ഡോർബെൽ അടിക്കുന്ന ശബ്ദം കേട്ട് നാരായണൻ ഉമ്മറത്തേക്ക് നടന്നു... വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ അയാൾ ഒരു നിമിഷം എന്തുചെയ്യണമറിയാതെ നിന്നു...
\"എന്താ നാരായണേട്ടാ പകച്ചുനിൽക്കുന്നത്... ഞങ്ങൾ വന്നത് ബുദ്ധിമുട്ടായോ... \"
വിശാഖ് ചോദിച്ചു...
\"ബുദ്ധിമുട്ടോ... ഞങ്ങൾ കാരണമല്ലേ ഈ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടായത്...\" നന്ദനെ നോക്കി നാരായണൻ പറഞ്ഞു...
\"എന്താണ് നാരായണേട്ടാ ഇത്... ഇതൊന്നും നമ്മളാരും അറിഞ്ഞുകൊണ്ട് വന്നതല്ലല്ലോ... പിന്നെയെന്തിനാണ് വിഷമിക്കുന്നത്... \"
നന്ദൻ ചോദിച്ചു...
\"വിഷമിക്കുകയല്ലാതെ എന്താണ് ചെയ്യുക... ഇന്നേവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഞങ്ങൾ... എന്നിട്ടും ഞങ്ങൾ കാരണം മോന് നാണക്കേടുണ്ടായില്ലേ... \"
\"നാരായണേട്ടാ വരാനുള്ളത് വഴിയിൽ തങ്ങില്ല... അങ്ങനെ കരുതിയാൽ മതി... പക്ഷേ ഇത് ചെയ്തവരെ വെറുതേ വിടരുത് നാരായണേട്ടാ... അതാരായാലും ഇത് ചെയ്തവർക്ക് തക്കതായ ശിക്ഷ കിട്ടണം... \"
വിശാഖ് പറഞ്ഞു
\"അതിന് ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധി ആരുടേതാണെന്ന് വല്ല നിശ്ചയവുമുണ്ടോ... ഉണ്ടെങ്കിൽ തന്നെ നമ്മെക്കൊണ്ടു എന്ത് ചെയ്യാൻ പറ്റും... \"
\"അതോർത്ത് നാരായണേട്ടൻ വിഷമിക്കേണ്ട... ഞങ്ങൾക്ക് വിട്ടേക്ക്... അതല്ല ഞങ്ങളെ ഇങ്ങനെ പുറത്തിരുത്തിയാണോ സംസാരിക്കുന്നത്... \"
വിശാഖ് ചോദിച്ചു...
\"അയ്യോ അത് ഞാൻ ഓർത്തില്ല... മനസ്സുതന്നെ മരവിച്ച് നിൽക്കുകയാണ്... അതിനിടയിൽ നിങ്ങളെ കണ്ടപ്പോൾ എന്തോ ഒരു കുറ്റബോധം ഉണ്ടായി... അകത്തേക്ക് കയറിയിരിക്കാൻ പറയാൻ മറന്നു... \"
\"സാരമില്ല... ഞങ്ങൾ അന്യരൊന്നുമല്ലല്ലോ... ഇനി ചേട്ടൻ പറഞ്ഞില്ലെങ്കിലും ഞങ്ങൾ അകത്ത് കയറിയിരിക്കും... \"
ഇതും പറഞ്ഞ് വിശാഖ് അകത്തേക്ക് കയറി... പുറകെ നന്ദനും...
\"എവിടെ ശ്രീഷ്മ...ഞങ്ങൾ വന്നതുതന്നെ അവളെ കാണാനാണ്... \"
വിശാഖ് പറഞ്ഞു...
\"ഞാനിവിടെയുണ്ട്... \"
അവിടേക്ക് വന്ന ശ്രീഷ്മ പറഞ്ഞു...
\"അതു ശരി അപ്പോൾ ഒളിച്ചിരിക്കുകയാണോ.... ഇങ്ങനെ പേടിച്ച് എത്രനാൾ ഇരിക്കും... \"
വിശാഖ് ചോദിച്ചു...
\"ഞാനെന്തിന് പേടിക്കണം... തെറ്റു ചെയ്തിട്ടുണ്ടെങ്കിലല്ലേ പേടിക്കേണ്ടൂ... എനിക്ക് നന്ദേട്ടന്റെ കാര്യത്തിൽ മാത്രമേ വിഷമുള്ളൂ... ഞാനാണല്ലോ നന്ദേട്ടന്റെ നിർബന്ധിച്ച് കൊണ്ടുപോയത്... അത് ഇത്ര വലിയ ആപത്തിലേക്കാണെന്ന് മനസ്സിൽ കരുതിയില്ല... അതിന്റെ പേരിൽ ഇത്രയും കാലം സ്വന്തമാണെന്ന് കരുതിയ വേദിക പോലും നന്ദേട്ടന്റെ അവിശ്വസിച്ചു... ഞാൻ വേദികയുടെ കണ്ട് സംസാരിക്കാം... നടന്നതെല്ലാം പറയാം... അതു കേൾക്കുമ്പോൾ അവളിലെ തെറ്റിദ്ധാരണ മാറും... അതെനിക്കുറപ്പാണ്... \"
\"വേണ്ട... ഞാൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്ത അവളാണ് നീ പറഞ്ഞാൽ കേൾക്കുന്നത്... അങ്ങനെയവൾ വിശ്വസിക്കേണ്ട... ഇത്രയും കാലം ഒരു മനസ്സോടെ കഴിഞ്ഞവരാണ് ഞങ്ങൾ... ആ എന്നെ അവൾ മനസ്സിലാക്കിയില്ല... ഏതോ ഒരുത്തൻ അയച്ചുകൊടുത്തു എന്നു പറയുന്ന ഒരു ഫോട്ടോ കണ്ടപ്പോൾ ഇത്രയും കാലം ഉണ്ടായിരുന്ന എന്നിലുള്ള വിശ്വാസം അവളിൽ ഇല്ലാതായി... ഇനി നീ പറഞ്ഞ് വിശ്വസിപ്പിച്ചാലും കാര്യമുണ്ടാവില്ല... ഏച്ചുകെട്ടിയാലത് മുഴച്ചിരിക്കും...പിന്നെയുള്ള ജീവിതം എന്നും ഒരു സംശയത്തിന്റെ നിഴലിൽ മാത്രമായിരിക്കും ഉണ്ടാവുക... അങ്ങനെയൊരുത്തിയെ എന്തിന് നീ പറഞ്ഞ് വിശ്വസിപ്പിക്കണം... എന്നെ മനസ്സിലാക്കാൻ കഴിയാത്തവൾ പിന്നെയെങ്ങനെ എന്റെ കൂടെ ഒരു ജീവിതം നയിക്കും... \"
നന്ദൻ ചോദിച്ചു...
\"എന്നാലും എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് വന്നല്ലേ... \"
\"തെറ്റിദ്ധാരണ... എത്ര വലിയ തെറ്റിദ്ധാരണയുണ്ടായാലും സ്വന്തം പ്രിയ്യപ്പെട്ടവൻ ഒരാപത്തിൽ പെട്ടാൽ കൂടെ നിൽക്കുകയാണ് വേണ്ടത്... അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്... അതുവിട് ഞങ്ങൾ വന്നത് മറ്റൊരു കാര്യം അറിയാനാണ്... ഇങ്ങനെയൊരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് നിന്നെ ഫോൺ ചെയ്ത നിന്റെ കൂട്ടുകാരി ആരാണ്... അവൾക്കറിയാം ഇതിന്റെ പിന്നിൽ ആരാണെന്ന്... \"
\"അത് എന്റെ കൂട്ടുകാരി സോജയാണ്... പക്ഷേ അവൾ അറിഞ്ഞുകാണില്ല ഇതിലെ ചതി... \"
\"അത് അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് പിന്നെ പറയാം... നിങ്ങളെ രണ്ടുപേരിൽ ഒരാൾക്ക് നേരെയുള്ള കളിയാണ് ഇത്... അന്നേരം നിന്റെ കൂട്ടുകാരിയേയും സംശയിക്കേണ്ടിയിരിക്കുന്നു... കാരണം അവൾക്കൊരു ജോലിയുടെ കാര്യം പറഞ്ഞാണ് സോജക്ക് അവളുടെ കൂട്ടുകാരി ഫോൺ ചെയ്തതെന്നാണ് നീയന്ന് പറഞ്ഞത്... അവൾക്ക് മറ്റൊരു ജോലി കിട്ടിയതുകൊണ്ട് നിന്നോട് പറഞ്ഞു എന്നും നീ പറഞ്ഞു.. അന്നേരം ഈ സോജയെ വിളിച്ചവൾക്ക് അവളെയാകുമല്ലോ കുടുക്കാൻ ഉദ്ദേശമുണ്ടായിരുന്നത്... പക്ഷേ ഇവിടെ നിങ്ങളെ കൊടുക്കാനാണ് പ്ലാനുണ്ടായിരുന്നത്... അപ്പോൾ കാര്യങ്ങളുടെ കിടപ്പ് പന്തിയല്ലല്ലോ... ഇല്ലാത്ത ഇന്റർവ്യൂവിന്റെ പേര് പറഞ്ഞ് നിന്നെ അവിടെയെത്തിക്കുക... അതായിരുന്നു ലക്ഷ്യം... അല്ലാതെ നന്ദനുനേരെയുള്ള ഒരാക്രമണമല്ല ഇത്... പക്ഷേ നീയും നന്ദനും പോകുന്നത് ഇതിന്റെ പിന്നിൽ കഴിച്ചവർ അറിഞ്ഞു... അന്നേരം അവർ വിചാരിച്ച കാര്യങ്ങൾ നടന്നില്ല... പക്ഷേ അതിലും വലിയ ചാൻസാണ് അവിടെ അവർക്ക് കിട്ടിയത്... നന്ദനെ കുടുക്കുക... ഒരു വെടിക്ക് രണ്ട് പക്ഷി... അതാണിവിടെ നടന്നത്... നന്ദനെ കുടിക്കുകയും ചെയ്യാം നിന്നെ എന്തിനാണ് അവിടെ എത്തിക്കാൻ നോക്കിയത് അത് നടക്കാത്തതിലുള്ള പക വീട്ടുകയും ചെയ്യാം... ഇതെല്ലാം നീ ഇപ്പോൾ പറഞ്ഞ ആ പാവം കൂട്ടുകാരി സോജയും അറിഞ്ഞുള്ള കളിയാണ്... അവളെയാണ് ഇനി കാണേണ്ടത്... ചോദിക്കുംപോലെ ചോദിച്ചാൽ അവൾ തത്തപറയുംപോലെ പറയും... \"
അതുകേട്ട് ശ്രീഷ്മ ഞെട്ടി...
\"അവൾ... അപ്പോഴവൾ എന്നെ ചതിക്കുകയായിരുന്നോ... മൂന്നുവർഷം ഒരു ബഞ്ചിലിരുന്ന് ഒരു മനസ്സായി കഴിഞ്ഞ അവൾ... എങ്ങനെ തോന്നി അവൾക്ക് എന്നോട്... \"
\"അവളെ കൂടുതൽ കുറ്റം പറയാൻ പറ്റില്ല... ചിലപ്പോൾ ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി ചെയ്തതുമാകാം... നീയേതായാലും അവളുടെ അഡ്രസ്സ് താ... ഞങ്ങൾ അവളെയൊന്ന് കാണട്ടെ... \"
\"അഡ്രസ്സ് ഞാൻ തരാം... പക്ഷേ അവളുടെ വീട്ടിൽ പോയി ചോദിക്കരുത്... നാലാം വയസ്സിൽ അച്ഛൻ മരിച്ച അവൾക്ക് എന്തിനും ഏതിനും തുണയായിട്ട് അവളുടെ അമ്മ മാത്രമേയുള്ളൂ... ഇഷ്ടപ്പെട്ട ഒരു അനാഥനായ പുരുഷന്റെ കൂടെ ഇറങ്ങിപ്പോന്നതാണ് അവളുടെ അമ്മ... അന്നു തൊട്ട് ഇന്നുവരെ അവളുടെ അമ്മയുടെ വീട്ടുകാർ അവരെ തിരിഞ്ഞ് നോക്കിയിട്ടില്ല... പല വീടുകളിലും അടുക്കളപ്പണിയും പുറംപണിയുമെടുത്താണ് അവളെ അവളുടെയമ്മ വളർത്തിയത്... ഇതിനിടയിൽ പലതവണ അവർ സുഖമില്ലാതായി... എന്നാലും മകൾക്കുവേണ്ടിയവർ അതൊന്നും കാര്യമാക്കാതെ ജോലിക്ക് പോയി... ക്ലാസില്ലാത്ത സമയത്ത് അവളും അമ്മയെ സഹായിക്കാൻ കൂടെ പോകുമായിരുന്നു... പിന്നെപ്പിന്നെ അമ്മക്ക് അസുഖം കൂടിവന്നു... അവസാനമാണറിയുന്നത് അവരൊരു ഹാർട്ട് പേഷ്യന്റാണെന്നത്... അതോടെ ആ കുടുംബം തന്നെ ആകെ ബുദ്ധിമുട്ടിലായി... രാവിലെ കോളേജിൽ പോകുന്നതിനുമുന്നേയും വന്നതിനു ശേഷവും അവൾ അമ്മ പോയിരുന്ന വീടുകളിൽ പോയി സഹായിക്കുമായിരുന്നു... ആ വീട്ടിൽ ചെന്ന് അമ്മ കേൾക്കെ ഇതേ പറ്റി പറഞ്ഞാൽ ആ ഷോക്കിൽ പാവം അമ്മ... \"
\"ഇത്രയേറെ പ്രയാസങ്ങൾ നേരിടുന്ന അവൾ ഇതുപോലൊരു കാര്യത്തിന് കൂട്ടുനിൽക്കണമെങ്കിൽ ഒന്നുകിൽ ആരെങ്കിലും പണം ഓഫർ ചെയ്തിട്ടുണ്ടാകാം... അല്ലെങ്കിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടാകാം... അവിടെ ചെന്ന് അവളെ കാണുകയല്ലാതെ പിന്നെ എന്താണ് മറ്റൊരു വഴി... \"
\"ഞാൻ വിളിച്ച് ഇവിടേക്ക് വരാൻ പറഞ്ഞാലോ... \"
\"അതു വേണ്ട... നീ വിളിച്ചിട്ട് കാര്യമില്ല... നിന്റെ നമ്പർ കണ്ടാൽ അവളെടുക്കില്ല... അവൾക്ക് സംശയമുണ്ടാകും... മറ്റൊരു നമ്പറിൽ നിന്ന് വിളിച്ചാലും നീയാണ് മറുവശത്തെന്നറിഞ്ഞാൽ അവൾ ഇവിടേക്ക് വരില്ല... പിന്നെയുള്ളത് ഒരു വഴി മാത്രമാണ്... നിങ്ങളുടെ മറ്റുകൂട്ടുകാരികൾ ആരൊക്കെയാണ്... അതും ഈ നാട്ടിൽ... \"
ഇവിടെയുള്ളത് ഒന്ന് കുന്നത്തെ ശിൽപ്പയാണ്... അവളുടെ വീട്ടിലെ ജോലിക്കും അവളും അവളുടെ അമ്മയും പോയിരുന്നു... എന്നാൽ ശിൽപ്പ അവളോടോ എന്നോടോ വലിയ ചങ്ങാത്തത്തിനൊന്നും കൂടില്ലായിരുന്നു... അവൾക്ക് വലിയ വലിയ പണച്ചാക്കുകളുടെ മക്കളുമായിട്ടാണ് ബന്ധം... വേദികയുടെ മുത്ത ചേട്ടന്റെ ഭാര്യ ദീപിക യായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട്... പിന്നെ വേദികയാണ് കൂടെ പഠിച്ചത്... അവൾ ഞങ്ങളുടെ കൂടെ എപ്പോഴുമുണ്ടായിരുന്നു... പിന്നെയുള്ളത്... ഷിഫാനയാണ്... നമ്മുടെ കവലയിൽ ചായക്കട നടത്തുന്ന ലത്തീഫിക്കയുടെ മകൾ... അവളും ഞങ്ങളുടെ കൂട്ടുകാരിയാണ്...
\"അതുമതി ഇനി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം... നീ അവളെ വിളിച്ച് ഞങ്ങൾ വരുന്ന കാര്യമൊന്ന് പറഞ്ഞേക്ക്... എന്നാൽ ഞങ്ങളിറങ്ങുകയാണ്... അമ്മക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ... \"
\"ഇല്ല... അതേ പോലെ തന്നെയാണ്... മരുന്ന് മുടങ്ങാതെ കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല... \"
നന്ദനും വിശാഖും അവരെ കണ്ടതിനു ശേഷമാണ് ഇറങ്ങിയത്...
ലത്തീഫിന്റെ വീട്ടിലെത്തിയപ്പോൾ മുറ്റത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു ഷിഫാന...
\"ശ്രീഷ്മ വിളിച്ചിരുന്നു നിങ്ങൾ വരുന്ന കാര്യം... അതാണ് ഞാൻ ഇവിടെത്തന്നെ നിന്നത്...
\"ഉപ്പയില്ലേ ഇവിടെ... \"
വിശാഖ് ചോദിച്ചു...\"
\"ഉണ്ട്... കടയിൽനിന്ന് വന്നതേയൂള്ളൂ... കടയിൽ ചായക്കുള്ള ചെറുകടി എടുക്കാൻ വന്നതാണ്... \"
\"ഉപ്പ അറിയുമോ ഞങ്ങൾ വരുന്ന കാര്യം... \"
\"ഞാൻ പറഞ്ഞു... ഇന്നലെ ശ്രീഷ്മ വിളിച്ച് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു... കഷ്ടമാണ് അവളുടെ കാര്യം... എന്നും ദുരിതവും പേറി ജീവിക്കുകയാണ്... അതിനിടയിൽ ഇതുപോലൊരു... നിങ്ങൾ വരുന്ന കാര്യം പറയാൻ വിളിച്ചപ്പോഴാണ് അറിഞ്ഞത് ഇതിനു പിന്നിൽ സോജയുടെ കൈകളുണ്ടെന്നത്... എത്രമാത്രം സഹായം ഞങ്ങളൊക്കെ അവൾക്ക് ചെയ്ത് കൊടുത്തതാണ്... എന്നിട്ടുമവൾ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് കരുതിയില്ല... ഇതറിഞ്ഞപ്പോൾ ബാപ്പച്ചി എന്നെ ഒരുപാട് ചീത്തപറഞ്ഞു... \"
\"ലത്തീഫിനോട് ഇന്നലെയുണ്ടായത് ഞാൻ പറഞ്ഞിരുന്നു... നീ ഞങ്ങൾക്കു വേണ്ടി ഒരു ഉപകാരം ചെയ്യണം... വേറൊന്നുമല്ല... ആ സോജയെ ഒന്ന് വിളിക്കണം... \"
\"ശ്രീഷ്മ പറഞ്ഞു... അവളെ ഞാൻ എന്തെങ്കിലും പറഞ്ഞ് ഇവിടേക്ക് വിളിച്ചുവരുത്താം... അതാകുമ്പോൾ അവൾക്ക് സംശയമുണ്ടാവില്ല... \"
\"എന്നാൽ നാളെ ഉച്ചക്കുശേഷം നീ അവളെ ഇവിടേക്ക് വിളിച്ചുവരുത്തണം... ബാക്കി ഞങ്ങൾ നോക്കിക്കോളാം... \"
തുടരും......
✍ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖➖