\"സാറ് എസ്ഐ ആയി ഇരിക്കുന്ന സ്റ്റേഷനിൽ നിന്നാണ് ഒരു പ്രതി രക്ഷപ്പെട്ടത്... അതും ഇന്ന് കോടതി ഹാജരാക്കേണ്ടവൻ... അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സാറിനു തന്നെയാണ്... സാറ് നേരത്തെ പറഞ്ഞ കൃത്യനിർവഹണം സാറ് തന്നെയാണ് പാളിച്ച വരുത്തിയത്... സാറിന്റെ തൊപ്പിവരെ തെറിക്കുന്ന കേസാണ് ഇത്... ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാവും കാര്യങ്ങൾ... \"
സത്യശീലൻ പറഞ്ഞതുകേട്ട് രവിന്ദ്രനൊന്ന് പകച്ചു...
\"ഇവൻ പറയുന്നത് സത്യമാണ്... പവിത്രൻ രക്ഷപ്പെട്ടെന്ന്കേട്ട് ആദ്യം സന്തോഷമാണ് തോന്നിയത്... എന്നാൽ ഇന്ന് കോടതി ഹാജരാക്കേണ്ടവനാണ്.. എഫ് ഐ ആർ വരെ തയ്യാറാക്കിയതാണ്... അവനെ കോടതി ഹാജരാക്കിയില്ലെങ്കിൽ തന്റെ ജോലിക്കുതന്നെ ഭീഷണിയാണ്... ഏതു നേരത്ത് തോന്നിയ ബുദ്ധിമോശമാണ് അവനെ രക്ഷപ്പെടാൻ പ്രേരിപ്പിച്ചത്... ഇന്ന് കോടതിയിൽ നിന്നും എന്തു വിലകൊടുത്തും പ്രതാപൻ അവനെ ജാമ്യത്തിലിറക്കുമായിരുന്നു... പക്ഷേ ഇനി അവനെ കണ്ടെത്തിയാൽതന്നെ കോടതിയിൽനിന്ന് ജാമ്യം കിട്ടില്ല... ഇതെങ്ങനെ പ്രതാപനോട് പറയും... ഇന്ന് ആ പെൺകുട്ടി കോടതിൽ ഹാജരാകാതിരിക്കാൻ വേണ്ടിയാണ് പ്രതാപൻ എല്ലാം ചെയ്തത്... അത് പവിത്രൻ കാരണം വെറുതേയായിരിക്കുന്നു\"
രവീന്ദ്രൻ തലയിൽ കയ്യുംകൊടുത്ത് തന്റെ സീറ്റിലിരുന്നു... അതുകണ്ട് ഒരു പുഞ്ചിരിയോടെ സത്യശീലൻ പരമുവിനെ നോക്കി... അതേ പുഞ്ചിരി അയാളുടെ മുഖത്തുമുണ്ടായിരുന്നു....
കുറച്ചുനേരം ആ ഇരുത്തം ഇരുന്നതിനുശേഷം രവീന്ദ്രൻ അവിടെനിന്നുമെഴുന്നേറ്റ് പുറത്തേക്കിറങ്ങി... തന്റെ ഫോണെടുത്ത് പ്രതാപനെ വിളിച്ചു...
\"എന്താ രവീന്ദ്രൻസാറേ ഇത്ര രാവിലെ... നിങ്ങൾ എല്ലാം അറിഞ്ഞോ... അറിഞ്ഞത് സത്യമാണ്.. അവളിന്ന് കോടതിൽ വരില്ല... പ്രതാപനോട് കളിച്ചാൽ ഇതിലും വലിയ ശിക്ഷ ഇനിയുമുണ്ടാകുമെന്ന് ഇപ്പോൾ അവൾക്ക് മനസ്സിലായിക്കാണും... അവൾക്കുമാത്രമല്ല നിന്റെ കമ്മീഷണർ ഏമാനും... ഇത് ആ പെണ്ണിനും വീട്ടുകാർക്കും കൊടുത്ത പണിയാണെങ്കിലും ആ പ്രസാദിനുകൂടിയുള്ളതാണ്... \"
പ്രതാപാ നീ പറഞ്ഞത് സത്യമാണ്... അവർ ഇനി കോടതിൽ വരാൻ ഒന്നു പേടിക്കും... എന്നാൽ നീ ചെയ്തതെല്ലാം വെറുതെ ആയല്ലോ പ്രതാപാ... \"
\"എന്താണ് എന്തെങ്കിലും പ്രശ്നമുണ്ടോ... \"
\"അത് പ്രതാപാ നീ ദേഷ്യപ്പെടരുത്... നമ്മുടെ പവിത്രൻ അതിബുദ്ധി കാണിച്ചു... അവൻ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരെ കയ്യേറ്റം ചെയ്ത് ഇവിടെനിന്നും രക്ഷപ്പെട്ടു... \"
\"എന്ത് തോന്നിവാസമാടോ നീ പറയുന്നത്... അവൻ രക്ഷപ്പെടുകയോ... അതിനുവേണ്ടിയാണോ ഇന്നലെ ഉറക്കമുളഞ്ഞ് ഇതൊക്കെ ചെയ്തുകൂട്ടിയത്... \"
\"അത് അവനങ്ങനെയൊരു ബുദ്ധി മോശം കാണിക്കുമെന്ന് കരുതിയില്ല..... \"
\"പിന്നെ എന്തിനാടോ പോലീസാണെന്ന് പറഞ്ഞ് നീയൊക്കെ നടക്കുന്നത്... ഇതിലും നല്ലത് അത് അഴിച്ചുവച്ച് വല്ല വാർക്കപ്പണിക്കും പോകുന്നതാണ്... തനിക്കൊക്കെ നാണമില്ലേ ഇത് വിളിച്ചു പറയാൻ... എവിടെയാണെങ്കിലും കോടതി സമയം ആകുന്നതിനു മുമ്പ് അവനെ കണ്ടുപിടിക്കണം... \"
\"അതിനെക്കൊണ്ട് ഇനി കാര്യമുണ്ടാവില്ല... എല്ലാം കമ്മീഷണർ അറിഞ്ഞു... കോടതിയിൽ എത്തിച്ചാലും അവനിനി ജാമ്യം കിട്ടില്ല... \"
\"കവിവേറിയുടെ മോൻ... എല്ലാം ഒരു കരക്കടുപ്പിച്ച് വരുകയായിരുന്നു... അതിനിടയിൽ അവന് എന്തിനിത് ചെയ്തു... നിന്നോട് ഇതേപറ്റി ഒന്നും പറഞ്ഞില്ലേ... \"
\"ഇല്ല... അവനറിയാം ഞാനറിഞ്ഞാൽ അത് നടക്കില്ലെന്ന്... \"
\"ഇതൊക്കെ മുൻകൂട്ടി കാണണമായിരുന്നു... വെറുതെയല്ല ചോദിക്കുമ്പോൾ നിന്റെയൊക്കെ അണ്ണാക്കിൽ പണം കുത്തിനിറക്കുന്നത്... ഒരു കാര്യം ഞാൻ പറയാം... എന്ത് ചെയ്താലും ആരെയൊക്കെ പിടിച്ചിട്ടാണെങ്കിലും എവിടെനിന്നായാലും വേണ്ടില്ല പവിത്രനെ കണ്ടെത്തി ഇന്ന് കോടതിൽ ഹാജരാക്കണം... അവിടെനിന്ന് ജാമ്യവും കിട്ടിയിരിക്കണം... ഇത് പ്രതാപന്റെ ആജ്ഞയാണ്... ഇല്ലെങ്കിൽ നീയൊക്കെ പ്രതാപന്റെ തനി കൊണം കാണും... മനസ്സിലായല്ലോ... \"
പ്രതാപൻ ഫോൺ കട്ടു ചെയ്ത് മറ്റൊരു നമ്പറിലേക്ക് വിളിച്ചു... എന്തുചെയ്യണമെന്നറിയാതെ രവിന്ദ്രൻ നിന്നു...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
\"ഗോപിനാഥാ വിഷമിക്കരുത് എന്നു പറയാനുള്ള അവകാശം എനിക്കില്ല... എന്നാലും നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ നമ്മളെക്കൊണ്ട് പറ്റില്ലല്ലോ... ആ പ്രതാപൻ ഇങ്ങനെയൊരു കൊടുംചതി ചെയ്യുമെന്ന് നമ്മളാരെങ്കിലും കരുതിയിരുന്നോ... \"
കൃഷ്ണൻ ഗോപിനാഥനെ ആശ്വസിപ്പിക്കാൻ പറഞ്ഞു...
\"ഇത്രയും കാലം സമ്പാദ്യം എന്നു പറയാൻ എനിക്കൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല... കുടുംബ സ്വത്തായി കിട്ടിയ നാലര സെന്റ് സ്ഥലവും പഴയൊരു വീടുമായിരുന്നു ഉണ്ടായത്... ഇവളുടെ ഏട്ടൻ മനസ്സുവച്ചതുകൊണ്ടാണ് ആ പഴയ വീട് പൊളിച്ച് പുതിയ വീടിന് തറയിട്ടത്... അതുകഴിഞ്ഞ സമയത്താണ് അവന് എല്ലാം നഷ്ടമായതും ആ ബുദ്ധി മോശം കാണിച്ചതും... ആരോടും ഒന്നും പറഞ്ഞില്ലവൻ... അന്ന് തറയിടാൻ തന്ന പണത്തിൽനിന്നു ബാക്കിയുണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ ഞങ്ങൾ താമസിച്ച അടച്ചുറപ്പ് കുറവാണെങ്കിലും ആ വീട് പണിതത്... പിന്നെ ഞങ്ങളുടെ അന്നം ആ കടയായിരുന്നു... അതുരണ്ടും പോയല്ലോ കൃഷ്ണാ... ഇനി എന്റെ കുട്ടികളെ എങ്ങനെ പോറ്റും ഞാൻ... \"
ഗോപിനാഥൻ സങ്കടത്തോടെ ചോദിച്ചു...
\"ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ... എന്നിട്ടും എന്നെ നിർബന്ധിച്ചതല്ലേ... അതുകൊണ്ട് ഞങ്ങൾ വഴിയാധാരമായില്ലേ... ഇനി ഏത് തെരുവിൽ കിടക്കും ഞങ്ങൾ അതുകൂടി പറഞ്ഞുതാ... \"
കാവ്യ കരഞ്ഞുകൊണ്ട് പ്രസാദിനോട് ചോദിച്ചു...
\"ഇതെല്ലാം മുൻകൂട്ടി കണ്ടതുകൊണ്ടാണ് ഞാൻ നിങ്ങളെ അവിടുന്ന് ഇവിടേക്ക് കൊണ്ടുവന്നത്... ഈ സമയം നിങ്ങൾ അവിടെയായിരുന്നെങ്കിൽ ഇതിൽ ആരെങ്കിലും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നോ... \"
പ്രസാദ് ചോദിച്ചു...
\"ഇതിലും നല്ലത് അതായിരുന്നു... എന്നാൽ ഒന്നും അറിയേണ്ടായിരുന്നു... \"
\"മോളേ എന്തൊക്കെയാണ് പറയുന്നത്... അങ്ങനെ നിങ്ങളെ ഒരപകടത്തിലേക്ക് തള്ളി വിടുമെന്ന് കരുതുന്നുണ്ടോ... \"
കൃഷ്ണൻ ചോദിച്ചു
\"അവളുടെ സങ്കടം കൊണ്ട് പറയുന്നതാണ് കൃഷ്ണേട്ടാ... ക്ഷമിക്കണം... \"
ഗിരിജ പറഞ്ഞു...
\"ഇതിന് അവനിട്ട് നല്ലൊരു പണിഞാൻ കൊടുക്കുന്നുണ്ട്... മറ്റുള്ളവരെ ദ്രോഹിച്ച് ഹരം കൊള്ളുന്ന അവന് എന്താണ് യഥാർത്ഥ വേദന എന്ന് അറിയിക്കും ഞാൻ... നിങ്ങളോട് പറഞ്ഞതുപോലെ പവിത്രൻ രക്ഷപ്പെട്ടതല്ല... അവനവന്റെ കസ്റ്റഡിൽതന്നെയുണ്ട്... അവനിപ്പോൾ ആരുടെ അടുത്താണെന്ന് നിങ്ങൾ പിന്നീട് അറിയും അതുമാത്രം മനസ്സിലാക്കുക.. \"
\"എടാ നീ എന്താണ് ചെയ്യാൻ പോകുന്നത്... അവനൊരു പ്രതിയാണ്... അതുമാത്രമല്ല അവനെ ഇന്ന് കോടതിയിൽ ഹാജരാക്കേണ്ടതല്ലേ... നീ ഇനിയും ഓരോന്ന് വരുത്തിവക്കുകയാണോ... \"
കൃഷ്ണൻ ചോദിച്ചു....
\"അവനെ അറസ്റ്റ് ചെയ്തത് ഞാനാണ്... അവനെ എപ്പോൾ കോടതിയിൽ ഹാജരാക്കണമെന്ന് എനിക്കറിയാം... ഇപ്പോഴവൻ എല്ലാവരുടേയും മുന്നിൽ ജയിൽ ചാടിയ പ്രതിയാണ്... അവനെതിരെ എഫ് ഐ ആർ എഴുതിയതും ഞാനാണ്.. ഇനി അവൻ പുറംലോകം കാണണമെങ്കിൽ ഞാൻ വിചാരിക്കണം... ഇവനെതിരെയുള്ള കേസ്സ് കോടതിയിൽ എത്തിയിട്ടില്ലല്ലോ.... അന്നേരമെന്തിന് പേടിക്കണം... ഏതായാലും എസ്ഐ രവിന്ദ്രനും ഇതുമായി മുന്നോട്ട് പോകില്ല... കാരണം ഇതയാളുടെ ജോലിക്കുതന്നെ ഭീഷണിയായി നിൽക്കുകയാണ്... പിന്നെ പ്രതാപൻ... പവിത്രനെ കാണാതെ വരുമ്പോൾ അവനൂഹിക്കും ഞാനാണ് ഇതിനു പിന്നിലെന്ന് അതുതന്നെയാണ് എനിക്കും ആവിശ്യം... മറ്റുള്ളവർക്ക് പണി കൊടുക്കുമ്പോൾ അവനോർത്തുകീണില്ല അത് തനിക്കും കിട്ടുമെന്നത്... ഇനി ഞാൻ തുടങ്ങുകയാണ്... ഒന്നുകിൽ ആ പ്രതാപന്റെ പതനം... അല്ലെങ്കിൽ എന്റെ പതനം ഇതിലൊന്ന് എന്തായാലും നടക്കും... ഒന്നും മറന്നിട്ടില്ലല്ലോ അച്ഛൻ.... ഒരിക്കൽ അവൻ മൂലം എല്ലാവരുടേയും മുന്നിൽ നാണംകെട്ടവനാണ് ഞാൻ... അന്ന് അച്ഛനും അമ്മയുംകൂടിയാണ് എന്നെ തടഞ്ഞത്... ഇല്ലെങ്കിൽ വീണ്ടും തലപൊക്കാൻ അവന് ദൈര്യമുണ്ടാവില്ലായിരുന്നു... അവൻ ചെയ്തതിൽ നഷ്ടങ്ങൾ ഇവർക്കാണെങ്കിലും അത് എനിക്കും കൂടിയുള്ള മുന്നറിയിപ്പാണ് തന്നത്... ഇനിയത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല... കാരണം ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് ഞാൻ ഈ യൂണിഫോം ധരിച്ചത്... ഒന്നും കണ്ടില്ലെന്ന് നടിക്കാനാണെങ്കിൽ ഇതഴിച്ചുവച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലത്... ഇനിയും ഇതിന് എതിർപ്പുമായി വന്നേക്കരുത്... എന്താ വേണ്ടതെന്ന് എനിക്കറിയാം... എന്റെ കാര്യമോർത്താണ് നിങ്ങൾക്ക് ടെൻഷനെങ്കിൽ എനിക്ക് ഒന്നും സംഭവിക്കില്ല... എന്റെ ശരീരം കാക്കാൻ എനിക്കറിയാം... ഇനി ഇതുപോലെ ഒന്ന് പ്രതാപനിൽനിന്ന് എന്റെ പരിധിയിൽ നടക്കരുത്... \"
\"മോനേ നിന്റെ മനസ്സ് ഞങ്ങൾക്കറിയാം... നീ നല്ലതിനാണ് എല്ലാം ചെയ്യുന്നത് എന്നും അറിയാം പക്ഷേ പ്രതാപൻ... പണ്ടത്തെ പ്രതാപനല്ല അവനിപ്പോൾ... അവനോട് ഏറ്റിട്ടു ജയിക്കാൻ നമുക്കാവില്ല... നീ നിയമം കാക്കുന്ന ഒരു ഉത്തമ പോലീസുകാരനാവണമെന്നത് എന്റെ ആഗ്രഹമായിരുന്നു... പക്ഷേ നിന്നെപ്പോലെ മറ്റുള്ളവരുടെ സുരക്ഷ കാത്തുസൂക്ഷിക്കുവാൻ നിയോഗിച്ചവർ തന്നെ ഇതുപോലുള്ള ദുഷ്ടന്മാർക്ക് കാവൽപ്പണി ചെയ്യുമ്പോൾ അവിടെ നിനക്ക് നഷ്ടങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക... അത് നീ ഓർക്കണം... നീ ചെയ്യുന്ന എല്ലാറ്റിനും നിനക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ടാകും... പക്ഷേ നീ ഒറ്റക്കാണ്... ആ സത്യശീലനും പരമുവും മാത്രമാണ് നിന്റെ കൂട്ടിനുള്ളത്... അവരെ വച്ച് നിനക്ക് എന്ത് ചെയ്യാൻ കഴിയും... പ്രതാപൻ ശിക്ഷ അനുഭവിക്കേണ്ടവൻ തന്നെയാണ്... അതിന് നിനക്ക് തുണയായി എന്തിനും ഏതിനും പോന്ന ഒരാൾ കൂടി വേണം... \"
\"അച്ഛനെന്താണ് ഉദ്ദേശിക്കുന്നത്... \"
\"പറയാം... അതിനുമുമ്പ് എനിക്ക് വാസുദേവനുമായി ഒന്നാലോചിക്കണം... കാര്യമെന്താണെന്ന് നിനക്ക് മനസ്സിലായിക്കാണുമല്ലോ... അവൻ ഗിരി... അവൻ നിന്റെ കൂടെയുള്ള കാലത്തോളം നിനക്കൊരാപത്തും സംഭവിക്കില്ല... ഞാൻ പറയാം വാസുദേവനോടും അവനോടും... അവൻ നിന്നെ സഹായിക്കാതിരിക്കില്ല... നീ പറഞ്ഞതുപോലെ ഇനി പ്രതാപനെക്കൊണ്ട് ഒരു ഉപദ്രവവും ആർക്കും ഉണ്ടാകരുത്... \"
കൃഷ്ണൻ പറഞ്ഞത് കേട്ട് പ്രസാദ് അന്തം വിട്ടു...
\"അച്ഛൻ തന്നെയാണോ ഇത് പറയുന്നത്... ഞാൻ മനസ്സിൽ കണ്ട കാര്യമാണ് അച്ഛൻ പറഞ്ഞത്... \"
\"അവനേ നിന്നെ സഹായിക്കാൻ പറ്റൂ... അതറിയുന്നതുകൊണ്ടാണ് ഞാൻ പറയുന്നത്... \"
\"അച്ഛാ... \"
കാവ്യയുടെ കരച്ചിൽകേട്ട് പ്രസാദും കൃഷ്ണനും തിരിഞ്ഞു നോക്കി... ഇരുന്ന കസേരയിൽ നിന്ന് താഴേക്ക് വീണ് ബോധമില്ലാതെ കിടക്കുന്ന ഗോപിനാഥനെയാണ് അവർ കണ്ടത്....
തുടരും.........
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖