\"അമ്മയൊന്ന് മിണ്ടാതിരുന്നേ... അച്ഛൻ ആശിച്ച സ്വത്ത് അവരങ്ങനെ അനുഭവിക്കേണ്ട... അതിനുവേണ്ടി അച്ഛന്റെ കൂടെ ഞാനും ഏട്ടനും ആനന്ദേട്ടനും ഇനിയുമുണ്ടാകും... അത് ആര് തടഞ്ഞിട്ടും കാര്യമില്ല... \"
ശരണ്യ പറഞ്ഞു...
\"നിന്നോടൊക്കെ പറയാൻ വന്ന എന്നെ ചൂലെടുത്ത് അടിക്കണം... എന്തു വേണമെങ്കിലും ആയിക്കോ... അവസാനം വരുന്നത് തനിയേ അനുഭവിച്ചതു മതി... ഇവർ കാണിക്കുന്നതിന് ഇവർക്ക് അതിനെ നേരിടാനുള്ള ചങ്കൂറ്റമുള്ളതുകൊണ്ടാണെന്ന് വിചാരിക്കാം... പക്ഷേ നീയോ... നീയൊരു പെണ്ണാണ് അത് മറക്കേണ്ട... അതെങ്ങനെയാണ്... ആ രീതിയിലല്ലല്ലോ നിന്നെയിവിടെ വളർത്തിയത്... എല്ലാറ്റിനും സപ്പോർട്ടായി നിന്റെ മുറച്ചെറുക്കനുമുണ്ടല്ലോ... അവനെയാണ് ആദ്യം ചൂലെടുത്ത് തല്ലേണ്ടത്... വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ ഇതുപോലെ കയറൂരി വിടുന്നതിന്... എന്തു വേണമെങ്കിലും ചെയ്തോ... എനിക്ക് ഇവിടെ ഒന്നിനും ഒരു സ്ഥാനവുമില്ലല്ലോ.... എല്ലാം അച്ഛനും മക്കളും തീരുമാനിക്കുന്നതല്ലേ ഇവിടെ നടക്കൂ... \"
ഭവാനി ദേഷ്യത്തോടെ അവിടെനിന്നും മുറിയിലേക്ക് നടന്നു...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ശ്രേയ പുറത്തേക്ക് പോകാൻ റെഡിയായി ഹാളിലേക്ക് വന്നു... ജീൻസും ടോപ്പുമാണ് അവൾ ധരിച്ചത്... അവളെ കണ്ട് ഗിരിക്ക് കലിയിളകി...
\"ദേ പെണ്ണേ നല്ല ഡ്രസ്സൊന്നും നിനക്കില്ലേ... ഒരു ജീൻസും ടോപ്പും... \"
\"ഇതിനെന്താ കുഴപ്പം... എല്ലാവരും ഇടുന്നതല്ലേ... \"
\"എല്ലാവരും ഇടുന്നുണ്ട്... ഇവിടെ ഒരുത്തിയും ഇതുപോലിട്ട് നടക്കുന്നത് കാണാം... സായിപ്പുമാരുടെ ഒരു കോലം... വെറുതെയല്ല നാട്ടിൽ നിന്നെപ്പോലെയുള്ളവർക്ക് പലതും സംഭവിക്കുന്നത്... ഇന്നലെ നീ എന്നെ കുറച്ചധികം ഉപദേശിച്ചല്ലോ... എന്താ സ്വന്തം കാര്യത്തിൽ അതൊന്നുമില്ലേ... \"
\"എന്റെ അമ്മോ... ഒരു ജീൻസും ടോപ്പും ഇട്ടതിനാണോ ഇത്രയും പറയുന്നത്... ഞാൻ പോയി മാറ്റിവരാമേ... \"
ശ്രേയ മുറിയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ നല്ല ചുരിദാർ ഇട്ടാണ് വന്നത്... ഗിരി അവളെയൊന്ന് നോക്കി മൂളി... പിന്നെ പുറത്തേക്ക് നടന്നു...
ടൌണിലെത്തിയ ശ്രേയ തനിക്ക് വാങ്ങാനുള്ള ഡ്രസ്സെല്ലാം വാങ്ങിക്കാനായി പോയി... ഗിരി കാറിനടുത്ത് നിന്നതേയുള്ളൂ... കുറച്ചു കഴിഞ്ഞ് അവൾ വാങ്ങിക്കാനുള്ള ഡ്രസ്സെല്ലാം വാങ്ങിച്ച് വന്നു... അവൾ വന്നപ്പോൾ കാറിനടുത്ത് ഗിരിയെ കണ്ടില്ല... അവൾ ചുറ്റും നോക്കി അവിടെ എവിടേയും ഗിരിയെ കണ്ടില്ല... ശ്രേയ ഡോർ തുറന്ന് ഡ്രസ്സിന്റെ കവർ സീറ്റിൽ വച്ചു... പിന്നെ അവനെ കാത്തുനിന്നു... കുറച്ചു കഴിഞ്ഞ് ഗിരി വന്നു... അവന്റെ കയ്യിൽ കുറച്ച് കവറുകൾ കണ്ടു... എന്തോ ഡ്രസ്സാണെന്ന് അവൾക്ക് മനസ്സിലായി...
\"ഇതെവിടെ പോയിരുന്നു... കുറച്ചുനേരമായി കാത്തു നിൽക്കുന്നു... \"
ശ്രേയ പറഞ്ഞു...
\"അത്രക്ക് ധൃതിയുണ്ടെങ്കിൽ പോകാമായിരുന്നില്ലേ... \"
\"ഈ നാട് പരിചയമില്ലാത്ത ഞാൻ തനിയേ പോകില്ലെന്ന് അറിയുന്നതുകൊണ്ടാവും ഈ ചോദ്യമല്ലേ... \"
\"നിന്ന് കിന്നാരം പറയാതെ വണ്ടിയിൽ കയറാൻ നോക്ക്... \"
ഗിരി കയറുന്നതിനിടയിൽ പറഞ്ഞു...
\"ഇതെന്ത് കാട്ടുപോത്താണ് ഈശ്വരാ... \"
അതും മനസ്സിൽ കരുതി അവൾ കാറിൽ കയറി... ഗിരി കാറെടുത്തു... എന്നാൽ അവരെ ശ്രദ്ധിച്ച് ചിലർ ഒരു ജീപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു...
\"അതേ എനിക്ക് വിശക്കുന്നുണ്ട്... നല്ല ഏതെങ്കിലും ഹോട്ടലിന്റെ മുന്നിൽ കാറൊന്ന് നിർത്തുമോ... \"
ശ്രേയ പറഞ്ഞു...
\"നിന്റെ വയറ്റിലെന്താ കോഴിക്കുഞ്ഞുണ്ടോ... വീട്ടിൽ നിന്ന് പോരുമ്പോഴല്ലേ വെട്ടിവിഴുങ്ങിയത്... \"
\"അത് രാവിലെയല്ലേ... ഇപ്പോൾ സമയം ഉച്ചയായി... നിർത്താൻ പറ്റുമെങ്കിൽ നിർത്ത്... \"
ഗിരി അവളെയൊന്ന് നോക്കി... പെട്ടന്ന് കാറിന് കുറുകേ ഒരു ജീപ്പ് തങ്ങളെ ഓവർടേക്ക് ചെയ്ത് വന്ന് നിർത്തി... ഗിരി പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ കാർ ജീപ്പിൽ തട്ടാതെ നിന്നു... \"
\"ഏത് തന്തക്ക് പിറക്കാത്തവനാടാ അത്... \"
ഗിരി പെട്ടന്ന് കാറിൽ നിന്ന് ഡോർ തുറന്നിറങ്ങി... എന്നാൽ ജീപ്പിൽ നിന്ന് നാലഞ്ചുപേരിറങ്ങി... അതിൽ ഒരുത്തൻ ഗിരിയുടെ നേരെ വന്നു...
\"ഗിരി... അല്ല ഗിരീന്ദ്രൻ... എന്നെ മനസ്സിലാകാൻ വഴിയില്ല... പക്ഷേ നീയും നിന്റെ തള്ളയും ഇന്ന് രാവിലെ ഒരു പെൺകുട്ടിയെ അമ്പലത്തിൽ വച്ച് നാണം കെടുത്തിയില്ലേ... അതിന് ചെറിയൊരു സമ്മാനം തരാൻ വന്നതാണ്... എന്റെ അനിയത്തിയെ നീയൊക്കെ അപമാനിക്കും അല്ലേ... \"
\"ഓഹോ അപ്പോൾ ആ രാക്ഷസിയുടെ ചേട്ടനാണല്ലേ.. എന്നാൽ കേട്ടോ.. എന്റെ അമ്മയാണ് അപമാനിച്ചത്... ഞങ്ങളായതുകൊണ്ട് പെങ്ങൾക്ക് അതേ സംഭവിച്ചിട്ടുള്ളൂ... മറ്റാരെങ്കിലുമാണെങ്കിൽ പെങ്ങളുടെ ശരീരം വല്ല കുറ്റിക്കാട്ടിലും കിടക്കുന്നത് കാണാമായിരുന്നു... \"
\"അതിനുള്ള ധൈര്യം നിനക്കോക്കെയുണ്ടോ... \"
\"എന്താ ധൈര്യക്കുറവ്... പെങ്ങളെ നാണം കെടുത്തിയത് പകരം ചോദിക്കാൻ വന്നതാവും ഈ കാണുന്ന ഏറാമൂളികളേയും കൂട്ടിയല്ലേ... നീയൊക്കെ അറിഞ്ഞു കൊണ്ടായിരിക്കും അവൾ ഇതുപോലെ പലരേയും വലവീശി പിടിക്കാൻ നടക്കുന്നത്... \"
\"ആണെന്ന് കൂട്ടിക്കൊ... വല വീശി പിടിച്ചതു തന്നെയാണ്... അതിലൂടെ നിന്റേയും നിന്റെ കുടുംബത്തിന്റേയും സ്വസ്ഥത കളയാൻ... എടാ നീയൊക്കെ അനുഭവിക്കുന്നത് പണ്ട് ഒരു തമിഴൻ തന്ന നക്കാപ്പിച്ച കൊണ്ടല്ലേ... അതിൽനിന്നല്ലേ നീയും നിന്റെ അച്ഛനും ഇവിടെവരെയെത്തിയത്... അത് തനിച്ച് നീയൊന്നും മനഃസമാധാനത്തോടെ അനുഭവിക്കില്ല... \"
അതുകേട്ട് ഗിരി ഞെട്ടി... അവന്റെ കണ്ണിൽ അഗ്നിയാളി... \"
\"ഓഹോ അപ്പോൾ നീയും അവളും ആ ശേഖരന്റെ വിത്തുകളാണല്ലേ... എന്നിട്ട് ഞാൻ ചോദിച്ചപ്പോൾ അച്ഛന് കൃഷിപ്പണിയാണ് ഒറ്റ മകളാണ് എന്നൊക്കെ അവളെന്റെയടുത്ത് പറഞ്ഞു... ഇതെല്ലാം നിന്റെ തന്തയുടെ തലയിൽ വന്ന ബുദ്ധിയാണല്ലേ... എന്നാൽ എന്റെ മോൻ ശേഖരനോട് പോയി പറഞ്ഞേക്ക്... എന്റെ കയ്യിൽനിന്നും നിന്റെ പുന്നാര പെങ്ങൾ നാടകം കളിച്ച് കൈക്കലാക്കിയതൊക്കെ പിച്ചക്കാർക്ക് ദാനം കൊടുത്തതു പോലെയാണെന്ന് കരുക്കോ... നീയോ നിന്റെ തന്ത രാഘവനോ വന്നാൽ പുതുശ്ശേരി വാസുദേവനേയും അയാളുടെ മകൻ ഗിരീന്ദ്രനേയോ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്... നിന്നെക്കാളും വലിയവനെ കണ്ട് വളർന്നവൻതന്നെയാണ് ഞാൻ അത്തരം വേലത്തരം നിന്റെ വീട്ടിൽ പോയി കാണിച്ചാൽ മതി... പിന്നെ എന്നെ ചതിച്ച നിന്റെ പെങ്ങളുണ്ടല്ലോ... അവളെ ഞാൻ വെറുതെ വിടുമെന്ന് കരുതേണ്ട... അവൾ ഇനിയങ്ങോട്ട് മനഃസമാധാനത്തോടെ ജീവിക്കുന്നത് എനിക്കൊന്നു കാണണം... ഈ ഗിരി ജീവിച്ചിരിക്കുമ്പോൾ അതുണ്ടാകുമെന്ന പ്രതീക്ഷയും വേണ്ട... ഇത് നിന്റെ പെങ്ങളോട് പോയി പറഞ്ഞേക്ക്... \"
\"കൊള്ളാം... അപ്പോൾ നീ ശൌര്യമുള്ളവനാണ്... പക്ഷേ എന്തു ചെയ്യാം... അതിനുള്ള ആയുസ്സ് ദൈവം നിനക്ക് തന്നിട്ടില്ലല്ലോ... \"
\"എന്താ എന്നെയങ്ങ് ഇല്ലാതാക്കുമെന്നായിരിക്കും... ആ പേടി പണ്ടേ ഗിരിയിൽനിന്ന് ഇല്ലാതായതാണ്... എനിക്കിനി മേലുംകീഴുമൊന്നും നോക്കാനില്ല... നിന്ന് വാചക മടിക്കാതെ വഴിയിൽ നിന്ന് മാറാൻ നോക്ക്... \"
ഗിരി ഡോർ തുറന്ന് കാറിൽ കയറി... ഡോറടക്കാൻ ഒരുങ്ങവേ സുനിൽ ഡോറിൽ പിടുത്തമിട്ടു... അങ്ങനെയങ്ങ് പോയാലോ... എന്റെ പെങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തിയത് നിനക്ക് എന്തെങ്കിലും തരേണ്ട... \"
അന്നേരമാണ് കാറിൽ ഇരിക്കുന്ന ശ്രേയയെ അവൻ കണ്ടത്...
\"അതുശരി അപ്പോൾ ഇതാണ് തിരക്കിന്റെ ഉദ്ദേശം... ഇതായിരിക്കും നിന്റെ കൂടെ അമ്പലത്തിൽ കണ്ടെന്നു പറഞ്ഞ മാലാഖ... നിന്റെ നെഗളിപ്പിന്റെ ഉദ്ദേശം ഇപ്പോഴല്ലേ മനസ്സിലായത്.... ഞങ്ങളും വരാമല്ലോ നിന്റെ കൂടെ... ഇവൻ തരുന്ന തിന്റെ നാലിരട്ടി തരാം... എന്താ സമ്മതമുണ്ടോ... \"
പറഞ്ഞുതീർന്നില്ല അതിനു മുന്നേ മൂക്കിന് ഗിരിയുടെ കൈചുരുട്ടിയുള്ള ഇടിയിൽ സുനിൽ പുറകിലേക്ക് തെറിച്ചു വീണു... സുനിലിന്റെ മൂക്കിൽനിന്നും ചോരയിറ്റിവീണുകൊണ്ടിരുന്നു...
പെട്ടന്ന് സുനിലിന്റെ കുടെയുണ്ടായിരുന്നവർ ഗിരിയുടെ നേരെ വന്നു... എന്നാൽ തികഞ്ഞ ഒരഭ്യാസിയെപ്പോലെ അവൻ അവരെ നേരിട്ടു... പത്തു മിനിറ്റിനുള്ളിൽ സുനിയുടെ കൂടെ വന്നവർ ഓടി രക്ഷപ്പെട്ടു... ഗിരി മുഖം പൊത്തി നിലത്തിരിക്കുന്ന സുനിലിന്റെ കോളറിൽ പിടിച്ച് എണീപ്പിച്ചു...
\"എടാ ശേഖരന്റെ പുന്നാര മോനേ... നീയൊന്നും ഗിരിയോട് ഏറ്റുമുട്ടാൻ ആയിട്ടില്ല... ഇതുപോലെ തുമ്മിയാൽ ഓടുന്ന നാലഞ്ചെണ്ണത്തിനെ കൂടെ നിർത്താതെ ധൈര്യത്തോടെ ഏറ്റുമുട്ടാൻ ചങ്കുറപ്പുള്ളവരെ കൂടെ നിർത്ത്... എന്നിട്ട് എന്റെ നേരെ വാ... അങ്ങനെയുള്ളവരെയാണ് എനിക്കുമിഷ്ടം... നീ ഇവളെ പറ്റി എന്താണ് കരുതിയത്... നിന്റെ പെങ്ങളുടെ സ്വഭാവമാണ് എല്ലാ പെണ്ണുങ്ങൾക്കും എന്നാണോ... അവളെപ്പോലെയല്ല... മാനവും മര്യാദയുമുള്ള അന്തസ്സുള്ള കുടുംബത്തിൽ വളർന്നവളാണ് ഇവൾ... ഇതുപോലെ ഇനിയൊരക്ഷരം നിന്റെ വായിൽ നിന്ന് വീണാൽ അന്ന് നിന്റെ നാവ് അരിഞ്ഞെടുക്കും ഞാൻ... ഗിരി വെറും വാക്ക് പറയുകയല്ല... ചെയ്തിരിക്കും ഞാൻ... \"
ഗിരി സുനിലിനെ അവൻ വന്ന ജീപ്പിന്റെ ബോണറ്റിലേക്ക് തള്ളിയിട്ടു... പിന്നെ തിരിഞ്ഞ് കാറിൽ കയറി...
പോകുന്ന വഴിയേ ശ്രേയ അമ്പരപ്പോടെ അവനെ നടക്കുന്നുണ്ടായിരുന്നു...
\"എന്താ എന്നെ ഇതിനുമുമ്പ് കണ്ടിട്ടില്ലേ... \"
ഗിരി ചോദിച്ചു...
\"കാണാത്തത് കാണുമ്പോൾ നോക്കിയിരുന്നു പോകും... എന്താണ് അവിടെയിപ്പോൾ നടന്നത്... ആലോചിക്കാൻ വയ്യ... ഒരാഴ്ചക്ക് അവരൊന്നും നേരാംവണ്ണം എണീറ്റ് നടക്കില്ല... ഇയാളെന്താ വല്ല കരാട്ടെ ബ്ലാക്ക്ബെൽറ്റാണോ... എന്തൊരു അഭ്യാസമായിരുന്നു... എന്റെ ശ്വാസം വരെ നിലച്ചു പോകുമെന്ന് കരുതി... \"
\"ചതിക്ക് മരുന്ന് ഇതുതന്നെയാണ്... അതിന് കരാട്ടെയൊന്നും പഠിക്കേണ്ട... \"
\"അതിന് നിങ്ങൾ ഒന്നിനുമില്ലാതെ കാറിൽ കയറിയതല്ലേ... എന്നെ പറഞ്ഞപ്പോഴാണല്ലോ നിങ്ങളിൽ ദേഷ്യം ഇരട്ടിച്ചത്... \"
\"അത് നിന്നെ പറഞ്ഞതു കൊണ്ടല്ല... മറിച്ച് എന്നെ നിന്റെ കൂടെ വലിച്ചിഴച്ചതിനാണ്... \"
\"ഓ അങ്ങനെ... അല്ലാതെ പെങ്ങളെ അന്യനൊരുത്തൻ വേണ്ടാതീനം പറഞ്ഞതു കൊണ്ടല്ല... അയാൾ എന്തെങ്കിലും പറഞ്ഞോട്ടെ എന്നു കരുതിയാൽ പോരേ... ഇനി ഇതിന്റെ പേരിൽ എന്താണുണ്ടാവുകയെന്ന് ആർക്കറിയാം... അത് പോട്ടെ... എന്തോ ഒരു ചതിയുടെ കാര്യം പറഞ്ഞല്ലോ... ആ പെണ്ണ് എന്തിനു വേണ്ടിയാണ് നിങ്ങളോട് ഇത്തരത്തിലൊരു വഞ്ചന കാണിച്ചത്... അവളുടെ അച്ഛനും അങ്കിളും തമ്മിലെന്താണ് പ്രശ്നം... അയാൾ ഒരു തമിഴിന്റെ കാര്യം പറഞ്ഞല്ലോ... അയാളുടെ പിച്ചക്കാശ് കൊണ്ടാണ് അങ്കിൾ ഈ നിലയിലെത്തിയതെന്നും പറഞ്ഞു... എന്താണ് ഇതൊക്കെ... \"
\"ആവശ്യമില്ലാത്ത കാര്യങ്ങളിൽ നീ തലയിടേണ്ട... അതല്ല എല്ലാം അറിഞ്ഞു പറ്റൂ എന്നുണ്ടെങ്കിൽ നിന്റെ അച്ഛനോട് ചോദിച്ചാൽ മതി രാമദാസനങ്കിളിന് എല്ലാം അറിയാം... \"
\"അച്ഛന് അറിയാമെന്നോ... \"
\"അതെ അറിയാം... അത്രക്ക് വലിയ കൂട്ടുകാരായിരുന്നല്ലോ അവർ... ചോദിച്ചാൽ മതി... ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ചു പോന്ന പഴയ രണ്ട് ചങ്ങാതിമാർ ഇന്ന് ഈ നിലയിലെത്തിയതിന്റെ കഥ... മറ്റാരോടും ഇതിനെ പറ്റി ചോദിക്കേണ്ട...\"
\"അതെന്താ ചോദിച്ചാൽ... അമ്മക്കും ആന്റിക്കും അറിയാത്ത വല്ല രഹസ്യവുമാണോ... \"
\"അവർക്ക് അറിയുന്നത് തന്നെയാണ്... എന്നാൽ കൂടുതൽ അറിയുന്നത് എന്റേയും നിന്റേയും അച്ഛന്മാർക്കാണ്... \"
\"ഞാനാരോടും ചോദിക്കാൻ പോകുന്നില്ല... ഇനി അതിന്റെ പേരിലൊരു പ്രശ്നം വേണ്ട... \"
\"എന്നാൽ നീയൊന്നും കേട്ടിട്ടില്ല... അങ്ങനെ കരുതിയാൽ മതി... \"
പിന്നെ അതിനെ പറ്റി സംസാരമൊന്നുമുണ്ടായില്ല... പക്ഷേ അവളുടെ മനസ്സിൽ ആ രഹസ്യം അറിയാനുള്ള വെമ്പലുണ്ടായിരുന്നു....
തുടരും.........
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖