Aksharathalukal

സ്വന്തം തറവാട് 20



\"കാവിൽ നാഗപ്പാട്ട് കഴിക്കുന്നതുകൊണ്ട് എന്താണ്... അത് നല്ലതല്ലേ... അതിന് ഞാനെതിരല്ല... ഞാനും സഹായിക്കാം... \"
ശിൽപ്പയും അവരുടെകൂടെകാവ് വൃത്തിയാക്കാൻ കൂടി... 

എന്നാൽ തീജ്വാലകളെപ്പോലെ രണ്ട് കണ്ണുകൾ അവരിലേക്ക് പതിയുന്നുണ്ടായിരുന്നു.... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

കാവെല്ലാം വൃത്തിയാക്കി അവർ തിരിച്ചു വന്നപ്പോഴേക്കും ഉച്ചയുണിനുള്ള സമയമായിരുന്നു... എന്നാൽ ആ തറവാട്ടിലേക്ക് കയറാൻ ശിൽപ്പക്കെന്തോ പേടി തോന്നി... അവൾ മറ്റുള്ളവരുടെ കൂടെയല്ലാതെ ഒറ്റക്ക് ഒരിടത്തു പോലും നിന്നില്ല... അവളിലെ മാറ്റം ശ്രീധരമേനോനെ അശ്വസ്ഥനാക്കിയിരുന്നു... പാർവ്വതിയുടെ പേര് പറഞ്ഞ് മറ്റെന്തോ പുതിയ തന്ത്രത്തിനായി അവൾ ഒരുങ്ങുകയാണ് എന്നയാൾ സംശയിച്ചു... 

\"അമ്മാവാ ഞാൻ ടൌണിലൊന്ന് പോയി വരട്ടെ... എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു... \"
ശ്രീധരമേനോൻ ഊണ് കഴിക്കുന്നിടത്തേക്ക് വന്ന ശിൽപ്പ ചോദിച്ചു... 

\"അതിന് നീയെന്തിനാണ് പോകുന്നത്..  കിരൺ വരുമ്പോൾ വാങ്ങിക്കാൻ പറഞ്ഞാൽ പോരേ... \"

\"നല്ല ആളാണ്... കിരണേട്ടനോട് പറഞ്ഞാൽ ഞാൻ വിചാരിക്കുന്ന സാധനങ്ങളല്ല കിട്ടുന്നത്... ഏതെങ്കിലും ലോക്കൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരും... ഞാനാകുമ്പോൾ എനിക്കിഷ്ടപ്പെട്ടത് വാങ്ങിക്കാലോ... \"

\"അതു ശരിയാണ്... ഏതായാലും നീ കിരണിനോട് ചോദിച്ചിട്ട് പോയാൽ മതി... അല്ലെങ്കിൽ ഞങ്ങളോടാകും അവൻ തട്ടികയറുക... \"

\"അത് ഞാൻ ചോദിച്ച് അനുവാദം വാങ്ങിച്ചു.. നിങ്ങളോട് ചോദിച്ച് സമ്മതംവാങ്ങിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു... \"

\"ഞങ്ങൾക്കെന്ത് സമ്മതക്കുറവ്... ഒറ്റക്ക് പോകുന്നതിൽ പേടിയൊന്നുമില്ലല്ലോ... കൂടെ വേണമെങ്കിൽ വേദികയേയും കൂട്ടിക്കോ...\"

\"അതൊന്നും വേണ്ടച്ഛാ... ഞാൻ ഒറ്റക്ക് പൊയ്ക്കോളാം... മാത്രമല്ല ആ നന്ദേട്ടനെങ്ങാനും ഇവളെ വഴിയിൽ വച്ച് കണ്ടാൽ അത് പ്രശ്നമാകും... \"

\"അതും ശരിയാണ്... എന്നാൽ നീ ഊണുകഴിച്ചിട്ട് പൊയ്ക്കോളൂട്ടോ... വല്ലാതെ നേരം വൈകേണ്ട... \"

ഇല്ലച്ഛാ... വരുന്ന വഴി വീട്ടിലൊന്ന് കയറും... എന്റെ കുറച്ച് ബുക്സ് എടുക്കാനുമുണ്ട് വൈകുകയാണെങ്കിൽ കിരണേട്ടനെ വിളിച്ചോളാം...\" 

\"ശരി... എന്നാൽ പോയിട്ടുവാ... \"
ഭക്ഷണം കഴിച്ചുകഴിഞ്ഞ് ശിൽപ്പ അവിടുന്നിറങ്ങി... ടൌണിലേക്കാണ് അവൾ പോകുന്നത് എന്ന് പറഞ്ഞെങ്കിലും അവൾനേരെ പോയത് മേപ്പല്ലൂർ തിരുമേനിയുടെ അടുത്തേക്കായിരുന്നു... അവിടേക്കുള്ള വഴി അറിയില്ലെങ്കിലും വഴിയിൽ വച്ച് ചിലരോട് അന്വേഷിച്ച് അവൾ തിരുമേനിയുടെ വീട്ടിലെത്തി... പടിപ്പുരകടന്ന് മുറ്റത്തേക്ക് കയറിയപ്പോൾ അവൾ കണ്ടു പുഞ്ചിരിയോടെ നന്നെ നോക്കുന്ന തിരുമേനിയെ... \"

\"ആള് എത്തി അല്ലേ...  വന്നോളൂ... \"

\"ഈ ബ്രഹ്മദത്തൻ തിരുമേനി... \"

\"അതേ ഞാൻ തന്നെയാണ്...  അവളെ കണ്ടു അല്ലേ ആ പാർവ്വതിയെ... അതിന്റെ ഭയത്താൽ വീട്ടിൽഇരിക്കാൻ വയ്യാതെയായി അല്ലേ... \"

\"തിരുമേനി എങ്ങനെ... \"

\"അറിഞ്ഞു എന്നല്ലേ... പുതുശ്ശേരി തറവാട്ടിൽ  പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന തെക്കിനിയിലെ അറയുടെ വാതിൽ തുറക്കാൻ ദൈര്യം കാണിക്കാൻ ഇന്ന് ആ തറവാട്ടിൽ ആരും ജനിച്ചിട്ടില്ല... അതുകൊണ്ട് അവിടെ വന്നുകറിയ ഒരാൾക്കേ അതിന് കഴിയൂ... \"

\"തിരുമേനി അത് എനിക്കൊരു അബദ്ധം... \"

\"അബദ്ധമല്ല നിയോഗം... അങ്ങനെ പറയുന്നതാണ് ശരി... അവൾ  പാർവ്വതി മോചിക്കപ്പെടുക എന്നത് നിയോഗമാണ്... അതിന് നീ ഒരു കാരണക്കാരിയായി എന്നേയുള്ളൂ... പക്ഷേ സൂക്ഷിക്കണം... ആ തറവാട്ടുകാരെ നാഗദേവതമാർ സംരക്ഷിച്ചോളും... പക്ഷേ അവിടേക്ക് വന്നു കയറിയ മൂന്നുപേർ ഇന്നവിടെയുണ്ട്.. ആർക്കും കണ്ടുപിടിക്കാൻ കഴിയാത്ത ആ, അറയുടെ വാതിലിന്റെ ചാവി കുട്ടിയുടെ കയ്യിലെങ്ങനെ കിട്ടി... \"

\"തിരുമേനി എവിക്കൊരബദ്ധം പറ്റി... അതിന്റെ ചാവി വേദികയുടെ വേഷത്തിൽവന്നരാർവ്വതിയാണ് എനിക്ക് തന്നത്... എന്താണ് ആ മുറിയിൽ എന്നറിയാനുള്ള ആകാംഷയായിരുന്നു എല്ലാറ്റിനും കാരണം... ആ വീട്ടിൽ എനിക്ക് തുടർന്നങ്ങോട്ട് കഴിയാൻ പേടി തോന്നുന്നു... എന്തെങ്കിലും പ്രതിവിധി... \"

\"ഉം... അപ്പോൾ അവൾ തന്റെ മോക്ഷം മുൻകൂട്ടി കണ്ടിരിക്കുന്നു... ഈശ്വരൻ ഒന്ന് കണക്കാക്കും... അത് മാറ്റിയെഴുതാൻ നമ്മൾ ആരുമില്ല... എന്താണോ ഈശ്വരൻ നിശ്ചയിച്ചത് അതേ നടക്കൂ... പാർവ്വതിയുടെ മോചനം നിന്റെ കൈകൊണ്ടാകണമെന്നത് ഈശ്വരനിശ്ചയമാണ്... \" അത് സംഭവിക്കുക തന്നെ ചെയ്യും... പിന്നെ പാർവ്വതി മൊചിതയായതിൽ നിങ്ങൾ പേടിക്കേണ്ടതില്ല... കാരണം അവളിലെ ലക്ഷ്യം  പൂർത്തീകരിക്കുക എന്നുമാത്രമേ അവൾക്കുള്ളൂ... ആ ലക്ഷ്യത്തിന് മാർഗ്ഗതടസമായി നിൽക്കുന്നവർ സൂക്ഷിച്ചാൽ മതി... \"

\"തിരുമേനി പറഞ്ഞ് മനസ്സിലായില്ല... അവളുടെ ലക്ഷ്യമോ... എന്താണത്... \"

\"അത് വർഷങ്ങൾ മുന്നേയുള്ള ചരിത്രമാണ്... അതായത് തലമുറകൾ മുന്നേയുള്ളത്...\"

\"എനിക്കറിയണം എല്ലാം... ആരാണ് അവൾ... വന്നതു മുതൽ കേൾക്കുന്നു വേദിക ഇവളുടെ പുനർജന്മമാണെന്ന്... എന്താണ് അതിന്റെ അർത്ഥം... \"
അതുകേട്ട് തിരുമേനി ചിരിച്ചു... 

\"അതൊക്കെ പറയാൻ ഞാനാളല്ല... പക്ഷേ ഒന്നറിയുക മുൻ ജന്മത്തിൽ ഒന്നിക്കാൻ കഴിയാതെ ജീവൻ നഷ്ടപ്പെട്ടവരാണ് വേദികയും നന്ദനും... വീണ്ടും ഒന്നിക്കാൻ വേണ്ടി ജന്മമെടുത്തവരാണ് അവർ... അവർ ഒന്നിക്കുകതന്നെ ചെയ്യും... അതിനിടയിൽ എന്ത് തടസങ്ങളുണ്ടായാലും.... പക്ഷേ കഴിഞ്ഞ ജന്മത്തിലേതുപോലെ ഈ ജന്മത്തിലെ അതിന് തടസം  നിന്നവർ ഇവിടേയും തടസം നിൽക്കും... \"

\"അപ്പോൾ തിരുമേനി പറയുന്നത് അവർ ഒന്നിക്കുമെന്നാണോ... പക്ഷേ ഇപ്പോൾ അവർ രണ്ടുപേരും രണ്ട് തട്ടിലാണ് ജീവിക്കുന്നത്... \"

\"അറിയാം... അതിന് കാരണക്കാരി കുട്ടിയും കൂടിയാണല്ലോ.... സ്വന്തം ഏട്ടനുവേണ്ടി കുട്ടി തെരഞ്ഞെടുത്ത വഴിയല്ലേ ഇതൊക്കെ... \"

\"ഞാനോ... ഒരിക്കലുമല്ല... എന്റെ അച്ഛന്റേയും അമ്മയുടേയും മനസ്സിൽ നീറുന്ന പുതുശ്ശേരിക്കാരോടുള്ള പക ചെറുപ്പം മുതൽകണ്ടുവളർന്നവളാണ് ഞാൻ... ആ പക എന്നിലും ഉണ്ടായി എന്നത് സത്യമാണ്... അതിന് വേദികയേയും നന്ദനേയും തെറ്റിച്ച് വേദികയെ എന്റെ ഏട്ടനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് അതിലൂടെ പുതുശ്ശേരി കുടുംബത്തിന്റെ നാശം കാണുക എന്നത് എന്നിലുമുണ്ടായി... പക്ഷേ ഇപ്പോൾ നടന്നതുപോലെ യുള്ള കാര്യങ്ങൾ ഞാൻ മനസ്സിൽ പോലും കരുതിയതല്ല... \"

\"അതുതന്നെ ധാരാളമല്ലേ... പക്ഷേ ഒന്നോർക്കുക... നീ ആരെയാണ് സഹായിക്കുന്നത് അവർ നിനക്ക് ശത്രുവായി മാറാൻ അധികം താമസമില്ല... ഇപ്പോൾ നീ ആഗ്രഹിക്കുന്നത് പാർവ്വതിയുടേയും അവൾ സ്നേഹിച്ച അനന്തന്റേയും പൂർവ്വ കഥ അറിയുക എന്നതാണ്... അത് നീ അറിയും... നീയാണ് അറിയേണ്ടത്... കാരണം നീയാണ് വേദികയേയും നന്ദനേയും വീണ്ടും ഒന്നിപ്പിക്കേണ്ടത്... അവർ ഒന്നിക്കുന്നത് നീമൂലമാകും... \"

ഞാൻ മൂലമോ... അത്, ഉണ്ടാവില്ലല്ലോ തിരുമേനീ... അതിനല്ല ഞാൻ പുതുശ്ശേരി തറവാട്ടിൽ എത്തിയത്.... \"
അതുകേട്ട് തിരുമേനി ചിരിച്ചു.... 

\"\"അങ്ങനെയാവട്ടെ... എന്നാൽ കുട്ടി നടന്നോളൂ... എനിക്ക് കുറച്ച് ജോലിയുണ്ട്... \"
ശിൽപ്പ അവിടെനിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു... അവൾ പോകുന്നത് നോക്കി തിരുമേനി ചിരിച്ചു... ആ ചിരിയിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.... 

\"പടിപ്പുരയിൽ നിർത്തിയിട്ട തന്റെ സ്കൂട്ടിയെടുത്ത് തിരിച്ചുപോന്നു അവൾ... 

\"പോരുന്ന വഴി അവൾക്ക് നിരാശയായിരുന്നു... പാർവ്വതിയെപ്പറ്റി ഒന്നും അറിയാൻ കഴിയാത്തതിനാലായിരുന്നു അവളിൽ നിരാശ... കുറച്ച് മുന്നോട്ടു പോന്ന അവൾ കണ്ടു വഴിയിൽ ഒരു പെൺകുട്ടി വണ്ടിക്കു നേരെ കൈ കാണിച്ച് നിൽക്കുന്നത്... ശിൽപ്പ അവളുടെ മുന്നിൽ വണ്ടി നിർത്തി... 

\"ചേച്ചീ എനിക്കൊരു ലിഫ്റ്റ് തരുമോ... എന്റെ അച്ഛൻ ഹോസ്പിറ്റലിലാണ്... അച്ഛനുള്ള ഭക്ഷണവുമായി  പോവുകയാണ്... ഒരു വണ്ടിയും നിർത്തുന്നില്ല... ചേച്ചി എന്നെയൊന്ന് സഹായിക്കാമോ... \"

\"ഏത് ഹോസ്പിറ്റലിലാണ് അച്ഛൻ... \"
ശിൽപ്പ ചോദിച്ചു... 

\"സിറ്റി ഹോസ്പിറ്റലിൽ... \"

\"എന്നാൽ കയറൂ... ഞാനും ടൌണിലേക്കാണ്... \"
ആ പെൺകുട്ടി ശിൽപ്പയുടെ പുറകിൽ കയറി... ശിൽപ്പ വണ്ടി മുന്നോട്ടെടുത്തു.... \"

\"എന്താണ് അച്ഛന് അസുഖം... \"
പോകുന്ന വഴി ശിൽപ്പ ചോദിച്ചു... 

\"പ്രഷർ കൂടിയതാണ്... ഒരുവശം തളർന്നു പോയി... \"
\"കുട്ടി ഒരാളേയുള്ളോ അച്ഛന് മക്കളായിട്ട്.. \"

\"അല്ല.. രണ്ട് ഏട്ടന്മാരുണ്ട്... അവർ ഹോസ്പ്പിറ്റലുണ്ട്... \"

\"എന്താണ് നിന്റെ പേര്... \"

\"പാർവ്വതി... \"

\"എന്ത്...\"
ആ പേര് കേട്ടതും ശിൽപ്പ പെട്ടന്ന് വണ്ടി നിർത്തി... 

\"എന്താ ചേച്ചീ ആ പേര് പറഞ്ഞപ്പോൾ ഞെട്ടിയത്...  പാർവ്വതിയെക്കുറിച്ച് അറിയാൻ ചേച്ചിക്ക് ആഗ്രഹമുണ്ടല്ലേ... \"

\"നീ.. നീയാരാണ്... \"

\"ഞാൻ പറഞ്ഞല്ലോ... പാർവ്വതി... വിശ്വാസമായില്ല അല്ലേ... \"
പാർവ്വതി വണ്ടിയിൽ നിന്നിറങ്ങി അവളുടെ മുന്നിലേക്ക് വന്നു... 

\"എന്നെക്കുറിച്ച് അറിയണം നിനക്കല്ലേ... ഞാൻ തന്നെ പറയാം ഞാനാരാണെന്ന്... അത് അറിയേണ്ട് നീ തന്നെയാണ്.. അത് കേൾക്കുമ്പോൾ ഇതൊരു തമാശയായി തോന്നാം... എന്നാൽ ഇനി കേൾക്കാൻ പോകുന്ന സത്യം യാഥാർത്ഥ്യമാണ്... ഇവിടെ കേട്ടത് അത്  മറ്റൊരാൾ അറിയരുത്... അറിഞ്ഞാൽ പിന്നീടുണ്ടാകുന്ന ഭവിഷ്യത്തിത്ത് കുട്ടിക്ക് മാത്രമായിരിക്കും ഉണ്ടാവുക... \" 

ശിൽപ്പ ഭയത്തോടെ പാർവ്വതിയെ നോക്കി

\"വർഷങ്ങൾക്കുമുമ്പ് പേരുകേട്ട കുടുംബമായിരുന്നു നീ കയറിവന്ന പുതുശ്ശേരി കുടുംബം... അവിടുത്തെ വലിയ കാരണവർ നീലകണ്ഠൻ... പാവങ്ങളുടെ ദൈവം.... അദ്ദേഹം പറയുന്നതിനപ്പുറം ഈ നാട്ടിൽ ഒന്നുമില്ലായിരുന്നു... അതുകൊണ്ടുതന്നെ ഇന്നത്തെപ്പോലെ മറ്റുള്ളവരോട് പകയോ മറ്റുമില്ലായിരുന്നു... എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു... പട്ടിണി എന്താണെന്ന് ഈ നാട്ടുകാർ അറിഞ്ഞിരുന്നില്ല... എന്നാൽ ദൈവമുള്ളിടത്ത് ചെകുത്താനും ഉണ്ടാകുമല്ലോ... അത് സ്വന്തം ചോരയിൽ ജനിച്ച മകനാണെങ്കിലോ... \"

\"നീലകണ്ഠന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഒരു മകൻ ജനിച്ചു... രാമഭദ്രൻ... അവൻ വളർന്നു... വളരുന്തോറും അവനിൽ പലമാറ്റങ്ങളുമുണ്ടായി... നീലകണ്ഠൻ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളവനായിരുന്നെങ്കിൽ മകൻ രാമഭദ്രൻ നേരെ തിരിച്ചായിരുന്നു... പുതുശ്ശേരി തറവാട്ടുസ്വത്തായ ഏക്കറുകണക്കിന് കൃഷിഭൂമിയിൽ നീലകണ്ഠന്റെ സമ്മതത്തോടെ കൃഷി ചെയ്തിരുന്ന അവിടുത്തെ പാവപ്പെട്ടവരോട് അതിനുള്ള  നികുതി എന്ന പേരിൽ കൃഷി ചെയ്ത് വിളവെടുക്കുന്നതിന്റെ മുക്കാൽപങ്കും രാമഭദ്രൻ പിടിച്ചെടുക്കുമായിരുന്നു... മകന്റെ ദുഷ്ടതകൾ കണ്ട് ഒരുപാട് ഉപദേശിച്ചെങ്കിലും അത് ഫലവത്തായില്ല... രാമഭദ്രന്റെ പ്രയതമയും അതിന് സപ്പോർട്ടായിരുന്നു... അവർ മാത്രമല്ല രണ്ട് ആൺ മക്കളായ ദേവഭദ്രനും ശിവഭദ്രനും അച്ഛന്റെ പാത പിന്തുടർന്നു... എന്നാൽ അയാളുടെ മകൾ ചെറുപ്പം തൊട്ടേ എല്ലാവർക്കും പ്രിയ പൊന്നോമയായി വളർന്നു... ഇതിനിടയിൽ നീലകണ്ഠൻ മരണപ്പെട്ടു... അതോടെ ആ നാട്ടിലെ ജനങ്ങളുടെ ദുരിതം തുടങ്ങി... എന്തിനും ഏതിനുമായി രാമഭദ്രന്റെ വലം കയ്യും കൂട്ടാളിയുമായിരുന്ന നാണുവുള്ളപ്പോൾ രാമഭദ്രന് ഒന്നും ഒരു പ്രശ്നവുമല്ലായിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം... \"

✨✨✨✨✨✨✨✨✨✨✨

\"അച്ഛാ ഞാൻ ക്ഷേത്രത്തിൽ പോയി വരാം... \"
പുറത്തേക്ക് വന്ന പാർവ്വതി പറഞ്ഞു... \"

\"അരുമില്ലേ മോളേ കൂടെ... ഒറ്റക്കാണോ പോകുന്നത്...\"

\"അല്ല... നാരാണിയമ്മയും മകളുമുണ്ട് കൂടെ... \"

എന്നാൽ പോയിവന്നോളൂ... പിന്നെ കണ്ട ചാളയിലും മറ്റും കയറിയിറങ്ങാൻ നിൽക്കരുത്...  ക്ഷേത്രത്തിൽനിന്ന് നേരെ ഇവിടേക്ക് വന്നോളണം കേട്ടല്ലോ... \"

\"ശരിയച്ഛാ... \"
പാർവ്വതി നാരായണിയും മകളോടുമൊന്നിച്ച് ക്ഷേത്രത്തിലേക്ക് നടന്നു... \"
ക്ഷേത്രത്തിലെത്തി തൊഴുത് തിരിച്ചു വരുമ്പോഴാണ് ക്ഷേത്രത്തിന് മുന്നിലുള്ള വയലിലെ വരമ്പത്തുനിന്ന് ഒരു ചെറുപ്പക്കാരൻ ക്ഷേത്രത്തിലേക്കു നോക്കി തൊഴുതു നിൽക്കുന്നത് കണ്ടത്... പാർവതി അയാളെ സൂക്ഷിച്ചുനോക്കി... ഇതുവരെ ഈ നാട്ടിലൊന്നും കണ്ടിട്ടില്ല... 

\"നാരായണേടത്തി ആരാണത്... ഇവിടെയൊന്നും കണ്ടിട്ടില്ല ല്ലോ... \"

\"അതാണ് അനന്തൻ... നമ്മുടെ കാര്യസ്ഥൻ ദാമോദരേട്ടന്റെ മകൻ... \"
നാരായണി പറഞ്ഞു... 

\"ദാമോദരേട്ടന്റെ മകനോ... എന്നിട്ട് ഇവിടെ കണ്ടിട്ടില്ലല്ലോ... \"

\"ഇല്ല ആൾ  അമ്മാവന്റെ വീട്ടിൽ നിന്നായിരുന്നു വളർന്നതും പഠിച്ചതും....\" 

\"എന്നിട്ടെന്തേ ആൾ അമ്പലത്തിൽ കയറാത്തത്... \"

\"അപ്പോൾ ആളെ കണ്ടിട്ടില്ലെന്നുമാത്രമല്ല ആളെകുറിച്ച് അറിയുകപോലുമില്ല അല്ലേ... നമ്മുടെ നാട്ടിൽ എന്ന് ജന്മിത്വം അവസാനിക്കുന്നുവോ അന്നേ അവൻ അമ്പലത്തിൽ കയറൂ എന്നാണ് പറഞ്ഞത്...എല്ലാവരും ഈശ്വരശൃഷ്ടിയാണെന്നും ആ ഈശ്വരനെ പ്രാർത്ഥിക്കാൻ എല്ലാവർക്കും ഒരുപോലെ അവകാശമുണ്ടെന്നുമാണ് അയാൾ പറയുന്നത്... \"

\"അത് സത്യമല്ലേ... നമ്മളെപ്പോലെയുള്ളവരെ കാണുമ്പോൾ തന്നെ പത്തടി മാറിനിന്ന് നമസ്കരിക്കണമെന്ന് പറയുന്നതുതന്നെ ഒരുതരം ധിക്കാരസ്വഭാവമല്ലേ... ക്ഷേത്രമോ അവിടെ കുടികൊള്ളുന്ന ഈശ്വരനോ ഒരാളുടേയും പൂർവ്വസ്വത്തല്ല... എല്ലാവർക്കും അവിടെ കയറുവാനും പ്രാർത്ഥിക്കുവാനും അവകാശം വേണം... എന്റെ അഭിപ്രായം അതാണ്... \"

\"അതു കൊള്ളാം... മോള് പുതുതുശ്ശേരിയിലെ കുട്ടിതന്നെയാണോ... ആരും കേൾക്കേണ്ട ഇതൊന്നും... പിന്നെയതുമതി പ്രശ്നത്തിന്... പെട്ടന്ന് നടന്നോളൂ... നേരം വൈകിയാൽ മോളുടെ അച്ഛൻനങ്ങുന്ന് എനിക്കിട്ടായിരിക്കും ദേഷ്യം തീർക്കുക... \"
നാരായണി പറഞ്ഞുകൊണ്ട് മുന്നിൽ നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ദാമോദരാ  തെക്കേപാടത്ത്     രാമൻ ഇറക്കിയ കൃഷി വിളവെടുത്തെന്ന് അറിഞ്ഞല്ലോ.... അതിന്റെ ആദായത്തിന്റെ  നമ്മുടെ പങ്ക് ഇവിടെ എത്തിയോ... \"

എത്തി ഏമാനേ... പക്ഷേ വിളവ് കുറവായതുകൊണ്ട് വലുതായിട്ടൊന്നും കിട്ടിയിട്ടില്ല... \"

\"അത് നമുക്ക് അറിയേണ്ട കാര്യമില്ല ദാമോദരാ... എത്ര കൃഷിചെയ്തു എന്നേ നോക്കേണ്ടൂ... അതിന്റെ പങ്ക് ഇവിടെ എത്തണം... രാമനോടത് പറഞ്ഞേക്ക്... പിന്നെ നിന്റെ മകൻ വന്നെന്ന് ദേവൻ പറഞ്ഞു... അവനോട് പറഞ്ഞേക്ക്  നല്ലതുപോലെ കഴിയാൻ... അതല്ല കണ്ട കീഴാളന്മാരുടെകൂടെ കൂടി നാട് കുട്ടിച്ചോറാക്കാനാണ് ശ്രമമെങ്കിൽ നാണുവിന്റെ കൈക്ക് പണിയുണ്ടാക്കരുത് എന്ന്... അവിടെ നിന്റെ മകനാണ് എന്ന പരിഗണന ഞാൻ നൽകിയേക്കില്ല... \"

ഞാൻ പറയാം... അവൻ വളർന്നതും പഠിച്ചതും അതുപോലൊരു സാഹചര്യത്തിലായതിനാലാണ് ഇതൊക്കെ... ഇനി ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം... \"

\"ഉം... എന്നാൽ അവന് നന്ന്... പിന്നെ നിനക്ക് വയസ്സായി വരുകയല്ലേ... കണക്കുകൾ നോക്കാൻ അവനെയങ്ങ് ഏൽപ്പിക്കുക... അവനാണെങ്കിൽ കുറച്ച് പഠിപ്പുമുണ്ടല്ലോ... എന്നു കരുതി നീ ഇവിടുത്തെ പണി മതിയാക്കി പോകണമെന്നല്ല... മറ്റുകാര്യങ്ങൾ നോക്കി നടത്താമല്ലോ... എന്തായാലും അവനോട് ഇവിടെ വരെ വരാൻ പറയൂ... \"

\"പറയാം ഏമാനേ... എന്നാൽ ഞാൻ... \"

\"ഉം ശരി... എന്നാൽ ദാമോദരൻ ചെല്ല്... \"
ദാമോദരൻ തിരിഞ്ഞ് നടന്നു... അന്നേരമാണ്  പാർവ്വതിയും നാരായണിയും മകളും അമ്പലത്തിൽനിന്ന് വരുന്നത് കണ്ടത്... അവളെ കണ്ട് ദാമോദരൻ ചിരിച്ചു... \"

\"വരുന്ന വഴി മകനെ കണ്ടു ട്ടോ... ആദ്യമായാണ് കാണുന്നത്... \"
പാർവ്വതി പറഞ്ഞു... 

\"അവൻ ഇവിടെയല്ലായിരുന്നു വളർന്നത്...  ഇടക്ക് വീട്ടിൽ വന്നു നിൽക്കാറുണ്ട്... എന്തുചെയ്യാനാണ് മറ്റുള്ളവരുടെ പക വാങ്ങിച്ചുകൂട്ടുകയാണവൻ... അച്ഛൻ പറഞ്ഞു ഇവിടെ ഞാൻ നോക്കി നടത്തുന്നത് കണക്കും കാര്യങ്ങളും അവനെ ഏൽപ്പിക്കാൻ... അവൻ സമ്മതിക്കുമോ എന്തോ... \"

\"ആഹാ അച്ഛൻ അങ്ങനെ പറഞ്ഞോ... അത്ഭുതം തന്നെ...  ജനിച്ച് ഇതുവരെയായിട്ടും ഞാൻ കണ്ടിട്ടില്ല അച്ഛന്റെ വായിൽ നിന്ന് ഇതുപോലൊരു നല്ലവാക്ക്... ഏതായാലും നന്നായി... അദ്ദേഹത്തോട് പറഞ്ഞേക്ക് കിട്ടിയ ജോലി വേണ്ടെന്ന് വക്കേണ്ടെന്ന്... \"
\"ശരി മോളേ... എന്നാൽ ഞാൻ നടക്കട്ടെ... പോകുന്ന വഴി രാമനെയൊന്ന് കാണുകയും വേണം... ദാമോദരൻ നടന്നു... 

\"അന്ന് വൈകീട്ട് മുറിയിൽ ഇരിക്കുകയായിരുന്ന  പാർവ്വതി കണ്ടു... വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് പാടവരമ്പിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത്... സൂക്ഷിച്ചുനോക്കിയപ്പോൾ അവൾക്ക് മനസ്സിലായി അത് അനന്തനാണെന്നത്... അവൻ പടിപ്പുര കടന്ന് മുറ്റത്തേക്ക് വന്നു... 


തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 21

സ്വന്തം തറവാട് 21

4.7
7972

\"അന്ന് വൈകീട്ട് മുറിയിൽ ഇരിക്കുകയായിരുന്ന  പാർവ്വതി ജനൽവഴി കണ്ടു വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് പാടവരമ്പിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത്... സൂക്ഷിച്ചുനോക്കിയപ്പോൾ അവൾക്ക് മനസ്സിലായി അത് അനന്തനാണെന്നത്... അവൻ പടിപ്പുര കടന്ന് മുറ്റത്തേക്ക് വന്നു... പാർവ്വതി താഴേക്ക് ഓടിവന്ന് ഉമ്മറത്തെ വാതിലിന് പുറകിലായി നിന്നു... \"\"ദാമോദരന്റെ മകൻ അല്ലേ... എന്താ നിന്റെ പേര്... \"രാമഭദ്രൻ ചോദിച്ചു... \"അനന്തൻ... \"\"ഉം... ആള് ലേശം തല തെറിച്ച കൂട്ടത്തിലാണ് അല്ലേ... ആ ചെറുപ്പത്തിന്റെ ചോരത്തിളപ്പിന്റേതാണത്... സാരമില്ല കുറച്ചു കഴിയുമ്പോൾ മാറിക്കോളും... നമ്മുടെ പൂർവ്വികരുടെ കാലംമുത