സാർ എന്ന നെനച്ചിട്ടിറുക്ക്? എന്നാച്ച്? തിരിഞ്ഞു നോക്കുമ്പോൾ പുളിമരത്തിന്റെ വെട്ടിഒതുക്കിയ ചെറിയ ശിഖരം വലിച്ചു നീക്കുകയാണ് മണി. കാലങ്ങൾക്കും അപ്പുറത്തുനിന്ന് നൊടിയിടക്കുള്ള തിരിച്ചുവരവ് ചുറ്റുപാടുകളെ മനസ്സിലാക്കാൻ ഏറെ പ്രെയാസപ്പെടുത്തുന്നു... വെട്ടിനീക്കിയ കൊമ്പിനിടയിൽ ഒരു കിളിക്കൂട് ഇപ്പോഴാണ് ശ്രെദ്ധയിൽ പെട്ടത്. പൂർണമായും അത് നശിച്ചിരുന്നു...
……പുളിമരത്തിന്റെ ഇലതണ്ടുകൾ കുറച്ചെടുത്തുകൊണ്ടാണ് ഞാൻ മുകളിലേക്കു കയറിയത്.. പുളിയിലയിട്ടു ചൂടാക്കിയ വെള്ളത്തിൽ കുളിച്ചാൽ ശാരീരിക അസ്വസ്ഥതകൾ പമ്പകടക്കും എന്നാണ് മുത്തശ്ശി പണ്ടു പറയാറ്. വെള്ളം ചൂടാക്കാൻ വെച്ച് പുളിയിലയിട്ടപ്പോൾ അതിൽ കിളിർത്തു തുടങ്ങിയ രണ്ടു പുളികൾ ശ്രെദ്ധയിൽ പെട്ടു….. കിളിർത്തുതുടങ്ങിയ പുളിയുടെ രുചി എന്തെന്നറിയാൻ ഞാനും വസുവും പണ്ട് പുളിമരത്തിൽ വലിഞ്ഞു കേറിയതും . വിശറിന്റെ കടികൊണ്ടു താഴെ വീണതുമൊക്കെ ഒരു പുഞ്ചിരിയോടെ ഞാൻ ഓർക്കുന്നു…സംഭവത്തിന്റെ ദൃക്സാക്ഷിയായ കപ്പിയെ കയ്യിലെടുക്കാൻ ഞങ്ങൾ പെട്ടപാട് വളരെ വലുതായിരുന്നു. ഒടുക്കം രണ്ടുപൊതി ശർക്കര പായസത്തിൽ കപ്പി കാര്യം ആരോടും പറയില്ലെന്നു സമ്മതിച്ചു. നാട്ടുമ്പുറത്ത് കപ്പി കയറാത്ത വീടുകളില്ല.
കയറുന്ന വീട്ടിലെല്ലാം കണ്ട കാര്യങ്ങൾ പറഞ്ഞോണ്ട് നടക്കും. പുളിമരത്തിൽ വലിഞ്ഞുകയറി മറിഞ്ഞടിച്ചു നിലത്തു വീണെന്നെങ്ങാനും വീട്ടിൽ അറിഞ്ഞാൽ അതോടെ നിക്കും വൈകുന്നേരത്തെ കളിയും കറക്കവും.. കാവിൽ നിന്നും ബാക്കി പായസം വടിച്ചെടുത്തു രണ്ടു പൊതിയാക്കി കെട്ടുമ്പോൾ പൊതി നിറക്കാനായി മനസ്സില്ലാ മനസ്സോടെ ഞങ്ങളുടെ
പങ്കുകൂടെ അതിലേക്കു വെച്ചു...പായസം കപ്പിക്കുകൊടുത്ത് ഞങ്ങൾ വീട്ടിലേക്കുനടന്നു പോകുമ്പോൾ കപ്പി ആരോടെങ്കിലും പറയുമോ എന്ന സംശയം ഞങ്ങൾക്കുള്ളിൽ നിഴലിച്ചുകൊണ്ടേയിരുന്നു
കപ്പി ഒരു വിചിത്ര മനുഷ്യനാണ്. അയാളെ കുറിച്ചു പറയാനാണെങ്കിൽ ഒരുപാടുണ്ട്. അയാളുടെ ശെരിക്കുള്ള പേരെന്താണെന്നറിയില്ല .എല്ലാവരും അയാളെ വിളിക്കുന്നത് കപ്പി എന്നാണ്. പാന്റും ഷർട്ടും ആണ് ആളുടെ വേഷം. കാൽമുട്ടുവരെ തോറുത്തുവെച്ചാണ് കപ്പി പാന്റ് ഇടാറ്. ഷർടിന്റെ അടി ഭാഗം ഒരു കെട്ടും കാണും. ആരൊക്കെയോ കൊടുക്കുന്ന വസ്ത്രങ്ങൾ ആയതിനാൽ അളവ് ശെരിയാകില്ല അതുകൊണ്ട് പാന്റിന്റെ മേൽ ഭാഗം ചുരുക്കി കെട്ടിയിരിക്കുന്നതും കാണാം. നേരം വെളുക്കുമ്പോൾ തുടങ്ങും പുള്ളിക്കാരന്റെ കലാപരിപാടികൾ. കാവിനു താഴെ മനക്കൽകാരുടെ വയലിനപ്പുറമാണ് പുള്ളിക്കാരന്റെ വീട്. കാവിൽ നിന്നു നോക്കിയാൽ ദൂരെ ഒരു വെള്ള പൊട്ടുപോലെ വീടുകാണാം. ഓടിട്ട മേൽകൂര കഴുക്കോൽ ചിതലരിച്ച്
നിലംപതിക്കാൻ വീർപ്പുമുട്ടുകയാണ്. അയാൾ ആ വീട്ടിൽ കിടക്കാത്തതുകൊണ്ട് വീട് ഒരു പക്ഷം നായകൾ കയ്യേറിയിരിക്കുകയാണ്. രാത്രി യാകുമ്പോൾ കൂട്ട ഓരിയിടൽ തറവാടുവരെയും കേൾക്കാം.. വയലിലെ കാവൽ കുടിലിലാണ് കപ്പിയുടെ ഉറക്കം. മനക്കൽ കാർക്ക് അതൊരുപകാരവുമാണ്..നെല്ലുകൊയ്യാറാകുമ്പോൾ രാത്രിയിൽ ആരും അറിയാതെ കൊയ്തോണ്ട് പോകുന്ന ഒരു കൂട്ടം കള്ളന്മാർ ഒരുകാലത്ത് ഇറങ്ങിയിരുന്നു. അവരെ പിടിക്കാനും നെല്ല് കാക്കാനും വേണ്ടിയാണ് കാവൽ കുടിലുകൾ കെട്ടിയത്... പിൽക്കാലത്ത് അടിമകൾ തൊഴിലാളികൾ ആയപ്പോൾ. ചെറുമനും, കുറവനും, പറയനുമൊക്കെ കമ്മ്യൂണിസ്റ്റ് എന്ന ഒറ്റപ്പേരിൽ കൈകോർത്തപ്പോൾ... കൂരിരുട്ടിൽ കുളിരും ചൂടും മഴയും സഹിച്ച് വയൽവരമ്പിൽ ജന്മിയുടെ നെല്ലുകാക്കാൻ ജന്മി വളർത്തുന്ന നായയല്ല ഞങ്ങൾ എന്നു പറയാൻ ധൈര്യം കാണിച്ചപ്പോൾ. അതു വരെയുള്ള പലതും ഇല്ലാതായ പോലെ കാവൽകുടിലുകളും ഇല്ലാതായി. പക്ഷെ മനക്കൽകാരുടെ വയലിൽ കാവൽക്കാരനായി
കപ്പി എന്നും ഉണ്ടായിരുന്നു...അതിന്റെ കാരണം തിരക്കിയപ്പോഴാണ് കപ്പിയുടെ കാവലിരിപ്പിന്റെ പിന്നിലെ പിന്നാമ്പുറം മനസ്സിലായത്. കപ്പി ഒരു കടുത്ത ആനപ്രേമിയാണ്. മനക്കൽകാരുടെ ആനയിൽ കപ്പിക്കു പൂർണ സ്വാതന്ത്ര്യം എന്നു മാത്രമല്ല. ആനയെ കുളിപ്പിക്കുന്നതു തൊട്ടുള്ള എല്ലാ പരിപാടിയിലും ഒരു പാപ്പാനെ പോലെ കപ്പിയേയും കൂട്ടും.കുളിപ്പിക്കാനായി പുഴക്കരയിലേക്കുള്ള യാത്രയിൽ എപ്പോഴും കപ്പി ആനപ്പുറത്തു കാണും. ഇതിന്റെ പ്രെത്യുപകാരമെന്നോ
നന്ദിയെന്നോ ഈ കാവലിരിപ്പിനെ വിശേഷിപ്പിക്കാം….. ഇതൊന്നുമല്ല കപ്പിയെ കുറിച്ചു പറയണ്ട പ്രെധാനകാര്യം. ആനയെ കുളിപ്പിച്ച്കഴിഞ്ഞ് കപ്പി നേരെ വരുന്നത് മനയ്ക്കലെ കിണറ്റും കരയിലേക്കാണ്. അവിടെ കാണുന്ന എല്ലാ കുടങ്ങളിലും കപ്പി വെള്ളം കോരിനിറക്കും. ഈ ഉപകാരം മനക്കൽ കാർക്കു മാത്രമല്ല ചുറ്റുവട്ടം മൊത്തമുണ്ട്. കപ്പിയെയും കാത്ത് എല്ലാ വീടിന്റെയും കിണറ്റുംകരയിൽ കുടങ്ങൾ കാണും. ഈ സേവനം കപ്പി തുടങ്ങിയട്ട് കാലങ്ങൾ ഏറെ ആയിരിക്കുന്നു. ഇതുകൊണ്ടൊക്കെതന്നെ കപ്പി നാട്ടുകാർക്ക് പ്രീയപെട്ടവനായി. കിണറ്റിൽ കയറിൽ തിരിയുന്ന കപ്പിയുടെ നാമം കടംഎടുത്തുകൊണ്ട് അയാളെ സ്നേഹത്തോടെ എല്ലാരും വിളിച്ചു \"കപ്പി \"
കപ്പിയെ പറ്റി ചില ദുരൂഹതകൾ നിറഞ്ഞ കഥകൾ ഞങ്ങൾ അന്നു കേട്ടിരുന്നു.. ദൂരെ ഏതോ ക്ഷേത്രത്തിൽ ഉത്സവകച്ചവടം കഴിഞ്ഞു രാത്രി വൈകി വന്ന കപ്പിയുടെ മുത്തശ്ശൻ കാവിനുള്ളിൽ എന്തോ വെളിച്ചം കണ്ടെന്നും. അതിനടുത്തു ചെന്നപ്പോൾ അത് എന്തോ നിധി ആയിരുന്നെന്നും. കാവിലെ നിധി എടുത്തു വീട്ടിൽ കൊണ്ടുവന്ന് ആരെയും അറിയിക്കാതെ വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടെന്നും.
പിറ്റേന്ന് ഞെട്ടി ഉറക്കമുണർന്ന മുത്തശ്ശൻ സ്വയം ബോധം നഷ്ടപെട്ട് ഭ്രാന്തനെപോലെ ഓടി എന്നും ചുറ്റും കൂടിയ ആൾക്കാർ നോക്കിനിൽക്കെ കിണറ്റിൽ ചാടിയെന്നും. ജീവനോടെ തിരിച്ചു കിട്ടിയെങ്കിലും കിണറ്റിലെ പാറയിൽ ഇടിച്ച് വിരൂപമായ മുഖവുമായി കാലങ്ങളോളം അയാൾ ഈ നാട്ടിൽ ജീവിച്ചുവെന്നും. കാവിലെ നിധി എടുത്തതിന്റെ പരിണിതഭലമാണ് അയാൾക്കിങ്ങനെ വന്നതെന്നും തുടർന്നുണ്ടായ തലമുറകൾ ഓരോ രീതിയിലും ബാധിക്കപെട്ടവരായിരുന്നെന്നും നാട്ടിൽ പറയപ്പെടുന്നു. കപ്പിയുടെ അച്ഛൻ ജന്മനാ അന്ധനായിരുന്നു. കപ്പി ഇങ്ങനെയുമായി... മനസ്സിനെ നടുക്കുന്ന മറ്റൊരു സംഭവമാണ് കപ്പിയുടെ വെള്ളം കോരലിനു പിന്നിലെ കഥ..കപ്പിയുടെ അച്ഛൻ വഴിയോരങ്ങളിൽ പാട്ടുപാടിയായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്.കാഴ്ച്ച ഇല്ലാതെ ആ മനുഷ്യൻ ഒരു വടിയെ വഴികാട്ടിയാക്കിയായിരുന്നു യാത്ര. ഒരിക്കൽ തളർന്നു അവശനിലയിലായ കപ്പിയുടെ അച്ഛൻ കുടിക്കാൻ ഒരിറ്റു വെള്ളത്തിനായി ഒരു വീടിന്റെ കിണറ്റുംകരയിൽ ചെല്ലുകയും വെള്ളം കോരാൻ ശ്രെമിക്കുകയും ചെയ്തു. വഴികാട്ടി വടിയുടെ വഴി അന്നു പിഴച്ചു.... തന്റെ പിതാവിന്റെ ദുരവസ്ഥ അയാളിൽ ചേലുത്തിയ മാറ്റമാണ് കപ്പി എന്ന നാമത്തിന്റെ ജനനം... ദുരൂഹത നിറഞ്ഞ കഴിഞ്ഞകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കപ്പിയും
ഒരു ദുരൂഹതയായി മാറി...മനയ്ക്കലെ ആനക്കു പുറം നാട്ടിലെ കോവിലിൽ പൂരത്തിന് വിളിവന്നതും ആനക്കൊപ്പം കപ്പിയും പൂരത്തിന് യാത്ര തിരിച്ചതും എല്ലാവർക്കും ഓർമ്മയിലുണ്ട് പക്ഷെ പൂരം കഴിഞ്ഞ് തിരിച്ചു വന്ന ആനക്കൊപ്പം കപ്പിയില്ലായിരുന്നു... മനയ്ക്കലെ ആന നാട്ടിൻപുറത്തെ കോവിലിലെ വേലക്കല്ലാതെ പുറത്തു പോകുന്നത് ഇതാദ്യ മായിരുന്നു. സ്ഥിരമായി വലിയ പൂരങ്ങൾക്കു പോകുന്ന കൊമ്പൻ മാരെ കണ്ട കപ്പി അവരോടൊപ്പം പോയി എന്നൊരു ശ്രുതി നാട്ടിൽ പടർന്നിരുന്നു.. തിരിച്ചു വന്ന ആനക്കു മതപ്പാടുണ്ടെന്നും. പൂരം കഴിഞ്ഞു വന്ന ആനയുടെ കൊമ്പിൽ ചോര കണ്ടെന്നും ചിലർ. അത് കുങ്കുമമാണന്ന് മറ്റു ചിലർ!!
കപ്പി ഇപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്... ഇരുട്ടു നിറഞ്ഞ ചോദ്യം....കുളി കഴിഞ്ഞിറങ്ങുമ്പോൾ പുറത്തൊരു കിളിയുടെ കരച്ചിൽ കേൾക്കാമായിരുന്നു പുളിമരത്തിനുചുറ്റും ആ കിളി വലംവെക്കുന്നുണ്ടായിരുന്നു. തകർന്ന കൂട് ഈ കിളിയുടേതാവാം!!.കിടപ്പാടം നഷ്ടപെ ട്ടതിന്റെ രോധനം കുറേ നേരം മുഴങ്ങികേട്ടൂ!! ജെ.പി യെ കാണാൻ പോകണമെന്നുണ്ട് പക്ഷെ മനസ്സതിനനുവധിക്കുന്നില്ല
.ഈ യാത്രയുടെ അവസാനം അക്ഷരങ്ങൾ കൊണ്ടൊരു മാന്ത്രികത സൃഷ്ടിക്കും എന്നൊരുറപ്പു കൊടുത്തിട്ടാണ് ഞാൻ ജെ.പിയോട് യാത്ര പറഞ്ഞത്. പക്ഷെ ഞാൻ കണ്ട കാഴ്ച്ചകൾക്ക് അക്ഷരങ്ങൾക്കു ജീവൻ നൽകാൻ സാധിച്ചില്ല... ശൂന്യമായ പേപ്പറുമായി ഒരു പുതു ശ്രമത്തിനായ്ഞാനിരുന്നു. കണ്ടകാഴ്ച്ചകൾ മനസ്സിനുള്ളിൽ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.കടന്നു പോയ കാഴ്ച്ചകൾക്കിടയിൽ അയാളുടെ മുഖം എന്റെ മനസ്സിൽ ഒരു നിമിഷം നിറഞ്ഞു നിന്നു അയാൾ ഒരു ശിൽപ്പിയായിരുന്നു. ഒരു ദിവസം ഞാൻ ഉറങ്ങിയത് അയാളുടെ ശിൽപ്പശാലയിലായിരുന്നു. അന്നത്തെ യാത്ര അവസാനിപ്പിച്ചത് വളരെ നേരത്തെ ആയിരുന്നു അതിനൊരു കാരണവുമുണ്ട് .മറ്റൊന്നുമല്ല അവിടെയൊരു ക്ഷേത്രത്തിലെ ഉത്സവമായിരുന്നു.വനാധിപത്യമുള്ള ഒരു ഉൾഗ്രാമമായിരുന്നുഅത് അവിടുത്തെ ആചാരങ്ങൾ വളരെ വെത്യസ്ഥമായിരുന്നു..ഞാൻ ഒരു അന്യ നാട്ടുകാരനാണെന്നുമനസ്സിലാക്കി എനിക്ക് അവിടം പരിചയപ്പെടുത്തിതന്നയാളാണ് യോഗിന്ദർ.ആളൊരു ശിൽപ്പിയാണ്. പരിചയമുള്ള എല്ലാ ശിൽപ്പിമാരെയും പോലെ അയാൾക്കും നീണ്ട മുടിയുണ്ടായിരുന്നു . അയാളുടെ ഗുരു കൊത്തിയ ശിൽപ്പമായിരുന്നു ആ ക്ഷേത്രത്തിലെ പ്രതിഷ്ട. അയാൾ അയാളുടെ ശിൽപ്പശാലയിലേക്കെന്നെ ക്ഷണിച്ചു. അവിടെ വേറെഒരാളും കൂടെയുണ്ടായിരുന്നു.അദ്ദേഹമാണ് തന്റെ ഗുരുവെന്ന് അയാൾ പരിചയപ്പെടുത്തി . ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള സൽക്കാരത്തിൽ മതിമറന്നു സ്വയം ബോധം നഷ്ടപെട്ട അയാൾ തന്റെ ഗുരുവിനെക്കുറിച്ച് എന്നോടുപറഞ്ഞു. തന്റെ ഗുരു ഈ നാട്ടിലെ ദൈവങ്ങൾക്കുരൂപം നൽകിയ മഹത് വ്യക്തിയാണെന്നും. കരിങ്കല്ലിൽ കാവ്യംസൃഷ്ടിക്കുന്ന മഹാനാണെന്നും തുടങ്ങി അങ്ങനെ പലതും അയാൾ പറഞ്ഞു. നാക്കിന്റെ കുഴച്ചിലിൽ പെട്ട് പുറത്തേക്കെത്തുന്ന വാക്കുകൾ മനസ്സിലാക്കാൻ കുറച്ചു പ്രെയാസം ഉണ്ടായിരുന്നു. പനങ്കള്ളൂ കുടിച്ചിട്ട് ആശാൻ പാടുന്നപാട്ട് മലയാളമായിട്ട് മനസ്സിലാക്കാൻ പെടുന്നപാട് എനിക്കോർമ്മ വന്നു.അപ്പോഴാണ് വന്നു പഠിച്ച ഭാഷ!!! നാടറിയുന്ന ശിൽപ്പിയാണദ്ദേഹം എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ വിരലുകൾക്ക് ശിൽപ്പങ്ങൾക്കു ജീവൻ നൽകാൻ സാധിക്കുന്നില്ല... കഴിഞ്ഞ ഒന്നരക്കൊല്ലമായി കല്ലിനെസ്പർശിക്കാതെ തുരുമ്പ്പിടിച്ചുകിടക്കുന്ന ഉളികൾകാണുമ്പോൾ എനിക്കു സഹിക്കാൻ കഴിയുന്നില്ല എന്ന് ഒരു വശത്തു വെച്ചിരുന്ന ഉളികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു... അയാൾ കാര്യങ്ങൾ വിവരിച്ചു. നാട്ടിലെ പ്രശസ്ഥനായ ശിൽപ്പി അയൽ നാട്ടിൽ നിന്നു വരെ അദ്ദേഹത്തെതേടി ആളുകൾ വന്നിരുന്നു. വളരെ മനോഹരമായ ജീവിതത്തിലേക്ക് ഇടിത്തിപോലെ ആ വിപത്തുവന്നു..ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യക്കു പെട്ടന്നു ചിലശാരീരിക ബുദ്ധിമുട്ടുകൾഅനുഭവപ്പെട്ടു അതികം വൈകാതെ തന്നെ ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അവരുടെ ശരീരം രോഗം തിരിച്ചറിയാൻ ഏറെ വൈകിയിരുന്നു. വൈദ്യശാസ്ത്രത്തിന്റെ പരിധിയും ലങ്കിച്ച് രോഗം ശരീരം കീഴ്പെടുത്തിയിരുന്നു... രോഗത്തിന്റെ പേരുപറയാൻ പഠിക്കുംമുമ്പേ രോഗം അവരെയുംകൊണ്ട് ഞങ്ങളിൽ നിന്നും അകന്നിരുന്നു.
ധാരുണമായ അന്തരീക്ഷത്തെ വീണ്ടും അധീവധാരുണ മാക്കികൊണ്ട് ആ ദുഃഖ വാർത്ത ഞങ്ങളിലേക്കെത്തി. അമ്മയിൽനിന്ന് മകളിലേക്കും ഈരോഗം എത്തിപ്പെടാൻ സാധ്യത ഉണ്ട് എന്ന വാർത്ത ഡോക്ടർ പറയുമ്പോൾ അദ്ദേഹമാകെ തകർന്നുപോയി.രണ്ടു വയസുമാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ ഒരാപത്തും കൂടാതെകിട്ടണേ എന്ന അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ദൈവത്തിന്റെ കാരുണ്യമുണ്ടായില്ല.
ദൈവങ്ങൾക്കു മുഖം നൽകിയ അദ്ദേഹത്തിന്റെ മുഖം ദൈവങ്ങൾ കണ്ടില്ല എന്ന്തോന്നിപോയനിമിഷം.
കുറെയേറെ ടെസ്റ്റുകൾക്കൊടുവിൽ ആ കൊച്ചുകുട്ടിയും രോഗത്തിന്റെ പിടിയിൽപെട്ടിരുന്നെന്നു തെളിഞ്ഞു. പക്ഷെ ഈ ഭൂമിയിൽ ജീവിക്കാൻ അമ്മയെക്കാൾ അവകാശം കുറവായിരുന്നു അവൾക്ക്. മരുന്നും മന്ത്രവും അതികം വൈകാതെ തന്നെ മരണത്തിനവളെ വിട്ടുകൊടുത്തു. വേർപാടുകളുടെ വിരഹത്തിൽ നിന്നും അദ്ദേഹത്തിന്
മുക്തനാകാൻ സാധിച്ചില്ല. അവരുടെ ഓർമ്മകളിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു മരിച്ചവനുതുല്യമായി... എല്ലാ ചിന്തകളിൽനിന്നും അദ്ദേഹത്തെ മാറ്റി വീണ്ടും ഒരു ശിൽപ്പിയായി ജീവിപ്പിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു. എന്റെ ശ്രമപരമായി അദ്ദേഹം വീണ്ടും ഉളികൾ കയ്യിലേന്തി പക്ഷെ അദ്ദേഹം കൊത്തിയ ശിൽപ്പങ്ങൾക്കെല്ലാം തന്റെ മകളുടെ മുഖമായിരുന്നു. തന്റെ മകളുടെ മുഖമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്
രൂപം നൽകാൻ സാധിച്ചില്ല. ശിൽപ്പിയുടെ വിരലുകൾ ജീവൻ നൽകുന്നത് മനസ്സിലെ ചിത്രങ്ങൾക്കാണല്ലോ.. ഈ ശിൽപ്പശാല അദ്ദേഹത്തിന്റേതാണ് . വിധിയുടെ വീരകൃത്യങ്ങളുടെ ബാക്കിപാത്രമായി അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു.…കഥകൾ പറഞ്ഞുകഴിഞ്ഞും അയാൾ കരച്ചിൽ നിർത്തിയില്ല കരഞ്ഞു കരഞ്ഞ് അയാൾ ഉറങ്ങി..യാത്രപറഞ്ഞ് അവിടുന്നിറങ്ങുമ്പോൾ
മനോഹരമായ ഉത്സവക്കാഴ്ച്ചകൾക്കൊപ്പം ശിൽപ്പിയുടെ നൊമ്പരവും ഉണ്ടായിരുന്നു ഓർമ്മകളുടെ ശേഖരത്തിലേക്ക്...പക്ഷെ ആ ഓർമ്മകൾക്കൊന്നും അക്ഷരങ്ങൾക്കു ജീവൻ നൽകാൻ സാധിച്ചില്ല..അക്ഷരങ്ങൾക്കു ഞാൻ അന്യനായപോലെ തോന്നി....പുറത്ത് മജീക്ക തൂണിൽ ചേർത്തുകെട്ടിയ ഓലപ്പായ അഴിച്ചെടുത്ത് വശത്തെവരാന്തയിലേക്ക് നടക്കുന്നത് ജനലഴിയിലൂടെ ഞാൻ ശ്രെദ്ധിച്ചു. കടയുടെ പിൻഭാഗത്താണ് വരാന്ത.അതിനോട്ചേർന്നുതന്നെ ഒരു ചെമ്പകമരവും ഉണ്ട്. കാറ്റിൽ ആടിഉലഞ്ഞെത്തുന്ന ചെമ്പകപ്പൂവിന്റെ പ്രധാന പതനസ്ഥലം വരാന്തയായിരുന്നു. വരാന്തയിലേക്കുവീണ ചെമ്പകപ്പൂക്കൾ ഇക്ക കൈകൊണ്ടു പെറുക്കി മരച്ചോട്ടിലേക്കു മാറ്റിയിടുന്നത്
ഞാൻ പലതവണ ശ്രെദ്ധിച്ചട്ടുണ്ട്. വരാന്തയടിക്കുന്ന ചൂൽ അവിടെയിരുന്നാലും പുള്ളി അങ്ങനെ തന്നെ ചെയ്യൂ. ആ കാഴ്ച്ച ഒരു മനോഹരമായി തോന്നി!!കാറ്റിലാടുന്ന ചെമ്പകപൂക്കളെയും തഴുകി ആ ശബ്ദം എന്റെ ജനലഴികളിലെത്തി \"അള്ളാഹു അകുബർ \" പള്ളിയറയിൽനിന്നും മുല്ലാക്കയുടെ ശബ്ദം ചുറ്റുവട്ടം കീഴടക്കിയിരുന്നു...മുറിയിലെ ചെറിയഇരുട്ടിൽനിന്നും ഏകാന്തതയുടെ വലിയഇരുട്ടിലേക്ക് സ്വയംതെന്നിവീഴാനായി ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് ചാരുകസേരയുടെ പിന്നിലേക്ക് ചാഞ്ഞു.
ശങ്കരേട്ടന്റെ റേഡിയോഗാനം എന്റെ ഏകാന്തതയിൽ തുളച്ചുകയറിയത് വളരെപെട്ടന്നായിരുന്നു. സംഗീതം വളരെ മനോഹരമായ ഒരു ആസ്വാദനലഹരി ഒളിപ്പിച്ച ഒരു കലയാണ് മഴപോലെ സുന്ദരം!! ഞങ്ങളുടെ ഒത്തുകൂടൽ സധസ്സുകളെ സംഗീതം കൊണ്ട് മനോഹരമാക്കിയിരുന്നത് ആശാനായിരുന്നു. അന്താക്ഷരിയുടെ ഒഴുക്കിലായിരുന്നു ആശാന്റെ പാട്ട്. ഒന്നു പാടിത്തുടങ്ങി തീരുന്ന അക്ഷരത്തിൽ അടുത്തപാട്ട് തുടങ്ങും. നൊടിയിടയിൽ പാട്ടുകൾ മാറിമറിയുന്ന അത്ഭുതം പലപ്പോഴും മൂക്കത്ത് വിരൽ വെച്ചുനോക്കിനിന്നട്ടുണ്ട്. വിശപ്പിന്റെ വിളിക്കു വിരാമമിടാനായി ഞാൻ താഴേക്കിറങ്ങി. മജീക്കയുടെ കടയിൽ ഉച്ചയൂണൊതുങ്ങിയിരുന്നു. കടയ്ക്കുള്ളിൽ മുല്ലാക്കയുണ്ടായിരുന്നു മുന്നിൽ പാതികുടിച്ച ഒരു കട്ടനുമുണ്ട് . ഞാൻ അദ്ദേഹത്തെ സലാംവെച്ചു! അദ്ദേഹം തിരിച്ചും. സംഭാഷണങ്ങളിൽ ആത്മീയതയുടെയും മാനവികതയുടെയും നന്മകൾ നിറഞ്ഞിരുന്നു. സ്വാമിയും മുല്ലാക്കയും ആശയങ്ങളുടെ അർത്ഥത്തിൽ ഒന്നായിതോന്നി. രണ്ടുപേരുടെയും വാക്കുകൾ ഹൃദയത്തോട്അടുത്തുനിൽക്കുന്നുണ്ടായിരുന്നു..കടയിൽ നിന്നിറങ്ങി മുറിയിലേക്കുള്ള കോണിപ്പടി കയറുമ്പോൾ മണിയുടെ പാട്ട്കേട്ടു അത് മണിയുടെ മുറിയിലേക്കുചെല്ലാൻ പ്രേരിപ്പിച്ചു\" രാസാത്തി ഉന്നെ കാണാമ നെഞ്ചം കാട്രാടിപോലാടുതെ \" മണിയുടെ പാട്ടിനൊപ്പം ഞാനും ഒന്നുമൂളി ആരായാലും മൂളിപ്പോകും അത്രക്കു മനോഹരമല്ലേ ആ വരികളും ഈണവും...എനക്ക് പുടിച്ച പാട്ടുതാ സാർ ഇത് കാസറ്റ് കൂടിറുക്ക് എന്നു പറഞ്ഞുകൊണ്ടു മണി അവന്റെ ടേപ്പ് ഒരു ചെറിയ തട്ടുകൊടുത്ത് ചാലുവാക്കി . ഒരു മൂളലിന്റെ അഗമ്പടിയോടെ ആ ഗാനമെത്തി. ഞങ്ങളതിന്റെ ഒഴുക്കിനങ്ങനിരുന്നു. പണ്ട് ആശാൻ പറയുമായിരുന്നു കൊച്ചുകുട്ടികളുടെ പുഞ്ചിരിയും സംഗീതത്തിന്റെ മനോഹരിതയും ആസ്വതിക്കാൻ കഴിയാത്തവർ മനുഷ്യരല്ലെന്ന്!!!.. മണിയോട് സുലാൻ പരഞ്ഞിറങ്ങി മുറിയിലെത്തി പേപ്പറും പേനയുമെടുത്ത് നിർത്തിവെച്ച ചിന്തകളിലേക്ക് സ്വയം തെന്നിവീണു. ചിന്തകളിൽ ശൂന്യത നിറഞ്ഞപ്പോൾ ജെ.പി യെ ഒന്നുപോയി കാണണം എന്ന് തോന്നി...മറ്റൊന്നുമല്ല !! എന്നിലെ അക്ഷരസ്നേഹിയെ ആദ്യം തിരിച്ചറിഞ്ഞ
ആളല്ലേ ജെ.പി.…..…ഏഴ് പൂർത്തിയാക്കി എട്ടാം തരം മുതൽ അക്കരെ സ്കൂളിലാണ്. പുതിയ സ്കൂളിൽ ചെന്നതും ഇങ്ങോട്ട് വന്ന് പരിചയപെട്ടതും ചങ്ങാതി ആയതും ജെ.പി യാണ് പുള്ളി നാലാം തരം മുതൽ അവിടെയായിരുന്നു പഠിച്ചത് അതുകൊണ്ടുതന്നെ ജെ.പി ക്ക് അവിടം പരിചിതമായിരുന്നു. പെട്ടന്നുതന്നെ ഞങ്ങൾക്കുള്ളിൽ ശക്തമായ ഒരു സൗഹൃദ വലയം സൃഷ്ടിക്കപെട്ടു. ഞങ്ങൾ ജെ.പി യുടെ ക്ഷണ പ്രെകാരം തറവാട്ടിലേക്കു പോയി ജെ.പി ഞങ്ങളുടെ തറവാട്ടിലേക്കുവന്നു അങ്ങനെ വീട്ടുകാർക്കുള്ളിലും ഞങ്ങൾ പരിചിതരായ്മാറി .കുറച്ചുനാളുകൾക്കുള്ളിൽ
തന്നെ വസുവും ജെ.പി യും തന്റെ കഴിവുകളാൽ ക്ലാസ്സിൽ ശ്രെദ്ധിക്കപെട്ടു.. ജെ.പി യുടെ തമാശകൾ ക്ലാസ്സിലെ പെൺകുട്ടികൾക്കിടയിൽ ഒരുപറ്റം ആരാധകരെ വരെ സൃഷ്ടിച്ചിരുന്നു.… ഇന്ന് പതിവിലും ഉത്സാഹമാണ് രാവിലെ അമ്മവിളിക്കാതെ തന്നെ ഉറക്കമുണർന്നു കുളിച്ചൊരുങ്ങി കാവിലേക്കു പോകാൻ തയ്യാറായി വേറൊന്നുമല്ല ഇന്നു കാവിലെ വേലക്കു കൊടികേറുകയാണ് പത്തു ദിവസത്തെ ആഘോഷം... മേളവും വെടിക്കെട്ടും താലപ്പൊലിയും രാത്രിയിലെ നാടകവും പറമ്പിന്റെ വശങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കച്ചവടക്കാരും മിനുങ്ങുന്ന ബൾബു കളും .… മൊത്തത്തിൽ നാടൊന്നുണരും...കാവിനോടു ചേർന്നുള്ള നമ്മടെ പറമ്പിലാണ് ആനയെ വിശ്രമത്തിനായി കെട്ടുന്നത് രാവിലെ തന്നെ പറമ്പിൽ പട്ട വെട്ടി ഒതുക്കിവെച്ചിട്ടുണ്ട്. കൊടിമരത്തിനായി വെട്ടിയ കവുങ്ങിന്റെ ചീകിയചീളുകൾ പറമ്പിന്റെ കോണിൽ കൂട്ടിയിട്ടട്ടുണ്ട് അതിന്റെ ഗന്ധം എന്റെ ഉള്ളിൽ ഒരു തെറുത്തുകയറ്റമുണ്ടാക്കി…ഒന്നാംദിനാഘോഷത്തിന്റെ അന്തിമഘട്ടമായ നാടകവും കണ്ടുമടങ്ങുമ്പോൾ സൂര്യനുണരാൻ സമയമടുത്തിരുന്നു. പിറ്റേന്നു പള്ളിക്കുടത്തിലെ പ്രധാന സംസാരവിഷയം കാവിലെ വേലയും നാടകവുമാണ്. നാടകത്തിന്റെ കഥ അതേപോലെ ജെ.പി ക്കു വിവരിച്ചുകൊടുക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷപെട്ടിരുന്നു. ചില നാടകത്തിന്റെ കഥകൾ ഞാൻ എന്റെ രീതിയിൽ മാറ്റി പറഞ്ഞത് ജെ.പി ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഓരോ ദിവസവും കഥകൾ പറയുമ്പോൾ എന്റെ ഭാവനയിൽ എങ്ങനെയായിരിക്കും എന്നുകൂടി ജെ.പി യുടെ നിർബന്ധപ്രേകാരം ഞാൻ പറഞ്ഞുതുടങ്ങി.. അങ്ങനെയിരിക്കെ സ്കൂളിലെ വായനശാലയുടെ ഉൽഘടനത്തോടനുബന്ധിച്ചുനടന്ന ഒരു കഥാരജന മത്സരത്തിൽ ജെ പി എന്റെ പേര് ഞാൻ അറിയാതെ നൽകി. വായന ശാലയുടെ ഉത്ഘാടനം കഴിഞ്ഞ് മത്സരാരംബത്തിന്റെ ഭാഗമായി പേരു വിളിക്കുന്നതിനെ ഇടയിൽ എന്റെ പേരു വിളിക്കുന്നത് കേട്ട് \"ഹേയ് അത് ഞാനായിരിക്കില്ല \"എന്ന് വിചാരിച്ചു തിരിയുന്നതിനും മുൻപേ ജെ പി ഒരു പേപ്പറും പേനയുമായി എന്റെ അടുത്തേക്കുവന്നു കൂടെ ഒരു ചെറു ചിരിയോടെ വസുവും ഉണ്ടായിരുന്നു... കഥാ വിഷയം മാഷ് ചോക്കുകൊണ്ട് ഓരോ അക്ഷരമായി എഴുതി.. \"സൂര്യൻ…\". ഒപ്പം ഇരുന്നവരൊക്കെ എഴുതിത്തുടങ്ങി.. കയ്യിൽ നിന്നു പേപ്പറിലേക്കു പടരുന്ന വിയർപ്പിനു വിരാമമിട്ടുകൊണ്ട് അന്നാധ്യമായി ഞാനൊരു കഥയെഴുതി...ആ നിമിഷം മുതൽ അക്ഷരങ്ങൾ എന്റെ ചിന്തകളുടെകൂടെ പ്രെകടനക്കാരായി മാറി…
എഴുത്തൊക്കെ കഴിഞ്ഞുവരുമ്പോൾ എഴുതിയതെന്താണന്നറിയാൻ ജെ.പി യും വസുവും കാത്തുനിൽപ്പുണ്ടായിരുന്നു. ആദ്യം കുറച്ചുഗമയിട്ടു നിന്നെങ്കിലും കർപ്പൂരമാങ്ങയുടെ പ്രെലോഭനത്തിൽ വശംവധനായി ഞാൻ കഥയവരോടു പറഞ്ഞു
രണ്ടുപേരും കഥയെ“ മനോഹരം’എന്ന് വർണിച്ചു എന്നോടുള്ള ഇഷ്ടം കൊണ്ടാകാം എന്റെ കഥയവർക്ക് ഇത്രയും ഇഷ്ടപെട്ടത് എന്നുഞാൻ ഊഹിച്ചു എന്നെ ഇനി കളിയാക്കാൻ വേണ്ടി പറയുന്നതാണോ എന്നും ഞാൻ സംശയിച്ചു .അധികം വൈകാതെതന്നെ കഥാരചനാമത്സരത്തിന്റെ ഭലം പ്രെക്യാപിക്കുന്നതിനായി എല്ലാവരും വായനശാലയുടെ മുൻപിലെ വരാന്തയിലേക്കു വരാനുള്ള അറിയിപ്പെത്തി. മാഷുമാരും കുട്ടികളും നിറഞ്ഞുനിൽക്കുന്ന സധസ്സിനു നമസ്കാരം പറഞ്ഞുകൊണ്ട്ഹെഡ്മാഷെത്തി കയ്യിൽ കുറച്ചു പേപ്പറുകളും ഉണ്ടായിരുന്നു.ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം ആരംഭിച്ചു \"കുഞ്ഞുങ്ങളെ നിങ്ങൾ എഴുതിയ ഓരോ കഥയും ഞങ്ങൾ വായിച്ചു നിങ്ങളിലെ അക്ഷരങ്ങളെ സ്നേഹിക്കുന്ന മനസ്സിനെ ഞങ്ങളറിഞ്ഞു സൂര്യൻ എന്ന ഒറ്റപദത്തിൽ നിന്നും വേറിട്ട പലതരം ചിന്തകളെ ഞങ്ങൾകണ്ടു. മിക്കവരും സൂര്യന്റെ ദൈവികതയെ കഥയാക്കിയാണ് എഴുതിയിരിക്കുന്നത്. നിങ്ങൾ എഴുതിയ കഥകളിൽ ഏറ്റവും വ്യത്യസ്തമായി തോന്നിയ ഒരു കഥ ഞാൻ ഈ വേദിയിൽ വായിക്കാം.
കഥയുടെ പെരിങ്ങനെയാണ് \'ദൈവത്തിന്റെ ഉണർത്തുകാരൻ\' അടുക്കളയിൽ അമ്മയുടെ പാചകത്തിന്റെ ഭാഗമായുള്ള തട്ടലും മുട്ടലും ചെവിയിലേക്കെത്തിത്തുടങ്ങി
മുത്തശ്ശിയുടെ രാമായണ പാരായണവും കേൾക്കാം എന്നാലും എണീക്കില്ല എന്ന് മനസ്സിലുറപ്പിച്ച് ഞാൻ ഒന്നുകൂടെ പുതച്ചു മൂടികിടന്നു. വീണ്ടും ഉറക്കത്തിലേക്കുവഴുതി വീണു. ഉറക്കത്തിനിടയിൽ അറിയാതെ കൈതട്ടി ജനാലതുറന്നു വെളിച്ചം എന്റെ ഉറക്കത്തെയും വകഞ്ഞുമാറ്റി മുറിയിൽപരന്നു
ഈ സൂര്യന്റെ ഒരുകാര്യം മനുഷ്യൻ ഉറങ്ങാനും സമ്മതിക്കില്ല എന്നും പറഞ്ഞ് തലയും ചൊറിഞ്ഞ് ഞാൻ കട്ടിലിൽ നിന്നിറങ്ങി വരാന്തയിലേക്കുനടന്നു. പിറു പിറുത്തു കൊണ്ടുവരുന്ന എന്നെ നോക്കി മുത്തശ്ശി ചിരിച്ചുകൊണ്ടു ചോദിച്ചു ഇന്നെന്തു പറ്റി കണ്ണാ നീപറഞ്ഞോണ്ട് ഞങ്ങളാരും നിന്നെ വിളിച്ചില്ല ഇന്ന് സ്കൂളില്ലല്ലോ എന്തേ എന്റെ കുട്ടിക്കുറക്കം വരണില്ലേ. ഈ സൂര്യൻ സമ്മതിക്കണ്ടേ മുത്തശ്ശി ഉറങ്ങാൻ. രാവിലെ നിൽക്കയല്ലേ ഉണർത്താനായിട്ട്. ഈ സൂര്യൻ എങ്ങനെയാ മുത്തശ്ശി അതിരാവിലെ എണീക്കണത്. സംസാരം കേട്ടുവന്ന അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു നല്ല ചോദ്യം മുത്തശ്ശിയിപ്പം പറഞ്ഞുതരും നീ കേട്ടോണേ... നീ പോടാ കളിയാക്കാതെ എന്റെ ഉണ്ണിക്കുട്ടൻ ഇഞ്ഞിവാ മുത്തശ്ശി പറഞ്ഞുതരാം…ഉണ്ണിക്കുട്ടാ പണ്ട് പണ്ട് ദൈവം ഭൂമി സൃഷ്ടിച്ചതിനു പിന്നാലെ ഇവിടെ ജീവിക്കാനുള്ള മനുഷ്യരെയും സൃഷ്ടിച്ചു പിന്നെ ഭൂമിക്കു ഭംഗിക്കായി കാടുകളും മൃഗങ്ങളെയും കടലും സൂര്യനും എല്ലാം സൃഷ്ടിച്ചു. അങ്ങനെ ദൈവത്തിന്റെ പുത്രന്മാർ ഭൂമിയിലെ സൗഭാഗ്യങ്ങളിൽ മതിമറന്നാഘോഷിച്ചു. അങ്ങനെയിരിക്കെ താൻ സൃഷ്‌ടിച്ച നാടുകാണാൻ തീരുമാനിച്ച ദൈവം ഭൂമിയിലേക്കു യാത്രയായി. എന്നാൽ ഭൂമിയിലെത്തിയ ദൈവം അവിടെ കണ്ട കാഴ്ച്ച കണ്ട് അമ്പരന്നു. ചുറ്റുവട്ടം കാണാൻ പറ്റാത്ത രീതിയിൽ കുറ്റാ കൂരിരുട്ട്. ദൈവം സൃഷ്‌ടിച്ച മനുഷ്യരും മൃഗങ്ങളും പക്ഷികളും എല്ലാം ഭയങ്കര ഉറക്കം. ദൈവം വന്നതു പോലുമറിയാതെ മതിമറന്നുള്ള ഉറക്കം... ദൈവം നൽകിയ സൗഭാഗ്യങ്ങൾ ദുർവിനിയോഗം ചെയ്യുകയും അതിലുപരി ഉറക്കത്തിനടിമകളായ് മാറുകയും ചെയ്ത തന്റെ സൃഷ്ടികളിൽ കോപിഷ്ടനായ ദൈവം തന്റെ സൃഷ്ടികൾക്ക് നൽകാനായി കയ്യിൽ കരുതിയ സമ്മാനങ്ങൾ സമുദ്രത്തിലേക്കു വലിച്ചെറിഞ്ഞു സമുദ്രത്തിലെ തിരകളുടെ ഇളകിമറിയലിൽ ആടിയുലഞ്ഞ സൂര്യൻ ദൈവത്തെ കണ്ടു ഞെട്ടി എണീറ്റു ഉദിച്ചുണർന്ന സൂര്യന്റെ പ്രെകാശം ചുറ്റും പടർന്നു വെളിച്ചത്തിന്റെ വരവോടെ എല്ലാരും ഉറക്കത്തിൽ നിന്നുണർന്നു സർവജീവനും സൂര്യവെളിച്ചത്തിൽ ഉണരുന്ന കണ്ട ദൈവം
അതു തന്നെ ഒരു മാർഗമായി തിരഞ്ഞെടുത്തു.അങ്ങനെ സൂര്യനെ സർവ്വ ജീവജാലങ്ങളുടെയും ഉണർത്തുകാരനായി ദൈവം നിയോഗിച്ചു .…. കഥ വായിച്ചു തീരുമ്പോൾ ജെ.പി യും വസുവും എന്നെ കെട്ടി പിടിച്ച നിമിഷം ഇന്നും എന്റെ ഓർമകളെ വരിഞ്ഞുമുറുക്കുന്നു. ആരുമറിയാത്ത എട്ടാംക്‌ളാസ്സുകാരന് ആരാധകരെ സൃഷ്‌ടിച്ച ആ നിമിഷം………ഞാൻ എഴുതാനായി വച്ച പേപ്പറിനു മുകളിലേക്ക് ഒരു പല്ലി വന്നു വീണു നിമിഷങ്ങൾക്കുള്ളിൽ അത് ഭിത്തിയുടെ ഓരത്തുമെത്തി. മഴയിൽ പിറവിയെടുത്ത ഈയലുകളെ പിടിക്കാനുള്ള ബദ്ധപ്പാടിലാണ് പല്ലികൾ. അങ്ങനെ ഒരു ശ്രെമപരാജയത്തിന്റെ ഫലമായാണ് പല്ലി വീണതെന്ന് തോനുന്നു... മുന്നിലെ വെള്ളപേപ്പറിൽ ചിറകുകൾ നഷ്ടപ്പെട്ടു മലക്കം വീണ ഈയൽ തിരികെ മറിയാൻ പാടു പെടുന്നത് കണ്ടപ്പോഴാണ് പണ്ട് മുത്തശ്ശി പറഞ്ഞത് ഓർമ്മ വന്നത്, ഈയലുകളുടെ പള്ള കറുപ്പാണെങ്കിൽ ഇന്നു രാത്രി ഇടി വെട്ടി മഴയായിരിക്കും വെള്ളയാണെങ്കിൽ മഴ കാണില്ല. ,മുത്തശ്ശി പറഞ്ഞത് നേരാണോന്നറിയാൻ വേണ്ടി ഈയലിനെ പിടിച്ചുനോക്കിയതോർക്കുമ്പോൾ
അറിയാതെ ഉള്ളിൽ നിന്ന് ചിരി തോനുന്നു. ആ പഴയ കൗതുകത്തോടെ ഞാൻ ഒന്നുകൂടെ മുന്നിൽ വീണ ഈയലിനെ നോക്കി.….. ആ സുന്ദരി പിന്നെയുമെത്തി!! ആടിയുലഞ്ഞുള്ള ആ വരവിന്റെ സൗന്ദര്യം എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ജനലഴികളും താണ്ടി എന്റെ മുഖത്തെ അവൾ സ്പർശിച്ചു.. മുന്നിലിരുന്ന പേപ്പറുകൾ കുതിരാതിരിക്കാൻ ഞാൻ അൽപ്പം നീക്കിവെച്ചു. അതറിഞ്ഞ പാടെ അവൾ പുളിമരചില്ലകളെ കൂട്ടുപിടിച്ച് അങ്ങോട്ടേക്കാഞ്ഞു. പേപ്പറിൽ വെള്ളത്തുള്ളികൾ സ്പർശിച്ചു! അവൾ വിജയിച്ചിരിക്കുന്നു.. മഴയോടുളള എന്റെ ആസ്വാധനം പ്രായപക്വതയുടെ കേട്ടുപാടുകൾ ക്കുള്ളിൽ പൂട്ടിവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഒരിക്കൽ മഴ നനയുന്ന കണ്ട എന്നോട് ശങ്കരേട്ടൻ ചോദിച്ചു എന്താ കുട്ട്യോളെ പോലെ മഴനനയണെ. വല്ല ജ്വരവും വരൂട്ടോ!!!!!പറഞ്ഞുതീരും മുമ്പേ ശങ്കരേട്ടന്റെ കയ്യിലുപിടിച്ചു മഴയത്തേക്കിറക്കി. ഒന്നു വിറങ്ങലിച്ചു കുതറിയിറങ്ങിയ ശങ്കരേട്ടൻ മഴ തീരും വരെ എന്നോടൊപ്പം അവിടെ അങ്ങനെ ആസ്വദിച്ചു നിന്നു. ഇടക്കിടക്ക് പൊട്ടിച്ചിരിച്ചു. അവസാനം അദ്ദേഹം എന്നോട് പറഞ്ഞ വാക്ക് ഇന്നലകളെ വകഞ്ഞുമാറ്റി ഇന്നും എന്റെ മനസ്സിനെ കീഴ്പെടുത്തികൊണ്ടിരിക്കുന്നു.. \"എന്നോ നഷ്ടപെട്ട ബാല്യത്തെ തിരികെതന്നു\"… പിന്നെ ഒരു പുഞ്ചിരിയും ആ പുഞ്ചിരി എന്റെ മനസ്സു നിറച്ചു!!!! ഊരുചുറ്റിക്കഴിഞോരോരുത്തരായി എത്തിത്തുടങ്ങിയിരിക്കുന്നു. യാത്രാവസാനമുള്ള വിശ്രമമെന്നോണം പലരും മരക്കൊമ്പിന്റെ അവിടവിടായി കുറുകിയിരുപ്പുണ്ട്..ആ ഇരുപ്പിനു വിരാമമിട്ടുകൊണ്ട് വീണ്ടും അവളെത്തി!!സുന്ദരി!! അക്ഷരങ്ങളുടെ പിണക്കം ഇനിയും തീർനട്ടില്ല..എങ്കിലും എന്റെ ഇണങ്ങാനുള്ള ധ്വനി കുറഞ്ഞട്ടില്ല…. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതെന്നോണം\"മഴ\" വെരുന്നു പോകുന്നു.. പെട്ടന്നായിരുന്നു വാതിലുകളെ ഇരുവശങ്ങളിലേക്കു വിന്യസിച്ചുകൊണ്ട് മണിയുടെ കടന്നു വരവ്. കയ്യിൽ ഒരു കട്ടനും ഒരു പൊതിയുമുണ്ട്. പൊതി എണ്ണമയത്താൽ നേർത്തുതുടങ്ങിയിരുന്നു.. കടക്കുമുന്നിൽനിന്ന് ചിരിച്ചുകൊണ്ടു കയ്യാട്ടുന്ന മജീക്കയെ ജനാല അഴികൾക്കിടയിലൂടെ ഞാനും തിരിച്ചു കയ്യാട്ടി… വിളിപ്പേരിൽ നൂറുശതമാനം സത്യമുണ്ട് എന്നുതെളിയിച്ചുകൊണ്ട് മണി കട്ടനും തന്ന് നിമിഷ നേരത്തിനുള്ളിൽ വെട്ടിലിനെപ്പോലെ താഴേക്കു പാഞ്ഞു….. ജനലോരമിരുന്നുള്ള ചായകുടി വളരെ ആസ്വാധനം തരുന്ന ഒന്നാണ്. നല്ല മൊരിഞ്ഞ പരിപ്പുവടയിൽ അവിടവിടായി തെളിഞ്ഞു കാണുന്ന കറിവേപ്പിലയും പച്ചമുളകും ഹാ!! നാവിലെ രുചി മനസ്സിലെത്തുന്ന മഹാത്ഭുതം.. ഒരു നാടകത്തിന്റെ പരസ്യനോട്ടീസിലാണ് വട പൊതിഞ്ഞുകൊണ്ടുവന്നത്. എണ്ണമയം ഏറെക്കുറെ അക്ഷരങ്ങളെ കീഴടക്കിയിരുന്നു. നാടകങ്ങൾ എനിക്കേറെ പ്രിയപെട്ട ഒന്നായിരുന്നു.. ഞാൻ കണ്ട ഏറ്റവും നല്ല നടൻ അയാളായിരുന്നു സേതുരാമൻ ഞങ്ങളുടെ സേതു. അഭിനയത്തിനപ്പുറം പരകായപ്രവേശനത്തിന്റെ ഉച്ചസ്ഥായി ആയിരുന്നു സേതു.. രാജാവും അടിയാളനും ഭ്രാന്തനും വിജ്ഞാനിയുമങ്ങനെ പലതുമടങ്ങുന്ന വേഷപകർച്ചകളുടെ തമ്പുരാൻ…. ഒരിക്കൽ ഞങ്ങളുടെ സായാഹ്ന ചർച്ചകൾക്കിടയിൽ മിണ്ടാതിരിക്കുന്ന സേതുവിനെ നോക്കി ജെ.പി ചിരിച്ചുകൊണ്ട് ചോദിച്ചു. എന്താ സേതു ഇന്നലത്തെ രാജാവ് തട്ടേന്നിറങ്ങിയില്ലേ ഒരു ഗൗരവം…തലേന്ന് സാഹിത്യ വേദിയുടെ വീര വിക്രമാദിത്യ നാടകം ഉണ്ടായിരുന്നു സേതുവായിരുന്നു വിക്രമാദിത്യൻ… സേതുവിന്റെ മറുപടി പതിവുപോലെ വളരെ കൃത്യതയോടെ എത്തി.ഒരു എഴുത്തുകാരൻ തന്റെ ഹൃദയത്തിൽ തൊട്ടെഴുതുന്ന കഥ ഒരു നടൻ തന്റെ ആത്മാവിൽ ലയിപ്പിച്ചഭിനയിക്കുമ്പോഴാണ് അവിടെ ആത്മാർത്ഥമായ കലയുണ്ടാകുന്നത്. തട്ടേന്നിറങ്ങുമ്പോൾ മുഖത്തു തേച്ച ചായം കഴുകി കളയും പോലെ പെട്ടന്നൊന്നും അത് പോവില്ല… സേതു പറഞ്ഞത് വളരെ മൂല്യ മുള്ള വാക്കുകളായി എനിക്കു തോന്നി.. എഴുതുമ്പോൾ ചിന്തകളിലൂടെ ഞാൻ കഥാ പാത്ര മായിമാറാറുണ്ട് ആ കാര്യം ഞാൻ തന്നെ എന്നെ പഠിച്ചു മനസ്സിലാക്കിയതാണ് \"നാളീപുരത്തിലെ ഭ്രാന്തൻ \"ഞാൻതന്നെ ആണെന്ന് പലപ്പോഴും എനിക്കു തോന്നിയട്ടുണ്ട്!!!!! മേശയുടെ മൂലക്ക് അതുവരെ നോട്ടം പോകാതെ കിടന്ന നാളീപുരത്തെ ഭ്രാന്തന്റെ പുറം താളുകളിലേക്ക് എന്റെ കണ്ണുകൾ ഓടിമാറി.… സേതുവിനെ കണ്ടിട്ട് കുറേ നാളായി ഒരിക്കൽ ഒരു സമകാലീന സാമൂഹ്യ പ്രേശ്നങ്ങൾ ഉൾകൊണ്ടുള്ള നാടക കഥക്കായി എന്നെ കാണാൻ വന്നിരുന്നു കഥ എഴുതി നൽകിയത് വായിച്ചട്ട് അയാൾ എന്നെ നോക്കി ചോദിച്ചു അക്ഷരങ്ങൾക്ക് ഒരു വിപ്ലവത്തിന്റെ ഗന്ധമുണ്ടല്ലോ നീലാ താൻ കമ്മ്യൂണിസ്റ്റായോ? അക്ഷരങ്ങൾക്ക് വിപ്ലവത്തിന്റെ ഗന്ധ മുണ്ടാകാൻ ഒരു നല്ല മനുഷ്യനായാൽ മതിയെന്ന് ഞാനും പറഞ്ഞു എന്റെ മറുപടി അയാളിൽ ഒരു ചിരി പടർത്തി.. ചിരിച്ചു കൊണ്ടയാൾ ചോദിച്ചു എല്ലാം ഒന്നല്ലേ!!!!!!ഞാനും ചിരിച്ചു!!...\"സേതു ജീവിതത്തിൽ അഭിനയിക്കാനറിയാതെപോയ നടൻ\" ഒരു പുച്ഛത്തോടെ അയാൾ തന്നെ പറഞ്ഞ വാക്കുകളാണിത്. അതിലെ അന്തരം മനസ്സിലാകാതിരുന്ന എന്നോട് അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു നീലാ ഓരോ യാത്രക്കും ഒരു ലക്ഷ്യമുണ്ട് നിന്നെ സ്നേഹിക്കുന്നവരെയും നീ സ്നേഹിക്കുന്നവരെയും ഒക്കെ വിട്ടിട്ട് നീ വണ്ടി കയറിയത് കഥക്കും കഥാപാത്രങ്ങൾക്കും പിന്നാലെയാണ്. എന്നാൽ എന്റെ യാത്ര വിധിയെന്ന വാക്കിനു പിന്നാലെ ഞാൻ ചേർത്തുനിർത്തി....അയാളുടെ വാക്കുകൾ അഘാതമായ എന്തിനെയോ ഒളിപ്പിക്കുന്നുണ്ടായിരുന്നു അയാളുടെ കണ്ണുകൾ ഓർമ്മകളെ തിരയുന്നത് എനിക്കു കാണുവാൻ കഴിഞ്ഞു...വർഷങ്ങൾക്കു മുൻപ് ഞാൻ ഇവിടേക്കു യാത്ര തിരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസം തന്നെയായിരുന്നു. എന്റെ അച്ഛൻ ആത്മാർത്ഥ സുഹൃത്തിന്റെ മകളുമായി എന്റെ വിവാഹം നടത്താനുദ്ദേശിച്ച അതേ ദിവസം....... കല്യാണ ദിവസത്തിനു തലേ ദിവസം .നേരം സന്ധ്യകഴിഞ്ഞിരുന്നു.നവ വധു എന്നെയും കാത്തുവഴിയിൽ നിന്നപ്പോൾ എന്തിനാണെന്ന് ഒറ്റ നോട്ടത്തിൽ എനിക്കു മനസ്സിലായില്ല. അടുത്തേക്കു ചെന്നപ്പോൾ എന്തോ പറയാനായി പെൺകുട്ടി വിതുമ്പുന്നതായി എനിക്കു മനസ്സിലായി.. എന്റെ ആശ്വാസപരമായ സമീപനത്തിൽ അവൾ എന്നോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് എന്റെ ബന്ധു തന്നെയാണ് അദ്ദേഹം. പേര് ബാലൻ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാലൻ ചേട്ടനെ അംഗീകരിക്കാൻ എന്റെ വീട്ടുകാർക്ക് കഴിയില്ല എന്ന പൂർണ്ണ ബോധ്യം കൊണ്ടാവണം കല്യാണത്തിനു മുൻപേ ഞങ്ങൾ അദ്ദേഹത്തിന്റെ തമിഴ്നാട്ടിലുള്ള സുഹൃത്തിന്റെ അടുത്തേക്കു പോകാൻ തീരുമാനിച്ചത് . അതിനു മുന്നോടിയായി അവിടെ പോയി എല്ലാം ശരിയാക്കാൻപോയ ബാലൻചേട്ടൻ തിരികെ വരാൻ ഉദ്ദേശിച്ച ദിവസം കഴിഞ്ഞും വരാത്തത് എന്നെ ഭയപെടുത്തി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പകച്ചുപോയി ഇന്നു രാവിലെയാണ് അദ്ദേഹത്തിന്റെ സുഹൃത്തുവഴി ഞാൻ അറിഞ്ഞത് ഒരു റോഡപകടത്തിൽ അദ്ദേഹം ആശുപത്രിയിലായെന്ന് എങ്ങനെയും എനിക്കായി കാത്തിരിക്കണം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് നിന്ദിക്കാനാകില്ല എന്റെ മരണം കൊണ്ടു വേണം ആ വാക്ക് കാക്കേണ്ടതെങ്കിൽ അതിനും ഞാൻ തയാറാണ്....കരഞ്ഞുകൊണ്ട് ആ പെൺകുട്ടി എന്റെ കാലിൽ വീണു... എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ ഒന്നുപിടഞ്ഞു..കാലഘട്ടം ഞാൻ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ ഈ കാര്യം എല്ലാവരോടും പറഞ്ഞ് അവരെ തമ്മിൽ ചേർക്കുക എന്നത് തികച്ചും നടക്കില്ല എന്നുറപ്പാണ്. ആ പെൺകുട്ടിയെ ബലികൊടുക്കുന്നതിനു തുല്യമാകും അത്.. ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങൾക്ക് ഇന്നും അതിരുകൾ കാത്തുസൂക്ഷിക്കുന്ന സാക്ഷരസമൂഹം അപ്പോൾ അന്നത്തെ കാര്യങ്ങൾ പറയേണ്ടല്ലോ. കൂടാത്തതിനു ബാലൻ എന്ന ചെറുപ്പക്കാരന്റെ അച്ഛൻ ഒരു അന്യമതസ്ഥനും. കുടുംബ സുഹൃത്തുമായുള്ള കല്യാണം തികച്ചും വീട്ടുകാർ അംഗീകരിക്കില്ല എന്നതിന്റെ പ്രധാന കാരണം സാമ്പത്തികം എന്നതു മാത്രമല്ല എന്നു ചുരുക്കം!!!!!
ജന്മിത്തം നാടുനീങ്ങിയെങ്കിലും അതിനിയും വിട്ടുകളായാൽ മനസ്സില്ലാതെ ജീവിക്കുന്ന ഒരുകൂട്ടം ആൾക്കാർ ഉള്ള ഈ കാലത്തും. അന്നെന്തൊക്കെ നടക്കും എന്നു ഞാൻ പറയേണ്ടല്ലോ..ഒടുവിൽ കല്യാണം നടക്കില്ല എന്നു വാക്ക് കൊടുത്ത് ഞാൻ ആ രാത്രിയിൽ എന്റെ യാത്ര ആരംഭിച്ചു. ലക്ഷ്യ മില്ലാത്ത യാത്ര..പിറ്റേന്നു പുലർച്ചെ കല്യാണചെറുക്കനെ കാണാനില്ലാത്ത വിവരം നാടുകീഴടക്കി... എന്നെ പറ്റി പല അഫ്യുഹങ്ങളും നാട്ടിൽ പരന്നു.. ഞാൻ ഏതോ പെൺകുട്ടിയുമായി പോയത് കണ്ടെന്നു വരെ ചിലർ പറഞ്ഞു... കല്യാണം മുടങ്ങിയ വാർത്തയറിഞ്ഞു ബോധം നഷ്ടപെട്ട പെൺകുട്ടിയുടെ അച്ഛനെയും കൊണ്ട് ആശുപത്രിയിൽ പോയ വാഹനത്തിൽ എന്റെ അച്ഛനും ഉണ്ടായിരുന്നു പക്ഷെ അദ്ദേഹത്തെ രക്ഷിക്കാനായില്ല ആത്മാർത്ഥ സുഹൃത്തിന്റെ കൈപിടിച്ചുകരഞ്ഞുകൊണ്ട് അദ്ദേഹം കുറച്ചുസമയം കണ്ണടച്ച് നിന്നെന്നു പിന്നീടുകണ്ട സുഹൃത്തുപറഞ്ഞു.. അത് സുഹൃത്തിനെ പിരിഞ്ഞ ഒരാളുടെ വിഷമമല്ലായിരുന്നു എന്നത് കാലം എനിക്ക് മനസ്സിലാക്കിതന്നു..കുറച്ചുനാളുകൾക്ക് ശേഷം അച്ഛൻ മുന്നിട്ടു നിന്ന് ആ പെൺകുട്ടിയുടെ വിവാഹം നടത്തി.വരൻ .ബാലൻ.. എങ്ങനെയെന്നല്ലേ..വിവാഹം നിന്നുപോയ പെൺകുട്ടിയെന്ന കാരണം ബാലന്റെ വീട്ടുകാരോടുള്ള ജാതിമത അകലം കുറച്ചു.. മാത്രമല്ല ഇതിനിടയിൽ ഭാഗ്യം പോലെ ബാലന് ഒരു സർക്കാർ ജോലിയും കിട്ടി... അങ്ങനെ ആ കല്യാണം നടന്നതിനു പിന്നാലെ എല്ലാം കഴിഞ്ഞു എന്ന് വിശ്വസിച്ച് ഞാൻ വീട്ടിലേക്കുമടങ്ങി....പോകും വഴി അപ്രേതീക്ഷിതമായി ആ പെൺകുട്ടിയെ കണ്ടു കൂടെ ബാലനും ഉണ്ടായിരുന്നു..എന്റെ വരവിന്റെ ഉദ്ദേശമറിഞ്ഞ അവൾ ആകെ അസ്വസ്ഥയായി.. കഴിഞ്ഞതൊന്നും ആരോടും പറയരുതെന്നും എന്റെ അച്ഛന്റെ മരണ കാരണം ഞാൻ ആണെന്നുള്ള വേദനയിൽ ഇന്നും ഞാൻ ഉരുകുകയാണെന്നും ഇതെല്ലാരും അറിഞ്ഞാൽ നിമിഷനേരംകൊണ്ട് ബന്ധുക്കൾ ശത്രുക്കളായി മാറും എന്നും അവൾ പറഞ്ഞു അവൾ എന്നോട് കേണപേക്ഷിച്ചു... അവൾടെ കണ്ണീരിനു മുന്നിൽ അതു കാണാത്ത മാതിരി അഭിനയിക്കാൻ അന്നും എനിക്കു പറ്റിയില്ല.... വീട്ടിലേക്കു കാലു വെക്കും മുൻപേ എനിക്കെതിരെയുള്ള അച്ഛന്റെ മുറവിളി കാതിലെത്തി..\"ഞാൻ മരിച്ചാലും എന്റെ പട്ടട പക്കൽ നിന്നെ അടുപ്പിക്കരുതെന്ന് അന്ത്യ ആഗ്രഹം ഞാൻ ഈ നാട്ടുകാരോട് മൊത്തം പറഞ്ഞിട്ടുണ്ട് \"ഇത് ഞാൻ എന്റെ സുഹൃത്തിനു കൊടുത്ത വാക്കാണ്...പ്രായം തളർത്തിയ ശരീരം വകവെക്കാതെയുള്ള അച്ഛന്റെ പ്രെതികരണം കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി.. ജീവനറ്റ ആ കൈകാളിൽ പിടിച്ച് അന്ന് അദ്ദേഹം കണ്ണടച്ച് നിന്നത് നൊമ്പരമല്ല മകനോടുള്ള വൈരാഗ്യമാണെന്ന്......ഒരു മൈക്ക് മുരൾച്ചക്ക് പിന്നാലെയെത്തിയ ആ വാചകം ഓർമ്മകളിൽ നിന്നെന്നെ തട്ടിയെടുത്ത് ആ ചുവരുകൾക്കുള്ളിൽ സമകാലീനനാക്കി.
\"ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈയി രാജിഹൂൻ\" കാറ്റിനൊപ്പം കൂട്ടുപിടിച്ചെത്തിയ ശബ്ദം അൽപ്പം ദൂരത്തുനിന്നാണെങ്കിലും ആ വാക്യം മനസ്സിൽ ഒരു മുഴക്കത്തോടെ തന്നെ കേട്ടു .മനോഹര മായ ഭൂമിയിൽനിന്നും എനിക്ക് ആരോ ആയ ഒരാൾ മാറ്റാർക്കൊക്കെയോ ആരൊക്കെയോ ആയിരുന്ന ഒരാൾ യാത്രയായി.. നേടിയതൊന്നും തിരിഞ്ഞു നോക്കാതെ നേടാനുള്ളതിനെ വകഞ്ഞുനോക്കാതെയുള്ള യാത്ര.....\"മരണം\" കുട്ടിയായിരുന്നപ്പോൾ എന്റെ ഉള്ളിലുധിച്ച വലിയ ചോദ്യമായിരുന്നു അത് എന്താണ് മരണം?...ഒരിക്കൽ എനിക്കൊപ്പം പഠിച്ച ലക്ഷ്മി പള്ളിക്കൂടത്തിൽ വരാത്തതിന്റെ കാരണം അവളുടെ ബന്ധു മരിച്ചുപോയെന്നും അവിടെ പോയതിനാലാണ് വരാൻ കഴിയാഞ്ഞതെന്നും പറഞ്ഞു..ഞാൻ അന്നേ വരെ മരണം കണ്ടട്ടില്ല. അന്നത്തെ സുഹൃത് ചർച്ചകൾ മരണത്തെ പറ്റിയായിരുന്നെങ്കിലും ആർക്കും കാര്യമായ പിടുത്തമില്ല.വൈകുന്നേരം പള്ളിക്കൂടംവിട്ട് വീട്ടിൽവന്ന് ഉമ്മറത്ത് വിളക്ക് മിനുക്കുകയായിരുന്ന അമ്മയോട് തന്നെ സംശയത്തിനുള്ള ഉത്തരം തേടി #അമ്മേ ഞാൻ എന്നാ മരിക്കുന്നെ? \"എന്റെ തലയിൽ തലോടി ഞാൻ ചോദിക്കുന്നതിനു മറുപടിപറയാനെന്നോണം ചിരിച്ചു കൊണ്ടുനിന്നഅമ്മയുടെ മുഖം നിമിഷനേരത്തിനുള്ളിൽ ചുകന്നുതുടുത്തു. പൊട്ടിത്തെറിച്ചുകൊണ്ട് എന്നെ എന്തൊക്കെയോ പറഞ്ഞു.. അമ്മയെന്തിനാണിങ്ങനെ രോക്ഷാകുലയാകുന്നതെന്നറിയാതെ അന്തംവിട്ടു നിന്ന എന്നെ മുത്തശ്ശി വന്ന് രക്ഷിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ബേഷാ കിട്ടിയേനെ!!! അതോടെ ആ സംശയം ഞാൻ മറന്നു..പക്ഷെ ഒരിക്കൽ ഞാനും അതിനു സാക്ഷ്യം വഹിച്ചു..അന്നുരാവിലെ പതിവിനെക്കാൾ വേഗതയിലാണ് ഞാൻ പള്ളിക്കൂടത്തിൽ പോകാനായി ഒരുങ്ങിയത്. കാരണം പഠിക്കുവാനുള്ള അഘാതമായ ആഗ്രഹമാണെന്ന് തെറ്റുധരിക്കണ്ട
കാരണം മറ്റൊന്നാണ്.രണ്ടു ദിവസത്തേക്ക് ബന്ധുവീട്ടിൽ പോയിരുന്ന കാവേരി ഇന്നലെ രാത്രിയിൽ വന്നെന്നറിഞ്ഞു അവളെ കാണണം അവൾ തന്ന മയിൽപ്പീലിക്ക് കുഞ്ഞു ജനിച്ചകാര്യം അവളോട് പറയണം അതവളെ കാണിക്കണം അതുകാണുമ്പോൾ ഉള്ള അവളുടെ കോമ്പല്ലുകാട്ടിയുള്ള പുഞ്ചിരി എനിക്കു കാണണം. ഒരുങ്ങിയിറങ്ങിയപ്പോൾ മുറിയിൽ നിന്നും മുത്തശ്ശിയുടെ കരച്ചിൽ ഉമ്മറത്തേക്ക് മുഴങ്ങിയെത്തി.. ആകെ ബഹളം ഒന്നും മനസ്സിലാകുന്നില്ല പറമ്പിൽ നിന്ന് അച്ഛൻ പാഞ്ഞു വരുന്നു പണിക്കാരൊക്കെ പണിസാധനങ്ങൾ മാറ്റിവെച്ച് ഓരത്തു കൂടിനിക്കുന്നു. പാഞ്ഞുവന്ന അമ്മാവൻ ചവച്ചിരുന്ന മുറുക്കാൻ വേഗത്തിൽ വശത്തേക്ക് തുപ്പുന്നു ഞാൻ എന്തോ കുറ്റം ചെയ്തപോലെ മുറ്റത്ത് പുസ്തക സഞ്ചിയുമായി നിന്നയെന്നോട് കേറി പോടാ അകത്തേക്കെന്ന് ഒരു ആഞ്ചാപനവും. സാധാരണ പള്ളിക്കൂടത്തിൽ പോകാൻ മടികാണിച്ചാലാണ് പ്രശ്നം.. ഇതെന്തേ ഒരു വെത്യാസം എന്ന് മനസ്സിലാവാതെ അകത്തേക്ക് ചെന്ന എന്നെ കെട്ടിപ്പിടിച്ച് കട്ടിലിൽ കിടക്കുന്ന മുത്തശ്ശനെ കാട്ടി മുത്തശ്ശൻ പോയി മക്കളേ യെന്ന് വാവിട്ടു കരയുകയാണ് മുത്തശ്ശി..കണ്ണ് ഒന്നു നല്ലപോലെ തിരുമ്മിയട്ട് ഞാൻ ഒന്നൂകൂടെ നോക്കി കട്ടിലിൽ കിടക്കുന്നത് മുത്തശ്ശൻ തന്നെ.. ഈ മുത്തശ്ശിയുടെ കണ്ണിനെന്തു പറ്റി കട്ടിലെ കിടക്കുന്ന മുത്തശ്ശൻ എവിടെപോയെന്നാ പറയുന്നേ. മുത്തശ്ശി ഒന്നുകൂടെ ഒച്ചത്തിൽ വാവിട്ടു കരഞ്ഞു ഒപ്പം എന്നെ ഒന്നുകൂടെ മുറുക്കിപ്പിടിച്ചു. അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് മുറിയുടെ അറ്റത്തുനിന്ന് അമ്മയും കരയുന്നു. ഇന്നലെ കുളത്തിലെ ആമ്പൽ പറിക്കാൻ നോക്കിയപ്പോൾ കയ്യോടെ പിടിച്ച് അവിടെ വെച്ചുതന്നെ എനിക്കിട്ട് രണ്ടടിയും പറ്റിച്ചു ഇനി നീ ഒറ്റക്കു കുളപ്പടവിൽ വന്നാൽ കുളം ഞാൻ മണ്ണിട്ടുമൂടിക്കും എന്നും പറഞ്ഞു..പാവം കുളത്തിലെ മീൻ കുഞ്ഞുങ്ങളെ ഓർത്ത് ഇനി ഒറ്റക്കു പോകില്ല എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു അമ്മയുടെ അടിയുടെ പരിണിതഫലമായി കുളപ്പടവിൽ നിന്നും ഉമ്മറം വരെ നൃത്താതെ കരഞ്ഞു.. എന്നെ കരയിച്ചതിനുള്ള ശിക്ഷയാണ് ഞാൻ കരഞ്ഞപോലെ അമ്മയും നിന്നു കരയുന്നു... അവസാനം എന്റെ കരച്ചിൽ നിർത്താനായി എന്നെ അമ്മ കെട്ടിപിടിച്ചപോലെ ഞാനുംഅമ്മയെ ഓടിപോയി കെട്ടിപിടിച്ചു.. എന്നെ അമ്മ ചേർത്തുപിടിച്ചുകരഞ്ഞു അതു കണ്ട് ഞാനും കരഞ്ഞു പോയി..കരഞ്ഞു കൊണ്ടിരിക്കുന്ന എന്നോട് മുത്തശ്ശനെ വിളിക്കുമോനെ എന്നും പറഞ്ഞു മുത്തശ്ശിയും വന്നു കെട്ടിപ്പിടിച്ചു.. ഇതെല്ലാം കേട്ടിട്ട് മുത്തശ്ശനെന്തേ ഉണരാത്തെയെന്ന് അപ്പോഴാണ് ഞാൻ ചിന്ദിച്ചത്.. ഇടക്ക് മുത്തശ്ശൻ ഇതുപോലെ കളിക്കാറുണ്ട് ഞാൻ വിളിക്കുമ്പോൾ അനങ്ങാതെ കിടക്കും കുറച്ചു കഴിയുമ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പൊട്ടിച്ചിരി ചിരിക്കും.. അമ്മയുടെയും മുത്തശ്ശിയുടെയും കൈകളിൽ നിന്ന് ഞ്ഞൂഴ്ന്നിറങ്ങി മുത്തശ്ശന്റെ കട്ടിലിനടുത്തേക്ക് ഞാൻ ചെന്നു എന്നിട്ട് മുത്തശ്ശൻറെ കൈകളിൽ പിടിച്ചുകുലുക്കികൊണ്ട് ഞാൻ മുത്തശ്ശനെ വിളിച്ചു അതു കണ്ടപാടെ ഓരത്തു കല്ലുപോലെ നിന്ന അച്ഛനും പൊട്ടികരഞ്ഞു... അതികം വൈകാതെ തന്നെ തറവാട്ടിൽ ചുറ്റുപാടുകൾ മാറി. മുത്തശ്ശനെ ഉമ്മറത്തേക്ക്മാറ്റി തലക്കൽ നിലവിളക്കുവെച്ച് കൊളുത്തി.ചന്ദനത്തിരിയുടെ ഗന്ധവും പുകയുംഎങ്ങും പടർന്നു. ഒരുവശത്ത് നാമപാരായണം പറമ്പിന്റെ ഒരു കോണിലായി പണിക്കാർ മണ്ണു ചെത്തി വൃത്തിയാക്കുന്നു. കാവേരിയുടെ അച്ഛൻ വിറകുവെട്ടുന്ന ശബ്ദം മുറ്റത്ത് മുഴങ്ങിക്കൊണ്ടേയിരുന്നു. \"അദ്ദേഹം മരിച്ചു\"\" മുത്തശ്ശൻ മരിച്ചു \"അച്ഛൻ മരിച്ചു\" \"അങ്ങനെ മരണം എന്ന വാക്ക് ചുറ്റുവട്ടം കൂടിയവരുടെ സംസാരത്തിൽ നിന്നും എന്റെ ശ്രെദ്ധ പിടിച്ചുപറ്റി..... മരണം.. ഇനി മഴയത്ത് മുത്തശ്ശനെ കെട്ടിപിടിച്ച് ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കാൻ പറ്റില്ല..കഥകൾ കേൾക്കാൻ പറ്റില്ല.പൂരത്തിന് തോളിലിരുന്ന് ചുറ്റിക്കാണാൻ പറ്റില്ല..അറിയാതെ കണ്ണുകൾ നനയുന്നു ഉള്ളിൽ ഒരു വിങ്ങൽ തോനുന്നു..മുത്തശ്ശൻറെ വെറ്റിലചെല്ലം ഉമ്മറത്തൊരോരത്തിരിക്കുന്നു.. മുത്തശ്ശൻ മുറുക്കും മുൻപേ ഇറുക്കിത്തരുന്ന വെറ്റിലഞെട്ടുകൾ!!!! പറമ്പിൽ നിന്നും ഉമ്മറത്തേക്ക് വെപ്രാളത്തിൽ കയറിവന്ന അമ്മാവൻ വെറ്റിലചെല്ലം വലിച്ചടുപ്പിച്ച് ഒരു വെറ്റിലയെടുത്ത് ഞെട്ടൊടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു കൂട്ടുകളൊക്കെ ചേർത്തുമടക്കി വായിൽ തിരുകിവെച്ച് വെറ്റില ചെല്ലം ഭിത്തിയുടെ മൂലയിലേക്ക് ഒരു തള്ളു വെച്ചുകൊടുത്തു.. തെന്നി നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്ന വെറ്റില ചെല്ലം. മുത്തശ്ശൻ പൊന്നുപോലെ കൊണ്ടുനടന്ന വെറ്റിലചെല്ലം. ചാരുകസേരയിൽ കിടന്നുകൊണ്ട് നെഞ്ചിനുതാഴെയായി ചെല്ലംവെച്ച് വളരെ മനോഹരമായിട്ടായിരുന്നു മുത്തശ്ശൻ മുറുക്കിയിരുന്നത്... മുത്തശ്ശന് മുന്നിൽ കത്തിച്ചുവെച്ച നിലവിളക്കിനുമുന്നിൽ ആരൊക്കയോ പറയുന്നതനുസരിച്ച് എന്തൊക്കയോ ഞാൻ ചെയ്തു കൂടെ അച്ഛനും ഉണ്ട്..കുളപ്പടവിൽ കണ്ടു പരിചയമുള്ള ഒരു ചെടി അരിഞ്ഞതും പൂവും എന്റെ നനഞ്ഞ കൈകളിൽ പറ്റിപ്പിടിച്ചിരുന്നു. മുന്നിൽ ഒരു പൂചാരി ഇരുന്നാണ് ഓരോന്നായി ചെയ്യിക്കുന്നത്. അയാൾ എന്തൊക്കെയോ പറയുന്നു. കുളപ്പടവിൽ കണ്ട ചെടിയുടെ പേര് ചെറുപുളയെന്നാണെന്ന് അയാളുടെ സംസാരത്തിൽ നിന്നും മനസ്സിലായി.. ഒടുവിൽ കാവേരിയുടെ അച്ഛൻ മുറിച്ചിട്ട മാവിൻ കഷ്ണങ്ങളിൽ മുത്തശ്ശൻ എരിഞ്ഞമർന്നു.....
ദുഖത്തിനു മേൽ ദുഃഖം പോലെ കുറച്ചുനാളത്തേക്ക് ചുറ്റുപാടുമുള്ള കറക്കവും വസുവിന്റെ ഇല്ലവും കാവിലെ വിളക്കുകത്തിക്കലിൽ നിന്നും എല്ലാം ഞാൻ വിലക്കപ്പെട്ടിരുന്നു....മുത്തശ്ശൻറെ വേർപാടിൽ എല്ലാരും മനസികമായി വേദന അനുഭവിക്കുന്ന സാഹചര്യത്തിലും എല്ലാരുടെയും ചുമതല ഒറ്റക്കേറ്റെടുത്ത് എന്റെ പൂർണഭരണം അമ്മാവൻ ഏറ്റെടുത്തു..അതിന്റെ ഭാഗമായുള്ള ആദ്യത്തെ ആജ്ഞയായിരുന്നു, \"പുലയും കൊണ്ട് കറങ്ങിനടക്കാണ്ട് പെരക്കുള്ളിൽ ഇരുന്നോണം \"
എന്നത്........ഒരിക്കൽ ഈ കഥകളൊക്കെ പറഞ്ഞ് ഞാനും വസുവും ഓർമ്മകൾ പുതുക്കിയിരുന്നു ആ സമയം ആശാൻ പാടിയ രണ്ടു വരികൾ ഇന്നും ഞാൻ ഓർക്കുന്നു..........
, \"മരണമെന്തെന്നറിയാൻ പലരോടും ചോദിച്ചു \"
\"മരത്തോട് ചോദിച്ചു മലയോട് ചോദിച്ചു \"
\"ഒടുവിൽ മരിച്ച ശവത്തോടും ചോദിച്ചു \"
\"ഒടുവിൽ ഉത്തരം നീ മരിച്ചാലറിയാമെന്ന് \"
\" ഒരു ഭ്രാന്തൻ പറഞ്ഞു \"
\"ആ ഭ്രാന്തൻ ഞാൻ തന്നെയായിരുന്നു \"
ഇത്രയും പറഞ്ഞ് ചുറ്റും ഇളക്കിമറിച്ചൊരു പൊട്ടിച്ചിരിയും...എന്നിട്ടുപറയും തന്റെ നാളീപുരത്തെ ഭ്രാന്തനെ പോലൊരു ഭ്രാന്തൻ ഞാൻ.....അല്ലേടോ!!! തുടരും!!!!