Aksharathalukal

മായാമൊഴി 💖 43

താൻ കാരണം പാവം അനിലേട്ടനു നേരിടേണ്ടിവന്ന അപമാനത്തെയും തനിക്കുവേണ്ടി വഴക്കുണ്ടാക്കേണ്ടി വന്നതിനെയും കുറിച്ചോർത്തപ്പോൾ അവൾക്കു കുറ്റബോധത്തോടൊപ്പം സങ്കടവും തോന്നി……!
ഇവിടെപ്പോലും ഇങ്ങനെയാണ് അവസ്ഥയെങ്കിൽഇക്കാര്യങ്ങൾ നാട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കുവാൻ പോലും വയ്യ……ഇപ്പോൾത്തന്നെ പലരും ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്….വഴിയിലും ഉത്സവപറമ്പുകളിലും കല്യാണവീടുകളിലും മറ്റും കാണുമ്പോൾ അക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പലരും വ്യക്തമാക്കുകയും ചെയ്യാറുണ്ട്…….!
ഇതിനിടെ ഒരു വിവാഹവീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഇറച്ചി വിളമ്പുകാരൻ വിളമ്പുന്നതിനിടയിൽ…..“നിന്റെ ഇറച്ചിയെപ്പോഴാണ് എനിക്കിതുപോലെ വിളമ്പിതരുന്നതെന്ന് …….”അശ്‌ളീല ചിരിയോടെ ചോദിക്കുന്നതുകേട്ടപ്പോൾ തൊട്ടടുത്തിരുന്നു ഭക്ഷണം കഴിക്കുകായായിരുന്ന അമ്മ എച്ചിൽ കൈകൊണ്ടുതന്നെ അവന്റെ കരണക്കുറ്റിക്ക് പൊട്ടിച്ചിരുന്ന കാര്യം എന്തുകൊണ്ടോ പെട്ടന്നവൾ ഓർത്തുപോയി…..!
കറിവയ്ക്കുവാനാവശ്യമായ ഇഷ്ട്ടപ്പെട്ട പച്ചക്കറികൾ വാങ്ങുമ്പോൾ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനാണ് അനിയേട്ടനുള്ളപ്പോൾ മുതൽ സാധനങ്ങൾ വാങ്ങിയിരുന്ന വീടിനടുത്തുള്ള പലചരക്കു കടക്കാരനെ ഒഴിവാക്കിക്കൊണ്ടു ടൗണിലുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങുവാൻ തുടങ്ങേണ്ടിവന്നത്……!ആർക്കും എന്തും പറയാമല്ലോ……!വിധവയല്ലേ വിധവ…..!ആണിന്റെ ചൂടും ചൂരും തേടിനടക്കുന്ന ചോരത്തിളപ്പുള്ള വിധവ…..!ആരും ചോദിക്കുവാനും പറയാനുമില്ലാത്ത വിധവ…..!
എന്നെങ്കിലും ഒരിക്കൽ ഇതൊക്കെ നാട്ടിലറിഞ്ഞാൽ തനിക്കു പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റില്ലെന്നും ഏതെങ്കിലും ഒരു ദിവസം ആരെങ്കിലും ഒരാൾ തന്റെ വീടിന്റെ അടച്ചുറപ്പില്ലാത്ത വാതിൽ ചവിട്ടിത്തുറന്നുകൊണ്ടു അകത്തേക്ക് കടന്നുവരുമെന്നും ഉൾക്കിടിലത്തോടെ അവളോർത്തു.

ഒരിക്കൽ ചെളിയിൽ ചവിട്ടിപ്പോയതുകൊണ്ടു ഇനിയുള്ള ജീവിതം വല്ലാത്ത ദുർഘടം പിടിച്ചതായിരിക്കുമെന്നു ഈ ഒരൊറ്റ ദിവസംകൊണ്ടുതന്നെ ശരിക്കും ബോധ്യമായി കഴിഞ്ഞു…….!
ഇനിയുള്ള ജീവിതം ഒരു സമസ്യയാണ് …..
ഉത്തരം കിട്ടാത്ത സമസ്യ……!

ഒരുവിധത്തിൽ ഇന്നുതന്നെ ഇതുപോലൊരു സംഭവമുണ്ടായതു നന്നായി……!
തന്റെ അതിമോഹംപോലെ അനിലേട്ടൻ തന്നെ വിവാഹം കഴിച്ചതിനുശേഷമാണ് ഇങ്ങനെയൊക്കെയുണ്ടായതെങ്കിൽ പാവം കൂടുതൽ നാണം കെട്ടുപോകുമായിരുന്നു…..!

പാവം അനിലേട്ടൻ രേഷ്മയെ വിവാഹം കഴിക്കുന്നതുതന്നെയാണ് നല്ലത്.
അല്ലാതെ തന്റെ ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്നതുപോലെ തന്നെ കൂടെ കൂട്ടുകയാണെങ്കിൽ ഇനിയും ഇതുപോലുള്ളതോ ചിലപ്പോൾ ഇതിനേക്കാൾ ഭീകരമായതുമായ ഒരുപാട് പ്രശ്നങ്ങൾ ഇനിയും അഭിമുഖീകരിക്കേണ്ടി വരും…….

ഇതുപോലെ കുറെ അനുഭവിക്കേണ്ടി വരുമ്പോൾ ഒരുനാൾ അനിലേട്ടനും മടുപ്പുവരും……!
പിന്നെ ഇഷ്ടത്തെക്കാൾ കൂടുതൽ വെറുപ്പുണ്ടാകുവാൻ തുടങ്ങും അതെനിക്ക് സഹിക്കുവാൻ സാധിക്കില്ല……!

എന്തിനാണ് സ്നേഹിക്കുവാൻ മാത്രമറിയുന്ന ഇത്രയും വലിയ പണക്കാരനായ ആ നല്ല മനുഷ്യനെ വെറുതെ അപമാനിക്കുന്നത്……..!
അഥവാ തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ അനിലേട്ടന്റെ കൂടെ എവിടെയെങ്കിലും പോകേണ്ടിവരുമ്പോൾ ഇനി നേരിടേണ്ടി വരുന്നത് ഒരുപക്ഷേ……
തന്റെ കൂടെ ഈ ഹോട്ടലിൽ…….
വയ്യ ……
അതോർക്കുവാൻ പോലും വയ്യ…..
അപ്പോഴത്തെ അനിലേട്ടന്റെ അവസ്‌ഥ ചിന്തിക്കുവാൻ വയ്യ……

തന്നെ ഇത്രയേറെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരിക്കുന്ന ആ മനുഷ്യനെ ഇനിയും അപമാനിക്കരുത്……!
അനിലേട്ടനെങ്കിലും മനസമാധാനത്തോടെ ജീവിച്ചോട്ടെ…….!
അനിലേട്ടൻ നല്ല മനസിനും സ്നേഹത്തിനും നേരവകാശി രേഷ്മതന്നെയാണ്…..
അവൾക്കു മാത്രമാണതിനു അര്ഹതയുള്ളത്…….!
അതുകൊണ്ട് മനസിലുള്ള മോഹങ്ങൾ മുഴുവൻ ഒഴിവാക്കിക്കൊണ്ടു വഴിയൊഴിഞ്ഞു കൊടുത്തേ പറ്റൂ…..!
ഇന്നത്തെ സംഭവങ്ങൾ തെളിയിക്കുന്നതും അതാണ്……!
തന്നോടു നേരിട്ടു പറഞ്ഞില്ലെങ്കിലും വിസ്മയ സാരീസ് അനിലേട്ടന്റേതാണെന്നു ഉറപ്പാണ്……
തനിക്ക് ഇടയ്ക്കിടെ അനിലേട്ടനെ കണ്ടാൽ മതി…..
വല്ലപ്പോഴും അവിടെ വരുമ്പോൾ കണ്ണൂനിറയെ കണ്ടുകൊണ്ടു തൃപ്തിയടയാം……
അതിനുള്ള യോഗ്യതയേ തനിക്കുള്ളൂ……!

തന്റെ അതിമോഹത്തിനുളള മുന്നറിപ്പാണ് ഇപ്പോൾ കിട്ടിയത്……
മതി അതുമതി……!

അനിലേട്ടൻ തന്റേതുമാത്രമായ ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടെയുണ്ട് അത്രയും നേരമെങ്കിലും ഒരുപാട് സ്നേഹിക്കണം എന്തുവിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും ഒരുപാട് സന്തോഷിപ്പിക്കണം….
അതുകൊണ്ട് ഇനിയുള്ള സമയങ്ങളിൽ സങ്കടം തടഞ്ഞു തൊണ്ടപൊട്ടിയാലും കണ്ണീരൊഴുകിയാലും തനിക്കു ചിരിക്കണം…..
ചിരിച്ചേ മതിയാകൂ….

അയാളെ എന്നെന്നും ഓർക്കുവാൻ അതുമാത്രം മതിയെനിക്ക്……

ഹോട്ടലിന്റെ വെളിച്ചം മങ്ങിയ ഇടനാഴിയിലൂടെ സ്വന്തം മുറി ലക്ഷ്യമാക്കി വേഗത്തിൽ നടക്കുകയായിരുന്ന അയാളുടെ പിറകെ
വളരെ പതുക്കെ നടക്കുന്നതിനിടയിൽ മനസിലെ തീരുമാനങ്ങൾ അവൾ അരക്കിട്ടു ഉറപ്പിച്ചു.

എതിർവശത്തുനിന്നും മുൻപരിചയമുള്ള രണ്ടു ഹോട്ടൽ ജീവനക്കാർ വരുന്നതുകണ്ടപ്പോൾ തലകുനിച്ചു ഒതുങ്ങി നടന്നുകൊണ്ടു വഴിയൊഴിഞ്ഞു കൊടുക്കുന്നതിനിടയിലാണ് തന്നെ തുറിച്ചുനോക്കിക്കൊണ്ടു അവർ അടക്കം പറയുന്നത് ശ്രദ്ധിച്ചത്.

“ഇവൾ ഫുൾടൈം ലൈനിലിറങ്ങിയോ…..\'”
കേട്ടപ്പോൾ പേടിയോടെ ആദ്യം നോക്കിയത് അയാൾ കേട്ടിരുന്നോ എന്നായിരുന്നു…….

ഇല്ലെന്നു മനസിലായപ്പോൾ ആശ്വാസത്തോടെ അവരുടെ ചോദ്യങ്ങളെയും തുറിച്ചുനോട്ടങ്ങളെയും അവഗണിച്ചുകൊണ്ട് അയാളുടെയടുത്തേക്ക് വേഗത്തിൽ നടന്നു……!

ഇടനാഴിയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ടു അവളുടെ നിറംമങ്ങിയ വെള്ളിക്കൊലുസിന്റെ ചിരിയുടെയും ചുവന്ന കുപ്പിവളകളുടെ കരച്ചിലിന്റെ ശബ്ദവും ഒന്നിച്ചുമുഴങ്ങുന്നതുകേട്ടപ്പോൾ അതിശയത്തോടെ അയാൾ തിരിഞ്ഞു നോക്കുമ്പോഴേക്കും പിറകിൽ നിന്നെത്തിയ അവളുടെ വലതുകൈത്തലം അയാളുടെ കൈത്തണ്ടയിൽ സുരക്ഷിതസ്ഥാനം തേടിയിരുന്നു

“ഓ……
നീ പകലും ഇറങ്ങിയോടി…..
നിനക്കു വലിയ വലിയ പണച്ചാക്കുകളെയും ബിസിനസുകാരെയുമൊക്കെയേ ബോധിക്കുകയുള്ളൂ അല്ലെ…..
കുറച്ചു കഴിയുമ്പോൾ റേറ്റ് കുറക്കേണ്ടിവരും അപ്പോൾ അറിയിക്കണം കെട്ടോ …..
എന്നിട്ടുവേണം നമുക്കു വിശദമായി പരിചയപ്പെടുവാൻ…….
ഞങ്ങളൊക്കെ വെയിറ്റിങ് ലിസ്റ്റിലുണ്ട് നിന്റെ ഏജൻറ് പറഞ്ഞിരുന്നില്ലേ…….”

സ്ഥിരതാമസക്കാർക്കുള്ള ബ്ലോക്കിന്റെ അങ്ങേയറ്റത്തെ അയാളുടെ മുറിതുറക്കുന്നതിനിടയിൽ എതിർവശത്തുള്ള മുറിയിൽ നിന്നും പുറത്തിറങ്ങിയ കാലുനിലത്തുറക്കാത്ത രണ്ടു ചെറുപ്പക്കാരിലൊരാളുടെ കുഴഞ്ഞ ശബ്ദത്തിലുള്ള പകയും മോഹഭംഗവും ചേർന്നുള്ള പരിഹാസ ചോദ്യം കേട്ടപ്പോൾ കൈത്തണ്ടയിലെ പിടുത്തം മുറുക്കിക്കൊണ്ടു പേടിയോടെ അവൾ അയാളുടെ നിഴലിലേക്കു മാറിനിന്നു.

“നാണമില്ലേ ചെങ്ങായി…….
നിന്റെ അമ്മയോടൊ പെങ്ങളോടോ ചോദിച്ചുനോക്കൂ ചിലപ്പോൾ സൗജന്യസേവനം കിട്ടിയേക്കും…..”

വാതിൽ തുറക്കുന്നതിനിടയിൽ മുരണ്ടുകൊണ്ടു അയാൾ തിരിഞ്ഞുനോക്കുമ്പോഴേക്കും മറുവശത്തെ വാതിൽ അടഞ്ഞിരുന്നു……!

പിന്നെയും എന്തോ മുരണ്ടുകൊണ്ടു അയാൾ ചെറുപ്പക്കാരുടെ മുറിയുടെ വാതിലിനുനേരെ നടക്കുവാൻ തുടങ്ങിയതും തന്റെ കൈത്തണ്ടയിലെ അവളുടെ പിടുത്തം ഒന്നുകൂടി മുറുകുന്നത് മനസിലായപ്പോൾ അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ ആ കണ്ണുകളിലെ അപേക്ഷയും മുഖത്തെ ദയനീയതയും അവഗണിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല.

ശ്രമം ഉപേക്ഷിച്ചുകൊണ്ടു അയാൾ തിരികെ നടന്നു വാതിൽ തുറന്നു..

മുറിതുറന്നയുടനെ ആരെയോ പേടിക്കുന്നതുപോലെ അയാളുടെ കൈകൾക്കിടയിലൂടെ അവൾ തന്നെയാണ് ആദ്യം മുറിയിലേക്കു കയറിയത് .

“പേടിക്കേണ്ട ……..
ഒന്നുമില്ല……
വെറുതെ ഒരു സേഫ്റ്റിക്കുവേണ്ടി കുറ്റിയിടുന്നതാണ് ഇടുന്നതാണ് …..”

അവളുടെ പിറകെ അകത്തേക്ക് കടന്നശേഷം വാതിലടച്ചു കുറ്റിയിട്ടു കണ്ടപ്പോൾ അവളുടെ മിഴികളിൽ ഒരു പിടച്ചിൽ മിന്നിമറയുന്നതും ചോദ്യഭാവത്തോടെ പുരികക്കൊടിയുയർത്തി തന്നെ നോക്കുന്നതും കണ്ടപ്പോഴാണ് ചിരിയോടെ അയാൾ പറഞ്ഞത്.

അകത്തേക്ക് കടന്നശേഷം മുറിയിയുടെചുറ്റും കണ്ണോടിക്കുന്നതിനിടയിൽ അന്നത്തെ ദിവസം രാവിലെ തന്നെ ഹോസ്പിറ്റലിലേക്കുകൊണ്ടുപോകുന്ന ധൃതിക്കിടയിൽ പോലും മെറൂൺ നിറത്തിലുള്ള പുതപ്പൊക്കെയെടുത്തു അവൾ ഭംഗിയായി മടക്കി തലയിണയ്ക്കു മുകളിൽ അടുക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ അയാൾക്കു അത്ഭുതമാണ് തോന്നിയത് …..!
എപ്പോഴാണിവൾ ഇതൊക്കെ ചെയ്തിരുന്നത് …..!
ഞാൻ കണ്ടില്ലല്ലോ …….!
അയാൾക്ക് അത്ഭുതം തോന്നി.

പക്ഷേ……
കിടക്കവിരിയിലെ ചുളിവുകൾ അതേപടി തന്നെ ഇരിപ്പുണ്ടായിരുന്നു…..

ആദ്യത്തെ ദിവസം മുറിയിലേക്ക് കയറി വന്നതുപോലെ തന്നെ കട്ടിലിന്റെ അങ്ങേതലയ്ക്കൽ അതേ സ്ഥലത്ത് ……
അതേ പോലെ നഖംകടിച്ചുതുപ്പി മുഖംകുനിച്ചു കൊണ്ട് നിൽക്കുന്ന അവളെയും ചുളിഞ്ഞ കിടക്കവിരിയും കണ്ടപ്പോൾ അന്നത്തെ രാത്രിയിലെ രംഗങ്ങൾ വീണ്ടുമൊരിക്കൽക്കൂടി അഭ്രപാളിയിലെന്നപോലെ ഓരോന്നായി അയാളുടെ മനസ്സിലൂടെ കടന്നുപോയി തുടങ്ങി.

റൂംബോയിയുടെ പിറകെ ചുവന്ന സാരിയുടെ മുന്താണിയിൽ പിടിച്ചു തലകുനിച്ചുകൊണ്ട് അവൾ മുറിയിലേക്ക് കയറി വന്നതും……!

അകത്തേക്ക് കയറിയ ഉടനെ കസേരയിൽ ഇരുന്നുകൊണ്ട് മദ്യപിക്കുകയായിരുന്ന തന്നെയൊന്നു നോക്കുകപോലും ചെയ്യാതെ ഇപ്പോൾ നിൽക്കുന്ന അതേ സ്ഥലത്തുപോയി നഖം കടിച്ചുതുപ്പിക്കൊണ്ട് തലകുനിച്ചു നിന്നതും……!
കുറെ മദ്യപിക്കുന്നത് കണ്ടപ്പോൾ തന്നെ ഗുണദോഷിച്ചതും……
അതുകേട്ടപ്പോൾ അവളുടെ ഭൂതകാലവും കഥയുമൊന്നും അറിയാത്ത താനവളെ വേശ്യയുടെ ചാരിത്ര്യപ്രസംഗമെന്നു പറഞ്ഞുകൊണ്ട് പരിഹസിച്ചതും…..!

പരിഹസിക്കുന്നതുകേട്ടപ്പോൾ ആദ്യം സങ്കടത്തോടെ തേങ്ങിക്കരഞ്ഞതും് പിന്നെ ആത്മരോഷത്തോടെയും ആത്മനിന്ദയോടെയും പൊട്ടിത്തെറിച്ചതും……..!

് മദ്യത്തിൻറെ ലഹരിയിൽ അവളുടെ ഫോട്ടോയെടുക്കുവാൻ ശ്രമിച്ചപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കിയതും……!

അവൾക്കുകൂടെ കഴിക്കുവാൻ വേണ്ടി ബിരിയാണിക്കു ഓർഡർ ചെയ്തപ്പോൾ തനിക്കു ഭക്ഷണം വേണ്ട അതിന്റെ പൈസ മതിയെന്നു വീറോടെ വാദിച്ചതും…..!

് അവൾ കഴിച്ചില്ലെങ്കിലും വാടക ഭാര്യയാണെന്ന് സ്വയം പരിഹരിച്ചു പറഞ്ഞുകൊണ്ട് ഒരു ഭരതനാട്യകാരിയെപോലെ സാരി എളിയിൽ തിരുകിയശേഷം തനിക്കുകിട്ടണം ഭക്ഷണം വിളമ്പിത്തന്നതും ……
ഉത്തരവാദിത്വവും സ്നേഹമുള്ള ഭാര്യയെപോലെ അടുത്തിരുന്ന ഊട്ടിയതും……!

അവസാനം ഭക്ഷണം കഴിഞ്ഞു മുഖം കഴുകി വരുമ്പോഴേക്കും മേശ വൃത്തിയാക്കി വീട്ടിലെ പോലെ പാത്രങ്ങൾ കഴുകി അടുക്കി വയ്ക്കുന്നത് കണ്ടത്…….!

അവസാനം ഷർട്ടഴിച്ചു ചുവരിലെ ഹാങ്ങറിൽ തൂക്കിയശേഷം അടക്കാനാകാത്ത ലൈംഗിക തൃഷ്ണയോടെയും ആസക്തിയോടെയും അവളുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടയുടനെ മുത്തുകുലുങ്ങുന്നതുപോലെ ചിരിച്ചുകൊണ്ട് ഓടിപ്പോയി മുറിയിലെ ലൈറ്റണച്ചത് ……!

അവസാനം മുറിയിലെ ഇൻഡിക്കേറ്ററിന്റെ മങ്ങിയ ചുവന്ന വെട്ടത്തിലുള്ള സാരി സമരത്തെ കുറിച്ചു മനസിലോർത്തപ്പോൾ തന്നെ ചുരുട്ടിക്കൂട്ടിയ ചുവന്ന നിറത്തിലുള്ള പഴയ കോട്ടൻസാരി അയാളുടെ മനസ്സിൽനിന്നും ആദ്യം കട്ടിലിലേക്കും അവിടെനിന്നും തറയിലേക്കും പതിയെ ഊർന്നിറങ്ങി വീണതും അയാൾക്ക് ചിരിയടക്കാനായില്ല ………!

ഇതിലെപ്പോഴാണ് ….
അവളും…..
അവളുടെ മുഖവും……
അവളുടെ പ്രവർത്തികളും …..
അവളുടെ കരുതലും……
തന്റെ മനസിനുള്ളിൽ പറിച്ചെറിയുവാനാകാത്ത അത്രയും ആഴത്തിൽ പതിഞ്ഞുപോയത്…….!
ആലോചിച്ചു സ്വയം ചിരിച്ചുകൊണ്ടിരുന്ന അതേ നിമിഷത്തിലാണ് അവളും അയാളുടെ മുഖത്തേക്ക് നോക്കിയതും…..!

സ്വയം ചിരിക്കുന്നതുകണ്ടപ്പോൾ എന്താണെന്ന അർത്ഥത്തിൽ സംശയത്തോടെ നെറ്റി ചുളിച്ചതും…..!

” ഇപ്പോൾ ഉടുത്തിരിക്കുന്ന ഈ സാരികൊണ്ടുതന്നെയല്ലേ അന്നത്തെ രാത്രിയിൽ നമ്മൾ സാരിസമരം നടത്തിയത്…….”

ഇടതുകൈകൊണ്ട് അവളുടെ ഭാഗത്തേക്കുള്ള മുഖം മറച്ചു പിടിച്ചശേഷം വലതുകൈകൊണ്ട് അവൾ ധരിച്ചിരിക്കുന്ന സാരിയിലേക്കു ചൂണ്ടിയാണ് ചിരിയോടെ അയാൾ ചോദിച്ചത്.

ഒന്നുകിൽ പതിവുപോലെ ഓടിവന്നു തന്നെ നുള്ളുകയോ ……
മാന്തുകയോ ……
കടിക്കുകയോ ചെയ്യുമെന്നോ ……
അല്ലെങ്കിൽ “ഒന്നു പോയേ ….”
എന്നുപറഞ്ഞുകൊണ്ട് ദേഷ്യത്തോടെ കഴുത്തു വെട്ടിക്കുമെന്നോ……
അതുമല്ലെങ്കിൽ പതിനെട്ടാമത്തെയും പത്തൊമ്പതാമത്തെയും അടവുകളായ കരച്ചിലോ……..
കൊഞ്ഞനം കുത്താലോ …..
തുടങ്ങിയ പ്രതികരണം പ്രതീക്ഷിച്ചുകൊണ്ടാണ് അയാൾ ചോദിച്ചതെങ്കിലും മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു …….!

ചോദ്യം കേട്ടയുടനെ ഇരുനിറത്തിലുള്ള മുഖം സിന്ദൂരം പോലെ പെട്ടെന്നുതന്നെ ചുവന്നു തുടുക്കുകയും
മുഖത്തെ ബാർബി പാവയുടെ ഇമകൾ ഞൊടിയിടയിൽ നിരവധിതവണ തുറക്കുകയും അടക്കുകയും ചെയ്തു……!

“പോടാ ……..”

അതിനുശേഷമാണ് ഈണത്തിൽ വിളിക്കുന്നതുപോലെ വായകൊണ്ടു ആംഗ്യം കാണിച്ചുകൊണ്ടു ചുണ്ടിലൂറിയ ചിരിയോടെ ജാലകവിരി നീക്കി പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചത്……!

അവളെന്താണ് പറഞ്ഞതെന്നു അയാൾക്കും ശരിക്കും് മനസ്സിലായില്ല …….!

പതിവുപോലെ “പോയേ ……”
എന്നു തന്നെയല്ലേ പറഞ്ഞത് ……?
അല്ലെങ്കിൽ ” പോടാ ……” എന്നുതന്നെയാണോ …..?
അയാൾക്കും സംശയമായി .

“മായമ്മേ……
അന്നു പുലർച്ചെ മായമ്മയെനിക്കു വെള്ളം തന്നിരുന്ന രംഗം ഓർമ്മയുണ്ടോ …..
ഈ മുറിയിലെങ്ങാനും ക്യാമറയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒന്നുകൂടി ആ രംഗം റിവൈൻഡ് ചെയ്തു നോക്കാമായിരുന്നു ……..”

അപ്പോൾ താൻ ആരുമല്ലാതിരുന്നിട്ടും അവളുടെ അന്നത്തെ ത്യാഗത്തെയും നന്മമനസ്സിനെയും …..
വേവലാതിയും വെപ്രാളത്തെയും എല്ലാറ്റിനേക്കാളും യഥാസമയത്തു ഉണർന്നു പ്രവർത്തിച്ചുകൊണ്ടുള്ള ഇടപെടലുകളെയും ആയിരംവട്ടം മനസ്സിൽ നമിച്ചുകൊണ്ടാണ് …….

അന്നു പുലർച്ചെ ദാഹിച്ചു തൊണ്ടവരണ്ടു കിടന്നപ്പോൾ വെള്ളത്തിനു ചോദിച്ചതും…..

അപ്പോൾ ഉറക്കമുണരുകമാത്രം ചെയ്തിരുന്ന അർദ്ധനഗ്നയായ അവൾ ഞെട്ടിപ്പിടഞ്ഞു വേഗം ഉരുണ്ടുപിരണ്ടു ഏഴുന്നേൽക്കുകയും തറയിൽ കിടന്നിരുന്ന ചുവന്ന സാരി മങ്ങിയവെട്ടത്തിൽ തപ്പിയെടുത്തു ചുരുട്ടിപ്പിടിച്ചുകൊണ്ടു നഗ്നമായ മാറിടം മറയ്ക്കുകയും അതിനുശേഷം് മുറിയിലെ ലൈറ്റിന്റെ സ്വിച്ചിൽ വിരലമർത്തിയതും …….

പിന്നെ മാറിടത്തിൽ ചുരുട്ടി പിടിച്ചിരുന്ന സാരിയുടെ ബാക്കിഭാഗവും നിലത്തൂടെ വലിച്ചിഴച്ചുകൊണ്ട് പരിഭ്രമത്തോടെ മേശമേലുള്ള മിനറൽ വാട്ടർ എടുക്കുവാൻ ഓടിയതും ……

സാരി ചുരുട്ടി വച്ചിരുന്ന നഗ്‌നമാറിടത്തിൽ തന്റെ തല ചായ്ച്ചു പിടിച്ചുകൊണ്ടു വേവലാതിയോടെ വെള്ളം നൽകിയതുമെല്ലാം ഓർമ്മിപ്പിച്ചുകൊണ്ടു വീണ്ടും അവളെ പ്രകോപിപ്പിക്കുവാൻ അയാൾ ശ്രമിച്ചത് നേരത്തെ പറഞ്ഞിരുന്ന കാര്യം ഒരിക്കൽ കൂടി അവൾ ആവർത്തിക്കുന്നത് കേൾക്കുവാൻ മാത്രമായിരുന്നു

“പോടാ……..”

തന്റെ ചോദ്യം കേട്ടയുടനെ താൻ ഉദ്ദേശിച്ചിരുന്ന അതേരീതിയിലും…..
അതേ ഈണത്തിലും പുറം കാഴ്ചകളിൽ നിന്നും കണ്ണുകളെടുക്കാതെ വ്യക്തമായുംസ്പഷ്ടമായുമുള്ള അവളുടെ മറുപടി കേട്ടതോടെ അയാൾക്ക് തൃപ്തിയായി…!

പക്ഷെ കേട്ടപ്പോൾ ദേഷ്യം തോന്നിയതേയില്ല…….!
പകരം ഇഷ്ട്ടം കൂടുകയാണ് ചെയ്തത്…..!
അവളുടെ വിളിയുടെ ശൈലിയും അതിൻറെ ഈണത്തിന്റെ ഭംഗിയും ആസ്വദിക്കുകയായിരുന്നതിനിടയിൽ താനും അവളും തമ്മിൽ ഒട്ടും അകൽച്ചയില്ലെന്നു മാത്രമല്ല കൂടുതൽ കൂടുതൽ അടുക്കുകയാണെന്നും അയാൾക്ക് തോന്നി .

“അല്ല മായമ്മേ……
അന്നുരാത്രിയിൽ നമ്മൾ…….”

കിടക്കയിൽ അമർന്നിരുന്നു കിടക്കവിരിയിലെ ചുളിവുകൾക്കിടയിൽ വിരലുകൾകൊണ്ട് തട്ടിയും മുട്ടിയും കളിക്കുന്നതിനിടയിലാണ് എന്തോ ചോദിക്കുവാനായി അയാൾ വീണ്ടും തുടങ്ങിയത് .

“വേറെയൊന്നും ചോദിക്കാനും പറയാനുമില്ലേ….. കാര്യമായ എന്തോ സാധനം എടുക്കാനുണ്ടെന്നും പറഞ്ഞു ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത് വെറുതെ ഇതുപോലെ ഓരോ തോന്നിയവാസം ചോദിച്ചു സമയം കളയാനാണോ……”

അയാൾക്ക് പൂർത്തിയാക്കുവാനായില്ല അതിനുമുന്നേ …….
അയാളുടെ കുസൃതി ചോദ്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞ അവൾ വേഗത്തിൽ ഓടി വന്നുകൊണ്ട് കൈവണ്ണയിൽ തന്നെ അമർത്തി ഒരു നുള്ളു കൊടുത്തുകൊണ്ടാണ് അരിശത്തോടെ ചോദിച്ചത്.

ഇത്തവണ അവൾ അടുത്തെത്തിയപ്പോഴും തന്നെ സ്പർശിച്ചപ്പോഴുമൊക്കെ അയാളുടെ മൂക്കിനുള്ളിലേക്ക് പഴയ ഗന്ധം ഒരിക്കൽകൂടി അരിച്ചരിച്ചെത്തി……!
ചന്ദനത്തിരിയുടെയും ചന്ദ്രിക സോപ്പിന്റെയും മാസ്മരഗന്ധം …….!

തന്നെ കൊതിപ്പിക്കുകയും……
തന്റെ സിരകളിളെ ചൂടുപിടിപ്പിക്കുകയും….. ഉത്തേജിപ്പിക്കുകയും …….
ആസക്തിയുടെ പടവുകളിറങ്ങി രതിയുടെ മദനക്കടലിൽ നീന്തിത്തുടിക്കുവാൻ തന്നെ മോഹിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അതേ സുഗന്ധം……!

കാറിൽ ഒന്നിച്ചു യാത്ര ചെയ്തപ്പോഴും ക്യാബിനിൽ ഒന്നിച്ചിന്നപ്പോഴും തനിക്കിങ്ങനെയൊരു സുഗന്ധം തോന്നിയിട്ടില്ലല്ലോ……!

പക്ഷേ ഹോട്ടൽ മുറിയിലെത്തുമ്പോഴും ഹോസ്പിറ്റലിൽ മുറിയിലേക്ക് കയറുമ്പോഴും മാത്രം എവിടെനിന്നാണിവൾ കസ്തൂരിമാനിനെപോലെ ഈ ഗന്ധം അവൾ ആവാഹിച്ചെടുക്കുന്നത്……!
അയാൾക്ക് അൽഭുതം തോന്നി……!

അവളുടെ മുഴുവൻ മൂക്കിനുള്ളിലേക്ക് വലിച്ചുകയറ്റുന്നതുപോലെ ഗന്ധം വലിച്ചെടുത്തുകൊണ്ടു കയ്യെത്തും അകലത്തിൽ നിൽക്കുകയായിരുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കിനിൽക്കെ തന്റെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതായി അയാൾക്ക് തോന്നിത്തുടങ്ങി.

അവളെ കട്ടിലിലേക്ക് വലിച്ചിട്ടുകൊണ്ട് പൊതിഞ്ഞു പിടിച്ചു കിടക്കുവാനും…..
പടർന്നുകയറി അവളിൽ തന്നെ ലയിച്ചു തീരുവാനുമുള്ള മനസ്സിന്റെ പൊറുതിമുട്ടലുകൾ വളരെ പാടുപെട്ടാണ് അയാൾ അയാൾ അടക്കിനിർത്തിയത്.

“മേശയുടെ അടിയിലെ അറയിൽ എന്റെയൊരു ഒരു ചെറിയ ട്രാവൽബാഗുണ്ട്……
മായ അതെടുത്ത് മേശയിലെ എൻറെ ഒന്നു രണ്ടു ജോടി ഡ്രസുകളും ലൊടുലൊടുക്കു സാധനങ്ങളുമൊക്കെ അതിൽ പായ്ക്ക് ചെയ്തു വയ്ക്കൂ…..
അപ്പോഴേക്കും ഞാനൊന്നു ഷേവു ചെയ്തു സുന്ദരക്കുട്ടപ്പനായി മടങ്ങി വരാം …….”

മനസ്സിലെ ചിന്തകൾ കണ്ണുകളിൽ തിളക്കമായി മാറുന്നത് കണ്ടതുകൊണ്ടാവണം രണ്ടുപേരുടെയും കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ അവൾ പെട്ടെന്നുതന്നെ മിഴികൾ പിൻവലിച്ചു അകലം പാലിക്കുന്നതു കണ്ടപ്പോഴാണ് സുബോധത്തിലേക്ക് മടങ്ങിയെത്തിയ അയാൾ താടിയിലെ കുറ്റിരോമങ്ങളിൽ വിരലോടിച്ചുകൊണ്ടു അല്പം ജാള്യതയോടെ പറഞ്ഞത് ……!

താൻ പറഞ്ഞതു കേൾക്കേണ്ട താമസം അവൾ സാരിതുമ്പെടുത്തു എളിയിൽ തിരുകികൊണ്ട് നിമിഷനേരത്തിനുള്ളിൽ ഭരതനാട്യകാരിയായി ഉത്സാഹത്തോടെ മേശയ്ക്കടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഏതു ജോലിചെയ്യുന്നതിനും മുന്നേയുള്ള അവളുടെ ഒരു ശീലമാണ് അതെന്ന് അയാൾ മനസ്സിലുറപ്പിക്കുകയും മനസ്സിലെവിടെയോ മോഹഭംഗത്തിന്റെയും നഷ്ടബോധത്തിന്റെയും ഒരു കരച്ചിൽ തികട്ടുകയും ചെയ്യുന്നത്‌ അയാൾ അറിഞ്ഞു……!

” പ്രിയപ്പെട്ടവളെ നിന്നെ ഞാൻ എങ്ങനെയാണ് മറക്കുക …….!
എങ്ങനെയാണ് നിന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക ……!”

അയാൽ മനസ്സിനുള്ളിൽ തേങ്ങി.

” പിന്നെ ആ മേശയുടെ മുകളിലുള്ളത് എന്റെ ലാപ്ടോപ്പിന്റെ ബാഗാണ് കെട്ടോ…..
അതിനുള്ളിൽ മറ്റുസാധനങ്ങളൊന്നും കുത്തിത്തിരുകി വയ്ക്കരുത് പറഞ്ഞേക്കാം…..”

ഷേവ് ചെയ്യുവാനായി കുളിമുറിയിലേക്ക് കയറി വാതിൽ അടയ്ക്കുന്നതിനു മുന്നേയാണ് അയാൾ ഓർമ്മപ്പെടുത്തിയത് .

“ഒന്നു പോയേ……!
അതൊക്കെ എനിക്കറിയാം ……
ഞാനത്ര വലിയ പൊട്ടത്തിയൊന്നുമല്ല……”

കുനിഞ്ഞുനിന്നു മേശയിൽ നിന്നും സാധനങ്ങൾ വലിക്കുന്നതിനിടയിൽ നിവർന്നുനിന്നുകൊണ്ട് എളിയിൽ കൈകുത്തിയുള്ള ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയെത്തിയപ്പോൾ മനസമാധാനത്തോടെ അയാൾ വാതിലടച്ചു......


തുടരും....... ♥️


മായാമൊഴി 💖 44

മായാമൊഴി 💖 44

4.7
8350

മേശക്കുള്ളിൽ അയാൾ പറഞ്ഞതുപോലെ തന്നെ അധികം സാധനങ്ങളോന്നും ഉണ്ടായിരുന്നില്ല .അങ്ങിങ്ങായി വാരിവലിച്ചിട്ടിരിക്കുന്ന മൂന്നാം നാലോ ജോഡി വസ്ത്രങ്ങൾ …..പിന്നെ ഒരു ലാപ്ടോപ്പ് …..ഒരു ഫയലും കുറെ ബില്ലുകളും….അയാൾ ഉപയോഗിക്കുന്നു സൗന്ദര്യവർദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും …..കാലിയായതും പകുതി തീർത്തതുമായ അഞ്ചാറു മദ്യക്കുപ്പികൾ …….! പക്ഷേ…..മേശയുടെ അടിഭാഗം തുറന്നയുടനെ ആദ്യം അവളുടെ കണ്ണിൽപെട്ടത് കയ്യിൽതടഞ്ഞതും അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന സുഗന്ധദ്രവ്യങ്ങൾ തന്നെയായിരുന്നു …..! ഒരു കൗതുകത്തിനുവേണ്ടി അതിൽ നിന്നും ഒരു കുപ്പിയെടുത്തു മൂടിതുറന്നു മണത്തു നോക്ക