Aksharathalukal

മായാമൊഴി 💖 40

“ഇതെന്താ ഒന്നും മിണ്ടാതെ നടന്നുകളഞ്ഞത് ഒന്നുമില്ലെങ്കിലും നാട്ടിലെത്തുന്നതുവരെയെങ്കിലും എന്റെ കൂടെ നടന്നുകൂടെ….
എന്തുപറ്റി മായമ്മേ …..
നേരത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്…..
വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ മുതൽ ആകെ മൂഡോഫ് ആണല്ലോ …..
വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…..”

പുറത്തെ കാഴ്ചകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പുറത്തേക്കിറങ്ങുവാനുള്ള ചില്ലുവാതിലിനരികിൽ തന്നെയും കാത്തുകൊണ്ടു പുറന്തിരിഞ്ഞു നിൽക്കുകയായിരുന്ന അവളുടെ അടുത്തെത്തിയശേഷം സാരിയുടെ മുന്താണിതുമ്പിൽ പിടിച്ചുവലിച്ചുകൊണ്ടാണ് വേവലാതിയോടെ അയാൾ തിരക്കിയത്.

“ഒന്നുമില്ല…..
ചെറിയൊരു തലവേദന പോലെ തോന്നുന്നു…..
നമുക്കു വേഗം നാട്ടിലേക്ക് പോകാം അനിലേട്ടാ…..”

അയാളുടെ മുഖത്തേക്കു നോക്കിയാൽ കരഞ്ഞുപോകുമെന്നു തോന്നിയതുകൊണ്ടു വിദൂരതയിലേക്ക് നോക്കിക്കൊണ്ടാണ് അവളുടെ മറുപടി.

“അയ്യോ…..
അതെന്താ…..ഇത്രപെട്ടൊന്നൊരു തലവേദന ഡോക്ടറെ കാണണോ….
പനിയുണ്ടോ……”

വാതിൽ തുറന്നു പുറത്തിറങ്ങിയശേഷം നടന്നുകൊണ്ടുതന്നെ ചോദിക്കുന്നതിനിടയിൽ അയാളുടെ വിരലുകൾ വേവലാതിയോടെ തന്റെ നെറ്റിയിലും കഴുത്തിലും പനിയും പരതി നടക്കുന്നതുകണ്ടപ്പോൾ നെഞ്ചിനുള്ളിലേക്കു തിരമാലകൾ പോലെ ആർത്തലച്ചുവന്ന കരച്ചിലും ചെറിയൊരു ഇളം കാറ്റിൽ കൊഴിയുവാൻ ഒരുങ്ങിനിൽക്കുന്ന വാടിയ പൂവുപോലെ ചുണ്ടോളമെത്തിയ വിതുമ്പലും അടക്കി നിർത്തുവാൻ അവൾ പാടുപെടുകയായിരുന്നു.

“ഡോക്ടറെ കാണിക്കുകയൊന്നും വേണ്ട ഇടയ്ക്കിടെ ഉണ്ടാകുന്നതാണ് വേഗം പൊയ്ക്കോളും……”

ആധിയോടെയുള്ള അയാളുടെ ചോദ്യത്തിനു നേരത്തെ ബാത്ത്റൂമിൽ നിന്നും പ്രാക്ടീസ് ചെയ്തിരുന്ന കരച്ചിൽ മറയ്ക്കുന്ന ചിരിയോടെയുള്ള അവളുടെ മറുപടികേട്ടപ്പോൾ പിന്നെയൊന്നും അയാൾ പറഞ്ഞില്ല.

“ഇതെങ്ങാനും പൊട്ടിവീണിട്ടുണ്ടെങ്കിൽ എന്റെ മോൾക്ക്‌ അമ്മയുംകൂടെ ഇല്ലാതാകും…..”

ലിഫ്റ്റ് വഴി താഴെക്കിറങ്ങുന്നതിനിടയിൽ അവൾ പിറുപിറുക്കുന്നത് കേട്ടെങ്കിലും അവളുടെ പേടിയെ കുറിച്ചോർത്തുകൊണ്ടു മുഖത്തേക്കു നോക്കി സഹതാപത്തോടെ ചിരിച്ചതെയുള്ളൂ.

“അവളുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിനു കാരണമെന്തായിരിക്കും…..
ആന്റിക്ക് എന്തെങ്കിലും സംശയം തോന്നിയതുകൊണ്ടു വല്ലതും ചോദിക്കുകയോ പറയുകയോ ചെയ്തുകാണുമോ…..?
ഏയ്‌…അതിനു യാതൊരു സാധ്യതയുമില്ല….
ങ്ങനെയെന്തിങ്കിലുമുണ്ടെങ്കിൽ ആന്റി തന്നോടു തന്നെ ചോദിക്കുമായിരുന്നു…..
അവൾ കരഞ്ഞിട്ടുണ്ടെന്നു മുഖവും കണ്ണുകളും പറയാതെ പറയുന്നുണ്ട്….!
പിന്നെന്തിനാണ് അവൾ കരഞ്ഞത്…..?”

ലിഫ്റ്റിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ അയാൾ അതിനെക്കുറിച്ചു തന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്.

ഒന്നും മിണ്ടാതെ കാറിൽ കയറിയിരുന്നശേഷം സൂഷ്മതയോടെ അവൾ പതുക്കെ വാതിൽ വലിച്ചടക്കുന്നതും….
ഒന്നുകൂടി അനങ്ങിയിരുന്നുകൊണ്ടു പുറകിലുള്ള സാരിയുടെ മുന്താണിതുമ്പു വലിച്ചെടുത്തു സ്വന്തം മടിയിലേക്കിട്ടശേഷം വാനിറ്റി ബാഗെടുത്തു അതിനുമുകളിൽ വയ്ക്കുന്നതും……
വാതിലിന്റെ ചില്ലു താഴ്ത്തുന്നതിനുവേണ്ടിയാകണം എവിടെയൊക്കെയോ പിടിച്ചുവലിക്കുകയും തിരിച്ചുനോക്കുകയുമൊക്കെ ചെയ്തിട്ടും സാധിക്കാതെ വന്നപ്പോൾ പരാജയം സമ്മതിച്ചുകൊണ്ടു കൈപ്പത്തികൾ രണ്ടും കോർത്തു പിടിച്ചു വാനിറ്റി ബാഗിനുമുകളിൽ വച്ചതിനുശേഷം തനിക്കു മുഖം നൽകാതെ ഇടതുവശത്തെ ചില്ലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നതുമൊക്കെ കാറിന്റെ സ്റ്റീയറിങ് വീലിൽ താളമിട്ടുകൊണ്ടു സാകൂതം വീക്ഷിച്ചുകൊണ്ടാണ് ചിരിയോടെ അയാൾ തിരക്കിയത്.

“മായയോട് ആന്റിയെന്തെങ്കിലും ചോദിച്ചിരുന്നോ…?”

പുറത്തേക്കു നോക്കിക്കൊണ്ടുതന്നെ ഒന്നും പറഞ്ഞില്ലെന്ന അർത്ഥത്തിൽ നാവുകൊണ്ടും പല്ലുകൊണ്ടുമുണ്ടാക്കിയ പല്ലി ചിലക്കുന്നതുപോലുള്ള ശബ്ദം മാത്രമായിരുന്നു അതിനുള്ള മറുപടി…..!

“എന്റെ ആന്റിയല്ലെ ഒന്നും പറയില്ലെന്നു എനിക്കറിയാം…..”

ആശ്വാസത്തോടെ താൻ പറഞ്ഞുതീർന്നയുടനെ പുറത്തേക്കു നോക്കിക്കൊണ്ടുതന്നെ “ബേ…..ബേ…..എന്ന ശബ്ദമുണ്ടാക്കി താൻ പറഞ്ഞിരുന്ന അതേ വാചകം അതേപോലെ കൊഞ്ഞനംകുത്തലിലൂടെ അനുകരിച്ചുകൊണ്ടു അവൾ പതുക്കെ പിറുപിറുക്കുന്നത് കേട്ടപ്പോൾ അയാൾക്ക് അമ്പരപ്പാണ് തോന്നിയത്.

ആന്റിയെന്തെങ്കിലും പറഞ്ഞുകാണും…..
പാവം ആന്റിയെ കുറിച്ചു അവൾക്കെന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഇപ്പോൾ തന്നെ തിരുത്തിക്കൊടുക്കണമെന്നും അയാൾ മനസിൽ ഉറപ്പിച്ചു.

“മായ കരഞ്ഞോ…..”

വണ്ടിമുന്നോട്ടെടുക്കുന്നതിനിടയിലാണ് അയാൾ തിരക്കിയത്.

“ഒന്നുപോയേ……
വെറുതെ കരയുവാൻ എനിക്കെന്താ പ്രാന്താല്ലേ……”

അലക്ഷ്യമായി റോഡിലേക്ക് നോക്കിക്കൊണ്ടുതന്നെയാണ് മറുപടി…..!

“കാളാനല്ലെ(കരയുവാൻ)മായമ്മ ബാത്ത്റൂമിൽ കയറിയത്……”

അവളുടെ നാട്ടുഭാഷയിൽ തന്നെ ചിരിയോടെ ചോദിച്ചപ്പോൾ കണ്ണുകൾ മുഴുവൻ മിഴിച്ചുള്ള തുറിച്ചുനോട്ടം മാത്രമായിരുന്നു മറുപടി.

“ഇങ്ങനെ നോക്കരുതെന്നു ഇന്നലെ മുതൽ ഞാൻ പറയുന്നുണ്ട്….!
ബാക്കിയുള്ളവൻ ഒരുവിധം വഴിമാറി നടക്കുവാൻ ശ്രമിക്കുമ്പോൾ വീണ്ടും നോക്കി കൊതിപ്പിക്കല്ലേ…..
ഇനിയും ഇങ്ങനെ എന്നെ നോക്കിയാൽ കണ്ണുകൾ രണ്ടും ഞാൻ കുത്തിപ്പൊട്ടിച്ചു കളയും…..! ”

വലതുകയ്യിലെ രണ്ടുവിരലുകൾ അവൾക്കു നേരെ നീട്ടിപ്പിടിച്ചുകൊണ്ടാണ് തമാശരൂപത്തിൽ അയാൾ ഭീഷണിപ്പെടുത്തിയത് .

“പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല……
എന്നു പറഞ്ഞതുപോലെയാണ് മായയുടെ കാര്യം……”

ആത്മഗതം പോലെ തുടർന്നും പറയുന്നതു കേട്ടപ്പോൾ അയാളോട് തുറന്നുപറഞ്ഞാലോ എന്നവൾക്ക് തോന്നിയെങ്കിലും മനസിനുള്ളിലെ കുറ്റബോധവും താൻ അയോഗ്യയാണെന്ന തോന്നലും വീണ്ടും വിലക്കി……!

“ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ ഓടിക്കയറി കരയുവാൻ പോകുന്ന സ്ഥലത്തൊക്കെ ബാത്ത്റൂമുകളുള്ളത് നന്നായി…….!
ഇല്ലെങ്കിൽ പണിയായേനെ……!

ശ്ശൊ…..
ഇങ്ങനെയാണെങ്കിൽ ഒരു ബാത്ത്റൂം അറ്റാച്ഡ് വാനിറ്റി ബാഗ് വാങ്ങിയാൽ മതിയായിരുന്നു…..!
ആരെങ്കിലും വല്ലതും പറഞ്ഞു കഴിഞ്ഞാലുടനെ കരയണമെന്നു തോന്നിയാൽ ബാഗ് തുറന്നു അതിനുള്ളിലിരുന്നു കരയുക…..!
കരഞ്ഞു തീർന്നാൽ മുഖം കഴുകിയശേഷം പുറത്തിറങ്ങി ബാഗ് അടക്കുക…….”

വണ്ടി ഗേറ്റുകടന്നു പുറത്തേക്കിറങ്ങുന്നതിനിടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് കണ്ണാടിയിലൂടെ നോക്കിയപ്പോൾ പുറത്തേക്ക്‌നോക്കി അവൾ ചിരിയമർത്തുവാൻ പാടുപെടുന്നത് കണ്ടതും അയാൾക്ക് സമാധാനമായി……!

“സ്വന്തം ആളുകളെ കാണുമ്പോൾ വല്ല്യ പൊങ്ങച്ചം കാണിക്കരുത് കെട്ടാ…….”

പല്ലുകടിച്ചുപിടിച്ചുകൊണ്ടു പതിവുപോലെ കാലിൽ അമർത്തി നുള്ളിവലിച്ചാണ് ഇത്തവണ മറുപടി കിട്ടിയത്.

അപ്രതീക്ഷിതമായ മിന്നലാക്രമണത്തിൽ കാലിൽ നന്നായി വേദനിച്ചെങ്കിലും അവൾ പ്രകോപിതായാകുന്നതും പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതും കണ്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നി.

“ഞാൻ മായയോടെന്തു പൊങ്ങച്ചമാണ് കാണിച്ചത്……”

അയാളുടെ ചോദ്യം കേട്ടപ്പോൾ അവളും അതുതന്നെ ആലോചിക്കുകയായിരുന്നു…..!
അനിലേട്ടൻ തന്നോടെന്തു പൊങ്ങച്ചമാണ് കാണിച്ചത്……!
ഇല്ല…..
ഒന്നുമില്ല……
പിന്നെ താൻ എന്തിനാണങ്ങനെ പറഞ്ഞത്…..
എന്തുകൊണ്ടാണ് തനിക്കങ്ങനെ തോന്നിയത്…..!
സ്വയം ചോദിച്ചുനോക്കിയെങ്കിലും ഉത്തരം കിട്ടിയതുമില്ല……!

“പറ…… മായമ്മേ……
ഞാനെന്താ മായമ്മയോട് കാട്ടിയത്……”

വീണ്ടും അയാളുടെ ചോദ്യമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്.
“ഇപ്പോൾ മായമ്മേ കോയമ്മേയെന്നൊക്കെ വിളിക്കുന്നുണ്ടല്ലോ അവിടെയെത്തിയതിൽ പിന്നെ എന്നെ മൈൻഡ് ചെയ്തില്ലല്ലോ…..
മിണ്ടിയതുപോലുമില്ല……”

എന്തെങ്കിലും പറയണമല്ലോയെന്നു കരുതിയാണ് അയാൾക്ക് മുഖം കൊടുക്കാതെ പിറുപിറുത്തത്.

“ഓഹോ….അതാണോ കാര്യം…..
ചെറിയ കുട്ടികളെപ്പോലുള്ള മായയുടെ ചിലപ്പോഴത്തെ സംസാരം കേൾക്കുമ്പോൾ എനിക്കു ചിരിവരുന്നുണ്ട്……”

അവളെ അനുകമ്പയോടെ നോക്കിയശേഷം പൊട്ടിച്ചിരിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്.

” നല്ലോണം കൂടുന്നതിനുമുന്നേ……
ഊളമ്പാറയിലോ…..
കുതിരവട്ടത്തോ കാണിച്ചോ …..
അതാണ് നല്ലത്…….”

“എന്നെക്കുറിച്ചോർക്കുമ്പോൾ എനിക്കുപോലും ചിരിവരുന്നുണ്ട് അനിലേട്ടാ……”യെന്നു മനസിൽ തേങ്ങിയ്തിനു ശേഷമാണ് അയാൾക്ക്‌ കേൾക്കുവാൻവേണ്ടി അവൾ വീണ്ടും മനപ്പൂർവം പിറുപിറുത്തത്.

അതിനും കണ്ണാടിയിലൂടെ മനസുനിറഞ്ഞൊരു പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മറുപടി.

ഇങ്ങോട്ടു വന്നതുപോലെ മുട്ടിയുരുമ്മിയല്ല …..
തിരിച്ചുപോകുമ്പോൽ അവൾ കാറിനുള്ളിൽ ഇരിക്കുന്നതെന്നും……!
തികച്ചും അപരിതനായ ഒരാളെ ഭ്രഷ്ട് കല്പിച്ചുകൊണ്ടു അകറ്റിനിർത്തുന്നതുപോലെ
വണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ അറിയാത്തപോലും തന്റെ ദേഹത്തു ഒട്ടും സ്പർശിക്കാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കുകയും ……
അബദ്ധവശാൽ കാറ്റിൽ സാരിയുടെ തുമ്പുപോലും തന്റെ ദേഹത്തു പതിയാതിരിക്കുവാൻ ഇടയ്ക്കിടെ മുടിമാടിയൊതുക്കുന്നതിനിടയിൽ സാരിയൊക്കെ കഴിയുന്നതും ഒതുക്കിപ്പിടിച്ചുകൊണ്ടു കാറിന്റെ വാതിലിന്റെ ഭാഗത്തേക്ക് ഒതുങ്ങിയിരിക്കുവാൻ അവൾ ബദ്ധശ്രദ്ധയായിരിക്കുകയാണെന്നുമൊക്കെ വണ്ടി ഹൈവേയിലേക്കു കയറിയപ്പോഴാണ് അയാൾക്കും മനസിലായത്……!

അതോടെ അയാൾക്കുള്ളിലെ കുസൃതിക്കാരനായ കൗമാരക്കാരൻ ജാഗരൂകനായി ഉണർന്നു.

“ഓഹോ …..
അത്രയ്ക്കായോ…..
ആന്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനെന്തു പിഴച്ചു…..!
ഇതെങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…..!

ഹൈവേയിൽ നിന്നും ഇടറോഡിലേക്കു കാർ തിരിഞ്ഞപ്പോഴും അവൾ തന്നോടു ഒരക്ഷരം പോലും മിണ്ടുകയോ തനിക്കു മുഖം നൽകുകയോ ചെയ്യാതെ വശത്തെ ചില്ലിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുകയാണെന്നും മനസിലുള്ള അസ്വസ്ഥതയുടെ കടലിരമ്പം മടിയിലെ വാനിറ്റി ബാഗിനുമുകളിലുള്ള കൈവിരലുകളിൽ ഞൊട്ടയിട്ടും ഇടയ്ക്കിടെ കൂട്ടിത്തിരുമ്മിയും പ്രകടിപ്പിക്കുന്നതും അയാൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

“എന്തായിരിക്കും പെട്ടന്നവളെ ഇത്രയും അസ്വസ്ഥതയാക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയതുമില്ല…..!

“മായമ്മേ…..
എന്റെ ആന്റിയെങ്ങനെയുണ്ട്…..”

അല്പസമയംകൂടെ ക്ഷമിച്ചിരുന്നത്തിനുശേഷം ഡ്രൈവുചെയ്യുന്നതിനിടയിൽ അവൾ നുള്ളിയതിന്റെ ഇരട്ടിശക്തിയോടെ ഇടതുകൈകൊണ്ടു അവളുടെ വയറിന്റെ വലതുഭാഗത്ത് മിന്നൽവേഗത്തിൽ സാരിയടക്കംനുള്ളിവലിച്ചുകൊണ്ടാണ് മനപ്പൂർവം അയാൾ പ്രകോപിപ്പിച്ചു നോക്കിയത്….!

നിനച്ചിരിക്കാതെ മാംസളമായ ഭാഗത്തുതന്നെ വേദനിച്ചപ്പോൾ അവൾ ഞെട്ടിപ്പോയെന്നു പെട്ടെന്നു തന്നെ അരിശത്തോടെ തിരിഞ്ഞുനോക്കുന്നതുകണ്ടപ്പോൾ ഊഹിച്ചെങ്കിലും
വേദനിച്ചതുകൊണ്ടാകണം കണ്ണുകൾ നിറഞ്ഞിരിക്കുന്നെന്നു തിരിച്ചറിഞ്ഞപ്പോൾ വിഷമവും തോന്നി…..!

അരിശത്തോടെ തന്റെ മുഖത്തേക്കുത്തന്നെ നോക്കിയിക്കുന്ന അവളെ നോക്കി …..
“ഇപ്പോൾ എങ്ങനെയുണ്ടെന്ന ……”
അർത്ഥത്തിൽ കഥകളിക്കാരെപ്പോലെ പുരികക്കൊടിവളച്ചുകൊണ്ട് ഊറിച്ചിരിക്കുന്നതിനിടയിൽ ദേഷ്യപ്പെടുമ്പോഴും അവളുടെ കണ്ണുകൾക്ക്‌ വല്ലാത്തൊരു മാസ്മരികതയാണെന്നോർത്തു ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തികളിക്കുവാൻ തുടങ്ങുമ്പോഴാണ് സ്റ്റീയറിങ് പിടിച്ചിരുന്ന ഇടതുകൈതണ്ടയിൽ തന്നെ തുടർച്ചയായി രണ്ടുതവണ അവളുടെ കൈപ്പത്തികൊണ്ടുള്ള താഡനമേറ്റത്……!

“ഇതു ചോദിക്കാനാണോ…..
ഇങ്ങനെ നുള്ളിവേദനിപ്പിച്ചത്……!
ഞാനിങ്ങനെയൊന്നും വേദനിപ്പിക്കാറില്ലല്ലോ…..!

തടയുവാൻ ശ്രമിക്കുന്നതിനുമുന്നേയാണ് പൂച്ചമാന്തുന്നതുപോലെ കൈത്തണ്ടയിലും കാലിലും നുള്ളിവലിച്ചതും വേദനിച്ച പൂച്ചയെപ്പോലെ കരയുന്ന ശബ്ദത്തിൽ ചീറിയതും… …..!

അവളിൽ നിന്നും താൻ പ്രതീക്ഷിക്കുന്നതൊക്കെ ഒന്നിച്ചുകിട്ടിയതോടെ ഏറെ അസ്വസ്ഥനായിരിക്കുന്ന അവസരത്തിൽ ഒരു സിഗരറ്റ് പുകച്ചാൽ കിട്ടുന്നതുപോലുള്ള ആശ്വാസം തനിക്കു കിട്ടിയതായും അത്ഭുതത്തോടെ അയാളും മനസിലാക്കി….!

ഡ്രൈവ്ചെയ്യുന്നതിനിടയിൽ അൽപ്പനേരം ചിന്തകൾ എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞു തിരിച്ചെത്തിയശേഷമാണ് കണ്ണാടിയിലൂടെ കണ്ണുകൾ വീണ്ടും അവളുടെ നേരെ തിരിഞ്ഞത്…..!

പുറത്തേക്കുള്ള നേട്ടം മതിയാക്കിയ അവൾ തലയും താഴ്ത്തിയിരുന്നുകൊണ്ടു സാരിയുടെ മുന്താണിത്തുമ്പു ഞൊറിഞ്ഞെടുത്തു അടിഭാഗം കൈപ്പത്തിക്കുള്ളിൽ അമർത്തി പിടിച്ചുകൊണ്ടു വിശറിയാക്കുന്ന തിരക്കിലാണ്…..
അതിനിടെ ഏറുകണ്ണിട്ടു ഡ്രൈവിങ് സീറ്റിലേക്ക് നോക്കുന്നുമുണ്ടായിരുന്നു……!

അവൾ ആദ്യമായി തന്റെ മുന്നിലെത്തിയ ഹോട്ടലിലെ രാത്രി മുതൽ നോക്കുമ്പോഴൊക്കെ ആദ്യം തന്റെ കണ്ണിൽപ്പെടുന്നത് ധരിച്ചിരുന്ന സാരികൊണ്ടുള്ള അവളുടെ അഭ്യാസപ്രകടനങ്ങളാണല്ലോയെന്നു മനസിലോർത്തപ്പോൾ ഇടയ്ക്ക് രേഷ്മ ഉപയോഗിക്കാറുള്ളതുപോലെ ലഗിൻസും ഷോർട്ട് ടോപ്പും,ജീൻസ് പാന്റ്‌സും ടീഷർട്ടും ഷർട്ടുമൊക്കെ ധരിച്ചുകൊണ്ടുള്ള മായമ്മയെ വെറുതെ മനസിൽ സങ്കൽപ്പിച്ചു നോക്കിയപ്പോൾ എത്ര അമർത്തി പിടിച്ചിട്ടും അയാൾക്ക് ചിരിയടക്കാനായില്ല…..!

“ഓ….. വീണ്ടും ഇളകിത്തുടങ്ങിയെന്നു തോന്നുന്നു……
വേഗം കാണിച്ചിച്ചില്ലെങ്കിൽ രക്ഷയുണ്ടാവില്ല…..”

കഴുത്തുവെട്ടിച്ചു ഈർഷ്യയോടെ പിറുപിറുത്തുകൊണ്ടു അവൾ വീണ്ടും വാതിലിനടുത്തേക്കു ഒതുങ്ങിയിരിക്കുന്നത് കണ്ടപ്പോഴാണ് സാധാരണ ചെയ്യുന്നതുപോലെ ഹോട്ടലിലെ രാത്രിയെക്കുറിച്ചോർത്താണ് താൻ കളിയാക്കി ചിരിച്ചതെന്നു അവൾ തെറ്റിദ്ധരിച്ചിരിക്കുയാണെന്നു അയാൾക്ക്‌ മനസിലായത്…..!

“മായേ…..”

വിളിച്ചുനോക്കിയെങ്കിലും മരുവശത്തുനിന്നും പ്രതികരണമൊന്നുമില്ല…..!
ഇടതുകയ്യിൽ സാരിയുടെ വിശറിയുമായി അവളിരിക്കുന്ന ഭാഗത്തെ പുറം കാഴ്ചകളിൽ കണ്ണുംനട്ടിരിക്കുകയാണ്…..!

“മായമ്മേ…..ദേ……
ഇങ്ങോട്ടു നോക്കിയേ…….”

താടിയിൽ പിടിച്ചപ്പോൾ അൽപ്പം ബലം പിടിച്ചശേഷമാണ് മുഖത്തേക്കു നോക്കിയതെങ്കിലും കുറെ നേരത്തിനുശേഷം അവളെ സ്പര്ശിച്ചപ്പോൾ അവളുടെ ശരീരത്തിന്റെ നേർത്തചൂട് വൈദ്യുത തരംഗങ്ങൾ പോലെ തന്റെ ശരീരത്തിലേക്കും പടരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

“ഇപ്പോഴെന്താണ് മായയുടെ പ്രശ്നം……
എന്താണെങ്കിലും എന്നോട് പറയൂ…”

ശ്രദ്ധയോടെ വണ്ടിയോടിക്കുന്നതിനിടയിൽ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്കു നോക്കിയാണ് അയാൾ തിരക്കിയത്.

ഒന്നുമില്ലെന്നു പല്ലിചിലയ്ക്കുന്ന തരത്തിലുള്ള ശബ്ദം മാത്രമായിയുന്നു മറുപടി.

“ആന്റിയെന്തെങ്കിലും അറിയാതെ പറഞ്ഞുപോയിട്ടുണ്ടെങ്കിൽ ആന്റിക്കുവേണ്ടി ഞാൻ സോറി പറയുന്നു കെട്ടോ…….”

വലതുകയ്യിൽ സ്റ്റീയറിങ്ങും ഇടതുകൈകുമ്പിളിൽ തന്റെ താടിയും പിടിച്ചുകൊണ്ടുള്ള അയാളുടെ ക്ഷമാപണം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിപ്പോയി.

“അതിനവർ എന്നോടൊന്നും മോശമായി പറഞ്ഞില്ലല്ലോ……”

അരുതെന്ന ഭാവത്തിൽ മുഖത്തേക്കു നോക്കിക്കൊണ്ടു പതിഞ്ഞ ശബ്ദത്തിലാണ് പറഞ്ഞത്

“അഥവാ ആന്റിയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലപ്പോലും അതു മായമ്മയുടെ ഗുണത്തിനുവേണ്ടിയാകും അല്ലാതെ വേറെയൊന്നും ആന്റിക്ക് പറയാനറിയില്ല….
പറയുകയുമില്ല…..
അതാണ് ആന്റിയുടെ സ്വാഭാവം…..”

അയാൾ പറഞ്ഞതിൽ വരികൾക്കിടയിലൂടെ പലതും വായിച്ചെടുക്കുവാനുണ്ടെന്നു സ്വയം തോന്നിയപ്പോൾ പിടച്ചിലോടെയാണവൾ അയാളുടെ നേരെ മുഖമുയർത്തിയത്.

“ശരിക്കും മായയ്ക്കൊക്കെ മാതൃകയാക്കുവാൻ പറ്റിയൊരാളാണ് ആന്റി…..

കാരണം മായമ്മേയെക്കാൾ വലിയ കഥയാണ് ആന്റിയുടേത്….
മായയുടെ അനിയേട്ടൻ മരിച്ചുപോയതാണെങ്കിൽ……
ആന്റിയെയും ഒന്നുംമൂന്നും വയസുള്ള രണ്ടുമക്കളെയും ഉപേക്ഷിച്ചുകൊണ്ടു മൈക്കാട് പണിക്കാരനായ ആന്റിയുടെ ഭർത്താവ് കൂടെ ജോലിചെയ്യുന്ന സ്ത്രീയോടൊന്നിച്ചു ഒളിച്ചോടുകയാണ് ചെയ്തതെന്നുമാത്രം…..”

“അതുപോലെയൊക്കെ ചെയ്യുന്നവരെ വെടിവച്ചു കൊല്ലുകയാണു വേണ്ടത്……”

അയാൾ നിർത്തിയപ്പോൾ മുരളുന്നതുപോലെയാണ് അവൾ മറുപടി പറഞ്ഞത്.

“ആന്റിക്കിപ്പോൾ ഒരു അമ്പതു വയസുകഴിഞ്ഞുകാണും എന്നിട്ടുപോലും അവരുടെ മുഖശ്രീയും സൗന്ദര്യവും കണ്ടോ……
അപ്പോൾപ്പിന്നെ മായയുടെ പ്രായത്തിലൊക്കെ അവർക്ക് എന്തുമാത്രം ഭംഗിയുണ്ടായിരിക്കുമെന്നു ആലോചിച്ചു നോക്കിയേ……
ഭർത്താവുണ്ടായിട്ടും രണ്ടുമക്കളെയും ചേർത്തുപിടിച്ചുകൊണ്ടു വിധവയെപ്പോലെ ജീവിക്കേണ്ടിവന്നിരുന്ന അവസ്ഥയെക്കുറിച്ചു ആന്റി ഇപ്പോഴും ഇടയ്ക്കിടെ പറയും…..
പക്‌ഷേ …..
അവർ ആരുടെ മുന്നിലും കൈനീട്ടുകയോ കൈകൂപ്പുകയോ ചെയ്തിട്ടില്ല…..!
ആർക്കും തോറ്റുകൊടുത്തതുമില്ല……!”
പകരം അന്തസ്സായി ജീവിച്ചു ജയിച്ചുകാണിക്കുകയാണ് ചെയ്തത്.
മകനെ പഠിപ്പിച്ചു ബാങ്ക് മാനേജരാക്കി…..!
മകൾ ഗവർമെന്റ് ഹൈ സ്‌കൂൾ ടീച്ചറും……!

അവസാനവാചകങ്ങൾ പറഞ്ഞുകൊണ്ട് തന്റെ മുഖത്തേക്കു നോക്കിയപ്പോൾ അതിലൊരു കുറ്റപ്പെടുത്തലും ഓർമ്മപ്പെടുത്തലുമുണ്ടെന്നു തോന്നിയതുകൊണ്ടു അവൾ വേഗം മുഖം കുനിച്ചു.

അച്ഛൻ നാട്ടിലെ രണ്ടുമുറി പീടികയിൽ തുടങ്ങിയിരുന്ന “ജയാ റെഡിമെയ്ഡ്സ്” പച്ചപിടിച്ചുതുടങ്ങിയ സമയത്താണ് അച്ഛന്റെ ഏതോ കൂട്ടുകാരന്റെ ശുപാർശയിൽ മായയെപ്പോലെ ആന്റിയും അവിടെ സെയിൽസ് ഗേളായി അവിടെ ജോലിക്കു വരുന്നത്….
രണ്ടുവർഷം കഴിഞ്ഞപ്പോൾ ടൗണിൽ കുറച്ചുകൂടെ വലിയ “ജയാ കളക്ഷൻ തുടങ്ങിയപ്പോൾ ആന്റിയെ അങ്ങോട്ടുമാറ്റി……”

“ജയാ കളക്ഷനും അനിലേട്ടന്റേതാണോ….”

അയാൾ ഇടയ്ക്കു നിർത്തിയപ്പോൾ അമ്പരപ്പോടെയാണ് അവൾ തിരക്കിയത്.

“ജയാ റെഡിമെയ്ഡ്സ്…..
ജയാ കളക്ഷൻ…..
ജയാ സാരീസ്……
എല്ലാം ഞങ്ങളുടേതുതന്നെ……”

നിസാരഭാവത്തിൽ എളിമയോടെ പറയുമ്പോഴും ഏറ്റവും പ്രധാനപ്പെട്ടതിന്റെ കാര്യം തന്നോടു വെളിപ്പെടുത്തിയിട്ടില്ലെന്നും അവൾ മനസ്സിലോർത്തു.

ഒപ്പം അയാൾ താൻ ഊഹിക്കുന്നതിനെക്കാൾ വലിയ സമ്പന്നനാണെന്നറിഞ്ഞപ്പോൾ മനസിൽ വല്ലാത്തൊരു നിരാശയും തോന്നിത്തുടങ്ങി…..!
അയാളെ കാണേണ്ടായിരുന്നു…..
പരിചയപ്പെടരുതായിരുന്നു……
ഇത്രയും അടുക്കരുതായിരുന്നു…….
അല്ലെങ്കിൽ തന്റെ അനിയേട്ടനെപ്പോലെ അയാളുമൊരു കൂലിപ്പണിക്കാരനായാൽ മതിയായിരുന്നു…..!

അവൾ വെറുതെ മോഹിച്ചുപോയി…!

“ജയാ സാരീസ് ” തുടങ്ങിയപ്പോൾ മുതൽ ആന്റിയങ്ങനെ എല്ലാസ്ഥാപനങ്ങളുടെയും മേല്നോട്ടക്കാരിയും നടത്തിപ്പുകാരിയുമൊക്കെയായിമാറി……
അല്ലെങ്കിൽ അതിനുശേഷം അച്ഛന്റെ പണംകൊണ്ട് ആന്റി ബിസിനസ് നടത്തുകയും ലാഭം മുഴുവനും അച്ഛനുതന്നെ നൽകിയെന്നു പറയുന്നതാകും ശരി……”

അയാൾ തുടർന്നു പറയുന്നതു കേട്ടപ്പോഴാണ് അവൾ ചിന്തയിൽനിന്നും ഞെട്ടിയുണർന്നുകൊണ്ടു അതെന്താണ് അങ്ങനെ പറഞ്ഞത് എന്ന ഭാവത്തിൽ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്കു നോക്കിയത്.

“ജയാ സാരീസ് തുടങ്ങി അധികം കഴിയുന്നതിനുമുന്നേ അച്ഛനും അമ്മയും തമ്മിലും ചില പ്രശ്നങ്ങൾ തുടങ്ങി…..
അതിനു കാരണം അവരുടെ ജീവിതത്തിനിടയിലേക്ക് ധൂമഹേതുവിനെപ്പോലെ ക്ഷണിക്കാതെ കയറി വന്നിരുന്ന ഞാൻ മാമനെന്നു വിളിച്ചിരുന്ന അമ്മയുടെ ഒരു ബന്ധുവായിരുന്നു…..!
ഒരു ദിവസം അച്ഛൻ അമ്മയെയും അയാളെയും അരുതാത്ത രീതിയിൽ കണ്ടെന്നാണ് പറയുന്നത്….!
അന്നു തീർന്നതാണ് അച്ഛന്റെയും അമ്മയുടെയും ജീവിതവും…..!
അതോടെ പതിമൂന്നാമത്തെ വയസിൽ എന്റെ സന്തോഷവും സമാധാനവും പോയിക്കിട്ടി….!”

സ്വയം പരിഹസിക്കുന്നതുപോലെ പറഞ്ഞശേഷം അയാൾ ഒരു ദീർഘനിശ്വാസമുതിർക്കുന്നത് കണ്ടപ്പോഴാണ് അനിമോളെക്കൊണ്ടു മാമൻ എന്നുവിളിപ്പിക്കരുതെന്നു അയാൾ കർശനമായി വിലക്കിയതിന്റെ കാരണം അവൾക്കു ബോധ്യമായത്.

“അതിനുശേഷം അച്ഛനും അമ്മയും വേർപിരിഞ്ഞോ……’

കണ്ണുകളിൽ നിറയെ അനുകമ്പ നിറച്ചുകൊണ്ടാണ് പതിയെ ചോദിച്ചത്.

“വേർപിരിഞ്ഞൊന്നുമില്ല…
മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ വേണ്ടിമാത്രം ഒന്നിച്ചു ജീവിച്ചു…..!
അതിനേക്കാൾ നല്ലത് അവർ വേർപിരിയുന്നതായിരുന്നെന്നു പിന്നീട് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്….!
അത്രയ്ക്ക് ദുസ്സഹമായിരുന്നു വീട്ടിലെ ജീവിതം…!
പരസ്പരം സംസാരിക്കാത്ത രണ്ടാത്മാക്കൾ….!
അവർക്ക് പരസ്പരം എന്തെങ്കിലും പറയുവാൻ മാത്രമുള്ള ഇടനിലക്കാരനായി ഈ ഞാനും…..!
ആവശ്യങ്ങൾ ചോദിച്ചാലല്ലാതെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും അറിഞ്ഞുകൊണ്ട് ഒന്നും ലഭിക്കാത്ത അവസ്ഥ…!
അമ്മയെ തോല്പിക്കുവാൻ അച്ഛൻ മുഴുക്കുടിയനായി തുടങ്ങി…..!

അമ്മയ്ക്കാണെങ്കിൽ അതിനും കുറച്ചുമുന്നേതന്നെ അൽപ്പം സാമ്പത്തിക ശേഷിയുള്ളവർക്കൊക്കെ തുടങ്ങുന്ന ഇപ്പോഴത്തെ ഫാഷൻ രോഗം തുടങ്ങിയിരുന്നു……
അമിതമായ ഭക്തി……!
പൂജകൾ…
വഴിപാടുകൾ
ഭജനകൾ….
നാമജപം….
അടിക്കടിയുള്ള തീർത്ഥാടനം തുടങ്ങിയവ….

ഈ സംഭവത്തോടെ കുറ്റബോധം കൊണ്ടാണോ അച്ഛനോടുള്ള പക തീർക്കുവാനാണോ എന്നറിയില്ല ‘അമ്മ ഫുൾടൈം ഭക്തയായിമാറി…..!
പിന്നെപ്പിന്നെ ദൈവങ്ങൾക്ക് ശക്തിയില്ലെന്നു തോന്നിയതുകൊണ്ടാകണം മനുഷ്യദൈവങ്ങളുമായിട്ടായിരുന്നു കൂടുതൽ സഹവാസം ….!
എപ്പോൾ നോക്കിയാലും പ്രാർത്ഥന….
ഭജന….
പാദപൂജ….
യോഗ….
ഉലക്ക …
കുണ്ടാമണ്ടി……”

തമാശപോലെ ചിരിച്ചുകൊണ്ടാണ് പറഞ്ഞുനിർത്തിയതെങ്കിലും അയാളുടെ മനസിലിപ്പോഴും അച്ഛനോടും അമ്മയോടുമുള്ള ദേഷ്യമുണ്ടെന്നു മുഖഭാവത്തിൽനിന്നും അവൾക്കു മനസിലായി.

അതോടെ അയാളോട് വല്ലാത്തൊരു അനുകമ്പയും സഹതാപവും തോന്നുന്നുണ്ടായിരുന്നു.

“സാരമില്ല അതൊക്കെ കഴിഞ്ഞ കഥകളല്ലേ….. പോട്ടെ……”
എന്നുപറഞ്ഞുകൊണ്ടു ഒരു അമ്മയെപ്പോലെ അയാളെ തന്റെ മാറോടുചേർത്തു അമർത്തിപിടിക്കുവാനും തലമുടിക്കിടയിലൂടെ വിരലുകളോടിച്ചുകൊണ്ടു തഴുകിതഴുകി ആശ്വസിപ്പിക്കുവാനും……
സ്റ്റീയറിങ് പിടിച്ചിരിക്കുന്ന കൈകളിൽ ചുണ്ടമർത്തുവാനും അവളുടെ മനസുവല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.
പക്ഷേ……
രേഷ്മയുടെ കാര്യവും സാമ്പത്തികമായ അയാളുടെ ഉന്നതിയേയും കുറിച്ചേർത്തപ്പോൾ മനസിടിയുകയും ചെയ്തു.

“ഈ പാവം മനുഷ്യൻ എനിക്കു കയ്യെത്തും ദൂരത്തുള്ള ഒരു കൂലിപ്പണിക്കാരാനായിരുന്നെങ്കിൽ ……..

അവളുടെ മനസു നിശബ്ദം വിലപിച്ചുകൊണ്ടേയിരുന്നു.....


തുടരും.......♥️


മായാമൊഴി 💖 41

മായാമൊഴി 💖 41

4.5
8276

“മായമ്മേ…….” ചിതറിയ ചിന്തകളും പതറുന്ന മനസുമായി അയാൾ പറയുന്നതൊക്കെ കെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അയാൾ വിളിക്കുന്നതുകേട്ടപ്പോൾ അതൊരു പിൻവിളിയായിരിക്കുമോ എന്നൊരു പ്രതീക്ഷയോടെയാണവൾ മുഖത്തേക്കു നോക്കിയത്. “നമുക്കൊരു തെറ്റുപറ്റിയെന്നു ആരെങ്കിലും ചൂണ്ടിക്കാനിക്കുകയാണെങ്കിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ കുറ്റപ്പെടുത്താതെ പറ്റിപ്പോയ തെറ്റുകൾ തിരുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്…..കെട്ടോ…. അതാണ് മായമ്മയോടും ഞാനെപ്പോഴും പറയുന്നതും…… തെറ്റുപറ്റിയെന്നു മനസ്സിലായാൽ അതിൽ ഉറച്ചുനിൽക്കുകയോ ന്യായീകരിച്ചു നാണം കെടുകയോ ചെയ്യാതെ എത്രയും പെട്ടെന്ന്