Aksharathalukal

എലിസബേത്ത് -36

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം മുപ്പത്തിയാറ്



               
    നെല്ല് വിളഞ്ഞ് കിടക്കുന്ന വയലുകൾ. പാടവരമ്പിലൂടെ നടന്ന് പോകുന്ന രണ്ട് മൂന്ന് കുട്ടികൾ. സ്കൂളിലേക്കായിരിക്കണം. ഇളവെയിലിൽ തിളങ്ങുന്ന ഇലത്തുമ്പുകളിലെ മഞ്ഞിൻ കണങ്ങളെ നോക്കി ജോസ്മി വെറുതെ നിന്നു. പകൽ വെളിച്ചം മുഖത്ത് വീഴുന്നത് ഒരു പാട് ദിവസങ്ങൾക്ക് ശേഷമാണെന്ന് അവൾക്ക് തോന്നി. കാറ്റും വെളിച്ചവും കടക്കാതെ മുറിയിലടച്ചിരുന്ന ദിവസങ്ങൾ. വിദൂരതയിൽ മറഞ്ഞുപോയ ഏതോ ഒരു ജന്മം പോലെ. വിലപ്പെട്ടതൊക്കെയും നഷ്ടപ്പെട്ട ഒരു പൂർവ്വ ജന്മം..
   " പോകാം.."
സോളമൻ അവളുടെ പുറകിൽ വന്ന് നിന്നത് അവളറിഞ്ഞില്ല. സോഫിയയും, എലിസബേത്തും, സാന്ദ്രയും അയാളുടെ പുറകെ മുറ്റത്തേക്കിറങ്ങി വന്നിരുന്നു. കുറെ ദിവസങ്ങൾക്കു ശേഷം ജോസ്മി കോളേജിലേക്കുള്ള വേഷത്തിലാണ്. സാന്ദ്രയെ കൂടെ അയക്കാമെന്ന് സോളമൻ കരുതിയതാണ്. പക്ഷെ, ജോസ്മി സമ്മതിച്ചില്ല..
     ഇന്നലെ രാത്രിയിൽ, ഭക്ഷണം കഴിക്കാൻ നേരത്താണ് നാളെ തന്നെ കോളേജിലേക്ക് പോകണമെന്ന് അവൾ നിർബ്ബന്ധം പിടിച്ചത്. ആവശ്യങ്ങളെല്ലാം പറയുന്നത് പണ്ടേ, സോഫിയോടാണ്. കഴിക്കുന്നതിനിടയിൽ മുഖമുയർത്തി മമ്മയുടെ മറുപടിക്ക് വേണ്ടി ജോസ്മി കാത്തു.
    സോഫിയ മറുപടിയൊന്നും പറയാതെ സോളമന്റെ മുഖത്തേക്കാണ് നോക്കിയത്. സാന്ദ്രയും, എലിസബേത്തും, ജൂലിയും കഴിക്കുന്നതിനിടയിൽ പരസ്പരം മുഖത്ത് നോക്കി. 
    " രണ്ട് ദിവസം കൂടി കഴിയട്ടെ, മോളെ.."
സോളമൻ പറഞ്ഞു.
    " വേണ്ട പപ്പ. എനിക്ക് പോണം -"
    " അങ്ങനെയാണെങ്കിൽ നാളെ പപ്പയും കൂടെ വരാം..ബസ്സീ പോണ്ട."
     " പപ്പ പേടിക്കണ്ട. ഇനിയും നിങ്ങളെ കരയിപ്പിക്കാൻ മാത്രം കരിങ്കല്ലാവില്ല ഞാൻ.."
    അവളെഴുന്നേറ്റ് കൈ കഴുകി തിരിച്ച് വന്നു.
പിന്നെ, മുറിയിലേക്ക് കയറാൻ നേരം അവൾ വാതില്പടിയിൽ തിരിഞ്ഞു നിന്നു ചിരിച്ചു.
     " ഗുഡ് നൈറ്റ് പപ്പാ.."
     സോളമനും തിരിച്ച് ഗുഡ്നൈറ്റ് പറഞ്ഞു. പതുക്കെപ്പതുക്കെയുള്ള അവളുടെ മാറ്റത്തിൽ ഏറെയും സന്തോഷം സോഫിയക്കായിരുന്നു. മുഖത്ത് അത് കാണാം. സോളമന്റെ അപകടം. ഇപ്പോഴിതാ മകളുടെ വഴിതെറ്റിയ ബുദ്ധി. നഷ്ടങ്ങളൊന്നുമില്ലാതെ ഇത്രയും കൊണ്ട് അവസാനിച്ചല്ലൊ എന്നോർത്ത് മനസ്സിൽ അവളെപ്പോഴും ജീസ്സസിന് നന്ദി പറഞ്ഞു. 
     " എത്ര ദിവസമാണ് ഒരു മുറിയിലിങ്ങനെ അടച്ചിരിക്കുന്നത്.."
     " അതും ശരിയാ -"
സോഫിയുടെ ആത്മഗതത്തിന് സോളമൻ പതുക്കെ മൂളി. രാത്രിയിൽ ഇടക്ക് ഇപ്പോഴും ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നുണ്ടെങ്കിലും സാന്ദ്രക്കും ജോസ്മിയുടെ മാറ്റം വലിയൊരാശ്വാസമായി. 
    വെല്ല്യേച്ചിയെ ഒറ്റക്ക് കോളേജിലേക്ക് വിടുന്നതിൽ എലിസബേത്തിന് യോജിപ്പില്ല. പക്ഷെ, അവളത് അപ്പോൾ പറഞ്ഞില്ലെന്ന് മാത്രം. ഭക്ഷണത്തിലേക്ക് നോക്കി എലിസബേത്ത് ഒന്നും മിണ്ടാതെയിരിക്കുന്നത് സാന്ദ്ര ശ്രദ്ധിച്ചു. 
     " എന്തായാലും ഒറ്റക്ക് വിടണ്ട -"
സാന്ദ്ര സോളമനെ നോക്കി. ഏതോ ആലോചനയിൽ സാന്ദ്ര പറഞ്ഞത് സോളമൻ കേട്ടില്ല.
     രാത്രിയിൽ സാന്ദ്ര എലിസബേത്തിന്റെ മുറിയിൽ ചെല്ലുമ്പോൾ അവൾ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു. പുറകിൽ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞപ്പോൾ സാന്ദ്രയാണെന്ന് മനസ്സിലായി. അവൾ തൊട്ടടുത്ത് വന്ന് നിന്നു. അല്പ സമയം രണ്ട് പേരും ഒന്നും മിണ്ടിയില്ല.
     " വെല്ല്യേച്ചിയെ തനിയെ വിടുന്നത് സേഫല്ല.."
എലിസബേത്ത് പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു. ആകാശത്തിലെ നക്ഷത്രങ്ങളെയോ, ചന്ദ്രനെയോ അവൾ കണ്ടില്ല.
    " അവനിപ്പോഴും പുറകീത്തന്നെയുണ്ട്. ഹോസ്പ്പിറ്റലിൽ നമ്മളത് കണ്ടതാണ്.."
    " അത് കൊണ്ട് ?"
നമ്മളെന്ത് ചെയ്യും എന്ന അർത്ഥത്തിലാണ് സാന്ദ്ര എലിസബേത്തിനെ നോക്കിയത്. അവൾക്കും അതിന് വ്യക്തമായ ഒരു മറുപടി ഇപ്പോൾ പറയാൻ കഴിയുന്നില്ല. പക്ഷെ, ഒട്ടും വൈകാതെ തന്നെ അവനെന്ന ശല്ല്യത്തെ ഇല്ലാതാക്കണം എന്ന് മാത്രമറിയാം.
      തന്നെയുമല്ല, ഒരിക്കൽ മരിക്കാൻ ശ്രമിച്ചവർ വീണ്ടും അത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് തോമസ് ജോയ്നർ അദ്ദേഹത്തിന്റെ മിത്ത് എബൗട്ട് സൂയിസൈഡ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇപ്പോൾ മനാഫിനെക്കൂടാതെ ആ ഒരു ഭയം കൂടി നമ്മുടെ മുന്നിലുണ്ടെന്ന് എലിസബേത്ത് പറഞ്ഞപ്പോൾ സാന്ദ്രക്കും അത് ശരിയാണെന്ന് തോന്നി.
     " നോക്കുമ്പോൾ, രാജീവ് പറഞ്ഞത് പോലെ ആത്മഹത്യ ചെയ്യാൻ മാത്രം ഭയപ്പെടുന്ന എന്തോ രഹസ്യങ്ങൾ അവന്റെ കൈയിലുണ്ടെന്ന് വേണം കരുതാൻ.."
    ജൂലിയാണത് പറഞ്ഞത്. ജൂലി അവരുടെ പുറകിൽ വന്ന് നിന്നത് രണ്ടു പേരുമറിഞ്ഞില്ല.
     " ഒട്ടും വൈകാതെ നമുക്കത് വെല്ലേച്ചിയിൽ നിന്നും തന്നെ അറിയണം.."
    " ഉം..നമ്മളെല്ലാം കൂടെയുണ്ടെന്നും പറയണം -"
    " ആത്മഹത്യ ചെയ്യാൻ ചിലപ്പോൾ ആ ഭയം മാത്രമാകണമെന്നില്ല കാരണം.."
എലിസബേത്ത് അത് പറഞ്ഞപ്പോൾ രണ്ടും പേരും ആകാംക്ഷയുടെ മുനയുള്ള ഒരു ചോദ്യത്തോടെ അവളെ നോക്കി. ഇരുട്ടിൽ മൂന്ന് പേരും മുഖം കാണാതെ നിന്നു. 
     " പിന്നെ ? "
     " തീരെ വൾനറിബിളായ ഒരു മനസ്സിന്റെ ഉടമക്ക് കുറ്റബോധവും വേണമെങ്കിൽ ഒരു കാരണമായി വരാം. പിന്നെ, കൂടെ അതും ഒരു കാരണമാവാം..തീരെ ചെറിയതാണെങ്കിലും.."
    വെല്ല്യേച്ചി വളരെ സെൻസിറ്റീവാണെന്ന് മൂന്ന് പേർക്കുമറിയാം. പപ്പയും, കുടുംബവും കഴിഞ്ഞാണ് ജോസ്മിക്ക് മറ്റെന്തും. അവർ ചിന്താകുഴപ്പത്തിലായി.   
    ഓരോ മനുഷ്യ മനസ്സുകളും നിഗൂഢമായ താഴ് വരകളാകുന്നു. സ്വയം കണ്ടുപിടിക്കാൻ പോലും പറ്റാതെ ഇരുണ്ട് കിടക്കുന്ന ഇരുൾ വനങ്ങൾ. അത് നമ്മളൊരിക്കലും കാണാത്ത വഴികളിലൂടെയാകും ചിലപ്പോഴൊക്കെ നമ്മെ നയിച്ചു കൊണ്ട് പോകുന്നത്..
    എലിസബേത്ത് കട്ടിലിൽ വന്നിരുന്നു.
അവരുടെ ഇടയിൽ ഒരു കനത്ത നിശ്ശബ്ദത ഇരുട്ടു പോലെ വീണു കിടന്നു.
     സാന്ദ്രയും, ജൂലിയും മുറിയിൽ നിന്ന് പോയിക്കഴിഞ്ഞും എലിസബേത്ത് കുറെ സമയം അവിടെത്തന്നെ നിന്നു. പിന്നെ എന്തോ ഓർത്ത പോലെ ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം ഉറപ്പ് വരുത്തി അവൾ ആഷിക്കിന്റെ ഫോണിലേക്ക് വിളിച്ചു.
    രണ്ട് മൂന്ന് ദിവസം മുൻപായിരുന്നു അവൻ അവസാനമായി വിളിച്ചത്. അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെക്കുകയായിരുന്നു.
     " എന്തേ അസമയത്ത് ?"
     " തോന്നി..വിളിച്ചു."
നിന്നെ വിളിക്കാൻ എനിക്ക് നേരവും കാലവും നോക്കണോയെന്ന് അവൾ തമാശയോടെ ചോദിച്ചപ്പോൾ, ഓ..അങ്ങനെയാണോ എന്ന് ചോദിച്ച് അവനും ചിരിച്ചു.
     " ഉറങ്ങിയോ ?"
     " കിടന്നേയുള്ളു.."
അവൻ ജോസ്മിയുടെ വിശേഷങ്ങൾ ചോദിച്ചു. 
     " ഷീയിസ്..ഓകെ." 
രണ്ട് ദിവസം കഴിഞ്ഞാണ് എലിസബേത്ത് ജോസ്മിയുടെ സൂയിസൈഡ് അറ്റെംപ്റ്റ് അവനോട് പറയുന്നത് തന്നെ. ആദ്യം കേട്ടപ്പോൾ അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല. മനാഫായിരിക്കും അതിന്റെ കാരണക്കാരനെന്ന് രോഷത്തോടെ അവനന്ന് പറയുകയും ചെയ്തു.
     "എന്തായാലും റസൂല് കാത്തു.."
അവൻ അള്ളാഹുവിനോട് നന്ദി പറഞ്ഞു. 
     " അവനെ തീർക്കണം, ആദീ.."
     അവനന്ന് ഫോൺ വെക്കുമ്പോൾ പറഞ്ഞ വാക്കുകൾ അവൾ വീണ്ടുമോർത്തു.
     " എന്ത് പറയുന്നു, നിന്റെ കൂട്ടുകാരി ?"
     " പോയി.."
അവന്റെ ശബ്ദം ചെറുതായതു പോലെ.
     " എവിടെ പോയി ?"
     " അവൾക്ക് എന്നെക്കാളും നല്ലൊരു കൂട്ട് കിട്ടി. ഞാൻ കറുത്തതല്ലെ..ഉയരവുമില്ല. എന്നെ ആരും പ്രണയിക്കില്ല, ആദീ..പിന്നെ, ഒരു പെണ്ണിന് ഇഷ്ടപ്പെടാൻ മാത്രം എനിക്കെന്താണുള്ളത് ?"
     അവൻ ചിരിച്ചു, ചെറിയ ശബ്ദത്തിൽ.
     അവൾ മിണ്ടാതെ നിന്നു.
     അവന്റെ മുഖത്ത് എഴുതി വെച്ച വാക്കുകളിലെ ദു:ഖം എത്ര ദൂരെയായാലും അവൾക്ക് വായിക്കാം.
    " കൂട്ടായി..ഞാൻ പോരെ നിനക്ക് ?"
അവൾ കുസൃതിയോടെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
    " നീയോ ?"
    " ഉം..ഞാനൊന്നും നോക്കില്ല. നിന്റെ നിറം നോക്കില്ല, ഉയരം നോക്കില്ല. ഭംഗിയും.."
    " അതിന് നീ പെണ്ണല്ലല്ലൊ?"
    " പോടാ..പട്ടി."
    " നീ..പോടീ -"
    അവളും അവനും ഒരുമിച്ച് ചിരിച്ചു. 
ഫോൺ വെക്കുന്നതിന് മുൻപായി അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
     " എനിക്ക് രണ്ട് സിംകാർഡ് വേണം.."
     " എന്നെ ജയിലീ കേറ്റുമോ നീ ?"
അവൻ വീണ്ടും ചിരിച്ചു.
     " പേടിയുണ്ടോ?"
     " ഇല്ല. "
     " അതെന്താ?"
     " മാറ്റി വെച്ച ജീവനേക്കാൾ വലുതല്ലല്ലൊ, ജയിൽ -"
     അവന്റെ അക്ഷരങ്ങളിലെ സ്നേഹം ഇരുട്ടിലൂടെ ഒഴുകി വന്ന് അവളെ പൊതിഞ്ഞു. അവൾക്കത് തിരിച്ചറിയാൻ പറ്റും. പിന്നെ, ഫോൺ വെക്കാൻ നേരം അവൾ ഒച്ച താഴ്ത്തി പറഞ്ഞു, ഒരു സ്വകാര്യം പോലെ.
     " എവരി ഫ്രന്റ്ഷിപ്പ് ഒഫൻ എന്റ്‌സ് ഇൻ ലവ്.."
     " എനിക്കൊരു പ്രതീക്ഷയുമില്ല -"
      നിനക്ക് കൊതിപ്പിക്കാനറിയാമെന്ന് പറഞ്ഞ് അവൻ ചിരിച്ചു. നമുക്ക് കാത്തിരുന്ന് നോക്കാമെന്ന് പറഞ്ഞ് അവളും അമർത്തി ചിരിച്ചു. 
     കോളേജിലേക്കുള്ള യാത്രക്കിടയിൽ ജോസ്മി തീർത്തും നിശ്ശബ്ദയായി പുറത്തെ കാഴ്ച്ചകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. അവളുടെ മൗനം സോളമനെ വല്ലാതെ ഉലച്ചു. അയാൾ പഴയ ജോസ്മിയെ ഓർത്തു. കാറിൽ കയറിയാൽ അവൾക്ക് സംശയങ്ങൾ തുടങ്ങും. ആകാശത്തിന് ചുവട്ടിലുള്ള ഏത് സംശയങ്ങളും അവൾ പപ്പയോടാണ് ചോദിക്കുന്നത്.
    " പാപം എന്ന് പറഞ്ഞാൽ എന്താണ് പപ്പാ?"
    " നമ്മൾ ചെയ്യുന്ന ഒരു പ്രവൃത്തി, അത് ശരിയല്ലെന്ന് മനസ്സ് പറഞ്ഞാൽ നമ്മൾ തെറ്റാണ് ചെയ്തതെന്ന കുറ്റബോധത്തിൽ വീഴും. അത് പാപബോധമായി വളരും. മനസ്സ് പറയാത്തിടത്ത് കുറ്റബോധമോ, പാപമോ വരില്ല."
    കള്ളൻമാരെയും, ചതിയൻമാരെയും, കൊലപാതകികളെയും അയാൾ ഉദാഹരണമായി പറഞ്ഞു. അവർക്കത് കുറ്റബോധമായി തോന്നാത്തതും പാപമായി വളരാത്തതും മനസ്സിന്റെ വ്യത്യാസം മാത്രം. 
     അയാൾ ചിരിച്ചു കൊണ്ട് തുടർന്നു.
     " പാപത്തെ ഇല്ലാതാക്കിയാൽ മനസ്സ് ശാന്തമാകുകയും സുഖമായി ഉറങ്ങുകയും ചെയ്യാം.."
     " അങ്ങനെയെങ്കിൽ, പാപത്തെ ഇല്ലാതാക്കാൻ എന്തു ചെയ്യണം?"
    " ഓരോ മതക്കാർക്കും അത് വ്യത്യസ്തമാണ് ജോസൂട്ടീ..നമ്മൾ കുമ്പസാരക്കൂട്ടിൽ കയറും. ഹിന്ദുക്കൾ ഗംഗയിൽ കുളിക്കും. ഇസ്ലാമുകൾ മിനായിലെ ജംറയിൽ കല്ലെറിയും..അതൊന്നും പരിഹാരമാവില്ലെന്ന് കരുതുന്ന ചിലർ ജീവിതം തന്നെ അവസാനിപ്പിക്കും.."
    ജോസ്മി, ഓടിയകലുന്ന പുറത്തെ കാഴ്ച്ചകളിലേക്ക് തന്നെ കണ്ണുകൾ നീട്ടിയിരിക്കുകയാണ്.
    " മോളെന്താ ആലോചിക്കുന്നെ ?"
    " ഏയ്.. ഒന്നുമില്ല പപ്പാ -"
അവൾ ചിരിക്കാൻ ശ്രമിച്ചു.
    കോളേജിന്റെ ഗേറ്റിനടുത്തായി വണ്ടി നിർത്തിയപ്പോൾ ജോസ്മിയിറങ്ങി.
     " വൈകീട്ട്..പപ്പ വരാം."
     " വേണ്ട, ഞാൻ ബസ്സീ വന്നോളാം."
തിരിഞ്ഞ് നോക്കാതെ നടന്നു പോകുന്ന അവളെ സോളമൻ അല്പസമയം നോക്കി നിന്നു. അവളുടെ മമ്മയെപ്പോലെ തന്നെ. പാവം. തീരെ മനസ്സുറപ്പില്ല.
     ക്ലാസ്സിലേക്ക് പോകാൻ തോന്നിയില്ല. ആരേയും കാണണമെന്നും..മൈതാനത്തിന്റെ ഒരരികിലൂടെ അവൾ സാവധാനം നടന്നു. എങ്ങോട്ടാണ് നടക്കുന്നതെന്ന് അവളറിഞ്ഞില്ല. വെറുതെ നടന്നു. ചുറ്റും മങ്ങിയ കാഴ്ച്ചകൾ മാത്രം. പെട്ടെന്ന് ആരോ അവളുടെ കൈയിൽ പിടിച്ചു. 
     " വാ - "
     " എങ്ങോട്ട് ?"
     " മുറീലേക്ക്..എനിക്കൊരുപാട് വിശേഷങ്ങൾ പറയാനുണ്ട്..കൂടെ വരാമെന്ന് പറഞ്ഞ് പറ്റിച്ചില്ലേ ?"
     അടക്കിപ്പിടിച്ച ഈ വാക്കുകളുടെ ചൂട് അവൾക്ക് പരിചയമുള്ളത്. ഈ ശബ്ദവും പരിചയമുള്ളത്. പിന്നെ,എപ്പോഴുമുള്ള ഒരു ചിരിക്ക് വേണ്ടി കാത്തു.
     നടന്ന്, നടന്ന് ഹോസ്റ്റലിലെ ഫാത്തിമയുടെ മുറിയുടെ മുൻപിലെത്തിയതറിഞ്ഞില്ല.
    ബെല്ലടിച്ച് കാത്ത് നിന്നു.
    അകത്തുണ്ടാവും. വരും..
    പൂട്ടിയ താഴിൽ വെറുതെ കൈവിരലുകളോടിച്ചു.
    " പോലീസ് സീല് ചെയ്തതാണ്.."
    പുറകിൽ ഏതോ ഒരു പെൺകുട്ടിയുടെ ശബ്ദം.
    തിരിഞ്ഞ് നോക്കിയില്ല. 
ഒന്നും മിണ്ടാതെ നടന്ന് വരാന്തയുടെ അറ്റത്തുള്ള ചാര് ബഞ്ചിലിരുന്നു. പുറകിലൂടെ ആരോ വന്ന് കഴുത്തിൽ കൈകൾ ചുറ്റി. പിൻകഴുത്തിൽ ചൂടുള്ള നിശ്വാസം വീണതറിഞ്ഞു. അവൾ തിരിഞ്ഞ് നോക്കി.
    " ഇന്ന് രണ്ടാം തീയ്യതി. ഉമ്മയുടെ പൈസ വന്നിട്ടുണ്ട്."
    ഫാത്തിമ ജോസ്മിയെ കെട്ടിപ്പിടിച്ച് ചിരിച്ചു.
    " ഇന്ന് ഫുഡ് പുറത്ത് നിന്ന്, എന്റെ വക -"
    " വിളിച്ചില്ലേ?"
    " വിളിച്ചു. ഞാനെടുത്തില്ല.."
    " ഈ പാപങ്ങളൊക്കെ നീയെവിടെക്കൊണ്ട് കഴുകിക്കളയും.."
ജോസ്മി അവളെ ദ്വേഷ്യപ്പെട്ടു.
    " ഉമ്മക്ക് വിളിക്ക്..എന്നിട്ട് മതി ഫുഡ്."
ഒരു മറുപടിക്ക് വേണ്ടി അവൾ കാത്തു. ചാര് ബഞ്ചിൽ തൊട്ടടുത്തായി അവൾ ചേർന്നിരുന്നു. പൊട്ടിച്ചിരിച്ച് ആളെ മയക്കാൻ അവൾക്കറിയാം.
    " വിളിയ്ക്കാടീ, കുറച്ച് വിഷമിക്കെട്ടെടീ.."
     പതിവുള്ള ചിരി അവൾ കേട്ടില്ല.
     ചുറ്റും നോക്കി. എവിടെ പാത്തു..?
വരാന്തയിലെ വന്യമായ നിശ്ശബ്ദതയിൽ അവൾ തനിച്ചിരുന്നു. എവിടെയും അവളുടെ ചിരി കേട്ടില്ല.
     ഉച്ചവരെ നെല്ലിമരത്തിന് ചുവട്ടിലിരുന്നു. എത്ര സമയം വേണമെങ്കിലും ഇവിടെയിങ്ങനെ വെറുതെയിരിക്കാം. അവളടുത്തിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല. മഞ്ഞ നിറമുള്ള, ആയുസ്സൊടുങ്ങിയ ഇലകൾ വീഴാത്ത ഒരു പകൽ.
     തീരെ പരിചിതമല്ലാത്ത കാറ്റ്. 
    " അയാളിപ്പോൾ എന്റെയുടൽ സ്വപ്നം കാണുകയാവും.."
    " ആര് ? "
    " ഉമ്മയുടെ മാനേജർ.."
അതും പറഞ്ഞ് ഫാത്തിമ ഉറക്കെ ചിരിച്ചപ്പോൾ ജോസ്മി ചിന്തയിൽ നിന്നുണർന്നു. എത്ര ലാഘവമായാണ് അവൾ ചിരിക്കുന്നത്. ഈ ചിരിക്കുമപ്പുറത്ത്, ഇരുട്ടു വീണു കിടക്കുന്ന മലമ്പ്രദേശങ്ങൾക്കിടയിലായിരിക്കണം അവളെപ്പോഴും ഒളിപ്പിക്കുന്ന തിരയടങ്ങാത്ത സമുദ്രം.
     " എന്റെ ശരീരത്തെ ഞാനിത്രയും അഴുക്കാക്കിയതിന് കാരണം അയാളാണ്. അയാൾക്ക് തിന്നാൻ എച്ചിൽ മതി. പിന്നെ, ഉമ്മയോടുള്ള പകയും.."
      ജോസ്മി എഴുന്നേറ്റു.
കാന്റീനിൽ ഒഴിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത് അവൾ ഒതുങ്ങിയിരുന്ന് ഒരു ചായക്ക് പറഞ്ഞപ്പോൾ നാസർക്ക അടുത്തു വന്നു.
      " കൂട്ടുകാരി പോയല്ലെ..?"
ചായ കുടിച്ച് പൈസ മേശപ്പുറത്ത് വെച്ച് ഒന്നും മിണ്ടാതെ അവളിറങ്ങുമ്പോൾ അയാൾ വീണ്ടും എന്തോ പറഞ്ഞുവെന്ന് തോന്നി.
     " അള്ളാഹുവേ, എന്റെ റൂഹ് പിടിക്കും മുൻപേ എന്റെ പാപങ്ങൾ പൊറുത്ത് നിന്റെ പൊരുത്തത്തിലായിക്കൊണ്ട് എന്നെ മരിപ്പിക്കണെ..ആമീൻ."
പുറകിൽ, അയാളുടെ വാക്കുകൾ കാറ്റെടുത്ത് പോയി.
     ബസ് സ്റ്റോപ്പിലേക്കെത്തുന്നതിന് മുൻപ്, പെട്ടെന്ന് അവളുടെ മുൻപിൽ ഒരു ജീപ്പ് ബ്രേക്ക് പിടിച്ച് നിർത്തിയപ്പോൾ അവൾ മുഖമുയർത്തി നോക്കി.
     അതിൽ നിന്നും രണ്ട് പേർ അതിവേഗം ചാടിയിറങ്ങി അവളെ വട്ടം പിടിച്ചു. അവൾ എതിർത്തില്ല. നിലവിളിച്ചില്ല. 
     " ബലപ്രയോഗം വേണ്ട."
അവളുടെ ശബ്ദം ശാന്തമായിരുന്നു. ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നത് സംഭവിക്കുമ്പോൾ അമ്പരപ്പില്ല. ഭയവുമില്ല.
     " ചോട്നാ മത്.."
ആറടിയോളം ഉയരമുള്ള ഡ്രൈവിങ്ങ് സീറ്റിലിരുന്ന ഒരാൾ കൂടി ചാടിയിറങ്ങി. രണ്ട് പേർക്ക് അവളെ കീഴ്പ്പെടുത്താൻ പറ്റില്ലെന്ന് അയാൾ കരുതിക്കാണും. അവൾ മനസ്സിൽ ചിരിച്ചു.
     " എന്നെ കൊന്ന് തിന്നാൽ എല്ലാം അവസാനിക്കുമെങ്കിൽ.. കൊണ്ട് പൊയ്ക്കോളൂ, എവിടെ വേണേലും -"
     അയാൾക്ക് മനസ്സിലായോ എന്തോ..
     ബലിഷ്ഠമായ അയാളുടെ കൈകളിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളൊതുങ്ങി നിന്നു. പിന്നെ, മൂന്ന് പേരും കൂടി അവളെ പൊക്കിയെടുത്ത് ജീപ്പിനുള്ളിലേക്ക് വലിച്ചിട്ടു.
     അവളുടെ കണ്ണുകളിൽ പപ്പയുടെ മുഖം തെളിഞ്ഞു. രണ്ട് തുള്ളി കണ്ണീരും അവിടെ തന്നെ ഉരുണ്ടു കൂടി നിന്നു. ജീവിച്ച് മതിയായി പപ്പാ.. 
    ധൃതിയിൽ അയാൾ വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലേക്ക് ചാടിക്കയറി.
     വാതിലുകളടഞ്ഞു.




◼️തുടരുന്നു..



എലിസബേത്ത് -37

എലിസബേത്ത് -37

0
496

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിയേഴ്          പട്ടാപ്പകൽ ഒരു പെൺകുട്ടിയെ നടുറോഡിൽ നിന്നും ബലമായി പിടിച്ചുകൊണ്ട് വരിക തീരെ എളുപ്പമല്ലെന്നറിയാം. പക്ഷെ, സാധാരണ രീതികളിൽ നിന്നും തീരെ വ്യത്യസ്തമായി ബലപ്രയോഗങ്ങളൊന്നും വേണ്ടി വരാത്തതിൽ അയാളത്ഭുതപ്പെട്ടു. അയാൾക്ക് മാത്രമല്ല, കൂടെയുള്ള രണ്ട് പേരും അമ്പരപ്പോടെയാണ് ജോസ്മിയെ നോക്കിയത്.    എത്രയും പെട്ടെന്ന് തന്നെ ഇവിടെ നിന്നും അവളെയും കൊണ്ട് രക്ഷപ്പെടണം. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്യാനായി ചാവി തിരഞ്ഞു.     ചാവിയെവിടെ ?     അയാൾ പരിഭ്രമിച്ചു.ഇറങ്ങുമ്പോൾ വണ്ടി ഓഫ് ചെയ്തിരുന്നില്ലല്