഷമമാകും നിങ്ങൾ വേഗം ഒരു കല്യാണം കഴിച്ചാൽ ആ വിഷമമൊക്കെ മാറിക്കോളും……
ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണെങ്കിൽ അവളെ മനസിലാക്കിക്കൊണ്ടു ശരിക്കും സ്നേഹിച്ചാൽ മതി ……
അനിലേട്ടനെ താഴത്തു വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന രീതിയിൽ കൊണ്ടുനടക്കും കേട്ടോ…..
ഇനിയും നിങ്ങളിങ്ങനെ എന്നോട് പറയല്ലേ ഞാൻ കരഞ്ഞു പോകും……”

പറഞ്ഞു തീരുമ്പോഴേക്കും അവളുടെ തൊണ്ടയിടറി ശബ്ദം അടഞ്ഞുപോയി തുടങ്ങിയിരുന്നു

തൊണ്ടയിടറിക്കൊണ്ടു പറഞ്ഞശേഷം അവൾ സാരിതുമ്പുയർത്തി കണ്ണുകൾ തുടയ്ക്കുന്നതു കണ്ടപ്പോൾ അയാൾക്കും വല്ലായ്മ തോന്നി.

” എൻറെ ഒറ്റപ്പെടലിനെകുറിച്ചു പറയുമ്പോൾ മായയ്ക്ക് സങ്കടവും വിഷമവുമൊക്കെ വരും..
പക്ഷെ എനിക്കൊരു കൂട്ടായി എൻറെ കൂടെ വരുവാൻ സാധിക്കുകയുമില്ല …..
ഇതിനൊക്കെ ഞാനെന്താണ് മറുപടി പറയേണ്ടത്….”

മുഖം കറുപ്പിച്ചു പിറുപിറുത്തുകൊണ്ടു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മുഖം വേഗം കുനിച്ചു .

“അതൊക്കെ പോട്ടെ ……
അതും പറഞ്ഞുകൊണ്ട് മായ ഇനിയും കരയുവാൻ നിൽക്കേണ്ട ….
ഇന്നു വൈകുന്നേരം നമ്മൾ തമ്മിൽ പിരിയുന്നതുവരെ മായയിനി കരയുന്നതു ഞാൻ കാണരുത് …..
മായ കരയുന്നതുകാണുവാൻ എനിക്കിഷ്ടമല്ല….
നമ്മൾ തമ്മിൽ പിരിഞ്ഞു കഴിഞ്ഞാലും മായയെ ഓർത്തു ഞാൻ ഒരുപക്ഷെ കരയുമായിരിക്കും….. പക്ഷേ മായ എന്നെയോർത്തുപോലും ഒരിക്കലും കരയരുത് കേട്ടല്ലോ …….”

കർശനമായ ശബ്ദത്തിൽ പെട്ടെന്നയാൾ വിഷയം മാറ്റിയപ്പോൾ അയാളുടെ മുഖത്തേക്കു ദയനീയമായ നോക്കിയ ശേഷം അവൾ വീണ്ടും സാരിത്തുമ്പുയർത്തി കണ്ണുകൾ തുടച്ചു.

‘ മായയുടെ ഒരുക്കങ്ങൾ ഏതായാലും കഴിഞ്ഞല്ലോ……
ഞാനും വേഗം കുളിക്കട്ടെ ഒമ്പതുമണിയാകുമ്പോഴേക്കും നമുക്കിവിടെ നിന്നും വണ്ടി വിടണം…….
മംഗലാപുരം വിടുന്നതിനുമുന്നേ നമുക്ക് രണ്ടു സ്ഥലത്തു പോകുവാനുണ്ട്…….!

രണ്ടു സ്ഥലത്തും തല ഉയർത്തിപ്പിടിച്ചുകൊണ്ടു മായ എന്റെ കൂടെ വരണം…….!
മായ എന്നെ വിവാഹം ചെയ്യുകയൊന്നും വേണ്ട പക്ഷെ നമ്മൾ പോകുന്ന രണ്ടു സ്ഥലത്തും ഞാൻ മായയെ പരിചയപ്പെടുത്തുന്നത് ഞാൻ കല്ല്യാണം കഴിക്കുവാൻ പോകുന്ന പെണ്ണായിട്ടായിരിക്കും കെട്ടോ……!
ചേതമില്ലാത്ത ഒരു ഉപകാരമല്ലേ എനിക്കുവേണ്ടി അതെങ്കിലും മായ സമ്മതിക്കണം…..!
സമ്മതിച്ചേ പറ്റൂ…..!
അതിനു ശേഷമേ നമ്മൾ നാട്ടിലേക്കൂ പോകൂ……..!

കർശനമായ രീതിയിൽ അയാൾ പറയുന്നതുകേട്ടപ്പോൾ എന്തിനാണെന്നും…….
എവിടെയാണെന്നും ……
എന്താണ് കാര്യമെന്നും മനസിലാകാതെ ആന്തലോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കുമ്പോഴേക്കും അയാൾ കുളിക്കുവാനുള്ള ഒരുക്കത്തിനായി തലയിലൂടെ സ്വന്തം ടീഷർട്ട് വലിച്ചൂരികൊണ്ടു മുഖം മറച്ചിരുന്നു.......




തുടരും...... ♥️

മായാമൊഴി 💖24

മായാമൊഴി 💖24

4.8
8953

” എന്തെങ്കിലും കാര്യം പറഞ്ഞു കൊടുക്കുമ്പോൾ മൊട്ടകണ്ണുകൾ ബൾബുകൾപോലെ മിഴിച്ചുകൊണ്ട് യക്ഷിയെപ്പോലെ മുഖത്തേക്ക് നോക്കും…….വെറുതെയല്ല യക്ഷിയെന്നു വിളിക്കരുതെന്നു കരുതിയാലും വിളിച്ചു പോകുന്നത് ……”ടീഷർട്ട് അഴിച്ചുവയ്ക്കുമ്പോൾ തൻറെ മുഖത്തേകുത്തന്നെ ചോദ്യഭാവത്തിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോഴാണ് അയാൾ പിറുപിറുത്തത് .“ആയിക്കോട്ടെ ഞാൻ യക്ഷി തന്നെയാണ് ആരെയൊക്കെയോ മയക്കിയെടുക്കുന്ന യക്ഷി…..!അതു ഞാൻ സഹിച്ചോളാം ….പക്ഷേ നമ്മൾ എവിടെകാണു പോകുന്നതെന്നു പറ…….”വീണ്ടും അയാളുടെ കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടാണ് അവൾ ചോദിച്ചത്.“അതൊക്കെ പോകാനിറങ്ങുമ്