Aksharathalukal

രണഭൂവിൽ നിന്നും... (35)

രാവിലെ മുതൽ മുള്ളിന്മേൽ നിൽക്കുന്നത് പോലെയാണ് ജിത്തുവിന്റെ അവസ്‌ഥ..വൈകുന്നേരമാണ് ഭാനു ട്രെയിനിങ് കഴിഞ്ഞെത്തുന്നത്..കഴിഞ്ഞ ആറ് വർഷമായിട്ട് ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല അവനവന്റെ പ്രിയയെ... അങ്ങനെയുള്ളവളെയാണ് കഴിഞ്ഞ നാല് മാസത്തോളമായി ഒന്ന് നേരിൽ കണ്ടിട്ട്... ട്രെയിനിങ്ങിനിടയ്ക്ക് രാത്രി ചില ദിവസങ്ങളിൽ വരുന്ന അവളുടെ വീഡിയോ കോൾ മാത്രമായിരുന്നു അവന് ഈ ദിവസങ്ങളിൽ ആകെയുള്ളൊരു ആശ്വാസം...

ജിത്തുവിന്റെ വെപ്രാളവും പരവേശവുമൊക്കെ കണ്ട് കിച്ചുവും അഞ്‌ജലിയും ശരണ്യയുമൊക്കെ ഇരുന്ന് വധിക്കുന്നുണ്ടവനെ... അനുവിപ്പോൾ പൂർണമായും വീൽ ചെയർ ഉപേക്ഷിച്ചിരിക്കുന്നു... വാക്കിങ് സ്റ്റിക്ക് കുത്തി മെല്ലെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ അവൾക്ക് നടക്കാനാവും...സോഫയിലിരുന്ന് ചിരാഗും അനുവും എല്ലാം കണ്ട് ചിരിക്കുന്നുണ്ട്... ഭവാനി അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയാണ്...

\"ഡാ... ഇതെന്തൊരു വെപ്രാളമാടാ... അവളിങ്ങോട്ട് തന്നെയല്ലേ വരുന്നത്...\"
കിച്ചു അവനെ ഊതി..
\"നിനക്കൊക്കെ അങ്ങനെ പറയാം..അവളെ കാണാതിരുന്നിട്ടുള്ള പാട് എനിക്കേ അറിയൂ..\"
ജിത്തു തിരിച്ചടിച്ചു...

\"ഡാ.. അവൾക്ക് പോസ്റ്റിങ്ങ്‌ എവിടെയാന്ന് ഒരുപിടിയുമില്ല... എവിടെയായാലും പോയല്ലേ പറ്റൂ.. അപ്പൊ നീയെന്ത് ചെയ്യും...\"
അഞ്ജലി ചോദിച്ചു...
\"ഞാനും കൂടെ പോകും...\"
അവൻ ആലോചിക്കുകയേ ചെയ്യാതെ പറഞ്ഞു..
\"ഡാ.. അപ്പൊ നിന്റെ പ്രാക്ടീസോ?\"
ചിരാഗാണ് ചോദിച്ചത്...
\"അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർക്ക് എവിടെ പോയാലും കേസ് കിട്ടില്ലേ ന്റെ ചീരുവേട്ടാ..\"
\"ആ.. അത്‌ \"
ശരണ്യ പറഞ്ഞത് കേട്ട് ജിത്തു അവൾക്ക് ഹൈ ഫൈവ് കൊടുത്തു...

ഭവാനി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ എല്ലാവരും ഊണ്മേശക്ക് ചുറ്റും അണിനിരന്നു..കൂടിയ ചങ്കിടിപ്പ് കാരണം ജിത്തുവിന് ഭക്ഷണം
ഇറങ്ങുന്നുണ്ടായിരുന്നില്ല... എങ്ങനെയൊക്കെയോ ഒരു വിധം കുറച്ച് കഴിച്ച് അവനെഴുന്നേറ്റ് പോകുമ്പോൾ പിറകിൽ നിന്നും കിച്ചുവിന്റെ കൗണ്ടർ വന്നു കൊണ്ടേയിരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"ഡാ.. ഞെക്കിക്കൊല്ലാതെ അതിനെയൊന്ന് ശ്വാസമെടുക്കാൻ
വിടെടാ... \"
റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഭാനുവിനെ കണ്ടതും ഇറുക്കെ പുണരുന്ന ജിത്തുവിനെ കിച്ചു കളിയാക്കി... ജിത്തുവിന് പക്ഷേ ഒരനക്കവുമില്ല...
\"നീ പോടാ... എന്റെ ഭാര്യ.. എന്റെ കൈ.. ഞാനെനിക്കിഷ്ടമുള്ളത് പോലെ കെട്ടിപ്പിടിക്കും...\"
ഒന്ന് തല പൊക്കി കിച്ചുവിന് തിരിച്ചു കൊടുത്തിട്ട് ജിത്തു അവളെ വീണ്ടും പുണർന്നു... ഒരു ചിരിയോടെ ഭാനു ജിത്തുവിന്റെ പുറത്ത് അമർത്തി പിടിച്ചു...

കിച്ചുവിനും ചിരാഗിനുമൊപ്പം വീട്ടിലേക്ക് കാറിൽ പോകുമ്പോഴും ഭാനുവിന്റെ കൈ ഒരു നിമിഷത്തേക്ക് പോലും വിട്ടിട്ടില്ല ജിത്തു... അവന്റെ തോളിൽ തല വച്ചു കിടക്കുമ്പോഴവൾക്കും ആശ്വാസമായിരുന്നു.. നാല് മാസത്തിനു ശേഷം തന്റെ തണലിൽ തിരിച്ചെത്തിയ ആശ്വാസം...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചപ്പോൾ തന്നെ പകുതി ക്ഷീണം മാറിയത് പോലെ തോന്നി ഭാനുവിന്...
അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം ചിരാഗിനും അനുവിനും ജിത്തുവിനും ശരണ്യക്കുമൊപ്പം ഇരുന്ന് കഴിക്കുമ്പോൾ നാളുകൾക്ക് ശേഷം തന്റെ കൂട്ടിലേക്കെത്തിയ സന്തോഷത്തിലായിരുന്നു ഭാനുവിന്റെ മനസ്സ്...

കിടക്കുന്നതിനു മുൻപ് വാക്കിങ് സ്റ്റിക്ക് പിടിച്ച് നടക്കുന്ന അനുവിനെയും കൂട്ടി മെല്ലെ നടന്ന് അനുവിന്റെ മുറിയിലേക്ക് പോകുമ്പോൾ ഭാനുവിന് ഒരുപാട് സന്തോഷം തോന്നി...കണ്ണ് നിറഞ്ഞത് അനുവിൽ നിന്നും മറയ്ക്കാനവൾ പാട് പെട്ടു....

അനുവിനെ മുറിയിലാക്കി കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞു പോകാൻ നിൽക്കുമ്പോഴാണ് അനു അവളെ വിളിക്കുന്നത്...
\"എന്താ അനുവേച്ചീ? എന്തെങ്കിലും വേണോ?\"
ഭാനു ചോദിച്ചു..
\"വേണ്ട മോളെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. മോളന്ന് പറഞ്ഞ കാര്യം.. എന്റെയും ചീരുവേട്ടന്റെയും കാര്യം... ഞാനൊരുപാട് ആലോചിച്ചു... എന്റെ കാര്യമൊക്കെ മോൾക്കും അറിയാലോ... ഒരു കുടുംബജീവിതം എനിക്കിനി സാധിക്കില്ല... അങ്ങനെയുള്ള ഞാൻ എങ്ങനെയാ അറിഞ്ഞു കൊണ്ട് ചീരുവേട്ടന്റെ ജീവിതം നശിപ്പിക്കുക.. ഒരു ഗർഭപാത്രം പോലുമില്ലാത്ത ഞാൻ ആ ജീവിതത്തിലേക്ക് ചെന്നാൽ അത്‌ ചീരുവേട്ടനോട് ചെയ്യുന്ന ദ്രോഹമാകില്ലേ.. വേണ്ട മോളെ... അങ്ങനൊരു സങ്കടം കൂടി സഹിക്കാൻ വയ്യ..\"

അനു പറയുന്നത് കേട്ട് ഭാനു ചിരിക്കുകയാണ് ചെയ്തത്...
അവൾ അനുവിനടുത്തു പോയിരുന്നു...
\"എന്നാരാ പറഞ്ഞേ ചേച്ചി...ഒരാണിനും പെണ്ണിനും ശാരീരിക ബന്ധമില്ലാതെ തന്നെ ഒന്നിച്ചൊരു കുടുംബമായി കഴിഞ്ഞു കൂടെ... ഒരു കുഞ്ഞ് വേണമെന്നുണ്ടെങ്കിൽ എത്രയെത്ര അനാഥാലയങ്ങളിൽ ഒരു കുടുംബത്തെ കാത്തിരിക്കുന്ന എത്രയെത്ര കുഞ്ഞുങ്ങളുണ്ട്... അതിലൊരു കുഞ്ഞിനെ സ്വന്തമാക്കി വളർത്തിക്കൂടെ.. സ്നേഹിച്ചു കൂടെ...

പിന്നെ കേവലം ചേച്ചീടെ ശരീരത്തെയാണ് ഏട്ടൻ സ്നേഹിച്ചതെങ്കിൽ ചേച്ചിക്കാ ദുരന്തം നടന്ന അന്ന്.. അല്ലെങ്കിൽ ചേച്ചിയുടെ ഗർഭപാത്രം മുറിച്ചു മാറ്റപ്പെട്ട അന്ന്.. അതുമല്ലെങ്കിൽ ഇത്രയും കാലം കിടന്ന കിടപ്പിൽ കിടക്കുമ്പോൾ.. അങ്ങനെയെപ്പോഴെങ്കിലും ഏട്ടൻ ചേച്ചിയോടുള്ള ഇഷ്ടം വേണ്ടെന്ന് വച്ചേനില്ലേ.. മറ്റൊരു പെൺകുട്ടിയെ തേടിപ്പിടിച്ചേനില്ലേ...

ഇനിയിപ്പോ ചേച്ചി സമ്മതമല്ലെന്ന് പറഞ്ഞെന്നിരിക്കട്ടെ... എന്നാലും ഏട്ടൻ മറ്റൊരു ജീവിതത്തിലേക്ക് പോകില്ല.. അതുറപ്പ്...എങ്കിൽ പിന്നെ ചേച്ചിയെ പ്രണയിക്കുന്ന എന്റെ ഏട്ടന്റെ സന്തോഷത്തിനു വേണ്ടിയെങ്കിലും നിങ്ങൾക്ക് ഒന്നിച്ചു കൂടെ.. ചിലപ്പോ ആ ജീവിതത്തിൽ ചേച്ചിക്കും പിന്നീട് സന്തോഷം കിട്ടിയാലോ..

ലോകിയേട്ടനെ മറന്നിട്ടല്ല...
ഒരു സുഹൃത്തായി കണ്ട് ഏട്ടനെ സ്നേഹിച്ചു നോക്ക് ചേച്ചി..എനിക്കുറപ്പുണ്ട്.. പിന്നീടതൊരു മാജിക്കായി തോന്നും ചേച്ചിക്ക്... ഞാൻ പറഞ്ഞെന്നെ ഉള്ളൂ... ചേച്ചിക്ക് എന്തും തീരുമാനിക്കാം... ഏട്ടനും ഞാനും ജിത്തുവേട്ടനുമൊക്കെ ചേച്ചിയെന്ത് തീരുമാനിച്ചാലും കൂടെ നിൽക്കും...

കൂടുതൽ ആലോചിച്ച് സമയം കളയണ്ട...ഇപ്പോ എന്റെ ചേച്ചിക്കുട്ടി കിടന്നുറങ്ങ്...വാ \"
ഭാനു അനുവിനെ ബെഡ്‌ഡിലേക്ക് കിടത്തി പുതപ്പിച്ചു കൊടുത്തു.. പിന്നെ അവളെ നോക്കിയൊന്ന് ചിരിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് ഡിം ലൈറ്റിട്ടിട്ട് വാതിൽ ചാരി ഭാനു മുറിക്ക് പുറത്തേക്ക് പോയി....

കണ്ണടച്ചു കിടക്കുമ്പോൾ അനുവിന്റെ മനസ്സിൽ ഒരുപാട് വാക്കുകൾ മുഴങ്ങി കേട്ടു കൊണ്ടിരുന്നു... ചിരാഗും ഭാനുവും മാറി മാറി പറഞ്ഞ വാക്കുകൾ..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"ഡീ പെണ്ണേ.. വന്ന് കിടക്കുന്നുണ്ടോ...\"
ബാഗിൽ നിന്നുമെന്തൊക്കെയോ എടുത്ത് പുറത്ത് വയ്ക്കുന്ന ഭാനുവിനെ ബെഡ്‌ഡിൽ കിടന്ന് കുറേ നേരമായി വിളിക്കുന്നു ജിത്തു...
\"ദാ.. കഴിഞ്ഞു ജിത്തുവേട്ടാ... സർട്ടിഫിക്കറ്റ്സ് മാത്രമൊന്ന് എടുത്ത് വച്ചോട്ടെ... ഇപ്പോ വരാം..\"
\"മ്മ് \"
ജിത്തു വല്യ താല്പര്യമില്ലാതെ മൂളി...
സർട്ടിഫിക്കറ്റ് എടുത്ത് അലമാരയിൽ വച്ചു പൂട്ടിയിട്ട് ഭാനു പിന്നെയുമെന്തോ ബാഗിനുള്ളിൽ തിരയാൻ തുടങ്ങി...
സഹികെട്ട് മുഖവും വീർപ്പിച്ചു പിടിച്ച് അവൻ ബെഡ്‌ഡിൽ നിന്നും ചാടിയിറങ്ങി അവൾക്കടുത്തേക്ക് പാഞ്ഞു... അവളെ പിടിച്ചു വലിച്ച് നെഞ്ചിലേക്കിട്ട് വട്ടം പിടിച്ചു അവൻ...

\"എന്താ ജിത്തുവേട്ടാ... ഞാനൊരു കൂട്ടം തിരയായിരുന്നു... അവിടന്നങ്ങനെ പുറത്തൊന്നും പോവാൻ പറ്റിയില്ല.. ആകെക്കൂടി പോയപ്പോ നിങ്ങൾക്കെല്ലാവർക്കും ചെറിയ ഗിഫ്റ്റ് വാങ്ങീരുന്നു... ജിത്തുവേട്ടന്റെ ഗിഫ്റ്റ് നോക്കുവായിരുന്നു...\"
അവൾ മുഖം ചുളിച്ചു പറഞ്ഞു...
\"അവൾടെയൊരു ഗിഫ്റ്റ്..വാടി ഇവിടെ \"
ഭാനുവിനെയും തൂക്കിയെടുത്തവൻ ബെഡ്‌ഡിലേക്ക് വീണു...

ഭാനു കണ്ണുകൾ ഇറുക്കിയടച്ചു...
അവൾക്കവളുടെ ഉയർന്ന ഹൃദയമിടിപ്പ് ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നു...
\"പ്രിയാ \"
അവന്റെ പ്രണയം വഴിഞ്ഞൊഴുകുന്ന സ്വരം കേട്ട് അവൾ മെല്ലെ കണ്ണുകൾ തുറന്നു... മുന്നിലെ അവന്റെ ജ്വലിക്കുന്ന കണ്ണുകളിൽ കാണുന്ന പ്രണയത്തിന്റെ കടലാഴം അവളുടെ കണ്ണുകളിൽ തിളക്കമേറ്റി....

\"എന്തിനാടീ എന്നോടിങ്ങനെ 
ചെയ്യണേ? \"
\"എങ്.. എങ്ങനെ?\"
ഭാനുവിന്റെ കണ്ണുകൾ പിടഞ്ഞു... സ്വരമിടറി....
\"ഈ കാത്തിരിപ്പ്.. ഇനി വയ്യെടി പെണ്ണേ... നിന്നെയിങ്ങനെയൊന്ന് ചേർത്ത് പിടിക്കാൻ കൊതിച്ച് കാത്തിരുന്നതാ ഞാൻ... നിന്നെ കാണാതെ... നീ കൂടെയില്ലാതെ... ശ്വാസം മുട്ടിപ്പോയെടീ എനിക്ക്... ഇനി നീയെവിടെ പോയാലും ഞാനും വരും കൂടെ.. പറ്റില്ലെനിക്ക്.. നീയില്ലാതെ...\"
ജിത്തുവിന്റെ കണ്ണുകൾ നനഞ്ഞു...

ആ നനവ് ഭാനുവിന്റെയുള്ളിൽ നൊമ്പരമുണർത്തി....അവൾ വലം കൈപ്പത്തി അവന്റെ ഇടം കവിളിൽ ചേർത്തു വച്ചു..കണ്ണുകൾ കോർത്ത്‌ ഒന്നിച്ചലഞ്ഞു ... അടുത്തടുത്ത് മിടിക്കുന്ന ഹൃദയസ്പന്ദനങ്ങൾ ഒന്നിച്ചിഴുകിച്ചേർന്നു... സ്വയമറിയാത്തൊരു വിസ്മയലോകത്തിലേക്ക് ഇരുവരും പറന്നുയർന്നു കൊണ്ടിരുന്നു...

ജിത്തുവിന്റെ കണ്ണുകളിൽ നിറയുന്ന പ്രണയം ഭാനുവിനെ വിവശയാക്കി തുടങ്ങി.. അവന്റെ മുഖം തന്നിലേക്ക് താഴ്ന്നു വരുമ്പോൾ അവൾക്കൊന്ന് അനങ്ങാൻ പോലുമായില്ല... തന്റെ ചുണ്ടിലവന്റെ ചുണ്ട് സ്പർശിച്ച നിമിഷത്തിൽ അവളുടെ കണ്ണുകളടഞ്ഞു പോയി.. കൈകൾ അവന്റെ കഴുത്തിലൂടെ മുടിയിൽ മുറുകി...

നിശ്വാസങ്ങളുയരുമ്പോൾ... ഉടലുകളൊന്നാകുമ്പോൾ ... ഒരു ജന്മത്തിന്റെ പ്രണയം മുഴുവൻ പങ്കിട്ട് കഴിഞ്ഞിരുന്നു അവർ..

ആ ദാമ്പത്യത്തിലെ പ്രണയാർദ്രമായ ആദ്യ രാവ് പിന്നിടുമ്പോൾ...
അവർക്കിടയിലെ ചെറിയ അകൽച്ച പോലും നിഷ്പ്രഭമായിക്കഴിഞ്ഞിരുന്നു...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (36) അവസാന ഭാഗം

രണഭൂവിൽ നിന്നും... (36) അവസാന ഭാഗം

5
1622

\"അങ്കിൾ.. ടീച്ചർ..അടുത്തയാഴ്ചയാണ് ജോയിൻ ചെയ്യുന്നത്...  നിങ്ങളുടെ രണ്ടാളുടെയും അനുഗ്രഹം വേണം...\"ജിത്തുവിനൊപ്പം കോഴിക്കോടെത്തി രാമകൃഷ്ണനെയും ജയയെയും വീട്ടിൽ കാണാൻ ചെന്ന ഭാനു അവരുടെ കാൽ തൊട്ട് വണങ്ങിക്കൊണ്ട് പറഞ്ഞു...ഞങ്ങളുടെ അനുഗ്രഹം \"എപ്പോഴുമുണ്ടാകും ഞങ്ങളുടെയീ മോൾക്ക്.. അല്ലേ രാമേട്ടാ \"അവളെ പുണർന്നു മാറിക്കൊണ്ട് ജയ പറഞ്ഞു...\"അതേ..\"രാമകൃഷ്ണനും ചിരിയോടെ അവളെ കവിളിൽ മെല്ലെ തട്ടി..\"എവിടെയാ മോളെ പോസ്റ്റിങ്ങ്‌?\"അദ്ദേഹം ചോദിച്ചു...\"ഫസ്റ്റ് പ്രിഫെറൻസ് കൊടുത്ത കൊല്ലം തന്നെ കിട്ടിയങ്കിൾ.. അത് കൊണ്ട് തത്കാലം ഒരു മാറ്റം വേണ്ടി വന്നില്ല...\"\"അതേതായാലും നന്നായി... അല്