“മായമ്മേ…….”
ചിതറിയ ചിന്തകളും പതറുന്ന മനസുമായി അയാൾ പറയുന്നതൊക്കെ കെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അയാൾ വിളിക്കുന്നതുകേട്ടപ്പോൾ അതൊരു പിൻവിളിയായിരിക്കുമോ എന്നൊരു പ്രതീക്ഷയോടെയാണവൾ മുഖത്തേക്കു നോക്കിയത്.
“നമുക്കൊരു തെറ്റുപറ്റിയെന്നു ആരെങ്കിലും ചൂണ്ടിക്കാനിക്കുകയാണെങ്കിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ കുറ്റപ്പെടുത്താതെ പറ്റിപ്പോയ തെറ്റുകൾ തിരുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്…..കെട്ടോ….
അതാണ് മായമ്മയോടും ഞാനെപ്പോഴും പറയുന്നതും……
തെറ്റുപറ്റിയെന്നു മനസ്സിലായാൽ അതിൽ ഉറച്ചുനിൽക്കുകയോ ന്യായീകരിച്ചു നാണം കെടുകയോ ചെയ്യാതെ എത്രയും പെട്ടെന്ന് തിരുത്തുവാൻ ശ്രമിക്കുക…..”
നേരത്തെ പറഞ്ഞതിന്റെ ബാക്കി ചെറിയൊരു ചിരിയോടെ അയാൾ പറഞ്ഞുനിർത്തിയപ്പോൾ കുറ്റബോധത്തോടെ അവൾ തലതാഴ്ത്തി.
“പക്‌ഷേ…..
എന്റെ അമ്മചെയ്തത് നേരെ തിരിച്ചായിരുന്നു….!പ്രാർത്ഥനകളോടും ഭജനയോടും കീർത്തനങ്ങളോടുമൊപ്പം പതിയെപ്പതിയെ അച്ഛനെയും ആന്റിയെയും ചേർത്തുള്ള അപവാദം പറഞ്ഞുകൊണ്ടു അമ്മയുടെ അതേ തെറ്റുകൾ അച്ഛനിലും ആരോപിച്ചു ന്യായീകരണം കണ്ടെത്തി തുടങ്ങി……
അന്നത്തെ സംഭവത്തോടെ രണ്ടുപേരും പരസ്പരം സംസാരിക്കാറില്ലെന്നും താമസം രണ്ടുമുറുകളിലാക്കിയിരുന്നു എന്നതുമൊഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു……
അപവാദം തുടങ്ങിയതോടെ സ്വതവേ ശാന്തശീലനായിരുന്ന അച്ഛനും പൊട്ടിത്തെറിച്ചു തുടങ്ങി……”
പരിഹാസ്യമായ ചിരിയോടെ അയാൾ പറഞ്ഞു നിർത്തിയപ്പോഴാണ് പതിഞ്ഞ ശബ്ദത്തിൽ അവൾ തിരക്കിയത്.
“ആന്റിക്ക് അതറിയാമായിരുന്നോ…..”
“ആദ്യം ഞാനും കരുതിയത് അറിയില്ലെന്നായിരുന്നു……
ആന്റിക്ക് അറിയാമായിരുന്നെന്നു പിന്നീട് ആന്റിതന്നെയാണ് പറഞ്ഞത്…..
ആന്റി ജോലിയൊഴിവാക്കി പോകുവാൻ തീരുമാനിച്ചിരുന്നുപോലും പക്ഷെ അച്ഛൻ സമ്മതിച്ചില്ല…….
അങ്ങനെ പോകുകയാണെങ്കിൽ ‘അമ്മ പറയുന്നത് ശരിവയ്ക്കുന്നതുപോലെയാകും നമ്മുടെ ഭാഗത്തു തെറ്റില്ലെങ്കിൽ നമ്മളെന്തിനാണ് പേടിക്കുന്നതെന്നു ആന്റിയോട് അച്ഛൻ പറഞ്ഞത്രേ……
അതുമാത്രമല്ല ആന്റിപോകുകയാണെങ്കിൽ അച്ഛൻ കഥകളൊക്കെ ആർക്കെങ്കിലും വിൽക്കുമെന്നും പറഞ്ഞു……
ആലോചിച്ചപ്പോൾ അച്ഛൻ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടു ആന്റിപിന്നെ തീരുമാനം മാറ്റുകയും ചെയ്തു…..”
ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു നിർത്തിയപ്പോഴാണ് സഹതാപത്തോടെ അവൾ പറഞ്ഞത്.
“പാവം ആന്റി അല്ലെ….”
“ആ സമയത്ത് ആന്റിയേക്കാൾ പാവം ഞാനായിരുന്നു മായമ്മേ……
ഞാനാണ് ശരിക്കും പെട്ടുപോയത്….
അന്യരെപ്പോലെ ജീവിക്കുന്ന രണ്ടുപേരുടെയിടയിൽ അധികപറ്റായ മറ്റൊരു അന്യമായിരുന്നു ഞാൻ…..
ഒരുതരത്തിൽ പറഞ്ഞാൽ രണ്ടുപേർക്കും വേണ്ടാത്തവൻ…….
അച്ഛനോടുള്ള പകയും ദേഷ്യവും അമ്മയ്ക്ക് എന്നൊടുകൂടെയുണ്ടെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്…….
അമ്മയുടെ ഭക്തിക്കും പ്രാർത്ഥനകൾക്കുമിടയിൽ സമയം കിട്ടുമ്പോൾ വല്ലതും വച്ചുണ്ടാക്കിയാൽ കഴിക്കുവാൻ വിളിക്കും അതിനപ്പുറം ഒന്നുമില്ല…..!
അച്ഛനാണെങ്കിൽ ബോധമില്ലാതെ നാലുകാലിൽ പാതിരായ്ക്ക് എപ്പോഴെങ്കിലും വീട്ടിൽ കയറിവരികയും നേരം വെളുത്തയുടനെ ഇറങ്ങിപ്പോകുകയും ചെയ്യും……!
പറഞ്ഞാൽ മായമ്മയ്ക്ക് വിശ്വാസമാക്കില്ല സത്യത്തിൽ അതിനുശേഷം ഒരിക്കലും അവർ രണ്ടുപേരും എന്നെ സ്നേഹത്തോടെ മോനെയെന്നുപോലും വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല……!
കൊച്ചുകുട്ടിയെപ്പോലെ സങ്കടത്തോടെ അയാൾ പരാതി പറയുന്നതുകേട്ടപ്പോൾ അവളുടെ ഹൃദയവും വിങ്ങുകയും
അയാൾ ഒരു കൊച്ചുകുട്ടിയായിരുന്നെങ്കിൽ എടുത്തു മടിയിലുരുത്തിക്കൊണ്ടു മാറോടു ചേർത്തുപിടിക്കുവാൻ അവളുടെയുള്ളിലെ അമ്മമനസു തുടികെട്ടുന്നുമുണ്ടായായിരുന്നു.
“പോട്ടെ സാരമില്ല അതൊക്കെ കഴിഞ്ഞതല്ലേ…..”
എത്ര നിയന്ത്രിച്ചിട്ടും അകന്നുമാറുവാൻ സാധിക്കാതെ ആശ്വസിപ്പിക്കുന്നതുപോലെ അയാളുടെ ചുമലിൽ തലചായ്ച്ചുകൊണ്ട് പറയുമ്പോൾ “വിഷമിക്കേണ്ട ഇനി ഞാനില്ലേ കൂടെയെന്നു അവൾ പറയാതെ പറയുകയായിരുന്നെന്നു അയാൾക്ക് മനസിലായതേല്ല……!
“അങ്ങനെയാണ് ഞാൻ ദൈവത്തെപ്പോലും വെറുത്തുതുടങ്ങിയത്……
എനിക്കു അവകാശപ്പെട്ട സ്നേഹവും പരിഗണനയും മുഴുവൻ തട്ടിയെടുത്തത് ദൈവമാണെന്നും……
എനിക്കുവേണ്ടി ചിലവഴിക്കുവാനുള്ള അമ്മയുടെ സമയം പോലും ദൈവമാണ് അവഹരിച്ചതെന്നും തോന്നിത്തുടങ്ങി…….
അല്ലെങ്കിൽ മുന്നിലുള്ള ദൈവത്തെ കാണുകയും മനസ്സിലാക്കുവാനും സാധിക്കാതെ കാണാത്ത ദൈവത്തിനു പിറകെ നടക്കുന്ന അമ്മയോടു മനസിൽ പുച്ഛവും കൂടുന്നുണ്ടായിരുന്നു……
സ്വന്തം ജീവിതത്തോട് സത്യസന്ധതയും വിശ്വാസതയും കാണിക്കുവാൻ സാധിക്കാത്തവർ ദൈവത്തെ ആരാധിച്ചിട്ടെന്താണ് കാര്യം….”
“പിന്നെ അച്ഛനും അമ്മയും മിണ്ടിയിട്ടേയില്ലേ…..”
അയാളുടെ ചുമലിൽ തലചായ്ച്ചുകൊണ്ടുതന്നെയാണ് ചോദിച്ചത്.
“അച്ഛൻ മരിക്കുന്നതുവരെ ഇല്ല……
അച്ഛൻ മരിച്ചതിനുശേഷം കുറ്റബോധം കൊണ്ടാണെന്നു തോന്നുന്നു അമ്മ കുറേശ്ശെ മാറിതുടങ്ങിയെങ്കിലും……
അതിനുമുന്നേ ഞാനും മാറിതുടങ്ങിയിരുന്നു……
രണ്ടുപേരോടും പക തീർക്കുന്നതുപോലെ ഞാൻ എന്റെ വഴിയേ നടന്നുതുടങ്ങിയിരുന്നു……
കള്ളും പെണ്ണും ഊരു തെണ്ടിയുള്ള നടത്താവുമൊക്കെയായി ഞാനും ജീവിതം ആഘോഷിച്ചു തുടങ്ങിയതുകൊണ്ടാകണം അമ്മയുടെ മാറ്റം എനിക്കു വലുതായി ഫീൽ ചെയ്‌തോന്നുമില്ലെന്നു മാത്രമല്ല പരമാവധി അവഗണിക്കുകയും ചെയ്തു……
അവസാനകാലത്ത് അമ്മയ്ക്ക് അതിലൊക്കെ വലിയ വിഷമമായിരുന്നു…….”
അതോർത്തുകൊണ്ടുള്ള കുറ്റബോധം കൊണ്ടാകണം തന്റെ ശബ്ദവും നേർത്തുതുടങ്ങിയപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പുന്നതും അമ്മക്കിളി കുഞ്ഞുകിളിക്ക് ഇര നല്കുന്നതുപോലെ തന്റെ ചുമലിൽ വാത്സല്യത്തോടെ അവളുടെ ചുണ്ടുകൾ അമരുന്നതും അയാൾ കണ്ണാടിയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു.
“അച്ഛൻ എങ്ങനെയാണ് മരിച്ചത്……”
ഒന്നുകൂടി അയാളോട് ചേർന്നിരുന്നുകൊണ്ടാണ് പതിയെ അവൾ തിരക്കിയത്.
“അച്ഛൻ ആത്‍മഹത്യ ചെയ്തതാണ്…….”
എതിരെ വരികയായിരുന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ നിർവികാരതയോടെയുള്ള മറുപടികേട്ടപ്പോൾ അവൾ ഞെട്ടലോടെ തലയുയർത്തിയത്.
പണക്കാരും ആത്മഹത്യ ചെയ്യുമോ…..
അവരുടെ വീട്ടിൽ വഴക്കും വാക്കണങ്ങളും ഉണ്ടാകുമോ…..?
ഒരു ഭാര്യയ്ക്കും ഭർത്താവിനും തമ്മിൽ ഇത്രയും കാലം പിണങ്ങി നിൽക്കുവാൻ സാധിക്കുമോ…..?
അങ്ങനെയാണെങ്കിൽ തന്റെ ജീവിതം ഒരു സ്വർഗ്ഗം തന്നെയായിരുന്നു……!
മരിക്കുന്നതുവരെ ഒരു മണിക്കൂർ പോലും താനും അനിയേട്ടനും തമ്മിൽ പിണങ്ങിരുന്നില്ല……
മുത്തശ്ശനും മുത്തശ്ശിയും വഴക്കുകൂടുന്നതോ പിണങ്ങുന്നതോ കണ്ടിട്ടുകൂടെയില്ല……
പണക്കാരാവാത്തത് നന്നായി……
മനസമാധാനവും സന്തോഷവുമുണ്ടല്ലോ…..
അങ്ങനെയൊക്കെ ഓർക്കുന്നതിനിടയിലാണ് അയാളുടെ ചുമലിൽ വീണ്ടും മുഖം ഉരസിചോദിച്ചുക്കൊണ്ടു അവൾ അർദ്ധോക്തിയിൽ നിർത്തിയത്.
“എന്തിനായിരുന്നു അച്ഛൻ……
“അമ്മയോട് തോറ്റുകൊടുക്കേണ്ടി വരുമെന്നും അമ്മയെ ആശ്രയിക്കേണ്ടി വരുമെന്നുമൊക്കെ മനസിൽ തോന്നിയതുകൊണ്ടാണെന്നു തോന്നുന്നു……
അച്ഛൻ വാശിയോടെതന്നെ ജീവിതത്തോട് തോറ്റുകൊടുത്തത്……
വേറെ കാരണമൊന്നും കാണുന്നില്ല…..”
എങ്ങും തൊടാതെയുള്ള തന്റെ മറുപടി കേട്ടപ്പോൾ അവൾ ഒന്നും മനസിലാകാതെ ചുമലിൽ നിന്നും തലയുയർത്തി മിഴിച്ചുനോക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടിപ്പോയി…..!
“കുറേക്കാലമായി അച്ഛനു വയറിനുള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു……
പരസ്പരം തോല്പിക്കുവാനുള്ള നെട്ടോട്ടത്തിനിടയിൽ ആദ്യമൊന്നും അതത്ര കാര്യമാക്കിയതുമില്ല…….
തീരെ സഹിക്കുവാൻ പറ്റില്ലെന്നായപ്പോഴാണ് ഡോക്ടറെ കാണുവാൻ കൂട്ടാക്കിയത്…….
ബയോപ്സി ചെയ്തുനോക്കിയപ്പോൾ ക്യാൻസറാണെന്നും ചികിൽസിച്ചു ഭേദമാക്കുവാനുള്ള ഘട്ടം കഴിഞ്ഞുപോയെന്നും സ്ഥിതീകരിച്ചു……
കിടപ്പിലായിപ്പോയാൽ അമ്മയെ ആശ്രയിക്കേണ്ടി വരുമെന്ന് തോന്നിയതുകൊണ്ടാകണം അന്നുരാത്രിയിൽ തന്നെ ഒരു കുപ്പിവിഷത്തിൽ അമ്മയോടുള്ള വാശി അവസാനിപ്പിച്ചുകൊണ്ടു അച്ഛൻ ജീവിതത്തിൽ നിന്നും രാജിയായി…..”
പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും അയാളുടെ കണ്ണുകളിൽ നിന്നും രണ്ടു നീർമുത്തുകൾ സ്റ്റീയറിങ് വീലിലേക്ക് അടർന്നുവീണു ചിതരിത്തേരിക്കുന്നത് അവൾ വല്ലായ്മയോടെയാണ് കണ്ടത്.
“അച്ഛൻ മരിക്കുമ്പോൾ അനിലേട്ടൻ ഉണ്ടായിരുന്നില്ലേ…….”
പറയുന്നതിനിടയിൽ ആശ്വസിപ്പിക്കുന്നതുപോലെ അവളുടെ ചുണ്ടുകൾ വീണ്ടും തന്റെ ചുമലിൽ അമരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു…..!
“ഇല്ല ഞാൻ ഹോസ്റ്റലിൽ ആയിരുന്നു…..
അതിനുശേഷമാണ് ഞാൻ ബിസിനസുകളിൽ ഇടപെട്ടു തുടങ്ങിയത്……
മായ ആലോചിക്കണം അച്ഛൻ ഒന്നിലും ശ്രദ്ധയില്ലാതെ നടന്നിരുന്ന അത്രയും വർഷങ്ങൾ അതുമുഴുവൻ കൊണ്ടുനടന്നതും സംരക്ഷിച്ചതും ആന്റി തനിച്ചായിരുന്നു……..!
വേറെയാരെങ്കിലുമായിരുന്നെങ്കിൽ ഞങ്ങളിപ്പോൾ കുത്തുപാളയെടുത്തുകാണും…..
ആന്റിയുടെ വിദ്യാഭ്യാസയോഗ്യത എത്രയാണെന്നറിയുമോ…….”
ചോദ്യത്തോടെ അവളുടെ മുഖത്തേക്കു നോക്കിയപ്പോൾ ചൂണ്ടുവിരൽ കടിച്ചുകൊണ്ടു ഒരു നിമിഷം ആലോചിച്ചശേഷമാണ് അവൾ മറുപടി കൊടുത്തത്.
“ഒരുപാട് പഠിച്ചു കാണും അല്ലെ…….”
മറുപടി കേട്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു പോയി.
“വെറും പത്താംക്ലാസ് വരെയേ ആന്റി പഠിച്ചിട്ടുള്ളൂ…….
പക്ഷേ …..പറഞ്ഞിട്ടെന്താ കാര്യം……..!
MBA ക്കാരനായ ഞാൻ കാൽക്കുലേറ്ററിൽ ഒരു കണക്കു കൂട്ടി തുടങ്ങുമ്പോഴേക്കും ആന്റിയത് മനസിൽ കൂട്ടുകയും ഗുണിക്കുകയും കിഴിക്കുകയും ഹരിക്കുകയുമൊക്കെ ചെയ്തുകൊണ്ട് ഉത്തരം പറഞ്ഞിരിക്കും……
അതിനു പറയുന്ന പേരാണ് അതിജീവനത്തിന്റെ ആർജ്ജവം മനസിലായോ….
ആന്റിയുടെ സ്ഥാനത്ത് മായമ്മയോ മറ്റോ ആയിരുന്നെങ്കിൽ…..
എനിക്കോർക്കുവാൻ വയ്യ…
വെറുമൊരു പത്താംക്ലാസുകാരിയും ഭർത്താവ് ഉപേക്ഷിച്ചു പോയവളുമായ ഞാനിതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്നോർത്തുകൊണ്ടു ചെവിയിൽ ചെമ്പരത്തി പൂവും കുത്തിക്കൊണ്ടു ഈ റോഡിലൂടെ ഇപ്പോൾ തലങ്ങുംവിലങ്ങും നടക്കുന്നുണ്ടാകും അല്ലെ…..”
ആ രംഗം ഓർത്തതുപോലെ തലകുലുക്കി ഉറക്കെപൊട്ടിച്ചിരിച്ചുകൊണ്ടാണ് അയാൾ പറഞ്ഞത്.
“ആവശ്യമില്ലാതെ അതിനെന്തിനാണ് എന്നെയും ചേർത്തുപറയുന്നത്…….
എനിക്കു വിവരം കുറവുതന്നെയാണ് ……ഓ…..”
അയാളുടെ തുടയിൽ അമർത്തി നുള്ളിക്കൊണ്ടാണ് അവൾ പ്രതിഷേധിച്ചത്.
“വിവരം കുറവല്ല…..
തീരെ ഇല്ലെന്നുതന്നെ പറയണം……”
ചിരിയോടെ തന്നെയാണ് അയാൾ തിരുത്തിയത്.
“ഓ…….
എനിക്കെല്ലേ……ഞാൻ സഹിച്ചു……”
കുറച്ചുനേരത്തിനു ശേഷം വീണ്ടും ഒതുങ്ങിയിരുന്നു സാരിയൊക്കെ ഒതുക്കിപ്പിടിച്ചു കൊണ്ടാണ് അരിശത്തോടെയുള്ള മറുപടി.
“പകുതി ഞാനും കൂടെ സഹിക്കാമെന്നു കരുതിയതാണ് അതിനെക്കുറിച്ചു പറയുമ്പോൽതന്നെ കണ്ണീരൊലിപ്പിക്കുവാൻ തുടങ്ങിയാൽ പിന്നെ ഞാനെന്തു ചെയ്യും…..”
റോഡിലേക്ക് നോക്കിയുള്ള അയാളുടെ ആത്മഗതം കേട്ടപ്പോൾ തന്റെ ഹൃദയത്തിലൂടെ ഒരിക്കൽ കൂടി ഒരു കൊള്ളിയാൻ പുളഞ്ഞിറങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
“ഒരു തവണ ……
ഒരേയൊരു തവണ കൂടെ എന്നോടു ചോദിച്ചിരുന്നെങ്കിൽ……”
അവളുടെ മനസ് തേങ്ങിപ്പോയി……!
“അതാണ് മായമ്മേ ഞാൻ പറഞ്ഞത്……
ആന്റി മായമ്മയ്ക്കൊരു മാതൃകയാണെന്ന്…..
ഇപ്പോൾ മനസിലായോ….
തന്നെയും പറക്കമാറ്റാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ചുകൊണ്ടു ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയിട്ടും അവർ തളർന്നില്ല……
കരഞ്ഞു വിളിച്ചില്ല ജീവിതം വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ടു അറിയുന്ന തൊഴിൽ ചെയ്തു മാന്യമായി ജീവിച്ചു ജയിച്ചു കാണിച്ചുകൊടുത്തു…….
അപവാദം കേൾക്കുന്നുണ്ടെന്നു അറിഞ്ഞപ്പോൾ പോലും പതറിയില്ല……
പകരം തന്റെ ഭാഗത്തു പിഴവുണ്ടെങ്കിൽ മാത്രമേ തനിക്കു ഭയപ്പെടേണ്ട കാര്യമുള്ളു എന്നു ചിന്തിച്ചുകൊണ്ടു ഉറച്ചുനിന്നു……!
അങ്ങനെയായിരിക്കണം സ്ത്രീകൾ……”
അമ്മയെങ്ങനെയാണ് മരിച്ചത്……”
കാറ്റിൽ പാറിപ്പറക്കുന്ന അനുസരണയില്ലാത്ത മുടിയിഴകൾ മാടിയൊതുക്കികൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ തന്നെക്കുറിച്ചു കൂടുതൽ അറിയുവാൻ അവൾക്ക് ഔത്സുക്യമുണ്ടെന്നു അയാൾക്ക് മനസിലായി.
“കാർഡിയാക് അറ്റാക്കായിരുന്നു ഒരു ദിവസം രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം കിടന്നതാണ് രാവിലെ എഴുന്നേറ്റില്ല…..
കുറെ വേദനിപ്പിച്ചശേഷം ഞാനും അമ്മയെ വീണ്ടും സ്നേഹിച്ചുതുടങ്ങിയപ്പോഴാണ് അമ്മയും പോയത്……”
“അമ്മയെ എന്തിനാണ് വിഷമിപ്പിച്ചത്……
പെറ്റമ്മമാരെ വേദനിപ്പിച്ചാൽ പാവം കിട്ടും……”
താൻ പറയുന്നതിനിടയിൽ സാരിയുടെ തുമ്പു പിടിച്ചുവലിച്ചുകൊണ്ടു അവൾ പിറുപിറുക്കുന്നത് കേട്ടപ്പോൾ അവളുടെ മുഖത്തേക്കൊന്നു നോക്കിയശേഷമാണ് അയാൾ തുടർന്നത്.
“അച്ഛൻ മരിച്ചതിനുശേഷവും അച്ഛനുവേണ്ടി അമ്മ നടത്തിയിരുന്ന മരണാനന്തര ചടങ്ങുകളിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ല….!
ജീവിച്ചിരുന്നപ്പോൾ വെറുക്കുകമാത്രം മരിച്ചതിനുശേഷം ഇങ്ങനെയൊക്കെ ചെയ്തിട്ടെന്താണ് പ്രയോജനമെന്നും അൽപ്പം സ്നേഹത്തോടെ അച്ഛനോട് പെരുമാറുകയെങ്കിലും ചെയ്തിരുന്നെങ്കിൽ അച്ഛനിപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും ഞാൻ അമ്മയോടുതന്നെ പറഞ്ഞു……
അന്നും ഇന്നും ഞാനതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു…..
ജീവിച്ചിരിക്കുമ്പോൾ നല്ല വാക്കുകൾ പറയുക
നല്ലപോലെ സ്നേഹിക്കുക
നല്ല കാര്യങ്ങൾ ചെയ്തുകൊടുക്കുവാൻ പറ്റുമെങ്കിൽ ചെയ്യുക…
അല്ലാതെ മരിച്ചതിനുശേഷവും അതുപോലെയുള്ള കർമ്മങ്ങൾ ചെയ്തതുകൊണ്ട് യാതൊരു പ്രയോജനവുമില്ല…..
പിന്നെ ഇടയ്ക്കിടെ വിവാഹക്കാര്യം പറയുമ്പോഴും നിങ്ങളുടെ ജീവിതം കണ്ടു തൃപ്തിയായതുകൊണ്ടു അതുപോലൊരു. പരീക്ഷണത്തിന് ഞാൻ ഒരുക്കമല്ലെന്നു ഞാൻ പറയുമായിരുന്നു…”
“പാവം അമ്മ……
കേൾക്കുമ്പോൾ തന്നെ എനിക്കു സങ്കടംവരുന്നു…..
നിങ്ങളൊരു വല്ലാത്ത സാധനം തന്നെ അനിലേട്ടാ…”
ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തിയയുടനെ അവളുടെ ആത്മരോഷത്തോടെയുള്ള പ്രതികരണം കേട്ടപ്പോൾ അയാൾ അന്തംവിട്ടുപോയി.
“എല്ലാവർക്കും തെറ്റുപറ്റിപ്പോകില്ലേ അനിലേട്ടാ….
ഏതോ ശപിക്കപ്പെട്ട സമയം ‘അമ്മ അതുപോലൊരു ബന്ധത്തിൽ പെട്ടുപോയി….
അല്ലെങ്കിൽ പെടുത്തിയതാണെന്നു ആർക്കെങ്കിലും അറിയാമോ…..
അച്ഛൻ തന്നെ കാണാൻ പാടില്ലാത്ത രീതിയിൽ കാണുകയും ചെയ്തു……
ആ. അമ്മയായതുകൊണ്ടാണ് പിന്നേയും ജീവിച്ചത് ഞാനോ മറ്റോ ആണെങ്കിൽ ആ നിമിഷം മരിക്കുമായിരുന്നു……!
പിന്നെയും അമ്മ ജീവിച്ചിരുന്നതു തന്നെ നിങ്ങളെ ഓർത്തതുകൊണ്ടായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്……
അനിലേട്ടൻ നേരത്തെ പറഞ്ഞില്ലേ……
അമ്മ ഭക്തിമാര്ഗത്തിലേക്കുപോയി……
സംസാരിക്കാറില്ല എന്നൊക്കെ……
കുറ്റബോധം കൊണ്ടായിരിക്കില്ലേ അവർ അങ്ങനെയൊക്കെ ചെയ്‌തത്…
അച്ഛനെ നേരിടാനുള്ള യോഗ്യതയില്ലെന്നു തോന്നിയതുകൊണ്ടായിരിക്കില്ലേ അച്ഛനോട് അകലം കാണിച്ചുകൊണ്ടിരുന്നത്…..
ജീവിച്ചിരുന്ന കാലം മുഴുവനും ആരോടും തുറന്നു പറയുവാൻ പോലും സാധിക്കാത്ത ചെയ്തുപോയ തെറ്റിനെക്കുറിച്ചോർത്ത് അവർ ഒരു പക്ഷെ എത്രമാത്രം വിഷമിച്ചു കാണുമൊന്നോ…”
ഒരു തത്വജ്ഞാനിയെപ്പോലെ അവൾ പറയുന്നതൊക്കെ അത്ഭുതത്തോടെയാണ് അയാൾ കേട്ടുകൊണ്ടിരുന്നത്…..!
ഇവൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കുവാൻ അറിയാമായിരുന്നോ….. !
ഇങ്ങനെയും ഇവൾ ചിന്തിക്കാറുണ്ടോ….!
അയാൾക്ക് അതിശയം തോന്നി……!
“പെണ്ണിന്റെ മനസറിയാത്തതുകൊണ്ടാണ് അനിലേട്ടൻ അങ്ങനെയൊക്കെ ചിന്തിക്കുന്നത്….
നിങ്ങളെ കാണുന്നതുവരെ ഓരോ തവണയും അറിഞ്ഞുകൊണ്ട് തെറ്റുകൾ ചെയ്യുമ്പോഴും ബാങ്കിലെ വായ്‌പയുടെ കാര്യമോർത്തുകൊണ്ടു ഞാൻ എന്നെ ന്യായീകരിച്ചിരുന്നില്ലേ……
നിങ്ങളെ പരിചയപ്പെട്ടശേഷം ഓരോന്നു പറഞ്ഞുതന്നപ്പോഴല്ലേ എന്തിന്റെ പേരിലായാലും പണം കണ്ടെത്താൻ ഞാൻ തെരഞ്ഞെടുത്ത വഴി അത്രയ്ക്ക് മോശമാണെന്ന് എനിക്കും മനസിലായത്…….
അതുകൊണ്ടല്ലേ ഞാൻ…….”
സാരിയുടെ മുന്താണി തുമ്പുചുരുട്ടിയെടുത്തു വായിൽ തിരുകി തടഞ്ഞു നിർത്തിക്കൊണ്ടാണ് പൊട്ടിവരുന്ന കരച്ചിലിനെ തൊണ്ടയിൽ തടഞ്ഞു നിർത്തിയത്.
“അത്രയെങ്കിലും ഞാൻ മായയുടെ ജീവിതത്തിൽ ചെയ്തു തന്നിരുന്നെന്നു മായ ഓർക്കുന്നുണ്ടല്ലോ അല്ലെ…..
മറ്റൊന്നും സമ്മതിച്ചില്ലെങ്കിലും അതെങ്കിലും മായ സമ്മതിച്ചല്ലോ അതുമതിയെനിക്ക്……”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ തന്റെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചുകൊണ്ടു പറയുമ്പോൾ അയാളുടെ സ്വരവും നനയുന്നുണ്ടെന്നു അവൾ അറിയുന്നുണ്ടായിരുന്നു.
“ഒരേയൊരു തവണകൂടി എന്നോട് അങ്ങനെ ചോദിച്ചിരുന്നെങ്കിൽ……
അല്ലാതെ വെറുമൊരു വേശ്യയായ ഞാനെങ്ങനെയാണ് അനിലേട്ടാ……
അങ്ങോട്ടു പറയുന്നത്…..
അങ്ങനെ പറയുകയാണെങ്കിൽ നിങ്ങളുടെ പണവും പ്രതാപവും കണ്ടിട്ടാണ് മനസുമാറിയേതെന്നു നിങ്ങൾ കരുതില്ലേ……”
അതിനു മറുപടിയെന്നതുപോലെ അയാൾക്കുനേരെ നിറമിഴികൾ ഉയർത്തിയപ്പോഴും അവളുടെ മനസ് നിസാഹായകതയോടെ വെറുതെ വിലപിച്ചു കൊണ്ടിരുന്നു….!
“ആഗ്രഹമുണ്ടായിട്ടും കിട്ടാതെപോയ സ്നേഹവും പരിചരണവും തനിക്കു നൽകുവാൻ കഴിയുമെന്ന് തോന്നിയതുകൊണ്ടാകണം ഇത്രയും പണക്കാരനായ അയാൾ വെറുമൊരു വേശ്യയായിരുന്ന തന്നോടു ഒരു ജീവിതത്തിനുവേണ്ടി കെഞ്ചിയതെന്നോർത്തപ്പോൾ അവൾക്ക് പൊട്ടിക്കരയണമെന്നുണ്ടായിരുന്നു …..
അപ്പോഴൊക്കെ നിഷേധിക്കുവാൻ തോന്നിയ നിമിഷത്തെ ആയിരം വട്ടം അവൾ മനസുകൊണ്ട് ശപിക്കുകയും ചെയ്തു.
“ഇഷ്ടമുള്ളവരെയൊക്കെ ജീവിതകാലം മുഴുവൻ ചേർത്തുനിർത്തുവാൻ മായയ്ക്ക് ഒരിക്കലും ഭാഗ്യമുണ്ടാവില്ല……
മായ ചാകണം……
മായയെ കൊല്ലണം…..
മനസിൽ പിറുപിറുത്തുകൊണ്ടവൾ അരിശം തീർക്കുവാൻ അയാൾ കാണാതെ തന്നെത്തന്നെ സ്വയം നുള്ളിവേദനിപ്പിക്കുകയും ചെയ്തു…..!
ആലോചിക്കുന്നതിനിടയിൽ ദുശ്ശകുനംപോലെ രേഷ്മയുടെ മുഖം മനസിലേക്ക് കടന്നുവന്നപ്പോൾ രേഷ്മയ്ക്ക് അയാൾ ആഗ്രഹിക്കുന്നതുപോലെ അയാളെ സ്നേഹിക്കുവാനോ ലാളിക്കുവാനോ കൊഞ്ചിക്കുവാനോ തലോലിക്കുവാനോ
പരിചരിക്കുവാനോ സാധിക്കില്ലെന്ന് അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു…..!
അതോർത്തപ്പോൾ അവളുടെ നെഞ്ചിനുള്ളിൽ കൂടുകെട്ടിയിരുന്ന നിസ്സഹായയായ മോഹപക്ഷി ദിക്കുകളറിയാതെ ചിറകിട്ടടിച്ചുകൊണ്ടു ഉന്മാദിനിയെപ്പോലെ ആർത്തനാദം മുഴക്കി പുലമ്പിക്കൊണ്ടിരുന്നു…..!
ഇല്ല …..
രേഷ്മയ്ക്കെന്നല്ല ലോകത്തിൽ ഒരാൾക്കും ഞാൻ അയാളെ വിട്ടുകൊടുക്കില്ല……
അയാൾ എന്റേതാണ് എന്റേതുമാത്രം…..!
എനിക്കയാളെ സ്നേഹിച്ചു കൊല്ലണം…..
ഇനിയും ഇണങ്ങുകയും പിണങ്ങുകയും വേണം….!
ദേഷ്യം വരുമ്പോഴും ഇഷ്ട്ടം തോന്നുമ്പോഴും ഇനിയും പിച്ചുകയും മാന്തുകയും കടിക്കുകയും ചെയ്യണം……!
അയാളുടെ നെഞ്ചിൽ തലചായ്ച്ചു ഇനിയുമെനിക്കു കരയണം…..!
അയാളുടെ പണമോ സ്ഥാപനങ്ങളോ ഒന്നും വേണ്ട അയാളെ മാത്രം മതിയായിരുന്നു…..!
അനിമോളുടെ കൂടെ അയാൾക്കും ചോറുരുളയാക്കി ഊട്ടണം…..!
തലയിൽ എണ്ണ തേച്ചുകൊടുക്കണം……!
മടിയിൽ കിടത്തി മുടിയിഴകളിലൂടെ വിരലോടിക്കണം……
നെറ്റിയിൽ ചുണ്ടമർത്തണം……
കട്ടിയുള്ള മീശരോമങ്ങൾ കടിച്ചു വലിച്ചുകൊണ്ടു വേദനിപ്പിക്കണം…….!
അയാളുടെ കരലാളനങ്ങളുടെ ചൂടേറ്റുകൊണ്ടു ഇനിയുമെനിക്ക് പൂത്തുതളിർക്കുകയും ശക്തിയെല്ലാം ക്ഷയിച്ചു ഒരു പുതപ്പിനുള്ളിൽ അയാളുടെ നെഞ്ചിൽ വാടികൊഴിഞ്ഞു തളർന്നു മയങ്ങണം…..!
ഇനിയുമെനിക്കു അമ്മയാകണം…..
അയാളുടെ കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തണം…!
“മായമ്മയെന്താ സ്വയം ഓർത്തു ചിരിക്കുന്നത്…..
എന്റെ ജീവിതത്തെക്കുറിച്ചാണോ…..”
ഓർക്കാപ്പുറത്തുള്ള അയാളുടെ ചോദ്യം കേട്ടപ്പോഴാണ് ഒരു നിമിഷത്തിനുള്ളിൽ താൻ അയാളുടെ കുഞ്ഞിന്റെ അമ്മപോലുമായകാര്യം ജാള്യതയോടെ അവൾ തിരിച്ചറിഞ്ഞത്…..!
അതും വെറുമൊരു വേശ്യയായിരുന്ന താൻ….!
ഇത്രയും വലിയൊരു പണക്കാരന്റെ കുഞ്ഞിന്റെ അമ്മ…..!
മനസിൽ നിന്നും ആ ചിന്തകളും മോഹങ്ങളും തുടച്ചുനീക്കുവാൻ വൃഥാ പരിശ്രമിക്കുന്നതുപോലെ സാരിതുമ്പുയർത്തി മുഖം തുടച്ചതിനുശേഷമാണ് ചിരിയിൽ കണ്ണുനീരൊളിപ്പിച്ചുകൊണ്ടു അയാളുടെ മുഖത്തേക്കുനോക്കി ഒന്നുമില്ലെന്ന രീതിയിൽ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചത്.
“ഇന്നിപ്പോൾ ആന്റി പറഞ്ഞത് മായയും കേട്ടുകാണുമല്ലോ അല്ലെ…..
ഇവിടെനിന്നും കിട്ടിയ ഉപ്പും ചോറും കൊണ്ടാണ് ഇതുവരെയെത്തിയത് അതുകൊണ്ട് എഴുന്നേറ്റു നടക്കുവാൻ കഴിയുന്ന കാലംവരെ ഇതൊന്നും ഒഴിവാക്കി പോകില്ലെന്നാണ് ആന്റി ഇതുവരെ പറഞ്ഞിരുന്നത്…..
പക്‌ഷേ ഇന്നതൊക്കെ മാറ്റിപറയുന്നതുകേട്ടപ്പോൾ വിഷമം തോന്നി….
ഞാൻ നിർബന്ധിച്ചാൽ ആന്റി ഒരുപക്ഷേ കുറച്ചുകൂടെ എന്റെ കൂടെ നില്കുമായിരിക്കും പക്ഷെ…..വേണ്ട…..
എന്റെ സ്വാർത്ഥതയ്ക്കു വേണ്ടി ആ കുട്ടിക്ക് അമ്മയോടൊപ്പം കഴിയുവാനുള്ള അവസരം ഇല്ലാതാക്കുന്നത് ശരിയല്ല അല്ലെ…..
ഇത്രയും കാലം കൂടെ നിന്നുകൊണ്ട് ഇതൊക്കെ ഉണ്ടാക്കി തന്നില്ലേ……
ഇങ്ങനെയൊക്കയാക്കി തന്നില്ലേ…..
അങ്ങനെ നോക്കുമ്പോൾ ആന്റി ഇത്രയും കാലം മക്കളേക്കാൾ കൂടുതൽ എനിക്കുവേണ്ടിയാണ് ജീവിച്ചത്……
അതുകൊണ്ട് ആന്റി പോയിക്കോട്ടെ…..”
പറഞ്ഞു തീരാറാകുമ്പോഴേക്കും അയാളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും തൊണ്ടയിടറുന്നതും കണ്ടപ്പോഴാണ് ആരുമല്ലാതിരുന്നിട്ടുകൂടെ അയാൾക്ക് ആന്റിയോട് എത്രമാത്രം സ്നേഹവും ഇഷ്ടവുമുണ്ടെന്നു അത്ഭുതത്തോടെ അവൾ മനസിലാക്കിയത്.
ബാക്കിയെന്താണ് പറയുന്നതെന്നറിയുവാനുള്ള ആകാംക്ഷയോടെ തുടിക്കുന്ന ഹൃദയവുമായി കാതോർത്തിരിക്കുന്നതിനിടയിലാണ് വീണ്ടും അയാളുടെ ശബ്ദം ഒഴുകിയെത്തിയത്.
“മായയോട് ഞാൻ പറഞ്ഞിരുന്നില്ലേ…..
അച്ഛനമ്മമാരുടെ ജീവിതം കണ്ടുമടുത്തതുകൊണ്ടു ഈ മുപ്പത്തിയഞ്ച് വയസ്സുവരെ ഞാനൊരു വിവാഹ ജീവിതത്തെക്കുറിച്ചും ചിന്തിച്ചിട്ടുപോലുമില്ല…..
അങ്ങനെയൊരു കാര്യം ഓർക്കുന്നതുതന്നെ പേടിയും വെറുപ്പുമായിരുന്നു……
പിന്നെ മായയെ കാണുകയും രണ്ടു ദിവസം ഒന്നിച്ചുകഴിയുകയും മായയ്ക്ക് മരിച്ചുപോയ അനിയേട്ടനോടുള്ള സ്നേഹം മനസിലാക്കുകയും ചെയ്തതോടെയാണ് ഇങ്ങനെയുമൊരു ജീവിതമുണ്ടെന്നും …..
ഇതുപോലെയും ജീവിക്കാമെന്നും തിരിച്ചറിഞ്ഞതുതന്നെ……!
അതിനുശേഷമാണ് അങ്ങനെയൊരു ജീവിതം എനിക്കും വേണമെന്നു തോന്നിതുടങ്ങിയതും…..!”
വണ്ടി ഇടറോഡിലേക്കു വെട്ടിക്കുന്നതിനിടയിൽ അയാൾ ഒരു നിമിഷം നിർത്തിയപ്പോൾ അവളുടെ ഹൃദയം പടപടാ മിടിക്കുകയായിരുന്നു…..!
ശ്വാസഗതി നിയന്ത്രിക്കാനാകാതെ തന്റെ മാറിടം ക്രമാതീതമായി പതിവിലധികം ഉയർന്നതാഴുന്നുണ്ടെന്നു തോന്നിയപ്പോൾ അയാൾ കാണാതിരിക്കുവാൻ സാരിയുടെ തുമ്പടക്കം പിടിച്ചുകൊണ്ടവൾ മാറിടത്തിൽ പിണച്ചുപിടിച്ചുകൊണ്ടു വീണ്ടും കാതോർത്തു….!
” അങ്ങനെയൊരു തോന്നാലുണ്ടാകുവാൻ കാരണം തന്നെ മായയാണ് അതുകൊണ്ട് മായപ്പോലൊരു പെണ്ണിനെ വേണമെന്നല്ല മായയെത്തന്നെ കൂടെ വേണമെന്നായിരുന്നു എന്റെ ആഗ്രഹം……!
മായയുടെ അനിലേട്ടനെ മറക്കാതെ അനിലേട്ടന്റെ അരികുപറ്റി അനിലേട്ടനെപ്പോലെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും മായയ്ക്ക് കഴിയുമെന്ന് ഞാനും കരുതിയിരുന്നു .
അതുകൊണ്ടാണ് മായയോടുത്തന്നെ ഞാൻ ചോദിച്ചതും…..”
വിദൂരതയിലേക്ക് നോക്കി വണ്ടിയോടിക്കുന്നതിനിടയിൽ അയാൾ വീണ്ടും ഒരു നിമിഷം നിർത്തിയപ്പോൾ ആകാക്ഷയടക്കാനാകാതെ തന്റെ ഹൃദയമിടിപ്പ് നിലച്ചുപോകുന്നതുപോലെയാണ് അവൾക്കു തോന്നിയത്…..!
“പക്ഷെ……
ഞാൻ ചോദിച്ചപ്പോഴൊക്കെ അനിലേട്ടന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കല്പിക്കുവാൻ പോലും പാടില്ലെന്നാണ് മായയെന്നോട് കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നത്……
ചില ഇഷ്ടങ്ങളും പ്രണയങ്ങളും അങ്ങനെയായിരിക്കും മരിച്ചു മണ്ണടിഞ്ഞാലും ഒരു നിശ്വാസമായി ഭൂമിയിൽ അവശേഷിക്കും…..
അതുപോലെ ജീവിതത്തിൽ ഒരാണിനോ പെണ്ണിനോ് ഒരാളെ മാത്രമേ ആത്മാർഥമായി പ്രണയിക്കുവാനും ഇഷ്ടപ്പെടുവാനും സാധിക്കുകയുള്ളൂ എന്നൊരു സത്യവും മായയെനിക്കു മനസിലാക്കി തന്നു…..!
അതുകൊണ്ടാണ് മായയോട് ഇനിയൊരിക്കലും ഇക്കാര്യം പറയില്ലെന്നു ഇന്നലെ ഞാൻ പറഞ്ഞിരുന്നതും…..
എല്ലാ അർത്ഥത്തിലും മായയെ എനിക്കൊരുപാടൊരുപാട് ഇഷ്ടമായിരുന്നു .
അതുകൊണ്ടാണ് മായയ്ക്കുവേണ്ടി ഞാൻ ഇത്രയൊക്കെ ചെയ്തതും ചിലതൊക്കെ ചെയ്യുവാൻ ബാക്കിയുള്ളതും……
ആന്റി രേഷ്മയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചത്തിനു കാരണവും അതുതന്നെയാണ്….. !
ആന്റി ആദ്യമായാണ് ഇത്രയും സീരിയസായി ഒരു കാര്യം ആവശ്യപ്പെടുന്നത്…..!
അതുതന്നെ ആന്റിപോയികഴിഞ്ഞാൽ ആന്റി കഷ്ടപ്പെട്ടു ഉയർത്തിക്കൊണ്ടുവന്നതൊക്കെ ഞാൻ നശിപ്പിച്ചു കളയുമോയെന്നുള്ള പേടികൊണ്ടുമാത്രവും….
അമ്മ പോയതിനു ശേഷം ശരിക്കും അമ്മയുടെ സ്ഥാനത്താണ് ഞാൻ ആന്റിയെ കണ്ടിരുന്നത് …..
മായയുടെ ഭാഷയിൽ പറഞ്ഞാൽ അമ്മമാർ മക്കൾക്ക് ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ലല്ലോ…..
അതുകൊണ്ടാണ് ആന്റിയുടെ ആഗ്രഹം നടക്കട്ടെയെന്നു തീരുമാനിച്ചത്…..!
അയാളുടെ അവസാന വാചകങ്ങൾ തീക്കാറ്റുപോലെയാണ് തന്റെ കാതുകളിലേക്കെത്തിയതെന്നും .
തന്റെ ഹൃദയമിടിപ്പ് നിലച്ചുപോകുന്നതുപോലെയും
അവൾക്ക് തോന്നി…..!
തുറിച്ച കണ്ണുകളുമായി അയാളുടെ നേരെ നോക്കുമ്പോൾ അവിശ്വസനീയതയോടെ അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു……!
“ഉറപ്പിച്ചു തീരുമാനിച്ചോ…..
അതെപ്പോഴാണ്……
ഓ….താൻ കാബിനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എല്ലാം തീരുമാനിച്ചു ആന്റിക്ക് ഉറപ്പുകൊടുത്തുകാണും…..!
“തനിക്കുവേണ്ടി അയാൾ മലർക്കെ തുറന്നുവച്ചിരുന്നിട്ടും താൻ കടന്നുചെല്ലുവാൻ കൂട്ടാക്കാതിരുന്ന അയാളുടെ ജീവിതത്തിന്റെ വാതിൽ തനിക്കു കടന്നുചെല്ലണമെന്ന ചിന്ത വരുമ്പോഴേക്കും അയാൾ എന്നെന്നേക്കുമായി കൊട്ടിയടച്ചിരിക്കുന്നു…..”
അവൾക്ക് ഉറക്കെ അലമുറയിട്ടുക്കരയണമെന്നും ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് ചാടണമെന്നുമൊക്കെ തോന്നിയെങ്കിലും അടക്കി നിർത്തി…..!
“ഈ കാർ എവിടെയെങ്കിലും കൊണ്ടിടിച്ചു രണ്ടുപേരും ഒരുമിച്ചു മരിച്ചുപോയെങ്കിൽ…… !”
ഒരുനിമിഷം അവൾ അങ്ങനെപോലും ചിന്തിച്ചുപോയി.
“ഭാര്യാഭർത്താക്കന്മാർക്ക് ആർക്കെങ്കിലും എന്തെങ്കിലും പോരായ്മകളോ ദൗർബല്യങ്ങളോ ഉണ്ടെങ്കിൽ മറ്റെയാൾക്ക് അത് അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും വിട്ടുവീഴ്ചകൾ ചെയ്യുവാനുമുള്ള മനസുണ്ടെങ്കിൽ ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ല എന്നൊരു പാഠം കൂടെ മായയുടെ കഥയിൽ നിന്നും ഞാൻ പഠിച്ചിട്ടുണ്ട്….”
അയാൾ തുടർന്നു പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.
“വയ്യ കരയുവാൻ വയ്യ…..
എനിക്കിതിനൊന്നും അർഹതയില്ല…..
പുറമേ നിഷേധിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ മോഹിച്ചുപോയതുതന്നെ തെറ്റായിരുന്നു……!
ഞാനൊരു വേശ്യയായിരുന്നു …..!
വെറുമൊരു വേശ്യ…. !
സ്വയം വിലക്കിയെങ്കിലും ഹൃദയത്തിനുള്ളിലെ മോഹപക്ഷി വീണ്ടും സങ്കടത്തോടെ ചിറകടിച്ചു തുടങ്ങിയപ്പോൾ ശ്വാസം മുട്ടുന്നതുപോലെയും ചങ്കു പിളരുന്നതുപോലെയും അവൾക്കു വീണ്ടും തോന്നുന്നുണ്ടായിരുന്നു.
കണ്ണുകൾ നനയാതിരിക്കുവാൻ പാടുപെട്ടുകൊണ്ടു തൊണ്ടയിലെ വിങ്ങൽ അവസാനിപ്പിക്കുവാൻ രണ്ടുമൂന്നു തവണ മുരടനക്കി നോക്കി……!
പിന്നെയും ശ്വാസതടസ്സം തോന്നിയപ്പോൾ സാരിയുടെ തുമ്പു പിടിച്ചുയർത്തി മുഖം മറച്ചുകൊണ്ടു ചുമച്ചുനോക്കിയപ്പോൾ ആശ്വാസം അൽപ്പം കിട്ടി……!
ചുമയ്ക്കൊപ്പം ഒലിച്ചിറങ്ങിയ കണ്ണുനീരും തുടച്ചുകളഞ്ഞശേഷമാണ് മുഖത്തുനിന്നും അവൾ സാരി മാറ്റിയത്……!
“എന്തുപറ്റി മായമ്മേ…….”
ചുമക്കുന്നത് കണ്ടയുടനെ അയാൾ വേവലാതിയോടെ ചുമലിൽ തട്ടിക്കൊണ്ടു ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ചുമൽ കുലുക്കുക മാത്രമാണ് ചെയ്തത്.
“സ്ഥലമെത്തി ……
മായമ്മ പോയി പർദ്ദ ബ്ലൗസ് വാങ്ങിയിട്ടുവരൂ…..
അതും വാങ്ങി നമുക്കു നേരെ പഴയ ഹോട്ടലിലേക്ക് പോകണം .
അവിടെനിന്നും എന്റെ ലാപ്ടോപ്പും കുറച്ചു സാധനങ്ങളും എടുക്കുവാനുണ്ട്…..
ഒന്നുരണ്ടു വർഷങ്ങളായി ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന മുറിയാണ് മായമ്മയുടെ കൂടെത്തന്നെ പോയി അതൊഴിയണം…..
പട്ടിയെയും പൂച്ചയെയും പോലെ ഇഷ്ടമുള്ളവരുടെയൊക്കെ കൂടെ ഇണചേർന്നുകൊണ്ടു ഊരു തെണ്ടിയുള്ള ജീവിതം ഒഴിവാക്കി……!
ഇനി ബിസിനസും വീടുമൊക്കെയായാണ് ജീവിതം…..!
അതുകൊണ്ട് അവിടെനിന്നും എന്നെന്നേക്കുമായി പടിയിറങ്ങുമ്പോൾ പുതിയ സാരിയൊക്കെ ധരിച്ചുകൊണ്ട് സുന്ദരിയായി വേണം മായമ്മ എന്റെ കൂടെ നാട്ടിലേക്ക് മടങ്ങുവാൻ……
മനസിലായോ…..”
വണ്ടി റോഡരികിൽ ഒതുക്കിയിട്ടശേഷം പാഴ്സിൽ നിന്നും അഞ്ഞൂറു രൂപയെടുത്തു അവളുടെ നേരെ നീട്ടിക്കൊണ്ടു അയാൾ പറയുന്നതുകേട്ടപ്പോൾ അവൾ നിർവികാരതയോടെ അയാളെ നോക്കുകമാത്രമേ ചെയ്തുള്ളൂ…..!
“എന്തുപറ്റി മായമ്മേ…..
ചിരിയുമില്ല ……
സംസാരവുമില്ല……
ഒന്നുമില്ല…..
വീണ്ടും അണിയേട്ടനെ ഓർമ്മവന്നോ……
എനിക്കിഷ്ട്ടം ചിരിക്കുകയും പിണങ്ങുകയും കുസൃതികൾ കാണിക്കുകയുമൊക്കെ ചെയ്യുന്ന മായമ്മയെയാണ്……”
സ്നേഹത്തോടെയുള്ള അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾക്കു വീണ്ടും സങ്കടം പൊട്ടി…..!
“അണിയേട്ടൻ എന്റെ മനസിൽ നിന്നും മരിച്ചുകൊണ്ടിരിക്കുകയല്ലേ അനിലേട്ടാ…..
നിങ്ങൾക്കുവേണ്ടി ഞാനെന്റെ അണിയേട്ടനെ കൊന്നുകൊണ്ടിരിക്കുകയായിരുന്നില്ലേ….”
മനസിൽ തെങ്ങിക്കൊണ്ടാണ് അയാളെനോക്കി അവൾ ചിരിച്ചെന്നു വരുത്തിയത്.
“ബ്ലൗസ് തയ്ക്കുവാൻ പറഞ്ഞുവിട്ടപ്പോൾ തന്നെ കൊഞ്ഞനം കുത്തിയും മുഖം കൊണ്ടു ഗോഷ്ടികൾ കാണിച്ചുകൊണ്ടും പോകുകുകയും തിരിച്ചുവരുമ്പോൾ മാൻപേടയെപ്പോലെ ഉത്സാഹത്തോടെ തുള്ളിച്ചാടി ഇറങ്ങി വരികയും ചെയ്തിരുന്നവൾ തയ്ച്ചിരുന്ന ബ്ലൗസ് വാങ്ങുവാൻ പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഓജസില്ലാതെ നടക്കുന്നതുകണ്ടപ്പോൾ അയാളും അസ്വസ്ഥനായി…..!
എന്താണവൾക്ക് പറ്റിയത്……?
“കിട്ടിയില്ലേ……”
ബ്ലൗസ് വാങ്ങി വന്നതിനുശേഷം ഒന്നും മിണ്ടാതെ കാറിൽ കയറിയിരിക്കുന്നത് കണ്ടപ്പോഴാണ് അതിശയത്തോടെ അയാൾ തിരക്കിയത്.
തലകുലുക്കൽ മാത്രമായിരുന്നു അതിന്റെയും മറുപടി……!
“എന്നിട്ടെന്താ ഒരു സന്തോഷവുമില്ലാത്തപോലെ…..”
നനഞ്ഞൊരു ചിരിയിൽ അതിന്റെ മറുപടിയും ഒതുക്കി.
“മായയ്ക്ക് എന്റെ കൂടെ ഹോട്ടലിലേക്ക് വരുവാൻ മടിതോന്നുന്നുണ്ടോ……”
ഇത്തവണയുള്ള അയാളുടെ ചോദ്യത്തിന് ഒരു നോട്ടമായിരുന്നു മറുപടി……!
ആ നോട്ടം പിന്നെയും തന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി വീണ്ടും എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നതായി അയാൾക്കും അനുഭവപ്പെട്ടു…. !
“ഒന്നും പേടിക്കണ്ട…..
ധൈര്യത്തോടെ എന്റെ പിന്നാലെ നടന്നാൽ മതി…..
ഇവിടെയും മായ ഞാൻ വിവാഹം ചെയ്യുവാൻ പോകുന്ന പെണ്ണാണ് കെട്ടോ…..”
അൽപ്പം കൂടെ മുന്നോട്ടുപോയശേഷം കാർ ഹോട്ടലിന്റെ ഗേറ്റിനുള്ളിലേക്കു കടക്കുമ്പോഴാണ് അയാൾ ഓർമ്മിപ്പിച്ചുകൊണ്ടു ധൈര്യപ്പെടുത്തിയതെങ്കിലും അയാളുടെ പിന്നാലെ കാറിൽനിന്നും ഇറങ്ങുമ്പോൾ താൻ പിന്നെയും വെറുമൊരു വേശ്യയായതായി അവൾക്കു തോന്നി……!
പണത്തിനുവേണ്ടി ആരുടെകൂടെയും കിടക്കപങ്കിടുവാൻ തയ്യാറാകുന്ന വെറുമൊരു വേശ്യ……!
തുടരും....... ♥️