Aksharathalukal

ശ്രീപാർവ്വതി



നനച്ചിട്ട തുണികൾ ഉണങ്ങിയോ എന്ന് നോക്കി പെറുക്കിയെടുത്ത് തോളത്തിട്ട് അവൾ വീട്ടിൽ ഓടി കയറി. പുറകിലെ വാതിൽ പാതി തുറന്ന് പുറത്തോട്ട് നോക്കി. ആകാശം കറുത്തിരുണ്ട് ഭീതി പരത്താൻ തുടങ്ങിയിരിക്കുന്നു. കാറ്റ് വീശുമ്പോൾ വീണ പ്ലാവിലകൾ പറന്നു പറന്നു എങ്ങോട്ടുമില്ലാതെ പായുന്നു. അതിശക്തമായ മഴ ഭാരതപ്പുഴയുടെ മുകളിൽ തിമിർത്തു പെയ്യുന്നുണ്ട്. കാർമേഘങ്ങൾ മഴയെ ആവാഹിച്ച് കാറ്റിന്റെ ഗതിക്ക് അനുസരിച്ച് വീടിനോട് അടുക്കുന്നത് കണ്ടുനിൽക്കാൻ ഒരു അനുഭൂതി തന്നെയാണ്. പ്രകൃതിയുടെ സുന്ദരമായ കാഴ്ച. കാറ്റിൽ നേർത്ത മഴ കണങ്ങൾ അവളെയും സ്പർശിച്ചു തുടങ്ങിയിരിക്കുന്നു. വാതിൽ വലിച്ചടച്ച് അവൾ വീടിനകത്തേക്ക് കയറി. അകത്തെ നിശബ്ദത ബേദിച്ച് കാറ്റ് അകത്തേക്ക് ഒഴുകിയെത്തി. ജനലുകൾ എല്ലാം അടച്ചെന്നു ഉറപ്പുവരുത്തി മുകളിലേക്ക് അവളുടെ കിടപ്പുമുറിയിലേക്ക് കയറിച്ചെന്നു. മുകളിലെ ഹാളിൽ പതിവുപോലെ അവളുടെ ഏട്ടൻ ഇരിപ്പുണ്ട് ഹി ഈസ് ബിസി വിത്ത് ഹിസ് വർക്ക്. തോളിൽ കിടക്കുന്ന തുണി കൂമ്പാരം വകഞ്ഞ് കട്ടിലിലേക്ക് ഇട്ട് അവൾ ഒരു ഓരം ചേർന്നിരുന്നു. ഫോൺ എടുത്തു നോക്കി ഇല്ല  ഒരു നോട്ടിഫിക്കേഷൻ പോലും വന്നിട്ടില്ല. നിമിഷ നേരം കൊണ്ട് എഫ് ബി, ഇൻസ്റ്റാ, വാട്സ്ആപ്പ് കയറി ചുമ്മാ മുകളിലോട്ടും താഴോട്ടും സ്ക്രോൾ ചെയ്തു വീണ്ടും മൊബൈൽ ഫോൺ അതിന്റെ തലയണയ്ക്കടിയിൽ തന്നെ സ്ഥാപിച്ചു. തുണികൾ മടക്കി ഒതുക്കി വയ്ക്കണം പിന്നേക്കു മാറ്റിവയ്ക്കാൻ വയ്യ. അതിനിടക്ക് ഒരു കാൽസ്വരം അവളുടെ അടുത്തേക്ക് നീങ്ങി വരുന്നു. അതെ പ്രിയസഖിയുടെ പ്രാണനാഥൻ.

ശ്രീപാർവതിയുടെ സൂര്യനാരായണൻ!

അവൻ അവളുടെ അടുത്ത് കട്ടിലിൽ ചേർന്നിരുന്നു ജോലിയിൽ തിരക്കാണെങ്കിലും അവളുടെ വരവും പോക്കും സ്ഥിരമായി നിരീക്ഷിക്കുന്ന അവൻ അപ്പോഴും അവൾ റൂമിനകത്തു കയറി പോയത് കണ്ടിരുന്നു. കാർമേഘം ശക്തിയായി നിന്നു പെയ്യുന്ന ഈ സമയത്ത് വർക്ക് ഫ്രം ഹോം പരിമിതികൾ ഏറെ ഉണ്ടല്ലോ. അവൻ എങ്ങനെ അവളുടെ അടുത്ത് എത്താതിരിക്കും. അവൻ അവളെ നോക്കി. കെട്ടഴിഞ്ഞു പിറകിലേക്ക് മാറിയ മുടി ഇഴകൾ അവൻ ഒതുക്കി കെട്ടി വെച്ചു. കവിളിൽ തൊട്ടു തലോടുന്ന മുടി വകഞ്ഞു മാറ്റി അവളെ അവനോട് ചേർത്തു. മുഖമുയർത്തി അവളുടെ കണ്ണുകളിൽ ഇമ വെട്ടാതെ നോക്കിയിരുന്ന അവർ പരസ്പരം കൈകൾ ചേർത്തുപിടിച്ചു.

അവൾ അവനെ നോക്കി..ഏട്ടാ..

അവളുടെ വിളിയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു

കരയണ്ട ഏട്ടാ ഞാനുണ്ട് കൂടെ

എനിക്കറിയാം മത്തങ്ങേ നീ എന്റെ കൂടെയുണ്ടെന്ന്. എന്നെ നീ മനസ്സിലാക്കുന്നില്ലല്ലോ എന്ന ഒരൊറ്റ വിഷമം മാത്രമേ എനിക്കുള്ളൂഅവൻ പറഞ്ഞു നിർത്തി.

ഏട്ടനെ ഞാൻ മനസ്സിലാക്കുന്നുണ്ട് എന്നെയാണ് ആരും മനസ്സിലാക്കാത്തത്.. അവൾ വിതുമ്പി.

രാവിലെ കണ്ട സൂര്യനാരായണൻ അല്ല ഇപ്പോൾ. പൊട്ടിത്തെറിച്ച് ബാത്റൂമിൽ അലറി ദേഷ്യപ്പെട്ട ആൾ ഉൽവലിഞ്ഞ് സങ്കടം അടക്കി അവളെ ചേർത്തു പിടിച്ചിരിക്കുന്നു.

എനിക്ക് നീയാണ് എല്ലാം. നീ മാത്രമാണ് എനിക്ക് വേണ്ടത്. ഈ രണ്ടുവർഷം കടന്നുപോയത് നമുക്ക് നമ്മളെ കൂട്ടിച്ചേർക്കാൻ വേർപിരിക്കാനോ വേണ്ടിയല്ല. നമുക്ക് നമ്മളായി ജീവിക്കാൻ വേണ്ടിയാണ്. അവൻ അവളോട് പറഞ്ഞു

ശരിയാണ് നമുക്ക് നമ്മളായി ജീവിക്കാൻ ഒരു ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടോ ആലോചിച്ചു നോക്കൂ ദയനീയ സ്വരത്തിൽ അവളുടെ ചോദ്യം അവനെ വല്ലാതെ ചിന്തിപ്പിച്ചു.

സാഹചര്യം നമ്മളെ നമ്മളല്ലാതെ ആക്കി മാറ്റിയിരിക്കുന്നു. എന്നെയും നിന്നെയും ഏറെ മടുപ്പിച്ചിരിക്കുന്നു. നമുക്ക് നമ്മളായി ജീവിക്കണം. അവളെ അവന്റെ നെഞ്ചോട് ചേർത്തു പിടിച്ച് അവൻ പതിയെ അവളുടെ കാതിൽ മന്ത്രിച്ചു നമ്മുടെ ലോകം അത് നമ്മൾ സൃഷ്ടിക്കണം. ആരെയും പേടിക്കാതെ സ്വതന്ത്രമായി ഇണങ്ങാനും പിണങ്ങാനും ആടാനും പാടാനും ചേർന്നിരുന്ന് വാതൊരാതെ കഥകൾ പറയാനും ഉണ്ണാനും ഉറങ്ങാനും നീ സ്വപ്നം കണ്ട ലോകത്തേക്ക് നിന്നെ ഞാൻ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകും.

അവളുടെ കണ്ണുകൾ മറ്റൊരു നീളയായി നിറഞ്ഞൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. ഈ സൂര്യനാരായണനും ശ്രീപാർവതിയും അങ്ങനെ ജീവിച്ചു തുടങ്ങാൻ പോകുന്നു അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന്റെ സൗഹൃദത്തിന്റെ കൂടിച്ചേരലിന്റെ ദാമ്പത്യം ഇരുവരുടെയും വിടർന്ന മുഖം, എന്തെന്നില്ലാത്ത സന്തോഷം, ആത്മവിശ്വാസം. ജീവിതത്തെ മുന്നോട്ടു നയിക്കാൻ ഇതിലുപരി വേറെന്തു വേണം.

അലാറം അടിക്കുന്ന ശബ്ദം കേട്ട ശ്രീപാർവ്വതി ഞെട്ടിത്തെറിച്ചു. ചാടി എണീറ്റ്  തലയിണക്കടിയിലെ ഫോൺ കൈകൊണ്ട് തപ്പിയെടുത്ത് സമയം നോക്കി മണി 5 ആയിരിക്കുന്നു. ഇടിയോ മിന്നലോ ഇല്ല. മഴക്കാറോ കാറ്റോ കോളോ ഒന്നുമില്ല പ്രകൃതി ശാന്തമായി ഉറങ്ങുന്നു. തൊട്ടപ്പുറത്ത് അവളുടെ ഏട്ടനും അലറാം ശബ്ദത്തിന്റെ ശല്യത്തിൽ ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങുന്നു. സ്വപ്നമായിരുന്നു എന്നത്തേയും പോലെ മനസ്സിന്റെ ഒരു കോണിൽ മയിൽപീലി പോലെ കൊണ്ട് നടക്കുന്ന ഒരു സ്വപ്നം. അവൾ ഓർത്തു dreams are meant to be dreams only. ശരിയാണ് സമയം പോകുന്നു. കുളിക്കണം റെഡി ആവണം ആറുമണിക്ക് ഇറങ്ങണം. എല്ലാ തിങ്കളാഴ്ചയും സൂര്യനാരായണൻ അവളെ ബസ് കയറ്റി വിടും. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രീപാർവതി അവളുടെ വീട്ടിൽ നിന്നാണ് ജോലിക്ക് പോകുന്നത് ഒഴിവ് ദിവസങ്ങളിൽ ജോലികഴിഞ്ഞ് അവൾ സൂര്യനാരായണന്റെ വീട്ടിലേക്ക് ബസ് കയറും. അവിടെ ബസ്റ്റോപ്പിൽ സൂര്യ കാത്തുനിൽപ്പ് ഉണ്ടാവും. അവളെയും കൊണ്ട് സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷമാണ്. എന്നാൽ അവൾ കാറും കോളും നിറഞ്ഞ ആകാശം പോലെ കലങ്ങിമറിഞ്ഞ അവസ്ഥയിൽ. മനസ്സിലെ വിങ്ങൽ കടിച്ചമർത്തി അവനോടൊപ്പം നിൽക്കുന്നു. അവസ്ഥ? അടുത്തുണ്ടെങ്കിലും ഇല്ലാത്ത അവസ്ഥ. ഒന്നാണെങ്കിലും രണ്ട് ധ്രുവങ്ങളിൽ എന്നപോലെ തോന്നിപ്പിക്കുന്ന അവസ്ഥ.

വിഷമങ്ങളെല്ലാം എണ്ണിയെണ്ണി പറയുമ്പോഴും അവൾക്ക് അവൻ ജീവനായിരുന്നു. മറ്റാരിലും വലുതല്ല എന്ന സത്യം പലതവണ മനസ്സിലാക്കി തന്നപ്പോഴും തന്റെ ജീവന്റെ പാതിയായി തന്നെ അവൾ അവനെ കണ്ടു. ദാമ്പത്യ സങ്കല്പങ്ങളും സ്വപ്നങ്ങളും അവനുവേണ്ടി ത്യജിച്ചു. ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുമ്പോഴും വഴിപാടുകൾ കഴിപ്പിക്കുമ്പോഴും സ്വന്തം ഭർത്താവിൽ നിന്നകന്നു കഴിയേണ്ടി വന്നതിൽ അവളുടെ മനം ഉരുകിയിരുന്നു. എന്നത്തേയും പോലെ ആ രാത്രിയും പുലർന്നു. ചിന്തകൾ കൊണ്ട് പ്രളയം സൃഷ്ടിക്കുന്ന അവളുടെ മനസ്സിനെ മനസ്സിലാക്കാൻ അവന് പലപ്പോഴും സാധിക്കാതെ പോകുന്നു. അവന്റെ സംസാരം അവളുടെ കാതിൽ എത്തുന്നുണ്ടെങ്കിലും പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് അവൾ മാറുമ്പോൾ അവിടെ പതറി പോകുന്നത് സൂര്യ ആണ്.

ഉദ്യോഗം കഴിഞ്ഞ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എന്റെ അടുത്ത് വരുമ്പോൾ നിനക്ക് ചോദിക്കുന്ന കാര്യങ്ങൾക്ക് പോലും ഉത്തരം പറയാൻ വയ്യ - അവൻ കയർത്തു. കുളിക്കാനായി കുളിമുറിയിൽ കയറിയ അവൻ അവളെ ഒന്നൊന്നായി പറഞ്ഞു പഴിചാരുന്നു. ഒന്നും മിണ്ടാൻ വയ്യാത്ത അവൾക്കിവിടെ പ്രൈവസി ഇല്ല. ഇനി ഈ പ്രൈവസി എന്ന് പറഞ്ഞ് ഇവിടെ ആരും മിണ്ടാതിരിക്കണ്ട. മടുത്തു ജീവിതം..മരിച്ചാൽ മതി. ഇനി എന്തിനാ ഇങ്ങനെ ജീവിക്കുന്നത്. നശിച്ച ജീവിതം.- ദേഷ്യം മുഴുവനും എടുത്ത് അവൻ അവളോട് അലറി. മതി റിസൈൻ ചെയ്തോ എങ്ങനെയാണെന്ന് വെച്ചാൽ താമസം മാറ്റാം. പിന്നെ ദയവു ചെയ്ത് ഈ കാര്യം പറഞ്ഞു വരരുത്. അവൻ സകല ദേഷ്യവും അവളോട് പറഞ്ഞു തീർത്തു.

ഒരു നിമിഷം സ്തംഭിച്ചു നിന്ന അവൾക്ക് ഹൃദയത്തിൽ ഒരായിരം മുള്ളു തറയ്ക്കുന്ന വേദന.

ബസ് വരുന്നുണ്ട്. ചെറു പുഞ്ചിരിയോടെ അവൾ അവനെ നോക്കി യാത്രയായി. വിൻഡോ സീറ്റിൽ പുറം കാഴ്ചകൾ മാറിമാറി വന്നപ്പോഴും ഇന്നലത്തെ ചിന്തകൾ മനസിനെ പിരിമുറുക്കത്തിലാഴ്ത്തി. അവൾ അവനെ ഓർത്തു.. നിറ കണ്ണുകൾ മെല്ലെ അടച്ചു സീറ്റിൽ ചാരി കിടന്ന് മനസ്സിൽ മന്ത്രിച്ചു..ഏട്ടാ നാവിൽ നിന്നും കേൾക്കാൻ കൊതിച്ച ആഗ്രഹിച്ച സ്വപ്നം കണ്ട രണ്ടുവർഷമായി പുറത്തുവരാത്ത ആ സ്വരങ്ങൾ അത് അങ്ങനെ പറഞ്ഞു അവസാനിപ്പിക്കേണ്ടിയിരുന്നില്ല

 

ശുഭം