Aksharathalukal

കലപ്പയുടെ അസ്ഥികൂടം

       കലപ്പയുടെ അസ്ഥികൂടം 
           ----------------------------------

ആരുമാരും കണ്ടീടാതെ, 
തൂങ്ങി നില്ക്കും മനുഷ്യന്റെ 
അസ്ഥികൂടം കിടക്കുന്ന,
കാഴ്ചയെന്നപോൽ;

ചിതലുണ്ടു തകരുന്ന,
തൊഴുത്തിന്റെ ഭിത്തിക്കിതാ
ദ്രവിക്കുന്ന കലപ്പയോ,
ചാരിനില്ക്കുന്നൂ?

മാറാലയും കെട്ടിത്തണ്ടിൻ,
അഗ്രത്തിലേ ലോഹനാവിൽ
തുരുമ്പിന്റെ നിറംപറ്റി,
വികൃതമായി!

മുണ്ടകനും വിരിപ്പുമായ്,
കൃഷിനിത്യം ചെയ്തിരുന്ന
പാടത്തൊക്കെ റബ്ബറിന്റെ,
തോട്ടമല്ലയോ?

പൊന്നാര്യനും ചേറാടിയും 
പൊൻകതിരു പരത്തിയ 
പാടത്തിന്നു തൊട്ടാവാടി-
പ്പടർപ്പു മാത്രം!

കലപ്പതൻ കാലം പോയി,
ട്രാക്ടർ വന്നു, ടില്ലർ വന്നു 
കൊയ്യുവാനും മെതിക്കാനും
യന്ത്രങ്ങൾ വന്നൂ! 

കാലു നീട്ടി തട്ടിൻമേലെ,
കിടക്കുന്ന പല്ലിത്തടി 
ദൈന്യത്തോടെ നോക്കുമ്പോളെൻ,
ചങ്കു പൊട്ടുന്നൂ!

താഴെ വീഴാൻ തക്കം നോക്കും
തൊഴുത്തിന്റെ യകത്തതാ;
പാൽപ്പായ്ക്കറ്റിൻ പ്ലാസ്റ്റിക്കുകൾ 
കുന്നുകൂടുന്നൂ! 

ചാണകത്തിൻ കുഴികളിൽ,
പെരിച്ചാഴി പുളയ്ക്കുന്നൂ;
ചേരപ്പാമ്പുമണലിയും
പൊത്തു നോക്കുന്നൂ!

തൊഴുത്തിന്റെ മോന്തായത്തിൽ,
വലകെട്ടിക്കിടക്കുന്ന;
ചിലന്തിയോ, സമ്രാട്ടായി,
വിഹരിക്കുന്നൂ!

കുഴിയാനച്ചുഴിയുള്ള,
പുൽക്കൂടിന്റെ കളങ്ങളിൽ;
വീട്ടിലുള്ള മാലിന്യങ്ങൾ,
കുമിഞ്ഞു നില്പൂ!

ചത്തൊടുങ്ങും കൃഷിയുടെ,
കിടപ്പറയ്ക്കരികിലാ
ചീവീടുകൾ രാമായണം
നീട്ടിപ്പാടുന്നൂ!

കർഷകന്റെ, കൃഷിയുടെ,
ശവദാഹം നടത്തുവാൻ;
വേനലതാ കത്തിക്കാളി,
കാത്തു നില്ക്കുന്നൂ!

സാന്ത്വനത്തിൻ വായ്ത്താരികൾ,
ഘോരഘോരം മുഴക്കുന്ന
സർക്കാരിനും കഴിയില്ല,
രക്ഷ നല്കീടാൻ!

സർക്കാരല്ല മനുഷ്യന്റെ,
ബോധമാണു മാറേണ്ടത് ;
കീടമല്ല എലിയല്ല,
കൃഷിക്കു ദോഷം!

കാലമെത്ര മഹാ കഷ്ടം 
രോഗ മെത്ര വളരുന്നൂ;
പാടമെല്ലാം തരിശല്ലേ,
സുകൃതക്ഷയം!


(*പല്ലിത്തടിക്ക് ഞവിരി എന്നും പേരുണ്ട്.)
         -------------
@രാജേന്ദരൻ ത്രിവേണി




ഉക്രൈനിലെ തീനാളങ്ങൾ

ഉക്രൈനിലെ തീനാളങ്ങൾ

5
168

   ഉക്രൈനിലെ തീനാളങ്ങൾഉക്രൈൻ കത്തുന്ന തീനാളംപൊള്ളിപ്പതെത്ര ഹൃദയങ്ങളെ,അവിടുന്നുയരും കരിമ്പുകകരയിപ്പതെത്ര ജന്മങ്ങളെ?നെഞ്ചിന്റെയുള്ളിലെ തീപ്പൊരികത്തിപ്പടരുന്ന വേദന,മെയ്യിൽപ്പടരുന്ന മരവിപ്പുമരപ്പിച്ചുറക്കുന്നു ചിന്തയെ!എത്ര നാളേക്കിനി യുദ്ധം,എന്തുണ്ടു വെട്ടിപ്പിടിക്കുവാൻ?എത്ര പൊള്ള വാഗ്ദാനങ്ങൾജലരേഖയായി മറഞ്ഞുപോയ്!യുദ്ധം പിറക്കാത്ത വന്ധ്യതചരിത്രത്തിലെന്നു നിറഞ്ഞിടും?ആരു വന്ധ്യംകരിക്കുമീയുദ്ധ ബീജ സ്രോതസ്സുകൾ?യുദ്ധ സിക്താണ്ഡം വളരുന്നഗർഭപാത്രത്തിന്നകംപാളി,കത്തിച്ചെരിക്കുന്ന ഈസ്റ്റ്രജൻകാലാണ്ഡാശയത്തിൽ കിനിയണം!വേണ്ട രാഷ്ട്രങ്ങളെ,വ