Aksharathalukal

രണഭൂവിൽ നിന്നും... (33)

ചുറ്റും ഉയർന്നു കേൾക്കുന്ന ആർപ്പു വിളികളും വിസിലടിയും കരഘോഷവുമൊന്നും തന്നെ ജിത്തുവിന്റെ കാതിൽ വീണില്ല...മുന്നിലും ചുറ്റിലുമുള്ളതൊന്നുമവൻ കണ്ടില്ല..നാദസ്വരത്തിന്റെ ചടുല മേളങ്ങൾ കേട്ടില്ലവൻ...

അല്പം മുൻപ് തന്റെ മോതിരവിരലിനാൽ സിന്ദൂരചുവപ്പണിഞ്ഞ സീമന്തവുമായി വിവാഹവേഷത്തിൽ നിൽക്കുന്ന തന്റെ പെണ്ണിന്റെ കണ്ണുകളിൽ തനിക്കായി വിരിയുന്ന പ്രണയവും സന്തോഷം നിറഞ്ഞൊരവളുടെ ചിരിയും....അവളണിഞ്ഞിരിക്കുന്ന സ്വർണാഭരണങ്ങൾക്കിടയിൽ ഉദിച്ചു നിൽക്കുന്ന താൻ ചാർത്തിയ താലിയും മാത്രമായിരുന്നു അവന്റെ ഹൃദയവും കണ്ണുകളും നിറയെ... അവളുടെ തിരുനെറ്റിയിൽ താനറിയാതെയൊരു ചുംബനം നൽകുമ്പോൾ കൂക്കി വിളിക്കുന്ന കൂട്ടുകാരെയവൻ കേട്ടില്ല... എങ്കിലും നാണം കൊണ്ടു ചുവന്നു പോയാ പെണ്ണിന്റെ മുഖമവനിൽ നിറച്ചത് ആറ് വർഷമൊളിപ്പിച്ചു വച്ച പ്രണയമായിരുന്നു ...

പൊക്കത്തിനനുസരിച്ചുള്ള വണ്ണവും വിടർന്നു തെളിഞ്ഞ  മുഖവുമായി അത്രയും പ്രൗഢിയോടെ നിൽക്കുന്ന ഇരുപത്തഞ്ചുകാരിയായ ഭാനുപ്രിയ IASനെയല്ല പത്തൊൻപത്കാരിയായ മെലിഞ്ഞു വാടിയ മുഖവും പഴകിയ വസ്ത്രങ്ങളുമായി ആദ്യത്തെ കാഴ്ചയിൽ തന്റെ മുന്നിൽ നിന്ന ഭാനുപ്രിയയെ... പിന്നീട് തന്റെ പ്രിയയായി മാറിയവളെയാണ് ജിത്തു ഓർത്തു പോയത്...

അവളുടെ കൈയിൽ കൈ ചേർത്ത് ആശീർവാദം നൽകാനെത്തിയ ജയട്ടീച്ചറും രാമകൃഷ്ണനുമുൾപ്പെടെയുള്ള
വൻ ജനസമൂഹത്തിന് നടുവിലൂടെയവൻ നടന്നു നീങ്ങി...ഇരുവരുടെയും മുഖത്തു നിറഞ്ഞു നിന്ന സന്തോഷം അവരോരോരുത്തർക്കും മനസ്സ് നിറഞ്ഞ സന്തോഷം നൽകി..

മുത്തശ്ശി നൽകിയ നിലവിളക്ക് കയ്യിൽ വാങ്ങി ജിത്തുവിന്റെ വീട്ടിലേക്ക് വലത് കാൽ വച്ചവൾ കയറി.. ഗൃഹനാഥയായി...നിറഞ്ഞു വരുന്ന കണ്ണുകൾ വീണ്ടും വീണ്ടും തുടയ്ക്കുമ്പോൾ ഭവാനിയുടെ മനസ്സ് നഷ്ടപ്പെട്ട് പോയ ഭർത്താവിലായിരുന്നു...
മധുരം കൊടുപ്പ് കഴിഞ്ഞു പലരും പിരിഞ്ഞ് പോയപ്പോൾ രാമകൃഷ്ണനെയും ജയട്ടീച്ചറിനെയും ഭാനു പിടിച്ചു നിർത്തി... തന്റെ മുറിയിൽ നിന്നുമവൾ രണ്ട് പൊതികളെടുത്തു കൊണ്ടു വന്നു...

ഒന്ന് തുറന്ന് ഒരു വാച്ച് പുറത്തെടുത്തവൾ ജിത്തുവിനെ ഒന്ന് നോക്കിയിട്ട് രാമകൃഷ്ണന്റെ കയ്യിൽ കെട്ടിക്കൊടുത്തു...
\"മോളെ \"
അദ്ദേഹം പരിഭവത്തോടെ വിളിച്ചത് കേട്ട് ഭാനുവൊന്ന് ചിരിച്ചു...
\"ഇതവളുടെ സമ്പാദ്യത്തിൽ നിന്നു തന്നെ വാങ്ങിയതാ അങ്കിൾ... എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല...\"
പിറകിൽ നിന്നും ജിത്തു വിളിച്ചു പറഞ്ഞു...
ഇപ്പോൾ അദ്ദേഹമൊന്ന് ചിരിച്ചു...അദ്ദേഹം അവളുടെ നെറുകിൽ മെല്ലെ തലോടുമ്പോൾ അവളുടെ കൺകോണിലൊരു നനവുണ്ടായിരുന്നു...

അടുത്ത പൊതിയഴിച്ചു ഉണ്ണിഗണപതിയുടെ ഒരു വിഗ്രഹം അവൾ പുറത്തെടുത്തു... അത്‌ ജയയ്ക്ക് നൽകിയവൾ ഒന്ന് പുഞ്ചിരിച്ചു.. അത്‌ കണ്ട് കണ്ണ് നിറഞ്ഞു കൊണ്ട് ജയയും അവളുടെ കവിളിൽ മെല്ലെ തലോടി....

ആ കാഴ്ച ഭവാനി നന്ദിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി നിന്നു...ഇരുളടഞ്ഞ വഴിയിലൊരു തിരിനാളം നീട്ടി തനിക്ക് വഴികാട്ടിയ അവരോടുള്ള കടപ്പാട് എന്ത് ചെയ്താലും തീരില്ലെന്ന് ഭാനുവിനറിയാമായിരുന്നു.... എന്നാൽ അവൾ സ്വന്തം മകളാണെന്നും ഒരു നന്ദി പറച്ചിലിന്റെ ആവശ്യമില്ലെന്നും ആ ദമ്പതിമാർ പറയാതെ പറയുന്നുണ്ടായിരുന്നു..പരസ്പരം പറയാനുള്ളതെല്ലാം ആ പുഞ്ചിരിയിലും കണ്ണീരിലുമായി അവരൊതുക്കി...

നിമിഷങ്ങൾ പിന്നിടുമ്പോൾ ആ വീട്ടിൽ പതിവുള്ളവരെക്കൂടാതെ ചിരാഗ് മാത്രം ബാക്കിയായി ....പിറ്റേന്ന് വൈകുന്നേരമാണ് ഭാനുവിന് മുസ്സോറിയിലേക്ക് പോകാനുള്ള ട്രെയിൻ ബുക്ക്‌ ചെയ്തിരിക്കുന്നത്... അവളെ കൊണ്ടു വിട്ടിട്ടേ ജിത്തു മടങ്ങു... ഉച്ചയ്ക്ക് തന്നെയെത്തിക്കോളാമെന്ന് പറഞ്ഞിട്ടാണ് കിച്ചുവും അഞ്‌ജലിയും പോയിരിക്കുന്നത്...വിവാഹവേഷം മാറ്റി പതിവ് പോലെ ഭാനു അടുക്കളയിൽ കയറി... ഇപ്പോൾ അനുവിന് സ്വന്തം കാര്യങ്ങളെല്ലാം തന്നെ ചെയ്യാൻ കഴിയുന്നുണ്ട്...അത്‌ കൊണ്ട് ഹോം നഴ്സുമില്ല ഇപ്പോൾ.. സ്പീച്ച് തെറാപ്പിയും മാസാമാസമുള്ള ചെക്ക് അപ്പും മാത്രമേ നടക്കുന്നുള്ളൂ...

ഒന്നിച്ചിരുന്നു ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനായി പോവാൻ തുടങ്ങി ഓരോരുത്തരും... ഭാനുവിന്റെ പിൻവിളിയാണ് എല്ലാവരെയും പിടിച്ചു നിർത്തിയത്...
\"ഏട്ടാ..\"
\"എന്താ ഭാനു?\"
ചിരാഗ് ചോദിച്ചു....
\"അനുവേച്ചീ..\"
\"എൻ..എന്താ..ടാ?\"
അവളും വിളി കേട്ടു...

ഭാനു ചിരാഗിനെ പിടിച്ചു വലിച്ച് വീൽ ചെയറിലിരിക്കുന്ന അനുവിന്റെ മുൻപിൽ കൊണ്ടിരുത്തിയിട്ട് അവളുമിരുന്നു...
ജിത്തുവും ഭവാനിയും ശരണ്യയും അമ്പരന്ന് നിൽക്കുകയാണ്...

\"ജിത്തുവേട്ടന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ ശരണ്യ അന്നെന്നോട് എല്ലാം പറഞ്ഞത് കൊണ്ടാണ് ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായി ഇവിടെ സന്തോഷത്തോടെ നിൽക്കുന്നത്.. അത്‌ പോലെ ഏട്ടന്റെ സമ്മതത്തിന് ഞാനും കാത്തു നിൽക്കുന്നില്ല...\"
ചിരാഗിനെ നോക്കി പറഞ്ഞിട്ട് ഭാനു അനുവിന് നേരെ തിരിഞ്ഞു..

\"അനുവേച്ചീ ചിരാഗേട്ടൻ ചേച്ചിയെ പ്രണയിക്കുന്നുണ്ട്... അത്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല...കുഞ്ഞിലേ ചേച്ചിയെ കണ്ട നാൾ മുതൽ.. ഒരുപക്ഷേ ലോകിയേട്ടനേക്കാൾ മുൻപേ...\"

എല്ലാവരും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്...
അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... ചിരാഗിന്റെ കണ്ണിൽ അതിശയവും ഭയവുമൊക്കെ കലർന്നിരിക്കുന്നു...ജിത്തുവിന്റെ ഹൃദയം വല്ലാതെ ഉയർന്നു മിടിക്കുന്നുണ്ട്... അവിശ്വസനീയതയോടെ അവൻ ചിരാഗിനെ നോക്കുകയാണ്...ഭാനു വീണ്ടും ചിരാഗിനെ നോക്കി...

\"ഏട്ടാ പറയ്‌.. ഇപ്പൊ പറയ്‌... ജിത്തുവേട്ടന്റെ മുൻപിൽ വച്ച് പറയ്‌... എന്നോടുള്ള പ്രണയം മനസ്സിനുള്ളിലൊളിപ്പിച്ചു നടന്ന ജിത്തുവേട്ടനത് മനസ്സിലാകും..
പറയ്‌.. അനുവേച്ചിയോട് പറയ്‌.. ചേച്ചി അനങ്ങാൻ വയ്യാതെ കിടന്നിരുന്നപ്പോൾ പോലും ഏട്ടൻ ചേച്ചിയെ പ്രണയിച്ചിരുന്നുവെന്ന്... ചേച്ചി കടന്നു പോയ വേദനകളിലൊക്കെ നെഞ്ച് നീറി കരഞ്ഞിട്ടുണ്ടെന്ന്...\"
ഭാനു ചിരാഗിനെ കുലുക്കി വിളിച്ച് പറഞ്ഞു.. അവനവളുടെ കൈ തട്ടി മാറ്റി എഴുന്നേറ്റ് സോഫയിൽ പോയിരുന്നു..ഭാനു അനുവിനെ നോക്കി 

\"ചേച്ചിക്കറിയുവോ.. ഞാൻ കണ്ടിട്ടുണ്ട്... മാംഗ്ലൂർ വച്ച്.. ഇവിടെ വരുമ്പോൾ..ഒക്കെ ആരും കാണാതെ ഒരുപാട് നേരം ചേച്ചിയെ നോക്കി ഉറങ്ങാതെയിരിക്കുന്ന ഏട്ടനെ... ചേച്ചീടെ നെറുകിൽ തലോടിക്കൊണ്ട് ചേച്ചിക്ക് കാവലിരിക്കുന്ന ഏട്ടനെ... ചേച്ചിയുടെ ആരോഗ്യത്തിലുണ്ടാകുന്ന ഓരോ ഇമ്പ്രൂവ്മെന്റിലും കണ്ണ് നിറഞ്ഞു ചിരിക്കുന്ന ഏട്ടനെ...രാത്രി ചേച്ചിയുടെ അടുത്ത് നിന്നും എഴുന്നേറ്റ് പോകുന്ന സമയത്ത് ഈ നെറ്റിയിൽ ചുണ്ട് ചേർക്കുന്ന ഏട്ടനെ... ആ ചുംബനത്തിനൊരു അർത്ഥമെയുള്ളൂ... അത്‌ സാഹോദര്യമല്ല.. സൗഹൃദമല്ല..പ്രണയം നിറഞ്ഞ കരുതലാണ്...

അതെനിക്ക് ഇന്നാണ് മനസ്സിലായത്... താലി കെട്ടിക്കഴിഞ്ഞു ജിത്തുവേട്ടൻ എന്റെ നെറ്റിയിൽ ചുംബിക്കുമ്പോഴാണ് എന്റെ തോന്നലുകളിൽ നൂറ് ശതമാനം ഉറപ്പെനിക്ക് കിട്ടിയത്..\"
ഭാനു അനുവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു...
\"ചേച്ചിക്ക് ഇതൊക്കെ അത്ര പെട്ടെന്ന് ഉൾക്കൊള്ളാനാവില്ലെന്നെനിക്കറിയാം.. പക്ഷെ ശ്രമിക്കണം..ഏട്ടനെ മനസ്സിലാക്കാൻ...ആ മനുഷ്യൻ ചേച്ചിയെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ.. ഞാനിപ്പോ ഇത് പറഞ്ഞില്ലെങ്കിൽ ഏട്ടനൊരിക്കലുമിത് ചേച്ചിയോടും മറ്റാരോടും പറയില്ല...അങ്ങനെ പാഴായിപ്പോവാനുള്ളതല്ല ആ സ്നേഹം...നിസ്വാർത്ഥമായ പ്രണയം അപൂർവഭാഗ്യമുള്ളവർക്ക് മാത്രമേ കിട്ടൂ ചേച്ചി... എനിക്ക് കിട്ടിയത് പോലെ...\"

ഭാനുവിന്റെ വാക്കുകൾ കേട്ട് അനു നിശ്ചലയായി ഇരിക്കുകയാണ്.. കണ്ണുകൾ മാത്രം ഒഴുകിക്കൊണ്ടേയിരുന്നു...ഭാനു ജിത്തുവിനെ നോക്കിയൊന്ന് ചിരിച്ചു... അവന്റെ കണ്ണുകൾ പക്ഷേ ചിരാഗിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലായിരുന്നു... ഒരു നൊമ്പരമാണ് ജിത്തുവിന്റെ കണ്ണിൽ ഭാനു കണ്ടത്...പക്ഷേ അധികം വൈകാതെ അവന്റെ കണ്ണുകൾ തന്റെ പ്രിയയെ തേടിച്ചെന്നു...അവളൊന്ന് പുഞ്ചിരിച്ച് കണ്ണ് ചിമ്മിക്കാട്ടി..ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ജിത്തു ചിരാഗിനടുത്തു പോയിരുന്നു... തന്റെ തോളിൽ ജിത്തുവിന്റെ കൈത്തലം അമരുമ്പോൾ ചിരാഗ് അതിന്മേൽ തന്റെ കൈപ്പത്തി ചേർത്തു വച്ചു...

\"പറയായിരുന്നില്ലേ ഡാ.. എന്നോടെങ്കിലും...\"
ജിത്തു ചോദിക്കുമ്പോൾ കണ്ണുകൾ അമർത്തി തുടച്ചിട്ട് ചിരാഗ് പുഞ്ചിരിച്ചു...

\"പറയണമെന്ന് കരുതിയിട്ടുണ്ട് ഒരുപാട് വട്ടം... ആദ്യമായി തോന്നിയത് ആറാം ക്ലാസ്സിൽ വച്ചാ... രണ്ടാം ക്ലാസ്സുകാരി അനുക്കുട്ടിയെ എനിക്കിഷ്ടമാണെന്ന്.. പക്ഷേ ചമ്മൽ തോന്നി.. നിങ്ങളൊക്കെ കളിയാക്കുമെന്ന് ഭയന്നു...നിന്റെ വിരലിൽ തൂങ്ങി നടന്നു വരുന്ന ഇവളെ കാണുമ്പോഴൊക്കെ ആ ഇഷ്ടം കൂടിക്കൂടി വന്നു...പത്താം ക്ലാസുകാരന്റെ ധൈര്യവുമായി വീണ്ടും കൂട്ടുകാരോട് പറയാൻ തുനിഞ്ഞപ്പോൾ പക്ഷേ ചമ്മലല്ല പേടിയാണ് തോന്നിയത്... നമ്മുടെ ഫ്രണ്ട്ഷിപ്പിനെ അത്‌ ബാധിക്കുമോയെന്ന്... വേണ്ടെന്ന് വച്ചു.. പഠിച്ചു വലിയ ആളായിട്ട് പറയണമെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു...

പ്ലസ് ടുവിന് പഠിക്കുമ്പോൾ ലോകി യൊരിക്കൽ പറഞ്ഞു.. അവന് അനുക്കുട്ടിയെ ഇഷ്ടമാണെന്നല്ല... അവനും അനുക്കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്ന്... സങ്കടം തോന്നി.. വീട്ടിൽ പോയി കുറേ കരഞ്ഞു.. പക്ഷേ ഒന്ന് മനസ്സിലായി.. എന്റെയിഷ്ടമല്ല അനുവിന്റെ ഇഷ്ടമാണ് പ്രധാനമെന്ന്.. അവൾ സന്തോഷമായിട്ടിരുന്നാൽ എനിക്കും സന്തോഷിക്കാനാകുമെന്ന്.. അന്നെനിക്ക് ആശ്വാസം തോന്നി.. പൊട്ട ബുദ്ധിയിൽ തോന്നിയതൊന്നും ആരോടും വിളിച്ചു പറഞ്ഞില്ലല്ലോ എന്ന്...അത്‌ കൊണ്ടാണ് കിച്ചുവിന്റെ കൂടെ നിന്ന് ലോകിയെ ഉന്തിത്തള്ളി നിന്റെയടുത്തേക്ക് വിട്ടത്... ഇവളോടുള്ള ഇഷ്ടം പറയാൻ... അന്ന് സന്തോഷം കൊണ്ട് നീയവനെ കെട്ടിപ്പിടിക്കുമ്പോ ഞങ്ങളും ഒരുപാട് സന്തോഷിച്ചെടാ...

പിന്നീടൊരിക്കലും അനുവിനെ ഞാൻ പ്രണയത്തോടെ നോക്കിയിട്ടില്ല... അവളോടുണ്ടായിരുന്ന ആ കുഞ്ഞിഷ്ടം ഞാൻ ഹൃദയത്തിനുള്ളിലെവിടെയോ അടച്ചു പൂട്ടി വച്ചു... ജീവിതത്തിൽ പലയിടത്തും പല പെൺകുട്ടികളെയും കണ്ടു.. അവരിൽ ആരെയെങ്കിലുമൊക്കെ ഇഷ്ടപ്പെടാൻ ശ്രമിച്ചു.. പക്ഷേ കഴിഞ്ഞില്ല.. എങ്കിലും ഞാൻ ഹാപ്പിയായിരുന്നു.. കാരണം അനു ലോകിയോടൊപ്പം ഒരുപാട് സന്തോഷവതിയായിരുന്നു എന്നത് തന്നെ...

പക്ഷേ.. ആ. ദുരന്തം.. അത്‌ ഇവളെ തകർത്തപ്പോൾ.. ലോകിയോടൊപ്പം ഞാനും മരിച്ചു.. ആ ദിവസങ്ങളിലൊക്കെയൊരു മരവിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...പിന്നെയെനിക്ക്‌ തിരിച്ചു വരേണ്ടി വന്നു... കിച്ചുവിനും നിനക്കുമൊപ്പം നിൽക്കാൻ... ശത്രുക്കളെ ഒടുക്കാൻ...ലോകി പോയപ്പഴാണ് ഡാ എനിക്ക് മനസ്സിലായത്... ഇവളെക്കാൾ ഞാൻ ലോകിയെ സ്നേഹിച്ചിരുന്നെന്ന്...അവനോടൊപ്പമായത് കൊണ്ട് മാത്രമാണ് ഞാനിവളെ വിട്ടു കളഞ്ഞതെന്ന്... \"
അനു മെല്ലെ കണ്ണുകളുയർത്തി ചിരാഗിനെ നോക്കി... അവളുടെ കലങ്ങിയ മിഴികളിൽ എന്തെല്ലാമോ വികാരവിസ്ഫോടനങ്ങൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു....

ജിത്തുവിന്റെ കൈയിൽ മെല്ലെ തട്ടി മുഖം ഷർട്ടിന്റെ കയ്യിൽ തുടച്ചിട്ട് ചിരാഗ് എഴുന്നേറ്റ് അനുവിനരികിൽ പോയി മുട്ട് കുത്തിയിരുന്നു...
\"അനു... എന്റെ അമ്മയാണേ നിന്റെ മനസ്സിലെ.. ജീവിതത്തിലെ ലോകിയുടെ സ്ഥാനം ഞാനാഗ്രഹിച്ചിട്ടില്ല... നിങ്ങളുടെ സന്തോഷങ്ങളിൽ അസൂയപ്പെട്ടിട്ടില്ല... നിങ്ങളുടെ സന്തോഷവും പ്രണയവും എന്നും നിലനിൽക്കണേയെന്ന്  പ്രാർത്ഥിച്ചിട്ടേ ഉള്ളൂ...

പക്ഷേ അവൻ പോയപ്പോ.. നീ ഒറ്റയ്ക്കായപ്പോ.. അതും അങ്ങനെയൊരു അവസ്ഥയിൽ... പറ്റുന്നില്ല മോളെ... മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കാൻ എനിക്ക് പറ്റുന്നില്ല... നിനക്ക് പകരമാക്കാൻ സാധിക്കുന്നില്ല...\"

കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വക വയ്ക്കാതെ ചിരാഗ് അനുവിന്റെ കൈകൾ പൊതിഞ്ഞ് പിടിച്ചു...
\"ഒരുമിച്ചൊരു ജീവിതം വേണമെന്ന് ഞാൻ ആഗ്രഹിക്കില്ല... പക്ഷേ സുഹൃത്തുക്കളായിട്ടെങ്കിലും നമുക്കെന്നും ഒന്നിച്ച് കഴിഞ്ഞുകൂടെ...
ലോകി പോയപ്പോൾ നിന്നിലും എന്നിലുമുണ്ടായ ശൂന്യത നികത്താനെങ്കിലും നമുക്ക് ഒന്നിച്ച് കഴിഞ്ഞ് കൂടെ... കാത്തിരിക്കാം എത്ര വേണമെങ്കിലും... എന്നാലും മറ്റൊരു പെൺകുട്ടിയും എന്നിലേക്കെത്തില്ല...

ഇതൊക്കെ പല വട്ടം നീയുറങ്ങിക്കിടക്കുമ്പോൾ മനസ്സിൽ നിന്നോട് പറഞ്ഞിട്ടുണ്ട്... ഉറക്കെ പറയാനുള്ള ധൈര്യമില്ലാതെ പോയി... ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ മനസ്സ് ഭാനു മനസ്സിലാക്കിയത് അദ്‌ഭുതം തന്നെ... നീയെന്റെ അനിയത്തിക്കുട്ടി തന്നെ ഭാനുവേ...\"
മെല്ലെ പുറകിലേക്ക് നോക്കി ശരണ്യക്കടുത്തു നിൽക്കുന്ന ഭാനുവിനോട് ചിരാഗ് പറഞ്ഞു... ഭാനുവൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...

ചിരാഗ് വീണ്ടും അനുവിനെ നോക്കി.. അവൾ താഴേക്ക് നോക്കിയിരിക്കുകയാണ്...
\"നിന്നെ ആരും ഒന്നിനും നിർബന്ധിക്കില്ല അനു... നിനക്കെന്തും തീരുമാനിക്കാം.. സന്തോഷത്തോടെ ഞാനത് സ്വീകരിക്കും... ഒരിക്കലും ഒരിക്കലും നിന്നോടൊരു അനിഷ്ടം പോലും എനിക്ക് തോന്നില്ല.. I promise... കൂടുതൽ ഉറക്കം കളയണ്ട.. നാളെ തെറാപ്പിയുള്ള ദിവസമാണ്... പോയി കിടന്നുറങ്ങ്...ശരണ്യേ..\"

\"ആ.. ഞാൻ നോക്കിക്കോളാം ചീരുവേട്ടാ...\"
\"മ്മ് \"
\"ഡാ ജിത്തു ഭാനൂനേം വിളിച്ച് പോയി കിടക്കാൻ നോക്ക്.. നാളെ നിങ്ങൾക്ക് യാത്രയുള്ളതല്ലേ.. ചെല്ല് മോളെ.. ഞാനും കിടക്കാൻ പോവാ... Good night... \"
വേഗത്തിൽ പറഞ്ഞിട്ട് ചിരാഗ് പടികൾ കയറി മുകളിലേക്ക് പോയി.... ശരണ്യ അനുവിനെയും കൊണ്ട് മുറിയിലേക്കും..ഭവാനിയും മെല്ലെ മുറിയിലേക്ക് നടന്നു...

\"ഡാ.. ഞാനും കൂടെ.\"
ഭാനു അവളെ വിളിച്ചു...
\"ഇത് ഞാൻ പ്രതീക്ഷിച്ചു...എന്റെ ജിത്തുവേട്ടാ ഇവള് നന്നാവില്ല... ആറ്റു നോറ്റ് കിട്ടിയ ഫസ്റ്റ് നൈറ്റായിട്ട് അവള് ഞങ്ങൾടെ കൂടെ വരുന്നൂന്ന്.. കഷ്ടം തന്നെ.. ഇതിനെയൊന്ന് വിളിച്ചോണ്ട് പോ  ജിത്തുവേട്ടാ...\"
ശരണ്യ നടന്നു കൊണ്ട് തന്നെ പറഞ്ഞുകൊണ്ടിരുന്നു....
അനു വീൽ ചെയർ നിർത്തിച്ച് തിരിഞ്ഞു..
\"മോ.. ളെ.. ഞാ.. ൻ.. ഓ. ക്കെ.. ആണ്.. ഏട്ട്.. ആ.. ഇവ. ളെ.. വി.. ളി.. ച്ച്.. ച്ചിട്ട്.. പോ...\"
പറഞ്ഞിട്ട് അനു തന്നെ വീൽ ചെയർ തിരിച്ച് മുറിയിലേക്ക് പോയി...
ഭാനു ജിത്തുവിനെ നോക്കി...

\"സാരമില്ല... നിനക്ക് അനൂന്റെ കൂടെ കിടക്കണമെങ്കിൽ പൊയ്ക്കോ..എനിക്ക് കുഴപ്പമില്ല...\"
ജിത്തു ചിരിയോടെ പറഞ്ഞു...
\"ഇങ്ങോട്ട് വന്നാ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും.. പറഞ്ഞേക്കാം..\"
അത്‌ കേട്ട് ശരണ്യ വിളിച്ചു കൂവി പറഞ്ഞു.. പിന്നെ മുറിയുടെ വാതിൽ കൊട്ടിയടച്ചു... ഭാനു അങ്ങനെയങ്ങു നിന്നു പോയി...

ജിത്തു ചിരിച്ചും പോയി... പിന്നെ ഭാനുവിനെ തോളിലൂടെ ചേർത്തു പിടിച്ചു...
\"പേടിക്കണ്ട പ്രിയാ.. ഇതിനേക്കാൾ ഒരുപാട് തീവ്രമായ ഷോക്ക് എന്റെ അനുമോള് ഓവർക്കം ചെയ്തു കഴിഞ്ഞു... അവളെയിനി ഒന്നുമൊന്നും തളർത്തില്ല.. നീ വാടീ പോണ്ടാട്ടീ...\"

ഭാനുവിനോട് പറഞ്ഞിട്ട് ജിത്തു അവളെയും ചേർത്തു പിടിച്ച് പടികൾ കയറി മുറിയിലേക്ക് പോയി...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (34)

രണഭൂവിൽ നിന്നും... (34)

4.7
2234

\"ജിത്തുവേട്ടാ..\"\"മ്മ്..\"തന്റെ നെഞ്ചോരം ചേർന്നു കിടന്ന് ഭാനു വിളിക്കുമ്പോൾ അവളുടെ ശിരസിലൂടെ മെല്ലെ തഴുകിക്കൊണ്ട് ജിത്തു വിളി കേട്ടു...\"എന്നോടെപ്പഴാ ആദ്യായിട്ട് ഇഷ്ടം തോന്നിയേ?\"ജിത്തുവൊന്ന് പുഞ്ചിരി തൂകി...\"നിന്നെ നേരിൽ കാണുന്നതിനും മുൻപേ..\"\"ഏ!!!\"കണ്ണ് മിഴിച്ച് ഭാനു ശിരസുയർത്തി ജിത്തുവിനെ നോക്കി...അവനൊരു ചിരിയോടെ അവളുടെ ശിരസ് പിടിച്ചു താഴ്ത്തി തിരികെ തന്റെ നെഞ്ചിലേക്ക് വച്ചു...\"ലോകീടേം അനൂന്റേം കേസിന്റെ ഡിസ്കഷനിടയ്ക്ക് ഇടയ്ക്കിടെ നിന്റെ പേര് നിന്റെ വല്യച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്.. മരിച്ചു പോയ അനിയന്റെ മകൾ ഭാനുവിനെക്കുറിച്ച്...കുടുംബത്തേക്കുറിച്ച് സ