Aksharathalukal

മായാമൊഴി 💖 35

“തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…..!

മൂന്നു രാത്രികൾ്ക്ക് മുന്നേവരെ വിലപേശിക്കൊണ്ട് സ്വന്തം ശരീരം വാടകയ്ക്ക് നൽകിയിരുന്നവൾ….!
അനിയേട്ടൻ അന്തിയുറങ്ങുന്ന ഒരുതുണ്ടു ഭൂമി ബാങ്കുകാരിൽ നിന്നും വീണ്ടെടുക്കുന്നതിനുവേണ്ടി പറഞ്ഞുറപ്പിച്ച വില നൽകുന്ന ആരുമായും അനിയേട്ടന്റേതെന്നു മാത്രം കരുതിയിരുന്ന ശരീരം വാടകയ്ക്ക് നൽകിക്കൊണ്ട് അന്തിയുറങ്ങുവാൻ സന്നദ്ധയായിരുന്നവൾ….

അതിനുവേണ്ടി തയ്യാറായിക്കൊണ്ടു ഇന്നലെ രാവിലെവരെ വീടിന്റെ പടിയിറങ്ങിയവൾ…..

വാടകയ്ക്കെടുത്തവൻ കടിച്ചുകുടഞ്ഞാലും പല്ലുകൾ ആഴ്ത്തിയാലും നഖപ്പാടുകൾ വീഴ്ത്തിയാലും പൊള്ളലേൽപ്പിച്ചാലും അവൻ പറയുന്നതെന്തും ഒരുപക്ഷേ ഇന്നലെ രാത്രിയിലും ചെയ്തുകൊടുക്കേണ്ടിയിരുന്നവൾ….!

അനിയേട്ടന്റേതുമാത്രമെന്നു കരുതിയിരുന്ന തന്റെ ശരീരം മാത്രമാണ് അനിയേട്ടനുവേണ്ടി വിൽക്കുന്നതെന്നും അനിയേട്ടനുമാത്രം സ്ഥാനമുള്ള മനസും ഹൃദയവും മറ്റാർക്കും നൽകുന്നില്ലെന്നും മനസിനെ ബോധിപ്പിച്ചുകൊണ്ടു ചെയ്യുന്ന തെറ്റിനു സ്വയം ന്യായീകരണം കണ്ടെത്തിയവൾ…..

ഈ മനുഷ്യനെ കാണുന്നവരെ അങ്ങനെയൊക്കെ തന്നെയായിരുന്നു……

പക്ഷെ……
ഒരു രാത്രിയിലെ ആവശ്യത്തിനുവേണ്ടി തന്നെ വിലക്കെടുത്തിരുന്ന ഈ മനുഷ്യനെ കണ്ടുമുട്ടിയ രാത്രി മുതൽ അദൃശ്യമായ ഏതോ ചങ്ങല തന്നെ ബന്ധിച്ചിരിക്കുകയാണ് …..!

എങ്ങോട്ടുപോയാലും ഒരു കാന്തത്തെപ്പോലെ അയാൾ തന്നെ വലിച്ചടുപ്പിക്കുകകയാണ്….!

തന്റെ ചിന്തകളെയും പ്രവർത്തികളെയുംമാത്രമല്ല ജീവിതത്തെപ്പോലും താനറിയാത്ത ധനാഢ്യനായ അയാൾ അദൃശ്യമായ ചങ്ങലകൊണ്ടു നിയന്ത്രിക്കുകയാണ്…..!

ഈ ചങ്ങലയുടെ പേരാണോ…..
സ്നേഹം…..
കരുതൽ…..
സഹാനുഭൂതി….
അനുകമ്പ….
അകന്നുപോകുവാൻ ശ്രമിക്കുന്തോറും കാന്തം പച്ചിരുമ്പിനെ വലിച്ചെടുപ്പിക്കുന്നതുപോലെ അയാൾ തന്നെ വലിച്ചടുപ്പിക്കുകയാണോ…..!

അതോ…..
എത്ര നിഷേധിച്ചാലും സൂര്യനെ ചുറ്റിക്കറങ്ങുന്ന ഭൂമിയെപ്പോലെ അയാൾക്ക് ചുറ്റും എന്നും ചുറ്റിക്കറങ്ങുവാൻ തന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു അതിമോഹം തുടിച്ചു തുടങ്ങിയതുകൊണ്ടാണോ……!

ഹോട്ടലിൽ നിന്നുമിറങ്ങി അയാളുടെ ഓഫീസിലേക്ക് പോകുമ്പോൾ അവൾ തന്നെകുറിച്ചു്തന്നെ ചിന്തിച്ചുകൊണ്ടു അത്ഭുതപ്പെടുകയായിരുന്നു……!

പണമുണ്ടാക്കുവാനായി താൻ തെറ്റായ വഴി തെരെഞ്ഞെടുത്തതിനുശേഷം ഏറ്റവും അവസാനം തന്റെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്ന ഈ മനുഷ്യന്റെ പ്രത്യേകതയെന്താണ്……?

തന്നോടുള്ള അമിതമായ അഭിനിവേശമോ…..
അതോ സ്നേഹവും കരുതലുമോ……
അല്ലെങ്കിൽ തന്റേതു മാത്രമായിരിക്കണമെന്ന സ്വാർഥതയോ…..
തന്റെ ചില കാര്യങ്ങളിൽ കാണിക്കുന്ന കരുതലുകൾ പലപ്പോഴും അനിയേട്ടനേക്കാൾ കൂടുതലല്ലേയെന്നു കുറച്ചുമണിക്കൂറുകൾക്കുള്ളിൽ തന്നെ അറിയതെയെങ്കിലും മനസിൽ തോന്നിയിട്ടുണ്ട്…..!

അങ്ങനെയൊക്കെ ഓർത്തുകൊണ്ടു അയാളെ നോക്കിയപ്പോൾ അയാളും എന്തോ ചിന്തലാണ്ടുകൊണ്ടു വണ്ടിയോടിക്കുകയായിരുന്നു.

പേരിലും സംസാരത്തിലും കുസ്രുതികളിലും മാത്രമല്ല ചിലപ്പോഴൊക്കെ കാഴ്‍ചയിലും അയാൾക്ക്‌ അനിയേട്ടനുമായി സാമ്യമുണ്ടെന്നു ഒരിക്കൽക്കൂടി അവൾക്കു തോന്നി…..!

ഇതേപോലെ മറ്റൊരിക്കൽ തോന്നിയത് അയാളുടെ മുറിയിലേക്ക് ആദ്യമായി കയറി ചെന്നപ്പോഴായിരുന്നു……!
പുറംതിരിഞ്ഞിരുന്നു മദ്യപിക്കുകയായിരുന്ന അയാളെ കണ്ടപ്പോൾ ഒരു നിമിഷം തന്റെ ശരീരമാകെ വിറച്ചുപോയിരുന്നു…..!
പരിഹസിച്ചതിന്റെ പേരിൽ കരയുന്നതുകണ്ടപ്പോൾ കുറ്റബോധത്തോടെ ആശ്വസിപ്പിക്കുമ്പോഴും അയാളിൽ അനിയേട്ടമുണ്ടായിരുന്നു……!
താൻ വിളമ്പിക്കൊടുത്തിരുന്ന ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോഴാണ് പിന്നീടു അയാളിൽ അനിയേട്ടനെ കണ്ടെത്തിയത്…..!

അതുകൊണ്ടൊക്കെയാകണം മുറിയിലെ വെളിച്ചം അണഞ്ഞപ്പോൾ അയാളുടെ ചൂടുനിശ്വാസത്തിലും വിയർപ്പിലും താൻ ഒരിക്കൽ കൂടി അനിയേട്ടനെ അറിഞ്ഞതും ആസ്വദിച്ചതും……!

അതിന്റെ പേരിൽതന്നെയാണ് അടങ്ങാത്ത ആസക്തിയോടെയും അഭിനിവേശത്തോടെയും ഇപ്പോഴും അയാൾ തന്നെ കളിയാക്കുന്നതും…..!

അതോർത്തതും എന്തോ ആലോചിച്ചുകൊണ്ടു ഡ്രൈവ് ചെയ്യുകയായിരുന്ന അയാളെ ലജ്ജയോടെ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരിയൂറിക്കൂടുകയും പെട്ടെന്നു തന്നെ മിന്നിമറയുകയും ചെയ്തു…..!

തനിക്കുവേണ്ടി ജീവിച്ചുമരിച്ച ……
തനിക്കുവേണ്ടി പെറ്റമ്മയെപ്പോലും വേണ്ടെന്നുവച്ചിരുന്ന …..
തന്റെ അനിയേട്ടനെ അയാളുടെ സാമീപ്യത്തിൽ താൻ മറന്നുപോകുന്നുണ്ടോ………!
അവൾ കുറ്റബോധത്തോടെ ആലോചിച്ചു.

ഇല്ല അങ്ങനെയൊന്നും മായയ്ക്ക് വേണ്ട…..!

ഇടയ്ക്കിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു അയാളിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന തന്റെ മനസിനെ ശക്തിയോടെ അവൾ പിറകിലേക്ക് വലിച്ചു.

” എന്താ മായമ്മേആലോചിക്കുന്നത്……”

പെട്ടെന്നു ചിരിച്ചുകൊണ്ടുള്ള അയാളുടെ ചോദ്യമാണ് അവളെ ചിന്തയിൽനിനുണർത്തിയത്.

” ഒന്നുമില്ല …….”

പതർച്ചയോടെ ഒറ്റവാക്കിലായിരുന്നു മറുപടി .

“മായമ്മ ഒന്നും മിണ്ടാതിരിക്കുമ്പോൾ എനിക്കൊരു സുഖവുമില്ല …..
എന്തെങ്കിലും പറയൂ മായേ……..”

വണ്ടിയോടിക്കുന്നതിനിടയിൽ മുഖത്തേക്കു നോക്കി കണ്ണിറുക്കികൊണ്ടുള്ള അയാളുടെ ചോദ്യം കേട്ടപ്പോഴും അവൾ ചിരിച്ചതേയുള്ളൂ…..!

” എന്തുപറ്റി……
പെട്ടെന്നു കരണ്ട് പോലെയുണ്ടല്ലോ……”

ഇത്തവണ അയാളുടെ ചോദ്യത്തിൽ നിറയെ വേവലാതിയാണെന്ന് തോന്നിയപ്പോൾ അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

” ഒന്നുമില്ല അനിലേട്ടാ…..
ഞാൻ നിങ്ങളെ കുറിച്ചു ആലോചിക്കുകയായിരുന്നു…..
നിങ്ങളെനിക്കു ചെയ്തു തന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്നലെ രാവിലെവരെ ഞാൻ സ്വപ്നത്തിൽ പോലും കാണാതെ കാര്യങ്ങളാണ്……
നിങ്ങളെ കണ്ടുമുട്ടിയില്ലെങ്കിൽ ഇന്നലെവരെ ഞാൻ ആ ഹോട്ടലിലേക്ക് പോകുമായിരുന്നില്ലേ…..
ഇതിനൊക്കെ എങ്ങനെയാണ് നന്ദി കാണിക്കേണ്ടതെന്നോ…..
ഈ കടങ്ങളൊക്കെ എപ്പോഴാണ് ഞാൻ തിരിച്ചുതരിക എന്നൊക്കെയാണ് ഞാനാലോചിക്കുന്നത് …….”

ചിരിയോടെയാണ് തുടങ്ങിയതെങ്കിലും അവസാനമായപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു.

പക്ഷേ അതിനയാൾ മറുപടിയൊന്നും പറയാതെ ചിരിച്ചതേയുള്ളൂ .

“മായമ്മയ്ക്ക് സിംകാർഡ് വേണ്ടേ ……”

മൊബൈൽ ഫോണുകളും റീചാർജ് കൂപ്പണുകളും സിംകാർഡുകളുമെല്ലാം വിൽക്കുന്ന ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തിയ ശേഷം അയാൾ ചോദിക്കുന്നതു കേട്ടപ്പോൾ അയാളെക്കുറിച്ചോർത്തുകൊണ്ട് അവൾക്ക് വീണ്ടും അത്ഭുതം തോന്നി …….!

താൻ പോലും മറന്നുപോയിരുന്നു സിം കാർഡിന്റെ കാര്യംപോലും ഓർത്തു വച്ചിരിക്കുന്നു …….!
നിസ്സാര കാര്യങ്ങളെ കുറിച്ചുപോലും അയാൾ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ഒരിക്കൽ കൂടി മനസ്സിലായപ്പോൾ അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നുകയും അനിയേട്ടന്റെ മുഖം വീണ്ടും ഒരു നിമിഷം മനസ്സിൽ മിന്നി മറയുകയും ചെയ്തു……!

“ഈ മനുഷ്യന്റെ സ്നേഹത്തിനുമുന്നിൽ എനിക്കു പിടിച്ചു നിൽക്കുവാനുള്ള കരുത്ത് നൽകണേ എന്റെ അനിലയേട്ടാ …….”
ഒരു നിമിഷം മനമുരുകി പ്രാർത്ഥിച്ചു ശേഷമാണ് അവൾ മറുപടി കൊടുത്തത് .

“എൻറെ കയ്യിൽ ഫോട്ടോയും ഐഡികാർഡും ഇല്ലല്ലോ……
പിന്നെങ്ങനെയാണ് സിംകാർഡ് വാങ്ങുന്നത്……..”

പറഞ്ഞപ്പോൾ തന്റെ ശബ്ദം തണുത്തുറഞ്ഞതു പോലെ അവൾക്കു തന്നെ സംശയംതോന്നി .

“സാരമില്ല …..
എൻറെ കയ്യിലുണ്ട് തൽക്കാലം എന്റെപേരിൽ ഒരു സിം കാർഡ് എടുക്കാം പിന്നെ വേണമെങ്കിൽ മായ വേറെ വാങ്ങിക്കോളൂ കേട്ടോ…..
അതുവരെ എനിക്കു മായയുടെ വിവരങ്ങൾ അറിയുവാൻ വേറെ മാർഗങ്ങൾ ഇല്ലല്ലോ മായമ്മേ…….”

നേർത്ത ചിരിയോടെ പറഞ്ഞുകൊണ്ടാണ് അയാൾ കാറിൽ നിന്നും പുറത്തിറങ്ങിയത്.

കടയിലേക്ക് കയറിപ്പോയശേഷം കാറിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവൾക്ക് വല്ലാത്ത വിമ്മിഷട്ടം …..!

വീണ്ടും ഒറ്റപ്പെട്ടുപോയതുപോലെ വല്ലാത്ത അസ്വസ്ഥത…..!
മനസ്സിനുള്ളിൽ എവിടെയോ കാരണം അറിയാത്തൊരു നീറ്റൽ…..!
അയാൾ കാറിനുള്ളിൽ ഇല്ലെങ്കിലും അയാളുടെ ഗന്ധവും കള്ളച്ചിരിയും കുസൃതി കലർന്ന നോട്ടവുമൊക്കെ അവിടെത്തന്നെയുണ്ടെന്നു അവൾക്കു തോന്നി……!

അൽപ്പം സമയം കാത്തിരുന്നിട്ടും അയാൾ തിരിച്ചിറങ്ങുന്നത് കാണാതപ്പോൾ ഷോപ്പിംഗ് ബാഗിൽ നിന്നും പുതിയ വാനിറ്റിബാഗെടുത്തു തിരിച്ചും മറിച്ചും നോക്കിയും സിബ്ബുകൾ വലിച്ചു തുറന്നു പരിശോധിച്ചുകൊണ്ടും
അതിന്റെ ഭംഗി ആസ്വദിച്ചു……!

എന്നിട്ടും തൃപ്തിയാകാതെ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തികൊണ്ടു പ്രീയപ്പെട്ടവരാരോ നൽകിയ വില മതിക്കാനാകാത്ത സമ്മാനംപോലെ ബാഗിൽ ചുണ്ടമർത്തി നെഞ്ചോടടുക്കി അമർത്തിപ്പിടിച്ചശേഷമാണ് സീറ്റിലേക്ക് തിരികെ വച്ചത് ….!

അല്പനിമിഷങ്ങൾ കഴിഞ്ഞു നോക്കിയപ്പോഴും അയാൾ കടയിൽതന്നെ നിൽക്കുന്നുണ്ടായിരുന്നു……!
അയാൾ തിരിച്ചെത്തുമ്പോഴേക്കും പഴയാബാഗിലെ സാധാനങ്ങളൊക്കെയെടുത്തു പുതിയ ബാഗിനുള്ളിലേക്ക് അടുക്കിവയ്ക്കാമെന്നു കരുതിയപ്പോഴാണ് അയാൾ തന്റെ ഷോറൂമിൽ നിന്നും തനിക്കുവേണ്ടി വാങ്ങിയ സാരിയെക്കുറിച്ചോർത്തത്…..!

അയാൾ മൊബൈൽ ഷോപ്പിൽ തന്നെ നിൽക്കുകയാണെന്ന് ഉറപ്പുവരുത്തിയശേഷം ഷോപ്പിംഗ് ബാഗിൽ നിന്നും ധൃതിയിൽ സാരി പുറത്തെടുത്തു മുഖത്തോടു ചേർത്തു പിടിച്ചപ്പോൾ അയാൾ സമ്മാനിച്ച സാരിക്കും അയാളുടെ ഗന്ധമാണെന്ന് അവൾക്കു തോന്നി….!

സാരിയുടെ കുറച്ചുഭാഗം മടക്കുന്നിവർത്തി കൈത്തണ്ടയിലൂടെ നിവർത്തിയിട്ടപ്പോൾ കുങ്കുമത്തോടടുക്കുന്ന ആ ഇളം ചുകപ്പുനിറം തനിക്കു നല്ലപോലെ ചേരുന്നുണ്ടെന്നു തോന്നിയതോടൊപ്പം ഇതുപോലെ വിലകൂടിയ സാരി താനിതുവരെ ധരിച്ചിരുന്നില്ലെന്നും ഇനിയും വിലകൊടുത്തു വാങ്ങുവാൻ സാധ്യതയില്ലെന്നും ആത്മനൊമ്പരത്തോടെ അവൾ ഓർത്തു…..!

ഷോറൂമിൽ വരുന്ന കസ്റ്റമാർമാരെ വില കൂടിയ സാരിവാങ്ങുവാൻ നിർദ്ദേശിക്കുമ്പോഴും…..
അത്തരം സാരികളുടെ ഗുണങ്ങളെക്കുറിച്ചു അവർക്കു വർണ്ണിച്ചു കൊടുക്കുമ്പോഴും പഴകിയതുകാരണം പിഞ്ഞിതുടങ്ങിയ തന്റെ സാരിയെക്കുറിച്ചോർത്തും അതുപോലുള്ള ഒരു സാരിയെങ്കിലും എന്നെങ്കിലും സ്വന്തമാക്കുവാൻ സാധിക്കുമോയെന്നു ചിന്തിച്ചു കൊണ്ടും എത്രയോ തവണ മനസിൽ നെടുവീർപ്പിട്ടിരിക്കുന്നു……!
അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടാണ് സാരികുറച്ചുകൂടി നിവർത്തിയശേഷം അതിന്റെ മുന്താണി തുമ്പെടുത്തു ചുമലിൽ വലിച്ചിട്ടും കൈത്തണ്ടയിലേക്കു താഴ്ത്തിയിട്ടും മാറിന്റെ ഭാഗത്തു നിവർത്തിപ്പിടിച്ചുമൊക്കെ കാറിനുള്ളിലെ കണ്ണാടിയിൽ താണും ചരിഞ്ഞും നോക്കിക്കൊണ്ടു സ്വന്തം സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയത്……!
“ഇതെന്താ……എന്റെ കാറിനുള്ളിൽ ഫാൻസിഡ്രെസ് മത്സരം നടക്കുന്നുണ്ടോ……”
എതിർവശത്തെ വാതിൽ തുറന്നുകൊണ്ടു ചിരിയോടെയുള്ള അയാളുടെ ചോദ്യം കേട്ടപ്പോഴാണ് അയാൾ മൊബൈൽ ഷോപ്പിൽ നിന്നും ഇറങ്ങിയകാര്യം അവളറിഞ്ഞതുതന്നെ……!
അതുകേട്ടയുടനെ അയാളുടെ മുഖത്തുനോക്കി ഇളഭ്യതയോടെ ചിരിച്ചുകൊണ്ട് വേഗത്തിൽ സാരിവലിച്ചുമാറ്റി മടിയിലേക്കു താഴ്ത്തിയിട്ടു.
“ശ്രദ്ധിച്ചു പിടിച്ചു വലിച്ചാൽ മതി…..ഉടുത്തിരുന്ന സാരി കീറിപ്പോകും പറഞ്ഞേക്കാം…അന്ന് ലൈറ്റിന്റെ വെളിച്ചത്തിൽ ഇതിന്റെ കോലം കണ്ടതുകൊണ്ടു രാവിലെ പോയി ഒരു വാങ്ങുവാനുള്ള കാശുമുടക്കുവാൻ പറ്റില്ലെന്നു കരുതി…ഇരുട്ടിലെ ലാത്തിച്ചാർജിനിടയിലും ഞാൻ തന്നെ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്തിരുന്നത്…..”
കാറിനുള്ളിൽ കയറി വാതിലടച്ചശേഷം അന്നത്തെ രാത്രിയിലെ രംഗം ഓർത്തു അയാൾ ഇടതുകൈകൊണ്ടു കണ്ണുകൾപൊത്തി ചിരിക്കുന്നതുകണ്ടപ്പോൾ “ചില ദിവസങ്ങളിൽ രാവിലെയുള്ള അനിയേട്ടന്റെ കുസൃതിത്തരങ്ങൾപോലും അയാളിലുണ്ടെന്നു ഓർത്തുകൊണ്ടു അവൾ തിരിച്ചൊന്നും പ്രതികരിക്കാതെയും അയാൾക്ക്‌ മുഖം കൊടുക്കാതെയും എതിർവശത്തെ കടകളിലേക്കു നോക്കിക്കൊണ്ടു ലജ്ജയോടെ ഊറിച്ചിരിക്കുകയായിരുന്നു.
“മായമ്മേ……..ഫോണെവിടെ…..സിംകാര്ഡിന് കണക്കായ ഫോൺ വാങ്ങുവാൻ പട്ടാത്തതുകൊണ്ടു ഫോണിനു കണക്കായ സിംകാർഡാണ് വാങ്ങിയത് കെട്ടോ…..”
ചിരിയമർത്തി അവൾ നുള്ളിവലിക്കുന്ന അതേപോലെ അവളുടെ കൈവണ്ണയിൽ നുള്ളിവലിച്ചുകൊണ്ടാണ് അയാൾ പറഞ്ഞപ്പോൾ അയാളുടെ മുഖത്തേക്കു നോക്കാതെ പുറത്തേക്കു തന്നെ നോക്കിക്കൊണ്ടാണവൾ പഴയ ബാഗ്‌ വലിച്ചെടുത്തു തുറന്നുകൊണ്ടു ഫോണെടുത്തു അയാൾക്ക്‌ നേരെ നീട്ടിയത്.
“ഫോണും സിംകാര്ഡും ഓക്കെയായി……അരമണിക്കൂർ കഴിയുമ്പോൾ ആക്ടിവേറ്റായിക്കൊള്ളും…..


പിന്നെ ഒരുമാസത്തെ ഡാറ്റയും ആയിരം മിനുട്ട് കാളുമുള്ള ഓഫർ റീചാർജ് ചെയ്തിട്ടുമുണ്ടുകെട്ടോ…..
സിംകാർഡ് ആക്ടിവേറ്റായയുടനെ മോളെ വിളിച്ചോളൂ മായമ്മേ……”

പറഞ്ഞുകൊണ്ട് ഫോൺ അവളുടെ നേരെ നീട്ടിയപ്പോൾ വലതുകൈകൊണ്ടു ഫോൺ വാങ്ങിയശേഷം…..

“എന്നെയെന്തിനാണ് മായമ്മയെന്നു വിളിച്ചുകൊണ്ടിരിക്കുന്നത്…..
നിങ്ങളങ്ങനെ വിളിക്കുമ്പോൾ എനിക്കെന്തോപോലെ തോന്നുന്നുണ്ടെന്നു ഞാൻ പറഞ്ഞതല്ലേ……..”

പല്ലുകൾ അമർത്തി പറഞ്ഞശേഷം ഇടതുകൈകൊണ്ടു നുള്ളിവലിച്ചപ്പോൾ അതു നേരത്തെ സാരിയുടെ കാര്യം പറഞ്ഞതിന്റെ പ്രതിഷേധമാണെന്നു അയാൾക്ക് മനസിലായി…..!

“ശരി മായമ്മേ…..
ഇനി ഞാൻ അങ്ങനെ വിളിക്കുന്നില്ല മായമ്മേ…..
പോരെ മായമ്മേ…….”

വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുക്കുന്നതിനിടയിലുള്ള അയാളുടെ മറുപടി കേട്ടപ്പോൾ അവളും ചിരിച്ചുപോയി……!

“മായേ……
ഞാൻ പറഞ്ഞിരുന്നില്ലേ……
എന്റെ ഓഫീസിലേക്കാണ് പോകുന്നതെന്ന് ദാ….
ആ കാണുന്നതാണ് എന്റെ ഓഫീസ്…….”

അഞ്ചുമിനുട്ടോളം ഓടിയശേഷം ഒരു ബഹുനില കെട്ടിടത്തിന്റെ പാർക്കിലേക്ക് വണ്ടി കയറ്റുന്നതിനിടയിൽ് അയാൾ ഓർമ്മപ്പെടുത്തിയപ്പോൾ അവൾ പുറത്തേക്ക് നോക്കിയത്

നിരവധി വ്യാപാര സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളുമുള്ള നഗരമധ്യത്തിലെ അതിമനോഹരമായ ആ ബഹുനില കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള ഭീമൻ ബോർഡുകളിലൊന്നിൽ “ശിവശങ്കരാ ട്രേഡിങ്‌ കമ്പനി.” യെന്നു കന്നടയിലും ഇഗ്ലീഷിലുമെഴുതിയതു പെട്ടെന്നുതന്നെ കണ്ണിൽപ്പെട്ടപ്പോൾ അവൾ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്കു നോക്കുമ്പോഴേക്കും വണ്ടിക്കരികിലേക്ക് ഓടിയെത്തിയ മധ്യവയസ്ക്കനായ സെക്യൂരിറ്റികാരനോട് കാറിന്റെ ചില്ലുകൾ താഴ്ത്തിക്കൊണ്ടു അയാൾ സ്നേഹത്തോടെ സുഖവിവരങ്ങൾ തിരക്കുന്ന തിരക്കിലായിരുന്നു.

“മായേ…..
ബാഗും ഫോണും പൈസയുമൊക്കെ കയ്യിലെടുത്തു പിടിച്ചോളൂ…..
തുണിയവിടെ കിടന്നോട്ടെ…..
വണ്ടിയുടെ ഗ്ലാസ് അറുത്തുമാറ്റിക്കൊണ്ടു മോഷണം നടത്തുന്ന വിരുതന്മാർവരെ ഇവിടെയുണ്ട്…….”

അയാൾ പുറത്തിറങ്ങിയശേഷവും ആശങ്കയോടെ കാറിൽ തന്നെയിരിക്കുന്ന അവളെനോക്കിയാണ് പറഞ്ഞത്..

“ഞാൻ ഇവിടെയിരുന്നാൽപ്പോരെ അനിലേട്ടാ….”

അപേക്ഷാഭാവത്തിലാണ് മടിയോടെ ചോദിച്ചത്.

“അതൊന്നും ശരിയാവില്ല എന്റെ കൂടെത്തന്നെ വരണം …..
പക്ഷെ മായയുടെ ഷോറൂമിൽ പറഞ്ഞതുപോലെ നുണയൊന്നും ഇവിടെ ആരോടും പറയേണ്ട കെട്ടോ……
നാട്ടിലുണ്ടായിട്ടും മൂന്നു ദിവസമായി ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല……
അതുകൊണ്ടു…..
ഒരുപക്ഷേ എന്റെ കൂടെ മായയെ കണ്ടയുടനെ എനിക്കുമുന്നേ മായയെ നിർത്തിപ്പൊരിക്കുവാനും സാധ്യതയുണ്ട്……!
എന്നാലും സാരമില്ല എനിക്കൊരു കൂട്ടാകുമല്ലോ…..വാ…..”

അയാൾ പറയുന്നതൊന്നും മനസിലാകാതെ പേടിയോടെയും പരിഭ്രമത്തോടെയും അയാളുടെ മുഖത്തേക്കു നോക്കുമ്പോഴേക്കും വലതുകയ്യിൽ പിടിച്ചുകൊണ്ടു അയാൾ മുന്നോട്ടു നടന്നു തുടങ്ങിയിരുന്നു.....




തുടരും...... ♥️


മായാമൊഴി 💖 36

മായാമൊഴി 💖 36

4.8
8436

അയാളുടെ പിറകെത്തന്നെ ഓഫീസുള്ള ബഹുനില കെട്ടിടത്തിനുള്ളിലേക്കു നടക്കുമ്പോൾ അവളുടെ മനസിൽ നിറയെ ആധിയും ഭയാശങ്കകാലമായിരുന്നു…… ഓഫീസിലുള്ള ആരെയോ അയാൾ ഭയക്കുന്നുണ്ടെന്നു അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്….. അതാരായിരിക്കും…..? അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയെന്നും അടുത്ത രക്തബന്ധത്തിപെട്ടവർ ആരുമില്ലെന്നും പറഞ്ഞിരുന്നു….. ഒരു പക്ഷെ അയാളുടെ ഭാര്യയായിരിക്കുമോ….. മറ്റുള്ളവരൊക്കെ പറയുന്നതുപോലെ വിവാഹം കഴിച്ചില്ലെന്നു തന്നോട് നുണ പറഞ്ഞതാകുമോ….? “ഏയ്‌……ആയിരിക്കില്ല….. അനിലേട്ടൻ ഒരിക്കലും നുണപറയില്ല…… അഥവാ വിവാഹം കഴിച്ചതാണെങ്കിൽപ്പോലും തന്നെപ്