Aksharathalukal

പ്രണയഗീതം... 💞 13



\"ആന്റി ഇവന് കുറച്ച് ചൂടുവെള്ളം ഉണ്ടാക്കിക്കൊടുക്ക്.. ആ ശേഖരത്തെ സന്തതിയുമായും അവന്റെ കൂട്ടാളികളുമായി നല്ലതുപോലെ ഏറ്റുമുട്ടിയതല്ലേ... പോരാത്തതിന് പോലീസുകാരുടെ കയ്യിൽനിന്ന്  കുറച്ചെങ്കിലും കുറച്ച് കിട്ടിയതുമല്ലേ... നല്ല വേദനയുണ്ടാകും ശരീരത്തിന്... എന്നാൽ ഞാനിറങ്ങട്ടെ... \"
പ്രസാദ് ചായ ഗ്ലാസ് രേഖയുടെ കയ്യിൽ കൊടുത്ത് അവിടെനിന്നും ഇറങ്ങി... രേഖ തിരിഞ്ഞ് ഗിരിയെ നോക്കി... 

\"എന്താണ് നിന്റെ തീരുമാനം... ഇങ്ങനെ പ്രശ്നമുണ്ടാക്കി നടക്കാനാണോ... ഇവൻ ആ സമയത്ത് വന്നതുകൊണ്ട് നന്നായി... ഇല്ലെങ്കിൽ എന്താകുമായിരിന്നു... എന്തു ചെയ്യാനാണ് നിന്നെയോർത്ത് വിലപിക്കുക അതായിരിക്കും ഞങ്ങളുടെ യോഗം... 
രേഖ അടുക്കളയിലേക്ക് നടന്നു... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എടാ എരണംകെട്ടവനെ നീ എന്നെ നാണംകെടുത്തിയല്ലോ... ഇതുപോലെയൊന്ന് എങ്ങനെ എന്റെ രക്തത്തിൽ പിറന്നു... അവന്റെ മുന്നിൽ നാണം കെട്ട് ചോരയുമൊലിപ്പിച്ച് വന്നിരിക്കുന്നു... നിനക്ക് നാണമുണ്ടോടാ കഴുതേ ഇത് എന്നോട് വന്ന് പറയാൻ... ഒന്നിനും കൊള്ളാത്ത നാലെണ്ണത്തിനേയും കൊണ്ട് പോയിരിക്കുന്നു... അവനൊരാളെ നേരിടാൻ നിങ്ങൾ നാലഞ്ചുപേരുണ്ടായിട്ടും കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ നീയൊക്കെ ഒരു കയർ ചെലവാക്കുന്ന താണ് നല്ലത്... \"
ശേഖരൻ സുനിലിന്റെ  നേരെ കലിതുള്ളി... 

\"അതച്ഛാ അവൻ പ്രാന്ത് പിടിച്ചവനെപ്പോലെയായിരുന്നു പെരുമാറിയത്... പ്രതീക്ഷിക്കാതെ അവനവന്റെ മുഖത്തിന് ഇടിച്ചപ്പോൾ ഞാൻ... \"

\"ഇടിച്ചപ്പോൾ ഞാൻ... നാണമുണ്ടോടാ ഇത് പറയാൻ... എനിക്ക് അവനെ ഒതുക്കാൻ കഴിയാഞ്ഞിട്ടല്ല... പക്ഷേ ഇപ്പോൾ അവനറിയരുത് ഞാനാണ് എല്ലാറ്റിനും പിന്നിലെന്ന്... അറിഞ്ഞാൽ എന്റെ അടുത്ത നീക്കം എന്താണെന്ന് അവന് മനസ്സിലാകും... അതുകൊണ്ട് ഒന്നു കൊണ്ട് മാത്രമാണ് ഞാൻ മാറി നിൽക്കുന്നത്... വേറൊരുത്തൻ പോയിരുന്നു ഇപ്പോൾ ഒലത്തികാണിക്കാമെന്ന് പറഞ്ഞ്... അവനും നാണം കെട്ട് തിരിച്ചു പോന്നു... അതേ കറക്റ്റ്  സമയത്ത് ആ കമ്മീഷണർ അവിടെ എത്തി പോലും... ഇതൊക്കെ മുൻകൂട്ടി കാണാതെയാണോ അവൻ പോയത്... അതെങ്ങനെയാണ്... നിന്റെയൊക്കെ അമ്മയുടെ ആങ്ങളയല്ലേ... അതല്ല അതിനപ്പുറവും സംഭവിക്കും... \"

\"നിങ്ങളോട് ആരെങ്കിലും പറഞ്ഞിരുന്നോ  എന്റെ അനിയനെ കൂട്ടുപിടിക്കാൻ... എന്നാലും നിങ്ങളുടെ കഴിവുകേടുകൊണ്ടാണെന്ന് പറയില്ല... \"
ഭവാനി പറഞ്ഞു.. 

\"അതേടീ  എല്ലാം എന്റെ കഴിവുകേടുതന്നെയാണ്... നിന്റെ, അനിയൻ ചോദിക്കുമ്പോൾ വാരിക്കോരി കൊടുത്തതും ഒരു സഹായം ചോദിച്ചതും... എന്തിനേറെ നിന്നെ യവരെ കെടിടിയെഴുന്നള്ളിച്ച് കൊണ്ടുവന്നതും എന്റെ കഴിവുകേട് തന്നെയാണ്... അതിൽ ഒരുത്തനെ തന്നല്ലോ... വാഴക്ക് താങ്ങു കൊടുക്കാൻ പറ്റാത്ത ഒരുത്തനെ... വന്നു നിൽക്കുന്നത് കണ്ടില്ലേ... എന്തൊക്കെയായിരുന്നു ഇവിടെ നിന്ന് പോകുമ്പോൾ... അവന്റെ രണ്ട് കാലും തല്ലിയൊടിക്കും അവനെ മലമറിക്കും എന്നൊക്കെ... എന്നിട്ടെന്തായി... അവന്റെ മുന്നിലെത്തിയപ്പോൾ നനഞ്ഞ പടക്കംപോലെയായി... എന്തുചെയ്യാനാണ്... ഇവനെപ്പോലെ ഒരുത്തനെ തിറ്റിപോറ്റി ഇതുപോലെയാക്കിയ നേരത്ത് ഒരു തൈ വെച്ചിരുന്നെങ്കിൽ അതിൽനിന്നും വല്ലതും കിട്ടിയേനെ... ഇനി ഞാനാണ് ഇതിന് പിന്നിലെന്ന് അവനറിഞ്ഞോ ആവോ...

അറിഞ്ഞു... എന്റെ സംസാരത്തിൽ അവനത് കണ്ടുപിടിച്ചു.... \"

നെറികെട്ടവനെ... അതും അവനോട് പറഞ്ഞോ... നിന്നെയൊക്കെ പറഞ്ഞിട്ട് കാര്യമില്ല...ഏതായാലും മാറി... ഇനി എന്തുവേണമെന്ന് എനിക്കറിയാം... എനിക്കിനി ആരുടേയും സഹായം വേണ്ട...അവനെയൊക്കെ ഒരുക്കുന്നത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചുതരാം...\"
ശേഖരൻ ഉറഞ്ഞുതുള്ളി അകത്തേക്ക് പോയി... \"

\"എന്തിന്റെ കേടാണ് അമ്മേ അച്ഛന്... അച്ഛന്റെ സംസാരം കേട്ടാൽ ഞാൻ മനപ്പൂർവ്വമാണ് ഇതൊക്കെ ചെയ്തതെന്ന് തോന്നും... \"
സുനിൽ പറഞ്ഞു... 

\"അല്ലെങ്കിലും നിന്റെ അച്ഛന് മറ്റുള്ളവരെ കുറ്റപ്പെടുത്താനേ നേരമുള്ളു... ഇരുപത് വർഷം മുന്നേ നടന്ന പകയാണ് അച്ഛന് അവരോട്... അന്നൊന്നും അച്ഛൻ ഇതുപോലെ പോയില്ല... എന്നിട്ടിപ്പോഴാണ് നേരംവെളുത്തത്... അതിന് ചുക്കാൻ പിടിക്കാൻ നീയും നിന്റെ അനിയത്തിയും ആനന്ദും ഇതൊക്കെ എവിടെ ചെന്നവസാനിക്കുമെന്നോ ആരുടെയൊക്കെ രക്തം വീഴുമെന്നോ ആർക്കറിയാം.. അതൊക്കെ കാണാനാവും എന്റെ വിധി... അല്ലാതെന്തുപറയാനാണ്... \"
ഭവാനിയും അകത്തേക്ക് നടന്നു... 

സുനിൽ ദേഷ്യത്തോടെ അവിടെ കിടന്ന കസേര തട്ടിത്തെറിപ്പിച്ചു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"രവീന്ദ്രാ നിനക്ക് ഗവൺമെന്റ് ശമ്പളം തരുന്നത് തന്റെ ഉടപ്പിറന്നോളുടെ കുടുംബത്തിന്റെ കാര്യം നോക്കി അവർക്ക് വേണ്ടി ഒത്താശ ചൊല്ലാനല്ല... നല്ലതുപോലെ നീതി നടപ്പാക്കാനാണ്... അതാണോ നിങ്ങൾ അവിടെ ചെന്ന് കാണിച്ചുകൂട്ടിയത്... ഇതെല്ലാം ഞാൻ മുകളിലേക്ക് വിളിച്ചു പറഞ്ഞാൽ തന്റെ തലയിലിരിക്കുന്ന തൊപ്പി അവിടെ കാണില്ല... \"

\"അതിന് ഞങ്ങൾ നീതി തന്നെയാണ് സാറേ എനടപ്പാക്കിയത്... ഒരുത്തന്റെ മുക്ക് ഇടിച്ച്  പൊട്ടിച്ചവനെ പിന്നെ പൂവിട്ട് പൂജിക്കണോ... സാറിന് അവൻ വലിയ കൂട്ടുകാരനും കുടപ്പിറപ്പിനെപോലെ കാണുന്നവനുമാകണം... പക്ഷേ എനിക്ക് അങ്ങനെയല്ല.... \"

\"പിന്നെ എങ്ങനെയായിരിക്കണം... നിന്റെ അളിയനും മക്കളും ചെയ്യുന്നതിന് കുടപിടിക്കണമായിരിക്കണം അല്ലേ... ആ ഗിരി എന്ത് തെറ്റാണ് ചെയ്തത്.. ആർക്കും ശല്യമില്ലാതെ ജീവിക്കുന്നതോ... തന്റെ, അളിയന്റെ വാക്കു കേട്ടിട്ടു അവനെ ആക്രമിക്കാൻ പോയതല്ലേ നിന്റെ മരുമകൻ... അതും നടുറോഡിൽ കാറിന് വിലങ്ങിട്ട്... എന്നിട്ടും അവൻ അതെല്ലാം പോട്ടെന്ന് കരുതി... അവസാനം അവന്റെ കാറിൽ യാത്രചെയ്ത ഒരു പാവം പെൺകുട്ടിയെ അവന്റെ പേര് ചേർത്തും അല്ലാതെയും അസഭ്യം പറഞ്ഞപ്പോഴല്ലേ അവൻ പ്രതികരിച്ചത്... അത് താനായാലും പ്രതികരിക്കില്ലേ... തന്റെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല... ആണായി പിറന്ന ഏതൊരുത്തനും പ്രതികരിക്കും... \"

\"സാറ് പറഞ്ഞുവരുന്നത് അവൻ ചെയ്തത് നല്ലകാര്യമാണെന്നാണോ... നിയമം കയ്യിലെടുക്കാൻ അവന് ആരാണ് അധികാരം കൊടുത്തത്... \"

\"അല്ലാതെ അവൻ പറയുന്നത് കേട്ട് അതൊരു കടലാസിൽ പരാതിയായി എഴുതി തന്റെ കയ്യിൽ തന്നാൽ താൻ തന്റെ മരുമകനെതിരേ ആക്ഷനെടുക്കോ... ഇല്ലല്ലോ... പകരം പരാതി നല്കിയ അവനെത്തന്നെ കേസിൽ കുടുക്കും താൻ... \"

\"അന്നേരം ഒരു വനിതാ പോലീസിനെ തല്ലിയതോ... അതും നല്ലതാണെന്നാണോ സാറ് പറയുന്നത്... \"

\"അതുണ്ടാകാൻ കാരമെന്താണ്... അവൻ ഇവിടെ വന്ന് തല്ലിയതാണോ അതോ നിങ്ങൾ അവിടെ ചെന്നപ്പോൾ നേരിട്ടിറങ്ങിവന്ന് ചെയ്തതോ... രവീന്ദ്രാ  എത്രയൊക്കെ വിശദീകരണം നടത്തിയാലും താൻ ചെയ്തത് തെറ്റില്ലാതെ ആവില്ല... ഇനി ഇതുപോലെ വല്ലതും തന്റെ ഭാഗത്തുനിന്നുണ്ടായാൽ ഇതായിരിക്കിക്കില്ല ഉണ്ടാവാൻ പോകുന്നത്... തന്റെ തൊപ്പി എന്നെന്നേക്കുമായി തെറിക്കും... ഇത് തനിക്കുള്ള അവസാന വാണിംഗാണ്... അതുപോലെ തന്റെ എല്ലാ ഒത്താശക്കും കൂട്ടുനിൽക്കുന്ന എല്ലാവരോടും പറഞ്ഞേക്ക്... .\"
പ്രസാദ് എഴുന്നേറ്റ് സ്റ്റേഷനിൽനിന്നും പുറത്തേക്ക് പോയി..... 

ഇതേ സമയം ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ഗിരി... അവൻ പ്രസാദ് പറഞ്ഞത് ആലോചിക്കുകയായിരുന്നു... തനിക്ക് ഇനി ആത്മാർത്ഥമായിട്ട്  മറ്റൊരു ജീവിതം നയിക്കാൻ കഴിയുമോ... തനിക്ക് ജീവിതപങ്കാളിയായി വരുന്ന പെൺകുട്ടിയെ തനിക്ക് ആത്മാർത്ഥതയോടെ സ്നേഹിക്കാൻ കഴിയുമോ... ഉണ്ടാവില്ല... വെറുതെ ഒരു പെണ്ണിന്റെ ശാപം തലയിൽ കയറ്റിവക്കണോ... എന്തിനാണ് താൻ ഒരു പരീക്ഷണത്തിന് മുതിരുന്നത്... എന്റെ ജീവിതം ഇങ്ങനെയായി... അതിലേക്ക് ഒരാളെക്കൂടി എടുത്തിടേണ്ട... അങ്ങനെ ഓരോന്നാലോചിച്ച് ഇരിക്കുമ്പോഴായിരുന്നു... മുറ്റത്ത് ആദ്യമൊക്കെ താൻ പോന്നുപോലെ നോക്കിയിരുന്ന ചെടികൾ നനക്കുന്ന ശ്രേയയെ കണ്ടത്... കുറച്ചു കാലമായി താൻ അതിന്റെയടുത്തുപോലും പോകാറില്ല... അമ്മയാണ് അതെല്ലാം നനച്ചിരുന്നത്... തന്റെ സാമീപ്യമില്ലാത്തതുകൊണ്ടോ തന്റെ സ്പർശനമില്ലാത്തതിനാലോ എന്തോ ചെടികൾക്ക് ഒരു വാടൽ അനുഭവപ്പെട്ടത് അവൻ ശ്രദ്ധിച്ചു... എന്നാൽ താൻ എങ്ങനെയാണോ ആ ചെടികളെ പരിപാലിച്ചിരുന്നത് അതുപോലെ അല്ലെങ്കിൽ അതിനുമപ്പുറം ശ്രേയ അതിനെ പരിപാലിക്കുന്നതവൻ കണ്ടു... പുഴു തിന്ന  ഇലകളും വാടിയ ഇലയുമെല്ലാം അവൾ പറിച്ചെടുത്ത് കളയുന്നുണ്ട്... അതിന്റെ ചുവട്ടിലായി വളർന്നുവരുന്ന പുല്ലും അതുപോലെ ചുവട്ടിലുള്ള കരിയിലയും മറ്റും അവൾ മാറ്റുന്നുണ്ട്... അവൾ ചെയ്യുന്നത് കൌതുകത്തോടെ അവൻ നോക്കി നിന്നു... തന്റെ അനിയത്തി ഇതുപോലെ ചെയ്യുന്നത് ഇതുവരെ അവൻ കണ്ടിട്ടില്ല... എല്ലാം കഴിഞ്ഞ് ചെടിയെല്ലാം നനച്ച് പൈപ്പ് പൂട്ടി തിരിഞ്ഞു നടക്കുമ്പോൾ ശ്രേയ അറിയാതെ ബാൽക്കണിയിലേക്ക് നോക്കി... അവിടെ തന്നെത്തന്നെ നോക്കിനിൽക്കുന്ന ഗിരിയെ അവൾ കണ്ടു... അവൾ ഒന്നും മിണ്ടാതെ നേരെ മുകളിലെത്തി ബാൽക്കണിയിലേക്ക് വന്നു... അപ്പോഴും ഗിരി അതേ ഇരുത്തം തന്നെയായിരുന്നു... 

\"എന്താ മാഷേ... പകൽ സ്വപ്നം കാണുകയാണോ... അതോ നേരത്തെ നടന്ന പരാക്രമങ്ങൾ ആലോചിക്കുന്നതോ... \"
ശ്രേയ ചോദിച്ചു... അവളുടെ ചോദ്യം കേട്ട് ഞെട്ടിയ ഗിരി തിരിഞ്ഞുനോക്കി... പിന്നെ അവനൊന്ന് ചിരിച്ചു... 

\"ഹാവൂ അപ്പോൾ ചിരിക്കാൻ അറിയാം അല്ലേ... ഞാൻ കരുതി പ്രണയനൈരാശ്യത്തോടെ അതെല്ലാം മറന്നെന്ന്... അതു പോട്ടെ എന്താണ് ആലോചിക്കുന്നത്... ഞാൻ പറഞ്ഞതിൽ ഏതെങ്കിലുമാണോ... 

\"ഇത് രണ്ടുമല്ല... നീ ആ ചെടികളെ സ്നേഹിക്കുന്നതു കണ്ട് അറിയാതെ നോക്കിയാണ്... ഒരുകാലത്ത് എനിക്ക് എല്ലാമെല്ലാമായിരുന്നു ആ ചെടികൾ... ഇപ്പോൾ അതിന്റെ അടുത്തേക്കു പോലും പോകാറില്ല... \"

\"അത് മനസ്സിലായി... ഇന്നലെ ഞാൻ വന്നപ്പോൾത്തന്നെ ശ്രദ്ധിച്ചു ആ ചെടികളെ... മനുഷ്യന്റെ സ്പർശനം അതിന് കിട്ടിയിട്ട് ഒരുപാട് നാളായെന്നും മനസ്സിലായി...വെറുതേ കുറച്ച് വെള്ളം ഒഴിച്ചതുകൊണ്ട്  നമ്മൾ ഉദ്ദേശിക്കുന്നതുപോലെ ചെടികൾ വളരില്ല... നമ്മളെ എങ്ങനെയാണോ മാതാപിതാക്കൾ നോക്കിയത് അതുപോലെ നോക്കണം.. അതും ജീവനുള്ളതാണ്.. എന്തുമാത്രം ചവറുകളാണ് അതിന്റെ ചുവട്ടിൽ... പോരാത്തതിന് ഒരുപാട് പുല്ലുകളും... ചെടിക്ക് കിട്ടേണ്ട വളവും വെള്ളവും മറ്റും ആ പുല്ലുകൾക്കാണ് കിട്ടുന്നത്... അതോടെ ചെടികൾ മുരടിച്ചു പോകും... \"

\"നിനക്ക്  കുറച്ചധികം തത്വങ്ങളും കാര്യമറിവുമുണ്ടെന്ന് ഇന്നലെ രാത്രി തന്നെ മനസ്സിലായി... അതുപോലെ ധൈര്യവും... ഇന്ന് അങ്ങനെയൊക്കെ നടന്നിട്ടും ഒരു പേടിപോലും നിന്നിൽ കണ്ടില്ല... മറ്റൊരു പെണ്ണായിരുന്നെങ്കിൽ കരഞ്ഞ് ബഹളം വക്കുമായിരുന്നു... \"

\"എനിക്കെന്തിന് പേടി തോന്നണം... നല്ല ചങ്കൂറ്റമുള്ള ആണൊരുത്തൻ എന്റെ കൂടെ ഉണ്ടായിരുന്നില്ലേ... \"

\"അതുശരി അപ്പോൾ എന്നെ കണ്ടിട്ടുള്ള ധൈര്യമായിരുന്നോ നിനക്ക്... \"

അല്ലാതെ പിന്നെ... എന്നെ ഇവിടുന്ന് കൊണ്ടുപോയ ആൾ അതുപോലെത്തന്നെ ഇവിടെ തിരിച്ചെത്തിക്കണമല്ലോ... അതുണ്ടാകുമെന്ന് എനിക്ക്  വിശ്വാസമുണ്ടായിരുന്നു... \"

\"അത് നന്നായി... അന്നേരം എനിക്ക് എന്തെങ്കിലും സംഭവിച്ചെന്നിരിക്കട്ടെ അതായത് അവരെന്നെ എന്തെങ്കിലുംചെയ്തു എന്നു കരുതുക... അന്നേരമവർ നിന്നെ കാറിൽ നിന്ന് പിടിച്ചിറക്കികൊണ്ടുപോയാൽ... \"

\"അതാണ് എന്റെ യോഗമെന്ന് കരുതും... പക്ഷേ അപ്പോഴും ഒരിറ്റ് ജീവൻ ബാക്കിയുണ്ടെങ്കിൽ   ഇയാളെന്നെ രക്ഷിക്കും എന്നൊരു വിശ്വാസം എന്നിലുണ്ട്... വിശ്വാസം അതല്ലേ എല്ലാം... \"

\"കുഴപ്പമില്ല... ഇതൊക്കെ നേരിട്ട് അനുഭവിക്കുമ്പോൾ അറിയാം നിന്റെ ധൈര്യം... അതു പോട്ടെ എന്തിനാണിപ്പോൾ ഇവിടേക്ക് വന്നത്... \"

\"ഒന്നുമില്ല... പകൽ സ്വപ്നം കണ്ട് ഇയാൾ താഴേക്ക് വീഴേണ്ടെന്ന് കരുതി... അതുകൊണ്ട് ആ സ്വപ്നത്തിൽ നിന്ന് ഉണർത്താൻ വന്നതാണ്... ഇനിയിരുന്ന് സ്വപ്നം കണ്ടോ പക്ഷേ ആ പടിയിൽ നിന്ന് താഴെയിറങ്ങിയിട്ട് മതി... ഞാൻ പോണു... \"
അവൾ തിരിഞ്ഞു നടന്നു... അവൾ പോകുന്നതുംനോക്കി ഗിരിയിരുന്നു... 



തുടരും......... 


✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം... 💞 14

പ്രണയഗീതം... 💞 14

4.6
12132

\"ഒന്നുമില്ല... പകൽ സ്വപ്നം കണ്ട് ഇയാൾ താഴേക്ക് വീഴേണ്ടെന്ന് കരുതി... അതുകൊണ്ട് ആ സ്വപ്നത്തിൽ നിന്ന് ഉണർത്താൻ വന്നതാണ്... ഇനിയിരുന്ന് സ്വപ്നം കണ്ടോ പക്ഷേ ആ പടിയിൽ നിന്ന് താഴെയിറങ്ങിയിട്ട് മതി... ഞാൻ പോണു... \"അവൾ തിരിഞ്ഞു നടന്നു... അവൾ പോകുന്നതുംനോക്കി ഗിരിയിരുന്നു... \"\"ഇവൾ സത്യത്തിൽ ആരാണ്...  ഇന്നലെ വന്ന ഇവൾ പറയുന്ന ഓരോ കാര്യവും തന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു... സ്വന്തം അച്ഛനുമമ്മയും കൂട്ടുകാരും ശ്രമിച്ചിട്ടും മാറാതിരുന്ന ഞാൻ അവളുടെ വാക്കുകളിൽ വീഴുന്നു... എന്തോ ഒരു അതൃശ്യശക്തി ഇവളിലുണ്ട്... ഇവൾ എനിക്കായി ജനിച്ചതാണോ... പ്രസാദ് പറഞ്ഞതുപോലെ എന്റെ എല്ലാ കാര്യവും