\"ഒരു കാര്യം ഞാൻ പറയാം.. ഇന്നത്തെ വൈകീട്ടത്തെ സംഭവത്തോടെ ഇയാൾ എന്റെ മനസ്സിൽ ഒഴിവാക്കാൻ കഴിയാത്തത്ര സ്ഥാനം പിടിച്ചിരിക്കുകയാണ്... അന്നേരം ഇയാളെ ഞാൻ വിളിക്കുക തന്നെ ചെയ്യും.... ഇനിയഥവാ ഫോൺ തീരേ എടുക്കാതിരുന്നാൽ ഞാനങ്ങ് വരും ഹോസ്പ്പിറ്റലിലേക്കാണെങ്കിൽ അങ്ങനെ... അതല്ല വീട്ടിലേക്കാണെങ്കിൽ അങ്ങനെ... അത് പിന്നീട് നിങ്ങൾക്കൊരു ബുദ്ധിമുട്ടായി മാറും... അതുവേണ്ടെങ്കിൽ ഫോൺ എടുക്കുന്നതായിരിക്കും നല്ലത്... \"
അതു പറഞ്ഞ് ശിൽപ്പ കോൾ കട്ടു ചെയ്തു...
\"ഈശ്വരാ ഈ പെണ്ണിന് എന്തിന്റെ കേടാണ്... ഇവൾ എന്നെ ഒരു വഴിക്കാക്കിയേ അടങ്ങൂ എന്നാണ് തോന്നുന്നത്... അല്ലാതെതന്നെ തലക്ക് പ്രാന്ത് പിടിച്ച് നിൽക്കുകയാണ്... അതിനിടയിലാണ് അവളുടെ ഒരു കിന്നാരം... \"
കിരൺ ഫോൺ കിടക്കയിലേക്കിട്ട് കട്ടിലിൽ കിടന്നു... ഈ സമയം ഫോണിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിൽപ്പ....
\"പൊന്നുമോനേ... നിന്നെ ഞാൻ വിടില്ല... ഈ ശിൽപ്പ ആശിച്ചതൊന്നും നേടാതെ ഇരുന്നിട്ടില്ല... നിന്നേയും ഞാൻ സ്വന്തമാക്കും... അതിന് ഏതറ്റംവരേയും ഞാൻ പോകും... അത്രക്ക് നിന്നെ ഞാൻ ഇഷ്ടപ്പെട്ടുപോയി... നീ എനിക്കുള്ളതാണ്... എനിക്കു മാത്രം... ആ നിന്നെ ആർക്കും വിട്ടുകൊടിക്കില്ല ഞാൻ... \"
ശിൽപ്പ കിരണിനേയും മനസ്സിലോർത്ത് കിടന്നു....
\"അടുത്തദിവസം രാവിലെ കിരൺ വേദികയുടെ അടുത്തേക്ക് ചെന്നു... അവിടെ ശ്രീധരമേനോനും പ്രസന്നയും ഉണ്ടായിരുന്നു...
\"നീ റെഡിയായോ... നിൽക്ക് ഞാൻ ചായയെടുത്തുവക്കാം... \"
പ്രസന്ന എഴുന്നേറ്റു...
\"അമ്മ അവിടെ നിന്നേ... ചായ പിന്നെയെടുക്കാം... എന്തായീ നിങ്ങളുടെ തീരുമാനം... ഇവളെ ഇങ്ങനെ വച്ചുകൊണ്ടിരിക്കാനാണോ തീരുമാനം... ഡോക്ടറുടെ അടുത്ത് കൊണ്ടുപോകേണ്ടേ... \"
\"നീയെന്താണ് പറയുന്നത്... അതിന് ഇവൾക്കെന്താണ് അസുഖം.... സ്വപ്നം കാണുന്നത് ഒരസുഖമാണോ... \"
പ്രസന്ന ചോദിച്ചു...
\"സ്വപ്നം കാണുന്നത് അസുഖമാണെന്ന് ഞാൻ പറഞ്ഞില്ല... പക്ഷേ ആ സ്വപ്നം കൊണ്ടുണ്ടാകുന്ന ഓരോ പ്രശ്നങ്ങൾ ആണ് പ്രശ്നം... അത് വലിച്ചു നീട്ടി ഓരോ കാര്യങ്ങൾ ഉണ്ടാക്കുകയാണല്ലോ ഇവിടെ... അതുമൂലം അവളുടെ മനസ്സാണ് കൈവിട്ടു പോകുന്നത്... ഇങ്ങനെ പോയാൽ നാളെ ഇവളെ മാനസികരോഗിയായി കാണേണ്ടിവരും നമ്മൾ... \"
\"നീയൊക്കെ ഇപ്പോഴേ ഇവളെ പ്രാന്തിയാക്കാൻ നോക്കുകയാണോ... അങ്ങനെ കാണാൻ നിനക്കും നിന്റെ ഏട്ടനും താല്പര്യമാണോ... \"
\"അത് കാണാതിരിക്കാനാണ് ഞാൻ പറഞ്ഞത്... നിങ്ങളുടെ പൂജയും വഴിപാടും കൊണ്ട് ഇവളെ ഇങ്ങനെ കൊണ്ടുപോയാൽ താമസിയാതെ അതുപോലെ കാണേണ്ടിവരും... അങ്ങനെയുണ്ടാവാൻ ഞാൻ സമ്മതിക്കില്ല... ദേ ഞാനൊരു കാര്യം പറയാം... ഞങ്ങളുടെ അനിയത്തിയാണ് ഇവൾ... ഇവളുടെ കാര്യത്തിൽ ഞങ്ങൾക്കുമുണ്ട് അവകാശം... ഇവളെ ഒരു മന്ത്രവാദിയുടേയും കയ്യിലെ പാവയാക്കാൻ സമ്മതിക്കില്ല... എത്രയും പെട്ടന്നിവളെ ഡോക്ടറെ കാണിച്ചേ പറ്റൂ... അതല്ല നിങ്ങളുടെ തീരുമാനമായി നടക്കാനാണ് ഭാവമെങ്കിൽ അതിന് ഞാനും ഏട്ടനും സമ്മതിക്കുമെന്ന് കരുതേണ്ട... \"
\"കിരണേ... നീ കുറച്ചു നേരമായല്ലോ സംസാരിക്കുന്നു... എന്താണ് അവളിൽ നീ കണ്ട രോഗം... ഇത്രയും നാൾ ഇവൾ കണ്ടെന്ന് പറഞ്ഞ കാര്യങ്ങൾ സത്യമാണ്... ഈ തറവാട്ടിൽ ഉണ്ടായ കാര്യങ്ങൾ... അതിന് പരിഹാരമായാണ് തിരുമേനി ഇന്നലെ തന്ന തകിടുകൾ അത് കുഴിച്ചിട്ടതല്ലേയുള്ളൂ... കഴിഞ്ഞ കുറച്ചു ദിവസമായി ഇവൾ കണ്ടിരുന്നത് ഒരേ സ്വപ്നമായിരുന്നു... അതിന്റെ കാരണമാണ് നമ്മൾ കണ്ടു പിടിക്കേണ്ടത്... ആ തകിട് കുഴിച്ചിട്ടതിനുശേഷം ഇന്നലെ ഇവൾ ആ സ്വപ്നം കണ്ടില്ല... എന്നല്ല സുഖമായി ഉറങ്ങുകയും ചെയ്തു... ആ കാര്യമാണ് ഞങ്ങൾ സംസാരിച്ചിരുന്നത്... ഒന്നുമില്ലാതെ ഇങ്ങനെ കാണുമോ... നിനക്ക് ഇവളെ ഡോക്ടറെ കാണിക്കാൻ അത്രക്ക് നിർബന്ധമാണെങ്കിൽ കൊണ്ടുപോയി കാണിക്ക്... നിങ്ങളുടെ കൂടി സഹോദരിയല്ലേ... പക്ഷേ ഇനി എന്തെങ്കിലും പ്രശ്നമുണ്ടായിട്ട് പോരേ ഒരു തീരുമാനമെടുക്കാൻ... \"
ശ്രീധരമേനോൻ ചോദിച്ചു...
\"നിങ്ങളെ വിഷമിപ്പിക്കാൻവേണ്ടി പറയുകയല്ല... ഇവളെ ഇങ്ങനെ കാണാൻ വയ്യാഞ്ഞിട്ടാണ്... എത്ര സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു നമ്മൾ... എല്ലാം പെട്ടന്ന് മാറിമറിഞ്ഞില്ലേ... \"
\"ഏട്ടാ... ഏട്ടന്മാർക്കുംകൂടി ഇപ്പോൾ ഞാൻ ഒരു ബാധ്യതയാണോ... എനിക്കിപ്പോൾ ഒന്നുമില്ല ഏട്ടാ... എന്റെ മനസ്സിൽ കുറച്ചു ദിവസമായി കാണുന്ന സ്വപ്നം എന്തോ എന്നെ ഭയപ്പെടുത്തി എന്നത് സത്യമാണ്... അത് എന്റെ മനസ്സിന് തീരെ ശക്തിയില്ലാഞ്ഞിട്ടാണ്... ഇനി ഞാൻ ശ്രദ്ധിച്ചോളാം...മുകളിലെ ആ മുറിയിൽ കിടക്കുമ്പോഴാണ് എനിക്ക് അങ്ങനെ പേടി വരുന്നത്... ഇന്നലെ ഇവിടെ കിടന്നപ്പോൾ എന്റെ മനസ്സിൽ ഒരു പേടിയും ഉണ്ടായില്ല... മാത്രമല്ല ഇന്നലെ ഒരു സ്വപ്നവും കണ്ടില്ല... നല്ല സുഖമായി ഉറങ്ങുകയും ചെയ്തു... \"
\"മോളെ... ഒരു സഹോദരിയായിട്ട് നീ മാത്രമേ ഞങ്ങൾക്കുള്ളൂ... നിനക്കെന്തെങ്കിലും പറ്റിയാൽ ഞങ്ങൾക്ക് സഹിക്കുമോ..... നിനക്ക് ഒന്നു വരാൻ ഞങ്ങൾ സമ്മതിക്കില്ല... ആ പഴയ കുസ്രുതിയും കളിയുമായുള്ള വേദികയെ, ഞങ്ങൾക്ക് വേണം... \"
കിരൺ പിന്നെ തിരിഞ്ഞ് ശ്രീധരമേനോനേയും പ്രസന്നയേയും നോക്കി...
\"ഇനി ഇതുപോലെ ഇവളുടെ മനസ്സിനെ അലട്ടുന്ന വല്ല പ്രശ്നവുമുണ്ടായാൽ ആരുടേയും സമ്മതം ഞാൻ നോക്കില്ല... ഞാൻതന്നെ ഇവളെ കൊണ്ടുപോയി ഡോക്ടറെ കാണിക്കും പറഞ്ഞേക്കാം... \"
കിരൺ മുറിയിൽ നിന്ന് പുറത്തേക്ക് പോയി...
\"കണ്ടോ അമ്മേ ഏട്ടന്മാർക്ക് എന്നോടുള്ള സ്നേഹം... ഇനി ഞാൻ വല്ല്യേട്ടനെ പോയി കാണട്ടെ... വല്യേട്ടനെക്കൂടി തണുപ്പിച്ചാലേ കാര്യം ശരിയാകും..\"
വേദിക അവിടെനിന്ന് പുറത്തേക്ക് പോയി...
\"എന്റെ ഗുരുവായൂരപ്പാ നീ കാത്തു... അവളിലെ മാറ്റം കണ്ടില്ലേ... എല്ലാം തിരുമേനിയുടെ മന്ത്രത്തിന്റെ ഫലമാണ്... \"
പ്രസന്ന പറഞ്ഞു... എന്നാൽ ശ്രീധരമേനോൻ എന്തോ ആലോചിക്കുകയായിരുന്നു...
\"ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ... എന്താ വലിയൊരു ആലോചന... \"
പ്രസന്ന ചോദിച്ചു...
\"നീ പറഞ്ഞത് ഞാൻ കേട്ടു... പക്ഷേ ഞാനതല്ല ആലോചിച്ചത്... നമ്മുടെ മോൾ കിരണിനോട് പറഞ്ഞത് നീ ശ്രദ്ധിച്ചോ... മുകളിലുള്ള അവളുടെ മുറിയിൽ കിടക്കുമ്പോഴാണ് അവൾക്ക് മനസ്സിന് പേടി തോന്നുന്നതും ആ സ്വപ്നം കാണുന്നതും എന്ന്... അതിന്റെ അർത്ഥമെന്താണ്... \"
ശ്രീധരമേനോൻ ചോദിച്ചു...
\"അത് ഞാനും കേട്ടതാണ്... എക്സാം കഴിഞ്ഞതിനു ശേഷമാണ് അവൾക്ക് ആ മുറിയുടെ പ്രിയം തോന്നിയതും അവിടെ കിടപ്പാക്കിയതും... അതിനുശേഷവുമാണ് ഇതുപോലെ ഉണ്ടാകുന്നതും... എനിക്കെന്തോ ഭയം തോന്നുന്നു... ഇത്രയും കാലം ആ മുറിയിലില്ലാത്ത ഒരു പ്രശ്നം ഇപ്പോൾ വന്നതിന്റെ കാരണമെന്താണ്... \"
\"ആ മുറിക്കല്ല പ്രശ്നം... വളരെക്കാലമായി പൂട്ടികിടക്കുന്ന അതിനടുത്ത മുറിയിലില്ലേ... ഞാൻ ജനിക്കുന്നതിനു എത്രയോ വർഷം മുന്നേ പൂട്ടികിടക്കുന്ന ആ മുറി... അതിലെന്താണെന്നോ... എന്തുകൊണ്ടാണ് അത് തുറക്കരുതെന്ന് പറഞ്ഞിരിക്കുന്നത് എന്നോ എനിക്കറിയില്ല... എന്റെ അച്ഛനപ്പൂപ്പന്മാർ അത് തുറക്കരുതെന്ന് പറഞ്ഞിരുന്നു... അവർക്കുമറിയില്ല എന്താണെന്ന്... തലമുറകളായി കേട്ടുവന്ന ആ വാക്ക് ഇപ്പോഴും അനുസരിച്ചുവരുന്നു എന്നേയുള്ളൂ... ചിലപ്പോൾ ആ മുറിയുടെ എന്തെങ്കിലും കാരണമാകാം മോള് കിടന്ന മുറിയിലേക്കും വന്നുചേർന്നത്... എന്തായാലും ഇനി ആ മുറിയിൽ ആരും കിടക്കുകയോ കയറുകയോ ചെയ്യേണ്ട... എല്ലാവരോടും പറഞ്ഞേക്ക്... ഇതൊന്നും ചിലപ്പോൾ നമ്മുടെ ആൺമക്കൾ വിശ്വസിച്ചെന്നിരിക്കില്ല... എന്നാലും നമ്മൾ പറയേണ്ടത് പറയണം.. \"
ശ്രീധരമേനോനും അവിടെ നിന്നിറങ്ങി...
ഈ സമയം തന്റെ മുറിയിൽ ഏതോ ബിൽഡിങ്ങിന്റെ പ്ലാൻ നോക്കി എന്തോ ആലോചിക്കുകയായിരുന്നു വരുൺ...
\"ഹലോ എഞ്ചിനീയർസാറേ അകത്തേക്ക് വരുന്നതുകൊണ്ടു എന്തെങ്കിലും പ്രശ്നമുണ്ടോ... \"
വാതിൽക്കൽ നിന്ന് വേദികയുടെ ചോദ്യം കേട്ട് വരുൺ തിരിഞ്ഞു നോക്കി...
\"അല്ലാ ഇതാരാണ്... എന്റെ ചക്കരകുട്ടിയോ... കയറി വാ... എന്തുപറ്റീ ഇവിടേക്ക് വരാൻ... എത്രയായെടീ നീ ഇവിടേക്ക് വന്നിട്ട്... \"
\"അത് കരക്റ്റ് പറഞ്ഞാൽ ഇരുപത്തിയേഴ് ദിവസം... \"
\"ഇത്ര കൃത്യമായി നീ എങ്ങനെ ഓർത്തു... \"
\"അത് സിംപിൾ അല്ലേ... അന്നായിരുന്നില്ലേ എന്റെ പിറന്നാൾ... \"
\"ഇന്നെന്താ പ്രത്യേകിച്ചൊരു വരവ്... ഇന്നലെ രാത്രി നീയൊന്നും കണ്ടില്ലേ... \"
\"വല്ല്യേട്ടന് എന്നോട് ദേഷ്യമുണ്ടോ... \"
\"എന്തിന്... എന്റെ മോളോട് ദേഷ്യപ്പെടാൻ വല്ല്യേട്ടന് കഴിയുമോ... \"
\"അത് വെറുതേ... ഇന്നലെ രാത്രി ഞാൻ കണ്ടതല്ലേ... \"
\"അതിന് ഏട്ടൻ മോളോട് ദേഷ്യപ്പെട്ടോ... മോളുടെ അവസ്ഥ കണ്ട് പറഞ്ഞതല്ലേ... നീയല്ലാതെ ഞങ്ങൾക്കാരാണുള്ളത്... നീ ഞങ്ങളുടെ ചക്കരയല്ലേ... അതുപോട്ടെ ഇന്നലെ സത്യത്തിൽ നീ എന്ത് കണ്ടിട്ടാണ് പാമ്പ് എന്നു പറഞ്ഞ് ബഹളം വച്ചത്... \"
\"ഏട്ടാ സത്യത്തിൽ ഞാൻ കണ്ടതാണ്... ജനലിൽ പത്തി വിടർത്തി രണ്ട് പമ്പുകൾ എന്റെ നേരെ ചീറ്റുന്നത്... \"
\"അത് നിനക്ക് തോന്നിയതായിരിക്കും... അല്ലെങ്കിൽ എന്തെങ്കിലും നിഴൽ കണ്ടതാകും... അല്ലാതെ എവിടെനിന്നു വരാനാണ് പാമ്പുകൾ... ഇവിടെ ഒരു കാവുണ്ടല്ലോ.... നാഗങ്ങളുടെ കാവ്... ഞാൻ ജനിച്ച് ഇതുവരെയായിട്ടും മഷിയിട്ട് തിരഞ്ഞിട്ടുപോലും ഒന്നിനെ കണ്ടിട്ടില്ല... പിന്നെയാണ് മുറിക്കുള്ളിൽ... അതുപോട്ടെ ഇന്നലെ രാത്രി നീ സാധാരണ കാണാറുള്ള സ്വപ്നം കണ്ടിരുന്നോ... \"
\"ഇല്ല സുഖമായി ഉറങ്ങി... ഇനിയേതായാലും ആ മുറിയിലേക്ക് ഞാനില്ല... \"
അതുകേട്ട് വരുൺ ചിരിച്ചു...
ഈ സമയം മേപ്പല്ലൂർ ബ്രഹ്മദത്തൻ തിരുമേനിയെ കാണാൻ പോവുകയായിരുന്നു നന്ദൻ...
തുടരും......
✍ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖➖