Aksharathalukal

മായാമൊഴി 💖 48

കാർ റോഡരികിൽ സൗകര്യത്തിൽ ഒതുക്കി നിർത്തിയശേഷം പത്തിരുപത്തിയഞ്ചു മീറ്റർമാത്രം അകലെയുള്ള അവളുടെ വീടിന്റെ മുറ്റത്തിരുന്നു കളിക്കുകയായിരുന്ന വെള്ളപ്പെറ്റിക്കോട്ടുകാരിയുടെ ശ്രദ്ധക്ഷണിക്കുന്നതിനായി പതിയെ ഹോണിൽ വിരലമർത്തിയപ്പോൾ ചിരട്ടകളും പൗഡർഡപ്പയും പാവയും പ്ലാസ്റ്റിക് കപ്പുമൊക്കെ വീടിന്റെ വരാന്തയിലേക്ക് കയറുന്ന പടിയിൽ നിരത്തിക്കൊണ്ട് കളിക്കുകയായിരുന്ന അവൾ കളിത്തിരക്കിനിടയിൽ ഇരുവശത്തേക്കും കൊമ്പുപോലെ മുടിപിന്നിക്കെട്ടിയ തലയുയർത്തി നോക്കിയപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി……!

മായമ്മയെ മുറിച്ചുവച്ചതുപോലുള്ള ഒരു കഷണം……!
മായമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും ഒരു കുഞ്ഞുമായമ്മ……!
പക്ഷെ…..
മായമ്മ നല്ലപോലെ വെളുത്തിട്ടല്ലാത്ത ഇരുനിറക്കാരിയാണെങ്കിൽ അനിമായ നല്ലപോലെ വെളുത്തിട്ടാണെന്നു അയാൾക്ക്‌ തോന്നി……!
ഒരുപക്ഷേ മായമ്മയുടെ രൂപവും അനിയേട്ടന്റെ നിറവുമായിരിക്കും മോൾക്ക് പകർന്നു കിട്ടിയിട്ടുണ്ടാവുക അയാൾ മനസിൽ ഊഹിച്ചു…..!

റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് നോക്കിയശേഷം അപരിചതനാണെന്നു മനസിലായപ്പോൾ അവൾ മുതിർന്നവരെപ്പോലെ ഗൗരവത്തോടെ തലവെട്ടിച്ചുകൊണ്ടു മുന്നെ ചെയ്തിരുന്ന ജോലിയിലേക്ക് വീണ്ടും വ്യാപൃതയാകുന്നത് കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടിപ്പോയി.

തന്റെ തൊട്ടരികിലിരിക്കുന്ന സ്വന്തം അമ്മയെ അവൾ കാണുന്നില്ലെന്ന് വ്യക്തമാണെന്ന് മനസ്സിലോർത്തുകൊണ്ടാണ്‌ കുസൃതിയോടെ വീണ്ടും ഹോണിൽ പതുക്കെ വിരലമർത്തിയത്.

കളിത്തിരക്കിനിടയിൽ അവൾ സംശയത്തോടെ വീണ്ടും തലയുയർത്തി നോക്കിയപ്പോൾ അയാൾ പരിചയഭാവത്തിൽ വെറുതെ ഇളിച്ചുകാണിച്ചു നോക്കി….!

സംശയത്തോടെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയശേഷം യാതൊരു മുഖപരിചയവുമില്ലെന്നു മനസിലായതും ദേഷ്യത്തോടെ കുഞ്ഞുകൈ വീശി തല്ലാനോങ്ങിക്കൊണ്ട് വീണ്ടും കളിയിൽ ശ്രദ്ധിക്കുന്നതും കണ്ടപ്പോൾ അവളെ വാരിയെടുത്ത് വാത്സല്യത്തോടെ നെഞ്ചോടുചേർത്തുപിടിച്ചു ഉമ്മകൾകൊണ്ടു മൂടുവാനും അയാളുടെ മനസിന്റെ ഉള്ളിന്റെയുള്ളം ത്രസിച്ചുകൊണ്ടേയിരുന്നു……!

“ഓഹോ…..ഇവൾ ആളുകൊള്ളാമല്ലോ……”

മനസിൽ പറഞ്ഞുകൊണ്ട് താനിരിക്കുന്ന ഭാഗത്തെ ചില്ലിന്റെപകുതിതാഴ്ത്തിയശേഷം വെറുതെ ഇളിച്ചുകാണിച്ചുകൊണ്ടാണ് അയാൾ വീണ്ടുമൊരിക്കൽ കൂടി ഹോണിൽ വിരലമർത്തിയത്…….!

വീണ്ടും ഹോണിന്റെ ശബ്ദം കേട്ടതും തിരിഞ്ഞുനോക്കിയയുടനെ തല്ലുവാനായി തനിക്കുനേരെ അവൾ വീണ്ടും കുഞ്ഞുകൈവീശുന്നതും …..
അതിനുശേഷം ക്ഷമകെട്ടതുപോലെ കളിമതിയാക്കി ചവിട്ടുപടിയിൽ ഇരിന്നുകൊണ്ടു കാറിലേക്കുനോക്കി ഇടതടവില്ലാതെ കൊഞ്ഞനം കുത്തുന്നതും ……
എന്നിട്ടും തൃപ്തിയാകാതെ കുഞ്ഞുകൈകൾകൊണ്ടും ഓമനത്തമുള്ള മുഖംകൊണ്ടും എന്തൊക്കെയോ കോക്രികൾ കാണിക്കുന്നതും …..
കണ്ടപ്പോൾ തന്റെ മനസ് നിറഞ്ഞുപോകുന്നതുപോലെ അയാൾക്ക്‌ തോന്നി.
പിന്നെ പരാജയം സമ്മതിച്ചുകൊണ്ട് പതിയെ കാറിന്റെ ചില്ലുയർത്തി.

“രൂപം മാത്രമല്ല സ്വഭാവവും അതുപോലെതന്നെ മുറിച്ചുകൊടുത്തിട്ടുണ്ടല്ലോ ….!.”

നിറഞ്ഞ ചിരിയോടെയുള്ള അയാളുടെ ചോദ്യം കേട്ടപ്പോഴാണ് പരിസരം മറന്നതുപോലെ വീടിൻറെ വടക്കുഭാഗത്തേക്ക് കണ്ണയച്ചുകൊണ്ട് ഒരു പ്രതിമയെപ്പോലെ ഇരിക്കുകയായിരുന്ന അവൾ ഞെട്ടിയുണർന്നത് …….!

“അവിടെയൊരു ആകാശമുല്ലയുടെ ചെടികണ്ടോ അനിലേട്ടാ ……
അതിൻറെ തണലിലാണ് എൻറെ അനിയേട്ടൻ ഉറങ്ങുന്നത് ……”

വീടിൻറെ വടക്കുഭാഗത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് അടഞ്ഞ ശബ്ദത്തിൽ അവൾ പറയുന്നതു കേട്ടപ്പോഴാണ് വീണ്ടും കാറിന്റെ ചില്ലുകൾ താഴ്ത്തിക്കൊണ്ട് അയാളും അങ്ങോട്ടു ശ്രദ്ധിച്ചത് ……

വീടിരിക്കുന്ന സ്ഥലത്തിൻറെ വടക്കേ അതിരിൽ തൊട്ടടുത്ത വീടിൻറെ മതിലിനോടു് ചേർന്നുകൊണ്ട് ചെറിയൊരു ആകാശമുല്ല മരം …..!
അതിൽ നിറയെ ആകാശത്തേക്ക് തലയുയർത്തി വിടർന്നുനിൽക്കുന്ന തൂവെള്ളപ്പൂക്കളുടെകൂടെ….
മണ്ണിൽ വീണടിയുവാൻ മടിയുള്ളതുപോലെ പൂക്കുലയിൽ നിന്നും തലകീഴായി തൂങ്ങികിടക്കുന്ന നിരവധി വാടികരിഞ്ഞ ഇളംമഞ്ഞനിരത്തിലുള്ള പൂക്കളുമുണ്ടായിരുന്നു….!

ആകാശമുല്ലയുടെ മരത്തിൽ ഇത്ര ചെറിയപ്രായത്തിൽ തന്നെ പൂക്കൾ വിരിഞ്ഞു തുടങ്ങുമോ……!
നിറയെ പൂക്കളുമായി പൂത്തുതളിർത്തു നാണം കുണുങ്ങി നിൽക്കുന്ന ആകാശമുല്ലയുടെ ചെടിയിലേക്കു നോക്കിയപ്പോൾ അയാൾക്ക് അത്ഭുതം തോന്നി …….!

ആകാശമുല്ലയിലേക്കു നോക്കുന്നതിനിടയിൽ വീടിന്റെ ചവിട്ടുപടിയിൽ താടിക്കുകയ്യൂനിക്കൊണ്ടു കാറിലേക്കുതന്നെ നോക്കിക്കൊണ്ടു ചവിട്ടുപടിയിലിരിക്കുകായായിരുന്ന പെറ്റിക്കോട്ടുകാരിയിലേക്ക് അറിയാതെ അയാളുടെ കണ്ണുകൾ ഒരിക്കൽകൂടി വാത്സല്യത്തോടെ വഴുതിപ്പോയപ്പോൾ അവളെതന്നെയാണ് നോക്കുന്നതെന്നു തെറ്റിദ്ധരിച്ചതുകൊണ്ടാണെന്നു തോന്നുന്നു പൂർവ്വാധികം ശക്തിയോടെ അവൾ വീണ്ടും കൊഞ്ഞനംകുത്തിൽ പുനരാരംഭിച്ചപ്പോൾ ചിരിയോടെ വീണ്ടും കാറിന്റെ ചില്ലുയർത്തിവച്ചു

“അനിയേട്ടനു പ്രത്യേക സ്വഭാവമാണെന്നു ഞാൻ പറഞ്ഞിരുന്നില്ലേ…….
നമ്മുടെ കല്യാണത്തിന് ആർക്കും സദ്യയൊന്നും കൊടുക്കാൻ പറ്റിയില്ലല്ലോ……
അതുകൊണ്ടു നമ്മുടെ വിവാഹത്തിന്റെ ഓർമ്മയ്ക്കായി പ്രകൃതിക്കുവേണ്ടി നമുക്കു വല്ലതും ചെയ്യാമെന്നു പറഞ്ഞുകൊണ്ടു വിവാഹദിവസം അനിയേട്ടനും കൂട്ടുകാരും ചേർന്നുകൊണ്ട് ഈ പത്തുസെന്റിൽ നിറയെ കുറെ മരങ്ങൾ നട്ടിരുന്നു …….
ആ കാണുന്ന പേരയുടെചെടിയും ….. ആത്തചക്കയുടെമരവുംയും …..
പ്ലാവും മാവും …..
സപ്പോട്ടയും,ചാമ്പക്കയുടെ ചെടിയുമൊക്കെ അങ്ങനെ വച്ചുപിടിപ്പിച്ചതാണ് ……

അനിയേട്ടന്റെ കൂട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്ന എന്നെ നിബന്ധപൂർവ്വം അടുക്കളയിൽ വലിച്ചുകൊണ്ടുവന്നശേഷം ഞാനും അനിയേട്ടനും ചേർന്നാണ് ആ ആകാശമുല്ല നട്ടിരുന്നത്……
” മരണം വരെ നമ്മുടെ ജീവിതവും ഇതിൽ വിരിയുന്ന പൂവിന്റെ സുഗന്ധംപോലെയായിരിക്കണമെന്നു ഈ ചെടി നടുമ്പോൾ പറയുകയും ചെയ്‌തിരുന്നു……!

അപ്പോഴൊന്നും ഞാനോർത്തില്ലല്ലോ എന്റെ ഈശ്വരാ…..
ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു……..”

സാരിയുടെ തുമ്പുയർത്തി മുഖം മൂടിക്കൊണ്ട് കുപ്പിച്ചില്ലുകൾ ചിതറുന്നതുപോലെയുള്ള അവളുടെ വിലാപത്തെ തടയുവാൻ പറ്റിയ ആശ്വാസവചനങ്ങളൊന്നും തൻറെ പക്കലില്ലെന്ന് വേവലാതിയോടെ അയാൾ തിരിച്ചറിയുകയായിരുന്നു ……!

അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതയും അവളുടെ അനിയേട്ടനെന്ന നിർഭാഗ്യവാന്റെ കാഴ്ച്ചപ്പാടുകളും വാക്കുകളിൽനിന്നും പതം പറഞ്ഞുകരയുന്നതുപോലുള്ള വിലാപത്തിലൂടെയും അയാൾ ഒരിക്കൽക്കൂടി വ്യക്തമായി വായിച്ചെടുക്കുകയായിരുന്നു.
ആകാശമുല്ലയിൽ വിരിഞ്ഞുനിൽക്കുന്ന പൂവിനും വാടി കൊഴിഞ്ഞുപോയ പൂവിനും ഒരേസുഗന്ധമാണ് …….
അതുകൊണ്ട് …….
കൊഴിഞ്ഞുപോയ പൂക്കൾ പെറുക്കികൂട്ടി ഹൃദയത്തിൽ സൂക്ഷിക്കുമ്പോൾ തന്നെ വിരിയാനുള്ള പൂവിനായി കാത്തിരിക്കുവാൻ നിൻറെ കൂടെ ഞാനുമുണ്ടെന്ന് മന്ത്രിച്ചശേഷമാണ് അയാൾ തുടർന്നു പറഞ്ഞത് .

‘മായമ്മയുടെ അനിയേട്ടൻ നല്ല ദീർഘദൃഷ്ടിയുള്ള മനുഷ്യനായിരുന്നു മായമ്മേ……
അതുകൊണ്ടായിരിക്കും രണ്ടുപേർക്കും ചേർന്നുനടുവാൻ അവർ ആകാശമുല്ലയുടെ ചെടിതന്നെ തെരഞ്ഞെടുത്തത് …..
ആകാശമുല്ലയുടെ പ്രത്യേകതയെന്താണെന്ന് മായമ്മയ്ക്കറിയാമോ…… ”

ചോദിച്ചുകൊണ്ട് അവളുടെ നേരെനോക്കിയപ്പോൾ മുഖത്തുനിന്നും സാരിമാറ്റാതെതന്നെ അറിയില്ലെന്ന രീതിയിൽ അവൾ തലചലിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

“ഇടവേളകൾ കുറഞ്ഞ വസന്തങ്ങളുള്ള ചെടിയാണ് ആകാശമുല്ല …..!
പുതിയ ഇലകൾ തളിർക്കുകയും പൂമൊട്ടുകൾ വിരിഞ്ഞുതീരുകയും ചെയ്തു കഴിഞ്ഞാൽ പഴുത്തുപോയ ഇലകളും വിരിയാതെ ചാപ്പിള്ളയായിപ്പോയ മൊട്ടുകളും അടർത്തി വീഴ്ത്തുവാൻമാത്രം ചെറിയൊരു ഇലപൊഴിയും ശിശിരകാലം……..!
അവസാനത്തെ ഇലയും ഉണങ്ങിയമൊട്ടും അടർന്നു തീരുന്നതിനു മുന്നേ ….
നമ്മുടെയൊക്കെ സ്വപ്നങ്ങൾ പോലെ അടുത്ത വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് പുതിയ തളിരിലകളും മൊട്ടുകളും വിരിയുവാനും തുടങ്ങിയിട്ടുണ്ടാകും……
എനിക്കും മായമ്മയ്ക്കുമൊക്കെ
അതൊരു പാഠമാണ് ……
വസന്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന പാഠം…….!”

അവളോട് പറഞ്ഞശേഷം കണ്ണുകൾ വീണ്ടും ചവിട്ടുപടിയിൽ ഇരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക് തെന്നി പോയപ്പോൾ താൻ നോക്കുന്നത് കണ്ടയുടനെ നിർത്തി വച്ചിരിക്കുന്ന കൊഞ്ഞനം കുത്തൽ അവൾ പുനരാരംഭിക്കുന്നതു കണ്ടപ്പോൾ മ്ലാനമായ അന്തരീക്ഷത്തിലും അയാൾക്ക് ചിരി വരുന്നുണ്ടായിരുന്നു.

തന്റെ സംസാരം കേട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പിറകിലെ സീറ്റിൽ നിന്നും തുണിത്തരങ്ങൾളും ബിരിയാണിയും ചെരിപ്പുമൊക്കെയുള്ള ഷോപ്പിംഗ് ബാഗുകൾ വലിച്ചെടുത്തു മടിയിൽ അടുക്കിപ്പിടിച്ചു തന്റെ അനുമതിക്കുവേണ്ടി കത്തിരിക്കുന്നതുപോലെ എന്തോ ആലോചനയിൽ മുഴുകികൊണ്ടു ഇറങ്ങാൻ തയ്യാറാകുന്നതുപോലെ അവളിരിക്കുന്നത് കണ്ടപ്പോൾ നെഞ്ചിനുള്ളിൽ എന്തോ വേവുന്നതുപോലെയും ശ്വാസം മുട്ടുന്നതുപോലെയുമൊക്കെ അയാൾക്ക് തോന്നുന്നുണ്ടായിരുന്നു…..

ഹൃദയത്തിനു മുകളിൽ എന്തോ ഭാരം കയറ്റിവച്ചതുപോലെ ….
പറഞ്ഞതുപോലെതന്നെ അവൾ പോവുകയാണ്…..
തന്നെ ഉപേക്ഷിച്ചുകൊണ്ടും മറന്നുകൊണ്ടും അവൾക്ക് പോകാൻ സാധിക്കുമോ……! സ്നേഹത്തിൻറെ കാര്യത്തിൽ ഇത്രയും സ്വാർത്ഥതയാണോ മായമ്മ…….!

കണ്ണുകൾ നീറുകയാണെന്ന് തോന്നിയപ്പോൾ ആ കാഴ്ചയിൽ നിന്നും കണ്ണുകൾ തെറ്റിച്ചു വീണ്ടും പെറ്റിക്കോട്ടുകാരിയിലേക്ക് നോക്കിയപ്പോഴാണ് അവളുടെ വീടിന്റെ അവസ്ഥ ഇയാൾ ശരിക്കും ശ്രദ്ധിച്ചത് …….

വിണ്ടുകീറി തുടങ്ങിയ കുമ്മായം അടർന്നു തുടങ്ങിയ ഭിത്തികൾ …….
മേൽക്കൂരയുടെ താഴെഭാഗത്ത് കഴുക്കോലും പട്ടികകൾക്കുമിടയിൽ സർക്കസിലെ ട്രപ്പീസ് കളിക്കാരനെപ്പോലെ ഏതുനിമിഷവും താഴെവീഴുന്ന രീതിയിൽ തൂങ്ങിയാടുന്ന ഓടുകൾ…..!
ഒരുഭാഗത്ത് വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റ്…
.
വീടിൻറെ വരാന്തയിൽ നിറംമങ്ങിയ രണ്ടു ഫൈബർ കസേരകൾ …….!

പക്ഷേ ……
അതിനിടയിലും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ആ പഴയ വീടിന്റെ മുന്നിലെ മാവ് ,പേര, ചാമ്പക്ക,സപ്പോട്ട മരങ്ങൾക്കിടയിൽ റോഡുവരെ അവൾ അതിമനോഹരമായ ഒരു പൂന്തോട്ടം തീർത്തിരിക്കുന്നത് അയാളെ അത്ഭുതപ്പെടുത്തി ……!

കുറ്റിച്ചെടികൾപോലെ വെട്ടിയൊതുക്കി വളർത്തിയിരിക്കുന്ന വിവിധതരം ചെമ്പരത്തികൾ…..
റോസാചെടികൾ…..
കടലാസുപൂക്കൾ……
തെച്ചിയും മന്ദാരവും ചെണ്ടുമല്ലിയും ജമന്തിയും വിവിധയിനം നിത്യകല്ല്യാണിയുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു…….!
മിക്ക ചെടികളിലും വിടർന്നു പരിലസിച്ചു നിൽക്കുന്ന പൂവുകളിൽ നിന്നും
തേൻ നുകരാനെത്തിയ പൂമ്പാറ്റകളും വണ്ടുകളും വീട്ടുവളപ്പിൽ നിറയെയുണ്ടെന്നു അയാൾക്ക്‌ മനസിലായി.

അവളുടെ മനസ്സും ഹൃദയവും പ്രണയവും സ്നേഹവും പോലെ ഹൃദ്യമായ പൂന്തോട്ടം……! അവളെപ്പോലെ തന്നെ മദനമനോഹരിയായ പൂന്തോട്ടം……!
അയാൾ മനസ്സിലോർത്തു.

പക്ഷേ……
ശക്തമായ ഒരു കാറ്റടിച്ചാൽ നിലംപൊത്താൻ സാധ്യതയുള്ള ആ വീടിനുള്ളിലാണല്ലോ അവളും ആ കുഞ്ഞുമോളും അന്തിയുറങ്ങുന്നതെന്നു ആലോചിച്ചപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നുകയും ഒപ്പം എലികളും നരിച്ചീറുകളും പഴുതാരകളും ഉറുമ്പുകളും ചിതലുകളും മാടപ്രാവുകളുമൊക്കെ സ്ഥിരതാമസമാക്കിയ പഴമകൾ പുതുമകളാക്കിക്കൊണ്ടു ലക്ഷങ്ങൾ ചിലവഴിച്ചു അച്ഛൻ പുതുക്കിപണിതിരിക്കുന്ന ആൾത്താമസമില്ലാത്ത തന്റെ വീടിന്റെ കാര്യം ഓർമ്മയിൽ തെളിയുകയും ചെയ്തു.

അവളും അപ്പോൾ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടിയുള്ള ആലോചനയിലായിരുന്നു…. “കൊടുംവേനലിനിടയിൽ നിനച്ചിരിക്കാതെ കുളിരുമായെത്തിയ വേനൽമഴ അവസാനിക്കുകയാണ് …….
രണ്ടുദിവസം കൊണ്ടു മനസ്സിനുള്ളിൽ പടുമുളപോലെ തളിരിട്ടുതുടങ്ങിയ അതിമോഹസ്വപ്നത്തിന്റെ നാമ്പുകളോക്കെ കരിയിച്ചു കളയുവാനുള്ളതാണ് തന്റെ ജീവിതത്തിൽ ഇനിയങ്ങോട്ടുള്ള ഉഷ്ണകാലം……
എത്രപെട്ടെന്നാണ് ദിവസങ്ങൾ കൊഴിഞ്ഞു പോയത്…….
രണ്ടു ദിവസങ്ങൾക്ക് രണ്ടു നിമിഷങ്ങളുടെ ആയുസുപോലും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു……!
അനിലേട്ടനോട് യാത്രപറഞ്ഞുകൊണ്ടു സ്വയം വണ്ടിയിൽ നിന്നും ഇറങ്ങുവാൻ വയ്യ…..!
അല്ലെങ്കിൽ ഇറങ്ങിക്കോളൂയെന്നു അയാൾ പറഞ്ഞിരുന്നെങ്കിൽ ഇറങ്ങാമായിരുന്നു……!
പക്ഷേ…..
ഇറങ്ങരുത് എന്റെ കൂടെ വരണമെന്നാണ് അയാൾ പറയുന്നതെങ്കിൽ താനെന്ത് ചെയ്യും…..
ആ വാക്കുകളെ ധിക്കാരിക്കുവാൻ തനിക്ക് സാധിക്കുമോ….?
അതോർത്തപ്പോൾ അവളുടെ കണ്ണുകളും മനസും വീണ്ടും വടക്കേതൊടിയിലെ ആകാശമുല്ലയിലേക്കു നീണ്ടുപോയി..!

വേണ്ട……
അതൊന്നും വേണ്ട…..
അയാൾ തന്റെ കൂടെ വീട്ടിലേക്കൊന്നു വന്നാൽ മതിയായിരുന്നു……
അയാളുടെ പിറകെ ഈ സഞ്ചിയുമായി വീട്ടിലേക്ക് കയറണം…….
മോൾക്കുവേണ്ടി വാങ്ങിയ സമ്മാനങ്ങൾ അയാളുടെ കൈകൾകൊണ്ടുതന്നെ അയാൾ കൊടുത്തെങ്കിൽ…..
അമ്മേയെന്നു വിളിച്ചുകൊണ്ടു അമ്മയ്ക്കുവാങ്ങിയ സാരികൾ അയാൾതന്നെ അമ്മയ്ക്കുനേരെ നീട്ടിയെങ്കിൽ…….
‘അമ്മ ഒരുപക്ഷേ കരയുമായിരിക്കും……
മനസ്സിനുള്ളിൽ അവൾ ആശിച്ചുപോയി…..!

അഴുക്കുപുരണ്ടു ഇടിഞ്ഞുവീഴാറായി അലങ്കോലമായി കിടക്കുന്ന തന്റെ വീട്ടിലേക്ക് അനിലേട്ടൻ വരുമോ……
ഒപ്പം ആശങ്കയും തോന്നി.

ഇരമ്പുന്ന മനസുമായി അങ്ങനെയൊക്കെ അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടു അയാളെ നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി അയാളുടെ ചോദ്യം.

” ഈ വീട്ടിലാണോ കുഞ്ഞിനെയുംകൊണ്ട് താമസിക്കുന്നത്……”

മനസ്സിനുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവതത്തിന്റെ കാര്യം അയാൾ അറിയാതിരിക്കുവാൻ പരമാവധി ശ്രമിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്.

“അനിലേട്ടൻ എന്റെ വീട്ടിലേക്കു വരില്ലല്ലോ അല്ലെ…….
ഇതാണ് എന്റെ വീട്…….
മുറ്റത്തിരുന്നു കളിക്കുന്നതാണ് എന്റെ മോൾ…….
കണ്ടില്ലേ ചുറ്റുമുള്ള വീടുകൾക്കെല്ലാം മതിലുകളുണ്ട്……..
അതുകൊണ്ട് എന്റെ മോൾ പുറത്തെവിടെയും പോയി കളിക്കുകയില്ല…….
വീടിന്റെ ഇറയവും മുറ്റവും ആകാശമുല്ല ചെടിയുടെ ചുവട്ടിലായി ഒതുങ്ങുന്നതാണ് അവളുടെ ലോകം…….
പിന്നെ ആകെ പേടിക്കാനുള്ളത് റോഡിൽ ഇറങ്ങി കളിക്കുന്ന കാര്യമാണ്……..”

അഥവാ വരികയാണെങ്കിൽ ഇരിക്കുന്നതിനുവേണ്ടി കൊടുക്കുവാൻ നല്ലൊരു കസേരപോലുമില്ലെന്നു നിരാശയോടെ ഓർത്തുകൊണ്ടാണ് അവൾ ചോദിച്ചത്.

കരയുന്ന മനസിനുമുകളിൽ ചിരിയുടെ മൂടുപടം ഒട്ടിച്ചുകൊണ്ടു അയാളെ നോക്കി പറയുമ്പോൾ തന്റെ ശബ്ദം ഇടറിയതും നോട്ടം പതറിയതും അവൾ അറിയുന്നുണ്ടായിരുന്നില്ല…

അവൾ പറയുന്നതു കേട്ടപ്പോൾ തന്നെ അവൾ തന്നോടു യാത്രാനുമതി തേടുകയാണെന്നു അയാൾക്ക് മനസ്സിലായിരുന്നു..

അവളുടെ കാതരമായ നോട്ടത്തെ നേരിടാനും അവളോട് യാത്രപറയുവാനും സാധിക്കാതെ പുറത്തേക്കു നോക്കിയപ്പോൾ കണ്ണുകൾ വീണ്ടും വീടിന്റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്ന പെറ്റിക്കോട്ടുകാരിയിൽ തന്നെ തടഞ്ഞുനിന്നപ്പോൾ കാറിന്റെ ചില്ലുതാഴ്ത്തിക്കൊണ്ട് കൈമാടി അവളെ വിളിച്ചുനോക്കി …..

വിളിക്കുന്നതു കണ്ടതും അവൾ പതുക്കെ എഴുന്നേറ്റു വരാന്തയിലേക്ക് വലിയുകയും വരാന്തയിലെ അരക്കുഭിത്തിക്കു താഴെയിരുന്നുകൊണ്ടു തല പുറത്തേക്കു നീട്ടി കൊഞ്ഞനം കുത്തുകയും മുഖം കൊണ്ടു കോക്രികൾ കാണിക്കുക ചെയ്തുകൊണ്ടേയിരുന്നു ……!

“മായമ്മ പോവുകയാണല്ലോ അല്ലെ…..
ഞാൻ പോകരുതെന്ന് പറഞ്ഞാൽ പോകാതിരിക്കുകയുമില്ല അല്ലെ……”

താൻ പ്രതികരിക്കുന്നില്ലെന്നു ബോധ്യമായപ്പോൾ കുറച്ചുനേരം കഴിഞ്ഞതും കുഞ്ഞുമായമ്മ പരിചിതമായ ഭാവത്തിൽ ചിരിക്കാൻ തുടങ്ങിയെങ്കിലും അവളെ നോക്കുന്ന നിമിഷം നാണംകുന്നുങ്ങിക്കൊണ്ടു തല അര ഭിത്തിയുടെ മറവിലേക്കു വലിക്കുന്നതും നോക്കി ആസ്വദിക്കുന്നതിനിടയിൽ സ്വന്തം ശബ്ദം ഇടറിപ്പോകാതിരിക്കുവാൻ പാടുപെട്ടുകൊണ്ടാണ് ചോദ്യവും ഉത്തരവും അയാൾ തന്നെ പറഞ്ഞത് ..

മായമ്മ ഒരിക്കലും പോകരുതെന്നും മരണം വരെ എൻറെ കൂടെ തന്നെ വേണമെന്നും എനിക്കു ആഗ്രഹമുണ്ടായിരുന്നു ……
പോകില്ലെന്നും എൻറെ കൂടെ തന്നെ ഉണ്ടാകുമെന്നും കരുതുകയും ചെയ്തിരുന്നു….. !
എന്തുചെയ്യാനാണ് നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ അല്ലെ മായമ്മേ…….
ആകാശത്തിന് കീഴെയുള്ള എന്തിനെയും മോഹിക്കാം…..
പക്ഷേ അതൊക്കെ സ്വന്തമാകണമെന്ന് വാശിപിടിക്കുന്നത് വിഡ്ഢിത്തമാണ് അല്ലെ…..

മായമ്മ പറയുന്നതുപോലെ സ്നേഹവും പ്രണയവും ഹൃദയവുമൊന്നും ആർക്കും വിലകൊടുത്തു വാങ്ങുവാനോ വാശിയോടെ പിടിച്ചെടുക്കുവാൻ സാധിക്കില്ലല്ലോ …….
അറിഞ്ഞു കിട്ടുമ്പോൾ മാത്രമേ അതിനൊരു സുഖമുണ്ടാകൂ…….
എനിക്കു മായമ്മയോട് ഇഷ്ടം തോന്നുവാൻ നൂറു കാരണങ്ങളുണ്ടെങ്കിൽ അതേ പോലെ എന്നെ അകറ്റിനിർത്താൻ മായമ്മയ്ക്കും മായമ്മയുടേതായ ആയിരം കാരണങ്ങളുണ്ടാവുമായിരിക്കും അല്ലേ….. ഇവിടെയെത്തി ആ ആകാശമുല്ലയുടെ ചെടി കണ്ടപ്പോൾ എനിക്കും മായമ്മയെ മനസ്സിലായി തുടങ്ങി……
മായമ്മയെ മാത്രമല്ല മായമ്മയുടെ അനിയേട്ടനേയും മനസ്സിലായി ……
പ്രണയം പലതരത്തിലുണ്ട് ……
അതിൽ പ്രണയിക്കാൻ അറിയുന്നവർ തമ്മിലുള്ള പ്രണയം ഒരു അനുഭൂതി തന്നെയായിരിക്കും ……
അങ്ങനെ പ്രണയിക്കാൻ അറിയുന്നവരുടെ കൂടെ ജീവിക്കാൻ സാധിക്കുന്നതുതന്നെ ഒരു വലിയൊരു ഭാഗ്യമാണ് …….
ഒരുവിധത്തിൽ പറഞ്ഞാൽ അമ്മയുടെ അനിയേട്ടൻ വലിയൊരു ഭാഗ്യവാനാണ്…..
ഒട്ടും വാടിപ്പോകാതെ ഇപ്പോഴും ആകാശമുല്ല പോലെ പൂത്തുതളിർത്ത് നിൽക്കുന്ന മായമ്മയുടെ പ്രണയം ആറടിമണ്ണിനടിയിൽ കിടക്കുമ്പോഴും അനിയേട്ടൻ കാണുന്നുണ്ടാവും മരിച്ചിട്ടും മണ്ണടിയാത്ത പ്രണയം…… !
ആകാശമുല്ലപോലെ വാടിപ്പോയാലും സുഗന്ധം വിട്ടുപോകാത്ത പ്രണയം ……
അധികം ആൾക്കാർക്കൊന്നും അതിനുള്ള ഭാഗ്യം ഉണ്ടാകില്ല മായമ്മേ…….!”

അവളുടെ സഹവാസത്താൽ മനസ്സിൽ കരഞ്ഞുകൊണ്ട് പുറമേ ചിരിക്കുവാൻ താനും പഠിച്ചല്ലോയെന്ന് മനസ്സിലോർത്തുകൊണ്ടാണ് നനുത്തൊരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തിയപ്പോൾ അവൾ മുഖത്തേക്കു തന്നെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല

ഇമകൾ ചിമ്മാതെ കണ്ണിൽ കണ്ണിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണിലെ കാന്തികശക്തി പിന്നെയും പിന്നെയും തന്നെ ദുർബലമാക്കുകയും അവളിലേക്ക് വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുകയാണെന്നും തോന്നിയപ്പോൾ അയാൾ തന്നെയാണ് ആദ്യം മിഴികൾ പിൻവലിച്ചത് ……!

“പിന്നെ മായമ്മയുടെ ബാങ്കിലെ ബാധ്യതകളൊക്കെ പുതിയ മുതലാളി അടച്ചുതീർത്തിട്ടുണ്ട് കെട്ടോ……
തിരിച്ചു കൊടുക്കുകയും വേണ്ട …….
അവിടെത്തന്നെ ജോലിയിൽ ഉറച്ചു നിന്നാൽ മതി കേട്ടോ …….
നാളെ രാവിലെ അമ്മയെയും കൂട്ടി ബാങ്കിൽ പോയി ആധാരം തിരിച്ചുവാങ്ങിക്കോളൂ…… കഴുത്തിലുള്ള ഈ കുഞ്ഞു മലയൊന്നും ഇനി വിൽക്കാൻ നടക്കരുത് കേട്ടോ……
മായമ്മയെന്നു കേൾക്കുമ്പോൾ ഈ കുഞ്ഞു മാലയുടെ തിളക്കവും……
ചുവന്ന കുപ്പിവളകളുടെ കിലുക്കവും ……
കോട്ടൺ സാരിയും…….
വെള്ളി പാദസരവും ……
നീണ്ട മുടിയും …..
മൊട്ടു കമ്മലും ……
ഉണ്ടക്കണ്ണുകളുമൊക്കെയാണു എൻറെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അതങ്ങനെ തന്നെ കിടക്കട്ടെ ……….”

പോക്കറ്റിൽനിന്നും ബാങ്കിൽ പണമടച്ച റസീറ്റെടുത്ത് അവളുടെ നേരെ നീട്ടിക്കൊണ്ടു പറയുന്നതിനിടയിൽ തന്റെ തൊണ്ടയിലേക്ക് എന്തോ കയറിവന്നു തടസ്സം സൃഷ്ടിക്കുന്നതു പോലെ തോന്നിയപ്പോൾ അയാൾ നിർത്തി .

“ആ മുതലാളി തന്നെയല്ലേ അനിലേട്ടാ എന്റെ അടുത്തിരിക്കുന്നത് അല്ലെ ……
അതും നിങ്ങൾ അടച്ചുതീർത്തല്ലേ അനിലേട്ടാ….. എന്തിനാണ് ……
എന്തിനാണ് എന്നെയിങ്ങനെ ……..”

അയാളുടെ കണ്ണുകളിലേക്കും നീട്ടിപ്പിടിച്ച റസീറ്റുകളിലേക്കും ഒരുനിമിഷം മാറിമാറി നോക്കിയശേഷം അയാളുടെ കൈവണ്ണയിൽ പിടിച്ചുലച്ചുകൊണ്ട് ശ്വാസം വിലങ്ങിയതുപോലെ കരഞ്ഞുകൊണ്ടാണ് അവൾ ചോദിച്ചത്.

” സാരമില്ല മായമ്മേ……
ഞാൻ ഒരു മാസം ധൂർത്തടിക്കുന്ന പണം നല്ലൊരു കാര്യത്തിനുവേണ്ടി ചെലവാക്കിയെന്നേ ഞാൻ കരുതുന്നുള്ളൂ ……
പ്ലീസ് കരയല്ലെ ……
മായമ്മ കരഞ്ഞാൽ ഞാനും കരഞ്ഞു പോകും…. നോക്കിയേ അനിമോൾ നേരത്തെതന്നെ വണ്ടിയിലേക്ക് നോക്കി നിൽക്കുന്നുണ്ട് …..
മായമ്മ വണ്ടിയിലുണ്ടെന്ന് അവൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു ……”

അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് വിഷയം മാറ്റുവാൻ ശ്രമിച്ചെങ്കിലും സാരികൊണ്ട് മുഖംമൂടിക്കൊണ്ട് അവൾ പിന്നെയും വിതുമ്പി കരഞ്ഞുകൊണ്ടേയിരുന്നു …..!

“മായമ്മേ പ്ലീസ് ……
ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട് …….’

ബൈക്കിൽ കടന്നുപോയ രണ്ടു ചെറുപ്പക്കാർ എന്തോ സംശയം തോന്നിയതുകൊണ്ടാവണം വീണ്ടും ചുറ്റിയടിച്ചു നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ അവളെ ഓർമ്മിപ്പിച്ചശേഷം കണ്ണുകൾ വീണ്ടും വീടിന്റെ ചവിട്ടുപടിയിലിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്കു തിരിഞ്ഞപ്പോൾ
അവൾ താണും ചരിഞ്ഞും വണ്ടിയിലേക്ക് നോക്കി പുഴുക്കൾ കാണിച്ചു ചിരിച്ചുകൊണ്ടു ടാറ്റാ പറയുന്നതും ……
തിരിച്ചു പ്രതികരിക്കുന്നില്ലെന്നു മനസിലായപ്പോൾ പ്രതിഷേധത്തോടെ വീണ്ടും കൊഞ്ഞനം കുത്തൽ തുടങ്ങുന്നതും കണ്ടതോടെ അയാൾക്ക് വീണ്ടും ചിരിവന്നുപോയി.

” മായമ്മേ….. നോക്കൂ ……
ഞാനും അനുമോളും നല്ല കൂട്ടായി കേട്ടോ…. സംശയമില്ല ……
അവൾ മായമ്മയുടെ മോൾ തന്നെയാണ് …..!ഞാൻ ആദ്യം അവളോട് ചിരിച്ചപ്പോൾ അവളെന്നെ കൊഞ്ഞനം കൊഞ്ഞനം കുത്തുകയാണ് ചെയ്തത്……!
പക്ഷേ…..ഇപ്പോൾ അവളെന്നോട് ചിരിച്ചപ്പോൾ ഞാൻ തിരിച്ചു ചിരിക്കാത്തതുകൊണ്ടാകണം ഇപ്പോൾ എന്നെനോക്കി വീണ്ടും കൊഞ്ഞനം കുത്തുന്നു ……
ഞാൻ വീണ്ടും ചിരിച്ചാൽ അവൾ കൊഞ്ഞനംകുത്തി തുടങ്ങുമല്ലോയെന്നു കരുതിക്കൊണ്ടു അവളെ നോക്കണ്ട ചിരിക്കേണ്ട എന്നൊക്കെ കരുതിയാൽ അവൾ അവിടെ നിന്നും എത്തിയെത്തിനോക്കിക്കൊണ്ട് എന്നെ പ്രലോഭിപ്പിക്കും……!”

തന്നെ തോണ്ടി വിളിച്ചുകൊണ്ട് പൊട്ടിച്ചിരിയോടെപറയുമ്പോൾ അയാളുടെ വാക്കുകളിൽ നിറയെ മോളോടുള്ള ഇഷ്ടവും വാത്സല്യവുണെന്നു തിരിച്ചറിഞ്ഞെങ്കിലും വാക്കുകൾക്കിടയിൽ വേറെയും സൂചനകളുണ്ടെന്നു മനസിലായപ്പോൾ സാരിയുടെ തുമ്പുയർത്തി കണ്ണുകൾ തുടച്ചശേഷം അയാളുടെ മുഖത്തിനുനേരെ തല ഉയർത്തിയെങ്കിലും കണ്ണുകൾ തമ്മിൽ കൊരുത്ത നിമിഷം പിടിച്ചലോടെ മിഴികൾ താഴ്ത്തി.

സൂക്ഷിച്ചുവച്ചോളു മായമ്മേ…..”

അല്പനിമിഷങ്ങൾക്ക് ശേഷം ലാപ്ടോപ്പിന്റെ ബാഗിൽനിന്നും ബാങ്കിൻറെ പേര് പ്രിൻറ് ചെയ്തിരുന്ന ഒരു കവർ പുറത്തെടുത്തു തൻറെ നേരെ നീട്ടിക്കൊണ്ട് അയാൾ പറയുന്നത് കേട്ടപ്പോൾ ഇതെന്താണെന്ന് ഭാവത്തിൽ മുഖത്തേക്ക് മിഴിച്ചുനോക്കികൊണ്ടാണ് അവൾ കവർ വാങ്ങിയത്.

” അതു മറ്റൊന്നുമല്ല ……
അനിമോളുടെ പേരിൽ ഞാൻ ഒരു ചെറിയൊരു തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്….. അതിനുവേണ്ടിയാണ് ഇന്നലെ മായമ്മയോട് അനുമോളുടെ ജനനത്തീയതിയും മറ്റും ചോദിച്ചു മനസിലാക്കിയത്…….
ഇന്നത്തെ കാലത്തെ സംബന്ധിച്ചു അതൊരു ചെറിയ തുകയാണെങ്കിലും അനുമോൾ വളർന്നു പതിനെട്ട് വയസുപൂർത്തിയാകുമ്പോഴേക്കും ഇതൊരു വലിയ തുകയാകും കേട്ടോ ……
മോളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ……
വിവാഹത്തിനോ മായമ്മയ്ക്ക് ആ തുക ഉപയോഗിക്കുവാൻ പറ്റും…….”

അമ്പരപ്പോടെ തൻറെ കണ്ണുകളിലേക്കു മിഴിച്ചുനോക്കി കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകൾ ക്രമേണ ചുവക്കുന്നതും നിറയുന്നതും കാണെക്കാണെ ചുണ്ടുകളും കവിൾത്തടങ്ങളും വിറയ്ക്കുന്നതും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ കാണുന്നുണ്ടായിരുന്നു……!

“ഞാനൊരു ചീത്ത പെണ്ണല്ലേ അനിലേട്ടാ…….
പിന്നെയും എന്തിനാണ് എന്നെയിങ്ങനെ……’

ചോദിച്ചുകൊണ്ട് സാരിയുടെ തുമ്പുയർത്തി മുഖംമൂടി അവൾ ഉറക്കെപൊട്ടിക്കരഞ്ഞതും പക്ഷേ അയാൾ പോലും പ്രതീക്ഷിക്കാതെ നിമിഷത്തിലായിരുന്നു.

‘ മായേ…..
മായമ്മേ……”

പകപ്പോടെ അവളുടെ ചുമലിൽ തട്ടിക്കൊണ്ടു വിളിക്കുമ്പോൾ അയാളുടെ ശബ്ദവും ഇടറിയിരുന്നു .

അവൾ മുഖം ഉയർത്തുകയോ കരച്ചിൽ നിർത്തുകയോ ചെയ്യാതിരുന്നപ്പോൾ വേവലാതിയോടെ അയാൾ ചുറ്റും നോക്കി…..

പൊതുവഴിയാണ് ……
അവളുടെ വീടിന്റെ തൊട്ടുമുന്നിലാണ്….. ചുറ്റുപാടും അവളുടെ അയൽക്കാരും നാട്ടുകാരുമാണ് …….
അവർ ആരെങ്കിലും കാണുകയാണെങ്കിൽ…..!

അതോർത്തപ്പോൾ അയാൾക്ക് വല്ലാതെ ആശങ്ക തോന്നി .

അവളുടെ വീട്ടിലേക്ക് നോക്കിയപ്പോൾ ആറാമിന്ദ്രിയത്തിന്റെ സൂചന കിട്ടിയതുപോലെ പെറ്റിക്കോട്ടുകാരി വീണ്ടും മുറ്റത്തിറങ്ങി സംശയത്തോടെ കാറിലേക്കു നോക്കുന്നതും പിന്നെ അകത്തേക്ക് തിരിഞ്ഞോടുന്നതും കണ്ടപ്പോൾ വേവലാതിയോടെ കാർ കുറച്ചുകൂടെ മുന്നിലേക്ക് മാറ്റിയിട്ട് ശേഷം വീണ്ടും അവളെ വിളിച്ചുനോക്കിയെങ്കിലും ഹൃദയം പൊട്ടിക്കരയുന്നതു പോലെയുള്ള അവളുടെ കരച്ചിലിന്റെ ശക്തിയും ശബ്ദവും കൂടിയതല്ലാതെ കുറയുന്നില്ലെന്നു മനസ്സിലായപ്പോൾ അയാളുടെ കണ്ണുകളും തുളുമ്പി തുടങ്ങി …..

“ഞാനൊരു ചീത്ത പെണ്ണല്ലേ അനിലേട്ടാ….. അതുകൊണ്ടല്ലേ ഞാൻ അനിലേട്ടന്റെ കൂടെ വരാത്തതു പോലും…..
പിന്നെയും പിന്നെയും എന്തിനാണിങ്ങനെ എന്നെ സ്നേഹിച്ചു കൊല്ലുന്നത് ……”

കരച്ചിലിനിടയിൽ ബാധകയറിയതുപോലെ ഇടയ്ക്കിടെ അവൾ പുലമ്പികൊണ്ടേയിരുന്നു…..!

” മായമ്മയൊരു ചീത്ത പെണ്ണല്ല ……
മാലാഖയാണ് മാലാഖ.
സ്നേഹിക്കാൻ മാത്രമറിയാവുന്ന ……
എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കുന്ന പൊട്ടി പെണ്ണ് ……
മായമ്മ ഇനിയും ആരുടെയും ചതിയിൽ പെടാതിരിക്കാനും…..
മായമ്മയെ ഇനിയും ആരും കെണിയിൽ പെടുത്താതിരിക്കാനും വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് …….
എൻറെ കൂടെ വന്നില്ലെങ്കിലും സാരമില്ല …..
ഇനി എപ്പോഴെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ നിർത്തിയിടത്തുനിന്നും വീണ്ടും തുടങ്ങണമെന്ന് മായമ്മയ്ക്ക് തോന്നുകയാണെങ്കിൽ നിമിഷം ആത്‍മഹത്യചെയ്തേക്കണം ……

അങ്ങനെ കേൾക്കുന്നതിനേക്കാൾ മായമ്മ മരിച്ചെന്നു കേൾക്കാനാണ് എനിക്കിഷ്ടം……
അല്ലെങ്കിൽ ഞാൻ തന്നെ……..!!!!

അവളുടെ സങ്കടം കണ്ടു സഹിക്കുവാൻ പറ്റാതായപ്പോൾ റോഡാണെന്നും പൊതുവഴിയാണെന്നും അവളുടെ നാടാണെന്നും വീടിൻറെ തൊട്ടുമുന്നിലാണെന്നുമൊക്കെയുള്ള കാര്യങ്ങൾ സൗകര്യപൂർവ്വം മറന്നുകൊണ്ട് ചുമലിലൂടെ കയ്യിട്ടു അവളുടെ മുഖം തന്റെ ചുമലിനോട് ചേർത്തുനിർത്തിയാണ് പറഞ്ഞതെങ്കിലും സങ്കടം തൊണ്ടയിൽ തടഞ്ഞ കാരണമുള്ള വികാരവിക്ഷേപംകൊണ്ടു പൂർത്തിയാക്കാൻ സാധിച്ചില്ല .

അയാളുടെ അവസാന വാചകങ്ങൾ കേട്ടതും ചുമലിൽ നെറ്റിചായ്ച്ചു കരഞ്ഞുകൊണ്ടിരുന്ന അവൾ ഞെട്ടലോടെ തലയുയർത്തി താടിയിൽ പിടിച്ചുതിരിച്ചുകൊണ്ടു ഒരു നിമിഷം അയാളുടെ കണ്ണുകളിലേക്കുതന്നെ ആദ്യമായി കാണുന്നതുപോലെ അവിശ്വാസനീയതയോടെ സൂക്ഷിച്ചുനോക്കി……!
പിന്നെ …..
രതിമൂർച്ചയെ ഓർമിപ്പിക്കുന്ന തരത്തിൽ എന്തൊക്കെയോ അവ്യക്ത ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ചുമലിൽ ചേർത്തുപിടിച്ചിരിക്കുന്ന അയാളുടെ ഇടതുകൈ തട്ടിമാറ്റിയശേഷം തൊട്ടടുത്ത നിമിഷം അയാളുടെ വലതുകൈ പിടിച്ചെടുത്തുകൊണ്ട് കൈത്തണ്ടയിൽ ആഞ്ഞുകടിച്ചതും ഒരുമിച്ചായിരുന്നു..

അവളുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ അമ്പരന്നുകൊണ്ടു ഇരിക്കുകയായിരുന്ന അയാൾക്ക് തടയുവാൻ സാധിക്കുന്നതിനുമുന്നേ കൈതണ്ടയിൽ അവളുടെ പല്ലുകൾ അമർന്നുതുടങ്ങിയിരുന്നു …….!
പിടിച്ചുമാറ്റുവാനുള്ള ശ്രമത്തിനിടയിൽ തന്റെ കൈത്തണ്ടയിൽ ചൂടുകണ്ണീരിന്റെ നനവുപടരുന്നതറിഞ്ഞപ്പോൾ തന്റെ ഹൃദയത്തിലേക്ക് അവളോടുള്ള പ്രണയവും സ്നേഹവും ഇഷ്ട്ടവും സഹതാപവും ഒരിക്കൽ കൂടി ആർത്തിരമ്പിയെത്തുന്നതും ഹൃദയം ആർദ്രതയാൽ വിങ്ങിപ്പൊട്ടിത്തുടങ്ങുന്നത് അരിഞ്ഞതും പ്രണയത്തിന്റെ നൊമ്പരം സഹിക്കുന്നതുപോലെ കണ്ണടച്ചു പിടിച്ചു വേദന സഹിച്ചുകൊണ്ടാണ് കടിച്ചുപിടിച്ചിരിക്കുന്ന തന്റെ വലതുകൈയ്യടക്കം ഇടതുകൈകൊണ്ടു അവളുടെ മുഖം തന്റെ നെഞ്ചോടുചേർത്തു പിടിച്ചു തുരുതുരെ മൂർദ്ധവിൽ ചുണ്ടമർത്തിക്കൊണ്ടിരുന്നത്.

പതിയെപ്പതിയെ തന്റെ കൈത്തണ്ടയിൽ അമർന്നിരിക്കുന്ന അവളുടെ പല്ലുകൾ അയയുന്നതും ശ്വാസഗതിയുടെ വേഗം കൂടുന്നതും മാറിടം ക്രമാതീതമായി ഉയർന്നതാഴുന്നതും കരച്ചിലിന്റെ ചൂടുനിശ്വാസം നെഞ്ചിൽ തട്ടുന്നതും അറിഞ്ഞപ്പോൾ ഊർന്നുപോകുന്നത് വാരിപ്പിടിക്കുന്നതുപോലെ ഒന്നുകൂടി അവളെ നെഞ്ചിലേക്കു അമർത്തിയപ്പോൾ അയാളുടെ ചൂടുകണ്ണീരും അവളുടെ മൂർദ്ധാവിലൂടെ ചാലിട്ടൊഴുകി നെറ്റിയിൽ പതിച്ചുതുടങ്ങിയിരുന്നു.

“ഞാൻ പോകട്ടെ അനിലേട്ടാ…….”

അയാളുടെ ചൂടുള്ളകണ്ണീരിന്റെ നനവ്‌ തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ തന്നെ വരിഞ്ഞുപിടിച്ചിരിക്കുന്ന ഇടതുകൈ അടർത്തിമാറ്റിയശേഷം ഞെട്ടിപ്പിടഞ്ഞു അകന്നുമാറുന്നതിനിടയിൽ പറയുമ്പോൾ അവളുടെ ശബ്ദം മൂക്കടപ്പുള്ളതുപോലെ അടഞ്ഞിരുന്നതായി അയാൾ തോന്നി.

” മായമ്മയെ എന്റെ ജീവിതത്തിന്റെയും വീടിന്റെയും മാനേജരാക്കാനാണ് എനിക്കിപ്പോഴും ഇഷ്ട്ടം…….
മായമ്മയ്ക്ക് താൽപ്പര്യമില്ലെങ്കിൽമാത്രം വിസ്മയാ സാരീസിന്റെ ഫ്ലോർ മാനേജരാകാം..
എന്റെ കൂട്ടുകാരനായ അവിടെയുള്ള മാനേജരുടെ തൊട്ടുതാഴെയാകും മായമ്മയുടെ സ്ഥാനം…….
ഈ പേപ്പറുമായി പോയാൽ എപ്പോൾ വേണമെങ്കിലും മായമ്മയ്ക്ക് വിസ്മയയിൽ ജോലിക്കു കയറാം……
വിസ്മയങ്ങളുടെ രാജകുമാരിക്ക് വിസ്മയസാരീസിലേക്ക് എപ്പോഴും സ്വാഗതം……”

ചങ്കുപൊടിയുന്ന സങ്കടം മനസിൽ അടക്കിനിർത്തിയാണ് നാടകീയമായി പറഞ്ഞുകൊണ്ടാണ്‌ ഷോപ്പിങ് ബാഗുകളുമായി കാറിൽനിന്നും ഇറങ്ങുവാനൊരുങ്ങുന്ന അവൾക്കു നേരെ വിസ്മയയിൽ ഫ്ലോർ മാനേജരായി നിയമിച്ചുകൊണ്ടുള്ള ലെറ്റർ നീട്ടിയത്.

ഒരു നിമിഷം സംശയിച്ചു നിന്നശേഷം കണ്ണുകൾ തുടച്ചുകൊണ്ടു താൻ നീട്ടിയപേപ്പർ വാങ്ങുമ്പോൾ അവളുടെ കണ്ണുകളിൽ കാരണം അറിയാത്തൊരു കടലിരമ്പം നടക്കുന്നത് അയാൾ കാണുന്നുണ്ടായിരുന്നു……!

എന്തുചെയ്യണമെന്നൊരു പിടിയുമില്ലാതെ കാറിന്റെ വാതിൽതുറന്നശേഷം ആകാശമുല്ലയിലേക്കു നോക്കിക്കൊണ്ടു പുറത്തിറങ്ങുവാനായി ഇടതുകാൽ തറയിൽ കുത്തിയ നിമിഷമാണ് പിറകിൽ നിന്നും വീണ്ടും അയാളുടെ ശബ്ദം കേട്ടത്……!

“മായമ്മേ…….
മായമ്മ എന്റെ കൂടെ വരും എന്നെനിക്കുറപ്പുണ്ടായിരുന്നു…….
കാരണം പണത്തിന്റെ ഹുങ്കുകൊണ്ടു ഞാൻ ആഗ്രഹിച്ചതൊക്കെ ഇതുവരെ നടത്തിയുരുന്നു……
മായമ്മയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുമെന്ന് ഞാൻ വെറുതെ വ്യാമോഹിച്ചു ….
പക്‌ഷേ……
മായമ്മ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ മായമ്മേ……..!
മായമ്മയുടെ കഴുത്തിൽ കെട്ടുവനായി എന്റെ കൂട്ടുകാരനെ ഏൽപ്പിച്ചു വാങ്ങിയ മായമ്മയ്ക്ക് ചേർന്ന കുഞ്ഞുതാലിമാലയാണിത് ……..
അതുകൊണ്ടാണ് ഞാൻ രേഷ്മയുടെ കാര്യത്തിൽ ആന്റിയോട് രണ്ടുമണിവരെയുള്ള സമയം പറഞ്ഞിരുന്നതും……
എന്നെയും നിന്നെയും മോളേയും മോളേയും പ്രതീക്ഷിച്ചുകൊണ്ട് എന്റെ അങ്കിളും കൂട്ടുകാരുമടക്കം എല്ലാ തയ്യാറെടുപ്പുകളോടെയും ഇപ്പോഴും മായമ്മയുടെ നാട്ടിൽ തന്നെയുള്ള അർദ്ധനാരീശ്വര ക്ഷേത്രത്തിൽ കാത്തിരിക്കുന്നുണ്ട് അവരോടു ഞാനെന്തു സമാധാനം പറയണം മായമ്മേ…….!”

ഏകദേശം ഒനര പാവനോളം വരുന്ന താലിമാല തന്റെ നേരേ നീട്ടിപ്പിടിച്ചുകൊണ്ടു ആത്മനിന്ദയോടെയുള്ള അയാളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ വടക്കേതൊടിയിൽ പൂത്തുനിൽക്കുന്ന ആകാശമുല്ലയിലേക്കും അയാളുടെ മുഖത്തേക്കും ഒരു നിമിഷം അവളുടെ കണ്ണുകൾ ഉഴറിനടന്നു തുടങ്ങി…..

അതിനുശേഷം വിസ്മയ സാരീസിലേക്കുള്ള അപോയ്‌മെന്റ് ലെറ്റർ അയാളെ തിരികെ എൽപിച്ച ശേഷം അവൾ പതിയെ പുറത്തിറങ്ങി.

“എന്നെ വേണ്ടെങ്കിൽ വേണ്ട…….
പക്‌ഷേ……
ജോലിയും വേണ്ടെന്നുവച്ചോ…….’

അന്തലോടെ അയാൾ ചോദിക്കുമ്പോഴേക്കും കാറിന്റെ വാതിൽ അവൾ വലിച്ചടച്ചു കഴിഞ്ഞിരുന്നു...........




തുടരും...... ♥️



മായാമൊഴി 💖 49

മായാമൊഴി 💖 49

4.7
12403

തൻറെ ചോദ്യത്തിനു മറുപടിപോലും പറയാതെ അവഗണിച്ചുകൊണ്ടു അവൾ കാറിൽനിന്നിറങ്ങി വാതിൽ വലിച്ചെടുക്കുന്നതു് കണ്ടപ്പോൾ തൻറെ കരൾ രണ്ടായി പിളർന്നുകൊണ്ടു അകന്നുമാറിപോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത് . തൻറെ കൂടെ വരുന്നില്ലെങ്കിൽ വേണ്ട ….. പക്ഷേ താൻ നൽകിയ ജോലിപോലും അവൾ വേണ്ടെന്നു വച്ചതെന്തിനാണ് …… അവളുടെ കാഴ്ചപ്പാടിൽ അത്രയും അധമനും അകറ്റിനിർത്തപ്പെടേണ്ടവനുമാണോ താൻ…. ഓർത്തപ്പോൾ അമ്മയോടൊപ്പം അമ്പരപ്പിനോടൊപ്പം ആത്മനിന്ദയും തോന്നി…..! വേണ്ടെങ്കിൽ വേണ്ട ……. മായമ്മയുള്ളതുകൊണ്ടൊന്നുമല്ലല്ലോ ഇതുവരെ ജീവിച്ചിരുന്നത്….. ഇനിയും അതുപോലെ ജീവിച്ചു പോകുമായിരിക്കു