ഭാഗം പന്ത്രണ്ട്
രാവിലെ പ്രാതൽ കഴിഞ്ഞു മുൻവശത്തു പത്രം വായിച്ചിരിക്കുകയാണ് മഞ്ജുവിന്റെ അച്ഛൻ ശിവദാസൻ. അപ്പോളാണ് ഉമ്മറത്തേയ്ക്ക് ഒരു കാർ വന്നു നിന്നത്. സംശയത്തോടെ ശിവദാസൻ എണീറ്റ് നോക്കുമ്പോഴേക്കും കാറിന്റെ ഡോർ തുറന്ന് മാധവിയമ്മ കാൽ നിലത്തു കുത്തിയിരുന്നു. അവരെ കൈപിടിച്ച് നടത്തിക്കുന്നുണ്ട് ഗോപാൽ പുറകെ ഗോപാലിന്റെ അമ്മ, ശിവദാസിന്റെ സഹോദരി സാവിത്രിയും അവരുടെ വാലായി ഭർത്താവ് ദിവാകരനും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ശിവദാസിന്റെ അനിയൻ ഹരിദാസുമിറങ്ങി.
\'ഇനിയീ പടി ചവിട്ടില്ല\' എന്നും പറഞ്ഞ് മൂന്നാല് വർഷം മുൻപ് പിണങ്ങിയിറങ്ങിപ്പോയ അമ്മ തിരിയെവരുന്നുണ്ടെങ്കിൽ ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും എന്നു തന്നെ ശിവദാസൻ മനസ്സിലുറപ്പിച്ചു. ഒന്നും പുറത്തു കാണിക്കാതെ അമ്മയെ ഭാവ്യതയോടെ എതിരേറ്റു.
ചാരുകസേരയിൽ കാലും നീട്ടിയിരുന്നു മാധവിയമ്മ. കാൽക്കലായി ദിവാകരനും ഹരിദാസനുമിരുന്നു, ആജ്ഞ കാത്തെന്ന പോലെ.
\"നാത്തൂനേ...\" എന്നും വിളിച്ച് സാവിത്രി അകത്തേയ്ക്ക് കയറിയപ്പോൾ ഗോപാൽ അമ്മയെ പിൻതുടർന്നു.
\"ശിവാ...\"
\"എന്താ അമ്മേ?\"
\"ഞാൻ പറഞ്ഞ വാക്ക് പാലിച്ചു. രഞ്ജുവിന്റെ പേരിൽ ഈ തറവാട് എഴുതിക്കൊടുത്തു. നിനക്ക് രണ്ടു പെൺകുട്ടികൾ ആയതുകൊണ്ടും മറ്റുള്ളവർക്ക് ആൺകുട്ടികളായതുകൊണ്ടുമാണ് ഞാൻ അങ്ങനെ ഒരു തീരുമാനമെടുത്തത്. ഇനി ഞാനൊരു കാര്യം പറഞ്ഞാൽ നീയത് തള്ളരുത്.\"
\"അമ്മ കാര്യം പറഞ്ഞില്ല!\"
\"മറ്റൊന്നുമല്ല, രഞ്ജുവിന്റെ വിവാഹം ഗോപാലുമായി നടത്തണം.\"
\"അമ്മേ...\"
\"ഊം, എന്താ? പറ്റില്ലേ?\"
\"അതിപ്പോൾ അവളോട് ചോദിക്കാതെ ഞാൻ എങ്ങനെ വാക്കു തരും?\"
\"പെൺകുട്ടികളോട് ചോദിച്ചിട്ടാണോ അവരുടെ കല്യാണം നടത്തുന്നത്, നമ്മളുറപ്പിക്കും അവർ അനുസരിക്കും. അതല്ലേ പതിവ്...\"
\"അതൊക്കെ പണ്ട്, ഇപ്പോളത്തെ കുട്ടികൾ അതൊന്നും സമ്മതിക്കില്ല. അവൾക്ക് വിദ്യാഭ്യാസമുള്ള ജോലിയുള്ള ആരെയെങ്കിലുമാണ് ഞങ്ങൾ നോക്കുന്നത്. അവൾക്കും അതാണ് താല്പര്യം. പത്താം ക്ലാസ്സ് തോറ്റ അവനെ അവൾ കെട്ടുമെന്ന് എനിക്കു തോന്നുന്നില്ലമ്മേ.\"
അതു ശരി, അവൾക്കിഷ്ടമില്ലാഞ്ഞിട്ടോ അതോ നിനക്കിഷ്ടമില്ലാഞ്ഞിട്ടോ? അവനെന്താടാ ഒരു കുറവ്? പത്തു പാസ്സില്ലെങ്കിലെന്താ പണമില്ലേ, പദവിയില്ലേ? അവളെ പൊന്നു പോലെ നോക്കും അവൻ, പിന്നെന്താ? പെൺപിള്ളേരെ മര്യാദയ്ക്ക് വളർത്തണം. ഒരുത്തി കണ്ടില്ലേ നാറ്റിച്ചത്, ഇനി ഇവളും അതുപോലെ നിന്നെ നാറ്റിക്കും നോക്കിക്കോ. നീ എന്റെ വയറ്റിൽ തന്നെ പിറന്നതാണോടാ? ത്ഫൂ...
ഇതും പറഞ്ഞു മാധവിയമ്മ ചാടിയെണീറ്റു, പിന്നെ ഹരിദാസനെ നോക്കിപ്പറഞ്ഞു:
എണീക്കെടാ, ഇനി എന്ത് കാണാനാ ഇവിടെ നിൽക്കുന്നെ, വണ്ടിയെട്.\"
ചായയും പലഹാരങ്ങളുമായി മഞ്ജുവും രഞ്ജുവും അവരുടെ അമ്മ, കാഞ്ചനയും കൂടി വന്നപ്പോഴേക്കും മാധവിയമ്മ പടിയിറങ്ങിയിരുന്നു, ഒപ്പം ഹരിദാസും ദിവാകരനും.
\"ഏയ്, അമ്മേ പോവാണോ, ഇതെന്തു കൂത്ത്?\"
സാവിത്രിക്ക് ഒന്നും മനസ്സിലായില്ല. അവരാകെ അങ്കലാപ്പിലായി,ഗോപാലും ഇഞ്ചി കടിച്ച പോലായി. വണ്ടി സ്റ്റാർട്ടായപ്പോൾ അവരും വേഗം പോയി വണ്ടിയിൽ കയറി.
നിമിഷങ്ങൾക്കകം വരവും പോക്കും കഴിഞ്ഞു.
കാഞ്ചി, ചായ ഇവിടെത്താ, മക്കളെ ഇരിക്ക് നമുക്ക് കുടിക്കാം. അല്ല പിന്നെ, ആ പൊട്ടന് ഞാനെന്റെ മോളെക്കൊടുക്കണം പോലും.
\"അച്ഛനാണച്ഛാ അച്ഛൻ!\" രഞ്ജു അച്ഛനെ പുകഴ്ത്തി.
നീയൊന്നും പറയണ്ട, നീയെന്നെയൊന്നു നാണം കെടുത്തിയതാ, എന്റെ രഞ്ജുമോളാണ് കുടുംബം രക്ഷിച്ചത്.
രഞ്ജുവായി നിൽക്കുന്ന മഞ്ജുവിനെ ചേർത്തു നിർത്തിയാണ് ശിവദാസനതു പറഞ്ഞത്.
യഥാർത്ഥ രഞ്ജു അതു കേട്ടു മുഖംകോട്ടി, മഞ്ജു നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ പാടുപെട്ടു.
അപ്പോഴേക്കും മഹിയും സഞ്ജുവും ബൈക്കിൽ വന്നിറങ്ങി. അവരും കൂടി ചായയും പലഹാരങ്ങളും തീർക്കാൻ.
ഇതേ സമയം വിനുവിന്റെ വീട്ടിലും ചെറിയൊരങ്കം നടക്കുകയാണ്.
വിനുവിന്റെ അമ്മായി, താൻ കൊണ്ടു വന്ന മധുരപലഹാരങ്ങളും പഴങ്ങളുമൊക്കെ വിനുവിനെ തീറ്റിക്കുകയാണ്. അവരുടെ മകൾ വിനുവിന്റെ തൊട്ടുതൊട്ടിരിക്കുന്നുണ്ട്. വിനുവിനാണെങ്കിൽ കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ.
അമ്മായി വിനുവിന്റെ അമ്മയോടും ചേട്ടനോടുമായി പറഞ്ഞു തുടങ്ങി.
\"നമ്മുടെ ചെറുക്കന് പെണ്ണു കിട്ടാൻ ഒരു പണിയുമില്ലെന്ന് അവരെ കാണിച്ചു കൊടുക്കണം നമ്മൾ... അല്ലെ വിജയാ?\"
\"ശരി തന്നെ അമ്മായി, പക്ഷെ ഞാൻ ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല.\"
\"എന്നാപ്പിന്നെ, നിങ്ങൾക്കൊരാവശ്യം വരുമ്പോൾ സഹായിക്കാതെ ഞാൻ അമ്മായിയാണെന്നും പറഞ്ഞു നടന്നിട്ടെന്തിനാ? ഞാൻ തരും എന്റെ മോള്, ഈയിരിക്കുന്ന രേഖയെ ഇവന്.\"
\"അതു കേട്ട് വിനു ചാടിയെണീറ്റ് പറഞ്ഞു:
\"പൊന്നമ്മായി, എന്നെയൊന്നു വെറുതെ വിടാമോ? എനിക്കിപ്പോൾ തല്ക്കാലം കല്യാണം കഴിക്കാനുള്ള മാനസികാവസ്ഥയില്ല, പോരാത്തതിന് എനിക്കൊരു രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട ഗതികേടും ഇപ്പോഴില്ല. ദയവ് ചെയ്ത് ഉപദ്രവിക്കരുത്.\"
അവൻ ദേഷ്യത്തിൽ എണീറ്റു പോയി
ഓ, ഞാൻ നല്ലതു കരുതി പറഞ്ഞപ്പോൾ അതിനു കുറ്റമായോ? വല്ലാത്ത കാലം തന്നെ ശിവനെ!\"
അമ്മായി സ്വയം പഴിച്ചു.
ഇതേ സമയം രേഖ, വിനുവിന്റെ പുറകെ വച്ചു പിടിച്ചു.
\" അതേയ്, വിനുവേട്ടാ... രണ്ടാം കെട്ട് എന്നുപറഞ്ഞ് എന്നെയിങ്ങനെ അധിക്ഷേപിക്കരുത്. വിനുവേട്ടനൊരു ജീവിതം കിട്ടിക്കോട്ടേ എന്നു കരുതിയാണ് അമ്മ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചത്.\"
\"പൊന്നു കുഞ്ഞേ, എന്നെ വെറുതെ വിട്ടേക്ക്, എനിക്കിനി ഒരു ജീവിതമേ വേണ്ട! പോരേ?\"
വിനു കൈകൂപ്പി അപേക്ഷിച്ചു. പിന്നെ ശരം വിട്ടതുപോലെ വണ്ടിയെടുത്തു പുറത്തേയ്ക്ക് പോയി. അമ്മായിയുടെ വരവ് പ്രമാണിച്ച് ചേട്ടൻ ഫോൺ വിനുവിന് തിരികെ കൊടുത്തിരുന്നു.
വിനു മഞ്ജുവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവൻ നിരാശനായി അമ്പലനടയിലെ ആൽത്തറയിലിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഞ്ജു തൊഴാനായി അവിടെയെത്തി.
മഞ്ജുവും രഞ്ജുവും കൂടി ഇപ്പോൾ കളിക്കുന്ന നാടകം വിനുവിനും അറിവുള്ളതാണ്.
വിനുവിനെക്കണ്ടതും പരിസരം പോലും മറന്നു മഞ്ജു അവനടുത്തേയ്ക്ക് ഓടിയെത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, ചുണ്ടുകൾ വിതുമ്പി.
\"മഞ്ജു, മോളെ... എന്തൊരു കോലമാണിത്? നിനക്കിതെന്താ പറ്റിയത്?\"
\"എനിക്കിനി വയ്യ വിനുവേട്ടാ ഇങ്ങനെ, ഒന്നുറങ്ങാൻ പോലും സാധിക്കുന്നില്ല. എത്രയും പെട്ടന്ന് കാര്യങ്ങൾക്കൊരു തീരുമാനമായില്ലെങ്കിൽ ആകെ പ്രശ്നമാകും.\"
വീട്ടിലുണ്ടായ പ്രശ്നങ്ങളൊക്കെ അവൾ, അവനെ പറഞ്ഞു കേൾപ്പിച്ചു.
\"അതിനേക്കാൾ പ്രശ്നമാണ് വീട്ടിൽ, ഒരു ബാധ ഒഴിപ്പിച്ചിട്ടാണ് ഞാനിപ്പോഴിവിടെ നിൽക്കുന്നത്, അത് ഒഴിഞ്ഞോ എന്നുറപ്പില്ല.\"
അവനും കാര്യങ്ങൾ മഞ്ജുവിനെ ധരിപ്പിച്ചു.
\"ട്രാസ്‌ഫറിനുള്ള പേപ്പേഴ്‌സൊക്കെ നീക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ചയിൽ എല്ലാം ശരിയാകും. എന്റെ പഴയൊരു കൊലീഗ് അവിടെയുണ്ട്. അവനോട് പറഞ്ഞു വാടകയ്ക്ക് ഒരു വീടും ശരിയാക്കിയിട്ടുണ്ട്. ഒക്കെ സെറ്റാണ്. നീയും എപ്പോൾ വേണമെങ്കിലും ഇറങ്ങാനായി ഒരുങ്ങിയിരുന്നോ, ഇനി ഞാനൊന്നും നോക്കുന്ന പ്രശ്നമില്ല.\"
\"ഈ ധൈര്യം വിനുവേട്ടൻ അന്നു കാണിച്ചിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. ഇതിപ്പോ ആകെ പ്രശ്നമാണ്.\"
\"പറ്റിപ്പോയി മഞ്ജു. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ആകെ വിഷമിച്ചുപോയി ഞാൻ. എന്തേ ഫോണെടുക്കാഞ്ഞത്?\"
\"അന്നേരം അവിടെ എല്ലാരുമുണ്ടായിരുന്നു. ഞാനിപ്പോൾ രഞ്ജുവാണല്ലോ, അതോണ്ട് ചില റെസ്ട്രിക്ഷന്സൊക്കെയുണ്ട് ചില സമയങ്ങളിൽ.\"
\"ഉം... എന്തായാലും രഞ്ജുവിനോടും മഹിയോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.\"
അപ്പോൾ എല്ലാം പറഞ്ഞ പോലെ. ഞാൻ ഇടയ്ക്ക് വിളിക്കാം. പറ്റുമ്പോലെ ഫോൺ എടുക്കണം. അധികകാലം നിന്നെയിങ്ങനെ കഷ്ടപ്പെടുത്തില്ല ഞാൻ, മനസ്സ് വിഷമിക്കരുത്.\"
അവളെ അശ്വസിപ്പിച്ച് വിനു വണ്ടി സ്റ്റാർട്ടാക്കി. വണ്ടിയിൽ അകന്നുപോകുന്ന വിനുവിനെ നിറഞ്ഞ കണ്ണുകളോടെ മഞ്ജു നോക്കിനിന്നു.
തുടരും...
.... 🖊️കൃതി