Aksharathalukal

മായാമൊഴി 💖 47

“മായമ്മ ഇവിടെയിരുന്നോളൂ……
പത്തുമിനിറ്റിനുള്ളിൽ ഞാൻ തിരിച്ചുവരും……
നേരത്തെ ഹോസ്പിറ്റലിൽ നിന്നും നടന്നതുപോലെ നിലവിളിച്ചു നടക്കാനൊന്നും പാടില്ല കെട്ടോ പറഞ്ഞേക്കാം ……”

പിൻസീറ്റിൽ നിന്നും ലാപ്ടോപിപ്പിന്റെ ബാഗ് വലിച്ചെടുക്കുന്നതിനിടയിൽ ചിരിയോടെയുള്ള അയാളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത് .

“വേണ്ട …….
ഞാനിവിടെ ഒറ്റയ്ക്കൊന്നും ഇരിക്കില്ല….. എനിക്ക് പേടിയാകും …….”

തന്റെ പിറകേതന്നെ ഇറങ്ങുന്നതിനുവേണ്ടി കാറിന്റെ വാതിൽ തുറക്കുവാൻ ശ്രമിച്ചുകൊണ്ടു കുട്ടികളെപ്പോലെ ശാഠ്യത്തോടെ പറയുമ്പോൾ കണ്ണുകളിൽ നിറയെ പേടിയായിരുന്നെന്നു അയാൾ കണ്ടു.

“ഇവിടെ ഇരിക്കുവാൻ മായ ഒന്നുകൊണ്ടും പേടിക്കേണ്ട കേട്ടോ ……
ഇനി ഈ വണ്ടി ഇവിടെനിന്നും നീങ്ങുന്നതുവരെ ജീവനുള്ളതും ജീവനില്ലാത്തതുമായ കുറെ ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും……
അതുകൊണ്ട് ധൈര്യമായി ഇരുന്നോളൂ……”

ബാഗിൽ നിന്നും എന്തൊക്കെയോ റസീറ്റുകൾ വലിച്ചെടുക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ടുള്ള അയാളുടെ മറുപടിയോടെ തന്റെ മനസ്സിൽ ഇതുവരെ തോന്നിയിരുന്നു സംശയം ശരിയാണെന്ന് അവൾ ഉറപ്പിച്ചു .

വിസ്മയാസാരീസെന്ന ഈ വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥൻ അനിലേട്ടൻ തന്നെ…..!

” ഞാൻ കൂടെ വന്നാലെന്താ……
എനിക്കതിന്റ ഉൾവശമൊക്കെ കാണുകയും എല്ലാവരേയും പരിചയപ്പെടുകയും ചെയ്യാമല്ലോ..
അനിലേട്ടൻ കൂടെയുള്ളതുകൊണ്ടു എനിക്കു നല്ല ധൈര്യവുമായി……
പ്ലീസ് അനിലേട്ടാ…..”

ചെറിയകുട്ടികളെ പോലെ മുഖം ചുളിച്ചുകൊഞ്ചിക്കൊണ്ടാണ് അവൾ ചോദിച്ചത് .

‘ങാ……അതുകൊണ്ടുതന്നെയാണ് മായമ്മയിപ്പോൾ വരേണ്ടെന്ന് ഞാൻ പറഞ്ഞതും …..
ഞാനിപ്പോൾ ഷോറൂമിന്റെ ഉള്ളിലൊന്നും പോകുന്നില്ല ……
കൗണ്ടർവരെ പോകണം മായമ്മയുടെ മുതലാളിയെ കാണണം …….
ചില പേപ്പറുകൾ സബ്മിറ്റ് ചെയ്തയുടനെ തിരിച്ചുവരുകയും ചെയ്യുന്നു ……
മായമ്മ വേണമെങ്കിൽ നാളെ വന്നു എല്ലാവരെയും പരിചയപ്പെട്ടോളൂ ……
പിന്നെ രണ്ടാഴ്ചയോ ഒരുമാസമോ കഴിഞ്ഞു ജോയിൻ ചെയ്താൽ മതി …….
അക്കാര്യം ഞാൻ അവനോടു സംസാരിക്കാം പോരെ ……
ഇനി അതല്ല ഒറ്റയ്ക്കും വന്നു പരിചയപ്പെടുവാൻ പേടിയാണെങ്കിൽ വേണമെങ്കിൽ നാളെ ഞാനും കൂടെ വരാം …….”

കാറിന്റെ വാതിൽ തുറന്നു പുറത്തിറങ്ങുന്നതിനിടയിൽ അയാൾ പറയുന്നതു കേട്ടപ്പോൾ അവൾ മുഖം കുനിച്ചതേയുള്ളൂ പിന്നെയാണ് പിണങ്ങിയ ഭാവത്തിൽ മറുപടികൊടുത്തത്.

“ഓ….. അതൊന്നും വേണ്ട എനിക്കത്ര വലിയ പേടിയൊന്നുമില്ല ……
അതുപോലെ രണ്ടാഴ്ചയോളമൊന്നും ഞാൻ വെറുതെ വീട്ടിലിരിക്കുന്നുമില്ല……
അടുത്ത തിങ്കളാഴ്ച തന്നെ ജോയിൻ ചെയ്‌തോളും…….”

അതിനു മറുപടിയൊന്നും പറയാതെ അയാൾ ചിരിച്ചതേയുള്ളൂ .

“പിന്നെ മായമ്മേ…..
പത്തുമിനിട്ടിനുള്ളിൽ കരയണമെന്നു തോന്നുന്നുണ്ടെങ്കിൽ മായമ്മയുടെ ഫോണിലേക്ക് ഞാനിപ്പോൾ മിസ്ഡ് കോൾ തരാം നമ്പറിലേക്ക് തിരിച്ചു വിളിച്ചാൽ മതി കേട്ടോ ……”

പുറത്തിറങ്ങി വാതിലടച്ച ശേഷം വീണ്ടും തുറന്നു കൊണ്ടാണ് അയാൾ കളിയാക്കിയത് .

“എൻറെ കയ്യിൽ നമ്പറൊക്കെ ഉണ്ട്……”

പിണക്കത്തോടെ ഗൗരവത്തിലായിരുന്നു ഇത്തവണയും അവളുടെ മറുപടി .
“ഞാനെന്റെ മൊബൈൽ നമ്പറൊന്നും തന്നില്ലല്ലോ ……
എന്നോട് ചോദിച്ചതുമില്ല …..
പിന്നെങ്ങനെ എവിടെ നിന്നും ഒപ്പിച്ചു…..!!!!”

അത്ഭുതത്തോടെയാണ് അയാൾ വീണ്ടും തിരക്കിയത് .

“ഓ…… ആർക്കും മൊബൈൽ നമ്പർ കിട്ടാതിരിക്കാൻ വല്ല്യ മമ്മൂട്ടിയാണെന്നാണ് വിചാരം………”

സൈഡ് ഗ്ലാസിലൂടെ അലക്ഷ്യമായി പുറത്തേക്കു നോക്കുന്നതിനിടയിൽ കാറിന്റെ വാതിലിലുള്ള അപ്പോൾസ്റ്ററിയിൽ നഖംകൊണ്ടു ചുരണ്ടുന്നതിനിടയിൽ പിറുപിറുക്കുന്നതു കേട്ടപ്പോൾ ചിരിച്ചുകൊണ്ട് അയാൾ വേഗം വാതിലടച്ചു ഷോറൂമിലേക്ക് തിരിഞ്ഞു.

അയാൾക്ക്‌ മുഖം കൊടുക്കാതെ അതുവരെ സൈഡ് ഗ്ലാസിലൂടെ റോഡിന്റെ എതിർവശത്തു നോക്കിയിരിക്കുകയായിരുന്നു അവൾക്ക് തന്നെ കൂടാതെ ഷോറൂമിലേക്ക് പോകുന്ന അയാളെ അയാളെ നോക്കി കൊഞ്ഞനം കുത്തണമെന്നു തോന്നിയ അതേ നിമിഷത്തിലാണ് അവളോട് എന്തോ പറയാനായി അയാളും തിരിഞ്ഞുനോക്കിയത് ……..!

തന്നെനോക്കി കൊഞ്ഞനം കുത്തുന്നത് താൻ കണ്ടെന്ന് മനസ്സിലായതോടെ അവളുടെ മുഖം വിളറുന്നതും ……
അമളി പറ്റിയ മട്ടിൽ നാക്കുകടിച്ചുകൊണ്ട് മുഖം താഴ്ത്തുന്നതും…….
നിമിഷനേരത്തിനുള്ളിൽ തന്നെ കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ തലയുയർത്താതെ മിഴികൾ മാത്രം ഉയർത്തി തന്നെ നോക്കി മനോഹരമായി ചിരിക്കുന്നതും….
കണ്ടപ്പോൾ തിരികെപ്പോയി ഒരിക്കൽ കൂടി അവളെ കെട്ടിപ്പിടിക്കാനുള്ള മനസ്സിനുള്ളിലെ വല്ലാത്തൊരു ത്വരയെ പാടുപെട്ടാണ് അയാൾ അടക്കിനിർത്തിയത്.

തോളിൽ തൂക്കിയിട്ട ലാപ്ടോപ്പിന്റെ ബാഗുമായി ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് ഷോറൂമിനുള്ളിലേക്കു ചുറുചുറുക്കോടെ നടന്നുപോകുന്ന അയാളെ നോക്കിയിരിക്കുമ്പോൾ തന്റെ ഹൃദയം നിറഞ്ഞു പോകുന്നതുപോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു .

മുണ്ടുടുത്ത് ശീലമില്ലാത്തതുകൊണ്ടാകണം മടക്കിക്കുത്തിയത് ഇടയ്ക്കിടെ അഴിഞ്ഞുവീഴുകയും അതിനനുസരിച്ചു നടക്കുന്നതിനിടയിൽ തന്നെ കാലുയർത്തി മുണ്ടിന്റെ കോന്തല പിടിച്ചു വീണ്ടും മടക്കികുത്തിക്കൊണ്ടിരിക്കുന്നതും കണ്ടപ്പോൾ അവൾക്ക് ചിരിയുംവന്നു.

ശീലമില്ലാത്തതുകൊണ്ടു ശരിക്കും മുണ്ടുടുക്കാൻ അറിയില്ലെങ്കിലും
മുണ്ടും ഹാഫ് കൈയുള്ള ഷർട്ടും അയാൾക്ക് നന്നായി ചേരുന്നുണ്ടെന്നു അവൾക്കു തോന്നി.

പാവം…..
താൻ പറഞ്ഞപ്പോൾ തന്റെ ഇഷ്ടം നോക്കി ചെയ്തതാകും……
അതോർത്തപ്പോൾ തന്റെ ഹൃദയം അയാളോടുള്ള സ്നേഹംകൊണ്ട് ആർദ്രമാകുകയും കണ്ണുകൾ നിറയുകയും ചെയ്യുന്നത് അവളറിഞ്ഞു.
ഷോറൂമിന്റെ ചില്ലുവാതിൽ തുറന്നുകൊണ്ടു അയാൾ അകത്തേക്ക് മറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥതയും വീർപ്പുമുട്ടലുകളും തോന്നിത്തുടങ്ങി …….!
ഇടയ്ക്കിടെ കടയ്ക്കകത്തേക്കും പുറത്തേക്കുമുള്ള കസ്റ്റമർമാരും വാഹനങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആൽത്താമസമില്ലാത്ത തുരുത്തിൽ ഒറ്റപ്പെട്ടതുപോലുള്ള ഒരു തരം ശൂന്യത …….!

അയാളുടെ ചിരിയും തമാശകളും കളിയാക്കലും ശുണ്ഠിയും ഉപദേശവുമൊന്നുമില്ലാതെ കാറിനുള്ളിൽ ഇരിക്കുവാൻ വയ്യ …….
ശ്വാസം മുട്ടുന്നതുപോലെ തോന്നിതുടങ്ങിയപ്പോൾ അയാളിരുന്ന ഡ്രൈവിങ് സീറ്റിലും സ്റ്റീയറിങ്ങ് വീലിലുമൊക്കെ അറിയാതെതന്നെ അവൾ അരുമയോടെ തഴുകികൊണ്ടിരുന്നു.

.ഇത്തിരി നേരം അയാൾ കാറിൽ ഇല്ലാതിരിക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ അൽപസമയത്തിനുശേഷം താനും അയാളും രണ്ടു വഴിക്ക് പിരിഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കുമെന്ന് ഓർത്തപ്പോൾ തന്റെ ചങ്കു പിളർന്നു പോകുന്നതു പോലെ അവൾക്കു തോന്നി .

പഴയപോലെ താൻ വീണ്ടും ഒറ്റയ്ക്കാവും….. ആലംബഹീന……
ആർക്കും എന്തു തോന്നിയവാസവും പറയാം ചോദിക്കാം……
തമാശയെന്ന പേരിൽ അശ്ലീലവും വൃത്തികേടുകളും കാണിക്കാം……
ആരും ചോദിക്കാനും പറയാനുമുണ്ടാകില്ല……
അതുകൊണ്ട് ആർക്കും ആരെയും പേടിക്കാനുമില്ല ……!

കരയുമ്പോൾ ഹൃദയത്തോടു ചേർത്തുനിർത്തുവാനും ……
സങ്കടം തോന്നുമ്പോൾ നെഞ്ചിൽ വീഴുവാൻ ഇനിയും ആരും ഉണ്ടാകില്ല…..

ഇന്നു മുതൽ കരച്ചിൽ വരുമ്പോൾ പഴയതുപോലെ നെഞ്ചിനുള്ളിൽതന്നെ അടക്കി വയ്ക്കണം …….
സങ്കടം തോന്നുമ്പോൾ അമ്മയും മോളും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം തലയണയിൽ മുഖമമർത്തി ശബ്ദമില്ലാതെ തേങ്ങേണ്ടിവരും….

അതിനേക്കാൾ ഉപരിയായി അവളെ നോവിച്ചു കൊണ്ടിരുന്നത് ഇന്നു പിരിഞ്ഞതിനു ശേഷം താനും അനിലേട്ടനും തമ്മിൽ വെറും തൊഴിലാളിയും മുതലാളിയും ആകുമെന്ന ചിന്തയായിരുന്നു ……

വല്ലപ്പോഴും മുഖാമുഖം കാണുമ്പോൾ ഒരു പുഞ്ചിരിയിൽ സൗഹൃദം പുതുക്കുകയും അല്ലെങ്കിൽ കാണാതെ ഭാവത്തിൽ തിരിഞ്ഞു നടക്കുകയും ചെയ്യുന്ന……
അതുമല്ലെങ്കിൽ ഔപചാരികമായി ഗൗരവത്തിൽ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്ന ……
അയാളെ കുറിച്ചു ഓർത്തപ്പോൾ തന്നെ അവൾക്ക് കാറിനുള്ളിൽ തലതല്ലി മരിിച്ചാലോ എന്നുപോലും തോന്നുന്നുണ്ടായിരുന്നു…..!

അങ്ങനെയൊരു കാര്യം ഓർക്കാൻ പോലും വയ്യ…….
അല്ലെങ്കിൽ അയാളെ ഇനിയൊരിക്കലും കാണാതിരിക്കണം ……
പക്ഷേ അതെങ്ങനെ സാധിക്കും……!
അവൾ സ്വയം ചോദിച്ചു നോക്കി.

ഒരു പക്ഷേ ഒരിക്കൽ്കൂടി അനിലേട്ടൻ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെങ്കിലോ….
അവളുടെ മനസിനുള്ളിലേക്ക് പെട്ടെന്നാണ് അങ്ങനെയൊരു പ്രത്യാശ കടന്നുവന്നത്……!

അങ്ങനെയാണെങ്കിൽ ഇനിയും എന്താണ് ചെയ്യേണ്ടത്……
കടം വീട്ടാനായി താൻ ഇങ്ങനെയൊരു മാർഗ്ഗം തെരഞ്ഞെടുത്തപ്പോൾ ആദ്യത്തെ തവണതന്നെ അനിലേട്ടനെ അനിലേട്ടനെ പരിചയപ്പെട്ടുരുന്നെങ്കിൽ …….!

അല്ലെങ്കിൽ അയാൾ തനിക്കു പ്രാപ്തനായ സാധാരണക്കാരനായ ഒരു പാവപ്പെട്ടവനായിരുന്നെങ്കിൽ ……
ഒരുപക്ഷേ താൻ …..

അവൾ വെറുതെ വ്യാമോഹിച്ചുപോയി.

അങ്ങനെ ചിന്തിക്കുവാൻ തുടങ്ങിയ നിമിഷം അവളുടെ മനസ്സിലേക്ക് വീണ്ടും അൽപസമയം മുന്നേ ലോഡ്ജിൽവച്ചുനടന്നിരുന്ന സംഭവങ്ങൾ ഓരോന്നായി മിന്നിമറഞ്ഞു.

“”വേണ്ട വേണ്ട……
ഒന്നും വേണ്ട ഞാനായിട്ട് ആ പാവത്തിന്റെ മനസമാധാനം തകർക്കാനോ…..
നാണം കെടുത്താണോ പാടില്ല…..
ഇതുവരെ ജീവിച്ചതുപോലെ തന്നെ ഇനിയും ജീവിക്കാം……!
കുറച്ചു ദിവസങ്ങൾ അങ്ങനെയൊക്കെ ജീവിക്കേണ്ടി വന്നതുകൊണ്ടല്ലേ അയാളെ കാണുവാൻ സാധിച്ചതും അയാളുടെ തണലിൽ ജീവിക്കാൻ മനസ്സിൽ ആഗ്രഹിച്ചു തുടങ്ങിയതും…..
അല്ലെങ്കിൽ അനിയേട്ടനല്ലാതെ അങ്ങനെയൊരു ചിന്തപോലും മനസിലുണ്ടാകുമായിരുന്നില്ല…..!

എന്റെ ജീവിതത്തിലെ കറുത്ത ദിവസങ്ങളിലെ തിളങ്ങുന്നൊരു ഓർമ്മയായി അനിലേട്ടൻ എപ്പോഴും മനസിലുണ്ടായാൽ മതി…..!…..
വഴിമറന്ന യാത്രയിലെ വഴികാട്ടിയായ വഴിവിളക്ക്……!
അല്ലെങ്കിൽ വഴിതെറ്റിയ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു വഴികാട്ടി…..!
മതി……
അതുമതി……!

മനസിലുറപ്പിച്ചു തുടങ്ങിയപ്പോൾ മുതൽ അവളുടെ മനസ്സിലേക്ക് അനിയേട്ടന്റെ ഓർമ്മയും കയറിവന്നു …….!

ദിവസത്തിൽ സാധാരണ നൂറു്തവണയെങ്കിലും മൊബൈൽ ഫോണിലുള്ള അനിയേട്ടന്റെ ഫോട്ടോ നോക്കുകയും സങ്കടങ്ങളും സന്തോഷങ്ങളും പറയുകയും തെറ്റുകൾക്ക് മാപ്പുചോദിക്കുകയും ചെയ്യുമായിരുന്നു .
പക്ഷെ…..
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ആ പതിവുകളൊക്കെ തെറ്റിയിരിക്കുകയാണെന്നു വേപഥുവോടെയാണ് അവർ ഓർത്തത്.

ഫോൺ കയ്യിൽ കൊണ്ടു നടന്നിട്ടും ഒരിക്കൽപ്പോലും അനിയേട്ടന്റെ ഫോട്ടോ നോക്കിയില്ലല്ലോയെന്നു അവൾക്കുതന്നെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല…….!
താൻ അത്രയും മാറിപ്പോയോ…….!
അധഃപതിച്ചുപോയോ……..!

കുറ്റബോധത്തോടെ ഫോണിലുള്ള ഫോട്ടോ നോക്കുന്നതിനിടയിൽ അയാളും താനും ചേർന്നുള്ള ഒരുപാട് ഫോട്ടോകളുടെ തിളക്കത്തിനിടയിൽ അനിയേട്ടൻ ഫോട്ടോ വല്ലാതെ നിറം മങ്ങിപോയിട്ടുണ്ടെന്നു തോന്നിയപ്പോൾ നെഞ്ചു പിടഞ്ഞുപോയി……!

ഇന്നലെ മുതൽ സംഭവിച്ചതാണോ ……
അതോ മുന്നേയും മങ്ങിയഫോട്ടോതന്നെയായിരുന്നോ…..!
മനസിലെ അഴുക്കുചിന്തകൾ തുടച്ചു വൃത്തിയാക്കുന്നതുപോലെ സാരിതുമ്പുയർത്തി ഫോൺ തുടച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുറ്റബോധത്തോടെ മനസിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു …..
“ആദ്യം പറഞ്ഞിരുന്ന വാക്കുകൾ തെറ്റിച്ചുകൊണ്ടു എന്റെ മനസും പിഴച്ചുപോയല്ലോ അനിയേട്ടാ……
കുറച്ചുനേരം മറന്നു പോയതിനു മാപ്പ്……”

സ്വയം ഓരോ കാരണങ്ങളും ന്യായീകരണങ്ങളും കണ്ടെത്തി അയാളില്നിന്നും ഒഴിഞ്ഞുമാറാനും അകന്നു പോവാനും മനസ്സ് ശ്രമിക്കുമ്പോഴും അയാളുടെ നിഴലനക്കവും പ്രതീക്ഷിച്ചുകൊണ്ട് തന്റെ കണ്ണുകൾ നിമിഷങ്ങളുടെ ഇടവേളകളിൽ ഷോറൂമിനുള്ളിലേക്ക് ഏന്തിവലിഞ്ഞു പോകുന്നത് അവൾ പോലും അറിയുന്നുണ്ടായിരുന്നില്ല …….!

ഷോറൂമിന്റെ ചില്ലിനപ്പുറം അയാളുടെ ആകാശനീലിമ നിറത്തിലുള്ള ഷർട്ടിന്റെ നിഴലനക്കം കണ്ടുതുടങ്ങിയപ്പോൾ കണ്ണുകൾ താനെ കൂമ്പിയടഞ്ഞുതുടങ്ങി.

ഷോറൂമിൽ നിന്നും വെളിയിലേക്കിറങ്ങുമ്പോൾ അന്നു ഹോസ്പിറ്റലിൽ വന്നിരുന്ന കറുത്തു കുറുകിയ മനുഷ്യനും അയാളുടെ പിറകെയുണ്ടെന്നു കണ്ടപ്പോൾ ഒളിക്കുന്നതുപോലെ പോലെ ചൂളിപ്പിടിച്ചുകൊണ്ടു അവൾ സീറ്റിനുള്ളിൽ പതുങ്ങി.

പുറത്തിറങ്ങിയ അനിലേട്ടൻ കാറിലേക്ക് വിരൽചൂണ്ടിയപ്പോൾ കൂടെയുണ്ടായിരുന്ന മനുഷ്യൻ കാറിലേക്ക് എന്തിവലിഞ്ഞു നോക്കുന്നതു കണ്ടപ്പോൾ വല്ലാത്ത ജാള്യത തോന്നിയെങ്കിലും അയാൾ ചിരിച്ചുകൊണ്ട് തുണിത്തരങ്ങൾ നിറച്ച രണ്ടോമൂന്നോ ഷോപ്പിംഗ് ബാഗുകൾ അയാൾക്ക് കൈമാറിയ ശേഷം അകത്തേക്ക് തിരിഞ്ഞുനടക്കുന്നത് കണ്ടപ്പോഴാണ് അവൾക്കു സമാധാനമായത്.

മാനേജരായിരിക്കും……
അവൾ ഊഹിച്ചു.

” അയ്യോ മായമ്മ കരഞ്ഞില്ലേ……
ഞാൻ കരുതി കരയുകയായിരിക്കുമെന്ന് അതുകൊണ്ടാണ് ഇത്രയും വേഗത്തിൽ വന്നത്……’

കാറിൻറെ വാതിൽ തുറക്കുന്നതിനിടയിൽ നിറചിരിയോടെ അയാൾ കളിയാക്കിയപ്പോൾ മറുപടിയായി അവളും പുഞ്ചിരിച്ചുകൊണ്ട് തലകുനിച്ചതേയുള്ളൂ…

“ഇത് അനിമോൾക്ക് കൊടുക്കണം കേട്ടോ …….
എൻറെ വകയുള്ള ഒരു സമ്മാനമാണ്…..”

വണ്ടിക്കുള്ളിൽ കയറിയശേഷം ഷോപ്പിങ് ബാഗുകളിലൊന്നു തന്റെ നേരെ നീട്ടിക്കൊണ്ട് അയാൾ പറയുന്നത് കേട്ടപ്പോൾ ആശ്ചര്യത്താൽ അവളുടെ കണ്ണുകൾ മിഴിയുകയും തുളുമ്പുകയും ചെയ്തു.

താനോ അനിയേട്ടനോ അല്ലാതെ വേറൊരാൾ അനിമോൾക്കു വസ്ത്രങ്ങൾ സമ്മാനിക്കുന്നത് ആദ്യമായാണ് ……

നന്ദിയോടെ അയാളെ നോക്കിയശേഷം വിറയ്ക്കുന്ന കൈകളോടെ വാങ്ങിക്കൊണ്ട് തുറന്നുപോലും നോക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുമ്പോൾ അവൾ ഓർക്കുകയായിരുന്നു.

“നിധികാക്കുന്ന ഭൂതത്തെപ്പോലെ അങ്ങനെ പിടിക്കാതെ അതൊന്നു തുറന്നുനോക്കൂ മായമ്മേ…….
വലുപ്പം കൂടുതലോ കുറവോ …..
മോൾക്ക് ചേരാത്ത നിറമോ ആണെങ്കിൽ ഇപ്പോൾതന്നെ മാറ്റിയെടുക്കാം ഞാൻ ഒരു ഊഹത്തിൽ എടുത്തതാണ് …….”

ചിരിയോടെ അയാൾ ഓർമിപ്പിച്ചപ്പോഴാണ് അവൾ ബാഗ് തുറന്നു നോക്കിയത് .

‘മോൾ നടക്കുവാൻ തുടങ്ങുന്നതിനു മുന്നേ മാലാഖ കുപ്പായമെന്നു പറഞ്ഞുകൊണ്ട് അനിയേട്ടനും ഇതുപോലൊരു ഉടുപ്പ് വാങ്ങികൊണ്ടുവന്നിരുന്നു ……
അവൾ നടക്കുവാൻ തുടങ്ങിയാൽ ഉടുപ്പിനു ചേർന്ന വെളുത്ത തൊപ്പിയും സോക്സുമൊക്കെ ധരിപ്പിച്ചുകൊണ്ട് സ്റ്റുഡിയോയിൽ പോയി ഫോട്ടോയെടുക്കണമെന്നും എപ്പോഴും ആഗ്രഹം പറയും …….”

ഷോപ്പിംഗ് ബാഗിനുള്ളിലെ നിറയെ പ്രില്ലുകളുള്ള വെള്ളനിറത്തിലുള്ള ഉടുപ്പെടുത്തു നിവർത്തുന്നതിനിടയിലാണ് അറിയാതെ അവൾ വിതുമ്പി പോയത് .

“സാരമില്ല മായമ്മേ…….
പോട്ടെ …..
കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ…..
മായമ്മയുടെ സ്നേഹം അനുഭവിക്കാനും മോളെ കണ്ണുനിറയെ കാണുവാനും മായയുടെ അനിയേട്ടനു ഭാഗ്യമുണ്ടായില്ലേന്ന് കരുതി സമാധാനിക്കൂ ……
മായമ്മയുടെ അനിലേട്ടന്റെ ആഗ്രഹം പോലെ വെള്ളയുടുപ്പും തൊപ്പിയും സോക്സുമൊക്കെ ധരിപ്പിച്ചുകൊണ്ട് ഇനിയും മോളുടെ ഫോട്ടോയെടുക്കാമല്ലോ……
പിന്നെന്താ ……’

അവളുടെ മടിയിൽ നിന്നും ഉടുപ്പുകളോക്കെ മടക്കിയെടുത്തു തിരികെ സഞ്ചിയിൽ വച്ചതിനുശേഷം അവളുടെ ചുമലിൽ തട്ടികൊണ്ടാണ് അയാൾ ആശ്വസിപ്പിച്ചത്.

“ഇതിൽ ഒന്നുരണ്ടു സാരികളാണിത്……
മായമ്മയുടെ അമ്മയ്ക്ക് കൊടുടുത്തുകൊണ്ടു അമ്മയില്ലാതെ ഒരു മകൻറെ സമ്മാനമാണെന്ന് പറഞ്ഞാൽ മതി കേട്ടോ ……”

വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കയ്യിലുള്ള രണ്ടാമത്തെ സഞ്ചി തനിക്കു നൽകിക്കൊണ്ട് പറയുന്നതു കേട്ടപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും തുളുമ്പിയിരുന്നു.

“ഇതൊന്നും വേണ്ടായിരുന്നു അനിയേട്ടാ…..
ഇതുപോലുള്ള വിലകൂടിയ ഉടുപ്പുകളൊന്നും ഇതുവരെ എൻറെ മോൾ ഉപയോഗിച്ചിട്ടില്ല….. ഇനിയും ഇത്രയും വിലയുള്ളതൊക്കെ വാങ്ങിക്കൊടുക്കുവാൻ എനിക്കു സാധിക്കുകയുമില്ലല്ലോ……..
പിന്നെ …..
എൻറെ അമ്മ …….
അമ്മ ഇതുപോലുള്ള സാരിയൊക്കെ ഉടുത്തുകൊണ്ടു എങ്ങോട്ടു പോകാനാണ്…..
നിർബന്ധിച്ചാൽ വല്ലപ്പോഴും നാട്ടിലെ ഏതെങ്കിലും കല്യാണത്തിനോ ഉത്സവത്തിനോ കൂടെവരും……
അസുഖം കൂടുമ്പോൾ ഡോക്ടറുടെ അടുത്തു പോകുന്നതാണ് അമ്മയുടെ ആകെയുള്ള ദൂരയാത്ര……
അപ്പോഴാണെങ്കിൽ തുണിയുടുത്തിട്ടുണ്ടെന്നോ ഇല്ലെന്നോ അമ്മയ്ക്ക് യാതൊരു ബോധവും ഉണ്ടാവുകയുമില്ല ……!

അയാൾ നൽകിയ രണ്ടാമത്തെ ഷോപ്പിംഗ് ബാഗുവാങ്ങി തുറന്നു നോക്കി കൊണ്ട് പറയുമ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചിതറിയിരുന്നു.

“എവിടെയെങ്കിലും പോകുവാനും വരുവാനുമുള്ള ബന്ധങ്ങളുണ്ടാക്കുന്നത് നമ്മൾ തന്നെയല്ലേ മായമ്മേ…….
അല്ലാതെ തനിയെ ഒരു ബന്ധവും ഉണ്ടാകില്ലല്ലോ…..
മായമ്മയുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാര്യംതന്നെ നോക്കൂ…….
ഒന്നിച്ചു ജീവിക്കുവാൻ വേണ്ടി നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ……
അതോടെ വീട്ടുകാർ അവരെയും ഉപേക്ഷിച്ചു….. എന്നിട്ടും ഊരും പേരുമില്ലാത്ത ഈ നാട്ടിൽ വന്നുകൊണ്ട് അവർ ഇത്രയും ജീവിച്ചില്ലേ…. മായമ്മയുടെ അമ്മയുണ്ടായില്ലേ …..
അവർക്ക് മായമ്മ ജനിച്ചില്ലേ…….
അതൊക്കെ എങ്ങനെയാണെന്ന് മായമ്മ ചിന്തിച്ചിട്ടുണ്ടോ ……
ജനിച്ചുവളർന്നിരുന്ന മണ്ണിൽനിന്നും വേരുകൾ മുറിച്ചുമാറ്റിയെങ്കിലും പുതിയ മണ്ണിൽ അവർ ആഴത്തിൽ വേരുകളാഴ്ത്തി ……

അല്ലാതെ മായമ്മയെപ്പോലെ അവരും ഞങ്ങൾ ഒളിച്ചോടി വന്നതാണ് ……
ഞങ്ങൾക്ക് ആരുമില്ല……
സ്വന്തം ബന്ധുക്കളെ ഉപേക്ഷിച്ചവരാണ്….. ഞങ്ങളെ ആരും സഹായിക്കാനില്ല…..
എന്നൊക്കെ ചിന്തിച്ചിരുന്നെങ്കിലോ……”

ഡ്രൈവിങ്ങിനിടയിൽ താൻ പറയുന്നതൊക്കെ ഇടയ്ക്കിടെ കണ്ണുകൾ തുടച്ചുകൊണ്ടും മൂക്കുചീറ്റികൊണ്ടും അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ണാടിയിലൂടെ മനസ്സിലാക്കിയ ശേഷമാണ് അയാൾ തുടർന്നത് ..

“ഇന്നത്തെ കാലത്ത് ഈ ഭൂമിയിൽ ജീവിക്കുവാൻ ഏറ്റവും അത്യാവശ്യം വാശിയാണ് ……
ആരെയെങ്കിലും തോല്പിക്കാനുള്ള വാശിയല്ല…… പകരം ……
ആരുടെ മുന്നിലും തോറ്റുകൊടുക്കില്ലെന്ന വാശി…..
ഏതു പ്രതിസന്ധിയിലും പിടിച്ചുനിൽക്കാനുള്ള വാശി …….
നമ്മുടെ വഴി ആരെങ്കിലും കൊട്ടിയടക്കുമ്പോൾ പകരം വേറൊരു വഴി നമ്മൾ കണ്ടെത്തണം…… കണ്ടെത്തിയേ പറ്റൂ ……
അല്ലാതെ എൻറെ വഴിയടഞ്ഞു പോയല്ലോ …..
എന്നോർത്തു കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ അതോടെ തീർന്നു ……
അവിടെ നമ്മൾ തോറ്റു …..
ഇപ്പോൾ ജീവനോടെയില്ലാത്ത സ്വന്തം മകന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെവരെ തള്ളിപ്പറയുന്ന മായമ്മയുടെ അനിലേട്ടന്റെ വീട്ടുകാരുടെ മുന്നിൽ അനിമോളെ ഒരു രാജകുമാരിയെപ്പോലെ വളർത്തുക …..
നല്ലൊരു ജോലിയെന്ന ലക്ഷ്യബോധത്തോടെ പഠിപ്പിക്കുക……..
സ്വത്തിനോ പണത്തിനുവേണ്ടി അല്ലെങ്കിലും അച്ഛൻറെ വകയായി അവൾക്ക് അര്ഹതപ്പെട്ടതൊക്കെ കടുകുമണി പോലും വ്യത്യാസമില്ലാതെ കണക്കു പറഞ്ഞു വാങ്ങിക്കൊണ്ട് എന്റെ മകനെ കുഞ്ഞാല്ലെന്നു പറയുന്ന അവരെക്കൊണ്ടുതന്നെ തിരിച്ചു പറയിച്ചുകൊണ്ടു അംഗീകരിപ്പിക്കണം ……
അതാണ് വാശി ……

അല്ലാതെ…..
അനിമോൾക്ക് അതൊന്നും വേണ്ടെന്നും ഞങ്ങൾക്ക് അതിനൊന്നും അർഹതയില്ലെന്നും വിചാരിച്ചുകൊണ്ടു മാറിയിരുന്നാൽ മായമ്മയെപ്പോലെ മോളും ആത്മവിശ്വാസമില്ലാതെ വളരും ……

അതുപോലെ മായമ്മ നല്ലരീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ മാനസികരോഗിയായ അമ്മയോട് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റുചെയ്ത മാന്യനും പുഴുത്തുനാറി തുടങ്ങിയശേഷമാണെങ്കിലും കുറ്റങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു ഒരുപക്ഷേ മായമ്മയെ തേടിവരും …….’

അയാളുടെ അവസാനത്തെ വാചകങ്ങൾ കേട്ടപ്പോൾ ഞെട്ടലോടെ അവൾ മുഖമുയർത്തി അയാളെ മിഴിച്ചുനോക്കി .

“മൊട്ടകണ്ണുകൾ മിഴിച്ചു നോക്കേണ്ട……
എനിക്കുറപ്പുണ്ട് …..
മായമ്മയുടെ ഏതെങ്കിലും പ്രത്യേകതകളുമായി ആ മനുഷ്യനും ആ നാട്ടിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും……..!

അവൾ മിഴിച്ചുനോക്കിയപ്പോഴാണ് അയാൾ പറഞ്ഞത്.

“അങ്ങനെ അയാൾ എന്റെ മുന്നിൽ വരികയാണെങ്കിൽ ……
തിളച്ചവെള്ളം ഞാൻ മുഖത്തേക്ക് ഒഴിച്ചശേഷം അയാളുടെ മുഖത്തേക്ക് ഞാൻ കാർക്കിച്ചു തുപ്പിയിരിക്കും ഉറപ്പാണ്……

പല്ലുകൾ കൂട്ടികടിച്ചുകൊണ്ട് വന്യമൃഗം മുരുളുന്നതുപോലെ പകയോടെ മുരുളുമ്പോൾ ഇരുപത്തിയെഴു വയസ്സിനുള്ളിൽ അവൾ അനുഭവിച്ചിരുന്ന യാതനകളും വേദനകളും അപമാനവുമെല്ലാം അതിലടങ്ങിയിട്ടുണ്ടെന്നു അയാൾ തിരിച്ചറിഞ്ഞു.

” മായമ്മയല്ല…….
അമ്മയ്ക്കാണ് അങ്ങനെ ചെയ്യാനുള്ള അർഹത…….”

അയാൾ വേഗം തിരുത്തി കൊടുത്തു

“എൻറെ അമ്മയുടെ മുന്നിലെങ്ങാൻ ആ ദുഷ്ടൻ പെട്ടുപോയിട്ടുണ്ടെങ്കിൽ അമ്മ അയാളെ വെട്ടി തുണ്ടം തുണ്ടമാക്കി അരിഞ്ഞു കളയും……
ഈ ലോകത്തിൽ ഒരേ ഒരാളോട് മാത്രമേ എന്റെ പാവം അമ്മയ്ക്ക് പകയുള്ളൂ ……
അയാളോട് മാത്രം…..

മാനസികരോഗിയായ ഒരു പെണ്ണിനോട് അങ്ങനെ ചെയ്യാൻ തോന്നിയ അയാൾ മനുഷ്യനായിരിക്കുമോ ……
ഏതോ പട്ടി എന്നല്ലാതെ ……
മനുഷ്യൻ എന്നുപോലും അക്കാര്യത്തെക്കുറിച്ച് അമ്മയിപ്പോഴും പറയാറില്ല ……’

പറയുന്നതിനിടയിൽ കണ്ണുകൾ നിറയുകയും തൊണ്ടയിടറുകയും ചെയ്തപ്പോൾ അവൾക്ക് അമ്മയോടുള്ള സഹതാപവും സ്നേഹവും ആത്മാർത്ഥതയും ഒരിക്കൽ കൂടി ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതായി അയാൾക്ക്‌ തോന്നി.

“ഞാനിപ്പോൾ അച്ഛനെ കുറിച്ചുപറഞ്ഞപ്പോൾ മായ പറഞ്ഞില്ലേ ……
അതുപോലുള്ള വാശിയാണ് ജീവിതത്തിൽ വേണ്ടത് ……
ഇതൊക്കെ ഓരോ പ്രത്യാശകളാണ് മായമ്മേ…. ഒരിക്കലും സംഭവിക്കണമെന്നില്ല ……
പക്ഷെ …..
സംഭവിച്ചുകൂടായ്കയുമില്ല……
ഇങ്ങനെയുള്ള കുറെ ആശകളും പ്രത്യാശകളുമായാണ് ഓരോ മനുഷ്യനും ജീവിക്കുന്നത് ……
അല്ലാതെ എനിക്കതൊക്കെ നിഷിദ്ധമാണ് ……
ഞാൻ ചെറുപ്പക്കാരിയായ വിധവയാണ് …..
ഭർത്താവിനെ വീട്ടുകാർ വേശ്യയെന്ന് മുദ്രകുത്തിയതാണ്…..
ആരൊക്കെയോ ഭീഷണിപ്പെടുത്തിയപ്പോൾ ചതിയിൽപ്പെട്ടു ഞാനും കുറച്ചുകാലം വഴിതെറ്റി നടന്നവളാണ് ….
അതുകൊണ്ട് കൊള്ളാത്തവളായി പോയി എന്നൊക്കെ സ്വയം വിലയിരുത്താതെ പോസിറ്റീവായി ചിന്തിച്ചുനോക്കൂ……”

ബാങ്കിനു മുന്നിൽ വണ്ടി ഒതുക്കിയിടുന്നതിനിടയിലാണ് അയാൾ വിശദീകരിച്ചത് .

“എങ്ങനെയാ പറഞ്ഞാലും…..
എന്തൊക്കെ ന്യായീകരിച്ചാലും ഞാനങ്ങനെതന്നെയല്ലേ അനിലേട്ടാ …….
ഞാനങ്ങനെ കൂടെ പോയവർ ഇനിയും എവിടെയെങ്കിലും കണ്ടുമുട്ടുകയാണെങ്കിൽ ആ രീതിയിൽ മാത്രമല്ലേ അവർ എന്നോടു പെരുമാറുകയുള്ളൂ……”

സാരിയുടെ തുമ്പെടുത്തു തിരുമ്മിക്കൊണ്ടു പറയുമ്പോൾ അവളുടെ ശബ്ദം നനഞ്ഞിരുന്നു….

“എൻറെ പൊന്നുമായമ്മേ ……
മായമ്മ സ്വന്തം ഇഷ്ടത്തിനു സുഖംതേടിയോ…..
അല്ലെങ്കിൽ പണമുണ്ടാക്കാനോ പോയതല്ലല്ലോ…..
ആരൊക്കെയോ ചതിയിൽപെടുത്തിക്കൊണ്ട് അങ്ങനെയാക്കിയതല്ലേ……
അതും ഏതാനും ദിവസങ്ങൾ മാത്രം ……!
അതുകൊണ്ട് ഞാൻ അങ്ങനെയായിപോയല്ലോ എന്നോർത്തു സങ്കടപ്പെടാതെ…..
ഞാൻ വലിയൊരു ചെളിക്കുഴിയിയിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്നോർത്തുകൊണ്ട് ആശ്വസിക്കാൻ ശ്രമിച്ചുനോക്കൂ……

മായമ്മ ഏതാനും ദിവസങ്ങൾ മാത്രമല്ലേ വഴിതെറ്റി നടന്നിരുന്നത്……
പക്ഷേ പണമുണ്ടാക്കാനും സുഖത്തിനും വേണ്ടി സ്വകാര്യമായി ഇറങ്ങിത്തിരിക്കുകയും പണമുണ്ടാക്കിയ ശേഷം വിവാഹം കഴിച്ചുകൊണ്ടു സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നവരെയൊക്കെ എനിക്കറിയാമല്ലോ……

അതുകൊണ്ട് പ്ളീസ് മായമ്മേ…… ജീവിതത്തിലെ ആ ഭാഗവും അത്രയും ദിവസങ്ങളും മനസ്സിൽനിന്നും മായ്ച്ചുകളയൂ….
പ്ളീസ്……..”

ഊതിയൂതി അവളിലേക്കു ഊർജ്ജം പകർന്നു നൽകുവാനുള്ള അവസാന ശ്രമത്തിലായിരുന്നു അയാൾ.

” എനിക്കു പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞുകഴിഞ്ഞു……
അതൊക്കെ മായമ്മ മനസ്സിലാക്കിയിട്ടുണ്ടാവുമെന്നാണ് ഇപ്പോൾ ഞാൻ കരുതുന്നത് ……
അതിനപ്പുറമൊന്നും എനിക്കു പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റില്ല മായമ്മേ…..
ഇനിയെന്താണ് ചെയ്യേണ്ടതെന്നു മായമ്മ തന്നെ ചിന്തിച്ചു തീരുമാനിക്കൂ…….”
വരുന്നില്ലല്ലോ അല്ലേ……
മാനേജരെ പേടിയല്ലേ ……
അതുകൊണ്ട് ഞാൻ വേഗത്തിൽ മാനേജരോട് സംസാരിച്ചിട്ട് വരാം കേട്ടോ …….”

ബാങ്കിലെ കാര്യങ്ങൾ അവൾ അറിയേണ്ടെന്നു കരുതിക്കൊണ്ടു ഒഴിവാക്കാനായി മനപൂർവം പറഞ്ഞതാണെങ്കിലും കേട്ടപ്പോൾ നിറഞ്ഞ കണ്ണുകളോടെ സമ്മതഭാവത്തിൽ അവൾ തലകുലുക്കിയതേയുള്ളൂ.

ബാങ്കിനുള്ളിലേക്ക് കയറുന്നതിനിടയിൽ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കിയപ്പോൾ അവൾ സാരികൊണ്ടു മുഖം മറച്ചുപിടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ മുന്നോട്ടോ പിന്നോട്ടോ അറിയാതെ ഒരു നിമിഷം വല്ലായ്മയോടെ ശങ്കിച്ചുനിന്നെങ്കിലും അവസാനം അയാൾ ബാങ്കിനുള്ളിലേക്കുതന്നെ ചുവടുകൾവച്ചു.

വാക്കുകൾകൊണ്ടു എത്രതന്നെ നിഷേധിച്ചാലും തനിക്കവളോടുള്ളതിനേക്കാൾ നൂറിരട്ടി സ്നേഹം അവൾക്ക് തന്നോടുണ്ടെന്ന് ഉറപ്പാണ് ….!

വാക്കുകൾകൊണ്ടു മറച്ചുപിടിക്കുമ്പോഴും കണ്ണുകളിൽ പ്രകടമാകുന്ന പ്രണയത്തിന്റെ കടലിരമ്പം ഒളിച്ചുവയ്ക്കുവാൻ ഇതുവരെ അവൾക്ക് സാധിച്ചിട്ടില്ല …….!

ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന അവളുടെ ചില നോട്ടങ്ങളിലൂടെയും പരിഭവങ്ങളിലൂടെയും എത്രയോതവണ മനസിലാക്കിയിരുന്നു…….!

താനൊരു വഴിപിഴച്ചവളാണെന്ന കുറ്റബോധവും അവളുടെ അനിയേട്ടനോടുള്ള സ്നേഹവുമാണ് അവൾക്കുമുന്നിലുള്ള തടസ്സം ……
ഇനിയെങ്കിലും അവൾ മാറി ചിന്തിച്ചിരുന്നെങ്കിൽ…..!

ബാങ്ക് മാനേജരുടെ കാബിനിലേക്കു കയറുമ്പോൾ അതുമാത്രമായിരുന്നു അയാളുടെ മനസ്സിനുള്ളിൽ അതുമാത്രമായിരുന്നു ചിന്ത…..!

പത്തുമിനിട്ടിനകം ബാങ്കിൽനിന്നും തിരിച്ചെത്തുമ്പോഴും അവൾ അതേപോലെ ഇരിക്കുകയാണെന്നു കണ്ടപ്പോൾ ഓടുന്നതുപോലെയാണ് അയാൾ വേവലാതിയോടെ കാറിനടുത്തേക്കു നടന്നത്……….!

” മായമ്മ കരയുകയായിരുന്നോ…….’

കാറിൻറെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതോടെ സാരിയുടെ തുമ്പുയർത്തി മുഖം തുടയ്ക്കുന്നത് കണ്ടപ്പോഴാണ് അയാൾ തിരക്കിയത് .

ചിരിക്കുകയാണോ …..
കരയുകയാണോയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഭാവത്തിൽ മുഖത്തേക്കു നോക്കികൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടിയ ശേഷമാണ് ആകാംക്ഷയോടെ ചോദിച്ചത്.

“പോയകാര്യം ശരിയായോ…..
അവരെന്താണ് പറഞ്ഞത് ……..”

” ഞാൻ മായമ്മയോട് പറഞ്ഞതുപോലെ തന്നെ…..
നാളെ മായയുടെ കയ്യിലുള്ള പൈസ ബാങ്കിൽ അടക്കുക ……
ബാക്കിയുള്ള തുക കുറേശ്ശെയായി അടച്ചുതീർത്താൽ മതി……
പോരേ …..
സന്തോഷമായോ …….
ഇനി ബാങ്കുകാരെ പേടിക്കേണ്ടല്ലോ……..!

മനസ്സിനുള്ളിൽ ചിരിച്ചുകൊണ്ടാണ് അയാൾ നുണ പറഞ്ഞത് .

“ശരിക്കും അങ്ങനെ പറഞ്ഞോ……..’

അവിശ്വസനീയതയോടെ ചോദിക്കുമ്പോൾ കണ്ണീരണിഞ്ഞ അവളുടെ മുഖത്തു ആത്മവിശ്വാസത്തിൻറെ തിളക്കമുണ്ടെന്ന് അയാളറിഞ്ഞു.

‘ പിന്നെ ……
ഞാൻ വെറുതെ നുണ പറയുമോ ……
ഇനി വേണമെങ്കിൽ മായമ്മ വെറുതെയോന്ന് ബാങ്കിലൊക്കെ കയറി നോക്കൂ ……
അപ്പോൾ അറിയാം കാര്യം……
അനിമായയുടെ അമ്മ മായമ്മയ്ക്ക് അവിടെയൊരു കസേര ഉറപ്പാണ്……!

ഞാനൊന്നു മറിഞ്ഞില്ലെന്ന രീതിയിലാണ് ചിരിയോടെ അയാൾ മറുപടി കൊടുത്തത്.

“നാളെ പൈസ അടക്കാനും അനിലേട്ടൻ എൻറെ കൂടെ വരുമോ ……..
എനിക്കു പേടിയായതുകൊണ്ടാണ് പ്ലീസ്…..
നാളെ ഒരു ദിവസം കൂടി എന്നെ സഹായിച്ചാൽ മതി പ്ളീസ്…….”

കൊഞ്ചുന്നതുപോലെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ തന്റെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ വന്നു തടഞ്ഞതുപോലെ അയാൾക്ക്‌ തോന്നി.

” നാളെയെല്ലാ എപ്പോൾ വേണമെങ്കിലും …..
ഏതു നരകത്തിലായാലും മായമ്മയുടെ  ഞാൻ വരാമല്ലോ ………”

അവൾക്കു മനസിലാക്കുവാൻ പറ്റുമെങ്കിൽ മനസിലാക്കട്ടെയെന്നു കരുതിയാണ് കണ്ണടച്ചുകൊണ്ട് അയാൾ സമ്മതിച്ചത്.

” അനിലേട്ടാ ഏതെങ്കിലും ജ്വല്ലറിയുടെ മുന്നിൽ വണ്ടിയൊന്നു നിർത്തണം കേട്ടോ …….
ഈ മാല എവിടെയെങ്കിലും വിൽക്കാൻ വേണ്ടിയാണ്…..
അത്രയും ചേർത്തു ബാങ്കിലടക്കുവാൻ സാധിച്ചാൽ അത്രയും സമാധാനമായില്ലേ….. അല്ലെങ്കിലും സ്വർണമാലയിലൊന്നും എനിക്കത്ര താൽപര്യമൊന്നുമില്ല……”

കഴുത്തിലെ ചെറിയ സ്വർണ്ണ മാലയുടെ കൊളുത്തു വിടർത്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് അവൾ പറഞ്ഞത്.

” വേണ്ട …..വേണ്ട ….
ഒരു ദിവസം കൂടി അതവിടെ കിടക്കട്ടെ മായമ്മേ…….
നാളെ പണമടക്കുവാൻ ബാങ്കിലേക്ക് പോകുമ്പോൾ വിൽക്കാം കേട്ടോ ……..”

സ്വർണ്ണ നാഗം പോലെ അവളുടെ കഴുത്തിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വർണ്ണത്തിന്റെ നേർത്തമാല അവളുടെ ഉടലഴകുകൾക്കു് വല്ലാത്തൊരു ഭംഗിയാണ്…….
അതില്ലാതെ മായമ്മയെ കുറിച്ചോർക്കാൻ പോലും വയ്യ…….!
അതുപോലെ തന്നെ സ്വർണാഭരണ വിഭൂഷയായ മായമ്മയെക്കുറിച്ചോർക്കുന്നതും ആരോചകമാണ്……
ഇതുപോലെ ഇല്ലായ്മകളിൽ നിന്നുമുള്ള കുറെ ലാളിത്യവും മനസുനിറയെയുള്ള കാരുണ്യവും കണ്ണുകളിലെ അണയാത്ത പ്രണയവുമാണ് അവളെ മായയാക്കുന്നത്…… !

മാലയുടെ കൊളുത്തഴിച്ചെടുക്കുവാനുള്ള അവളുടെ ശ്രമത്തെ കയ്യെടുത്തു വിലക്കുന്നതിനിടയിൽ അതൊക്കെയായിരുന്നു അയാൾ ആലോചിച്ചുകൊണ്ടിരുന്നത് .

“ഇനി മായമ്മയുടെ നാട്ടിലേക്കാണ് നമ്മുടെ യാത്ര……
എനിക്കു വഴിയൊന്നുമറിയില്ല …….
മായമ്മ വഴി പറഞ്ഞു തരണം കേട്ടോ…….”

മെയിൻറോഡിൽ നിന്നും അവളുടെ നാട്ടിലേക്കുള്ള ഇടറോഡിലേക്കു വണ്ടി തിരിക്കുന്നതിനിടയിൽ ഓർമിപ്പിച്ചപ്പോൾ അയാളെ നോക്കി മനോഹരമായി ചിരിച്ചതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല.

” അയ്യോ …….
മറന്നുപോയി ഞാനെന്തൊരു മനുഷ്യനാണ്…..
കുട്ടികളെ കാണാൻ പോകുമ്പോൾ ചോക്കലേറ്റ് വാങ്ങേണ്ടേ……..
അനുമോൾക്ക് എന്താണിഷ്ടം ………
ഐ മീൻ….ചോക്കലേറ്റുകൾ …….’

റോഡരികിലുള്ള ബേക്കറിക്ക്രികിൽ വണ്ടിയൊതുക്കികൊണ്ടാണ് അയാൾ ചോദിച്ചത്.

” അവൾക്കങ്ങനെ പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ല അനിലേട്ടാ ……
അവളും എന്നെപോലെതന്നെയാണ് അമ്മയുടെ വിഷമം അറിഞ്ഞു ജീവിക്കുന്ന മോൾ ……
ഒന്നിനുവേണ്ടിയും ശാഠ്യം പിടിക്കുകയില്ല ……
എന്തു കൊടുത്താലും സന്തോഷം തന്നെ …..
പിന്നെ മഞ്ചും കിറ്റ്കാറ്റും കാഡ്ബറീസും ചോക്കലേറ്റുകളുമൊക്കെ ഇഷ്ടമാണ് ……
പക്ഷേ അതൊക്കെ ശമ്പളം കിട്ടിയ രണ്ടുമൂന്നു ദിവസം മാത്രമേ ഞാൻ വാങ്ങി കൊടുക്കാറുള്ളൂ…..
അല്ലാത്ത ദിവാസങ്ങൾ ടൈഗർ ബിസ്കറ്റും പാർലെ ബിസിക്കറ്റുമൊക്കെ വാങ്ങി കൊടുത്തതുകൊണ്ടു ഞാനവളെ പറ്റിക്കും……’

ചിരിച്ചുകൊണ്ട് പറയുന്നത് കേൾക്കുമ്പോൾ അവളുടെ ചിരിയുടെ അർത്ഥമെന്താണെന്നാണ് അയാൾ ആലോചിച്ചുകൊണ്ടിരുന്നതിനിടയിൽ വണ്ടിയുടെ ഡോർ തുർന്നുകൊണ്ടാണ് അയാൾ പറഞ്ഞത്..

” എങ്കിൽ ഒരൊറ്റ മിനിട്ട് ഞാനിപ്പോൾ വരാം…..”

” അയ്യോ വേണ്ട ……
അതൊന്നും വേണ്ട അനിലേട്ടാ ……
ഇത്രയും പുതിയ ഉടുപ്പുകൾ ഒന്നിച്ചു കാണുമ്പോൾ തന്നെ അവൾ തുള്ളിച്ചാടും …….
ഇനി വേറെയൊന്നും വാങ്ങേണ്ട……’

അപ്രതീക്ഷിതമായി തന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചുകൊണ്ട് അവൾ വിലക്കിയപ്പോൾ തൻറെ കൈത്തണ്ടയിൽ പിടുത്തമിട്ടിരുന്ന കൈപ്പത്തിയിലേക്കുംഅവളുടെ കണ്ണുകളിലേക്കു അമ്പരപ്പോടെ മാറിമാറി നോക്കിയപ്പോൾ കരയിൽ പെട്ടുപോയ ജീവനുള്ള മത്സ്യത്തെ പോലെ അവളുടെ കുഷ്ണമണികൾ ഒരു നിമിഷം പിടിച്ചശേഷം താഴ്ത്തുന്നതും കൈത്തണ്ടയിലെ പിടുത്തം അയയുന്നതും അയാളറിഞ്ഞു

ബേക്കറിയിൽ കയറി മഞ്ചും കിറ്റ്കാറ്റും കാഡ്ബറീസുമടക്കമുള്ള കുറെ ചോക്ലേറ്റുകൾ വാങ്ങി അവളെ ഏൽപ്പിച്ചു കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ അവൾ ചൂണ്ടിക്കാണിച്ച .
കശുമാവിൻ തോട്ടങ്ങളുടെയും റബ്ബർ തോട്ടങ്ങളുടെയും ഇടയിലൂടെയുള്ള വാഹനത്തിരക്കു കുറഞ്ഞ ഇടറോഡിലേക്ക് കാർ നീങ്ങുന്നതിനിടയിൽ തന്റെ മനസ്സിൽ വീണ്ടും അസ്വസ്ഥതയുടെ കടന്നൽകൂടിളകുന്നത് അയാളറിയുന്നുണ്ടായിരുന്നു.

ഇന്നു രാവിലെ തുടങ്ങിയ യാത്ര……
അല്ല……
അയാൾ പെട്ടെന്നുതന്നെ തിരുത്തി.
മൂന്നുദിവസം മുന്നേയുള്ള ഒരു രാത്രിയിൽ തുടങ്ങിയ അനുഭൂതികളുടെ യാത്ര ഇവിടെ അവസാനിക്കാൻ പോവുകയാണ് ……!

ജീവിതകാലം മുഴുവൻ ഇങ്ങനെതന്നെ പോകണമെന്നു മനസ്സിൽ ആഗ്രഹിക്കുന്ന ഈ യാത്ര ഇവിടെ അവസാനിക്കുമോ…….
അതോ…….
ജീവിതാവസാനം വരെയുള്ള മറ്റൊരു യാത്രയുടെ തുടക്കമാകുമോ……..!

കണ്ണാടിയിലൂടെ അവളെ നോക്കിയപ്പോൾ അവളും ഏതോ ചിന്തയിലാണെന്ന് തോന്നി…..!

മൗനങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതേ നിമിഷമാണ് അവളും അയാളെ നോക്കിയത് ……!
കണ്ണുകൾ തമ്മിലിടഞ്ഞു നിമിഷം ഒന്നും സംസാരിക്കാനാകാതെ രണ്ടുപേരും മിഴികൾ പിൻവലിച്ചു …….!

“ആ മതിൽ കഴിഞ്ഞാൽ പിന്നെ എൻറെ വീടാണ്……..”

അല്പദൂരം പിന്നിട്ടശേഷം
റോഡരികിൽ മതിലുകൾക്ക് അകത്തുള്ള കുറെ വലിയ വീടുകൾക്കിടയിൽ മതിലുകളില്ലാത്ത വലതുവശത്തെ ഇത്തിരി സ്ഥലത്തേക്കു കൈചൂണ്ടിക്കൊണ്ട് പറയുമ്പോൾ അവളുടെ ശബ്ദവും അടഞ്ഞു പോയിരുന്നു …….!

വേഗത കുറച്ചു വീടിന്റെ മുന്നിൽ നിന്നും കുറച്ചുമാറി വണ്ടി നിർത്തിയപ്പോൾ ആദ്യം അയാളുടെ കണ്ണുകളുടക്കിയത്…….

ഒടിഞ്ഞുതൂങ്ങിയ കഴുക്കോലുകളും…..
സ്‌ഥാനം തെറ്റി നിരങ്ങി വീഴാറായ ഓടുകളും……
കുമ്മായം അടർന്നു തുടങ്ങിയ ഭിത്തികളുമുള്ള ഇല്ലായ്മകളുടെ പര്യായമായ ആ ചെറിയ വീടായിരുന്നില്ല ……!
പകരം……
സാരിപോലെ ഒരു തുണിക്കഷണം എളിയിൽ തിരുകികൊണ്ട് ചിരട്ടകളും പൗഡറിന്റെ ഡപ്പയും പ്ലാസ്റ്റിക് പാവയുമൊക്കെയായി മുറ്റത്തിരുന്നു ഒറ്റയ്ക്ക് കളിക്കുകയായിരുന്ന രണ്ടുകൊമ്പുകൾപോലെ ഇരുവശത്തേക്കും മുടികൾ മേലോട്ടുകെട്ടിയ വെള്ള സിമ്മീസുകാരിയിലായിരുന്നു…..!



തുടരും....... ♥️


മായാമൊഴി 💖 48

മായാമൊഴി 💖 48

4.8
8984

കാർ റോഡരികിൽ സൗകര്യത്തിൽ ഒതുക്കി നിർത്തിയശേഷം പത്തിരുപത്തിയഞ്ചു മീറ്റർമാത്രം അകലെയുള്ള അവളുടെ വീടിന്റെ മുറ്റത്തിരുന്നു കളിക്കുകയായിരുന്ന വെള്ളപ്പെറ്റിക്കോട്ടുകാരിയുടെ ശ്രദ്ധക്ഷണിക്കുന്നതിനായി പതിയെ ഹോണിൽ വിരലമർത്തിയപ്പോൾ ചിരട്ടകളും പൗഡർഡപ്പയും പാവയും പ്ലാസ്റ്റിക് കപ്പുമൊക്കെ വീടിന്റെ വരാന്തയിലേക്ക് കയറുന്ന പടിയിൽ നിരത്തിക്കൊണ്ട് കളിക്കുകയായിരുന്ന അവൾ കളിത്തിരക്കിനിടയിൽ ഇരുവശത്തേക്കും കൊമ്പുപോലെ മുടിപിന്നിക്കെട്ടിയ തലയുയർത്തി നോക്കിയപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി……! മായമ്മയെ മുറിച്ചുവച്ചതുപോലുള്ള ഒരു കഷണം……! മായമ്മയുടെ ഭാഷയിൽ