Aksharathalukal

മായാമൊഴി 💖 31

“എൻറെ ഫോണല്ലേ എനിക്കിഷ്ടമുള്ളിടത്തു ഞാൻ സൂക്ഷിക്കും ……!
തലവെട്ടിച്ചുകൊണ്ടു ദേഷ്യത്തോടെയുള്ള തർക്കുത്തരമായിരുന്നു മറുപടി .

അവളുടെ മറുപടി കേട്ടപ്പോൾ പെട്ടെന്നയാളുടെ മനസ്സിൽ സാധാരണ അവൾ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന സ്ഥലം ഓർമ്മയിൽ തെളിഞ്ഞതും……
അറിയാതെ തന്നെ അയാളുടെ കണ്ണുകൾ അവളുടെ മറിടത്തിലേക്ക് തെന്നിപ്പോയി…..!

മൊബൈൽഫോൺ എടുക്കുന്നതിനുവേണ്ടി വാനിറ്റി ബാഗിൽ നിന്നും വാരിവലിച്ചു പുറത്തിട്ടിരിക്കുന്ന സാധനങ്ങളൊക്കെ തിരികെ ബാഗിനുള്ളിലേക്ക് തന്നെ കുനിഞ്ഞുനിന്നുകൊണ്ട് ധൃതിയിൽ വാരി നിറയ്ക്കുയായിരുന്നു അവളുടെ മാറിട വിടവുകളുടെ മാദകഭംഗി ഊർന്നുവീണ സാരിതുമ്പിനും ബ്ലൗസിനുമിടയിലൂടെ വ്യക്തമായി കാണാൻ കാണുന്നുണ്ടായിരുന്നു……!

നുള്ളി വലിക്കുക…..
മാന്തുക ….
കടിക്കുക ….
തുടങ്ങിയതു പോലെ തന്നെ ബ്ലൗസിന്റെ ഏറ്റവും മുകളിൽ കുത്തിയുറപ്പിച്ചിരിക്കുന്ന സേഫ്റ്റിപിന്നും അവളുടെ പ്രത്യേകതകളിലൊന്നാണെന്ന് അയാൾക്ക് തോന്നി ……!

അങ്ങനെയൊക്കെ ഓർത്തുകൊണ്ടിരിക്കെ അയാളുടെ കണ്ണുകൾ മനസിന്റെ വിലക്കുകൾ വകവയ്ക്കാതെ കൊതിയോടെയും മോഹഭംഗത്തോടെയും പിന്നെയും പിന്നെയും മാറിടത്തിനിടയിലെ നഗ്നതയിലേക്ക് ഒഴുകിമാറികൊണ്ടേരുന്നു…..!

അനിലേട്ടനെ പ്രകോപിപ്പിക്കുവാനായി താൻ പറഞ്ഞതിന് ഇതുവരെ മറുപടിയൊന്നും കിട്ടിയില്ലെന്നു അത്ഭുതത്തോടെ ഓർത്തുകൊണ്ട് സാധനങ്ങൾ കുത്തിനിറച്ചിരിക്കുന്ന ബാഗിന്റെ സിബ്ബ് വലിച്ചടക്കുന്നതിനിടയിൽ അയാളുടെ മുഖത്തേക്കു തലയുയർത്തി നോക്കിയപ്പോഴാണ്
അയാളുടെ കണ്ണുകളും ചിന്തകളും ശ്രദ്ധയും മുഴുവൻ തന്റെ ചുമലിൽ നിന്നും ഊർന്നുപോയിരിക്കുന്ന സാരിക്കടിയിലെ നഗ്നതയിൽ തന്നെയാണെന്ന് അവൾക്ക് മനസ്സിലായത് …..!

“എന്റമ്മോ……!
എന്തൊക്കെ സൂത്രങ്ങളാണ് …….!
കുറുക്കന്റെ സ്വഭാവം തന്നെ …….!
ഇതുപോലെ സൂത്രക്കാരനായ കുറുക്കനെ ഞാൻ ആദ്യമായാണ് കാണുന്നത്…….!
ലജ്ജയോടെ പെട്ടെന്നുതന്നെ സാരിയുടെ മുന്താണിതുമ്പു വലിച്ചെടുത്തു നഗ്നത മറക്കുന്നതിനിടയിൽ പിൻസീറ്റിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയെടുത്തു അയാളുടെ നേരെ വീശിക്കൊണ്ടാണ് പറഞ്ഞത്.

അവളുടെ പ്രതികരണം കേട്ടപ്പോൾ ചമ്മിയ ചിരിയോടെ അയാൾ കാറിനുള്ളിൽ നിന്നും തല പുറത്തേക്കെടുത്തു.

” മായേ നമ്മൾ നേരെ പോകുന്നതു അയാളുടെ ക്യാബിനിലേക്കല്ല കെട്ടോ…..
ആദ്യം എനിക്കൊരു ഷർട്ടും പാന്റ്സും വാങ്ങണം അതിനുശേഷം അയാളെ മതി …..”

മിക്കവാറും എല്ലാസ്ഥാപനങ്ങളിലും അവിടെയുള്ള ജീവനക്കാരുടെ എല്ലാ വിവരങ്ങളും നീക്കങ്ങളും കൃത്യമായും മാനേജർക്ക് ഒറ്റുകൊടുക്കുന്ന മാനേജരുടെ വിശ്വസ്തനായ ഒരു ഒറ്റുകാരൻ ജീവനക്കാരൻ ഉണ്ടാകുമെന്നു അനുഭവം കൊണ്ട് അയാൾക്ക് നന്നായി അറിയാമായിരുന്നു …..!
അങ്ങനെ ഒരാൾ അവിടെയും ഉണ്ടെങ്കിൽ അയാൾ മായയുടെ ഷോറൂമിലേക്കുള്ള എൻട്രി മാനേജരെ അറിയിക്കുമെന്നും അങ്ങനെ സിസിടിവിയിലൂടെ മാനേജർ തങ്ങളെ നിരീക്ഷിക്കുമെന്നും് ഉറപ്പുള്ളതുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത് ……!
അങ്ങനെ ഒരു ഒറ്റുകാരൻ ഉണ്ടെങ്കിൽ അയാൾക്ക് ചിലപ്പോൾ മായയുടെഎല്ലാ കാര്യങ്ങളും അറിയാമായിരിക്കും എന്നോർത്തപ്പോൾ അയാൾ വല്ലായ്മ തോന്നി…..!

” ഇവിടെ റെഡിമെയ്ഡ് സാധനങ്ങൾക്കൊക്കെ വലിയ വിലയാണ് അതുകൊണ്ട് പുറത്തെവിടെനിന്നെങ്കിലും വാങ്ങിയാൽപ്പോരെ അനിലേട്ടാ…….”

പിറകിൽ നിന്നും പതിഞ്ഞ സ്വരത്തിലുള്ള അവളുടെ മറുപടി കേട്ടപ്പോൾ എത്രയും പെട്ടെന്നു അവിടെ നിന്നും രക്ഷപ്പെടാനുള്ള ത്വരമാത്രമാണ് അവളുടേതെന്നു മനസ്സിലായപ്പോൾ സഹതാപത്തോടെ അയാൾ തിരിഞ്ഞുനോക്കി.

“പേടിയുണ്ടെങ്കിൽ എൻറെ കയ്യിൽ പിടിച്ചോളൂ കേട്ടോ……”

അറവുമാടിനെപ്പോലെ തൻറെ പിറകെ പേടിച്ചുവിറച്ചു അറച്ചറച്ചു നടന്നുവരുന്ന അവൾക്കുനേരെ സൗമനസ്യത്തോടെ കൈനീട്ടി കൊണ്ടാണ് അയാൾ പറഞ്ഞത് .

“ഒന്നു പോയെ …..
ആളുകളെക്കൊണ്ട് വെറുതെ ഓരോന്നു പറയിപ്പിക്കുവാൻ …….”

ജാള്യതയോടെ ചുറ്റും നോക്കിയ ശേഷം അയാളുടെ നീട്ടിയ കൈത്തണ്ടയിൽ അമർത്തിയൊരു അടി കൊടുത്തുകൊണ്ട് തട്ടിമാറ്റിയാണ് അവൾ മറുപടി പറഞ്ഞത് .

“നിങ്ങൾ പറഞ്ഞുതന്നതുപോലെയൊന്നും ഞാനിവിടെ ആരോടും പറയില്ല കെട്ടോ അനിലേട്ടാ …..
അങ്ങനെ പറയാൻ എനിക്കു നാണമാകും…..

അല്ലെങ്കിലും മൂന്നുവയസുള്ള കുഞ്ഞിന്റെ അമ്മയെങ്ങനെയാണ് ഇതെന്നെ കല്ല്യാണം കഴിക്കുവാൻ പോകുന്ന ആളാണെന്ന് പായുന്നത്…..!
അതോർക്കുമ്പോൾ തന്നെ നാണമാകുന്നു…..”

തൊട്ടുപിറകെയാണ് അടുത്ത പ്രഖ്യാപനം വന്നത്.

ഇവൾ പടിക്കലെത്തി ശേഷം കുടമുടയ്‌ക്കുകയാണോ……!

“പിന്നെന്തു പറയും……”

അവളുടെ പ്രഖ്യാപനം കേട്ടതും അന്തലോടെ തിരിഞ്ഞുനോക്കിയാണ് അയാൾ ചോദിച്ചത്.

” ആരെങ്കിലും ചോദിച്ചാൽമാത്രം ഞാനെൻറെ അമ്മാവൻറെ മോനാണെന്ന് പറയും…..
അല്ലാതെ അങ്ങോട്ടുപോയി വെറുതെ പറയുകയൊന്നുമില്ല…..”

നടക്കുന്നതിനിടയിൽ സാരിത്തുമ്പു പിടിച്ചെടുത്തു ചുരുട്ടുകയും നിവർത്തുകയും ചെയ്തു കൊണ്ടാണ് മറുപടി .

” രണ്ടായാലും ഒന്നുതന്നെ ……
അതുകൊണ്ട് ഇങ്ങനെ പറഞ്ഞാലും മതി …..
അമ്മാവന്റെ മോനെന്നു പറഞ്ഞാൽ മുറചെറുക്കനെന്നുതന്നെയാണ് അർത്ഥം…..! മായ അങ്ങനെ പറയുമ്പോൾ തന്നെ കേൾക്കുന്നവർ ബാക്കി ഊഹിച്ചുകൊള്ളും…..”

ചിരിയോടെയുള്ള അയാളുടെ മറുപടി കേട്ടപ്പോൾ അവൾ തലയുയർത്തി അയാളെ നോക്കിയ നിമിഷം തന്നെയാണ് അവളുടെ ആ മറുപടിയിൽപോലും തരളിതനായി സന്തോഷത്തിന്റെ സൂര്യനുദിച്ച കണ്ണുകളുമായി അയാളും തിരിഞ്ഞുനോക്കിയത്…..!

കണ്ണുകൾ തമ്മിൽ കൊരുത്തപ്പോൾ പിടിച്ചലോടെ അവൾ മിഴികൾ താഴ്ത്തിയപ്പോൾ
ചിലപ്പോഴുള്ള അവളുടെ നോട്ടങ്ങൾക്ക് വല്ലാത്തൊരു കാന്തിക ശക്തിയുണ്ടെന്ന് അയാൾക്ക് തോന്നി ……!

തേൻ നുകർന്ന ശേഷം പറന്നുപോകുന്ന പൂമ്പാറ്റയെ കാറ്റിനെന്നപോലെ തലയാട്ടി വിളിച്ചുകൊണ്ട് വീണ്ടും വീണ്ടും തന്നിലേക്കു തന്നെ തിരികെ വിളിക്കുന്ന പൂവിന്റെ അതേ കാന്തികശക്തി……!

ഷോറൂലേക്ക് കയറുവാനുള്ള പടിയുടെ താഴെയെത്തിയപ്പോൾ ഒരു വീണ്ടുവിചാരത്തിലെന്നപോലെ ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം ദയനീയതയോടെ അയാളെ നോക്കിയപ്പോൾ ഒരിക്കൽ കൂടി അയാൾ കൈ നീട്ടിയെങ്കിലും അതവഗണിച്ചുകൊണ്ട് രണ്ടും കല്പിച്ചിട്ടെന്നപോലെ അവൾ പതിയെ പടിയിലേക്ക് കാലെടുത്തുവെച്ചു …….

“എന്താ ചിരിക്കുന്നത് …..”

രണ്ടാമത്തെ പടിയിലേക്ക് കാലെടുത്തു വയ്ക്കുന്നതിനിടയിൽ വീണ്ടും അയാളെ നോക്കിയപ്പോൾ അഞ്ചു പടികൾക്കു മുകളിലുള്ള ഷോറൂമിന്റെ ചില്ലുവാതിലിനരികിൽ നിന്നുകൊണ്ട് എന്തോ ഓർത്തു് ചിരിക്കുന്നതുപോലെ വാപൊത്തി ചിരിക്കുകയായിരുന്നു അയാളെ നോക്കിയാണ് ചോദിച്ചത് ….!

“ഒരു അരഞ്ഞാണം വാങ്ങിതരുവാനുള്ള ബുദ്ധിമോശമെനിക്കു തോന്നിയില്ലല്ലോ എന്നോർത്തുകൊണ്ട് ചിരിച്ചതാണ്…..”

ഉയർത്തിപ്പിടിച്ചിരിക്കുന്ന സാരിയിലേക്കും കാലിലേക്കും വിരൽചൂണ്ടിക്കൊണ്ട് പതിഞ്ഞ ചിരിയോടെ അയാൾ പറയുന്നത് കേട്ടപ്പോൾ…..
കണ്ടുപിടിച്ചല്ലോ ….എന്ന ഭാവത്തിലുള്ള ചമ്മിയ ചിരിയോടെ ഉയർത്തി പിടിച്ചിരുന്ന സാരിയിലെ കൈവിടുതൽ ചെയ്തുകൊണ്ട് സാരി താഴ്ത്തി…..!

“ഓ…… പിന്നെ….
വെറുതെ പറയല്ലേ…..
എൻറെ ചെരിപ്പുകാണിക്കാനൊന്നുമല്ല സാരിയുടുത്ത എല്ലാവരും പടികയറുമ്പോൾ ഇതുപോലെ സാരി ഉയർത്തിപ്പിടിക്കും……”

പടിയിൽ നിന്നുകൊണ്ടുതന്നെയാണ് അവൾ പിറുപിറുത്തത് .

“ചെരിപ്പു കാണിക്കാനല്ലെന്നു…..
ഇപ്പോൾ പറഞ്ഞപ്പോൾ ശരിക്കും മനസിലായി….! സാരിയുടുത്തവരൊക്കെ പടികയറുമ്പോൾ സാരിയുയർത്തി പിടിക്കുന്നതു ശരിയായിരിക്കും…..!
പക്ഷേ ചെരിപ്പു മുഴുവൻ കാണുന്ന രീതിയിൽ സാരി ഉയർത്തിപ്പിടിച്ചുകൊണ്ട് കാലിലെ ചെരുപ്പും നോക്കി പടികയറുന്ന ഒരാളെ ഞാനിന്റെ ജീവിതത്തിൽ ആദ്യമായിട്ടു കാണുകയാണ്……!”

അവളെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി അയാൾ വീണ്ടും പറഞ്ഞു .

“ഓ…..വലിയ പറഞ്ഞിട്ടു ബിസിനസുകാരനാണെന്നു പറഞ്ഞിട്ട് ഇതായിരിക്കും ബിസിനസല്ലേ ……
പെണ്ണുങ്ങൾ പടികയറുന്ന സ്ഥലത്തൊക്കെപോയി വായിൽ നോക്കി നിൽക്കുക …….
അല്ലെങ്കിലും ആദ്യത്തെ ദിവസം കണ്ടപ്പോൾ തന്നെ വായിൽനോക്കിയുടെ സ്വഭാവമാണെന്നു എനിക്കു ശരിക്കും മനസ്സിലായിരുന്നു……!
ഇന്നുതന്നെ ടൗണിലെ വായ്നോക്കികൾ പറയുന്നതുപോലെ എത്ര തവണ പറഞ്ഞു……
അതുകൊണ്ടാണ് ഈ സാധാനത്തെയെനിക്കു തീരെ ഇഷ്ടമില്ലാത്തത്…..!”

മുഖം ചുളിച്ചുകൊണ്ടു പിറുപിറുത്തത്തിനു പിറകെ സ്ഥിരം പ്രതിഷേധ കലാപരിപാടിയുടെ ഇനങ്ങളായ കൊഞ്ഞനംകുത്തലും മുഖം കൊണ്ടുള്ള ഗോഷ്ടിയുമെത്തി …..!

അതൊക്കെ അവഗണിച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ ഷോറൂമിനകത്തേക്ക് കടക്കുവാനായി ചില്ലുവാതിലിന്റെ ഹാൻഡിലിൽ അയാൾ കൈവയ്ക്കുന്നത് കണ്ടതും ഭയന്നുവിറച്ച മാൻപേടയെപ്പോലെ പടികൾ ഓടിക്കയറിശേഷം അയാളുടെ വലതുകൈതണ്ടയിൽ മിന്നൽ വേഗത്തിൽ നുള്ളിവലിച്ചുകൊണ്ടു ഒരു ആശ്രയത്തിനെന്നപോലെ കൈവണ്ണയിൽ അമർത്തി പിടിച്ചതും ഒരുമിച്ചായിരുന്നു ……!

ഏതാനും നിമിഷങ്ങൾക്കു മുൻപുവരെ താൻ കൈ നീട്ടിയപ്പോൾ പിടിക്കാൻ കൂട്ടാക്കാത്തവൾ ഇപ്പോൾ സ്വമേധയാ ഓടിവന്നുകൊണ്ട് കൈവണ്ണയിൽ പിടിച്ചു ചേർന്നു നില്ക്കുന്നതു കണ്ടപ്പോൾ അവളുടെ മനസ്സിലെ പേടിയുടെ ആഴം താൻ കരുതുന്നതിനേക്കാൾ എത്രയോ കൂടുതലാണെന്ന് അയാൾക്ക് മനസ്സിലായി…..!

ഒരിക്കലും കൈവിടില്ലെന്ന രീതിയിൽ സ്നേഹാധിക്യത്തോടെ അവളെയും ചേർത്തു പിടിച്ചുകൊണ്ട് ഷോറൂമിലെ ചില്ലു വാതിൽ തുറക്കുമ്പോൾ താൻ ചേർത്തുപിടിച്ചിരിക്കുന്നത് പ്രാപ്പിടിയൻ പിടിയിൽനിന്നും രക്ഷപ്പെടുന്നതിനിടയിൽ പ്രാണരക്ഷാർത്ഥം തപിക്കുന്ന മനസ്സും വിവരിക്കുന്ന ശരീരവുമായി തൻറെ അരികിൽ അഭയം തേടിയെത്തിയിരിക്കുന്നു ഒരുപാവം മാടപ്രാവീനെയാണെന്ന് അയാൾക്ക് തോന്നി……!

ഹൃദയത്തിൽ മുറിവേറ്റിരിക്കുന്ന മാടപ്രാവ്…..!

സ്നേഹത്തോടെയും പ്രണയത്തോടെയും കുറുകുവാൻ മാത്രമറിയുന്ന പാവം മാടപ്രാവ്……!

ഷോറൂം ഷോറൂമിന്റെ് അകത്തെക്കു കടന്നയുടനെ തന്നെ ചേർത്തു പിടിച്ചിരിക്കുന്ന അയാളുടെ കൈപ്പത്തി അവൾ പതിയെ അടർത്തി മാറ്റിയശേഷം ഒരു ആശ്രയത്തിനെന്നപോലെ അയാളുടെ കൈവണ്ണയിൽ പിടിച്ചുകൊണ്ടാണ് അവൾ മുന്നോട്ടുനീങ്ങിയത് …….!

വിശാലമായ ഷോറൂമിന്റെ അകത്തെത്തുമ്പോൾ കട തുറന്നയുടനെയായതു കൊണ്ടാകണം ഡിസ്പ്ലേയിൽ ഭംഗിയോടെ റെഡിമെയ്ഡ് വസ്ത്രങ്ങളും സാരികളും തൂക്കിയിടുകയും അലമാര ചില്ലുകൾ തുടയ്ക്കുകയും തുണിത്തരങ്ങൾ തരം തിരിച്ചു അടുക്കി മടക്കി വയ്ക്കുന്നതിന്റെയുമൊക്കെ ജീവനക്കാരിൽ ഏറെപ്പേരും……!

അവളെ കണ്ടയുടനെ തിരക്കിലായിരുന്ന അവരിൽ പലരുടെയും മുഖത്തെ പുച്ഛഭാവവും നിസ്സംഗതയും കണ്ടപ്പോൾതന്നെ തങ്ങൾ ഇവിടെയെത്തിയ വിവരം താൻ ഉഹിച്ചതുപോലെതന്നെ അവർ നേരത്തെ അറിഞ്ഞിരുന്നുവെന്നും അവളെ അവഗണിക്കുവാൻ ജീവനക്കാർക്ക് നിർദേശം കിട്ടിയിട്ടുണ്ടെന്നും അയാൾക്ക് മനസ്സിലായി…..!

” പാർക്കിങ്ങിലും കാറിലുമായി കുറച്ചു സമയം മനപൂർവം പാഴാക്കിയത് വെറുതെയായില്ല…..!

അയാൾ മനസ്സിൽ ചിരിച്ചു .
സെയിൽസ്മാരിൽ പലരും ഒരു പുഞ്ചിരിയിൽമാത്രം അവളോടുള്ള പരിചയം പുതുക്കിയെങ്കിൽ അവളുടെകൂടെ ജോലിചെയ്തിരുന്ന പെൺകുട്ടികൾ ആരെയോ ഭയപ്പെടുന്നതുപോലെ “മായമ്മേ….” എന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും സംബോധന ചെയ്തുകൊണ്ട് ഒന്നോരണ്ടോ വാക്കുകളിലും പുഞ്ചിരിയിലും സൗഹൃദം പുതുക്കുവാൻ ശ്രമിക്കുമ്പോഴേക്കും ഓടിനടന്നുകൊണ്ട് ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു മധ്യവയസ്കനായ ഫ്ലോർ മാനേജർ പിന്നാലെയെത്തി പെൺകുട്ടികളെ വേറെയേതോ ജോലി ഏൽപ്പിക്കുന്നതു കണ്ടപ്പോൾ നേരത്തെ ഊഹിച്ചിരിക്കുന്ന കാര്യങ്ങൾ മനസ്സിൽ അയാൾ ഒന്നുകൂടി മനസിൽ ഊട്ടിയുറപ്പിച്ചു …….!

“റെഡിമെയ്ഡ് ഷർട്ടുകളുടെയും ജീൻസിന്റെയും സെക്ഷൻ എവിടെയാണ്……
നമുക്ക് അങ്ങോട്ട് പോകാം……”

മന്ത്രിക്കുന്നതുപോലെ അയാൾ പതിയെ പറഞ്ഞു .

അവൾ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഭാഗത്തേക്കു നടക്കുന്നതിനിടയിൽ ആരെങ്കിലും ബലമായി പിടിച്ചുകൊണ്ടുപോകുമോ …..
അല്ലെങ്കിൽ ആക്രമിച്ചേക്കുമോ എന്നൊക്കെ ഭയപ്പെടുന്നതുപോലെ തൻറെ ഒരിഞ്ചു മുന്നിലോ പിന്നിലോ ആയിപ്പോകാതെ അവൾ ചേർന്നുനടക്കുന്നതും ……
ഇടയ്ക്കിടെ പേടിയോടെ തിരിഞ്ഞു നോക്കുന്നതും കണ്ടപ്പോൾ അവളുടെ അരക്ഷിത ബോധത്തെക്കുറിച്ചോർത്ത് അയാൾക്ക് ചിരിയേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത്…….!

” എൻറെ അനിയേട്ടനുവേണ്ട ഷർട്ടൊക്കെ ഞാനാണ് സെലെക്റ്റ് ചെയ്തിരുന്നത്……”

സെയിൽസ്മാൻ മുന്നിൽ നിരത്തിയിട്ടിരിക്കുന്ന ഷർട്ടുകളൊന്നും ഇഷ്ടപ്പെടാതെ അതൃപ്തിയോടെ മാറ്റിവച്ചുകൊണ്ടു തനിക്കിഷ്ട്ടപ്പെട്ട വിലകൂടിയ ബ്രാൻന്റെഡ് റെഡിമെയ്ഡ് ഷർട്ടിനെക്കുറിച്ച് ചോദിക്കുമ്പോഴാണ് ആകാശ നീലനിറത്തിലുള്ള വിലാകുറഞ്ഞ ഒരു ഷർട്ടെടുത്തു തിരിച്ചും മറിച്ചും നോക്കിയും ശരീരത്തോട് ചേർത്തുപിടിച്ചു നോക്കിയോമൊക്കെ നിരാശയും നഷ്ടബോധവും കലർന്ന ദീർഘനിശ്വാസത്തോടെയുള്ള കേൾക്കുന്നവരുടെ ഹൃദയം നുറുങ്ങിപോകുന്ന അവളുടെ ആത്മഗതം അവൾ അയാൾ ശ്രദ്ധിച്ചത്……!

“മായക്ക് ആ ഷർട്ട് ഇഷ്ടമായോ …..”

മറ്റൊന്നും കിട്ടിയില്ലെങ്കിൽ മാത്രം എടുക്കാമെന്ന ധാരണയിൽ മാറ്റിവച്ചിരിക്കുന്ന ഷർട്ടുകളൊക്കെ തിരിച്ചു യഥാസ്ഥാനത്തുതന്നെ വച്ചുശേഷമാണ് അയാൾ തിരക്കിയത്.

ഇഷ്ടമായെന്ന അർത്ഥത്തിൽ തലകുലുക്കി്യ്തിനൊപ്പംഅവളുടെ കണ്ണുകളിൽ നീർ പൊടിയുന്നതു കണ്ടപ്പോൾ തൻറെ കണ്ണുകളും നീറുന്നത് അയാളറിഞ്ഞു ……!

“എങ്കിൽ എനിക്കും ഇതുതന്നെ മതി ……!”

അവളെ നോക്കി സംതൃപ്തിയോടെ പറയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ അയാൾ പാടുപെടുകയായിരുന്നു …….!

“ഈ ഷർട്ടിനു ജീൺസിനെക്കാൾ ചേരുന്നത് ചുവപ്പോ വയലറ്റോ നിറത്തിളുള്ള വീതിയുള്ള കരയോടുകൂടിയ കോട്ടൻമുണ്ടായിരിക്കും ……..! മുണ്ടുമടക്കിക്കുത്തിയാൽ കാണുവാൻ നല്ല ഭംഗിയുമുണ്ടാകും ……”

ജീൺസു പാന്റുകൾ തൂക്കിയിട്ടിരിരിക്കുന്ന ഭാഗത്തേക്ക് നടക്കുന്നതിനിടയിൽ നിർദേശം കേട്ടപ്പോൾ അതൊരു കേവലം തുണിക്കടയിലെ സെയിൽസ് ഗേളിന്റെ ജ്ഞാനം മാത്രമല്ല അവളുടെ അനിയേട്ടനുവേണ്ടി അവൾ തെരഞ്ഞെടുക്കുന്ന രീതിയാണെന്ന് അയാൾക്ക് വേഗം മനസ്സിലായി ……!

“ഇനി നമുക്കു മായ ജോലിചെയ്തിരുന്ന സെക്ഷനിൽ കൂടി ഒന്നു കയറിയിറങ്ങിയശേഷം വേഗം മടങ്ങാം……’

അവൾ തന്നെ തെരഞ്ഞെടുത്തിരിക്കുന്ന രണ്ടിഞ്ചോളം വീതിയിൽ മെറൂൺ നിറത്തിലുള്ള കരകളോടുകൂടിയ മുണ്ടുനോക്കി തൃപ്തിപ്പെട്ടതിനുശേഷമാണ് അയാൾ പറഞ്ഞത്.

” അതെന്തിനാണ് അങ്ങോട്ട് പോകുന്നത്……”

പതിവുള്ള നുള്ളിവലിയുടെ അകമ്പടിയോടെയാണ് പതുക്കെയുള്ള ചോദ്യം.

” ചുമ്മാ ……
മായക്കിനി അവിടെയൊന്നും കാണുവാൻ പറ്റില്ലല്ലോ ……
അതുകൊണ്ടു നമുക്കൊന്ന് കറങ്ങിയടിച്ചു വരാം…..’

പറഞ്ഞുകഴിഞ്ഞതും അയാൾ സാരിയുടെ സെക്ഷനിലേക്ക് നടന്നു തുടങ്ങിയിരുന്നു……!

” പേടിക്കേണ്ട ഞാനല്ല കൂടെയുള്ളത് ……..”

സാരിയുടെ സെക്‌ഷനോട് അടുക്കുംതോറും കൈവണ്ണയിലെ അവളുടെ പിടുത്തം മുറുകുന്നത് കണ്ടപ്പോഴാണ് മന്ത്രിക്കുന്ന സ്വരത്തിൽ അയാൾ ആശ്വസിപ്പിച്ചത്.

” നമുക്കൊരു സാരിയെടുത്താലോ മായേ…..
സെക്ഷനിൽ ആകെ ചുറ്റിക്കറങ്ങിയശേഷമാണ് അയാൾ തിരക്കിയത് .
“ഇങ്ങോട്ട് വരുമ്പോൾ തന്നെ ഇതിനുവേണ്ടിയായിരിക്കുമെന്നു എനിക്കുതോന്നിയിരുന്നു …..
എനിക്കു സാരിയൊന്നും വാങ്ങേണ്ടേ…….”

ചോദിച്ച ഉടനെ അങ്ങനെയായിരുന്നു അവളുടെ മറുപടി.

” സാരി വാങ്ങണമെന്നല്ലേ……
ഞാൻ പറഞ്ഞുള്ളൂ ….
.മായയ്ക്കു വേണ്ടിയാണെന്ന് പറഞ്ഞില്ലല്ലോ…..
അല്ലെ…….’

ചില്ലു കൂട്ടിനുള്ളിൽ അടുക്കി വെച്ചിരിക്കുന്നതിൽ നിന്നും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെട്ട ഇളം ചുവപ്പുനിറത്തിലുള്ള സാരിയെടുക്കുവാൻ സെയിൽസ് ഗേളിനോട് നിർദേശിക്കുന്നതിനിടയിലാണ് ചെവിയിൽ പറയുന്നതുപോലെ അയാൾ പറഞ്ഞത്…..!

” ശ്ശൊ…..
അതൊന്നും എടുക്കേണ്ട അനിലേട്ടാ ….
അതൊന്നും സാധാരണ കോട്ടൺ സാരിയല്ല അതിനൊക്കെ രണ്ടായിരത്തിലധികം വിലയുണ്ട്……”

അയാൾ സാരിവാങ്ങുന്നത് തനിക്കുവേണ്ടിയാണെന്നു ഉറപ്പുള്ളതുകൊണ്ടു കൈവണ്ണയിലെ മുറുകെയുള്ള പിടുത്തം ഒരു നിമിഷം ഇളക്കിയശേഷം ഒരിക്കൽ കൂടി അമർത്യ നുള്ളി വലിച്ചുകൊണ്ടാണ് അവൾ വിലക്കിയത്……!

“അതെന്താ ചെരിപ്പു വാങ്ങുന്നതുപോലെ കൃഷ്ണേട്ടനെ പീടികയിലെ വില കുറഞ്ഞു സാരി മാത്രമേ ധരിക്കൂകയുള്ളൂ എന്നു മായ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ …….
ഞാൻ ആദ്യമായി കാണുമ്പോൾ ഇതുപോലൊരു ചുവന്ന സാരിയായിരുന്നു …….
അതുകൊണ്ട് എൻറെ വകയായും മയയ്ക്കിരിക്കട്ടെ മറ്റൊരു സാരി …….!

“”മതി അനിലേട്ടാ…..
നമുക്കുപോകാം…..”

സാരിയുടെ നിറത്തിനു ചേർന്ന അടിപാവടയും ലൈനിങ് തുണിയുമൊക്കെ സെലക്ട് ചെയ്തത്തിനുശേഷവും അയാൾ പിന്നെയും ഇന്നർ വെയർ വിൽക്കുന്ന സെക്ഷനിൽ ചുറ്റിക്കറങ്ങി കൊണ്ടിരുന്നതിനിടയിലാണ് പിടിച്ചുവലിക്കുന്നതുപോലെ വലിച്ചുകൊണ്ട് അവൾ പറഞ്ഞത്.

“നാട്ടിലേക്ക് പോകുമ്പോൾ പുതിയ സാരിയുടുക്കണം അതുകൊണ്ട് എന്തെങ്കിലും വേണമെങ്കിൽ വാങ്ങിക്കോ……”

ചിരിയോടെ അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു.

“ഒന്നുപോയേ…….
അതൊക്കെ എന്റെ ബാഗിലുണ്ട്…….”

ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് ലജ്ജയോടെ ചുറ്റും നോക്കിയശേഷം അവൾ വീണ്ടും അയാളുടെ കൈവണ്ണയിൽ പിടിച്ചു വലിച്ചു. .

“ഓകെ……
ഇതൊക്കെ ബില്ലാക്കിക്കോളൂ ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഞങ്ങൾ വരാം…….
എവിടെയാണ് നിങ്ങളുടെ മാനേജരുടെ കാബിൻ……..’

സെയിൽസ് ഗേളിനോട് ചോദിച്ചയുടനെ അവർ അത്ഭുതത്തോടെ അയാളുടെ കൈവണ്ണയിൽ പിടിച്ചുനിൽക്കുന്ന അവളെയൊന്നു നോക്കിയശേഷം മാനേജരുടെ കാബിനുള്ള ഭാഗം ചൂണ്ടികാണിച്ചുകൊടുത്തു .

അവളെയും ചേർത്തുപിടിച്ചുകൊണ്ടു മാനേജരുടെ കാബിനിലേക്കു നടക്കുമ്പോൾ പനിപിടിച്ചതുപോലെ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടെന്നു അയാൾക്ക്‌ തോന്നി....




തുടരും...... ♥️


മായാമൊഴി 💖 32

മായാമൊഴി 💖 32

4.8
8034

“അനിലേട്ടൻ ആദ്യം കയറൂ……” മാനേജരുടെ കാബിന്റെ മുന്നിലെത്തിയപ്പോൾ വീണ്ടും ഒരു നിമിഷം നിന്നതിനുശേഷം അയാളുടെ മുഖത്തേക്കു ദയനീയമായി നോക്കിക്കൊണ്ട് കാറ്റിന്റെ സ്വരത്തിലാണവൾ മന്ത്രിച്ചത്. “അയാളെ കാണുവാൻ മായതന്നെയാണ് മുന്നിൽ നടക്കേണ്ടത്……” ചേർത്തുപിടിച്ചിരുന്ന കൈകൾ മാറ്റിയശേഷം ചെവിയിൽ പറയുന്നതുപോലെ പറഞ്ഞുകൊണ്ട് വാതിലിന്റെ ഹാൻഡിലിൽ കൈവയ്ക്കുമ്പോഴേക്കും ആ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചുകൊണ്ടു ഒരിക്കൽ കൂടി തന്റെ മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകളിൽ നിറയെ ഭീതിയാണെന്നു അയാൾക്ക്‌ തോന്നി. വേട്ടക്കാരന്റെ മുന്നിലകപ്പെട്ട ഇരയുടെ അതേ ഭാവം…..! “ഞാനിപ്പോ