Aksharathalukal

മായാമൊഴി 💖 42

മാംസമാർക്കറ്റിൽ അറുത്തെടുത്ത മാംസം തൂക്കിയിടുന്നതുപോലെ താൻ തന്നെതന്നെ പച്ചജീവനോടെ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്ഥലം…..!വിലയ്ക്ക് വാങ്ങിയിരുന്ന ചിലരോടൊക്കെ തന്റെ ശരീരം ജീവനുള്ള മനുഷ്യശരീരമെന്ന പരിഗണപോലും നൽകാതെ കൊത്തിവലിച്ചപ്പോൾ അറവുമാടിനെപ്പോലെ താൻ ശബ്ദം പുറത്തു കേൾപ്പിക്കാതെ വിതുമ്പികരഞ്ഞിരുന്ന അറവുശാല……!ദൈവദൂതനെപ്പോലെ അനിലേട്ടൻ മുന്നിലെത്തിയ സ്ഥലം…..!
അയാളുടെ പിറകെ കാറിൽനിന്നും ഇറങ്ങിയ ശേഷം തൊട്ടുമുന്നിലുള്ള വെള്ളച്ചായം പൂശിയ മൂന്നുനിലകെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അങ്ങനെയൊക്കെയാണ് അവൾക്കു തോന്നിയത്.ഒപ്പം തന്നെക്കുറിച്ചുതന്നെ വല്ലാത്ത അവജ്ഞയും അറപ്പും വെറുപ്പും തോനിയതുകൊണ്ടാണ്അയാളുടെ പിറകെ ഹോട്ടലിലേക്ക് നടത്തുന്നതിനിടയിലാണ് മന്ത്രിക്കുന്നതുപോലെ പറഞ്ഞത്
“ഹോട്ടലിൽ അങ്ങനെയൊന്നും പറയേണ്ടട്ടോ….”
“എങ്ങനെ പറയേണ്ടെന്നാണ് മായമ്മ പറയുന്നത്……”
മുന്നോട്ടു നടക്കുന്നതിനിടയിൽ തിരിഞ്ഞുനോക്കികൊണ്ടാണ് അയാൾ ചോദിച്ചത് .
“എന്നെ കല്യാണം കഴിക്കുവാൻ പോവുകയാണെന്നെന്നും പറയേണ്ടെന്നു…….”
തലയുയർത്താതെയാണ് അവളുടെ മറുപടി
” അതെന്താ അങ്ങനെ പറഞ്ഞാൽ …..ഞാൻ കല്യാണം കഴിക്കുമെന്നു പറയുന്നതുപോലും മായയ്ക്ക് നാണക്കേടാണോ…..”
ചിരിയോടെ അത്ഭുതഭാവത്തിലാണ് അയാൾ വീണ്ടും തിരക്കിയത്
” എന്റെ ചങ്കിനുള്ളിലെ പിടച്ചിൽ നിങ്ങൾ അറിയുന്നില്ലല്ലോ അനിലേട്ടാ…….നിങ്ങളെപ്പോലൊരാളുടെ ക്ഷണം നിഷേധിക്കുവാൻ തോന്നിയ ദുർബല നിമിഷത്തെ കുറിച്ചോർത്തു കരയുകയും ജീവിതകാലം മുഴുവൻ നഷ്ടബോധത്തോടെ ഓർക്കാനുമല്ലാതെ എനിക്കിനി വേറെ വഴിയൊന്നുമില്ലല്ലോ ആ എന്നോടാണോ നിങ്ങൾ നാണക്കേടിനെക്കുറിച്ചു പറയുന്നത്……”

മനസിൽ പറഞ്ഞശേഷമാണ് തലയും താഴ്ത്തി അയാളുടെ പിന്നാലെ നടക്കുന്നതിനിടയിൽ നിർവികാരതയോടെ അവൾ മറുപടി കൊടുത്തത്….

“അതൊന്നുമല്ല…..
പിന്നെ എപ്പോഴെങ്കിലും രേഷ്മ അറിഞ്ഞാലോ….”

” രേഷ്മയേയും കൊണ്ട് ഞാനിങ്ങോട്ട് വന്നാലല്ലേ പ്രശ്നം …..
ജീവിതത്തിലൊരിക്കലും ഞാൻ ഇനിയിങ്ങോട്ടു വരുന്നില്ലല്ലോ…..
വരുവാൻ സാധിക്കുകയുമില്ല….”

ഹൃദയത്തിലെ ഭാരം മറച്ചുവച്ചുകൊണ്ടു ലാഘവത്തോടെ പറയുന്നതിനിടയിൽ പിറകെ നടന്നുകൊണ്ടിരിക്കുന്ന അവൾ പെട്ടെന്നു നടത്തത്തിന്റെ വേഗതകൂട്ടുകയും സാരിയുടെ മുന്താണിതുമ്പു വലിച്ചെടുത്തു തലയിലൂടെയിട്ടുകൊണ്ടു ധൃതിയിൽ മുഖം മറയ്ക്കുകയും അതിനുശേഷം പേടിയോടെയെന്നപോലെ തന്നോടു ചേർന്നുനടക്കുന്നതുമൊക്കെ ശ്രദ്ധയിൽപെട്ടപ്പോൾ ഇതുവരെ സാധാരണരീതിയിൽ അവൾ ഹോട്ടലിൽ കയറുന്നതുപോലെ ആയിരിക്കുമെന്നാണ് ആദ്യം അയാൾ ഊഹിച്ചത് .

ആ ധാരണയോടെ ചുറ്റും നോക്കിയപ്പോഴാണ് തന്റെ കാബിനിൽ നിന്നും പുറത്തിറങ്ങി സിഗരറ്റ് പുകയ്ക്കുകയായിരുന്ന ഹോട്ടലിലെ തനിക്കു ചിരപരിചിതനായ സെക്യൂരിറ്റിജീവനക്കാരൻ
അവളെ നോക്കി പോലെ ചിരിക്കുന്നതും അശ്ലീലം അർത്ഥത്തിൽ ചുണ്ട് കടിക്കുന്നതും കണ്ണിൽപ്പെട്ടത്.അതോടെ അയാളുടെ
തലച്ചോറിലേക്ക് രക്തം ഇരച്ചു കയറുകയും ദേഷ്യംകൊണ്ടു മുഖം ചുവന്നുതുടുക്കുകയും ചെയ്തു .

“രേഷ്മ അറിഞ്ഞാലല്ലേ അപ്പോഴെന്തു ചെയ്യണമെന്നു ആ സമയം ആലോചിച്ചാൽ മതിയല്ലോ……
ഇനി ആരെങ്കിലും രേഷ്മയോട് പറഞ്ഞുകൊടുത്താൽ തന്നെ എൻറെ കൂടെ ഒരു പെണ്ണുണ്ടായിരുന്നു എന്നല്ലാതെ അതു മായയാണെന്നു രേഷ്മയൊരിക്കലുംഅറിയാനും പോകുന്നില്ല പോരെ……

പക്ഷേ ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ തന്നെ നമ്മൾ ചെയ്യണം ……
അതു മറ്റൊരു ദിവസത്തിലേക്കും വേറൊരു അവസരത്തിനുമായി മാറ്റിവയ്ക്കുവാൻ പാടില്ല…..
മായയുടെ സുരക്ഷിതത്വവും മായയ്ക്ക് ചോദിക്കുവാനും പറയുവാനും ആളുണ്ടെന്നു ഇവരെയൊക്കെ ബോധ്യപ്പെടുത്തുകയുമാണ് ഇപ്പോഴത്തെ എൻറെ പ്രധാന കടമ …….”
സംസാരിക്കുന്നതിനിടയിൽ അവൾ തലയിലൂടെ മൂടിയിരുന്ന സാരിയുടെ മുന്താണിതുമ്പു സ്വാഭാവികമായ രീതിയിൽ വലിച്ചുതാഴ്ത്തി യഥാസ്ഥാനത്ത് വച്ചശേഷം ചുമലിൽ കൈവച്ചു നടന്നുകൊണ്ടാണ് അയാൾ തുടർന്നു പറഞ്ഞത്……!

” മായമ്മ ഇനിയിങ്ങനെ സാരിയും വലിച്ചുതലയിലിട്ടു മുഖം മറച്ചുകൊണ്ടു ആരുടെ മുന്നിലും നടക്കരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണു മായയെ ഞാൻ ഇങ്ങോട്ടു കൊണ്ടുവന്നതുതന്നെ അതുകൊണ്ട് ഇനിമുതൽ അന്തസോടെ തലയുയർത്തി നടക്കണം കേട്ടോ …….”

അയാളുടെ സംസാരം കേട്ടപ്പോൾ കണ്ണുകളോടൊപ്പം വീണ്ടും അവളുടെ മനസ്സും നീറുന്നുണ്ടായിരുന്നു നീറ്റലോടെ അയാളുടെ നേരെ തലയുയർത്തിയ അതേ നിമിഷം തന്നെയാണ് അയാൾ വീണ്ടും അവളുടെ മുഖത്തേക്കു നോക്കിയത് ……!

അതോടെ തന്റെ ഹൃദയം അവളെയോർത്തു വീണ്ടും പൊടിഞ്ഞുപോകുകയാണെന്നു അയാൾക്കും തോന്നിത്തുടങ്ങി…….!
“അവൾക്കു വേണ്ടെങ്കിൽ…..
അല്ലെങ്കിൽ സമ്മതമില്ലെങ്കിൽ പിന്നെ ഞാനെന്തു ചെയ്യുവാനാണ്……..”
അവളെപ്പോലെ അയാളുടെ മനസും മൂകമായി വിലപിക്കുകയായിരുന്നു……!

ഇവളുടെ ചില നോട്ടങ്ങളും കണ്ണുകളുടെ മാസ്മരികതയും ചിലപ്പോഴുള്ള ഭാവങ്ങളും എന്നെങ്കിലും തനിക്കു മറക്കുവാൻ സാധിക്കുമോ……?
അവളുടെ സ്നേഹവും ക്ഷമയും സഹനവും കണ്ണുകളിലെ കാരുണ്യവും ……
മനസ്സിൽ ഒളിച്ചുവച്ചിരിക്കുന്ന പ്രണയം പ്രകടമാക്കുന്ന കടാക്ഷങ്ങളുമൊക്കെ രേഷ്‌മയിൽ ചേർത്തുവച്ചു നോക്കിയപ്പോൾ നിരാശ തോന്നുന്നതുപോലെ തോന്നി…..!

അവസാനം അവസരമെന്നപോലെ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു നടക്കുന്നതിനിടയിൽ അയാളും ആലോചിച്ചുകൊണ്ടിരുന്നത് അങ്ങനെയൊക്കെയായിരുന്നു……!

അയാളുടെ കൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ തന്റെ ചുമലുകളിൽ പിടിച്ചിരുന്ന അയാളുടെ കൈകൾക്കിപ്പോൾ വല്ലാതെ ഭാരമുണ്ടെന്ന് അവൾക്കും തോന്നുന്നുണ്ടായിരുന്നു…..!
ഇതുവരെയില്ലാത്ത ഭാരം……!
തനിക്കു താങ്ങാനാവാത്ത ഭാരം …….!
അതുകൊണ്ട് തന്റെ ചുമലിൽ നിന്നും അയാളുടെ കൈയ്യെടുക്കുന്നു മാറ്റുന്നതിനായി ചെറുതായി കുതറിനോക്കിയെങ്കിലും അയാൾ ഒന്നുകൂടി ചേർത്തു പിടിക്കുകയാണെന്നു മനസ്സിലായപ്പോൾ അതിനുവേണ്ടിയുള്ള അവൾ പാഴ്ശ്രമം ഉപേക്ഷിച്ചു .

“അതെന്തിനാണ് നമ്മൾ അങ്ങോട്ടു പോകുന്നത് ഹോട്ടലിനുള്ളിലേക്ക് കടക്കാതെ തന്നെ തള്ളികൊണ്ടുപോകുന്നതുപോലെ അയാൾ സെക്യൂരിറ്റിയുടെ കാബിനിനടുത്തേക്കു നടക്കുന്നത് കണ്ടപ്പോഴാണ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചത് .

“സെക്യൂരിറ്റികാരന് നമ്മളെ നല്ല പരിചയമുണ്ടെന്നു തോന്നുന്നു അവൻ മായയോടു ചിരിക്കുന്നത് കണ്ടിട്ടി്ല്ലേ……
അതുകൊണ്ടു നമുക്കും അവനെയൊന്നു പരിചയപ്പെട്ടു കളയാം എന്താ……”

ദേഷ്യം കടിച്ചമർത്തിയ ചിരിയോടെയുള്ള മറുപടി കേട്ടപ്പോഴാണ് സെക്യൂരിറ്റിക്കാരൻ തന്നെ നോക്കി അശ്ലീലആംഗ്യത്തോടെ ചിരിക്കുന്നത് അയാളും കണ്ടിരുന്നെന്ന കാര്യം പേടിയോടെ അവൾ മനസ്സിലാക്കിയത് .

“സാരമില്ല അനിലേട്ടാ ……
നമ്മളിനി ഇങ്ങോട്ടു വരികയോ അയാളെ കാണുകയോ ചെയ്യില്ലല്ലോ…….
പിന്നെന്താ…..
അതുകൊണ്ട് ഇപ്പോൾ ചോദിക്കാനും പറയാനുമൊന്നും നിൽക്കേണ്ട……
നമുക്കു പോകാം ……”

അയാളുടെ വലതുകൈ തന്റെ ചുമലിലായതുകൊണ്ടു കൈത്തണ്ടയിൽ പിടിക്കുവാൻ സാധിക്കാത്തതിനാൽ ഇടതുകൈകൊണ്ട് അയാളുടെ അരക്കെട്ടിൽ അമർത്തി പിടിച്ചുകൊണ്ടാണ് പറഞ്ഞത്.

” ഇനിയും ഇതുപോലുള്ള എത്രയെത്ര കാഴ്ചകൾ ഞാൻ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരും ……
അപ്പോഴൊന്നും എനിക്കുവേണ്ടി ചോദിക്കുവാനും പറയുവാനും ആരും ഉണ്ടാകില്ലല്ലോ……
പിന്നെന്തിനാണ് ഇപ്പോൾമാത്രം…..”

അങ്ങനെയാദ്യം ഒരു വിങ്ങലോടെ മനസിലോർത്തുകൊണ്ടാണ് അവൾ തടഞ്ഞത്……!

” ഈ വിഷയത്തിൽ മായയ്ക്ക് സാരമില്ലെന്നു തോന്നുന്നതൊക്കെ എനിക്കു സാരമുള്ളകാര്യങ്ങളാണ്…..
അതുകൊണ്ട് ഇപ്പോൾ മായ എന്റെ കൂടെ വന്നാൽ മതി ……
ഞാനവനെ തല്ലാനും കൊല്ലാനുമൊന്നും പോകുന്നതല്ല വെറുതെയൊന്നു പരിചയപ്പെടണം അത്രതന്നെ……”

അവളെയും ബലമായി തൻറെ കൂടെ നടത്തിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത് .

” എന്താണ് സാർ …..”

അവർ തന്റെ അടുത്തേക്കാണ് വരുന്നതെന്നു മനസ്സിലായതോടെ വലിച്ചുകൊണ്ടിരുന്നു സിഗരറ്റ് വലിച്ചെറിഞ്ഞശേഷം തലചൊറിഞ്ഞുകൊണ്ടാണ്‌ ഭവ്യതയോടെ സെക്യൂരിറ്റിക്കാരൻ ചോദിച്ചത്.

“ഒന്നുമില്ല ഇയാളെയൊന്നു കാണുവാൻ ഇറങ്ങിയതാണ് …….”

പറയുമ്പോൾ അയാളുടെ കണ്ണുകൾ കുറുകുന്നതും ശബ്ദത്തിന്റെ കാഠിന്യം കൂടിയതും മനസ്സിലാക്കിയപ്പോൾ അരുതെന്നു പറയുന്നതുപോലെ അവൾ ഒന്നുകൂടി അയാളുടെ അരക്കെട്ടിൽ മുറുകെപ്പിടിച്ചു .

“എന്താ സർ എന്താ പ്രശ്നം …….”

സിഗരറ്റ് കറ പുരണ്ട പല്ലുകൾ പുറത്തുകാണുന്ന രീതിയിൽ വിളറി ചിരിച്ചുകൊണ്ടാണ് മധ്യവയസ്കനായ സെക്യൂരിറ്റിക്കാരന്റെ പരിഭ്രമത്തോടെയുള്ള ചോദ്യം .

“ഞങ്ങൾ ഇങ്ങോട്ട് നടക്കുമ്പോൾ താനിവിളെ നോക്കി എന്തൊക്കെയോ വൃത്തികെട്ട ആംഗ്യങ്ങൾ കാണിച്ചുചിരിക്കുന്നത് കണ്ടല്ലോ അതെന്താ കാര്യം …….”

ചോദിക്കുമ്പോൾ അയാളുടെ നെറ്റിയുടെ ഇരുവശത്തുമുള്ള ചെറിയ ഞരമ്പുകൾ പിടയ്ക്കുന്നതും തെളിഞ്ഞ കണ്ണുകളിൽ മിന്നൽ വീശിയതുപോലെ ചുവന്ന വരകൾ തെളിയുന്നതും പേടിയോടെയാണ് അവൾ കണ്ടത് .

“അതൊന്നുമില്ല സാറേ …..
ഇവളെയെനിക്ക് നേരത്തേ കണ്ടു പരിചയമുണ്ട് അതുകൊണ്ടാണ് ……”

അവളെയൊന്നു അവജ്ഞയോടെ നോക്കിയശേഷം വഷളൻ ചിരിയോടെ വിക്കി വിക്കിയാണ് സെക്യൂരിറ്റിക്കാരൻ മറുപടി കൊടുത്തത്.

” ഇവളോ….. !!!!
ഇവിടെ വരുന്ന പരിചയമുള്ള കസ്റ്റമർമാരെയൊക്കെ ഇതുപോലെ വൃത്തികെട്ട ആംഗ്യം കാണിച്ചുചിരിച്ചുകൊണ്ടാണോ താൻ സ്വീകരിക്കുന്നത്…..
അവരെയൊക്കെ താൻ അവൾ ഇവൾ എന്നൊക്കെ മാനേഴ്‌സില്ലാതെയാണോ സംബോധന ചെയ്യുന്നത്…….!”
അതിനുവേണ്ടിയാണോ തനിക്കിവിടെ ശമ്പളം തന്നു നിർത്തിയിരിക്കുന്നത് …….”

കർക്കശമായ സ്വരത്തിലുള്ള അയാളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ സെക്യൂരിറ്റിക്കാരൻ നിന്നു വിറയ്ക്കുന്നതും വിയർക്കുന്നതും മുഖം കടലാസുപോലെ വിളറി വെളുക്കുന്നതുമൊക്കെ കണ്ടതോടെ അവളുടെ മനസ്സിലും വല്ലാത്തൊരു സന്തോഷം തോന്നുകയും നീണ്ട മൂന്നു വർഷങ്ങൾക്കുശേഷം തനിക്കുവേണ്ടിയും ഒരാൾ വാദിക്കുന്നത് കേട്ടപ്പോൾ തന്റെ ഉടലാകെ കോരിത്തരിക്കുന്നതും അവളറിഞ്ഞു…….!

” ഞാൻ വിവാഹം കഴിക്കുവാൻ പോകുന്ന പെണ്ണാണിത്……
ഇനിയെങ്ങനെ ഇവളെ നോക്കി അതുപോലുള്ള വൃത്തികെട്ട തെമ്മാടിത്തരം കാണിച്ചാൽ വയസൊന്നും ഞാൻ നോക്കില്ല …….
അടിച്ചു പല്ലുകൊഴിച്ചു കളയും പറഞ്ഞേക്കാം……”

സെക്യൂരിറ്റിക്കാരനോടു സംസാരിക്കുന്നതിനിടയിൽ ദേഷ്യം കാരണം അയാളുടെ ശബ്ദം ഉയരുന്നുണ്ടെന്നു തോന്നിയപ്പോൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്നു ഭീതിയോടെ ചുറ്റും നോക്കിയ ശേഷം നേരത്തെ തടഞ്ഞുനിർത്തുവാനായി അയാളെ ചുറ്റിപ്പിടിച്ചിരുന്ന ഇടതുകൈകൊണ്ട് വയറിന്റെ ഭാഗത്തുതന്നെ അമർത്തി നുള്ളിവലിച്ചു സാധാരണ പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രംകൊണ്ടുതന്നെയാണ് മുന്നറിയിപ്പു നൽകി അവൾ അയാളെ അടക്കിനിർത്തിയത് ……!

“അയ്യോ സോറി സർ …..
അബദ്ധം പറ്റിപ്പോയതാണ് ……”

സെക്യൂരിറ്റിക്കാരൻ ദയനീയമായ മുഖത്തോടെയാണ് അയാളുടെ നേരെ കൈകൂപ്പിയത്.

“എന്നോടല്ല ഇവളോട് സോറി പറയെടോ …….”

അയാൾ വീണ്ടും സെക്യൂരിറ്റിക്കാരൻ മുരണ്ടു.

” സോറി മാഡം അറിയാതെ പറ്റിപ്പോയതാണ്….. ഇനി ആവർത്തിക്കില്ല ……
മാനേജരോട് പരാതി പറയരുത് പ്ലീസ് ……”

കഴിഞ്ഞ ഒന്നര മാസത്തോളമായി അയാളുടെ മുന്നിൽ അകപ്പെട്ടുപോയപ്പോഴൊക്കെ അശ്ലീല വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് സംബോധന ചെയ്യുകയും ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തികൊണ്ടു തന്നെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു പാടു സങ്കടം തോന്നുകയും മനസിൽ കരയുകയും ചെയ്തിരുന്നു …..
അപ്പോഴൊക്കെ എന്നെങ്കിലും ഒരിക്കൽ അവനോടു അതിനൊക്കെ കണക്കുചോദിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നതും ഒരുപാട് തവണ ദിവാസ്വപ്നം കാണുകയും ചെയ്തിരുന്നു……!
സ്വപ്നത്തിലെന്നപോലെ ഇപ്പോൾ അതേ സെക്യൂരിറ്റിക്കാരൻ തന്നെ തന്റെ മുഖത്തുനോക്കി കൈകൂപ്പിക്കൊണ്ടു മാപ്പ് പറയുന്നതും……
ബഹുമാനത്തോടെ “മാഡം ” എന്നുവിളിക്കുന്നതുമൊക്കെ കേട്ടപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമാണ് അവൾക്കു തോന്നിയത് …..!

അതിനൊക്കെ കാരണക്കാരൻ അയാളാണെന്നോർത്തപ്പോൾ മറ്റെല്ലാം മറന്നുകൊണ്ട് അയാളെ കെട്ടിപ്പിടിച്ചു നെഞ്ചിൽ തലചായ്ച്ചു ഒരു പ്രാവിനെപ്പോലെ കുറുകുവാൻ അവളുടെ ഇടനെഞ്ചു വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു…….!

അതോർത്തുകൊണ്ടു അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചപ്പോൾ അയാളുടെ ശ്രദ്ധമുഴുവൻ സെക്യൂരിറ്റിക്കാരനിലായിരുന്നതു കാരണം കണ്ടില്ലെന്നു മനസിലായപ്പോൾ വല്ലാത്ത നിരാശയുംതോന്നി.

പക്ഷേ…..
നന്ദി പ്രകടിപ്പിക്കാനായി പതിവുപോലെ നുള്ളിവലിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ വേദനകാരണം പെട്ടെന്നു തന്നെ അയാൾ കൈകൾ തട്ടിമാറ്റിയപ്പോൾ ഒരുനിമിഷം മനസിനുള്ളിൽ വീണ്ടുമൊരു നൊമ്പരത്തിന്റെ കരടു വീണതുകൊണ്ടു മനസുവീണ്ടുംകലങ്ങുകയും മുഖം അൽപ്പം മങ്ങിപ്പോവുകയും ചെയ്തു……!

” ഇനിമേലിൽ താൻ ആരോടും ഇതുപോലെ ആവർത്തിക്കരുത് പറഞ്ഞേക്കാം …….”

സെക്യൂരിറ്റിക്കാരന് ഒരുതവണ കൂടെ താക്കീത് കൊടുത്തശേഷം അവളുടെ കൈവിരലുകൾക്കിടയിൽ സ്വന്തം വിരലുകൾ കോർത്തുപിടിച്ചുകൊണ്ടു ഹോട്ടലിലേക്ക് തിരിഞ്ഞു നടക്കുന്നതിനിടയിൽ
ശണ്ഠകൂടിയ കുട്ടികളെ പരസ്പരം പിടിച്ചുമാറ്റിയതുപ്പോലെ ….
“ഇപ്പോഴെന്തായെടാ പട്ടീ…….”
എന്ന ഭാവത്തിൽ സെക്യൂരിറ്റിക്കാരന്റെ നേരെ ഒരിക്കൽകൂടെ ഗർവ്വോടെ അവൾ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ ചിരിവന്നുവെങ്കിലും അയാൾ കണ്ടതായി നടിച്ചില്ല……!

അയാൾ തനിക്കുവേണ്ടി സെക്യൂരിറ്റിക്കാരനെ വിരട്ടുന്നത് കണ്ടപ്പോൾ മറ്റെല്ലാം മറന്നുപോയിരുന്നെങ്കിലും അയാളുടെ കൂടെ തിരിച്ചു ഹോട്ടലുകളിലേക്ക് തിരിച്ചുനടക്കുമ്പോൾ അന്യതാബോധവും അരക്ഷിതത്വവും വീണ്ടും അവളെ അലട്ടികൊണ്ടിരുന്നു.

തനിക്കു യാതൊരു അവകാശവുമില്ലാത്ത….. നാളെ മറ്റൊരു പെണ്ണിൻറെ സ്വന്തമാകാനുള്ള അയാളെ തൊട്ടുപോലും അശുദ്ധമാക്കരുതെന്ന ചിന്ത വീണ്ടും മനസിനെ പിടിമുറുക്കി തുടങ്ങി…..!

നേർത്തുനീളമുള്ള തന്റെവിരലുകൾക്കിടയിൽ ഒട്ടിക്കിടക്കുന്നതുപോലെ കോർത്തുപിടിച്ചിരിക്കുന്ന അയാളുടെ തടിച്ചു നീളം കുറഞ്ഞ വിരലുകൾക്കിടയിൽ നിന്നും തന്റെ വിരലുകൾ മോചിപ്പിച്ചെടുക്കുവാൻ ഒരു വിഫലശ്രമം നടത്തിനോക്കിയെങ്കിലും അയാളുടെ പിടുത്തം മുറുകുകയാണ് ചെയ്തത്……!
വീണ്ടും ഒരു തവണകൂടി ശ്രമിച്ചുനോക്കിയപ്പോൾ വാശിയോടെയെന്നപോലെ അയാൾ കൂടുതൽ ഇറുക്കിപ്പിടിച്ചു തുടങ്ങിയപ്പോൾ കൈനല്ലപോലെ വേദനിക്കുകയും അറിയാതെ വാ പിളർത്തുകയും ചെയ്തു……!
അതോടെ അതിനുവേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചു.

പക്ഷേ …..
ഹോട്ടലിന്റെ പടികയറി തുടങ്ങിയപ്പോൾ അയാൾ രേഷ്മയെ വിവാഹം ചെയ്യുകയാണെന്നു പറഞ്ഞപ്പോൾ മുതൽ കാറിനുള്ളിൽവച്ചു മനസ്സിനുള്ളിൽ സംഭരിച്ചിരുന്ന ധൈര്യമൊക്കെ എങ്ങോട്ടോ ചോർന്നുപോയിതുടങ്ങിയിരുന്നു……!

ഭയം അവളെ വീണ്ടും വിഴുങ്ങി തുടങ്ങി……!
കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ പതിനഞ്ചോളം തവണ അവിടെ ചെല്ലുകയും താമസിക്കുകയും ചെയ്തിരുന്നെങ്കിലും അതൊക്കെ സാരിതുമ്പെടുത്തു തലയിലിട്ടു മുഖം മറച്ചുപിടിച്ചു തലകുനിച്ചുകൊണ്ട് ഹോട്ടലിലെ നീണ്ട ഇടനാഴിയിലുള്ള മങ്ങിയ വെട്ടത്തിലൂടെ ഒരു കള്ളിയെപോലെ പാത്തും പതുങ്ങിയുമുള്ള യാത്രയായിരുന്നു……!
കിഴക്കു വെള്ളകീറുന്നതിനുമുന്നേ അതേപോലെ അവിടെനിന്നും മടങ്ങുകയും ചെയ്യും…..!
പട്ടാപ്പകൽ ആദ്യമായിട്ടായിരുന്നു ഹോട്ടലിലേക്ക് ചെല്ലുന്നത്. …..!

ഹോട്ടലുകളിലേക്കുള്ള പടികയറുമ്പോൾ താൻ കോർത്തുപിടിച്ചിരുന്ന അവളുടെ വിരലുകളിൽ തണുപ്പുകയറുന്നതും ……
നേരത്തെ അവൾതന്നെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്ന തന്റെ വിരലുകളിലുള്ള അവളുടെ പിടുത്തം മുറുകുന്നതും അറിഞ്ഞപ്പോൾ അവളെ പേടി ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നു അയാളും അറിഞ്ഞു തുടങ്ങിയിരുന്നു .

“പേടിക്കേണ്ട കെട്ടോ….
ഞാനില്ലേ കൂടെ …..”

ഉള്ളിലേക്ക് കയറുമ്പോഴാണ് അയാൾ പതിയെ മന്ത്രിച്ചത് .

അതു കേട്ടയുടനെ നിറമിഴികൾ ഉയർത്തി അയാളുടെ നേരെ നോക്കിയ നോക്കിയപ്പോൾ നോട്ടം നേരിടാനാകാതെ അയാളും സങ്കടത്തോടെ വേഗം മുഖം തിരിച്ചു കളഞ്ഞു.

” ഇപ്പോൾ മാത്രമല്ലെ നിങ്ങൾ എൻറെ കൂടെ കാണുകയുള്ളൂ അനിലേട്ടാ …..
പിന്നെയും ഞാൻ ഒറ്റയ്ക്കല്ലേ….”
എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥമെന്നു വായിച്ചെടുക്കുവാൻ എന്തുകൊണ്ടോ അപ്പോൾ അയാളും മറന്നുപോയിരുന്നു …..!

ഹോട്ടലിന്റെ ലോബിയിലേക്കു കടന്നയുടനെ തന്റെ നെഞ്ചോളം ഉയരത്തിലുള്ള റിസപ്ഷൻ ഡസ്ക്കും അതിനു മുന്നിലുള്ള വെൽവെറ്റിന്റെ പതുപതുത്ത കുഷ്യനോടു കൂടിയ വിലയേറിയ സോഫയും ചുമരിൽ തൂക്കിയിട്ട വലിയ കാൻവാസിലുള്ള ഒന്നും മനസ്സിലാവാത്ത കുറേ പെയിൻറിംഗുകളും് അത്ഭുതത്തോടെയാണ് അവൾ നോക്കിയത് …..!

ഇതൊക്കെ മുന്നേയും ഇവിടെയുണ്ടായിരുന്നോ….!
അല്ലെങ്കിൽ ഇന്നലെയോ മറ്റോ പുതുതായി കൊണ്ടുവച്ചതാണോ …..!
ഞാനിതൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ…!

ഓ…. ഉണ്ടാവുമായിരിക്കും പാതിരാത്രിയിൽ റൂംബോയിയുടെ നിഴൽപറ്റി തലയുംതാഴ്ത്തി പാത്തും പതുങ്ങിയും കയറി വരികയും അങ്ങനെതന്നെ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്ന താനെങ്ങനെ ഇതൊക്കെ കാണുവാനാണ് ……!
ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരു രാത്രി മുഴുവൻ വിയർപ്പു പങ്കിട്ടുകൊണ്ട് കൂടെ കിടന്നിരുന്ന ചിലരുടെ മുഖം പോലും ഓർമ്മയില്ല…..!
പിന്നല്ലേ ഹോട്ടലിലെ റിസപ്ഷനിലേ പ്രത്യേകതകൾ…..!
ആത്മനിന്ദയോടെ അവൾ തന്നെ വേഗം തിരുത്തി .

അതിനിടെ റിസപ്ഷൻ ഡസ്‌ക്കിനു നേരെ മുകളിൽ മുറികളുടെ നമ്പറുകൾക്ക് മുകളിൽ അതാത് മുറികളുടെ താക്കോലുകൾ തൂക്കിയിട്ടിരിക്കുന്ന ബോർഡിനു തൊട്ടടുത്തുള്ള വലിയ ബോർഡിൽ ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും മലയാളത്തിലുമായി എഴുതിവച്ചിരുന്ന താമസക്കാർക്കുള്ള നിർദ്ദേശങ്ങളിലും നിബന്ധനകളിലും ആദ്യത്തെ മൂന്നെണ്ണം വായിച്ചപ്പോൾ അവൾക്ക് ചിരിയടക്കാനായില്ല ….!

മുറിയിൽ മദ്യപാനം അനുവദിനീയമല്ല ….! ഫാമിലിയായി താമസിക്കാൻ എത്തുന്നവർ മതിയായ രേഖകൾ കൂടെ കരുതേണ്ടതാണ്…..!
അനാശാസ്യപ്രവർത്തനങ്ങൾക്ക് മുറി അനുവദിക്കുന്നതല്ല….!

മൂന്നാമത്തെ നിബന്ധനകൾ വായിച്ചപ്പോൾ തന്നെ വഴിതിരിച്ചു വിടുകയും കമ്മീഷൻ കൈപ്പറ്റിക്കൊണ്ടു തന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്ന റൂംബോയിയുടെ മുഖം പെട്ടന്നവളുടെ മനസിലേക്ക് കയറിവന്നു…….!

ചുയീഗം ചവയ്ക്കുന്നതുപോലെ എപ്പോഴും പാൻപരാഗ് ചവച്ചുതുപ്പിക്കൊണ്ടിരിക്കുന്ന അവന്റെ കുറ്റിതലമുടിയും വട്ടമുഖവും പീളകെട്ടിയതുപോലെയുള്ള കണ്ണുകളും ഓർത്തപ്പോൾ മനസ്സിനൊപ്പം അവളുടെ കണ്ണുകളിലും ഭയം നിറഞ്ഞു .

അവൻ ഇവിടെയെവിടെയെങ്കിലുമുണ്ടോ….. എവിടെനിന്നെങ്കിലും തന്നെ ഒളിഞ്ഞു നോക്കുന്നുണ്ടോ…..
അവൻ തന്നെയും അനിലേട്ടനെ ആക്രമിച്ചേക്കുമോ…….!

അവനു പകയുണ്ടാണ്ടാകും ഉണ്ടാകും.
കാരണം …..
അനിലേട്ടനെ പരിചയപ്പെടുത്തിയ വകയായുള്ള കമ്മീഷൻ കൊടുത്തിട്ടില്ല …..
ഏതോ വലിയ പണചാക്കിനുവേണ്ടി ഇന്നലെ രാത്രിയിൽ ഹോട്ടലിലെത്തണമെന്ന് മുന്നേ പറഞ്ഞുറപ്പിച്ചതായിരുന്നു ……
അതിനു പോയില്ലെന്നു മാത്രമല്ല അവൻ വിളിച്ചപ്പോൾ ഫോണെടുത്തിട്ടുമില്ല…… ഇതിനൊക്കെപ്പുറമേ കുറച്ചു ദിവസമായി അവൻ താമസിക്കുന്ന പുറത്തുള്ള വാടകമുറിയിൽ അവൻറെകൂടെ ഒരുദിവസം കഴിയണമെന്നു പറഞ്ഞുകൊണ്ട് ശല്യം ചെയ്യുവാൻ തുടങ്ങിയിട്ടുമുണ്ടായിരുന്നു……
അപ്പോഴൊക്കെ കേട്ടില്ലെന്നു നടിക്കുകയോ പിന്നെയാകട്ടെയെന്നു പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയോയാണ് ചെയ്തിരുന്നത്….!

അതിലൊക്കെ അവനു കാണും ദേഷ്യവും പകയും ഉണ്ടാവും എന്നെ എന്തുവേണമെങ്കിലും ചെയ്തോട്ടെ പക്ഷേ പാവം അനിലേട്ടനെ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു ……..!

നടക്കുന്നതിനിടയിൽ ഭീതി നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കുന്നതിനിടയിൽ റിസപ്ഷനിൽ ഇരിക്കുന്ന ചെറുപ്പക്കാരനും തൊട്ടടുത്തു് നിൽക്കുകയായിരുന്ന വേറൊരാളും തന്നെയും അനിലേട്ടനും നോക്കിയശേഷം എന്തോ പറഞ്ഞുകൊണ്ട് വഷളൻ ചിരി ചിരിക്കുന്നത് കണ്ടപ്പോൾ വെറുപ്പോടെ വേഗം തലതാഴ്ത്തി.

“ഗുഡ് മോർണിംഗ് സർ……..”
അടുത്തെത്തിയയുടനെ വൃത്തികെട്ട രീതിയിൽ തന്നെ ചുഴിഞ്ഞു നോക്കുന്നതിനിടയിലാണ് റിസപ്ഷനിലെ ചെറുപ്പക്കാരൻ അനിലേട്ടനെ അഭിവാദ്യം ചെയ്തതെന്ന് മനസിലായപ്പോൾ അവൾ വീണ്ടും അലക്ഷ്യമായി നോട്ടം തെറ്റിച്ചു.

“അന്നുരാത്രിയിൽ ഇവിടെനിന്നും പനി പിടിച്ചു പോയി അല്ലേ …..
സാർ ഹോസ്പിറ്റലിലാണുള്ളതെന്ന് കാറെടുക്കാൻ വന്നിരുന്ന കൂട്ടുകാരൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്…….”

ചിരപരിചിതനായതുകൊണ്ടാവണം സ്വാതന്ത്ര്യത്തോടെ അയാളോട് ചോദിക്കുന്നതിനിടയിൽ വല്ലാത്തൊരു ചിരിയോടെ റിസപ്ഷനിസ്റ്റ് തന്നെ നോക്കിയപ്പോഴാണ് അവൻ ചോദിച്ചതിന്റെ ആന്തരികാർത്ഥം അവൾക്കും പിടികിട്ടിയത്……!

അതോടെ വല്ലാതെ ചൂളിപ്പോകുകയും അയാളുടെ മുന്നിൽ നിന്നു മാറിനിൽക്കണമെന്നു തോന്നുകയും ചെയ്യുന്നുണ്ടായിരുന്നു പക്ഷേ പശകൊണ്ടു ഒട്ടിച്ചതുപോലെയാണ് അനിലേട്ടൻ കൈവിരലുകൾ പിടിച്ചിരിക്കുന്നത് അതുകൊണ്ട് മാറുവാൻ സാധിക്കുന്നുമില്ല……!

അയാളുടെ കൈയിൽ നല്ലൊരു നുള്ളു കൊടുത്തുകൊണ്ട് കൈവിരലുകൾ സ്വതന്ത്രമാക്കാൻ അവളുടെ കൈകൾ തരിക്കുന്നുണ്ടായിരുന്നു പക്ഷേ സമയവും സന്ദർഭവും ഓർത്തപ്പോൾ തൽക്കാലം വേണ്ടെന്നുവച്ചു…….!

“ങും….. പനി പിടിച്ചുപോയി ……
രണ്ടുദിവസം ഹോസ്പിറ്റലിലായിരുന്നു അവിടെനിന്നും നേരെ ഇങ്ങോട്ടാണ് വരുന്നത്…..
എന്റെ ബില്ലൊന്നു സെറ്റിൽ ചെയ്യണം…..
ഞാൻ റൂംവെക്കേറ്റ് ചെയ്യുകയാണ് ……”

അത്ര താല്പര്യമില്ലാതെ മട്ടിലാണ് അയാൾ മറുപടി കൊടുത്തത് .

“അതെന്താ സാർ…..
യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നു……”

അത്ഭുതം കൂറിക്കൊണ്ടാണ് റീസപ്‌ഷനിസ്റ്റ്‌ അർദ്ധോക്തിയിൽ നിർത്തിയത്.

” പെട്ടെന്നോ…..
ഒന്നര വർഷത്തിലധികമായില്ലേ…..
ഇനിയേതായായാലും വീട്ടിൽത്തന്നെ കൂടാമെന്നുകരുതി…..”

ചിരിയോടെയായിരുന്നു അയാളുടെ മറുപടി കെട്ടുകൊണ്ടിരുന്നതിനിടയിൽ ഒരിക്കൽ കൂടി
ഭീതിയോടെ വീണ്ടും ചുറ്റും നോക്കിയപ്പോഴാണ് റിസപ്ഷനിസ്റ്റ്‌ അനിലേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയിരുന്ന കൂടെയുണ്ടായിരുന്നവൻ പിന്നിലുള്ള സോഫയിൽ ഇരുന്നുകൊണ്ട് തന്നെ കണ്ണുകൾകൊണ്ട് വിവസ്ത്രയാക്കി ഭോഗിക്കുകയാണ് മനസിലായത്……!

അറപ്പോടെ അവനെയൊന്നു നോക്കികൊണ്ടു മാറിടത്തിലേക്കും വയറിന്റെ ഭാഗത്തേക്കും വലതുകൈകൊണ്ട് വേഗത്തിൽ സാരി വലിച്ചു നേരെയാക്കിയശേഷം അവന്റെ മുഖത്തേക്കു കാർക്കിച്ചുതുപ്പുന്നതുപോലെ ഉമിനീരില്ലാതെ തറയിലേക്ക് നീട്ടി തുപ്പുന്നതായി ആംഗ്യം കാണിച്ചപ്പോൾ അവന്റെ മുഖം വിളറി വെളുക്കുകയും പതിയെ എഴുന്നേറ്റ് പോവുകയും പോകുന്നതും കണ്ടു ……!

” ബില്ല് ഇപ്പോൾതന്നെ വേണോ സർ അതോ……”

ചുമരിലെ ബോർഡിൽനിന്നും മുറിയുടെ നമ്പറിനു നേരെ തറച്ചിരുന്ന ആണിയിൽ നിന്നും താക്കോലെടുത്തു കൊടുക്കുന്നതിനിടയിൽ വീണ്ടും റിസപ്ഷനിസ്റ്റിന്റെ ചോദ്യം കേട്ടപ്പോഴാണ്
അവൾ വീണ്ടും അനിലേട്ടനെ ശ്രദ്ധിച്ചത്.

” അതിനെന്തിനാണ് ഇത്ര താമസം …..
പറ്റുമെങ്കിൽ ഇപ്പോൾതന്നെ തന്നേക്കൂ…. ഞങ്ങൾക്ക് വേഗം പോകേണ്ടതാണ്…….”

അസ്വസ്ഥതയോടെയായിരുന്നു അതിനുള്ള അയാളുടെ മറുപടി .

കമ്പ്യൂട്ടറിൽ നോക്കി ബില്ലുകൾ ശരിയാക്കുന്നതിനിടയിൽ റിസപ്ഷനിസ്റ്റ് ഇടയ്ക്കിടെ തന്നെ നോക്കുന്നതും വഷളനെപ്പോലെ ചിരിക്കുന്നതുമൊക്കെ കണ്ടപ്പോൾ അവൾക്കും അസ്വസ്ഥത തോന്നിത്തുടങ്ങി.
എവിടെയെങ്കിലും ഓടിയൊളിക്കണമെന്നുണ്ടായിരുന്നു…..!
പക്ഷെ……
എങ്ങനെ……!
അനിയേട്ടനാണെങ്കിൽ ഇതൊന്നുമറിയാതെ ഫോണിൽ മുഖം പൂഴ്ത്തിക്കൊണ്ടു നിൽക്കുകയുമായിരുന്നു…..!

ഇടയ്ക്കൊരു തവണ അവൻ കണ്ണിറുക്കി കാണിക്കുന്നതു കണ്ടപ്പോഴാണ് ആശ്രയത്തിനെന്നപോലെ അനിലേട്ടന്റെ മുഖത്തേക്ക് നോക്കിയതും അയാളുടെ നെറ്റിയിലെ നീലഞരമ്പുകൾ പിടക്കുന്നതും അണപല്ലുകൾ കടിച്ചമർത്തുന്നതും
കണ്ണുകളിൽ ചുവന്ന വരകൾ വീണുകിടക്കുന്നതും കണ്ടത്..!

് അയാളും എല്ലാം ശ്രദ്ധിച്ചുകൊണ്ടു ദേഷ്യം കടിച്ചുപിടിച്ചു നിൽക്കുകയാണെന്ന് മനസ്സിലായതോടെ ഇത്തവണ അവളാണ് പേടിയോടെ അയാളുടെ വിരലുകളിലെ പിടുത്തം മുറുക്കിയത്……..!

“ഈ ചരക്ക് സാറിന്റെ പിറകെ കൂടിയിട്ടു കുറേ ദിവസമായല്ലോ……..
അങ്ങനെ വെറുതെയൊന്നും സാറിനെ ഒഴിവാക്കുന്ന ലക്ഷണമൊന്നും കാണുന്നുമില്ല….

ഇവറ്റകളെയൊക്കെ ശ്രദ്ധിക്കണം സാർ ……
നമ്പാൻ പാടില്ല …….
ചിലപ്പോൾ ലോകത്തുള്ള മഹാരോഗങ്ങൾ മുഴുവനും കാണും……
അതുകൂടാതെ ഉടുത്തിരിക്കുന്ന ജട്ടിയടക്കം അടിച്ചു മാറ്റുകയും ചെയ്യും….
ഇവിടെത്തന്നെ ഒരുപാടുപേർ പരാതികൾ പറഞ്ഞിട്ടുണ്ട്…….
ഞങ്ങളെന്തു ചെയ്യുവാനാണ്…….”

അവൻ നീട്ടിയ ബിൽ വാങ്ങിയശേഷം മുറിയിലേക്ക് നടക്കാനൊരുങ്ങുമ്പോൾ പിറകിൽനിന്നും അവന്റെ സരോപദേശം കേട്ടപ്പോൾ ഒരു നിമിഷം അവൾ ഞെട്ടിത്തരിച്ചു തറഞ്ഞു നിന്നുപോയി…..!

അവജ്ഞയോടെ അവൻ പറഞ്ഞിരുന്ന വാക്കുകളുടെ ഞെട്ടലിൽ ഒരടി മുന്നോട്ടോ പിന്നോട്ടോ നടക്കാനാകാതെ തലയും താഴ്ത്തി സാരിയുടെമുന്താണി തുമ്പിൽ തെരുപിടിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു മെഴുകുതിരി പോലെ അവൾ ഉരുകുകുകയായിരുന്നു……
വാക്കുകളുടെ ചൂടിൽ ഉരുകിയൊലിക്കുന്ന മെഴുകുതിരി…..!

ഇത്രയും അധമയാണോ താൻ……!
ഈ നിമിഷം താനൊരു ശിലയായി മാറിയിരുന്നെങ്കിൽ…..
അല്ലെങ്കിൽ ഭൂമിപ്പിളർന്നു താൻ ഭൂമിക്കടിയിലേക്കു താഴ്ന്നുപോയെങ്കിൽ..
അതുമല്ലെങ്കിൽ കത്തിച്ചാമ്പലായി തീർന്നെങ്കിൽ…
അവൾ അതിയായി മോഹിച്ചുപോയി.

ആ നിമിഷങ്ങളിലെപ്പോഴോ കോർത്തുപിടിച്ചിരുന്ന അയാളുടെ കൈവിരലുകൾ അയഞ്ഞതും തന്റെ കൈവിരലുകൾ സ്വതന്ത്രമായതും അവൾ അറിഞ്ഞതേയില്ല……!

“ടപ്പേ…..”

മുഖംകുനിച്ചുകൊണ്ടു നിൽക്കുന്നതിനിടയിൽ അടിയുടെ ശബ്ദമാണ് ആദ്യം ചെവിയിലെത്തിയത്….
പിറകെയാണ് റിസപ്ഷൻ ഡസ്ക്കിനു പിറകിലുള്ള ചക്രകസേര നീങ്ങുന്ന ശബ്ദമെത്തിയത്……!
ഞെട്ടിപ്പിടഞ്ഞു തലയുയർത്തുമ്പോഴേക്കും അടിയേറ്റ കവിളും പൊത്തിപ്പിടിച്ചുകൊണ്ടു അണിയേട്ടനെ തന്നെ തുറിച്ചുനോക്കി നിൽക്കുന്ന റിസപ്ഷനിസ്റ്റായ ചെറുപ്പക്കാരനെയാണ് കണ്ടത്……

“ചരക്കോ…….!”
ചാരക്കെന്നു പറഞ്ഞാൽ എന്താണെന്ന് നിനക്കറിയാമോടാ നായേ……
വിൽക്കുവാനും വാങ്ങുവാനുമുള്ള സാധനങ്ങൾക്കാണ് ചരക്കുകളെന്നു പറയുന്നത്.
സ്വന്തം വീട്ടിലുള്ളവരൊഴികെ മറ്റുള്ളവരുടെ അമ്മയും ഭാര്യയും പെങ്ങന്മാരും പെണ്മക്കളുമൊക്കെ നിന്നെപ്പോലെയുള്ളവർക്ക് വിൽക്കുവാനും വാങ്ങുവാനും കൈമാറാനുമുള്ള വെറും ചരക്കുകളാണല്ലേ……”

അവനെ വീണ്ടും തല്ലാനോങ്ങികൊണ്ട് പറയുമ്പോൾ ദേഷ്യം കാരണം അയാൾ അടിമുടി ലാവപോലെ തിളച്ചുമറിയുകയാണെന്നാണ് അവൾക്കു തോന്നിയത്.
സൗമ്യശീലനും സരസനുമായിരുന്ന അയാൾക്കിങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ….!

ചുട്ടുപഴുത്തതുപോലെയുള്ള അയാളുടെ മുഖവും കലങ്ങിയ കണ്ണുകളും അലങ്കോലമായി മുഖത്തേക്കു വീണുകിടക്കുന്ന തലമുടിയുമൊക്കെ കണ്ടപ്പോൾ അത്ഭുതത്തോടൊപ്പം പേടിയും തോന്നുന്നുണ്ടായിരുന്നു……!

“നീ ഇവളെ നോക്കി കാണിച്ചുകൊണ്ടിരുന്ന കോപ്രായങ്ങളൊക്കെ ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിച്ചിരുന്നു……..
അപ്പോഴൊക്കെ ഞാൻ പരമാവധി ക്ഷമിച്ചതാണ്…..
പക്ഷേ……
കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറയുന്നതുപോലെയുള്ള നിന്റെ സദാചാരവും സരോപദേശവുമൊക്കെ വീട്ടിൽ വച്ചിട്ടു വന്നാൽ മതി……

നിന്റെയൊക്കെ താല്പര്യത്തിനു നിൽക്കാത്ത മറ്റുള്ളവരുടെ വീട്ടിലെ സ്ത്രീകളെ ചരക്കെന്നും വെടിയെന്നുമൊക്കെ വിളിക്കാൻ തോന്നുമ്പോൾ ഇനിയെങ്കിലും ഇപ്പോൾ കിട്ടിയ അടിയേക്കുറിച്ചും നിനക്കോർമ്മ വേണം….
ഒരിക്കൽ ഒരാൾ അങ്ങനെയായിപ്പോയതുകൊണ്ടു ജീവിതകാലം മുഴുവൻ അങ്ങനെയാകണമെന്നൊന്നുമില്ല…..
അതുകൊണ്ട് ഞാനിവളെ വിവാഹം കഴിക്കുവാൻ പോകുകയാണ് ഇനി ഇവളെക്കുറിച്ചു വല്ലതും അനാവശ്യം പറഞ്ഞിട്ടുണ്ടെങ്കിൽ നാക്ക് ഞാൻ അരിഞ്ഞു കളയും……!”

പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്ന തന്നെയും ചേർത്തുപിടിച്ചുകൊണ്ടു അയാൾ അവസാന വാചകം പറയുന്നതുകേട്ടപ്പോൾ യജമാനസ്നേഹമുള്ള പൂച്ചകുഞ്ഞിനെപ്പോലെ അവളും നന്ദിയോടെ അയാളോടു ചേർന്നുനിന്നു.

റിസപ്ഷൻ ലോബിയിൽനിന്നും മങ്ങിയവെട്ടമുള്ള ഇടനാഴിയിലൂടെ അയാളുടെ മുറിയും ലക്ഷ്യമാക്കി താക്കോലും ചുഴറ്റിക്കൊണ്ടു മുന്നിൽ നടക്കുകയായിരുന്ന അയാളുടെ പിറകെ നടക്കുമ്പോൾ റിസപ്ഷനിസ്റ്റ്‌ പറഞ്ഞിരുന്ന വാചകങ്ങൾ പിന്നെയും പിന്നേയും അവളുടെ മനസിനെ പൊള്ളിച്ചുകൊണ്ടേയിരുന്നു…..!

“ഈ ചരക്ക് സാറിന്റെ പിറകെ കൂടിയിട്ടു കുറേ ദിവസമായല്ലോ……..
അങ്ങനെ വെറുതെയൊന്നും സാറിനെ ഒഴിവാക്കുന്ന ലക്ഷണമൊന്നും കാണുന്നുമില്ല….
ഇവറ്റകളെയൊക്കെ ശ്രദ്ധിക്കണം സാർ ……
നമ്പാൻ പാടില്ല …….
ചിലപ്പോൾ ലോകത്തുള്ള മഹാരോഗങ്ങൾ മുഴുവനും കാണും……
അതുകൂടാതെ ഉടുത്തിരിക്കുന്ന ജട്ടിയടക്കം അടിച്ചു മാറ്റുകയും ചെയ്യും….!”





തുടരും....... ♥️


മായാമൊഴി 💖 43

മായാമൊഴി 💖 43

4.8
8352

താൻ കാരണം പാവം അനിലേട്ടനു നേരിടേണ്ടിവന്ന അപമാനത്തെയും തനിക്കുവേണ്ടി വഴക്കുണ്ടാക്കേണ്ടി വന്നതിനെയും കുറിച്ചോർത്തപ്പോൾ അവൾക്കു കുറ്റബോധത്തോടൊപ്പം സങ്കടവും തോന്നി……! ഇവിടെപ്പോലും ഇങ്ങനെയാണ് അവസ്ഥയെങ്കിൽഇക്കാര്യങ്ങൾ നാട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കുവാൻ പോലും വയ്യ……ഇപ്പോൾത്തന്നെ പലരും ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്….വഴിയിലും ഉത്സവപറമ്പുകളിലും കല്യാണവീടുകളിലും മറ്റും കാണുമ്പോൾ അക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പലരും വ്യക്തമാക്കുകയും ചെയ്യാറുണ്ട്…….! ഇതിനിടെ ഒരു വിവാഹവീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഇറച്ചി വിളമ്പുകാര