പാർട്ട് 66
\"തനിക്ക് വിഷ്ണുവിനോട് ക്ഷമിച്ചുകൂടെ.....\"
ഇത്തവണ കിച്ചുവാണ് അത് ചോദിച്ചത്. ചന്തു കണ്ണുകൾ തുടച്ച്ചുകൊണ്ട് അവനെ നോക്കി. ആ കണ്ണുകളിൽ നഷ്ട സൗഹൃദത്തിന്റെ ശേഷിപ്പുകൾ പോലെ ചുവപ്പുരാശി പടർന്നിരുന്നു.
അപ്പോഴേക്കും അനുവും ചിത്രയും അങ്ങോട്ടേക്ക് ചായയും സ്‌നാക്സും കൊണ്ടുവന്നു.. ചന്തുവിന്റെ മുഖത്തെ ദുഃഖം അനുവിന് പെട്ടെന്ന് തന്നെ മനസിലായി. അവൾ അവനടുത്തേക്കിരുന്നു.. ചന്തു വിഭലമായി അവളെ നോക്കി ചിരിക്കാൻ ശ്രമിച്ച്ചെങ്കിലും നടന്നില്ല.. അപ്പോഴേക്കും എന്തുപറ്റിയെന്ന ഭാവവുമായി തന്നെ നോക്കുന്നവളോട് രാകി കാര്യങ്ങൾ തുറന്നു പറഞ്ഞു.അനു ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ചന്തുവിന്റെ കൈകൾ പിടിച്ചു.
\"ചേട്ടായി.....\"
അവൻ അവളെ മുഖമുയർത്തി നോക്കി..
അവളുടെ മുഖത്ത് ശക്തമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു.
\"ചേട്ടായി....... വിഷ്ണുവേട്ടൻ അന്ന് ചെയ്തതെല്ലാം തെറ്റുതന്നെയാ.... എല്ലാരും കൂടി ചതിച്ചതാണെന്നൊക്കെ പറഞ്ഞാലും ആ തെറ്റിനെ ന്യായീകരിക്കാൻ കഴിയില്ല...... എനിക്കും ആ മനുഷ്യനെ അംഗീകരിക്കാനാവില്ല....പിടിച്ചു വാങ്ങിയെടുത്ത സ്നേഹത്തെ തെരുവിലേക്ക് ഒരു പാഴ് വസ്തുപോലെ വലിച്ചെറിഞ്ഞത് അതിനി എന്ത് തെറ്റിദ്ധാരണയുടെ പേരിലാണെന്നു പറഞ്ഞാലും ഉൾക്കൊള്ളാനാവില്ലാരുന്നു എനിക്ക്.....പക്ഷെ അന്ന് പറ്റിപ്പോയതെറ്റിന്റെ പേരിൽ ഇക്കാലമത്രയും അയാൾ നീറി നീറി യാണ് ജീവിച്ചത്... അതു തന്നെയല്ലേ അയാൾക്ക് കിട്ടിയ ശിക്ഷ .
.... ഞാൻ... ഞാൻ വിഷ്ണുവേട്ടനോട് ക്ഷമിച്ചു കഴിഞ്ഞു ചേട്ടായി. പശ്ചാത്തപിക്കുന്നവരെ വീണ്ടും ക്രൂശിക്കുന്നത് ശരിയല്ലല്ലോ...... ചേട്ടായിയും ക്ഷമിക്കണം.....\"
അനു പറഞ്ഞുതീക്കുമ്പോൾ ആ കണ്ണുകളിൽ നിന്നു ഒരിറ്റ് ജലം അവന്റെ കൈകളിൽ വീണിരുന്നു...ചന്തുവിന്റെ മുഖത്തേ ആശങ്കകളെല്ലാം ഒഴിഞ്ഞതുപോലെ ആ കണ്ണുകളും നിറഞ്ഞിരുന്നു.
\"അതെ ചന്തു....
നിലതെറ്റിനിൽക്കുന്നവനോട്.... എല്ലാം കൈവിട്ടുപോയവനോട്....ഇനിയും എന്തിനാടോ ഒരു അകൽച്ച.....അനുവിന്റെ പ്രണയം ഒരിക്കലും തിരികെ ലഭിക്കാത്തവിധം അവന് നഷ്ടപ്പെട്ടിരിക്കുന്നു..... ഇനി മിച്ചമുള്ളത്... തന്റെ സൗഹൃദമാണ്... അതെങ്കിലും അയാൾ അർഹിക്കുന്നില്ലേ.......\"
രാകി അതുപറഞ്ഞുതീരുമ്പോൾ എല്ലാവർക്കുമിടയിൽ ഒരു മൗനം തളം കെട്ടിനിന്നു... ചന്ദു നെടുവീർപ്പിട്ടുകൊണ്ട് അനുവിനെ നോക്കിയപ്പോൾ അവൾ \'അതെങ്കിലും വേണം \'എന്നപോലെ തലയാട്ടി...ചന്തുവും \'ശരി\'യെന്നപോലെ അവളെ നോക്കി കണ്ണടച്ച് തുറന്നു തലയാട്ടി..
എല്ലാവരുടെയും ഉള്ളിൽ നിന്നും ഒരു ഭരമൊഴിഞ്ഞപോലെ തോന്നി.
അപ്പോഴേക്കും വിവേകിന്റെ ബൈക്ക് വന്നുകയറുന്ന ശബ്ദം കേട്ടു.. പിറകെ ഒരുകാറിന്റെയും...
അനു വാതിലിലേക്ക് ചെന്നത് ആദ്യം ചിരിച്ചു.. പെട്ടെന്നുതന്നെ ആ ചിരി മങ്ങി എങ്കിലും മുഖം കറുപ്പിക്കാതെ \'കയറി വരൂ \' എന്നുമാത്രം പറഞ്ഞുകൊണ്ട് മെല്ലെ അകത്തേക്ക് കയറിപ്പോയി.പിന്നാലെ ചിത്രയും.വിവേകും വിഷ്ണുവും അകത്തേക്ക് വന്നു . എന്നാൽ ആദി ഓടിച്ചെന്നു വിഷ്ണുവിന്റെ തോളിൽ കയറിയിരുന്നു. വിവേക് നേരെ ചെന്ന് രാകിയുടെ അടുത്തായിരുന്നു. വാതിലിനെ പുറംതിരിഞ്ഞിരുന്നതുകൊണ്ട് ചന്തു വന്നവരെ കണ്ടില്ലായിരുന്നു.
\"ഇതാണോ ആള്....\"
\"ഉം....\"
വിവേക് ചോദിച്ചപ്പോൾ രാകി മൂളി.
വിഷ്ണു മോനെയും നോക്കിക്കൊണ്ട് സൈഡിലെ ചെയറിനടത്തേക്ക് വന്നപ്പോഴാണ് മുന്നിലിരിക്കുന്ന ആളെ കണ്ടത്. പെട്ടെന്ന് കണ്ട ഞെട്ടലിൽ രണ്ടുപേരും ഒരു നിമിഷം നോക്കി നിന്നു. ചന്തു പെട്ടെന്ന് കണ്ണുവലിച്ചു. വിഷ്ണുവിന് സന്തോഷമാണോ അതോ സങ്കടമാണോ അതുമല്ല കുറ്റബോധമോ നഷ്ടബോധമോ ആണോ... അറിയില്ലാ ആ കണ്ണുകൾ ചുവന്നു കലങ്ങി.പഴയ കാര്യങ്ങളെല്ലാം മനസിലൂടെ പാഞ്ഞുപോയി.
\"ദേവ്... ഇരിക്കൂ...\" രാകിയാണ് പറഞ്ഞത്.
\"ആ...\" ചിന്തയെ സ്വബോധത്തിലെത്തിച്ചുകൊണ്ട് വിഷ്ണു ഒന്ന് മൂളി.
ചന്തുവിന് അവനെ ഒരിക്കൽ കൂടി നോക്കാൻ മടിതോന്നി.. അവൻ എല്ലാരോടും സംസാരിക്കുന്നുണ്ട്.. വിഷ്ണുവിനോടൊഴിച്ച്. വിഷ്ണുവും മറ്റുള്ളവർ ചോദിക്കുന്നതിനുള്ള മറുപടികളൊക്കെ നൽകുന്നുണ്ട്..... ഇടയ്ക്കിടെ ചന്തുവിനെ നോക്കുന്നുമുണ്ട്..
\'എത്ര കാലം കഴിഞ്ഞാ അവനെയൊന്നുകാണുന്നത്. അവൻ തന്റെ സുഹൃത്തും സഹോദരനും വഴികാട്ടിയും ഒക്കെയായിരുന്നില്ലേ... എന്നിട്ടും അവനെ താൻ കേട്ടില്ല.... വിശ്വസിച്ചില്ല.... എല്ലാതെറ്റും താനാണ് ചെയ്തത്.. അപ്പോൾ ചന്തു ഇങ്ങനെ പെരുമാറുന്നത് തനിക്കെങ്ങനെ തടയാനാകും...\'എന്നാൽ ചന്തുവിന്റെ അവഗണന വിഷ്ണുവിനെ തകർത്തുകളഞ്ഞിരുന്നു. അവൻ ആദിയെ മാത്രം നോക്കിയിരുന്നു.എന്നും തന്റെ കുഞ്ഞിന്റെ കളികളിലും കഥപറച്ചിലിലും മുഴുകി സ്വയം മറന്നിരിക്കുന്ന തനിക്ക് ഇന്നവനെ ശ്രദ്ധിക്കാൻ കഴിയാത്തത്തവിധം മനസ്സിൽ ഭാരമുയരുന്നു. തനിക്കിനിയും അവിടെ നിൽക്കാൻ ആകില്ലെന്നു മനസിലാക്കി കുഞ്ഞിനെ രാകേഷിനെ ഏല്പിച്ചുകൊണ്ട് വിഷ്ണു എഴുന്നേറ്റു..
\"എനിക്ക് പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട് രേകേഷ്.... ഞാൻ.... പിന്നേ വരാം...\"
രാകേഷിന് എന്തെങ്കിലും തിരിച്ചു ചോദിക്കാൻ അവസരം നൽകാതെ വിഷ്ണു കാറ്റുപോലെ പുറത്തേക്ക് പോയി.പക്ഷെ, എല്ലാരേയും ഞെട്ടിച്ചത് വിഷ്ണുവിന് പിറകെ പോയ ചന്തുവിനെക്കണ്ടാണ്.
വിഷ്ണു വേഗം നടന്നു കാറിനടുത്തെത്തി. ഒരുനിമിഷം അവൻ കണ്ണുകളടച്ച് വിതുമ്പലോടെ അവിടെനിന്നു. പിന്നീട് കാറിന്റെ ഡോർ വലിച്ചുതുറന്നു കയറാൻ ഭവിച്ചു. അപ്പോഴേക്കും ചന്തു അവന്റെ കൈയ്യിൽ പിടിമുറുക്കി വലിച്ച് മുഖമുഖം നിർത്തി. അമർഷം വെളിവാക്കുന്ന മുഖവുമായി നിൽക്കുകയാണ് ചന്തു.. വിഷ്ണു തന്റെ മുന്നിൽ നിൽക്കുന്നവനെ നേരെ നോക്കാൻ ധൈര്യം വരാതെ മുഖം കുനിച്ചു.
\" നേരെ നോക്കടാ.... \"ചന്തുവിന്റെ വാക്കുകൾകേട്ടപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞുതുടങ്ങി.വർഷങ്ങൾ കൂടി അവൻ ദേഷ്യപ്പെട്ടെങ്കിലും തന്നോട് സംസാരിക്കാൻ തുടങ്ങിയെന്നു ചിന്ത വിഷ്ണുവിനെ ആശ്വസിപ്പിച്ചു.
\"ചന്തു..... ഞാൻ..\"
നിറമിഴികളോടെ മുഖം കുനിച്ച് നിൽക്കുന്നവനെ കണ്ട് ചന്തുവിന്റെ ഹൃദയം പിടഞ്ഞു. തങ്ങളുടെ സൗഹൃദത്തിന്റെ നല്ലൊരുമകൾ അവനെ തഴുകി. പിന്നീട് ഒന്നും നോക്കിയില്ല ചന്ദു കാറ്റുപോലെ അവനെ പുണർന്നു. ആദ്യത്തെ പകപ്പടങ്ങിയപ്പോൾ വിഷ്ണു അവനെയും ചുറ്റിപ്പിടിച്ചു. വർഷങ്ങളായുള്ള തന്റെ വേദനകൾ കണ്ണീരായ് വിഷ്ണു ഒഴുകിയിറങ്ങി.. അതു മനസിലായെന്നോണം ചന്ദു അവനെ മുറുകെപ്പിടിച്ചു. കുറച്ച് നേരത്തിനു ശേഷം ചന്തു അവന്റെ മുഖമുയർത്തി ആ കണ്ണുകൾ തുക്കുമ്പോൾ തുടച്ചു മാറ്റപ്പെട്ടത് അവന്റെ നെഞ്ചിനെ നീറ്റിയിരുന്ന വേദനകളെകൂടിയായിരുന്നു.
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു ചങ്ങാതിക്ക് അവന്റെ മനസ്സറിയാൻ വിശദീകരണങ്ങളുടെയോ വാക്വാദത്തിന്റെയോ ആവശ്യമില്ലല്ലോ.... മൗനം നിറഞ്ഞു നിൽക്കുമ്പോഴും വിഷ്ണുവിനെ ചന്തു മനസിലാക്കിയിരുന്നു... പക്ഷെ അതിൽ പരാജയപ്പെട്ടുപോയ നിമിഷങ്ങളെ ഓർത്ത് കണ്ണീരൊഴുക്കാനെ വിഷ്ണുവിനായുള്ളൂ. കുറേനേരത്തെ ഇരുപ്പിന് ശേഷം അവർക്കിടയിലെ മൗനം ഭേദിച്ചുകൊണ്ട് വിഷ്ണു വിളിച്ചു.
\"ചന്തു........\"
\"വേണ്ട... ഒന്നും പറയണ്ട എല്ലാം എനിക്കറിയാം... എല്ലാം രാകേഷ് പറഞ്ഞു..എല്ലാം കഴിഞ്ഞതാണ്... ഇനിയും അതെപ്പറ്റി....\"
\"സംസാരിക്കണം.....എല്ലാം എല്ലാര്ക്കുമറിയാവുന്നതാണ്.... പക്ഷെ.. നിന്നോളം വലിയൊരു ആശ്വാസമാകൻ ആർക്കും കഴിയില്ലല്ലോ...\"
വിതുമ്പുന്ന ശബ്ദതത്തോടെ വിഷ്ണു പറഞ്ഞതും \'എന്നാൽ അങ്ങനെ ആകട്ടെ \'എന്നമട്ടിൽ തലയാട്ടിക്കൊണ്ട് ചന്തു അവന്റെ കൈകൾ വിഷ്ണുവിന്റെ കൈകളിൽ മുറുക്കി. ഗാർഡനിലെ സിമെന്റ് ബെഞ്ചിൽ ഇരുന്നുകൊണ്ട് വിഷ്ണു സംസാരിച്ചുതുടങ്ങി. ശാന്തമായാണ് തുടങ്ങിയതെങ്കിലും അവസാനം പൊട്ടിക്കരച്ചിലിലാണ് അവസാനിച്ചത്.
തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം.... പതം പറഞ്ഞ് പറയുന്നവനെ കണ്ട് ചന്തു വിന്റെ മിഴികളും നിറഞ്ഞു വന്നു.
\"......... അന്നെനിക്ക് ശരിക്കും ഭ്രാന്ത് തന്നെയായിരുന്നു....... നിന്നെപ്പോലും ഞാൻ അവഗണിച്ചു..... പക്ഷെ അപ്പോഴും അവൾ എന്റെ അംശത്തെ ഉദരത്തിൽ ചുമക്കുന്നകാര്യം ഞാനറിയാതെപോയി....എന്റെ അനു.. ഇന്നു മറ്റൊരാളുടെ ഭാര്യ.... എന്റെ കുഞ്ഞിന് ഞാനന്യനും....\" പറഞ്ഞു പൂർത്തിയാക്കാതെ വിഷ്ണു ചന്തുവിന്റെ മാറിലേക്ക് വീണിരുന്നു.
ചന്തു ഒരു കൈ കൊണ്ട് വിഷ്ണുവിനെ ചേർത്തുപിടിച്ച്... മറുകൈകൊണ്ട് തന്റെ കണ്ണീര് തുടച്ചു.
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ചെറിയ പാർട്ടാണ്..കുറച്ച് അത്യാവശ്യങ്ങളുടെ പിറകെ ആയതുകൊണ്ട് ആണ് ഇത്രേം ലേറ്റ് ആയത് 😜.. തുടർന്നുള്ള പാർട്ടുകൾ ഉടനെ തരാൻ ശ്രമിക്കാം....
അപ്പൊ എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ
വിഷു ആശംസകൾ...... 🥰💐🥰💐