Aksharathalukal

കിനാവള്ളികൾ





ഓർമ തൻ കാടുകൾ
പൂത്തു വിരിഞ്ഞതിൽ,
കദന കാവ്യങ്ങളാം
കരിനിഴൽച്ചിത്രങ്ങൾ!

ഓമനിച്ചോർത്തിടാ-
നാവില്ലെനിക്കിന്ന്,
കൊഴിഞ്ഞോരിലകളാം
നഷ്ടസ്വപ്നങ്ങളെ!

ആത്മാവിന്നാഴിയിൽ
അലയടിച്ചുയരുന്ന
നൊമ്പരച്ചുഴികളി-
ലാണ്ടു പോകുന്നിതാ...

ഗതകാലവാടിയി-
ലെന്നോ കുഴിച്ചിട്ട
തളിരണിയാത്തൊരാ,
കനവിന്റെ വള്ളികൾ!

കരിവളക്കൈകളാ-
ലെഴുതിയ ചിത്രങ്ങൾ
കരിമഷിക്കൺകളിൽ
നിഴലായനങ്ങിയോ!

ഒരു വേള വന്നെന്നെ
മാടിവിളിച്ചിരുന്നെങ്കി-
ലെന്നാശിച്ചാറ്റു
നോറ്റിരുന്നു ഞാൻ!

കർഷകക്കുടിലിലെ
പുത്രിയായ് പിറന്നതും
ജാതിയിൽ താഴെയാ-
ണെന്നതും കുറ്റമോ?

നാണയക്കിലുക്കത്തി-
ലനുരാഗമൊളിപ്പിച്ചു,
കാഞ്ചനപ്രതിമയ്ക്ക്
കുങ്കുമം ചാർത്തി നീ!

മുനിശാപപർവത്തിൽ
ശകുന്തളയെന്നപോൽ
വിരഹാഗ്നിച്ചൂളയി-
ലുരുകിയൊലിച്ചു ഞാൻ!

നിഴൽച്ചിത്ര മോഹ-
ങ്ങളസ്തമിച്ചകലവേ,
കാതോർത്തിരുന്നു ഞാൻ
മറ്റൊരുദയത്തിനായ്!




         ✍️ഷൈലാ ബാബു©