ഭാഗം- 2
കെയ്കാടൻ വേലായുധന്റെ യഥാർത്ഥ സ്ഥലം സത്യത്തിൽ പെരുമ്പളം തന്നെയായിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഇരുപത്തഞ്ചു വർഷങ്ങൾക്കു മുന്നേയുള്ള കനത്ത മഴയുള്ള ഒരു രാത്രിയുടെ അവസാനം അയാളുടെ മാതാ പിതാക്കൾ ആ കരവിട്ട് കിഴക്കൻ മലകയറാൻ വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ നോക്കി നടത്തിയിരുന്ന തേയിലത്തോട്ടത്തിലും ബീഡി ചുരുട്ട് ഫാക്ടറികളിലും അക്കാലത്ത് പണിക്കാരെ ആവശ്യമുണ്ട് എന്നുള്ള വായ്മൊഴി വാർത്തകളാണ് അവരെ ആ മലക്കയറ്റിയത്. അവിടെ വെച്ച് അവർക്കു പിറന്ന കുട്ടികളിൽ ഇളയവനായിരുന്നു വേലായുധൻ.
നേതാവാകാൻ ജനിച്ച ആണൊരുത്തൻ എന്ന് മൂന്നാർ മലമുകളിൽ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ആളായി വേലായുധൻ മാറിയത് അവിടുത്തെ തുക്കിടി സായിപ്പിനെ ചവിട്ടിക്കൊന്നാണ്. നേരായ വിധത്തിലും അല്ലാതെ ബ്രിട്ടീഷ് സർക്കാരിനെ കബളിപ്പിച്ചും അയാൾ നടത്തിയ കള്ളക്കടത്തും കച്ചവടവും വേലായുധനെ വളരെ വേഗത്തിൽ തന്നെ അവിടുത്തെ ജന്മിമാരുടെയും സർക്കാരിന്റെയും ശത്രുവാക്കി മാറ്റി. ആ ശത്രുത ഒരുനാൾ അയാളെ മൂന്നാർ മലയിറങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെ അയാൾ അത്രയും നാൾ സ്വരുക്കൂട്ടി വെച്ച സമ്പാദ്യവും കുറച്ചു തുണികളും ഒരു ചെറുപ്പെട്ടിയിലാക്കി മലയിറങ്ങി. അതയാളുടെ അവസാനത്തെ യാത്രയായിരിക്കണം എന്ന് ഉറപ്പിച്ച ചിലർ അന്നയാളെ പിന്തുടരാൻ തീരുമാനിച്ചു.
നല്ലപോലെ മഴപെയ്തു നനഞ്ഞു കിടന്ന വഴിയിലൂടെ കയ്യിൽ പെട്ടിയും പിടിച്ചു നിലാവെളിച്ചത്തിൽ വേലായുധൻ മലയിറങ്ങി തുടങ്ങി, ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ അടിവാരത്തെത്താം എന്ന കണക്കുകൂട്ടലിൽ ഇടയ്ക്കുള്ള വിശ്രമം അയാൾ ഒഴിവാക്കി നടത്തത്തിനു വേഗത കൂട്ടി. പെട്ടെന്നെന്തോ തന്റെ നേർക്കു പിന്നിൽ നിന്നും വരുന്നു എന്ന് മനസിലാക്കിയ വേലായുധൻ ശരവേഗത്തിൽ ഒരു മരത്തിന്റെ പിന്നിലേക്ക് ഒളിച്ചു. രണ്ടാൾ പിടിച്ചാലും എത്താത്ത വലിപ്പമുണ്ടായിരുന്ന ആ മരത്തിന്റെ മേലേക്ക് അയാൾ വളരെ വേഗത്തിൽ കയറി, തന്റെ പെട്ടി അയാൾ അപ്പോഴും ഒരു കയ്യിൽ വിടാതെ പിടിച്ചിരുന്നു. മരത്തിന്റെ മുകളിൽ കയറി ഒരു ചില്ലയിൽ ഇരുന്ന വേലായുധൻ മരച്ചില്ലകൾക്കിടയിലൂടെ വീഴുന്ന നിലാവെളിച്ചത്തിൽ മലയിറങ്ങി വരുന്ന സായിപ്പിന്റെ പാണ്ടി കൂട്ടത്തെ കണ്ടു.
മൂന്നാർ മലയിലെ കൃഷിക്കാരുടെ കയ്യിൽ നിന്നും, കച്ചവടക്കാരുടെ കയ്യിൽ നിന്നും കൃത്യമായി സ്ഥലക്കരവും വരിപ്പണവും പിരിക്കുവാനും, തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുവാനും സായിപ്പ് അങ്ങ് പാണ്ടി നാട്ടിൽ നിന്നും കൊണ്ടുവന്നിരിക്കുന്ന ഗുണ്ടകളാണവർ. അവരിൽ പലരെയും വേലായുധൻ കയ്യാങ്കളിയിൽ തോൽപ്പിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ അതിനു സാധിക്കുമോ എന്ന് സംശയമാണ്, പകൽ വെളിച്ചത്തിൽ അഞ്ചോ പത്തോ ആള് വന്നാലും വേലായുധൻ അടിച്ചു നിൽക്കും പക്ഷെ ഈ ഇരുട്ടിൽ പത്തിനുമേലെ ആളുകൾ ഈ കാട്ടിൽ തന്നെ ആക്രമിച്ചാൽ എങ്ങനെ അവരെ തോല്പ്പിക്കും എന്ന് ആലോചിച്ചുകൊണ്ട് വേലായുധൻ ശബ്ദമുണ്ടാക്കാതെ ആ മരച്ചില്ലയിൽ അങ്ങനെ ഇരുന്നു.
താൻ ഇരുന്ന മരവും കടന്നു പാണ്ടികൂട്ടം വേഗത്തിൽ മുന്നോട്ടു നടക്കുകയാണ്, അതിലാരോ അടിവാരം എത്തുന്നതിനു മുന്നേ അവനെ തീർക്കണം എന്ന് പറയുന്നത് വേലായുധൻ കേട്ടു, അത് തന്നെക്കുറിച്ച് തന്നെയാവും എന്ന് ഉറപ്പിച്ച വേലായുധൻ അവർ താനിരുന്ന മരവും കടന്നു മുന്നോട്ട് പോയ ശേഷം പതിയെ താഴെക്കിറങ്ങി അവർക്കും ഒരു മുപ്പത്തടി പുറകിലായി അവരെ പിന്തുടർന്നു.
******
അടിവാരം എത്താറായപ്പോഴേക്കും കൂട്ടത്തിലെ ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നുവെന്ന് പിന്നിൽ നടന്ന ഒരുവൻ പറഞ്ഞതുകേട്ട പാണ്ടി നേതാവ് ഒന്ന് ഞെട്ടി. ഇരുപത്തഞ്ചു പേരുമായി മലഇറങ്ങിയ അവരിൽ പത്തുപേർ എവിടേക്ക് പോയി എന്ന് മനസിലാവാതെ പാണ്ടികൾ ഞെട്ടി നിൽക്കുന്ന സമയത്താണ് അടിവാരത്തു നിന്നും മല കയറി വന്ന മൂപ്പൻ അവരോട് മലദൈവത്തെപ്പറ്റി പറഞ്ഞത്, \"ദൈവം നാടുകാണാൻ ഇറങ്ങുന്ന നേരത്ത് അവന്റെ സ്ഥലത്ത് ആയുധവും പിടിച്ചു നിൽക്കുന്ന ആളുകളെ കണ്ടാൽ അവൻ കോപിക്കുമെന്നും, വേണ്ടിവന്നാൽ അവരെയും കൊണ്ടവൻ കാടുകയറുമെന്നും\". അതുകേട്ടതും ദേഷ്യം കൊണ്ട് ചോര തിളച്ച പാണ്ടി മൂപ്പനെ തമിഴിൽ കേട്ടാൽ അറയ്ക്കുന്ന തെറിയും വിളിച്ചുകൊണ്ടു തിരികെ മലകയറാൻ തുടങ്ങി.
പെട്ടെന്നാണ് അയാളുടെ നെഞ്ചിൽ ഒരു ചവിട്ട് കിട്ടിയത്, പിന്നാലെ കയറിവന്ന അഞ്ചാറുപേരെയും കൊണ്ട് അയാൾ പിന്നിലേക്ക് തെറിച്ചു വീണു. അരണ്ട വെളിച്ചത്തിൽ അവർ ഒരു രൂപം കണ്ടു. കയ്യിൽ കരുതിയിരുന്ന ചൂട്ട് ഒന്ന് ആട്ടി തീ പിടിപ്പിച്ച ശേഷം ഉയർത്തി പിടിച്ച മൂപ്പൻ ആ പേര് പറഞ്ഞു, വേലായുധൻ. പാണ്ടികൾ ചാടി എഴുന്നേറ്റ് വേലായുധനു ചുറ്റും നിന്നു. പിന്നെ നടന്ന കറങ്ങി അടിയിൽ പാണ്ടികൾ ഓരോരുത്തരായി നിലംപൊത്തി. അവസാനത്തെ ആളെയും ചവിട്ടി നിലത്തിട്ട വേലായുധൻ അരയിൽ കെട്ടിയിരുന്ന തുകർത്ത് എടുത്തു തലയിൽ കെട്ടിക്കൊണ്ട് എല്ലാവരോടുമായി പറഞ്ഞു, \"ഞാൻ ഇപ്പോൾ ഈ മല ഇറങ്ങുകയാണ്, ഇനിയൊരു മടങ്ങിവരവ് ഇല്ലായെന്ന് ഉറച്ചുള്ള പോക്കാണ്, എന്നെ തിരിച്ചു വീണ്ടും കയറ്റരുത് അങ്ങോട്ട്, ഇനി എന്നെ കണ്ടേ അടങ്ങു എന്ന് വാശിയുള്ളവർ അങ്ങ് തീരദേശത്തേക്ക് വന്നാൽ മതി,\" അത്രയും പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും യാത്രയായി.
തുടർന്നുള്ള യാത്രയിൽ വീണ്ടും കുറച്ചു പാണ്ടിക്കൂട്ടം അയാളെ പിന്തുടർന്ന് പൂത്തോട്ട കരവരെ എത്തി, അവിടെ വെച്ച് ഇരുട്ടിൽ അയാളെ ആക്രമിക്കാൻ തുണിഞ്ഞ അവരുടെ കണ്ണുവെട്ടിച്ചു കായലിൽ ചാടിയ വേലായുധൻ തന്റെ പൂർവികർ വിട്ടുവന്ന പെരുമ്പളം കരയിലേക്ക് വീണ്ടും നീന്തി കയറി.
*****
(തുടരും)