കോളേജിൽ വച്ച് വിഷ്ണുവിനെ കാണണോ സംസാരിക്കാനോ കഴിയാത്തത്തിന്റെ കലിപ്പിൽ രാവിലെ തന്നെ ചന്ദ്രോത്ത് എത്തിയിട്ടുണ്ട് ചാരു. വിഷ്ണുവിന് മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്നുള്ളത് അവളാരെയും അറിയിച്ചില്ല.കാരണം അക്കാര്യം ചിലപ്പോൾ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്നവൾക്ക് തോന്നി.
എല്ലാർക്കും ഒന്നു മുഖം കൊടുത്തിട്ട് ചാരു നേരെപോയത് വിഷ്ണുവിന്റെ മുറിയിലേക്കാണ്. കോളേജിലേക്ക് പോകാൻ ഡ്രസ്സ് ചെയ്ത മുടിച്ചീകുകയായിരുന്നു വിഷ്ണു.അപ്പോഴാണ് തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നവളെ അവൻ കണ്ണാടിയിൽ കണ്ടത്.
\"ഹാ.. ഇതാര്... എന്താ രാവിലെ തന്നെ... ഇങ്ങോട്ടൊരു സന്ദർശനം.\" ഒരു പുശ്ചച്ചിരിയയോടെ അവൻ ചോദിച്ചു.
\"ഇങ്ങോട്ടേക്കു വരാൻ എനിക്ക് ആരോടും അനുവാദം ചോദിക്കണ്ടല്ലോ \"
അവളും വിട്ടുകൊടുത്തില്ല.
\"ഇതെങ്ങോട്ടാ ഇത്ര നേരത്തെ തന്നെ\"അവൾ ചോദിച്ചു
\"കോളേജിലക്ക്... \"
\"അവിടെയെന്താ..?\"
\"അതുകൊള്ളാം, ആർട്സ് ഡേ അല്ലെ അടുത്തമാസം, ഞങ്ങടെ ഡിപ്പാർട്മെനെറ്റിന്റെ വക ഒരു നാടകമുണ്ട്... ഞാനാ ഹീറോ... പ്രാക്ടിസിന് പോകുവാ...\"
\"അധികം നാടകം കളിക്കണ്ട.. എല്ലാം ഞാൻ കാണുന്നുണ്ട്...\"
\"എന്താടി... എന്തോ അർഥം വച്ച്....\"
\" വിഷ്ണുവേട്ടനും ആ അനീറ്റയും തമ്മിലെന്താ...\" അവളെടുത്തടിച്ചപോലെ ചോദിച്ചു...
\"എന്ത്....?\" അവൻ അലസതയോടെ മറുചോദ്യം ചോദിച്ചു.
\"വിഷ്ണുവേട്ടാ... ഞാൻ പൊട്ടിയൊന്നുമല്ല... കാണുന്നതും കേൾക്കുന്നതുമൊക്കെ എനിക്ക് മനസിലാവും..\"
\"അതിനു ഞാനെന്തുവേണം...\"അവൻ ഗൗരവപൂർവം ചോദിച്ചു
\"നാളെയൊരുദിവസം വിഷ്ണുവേട്ടന്റെ ഭാര്യയായി ഇങ്ങോട്ടേക്കു വരേണ്ടവളാ ഞാൻ... കണ്ണിൽ കണ്ടവൾമാരുടെ പിറകെ പോകാൻ വിഷ്ണുവേട്ടനെ ഞാൻ സമ്മതിക്കില്ല \"
\"ഓ.. നിന്റെ സമ്മതം ഞാൻ ചോദിച്ചോ
ഈ വിഷ്ണു ആരെ സ്നേഹിക്കണം ആരെ സ്നേഹിക്കണ്ടാന്ന് നീ പഠിപ്പിക്കണ്ട.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.\"
\"അങ്ങനെ നിങ്ങളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല വിഷ്ണുവേട്ടാ... നിങ്ങള് ഒരു താലികെട്ടുന്നുണ്ടെങ്കിൽ അതേ ഈ ചാരുലതയുടെ കഴുത്തിലായിരിക്കും \"
\" ഇതുവല്യ ശല്യമാണല്ലോ.. ഇറങ്ങിപ്പോടി പിശാശേ.. എന്റെ മുറീന്ന്.. \"
\"ഇല്ലെങ്കിലോ..\"
\"ചന്ദ്രോത്ത് വരാൻ നിനക്ക് ആരുടേം അനുവാദം വേണ്ടായിരിക്കും പക്ഷെ, ഈ വിഷ്ണുവിന്റെ മുറിയിലും ജീവിതത്തിലും കയറാൻ എന്നോട് അനുവാദം ചോദിച്ചേപറ്റൂ...\"അവൻ കലിപ്പോടെ പറഞ്ഞുകൊണ്ട് അവളുടെ മുന്നിൽ കൂടി ബാഗും എടുത്ത് ബൈക്കിന്റെ താക്കോലും കറക്കി ഒരു മൂളിപ്പാട്ടും പാടി നടന്നുപോയി. അവൾ കലിയടങ്ങാതെ അവൻ പോകുന്നത് രൂക്ഷമായി നോക്കിനിന്നു..എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൾ ഫോണെടുത്ത് എന്തോ ടൈപ്പ് ചെയ്ത് send ചെയ്തു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ആർട്സ് ഡേ യുടെ ഭാഗമായി ഓരോ ഡിപ്പാർട്മെന്റും സീനിയർ ജൂനിയർ ഭേദമില്ലാതെ പലതരം പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് മെന്റ് കോഡിനേറ്റർ നമ്മുടെ ദീപക്കാണ്.
അതുകൊണ്ടുതന്നെ ആപേരിൽ ദീപുവും ചന്തുവും ക്ലാസുകൾ തോറും കയറിയിറങ്ങി വായിനോക്കുന്നുണ്ട്. ഡാൻസിനും പാട്ടിനും പുറമെ ഒരുനാടകമാണ് മെയിൻ. രചന സംവിധാനം Mr. ശരൺ ജേക്കബ് (ചന്തു ). നായകനായി വിഷ്ണുദേവ്, വില്ലനായി സെക്കന്റ് ഇയറിലെ ഒരു മസിൽമാനെയും റെഡിയാക്കി. പേര് അരവിന്ദ്. മാറ്റുകഥാപാത്രങ്ങളും റെഡി.പക്ഷെ അനുവിനെ നായികയാക്കാനുള്ള വിഷ്ണുവിന്റെ നിർദേശം അനുസരിച് ഒരു ശ്രമം നടന്നെങ്കിലും, പെണ്ണ് നാടകമെന്നുകേട്ടപ്പോഴേ No പറഞ്ഞു. അങ്ങനെ നാൻസി നായികയായി. പക്ഷെ ദീപു അനുവിനെ വെറുതെവിട്ടില്ല.ഒരു ഡ്യൂയറ്റ് ഡാൻസിൽ വിഷ്ണുവിനോപ്പം പിടിച്ചുചേർത്തു. നാടകത്തിലെ പ്രണയഗാനം പാടാനുള്ള ജോലിയും അവളെ ഏൽപ്പിച്ചു.
വിഷ്ണുവിനെപ്പോഴൊക്കെ അനുവിനെ കാണണമെന്ന് തോന്നിയാലും ആ നിമിഷം ചന്തു തലയിലൊരു തൊപ്പിയും വച്ച് \'ആക്ഷൻ\' എന്ന് ഒച്ചയിടും.അതിൽ ഒരു ദുരുദ്ദേശം കൂടിയുണ്ട്. വഴിയേ പറയാം.
അങ്ങനെ റിഹേഴ്സലുകളും കണ്ടുമുട്ടലുകളും എല്ലാം നടന്നുകൊണ്ടിരുന്നു.
നാൻസിക്ക് വിഷ്ണുവിന് അനുവിനോടുള്ള സമീപനത്തിൽ ആദ്യമേ സ്പെല്ലിങ് മിസ്റ്റേക് തോന്നിയിരുന്നെങ്കിലും ഈ അവസരങ്ങളിൽ അവളത് തീർച്ചപ്പെടുത്തി.
ഒരൊഴിവുദിവസം കോളേജിൽ ഡാൻസ് റിഹേഴ്സൽ നടന്നുകൊണ്ടിരിക്കെ അവൾ ചന്തുവിനെ രഹസ്യമായി വിളിച്ചു മാറ്റിനിർത്തി തന്റെ സംശയം തുറന്നുചോദിച്ചു.
\"ചേട്ടായി, വിഷ്ണുവേട്ടന് അനുവിനോടെന്തോ ഉണ്ട്.. അതെനിക്കുറപ്പാ..\"
\"ഏയ്, തനിക്ക് തോന്നുന്നതാ അങ്ങനൊന്നും ഇല്ലെടോ..\"ചന്തു തടിത്തപ്പാൻ നോക്കി.
\"ആണല്ലേ... ദേ അങ്ങോട്ടൊന്നു നോക്കിക്കേ.. എന്നിട്ട് പറ...\"നാൻസി കൈചൂണ്ടി.
പെട്ടെന്നുതന്നെ ചന്തു അവൾ കൈകാട്ടിയ ഭാഗത്തേക്ക് നോക്കി.
അപ്പോൾ അനുവിനെതന്നെ നോക്കി പരിസരം മറന്നു നിൽക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്.
അവൻ പതിയെ നാൻസിയെ ഒന്നും നോക്കി. അവൾക്ക് ചിരി പൊട്ടിവരുന്നുണ്ടായിരുന്നു.
\"തനിക്കിതെങ്ങനെ മനസിലായി?.\"അവൻ ചോദിച്ചു.
\"കണ്ണുണ്ടല്ലോ ചേട്ടായി.. ഇതൊക്കെ കണ്ടാ മനസ്സിലാവില്ലേ..\"
\"ഓ..... അങ്ങനെ..ഇത്ര ഇന്റലിജന്റ് ആയിരുന്നോ?.\"അവന്റെ ചോദ്യത്തിന് അവൾ ചിരിച്ചുകൊണ്ട് നിന്നു.
\"അതേ വിഷ്ണുവിന് അനുവിനോടുള്ള ഇഷ്ടം കണ്ടുപിടിച്ചയാൾക്ക് തന്നെ ഒരാൾ സ്നേഹിക്കുന്ന കാര്യം കണ്ടുപിടിക്കാൻ പറ്റിയില്ലല്ലോ.?\"
നാൻസി ഒന്നു ഞെട്ടി.
\"ചുമ്മാ.... പോ.. യെ ..സ്.. നേഹമൊ.... എന്നോടോ.... ആ... ആർ.... ക്കാ....\" അവൾ അന്ധാളിപ്പോടെ ചോദിച്ചു
\"എനിക്ക് തന്നെ..\"
അവൻ കൂളായി അതും പറഞ്ഞു നടന്നുപോയി. കുറച്ച് നേരത്തേക്ക് നാൻസി കുത്തിവച്ച പാവപോലെ ഒറ്റ നിൽപുനിന്നു. നാൻസി ഞെട്ടി നിൽക്കുന്നത് കണ്ട അനു അവളെ തട്ടിവിളിച്ചു. പക്ഷെ നാൻസി അവളെ ശ്രദ്ധിക്കാതെ അടുത്തുകിടന്ന കസേരയിൽ വന്നിരുന്നു . പെണ്ണിന്റെ കിളിപോയ ഇരിപ്പു കണ്ട് ചന്തു ചിരിയടക്കി നിൽക്കുവാരുന്നു. \'ഇവൾക്കിതെന്തുപറ്റി \'എന്ന് അനു വെപ്രാളത്തോടെ ചോദിക്കുമ്പോൾ ചന്തുവിനെ ഇടംകണ്ണിട്ട് നോക്കി, അവൾ അവനെ വിരൽചൂണ്ടിക്കാട്ടി.
\"എന്താടാ... എന്തിനാ ഇവളിങ്ങനെ അന്തം വിട്ടിരിക്കുന്നെ..\"വിഷ്ണു ചോദിച്ചു.
\"നീ അവളോട് സംസാരിക്കുന്നത് ഞങ്ങൾ കണ്ടതാ.. നീയവളോട് എന്താ പറഞ്ഞെ ദേഷ്യപ്പെട്ടോ?\"ദീപു ചെറിയ ദേഷ്യത്തോടെ ചോദിച്ചു.
\"ചന്തുചെട്ടാ, എന്താ ഉണ്ടായത്..\"അനു സമാധാനത്തോടെ ചോദിച്ചു.
\"ഞാനങ്ങനെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. എനിക്കവളെ ഇഷ്ടമാണെന്ന് മാത്രേ പറഞ്ഞുള്ളൂ..\"ചന്തു വളരെ നിസാരമായിത്തന്നെ അവരോടും പറഞ്ഞു. ഒരിക്കൽ ഞെട്ടിയത് കൊണ്ട് നാൻസിയോഴിച്ച് ബാക്കിയെല്ലാരും ഞെട്ടി. ഞെട്ടലിന്റെ തീവ്രത കുറഞ്ഞപ്പോൾ ദീപു വിഷ്ണുവിനെയൊന്നു നോക്കി. \'കണ്ടുപഠിക്ക് \'എന്ന രീതിയിൽ.
ചന്തു നാൻസിയുടെ അടുത്തേക്ക് വന്ന് അവളുടെ കൈകളിൽ പിടിച്ചു.
\"തനിക്കെന്നെ ഇഷ്ടാണോ?\"അവൻ അവളോട് ചോദിച്ചു.
\"അളിയാ ദീപു നീയെന്നെയൊന്നു നുള്ളിക്കെ..\" വിഷ്ണു ദീപുവിനോട് പതുക്കെപ്പറഞ്ഞു
\"എന്തിനാ ഇത് സത്യമാണോന്നറിയാനാ?\"
\"ആ...\"
അടുത്തനിമിഷം ദീപു കാലെടുത്തു വിഷ്ണുവിന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു.
\"അയ്യോ..\"എല്ലാരും വിഷ്ണുവിനെ നോക്കി. അവൻ ഒന്നുമില്ലെന്ന് ചുമൽകൂചികാണിച്ചു. നാൻസിയുടെ
മറുപടി കേൾക്കാൻ എല്ലാരും കാതോർത്തു.വിഷ്ണു മറ്റുള്ളവരെയെല്ലാം പറഞ്ഞുവിട്ടു. അനുവും വിഷ്ണുവും ദീപുവും അവിടെനിന്നു.
\"ഇഷ്ടാണോ തനിക്കെന്നെ \"
\"പെട്ടെന്നിങ്ങനെ.. ചോദിച്ചാൽ...\"
\"ആലോചിച്ചിട്ട് പറഞ്ഞാമതി... ഇഷ്ടാന്ന്...\"
\"ങേ..ഇഷ്ടാണെന്നോ?\"അവന്റെ സംസാരം അവളെ അത്ഭുതപ്പെടുത്തി.
\"അപ്പൊ ഇഷ്ടല്ലെന്നു പറയോ \"
\"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ\"
അവൾ പെട്ടെന്ന് പറഞ്ഞുപോയി. അനുവും ദീപുവും ചിരിക്കാൻ തുടങ്ങി. നാൻസിയും ചന്തുവിനെനോക്കി ചിരിച്ചു. മൗനം സമ്മതം. എല്ലാം ശുഭം.എന്നാൽ വിഷ്ണു,കൂട്ടുകാരൻ ഇത്രപെട്ടെന്ന് ഗോളടിച്ചതിന്റെ തരിപ്പിൽ നിന്നുകൊണ്ട് അനുവിനെ പാളിനോക്കി നെടുവീർപ്പിട്ടു.
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️