Aksharathalukal

മാംഗല്യം തന്തുനാനേന-14

ശിവദാസന്റെ വീട്ടിൽ നിന്നിറങ്ങിയ മാധവിയമ്മ വെറുതെയിരുന്നില്ല.

പിറ്റേന്നു കാലത്ത് ശിവദാസന്റെ വീട്ടിലെ ലാൻഡ്ഫോൺ പതിവില്ലാതെ നിർത്താതെ അടിച്ചു. ഫോൺ എടുത്തത് രഞ്ജുവായിരുന്നു.

\"ഹലോ... \"

\"ഹലോ, രഞ്ജുമോളാണോ? സുഖമല്ലേ മോളു... ചായ കുടിച്ചോ, എന്തായിരുന്നു പലഹാരം?\"

ഗോപാലായിരുന്നു അപ്പുറത്ത്.

\"ആഹാ, കൊള്ളാലോ, ഇതു ചോദിക്കാനാണോ പാലൻ ഇപ്പോൾ വിളിച്ചത്, ഞാൻ രഞ്ജുവല്ല മഞ്ജുവാ... ഞാൻ വെയ്ക്കാണെ, മഹിയേട്ടന് ചായ കൊടുക്കാറായി. \"

\"വയ്ക്കല്ലേ മോളെ, വയ്ക്കല്ലേ ഞാൻ വേറൊരു കാര്യം പറയാനാ വിളിച്ചത്... ഫോൺ വയ്ക്കല്ലേ.\"

\"എന്നാപ്പിന്നെ കാര്യം പറയ് പാലാ...\"

\"മഞ്ജുമോള് \'പാലാ\' എന്നു വിളിക്കുമ്പോൾ പാലൊഴുകും പോലെയാ, എന്താ മധുരം... മഞ്ജുമോളെന്തിനാമഹിയെ കെട്ടിയത്, ഞാൻ കേട്ടുമായിരുന്നല്ലോ മോളെ നിന്നെ... മോളെ ഞാൻ സ്വർണ്ണം കൊണ്ടു മൂടില്ലായിരുന്നോ!\"

\"അന്ന് പാലനുമില്ലായിരുന്നോ അവിടെ, എന്നിട്ടെന്തേ ഒരു വാക്ക് പറഞ്ഞില്ലല്ലോ കെട്ടാമെന്ന്. ഇപ്പോൾ രഞ്ജുവിനെ കെട്ടാൻ നടക്കുന്നതെന്തിനാണെന്ന് എല്ലാർക്കും അറിയാം. എനിക്ക് നേരമില്ല ഞാൻ വയ്ക്കുന്നു...\"

\"ഏയ്‌, പിണങ്ങല്ലേ മഞ്ജുമോളെ, ഫോൺ വയ്ക്കല്ലേ വയ്ക്കല്ലേ, ഇവിടെ അമ്മമ്മ ആസ്പത്രിയിലാ, കുറച്ചു ക്രിറ്റിക്കലാ... നിങ്ങളെല്ലാരേയും കാണണമെന്ന് പറയുന്നുണ്ട്. അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ നടത്തിക്കോളാൻ ഡോക്ടർ പറഞ്ഞു. ശിവമാമയോടെ പറയാൻ പറഞ്ഞു അമ്മ...\"

\"ശരി, ഞാൻ അച്ഛനോട് പറയാം\"

മഞ്ജു ഫോൺ വച്ചപ്പോഴേക്കും രഞ്ജുവും വന്നു.

\"എന്താടീ, ആരായിരുന്നു ഫോണിൽ?\"

\"എടീ, പാലനാ!\"

\"ഊം, എന്ത്യേ ഈ നേരത്ത്?\"

\"അച്ഛമ്മ ഹോസ്പിറ്റലിലാണെന്ന്. നമ്മളെയൊക്കെ കാണണം പോലും.\"

\"അയ്യോ, അതെന്തു പറ്റി പെട്ടെന്ന്, ഇന്നലെ സിംഹത്തെപ്പോലെ ഗർജ്ജിച്ച് ഇവിടുന്നിറങ്ങിപ്പോയതല്ലേ? ഇതിലെന്തോ ചതിയുണ്ടല്ലോ, എന്തോ ഒരു ഗൂഢാലോചന മണക്കുന്നുണ്ട്, നമ്മളൊന്നു സൂക്ഷിക്കണമെന്നു തോന്നുന്നു.\"

\" എനിക്കും തോന്നുന്നു രഞ്ജു.\"

\"നീയിങ്ങനെ പേര് വിളിച്ചു കൂവല്ലേ പെണ്ണെ...

പിന്നൊരു കാര്യം നീയല്ല  രഞ്ജുവെന്ന് കരുതി ആ മരങ്ങോടനെ കെട്ടാൻ സമ്മതിച്ചേക്കരുത്. എനിക്ക് വേണ്ടെന്ന് കട്ടായം പറഞ്ഞേക്കണം, മനസ്സിലായോ?\"

\"അതു ഞാനേറ്റു!\"

എന്നാ വാ, അച്ഛനോട് പറയാം.

രാവിലെ പറമ്പിൽ പോയി വന്ന ശിവദാസനെ എതിരേറ്റത് ഈ വാർത്തയാണ്. എന്തായാലും സ്വന്തം അമ്മയല്ലേ, ശിവനും ഒന്നു മനസ്സ് പിടഞ്ഞു.

അങ്ങനെ അവരെല്ലാം കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. മഹി ഒഴിഞ്ഞു മാറി.

അവരവിടെ ചെല്ലുമ്പോൾ സാവിത്രി കരഞ്ഞവശയായി ഐ സി യു വിനു മുന്നിൽ ഇരുന്നിരുന്നു. ഗോപാലും ദിവാകരനും ഹരിയുമുണ്ട്.

ശിവദാസനെക്കണ്ട സാവിത്രി ഉച്ചത്തിൽ കരഞ്ഞു മൂക്ക് പിഴിഞ്ഞു.

\"ശിവേട്ടാ, നമ്മുടെ അമ്മ!\"

ഹരിദാസും ശിവനടുത്തേയ്ക്ക് ഓടിവന്നു.

ശിവദാസൻ അവരെ \'അമ്മയ്‌ക്കൊന്നും വരില്ല\'യെന്ന് സമാധാനിപ്പിച്ചു.

കുറേ സമയം കാത്തിരുന്നിട്ടാണ് ശിവദാസിനെ മാത്രം അകത്തു കയറ്റിയത്.

അകത്തു നിന്നും തിരിച്ചു വന്ന ശിവദാസന്റെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല. അവിടെയിരുന്നിട്ട്  പ്രത്യേകിച്ച് കാര്യമൊന്നുമില്ലായിരുന്നു. കൂടുതലാളുകളെ കാണാൻ ഡോക്ടർ അനുവദിച്ചില്ല. അതുകൊണ്ട് വൈകാതെ അവർ തിരിച്ചു പോന്നു.

ശിവദാസൻ ആകെ അസ്വസ്ഥനായിരുന്നു. അതുകൊണ്ടു തന്നെ ആരും അയാളോടൊന്നും ചോദിച്ചില്ല. അത്താഴ സമയത്താണ് അയാൾ വാ തുറന്നത്.

എല്ലാവരും കേൾക്കാനെന്ന പോലെ അയാൾ പറഞ്ഞു:

\"അമ്മയ്ക്കിനി  അധികദിവസമില്ലെന്നാണ് ഡോക്ടർ പറയുന്നത്. അമ്മയുടെ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചോളാനും പറഞ്ഞു. അമ്മയുടെ അവസാനത്തെ ആഗ്രഹം രഞ്ജുവും ഗോപാലും തമ്മിലുള്ള വിവാഹം നടക്കണമെന്നാണ്. ചിലപ്പോൾ എനിക്കതിനു സമ്മതിക്കേണ്ടി വരും. അമ്മയുടെഅവസ്ഥയിൽ എനിക്കു മറുത്തു പറയാൻ പറ്റില്ല.\"

അതു കേട്ട് എല്ലാവരും തമ്മിൽത്തമ്മിൽ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ഭക്ഷണം കഴിഞ്ഞു മുകളിലെത്തിയ മഞ്ജുവും രഞ്ജുവും മഹിയും ഒരുമിച്ചു കൂടി യാലോചിച്ചു. ഇതിൽ നിന്നെങ്ങനെ  രക്ഷപ്പെടുമെന്ന്.

\"നമുക്ക് ഒളിച്ചോടിയാലോ മഹിയേട്ടാ!\"

\"എവിടേയ്ക്ക് ഓടാൻ? അതുകൊണ്ടെന്തു കാര്യം, ആരു പോയാലും മറ്റെയാളെപ്പിടിച്ച്പൊട്ടനെക്കൊണ്ട് കെട്ടിക്കും.\"

\"അതും ശരിയാ. ഇനിയിപ്പോ എന്താണൊരു വഴി?\"

മഞ്ജുവും രഞ്ജുവും തല പുകച്ചു.

\"വഴിയുണ്ട്, ഇത്തിരി റിസ്ക് ആണെന്നേയുള്ളൂ.\" മഹി പറഞ്ഞു.

\"റിസ്ക്കൊക്കെ നമുക്കെടുക്കാം മഹിയേട്ടൻ കാര്യം പറയു.\"

\"തല്ക്കാലം അച്ഛമ്മ ആശുപത്രിയിൽ നിന്ന് വരാതെ ഒന്നും നടക്കില്ലല്ലോ. കല്യാണമായാലും എന്തായാലും.

\"അപ്പോൾ?\"

\"നീയെന്നെയൊന്ന് പറയാൻ സമ്മതിയ്ക്ക് രഞ്ജു...\"

\"ശരി ശരി, ഞാൻ നിർത്തി, മഹിയേട്ടൻ പറയ്.\"

അപ്പോൾ തല്ക്കാലം നമ്മൾ എതിരൊന്നും പറയാൻ പോകണ്ട. സമ്മതിച്ചപോലെ നിൽക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ വിനുവിന്റെ ട്രാൻസ്ഫർ റെഡിയാകും, അപ്പോൾ അവൻ മഞ്ജുവുമായി സ്ഥലം വിടും. അപ്പോൾ നഷ്ടപരിഹാരമായി നിന്നെ എനിക്ക് കെട്ടിച്ചു തരണമെന്ന് ഞാൻ വാശി പിടിക്കും. അപ്പോൾ അങ്ങനെ ചെയ്യാതെ അച്ഛന് വേറെ വഴിയില്ല. ഞാൻ ആപത്തിൽ രക്ഷിച്ച ആളല്ലേ, ഉപകാരസ്മരണ വേണമല്ലോ! ഇനിയിപ്പോൾ അത് നടക്കില്ലെന്നു വന്നാൽ അപ്പോൾ നമുക്ക് ഓളോച്ചോടാം. പോരേടീ രഞ്ജുവേ?\"

\"അതു കലക്കി, അതു മതി, ധാരാളം.\" രഞ്ജുവിന് ഉത്സാഹമായി.

\"എനിക്ക് ആകെ പേടിയാവുന്നുണ്ട്.\" മഞ്ജു പറഞ്ഞു. \"നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നുമല്ല ഈശ്വരാ ഇവിടെ നടക്കുന്നത്...\"

\" കാര്യമൊക്കെ ശരി തന്നെ, പക്ഷെ ഇതിനൊക്കെ കാരണം നിന്റെ വിനുവേട്ടൻ ഒറ്റയൊരുത്ത‌നാണ്. ഇപ്പോൾ കാണിക്കുന്ന ധൈര്യം അന്നു കാണിച്ചിരുന്നുവെങ്കിൽ ഇതിന്റെയൊന്നും ആവശ്യം വരില്ലായിരുന്നു. അതുകൊണ്ട് നീ മിണ്ടണ്ട!\"

രഞ്ജു പറഞ്ഞത് കേട്ടു മഞ്ജു തല കുനിച്ചു.

\"മതി, ബാക്കിയൊക്കെ പിന്നെ, പോയി ഉറങ്ങാൻ നോക്ക്.\"

മഹി രംഗം ശാന്തമാക്കി.

പിറ്റേന്ന്  ശിവദാസൻ അമ്മയെക്കാണാൻ പോയി വന്നത് കല്യാണത്തിന് സമ്മതം കൊടുത്തിട്ടാണ്. മക്കളുടെ ആഗ്രഹത്തിന് വിപരീതമാണെന്ന് അറിയാവുന്നതു കൊണ്ട് ശിവദാസന് നല്ല മനപ്രയാസമുണ്ടായിരുന്നു. അച്ഛനെ ഇനിയും പറ്റിക്കേണ്ടി  വരുമല്ലോ എന്നോർത്തു മഞ്ജുവും രഞ്ജുവും സങ്കടപ്പെട്ടു. കളിയും ചിരിയും നഷ്ടപ്പെട്ടൊരു വീടായി മാറി അത്.

വിനുവിന്റെ വീട്ടിൽ നിന്നിറങ്ങിയ അവന്റെ അമ്മായിയും കരുക്കൾ നീക്കാൻ തുടങ്ങി.

വിനുവിന്റെ അമ്മയെയും ചേട്ടനെയും സ്വാധീനിച്ച് വിനുവുമായുള്ള രേഖയുടെ വിവാഹം അവിടെയും തീരുമാനിക്കപ്പെട്ടു.

അങ്ങനെ നാലു വീടുകളിൽ ശിവദാസന്റെ വീട്ടിലൊഴികെ  കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു. രഞ്ജുവിന്റെ വീട്ടിൽ മാത്രം ഒന്നിനും ഒരുത്സാഹം കണ്ടില്ല.

ഗോപാൽ അന്പത്തൊന്ന് പവന്റെ ആഭരങ്ങൾ പുതിയ ഡിസൈനിൽ ഉണ്ടാക്കി രഞ്ജുവിനായി കൊണ്ടുവന്നു കൊടുത്തു. രഞ്ജു അതൊന്നു തൊട്ടുപോലും നോക്കാതെ അലമാരിയിൽ വച്ചു പൂട്ടി.
രേഖയ്ക്കുള്ള സ്വർണ്ണവും ഗോപാലിന്റെ കടയിൽ നിന്നായിരുന്നു.

അച്ഛമ്മ ആശുപത്രിയിൽ നിന്നും പോന്നു. കാര്യങ്ങളൊക്കെ നോക്കി നടത്തി ഉഷാറായി.

വിനുവിന്റെ വീട്ടിലും കാര്യങ്ങൾ ഉഷാറായിരുന്നു. ഒരു കല്യാണം മുടങ്ങിയതിന്റെ ക്ഷീണം തീർക്കാൻ അവരും യത്നിച്ചു.

വിനുവിന്റെ ട്രാൻസ്ഫറിന്റെ കാര്യമൊക്കെ ശരിയായി. ഇനി ഓർഡർ കൈയിൽ കിട്ടുകയെ വേണ്ടൂ.


തുടരും.....

...... 🖊️കൃതി 


മാംഗല്യം തന്തുനാനേന-15

മാംഗല്യം തന്തുനാനേന-15

4.5
1136

പിറ്റേന്ന് നേരം വെളുത്തത് ഞെട്ടിക്കുന്ന ഒരു വാർത്തയുമായി ആയിരുന്നു. കല്യാണത്തിനായി ഒരുക്കി വച്ച അൻപതു പവനും മാധവിയമ്മയുടെ ആമാടപ്പെട്ടിയിലുണ്ടായ നാൽപതോളം പവൻ സ്വർണ്ണവും കാണാതായി, ഒപ്പം ഗോപാലിനെയും കാണാതായി. അതേ സമയം കല്യാണത്തിന് വാങ്ങിയ സ്വർണ്ണമടക്കം രേഖയെയും കാണുന്നില്ല. സ്വർണ്ണം വാങ്ങാൻ ചെന്നയന്നുമുതൽ രേഖയും ഗോപാലും പരിചയത്തിലായിരുന്നു. അവർ പരസ്പരം വിളികളും കിന്നാരം പറച്ചിലുമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ അവർ തമ്മിൽ ഇഷ്ടമായി. തങ്ങളെ വേണ്ടാത്തവരെ കെട്ടുന്നതിലും ഭേദം തമ്മിൽ വിവാഹിതരാവാൻ അവർ തീരുമാനിച്ചു. അങ്ങനെ അവർ ഒരുമിച്ചു നാടു വിടുകയായിര