Aksharathalukal

മെഹ്ഫിൽ

\"ഇക്കാക്ക വണ്ടി ഒന്ന് മെല്ലിനേ കൊണ്ട് പോ...\"സജ്ന ഇടക്കിടെ റഹീമിനെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

ഇത് ദുബായിലെ റോഡ് അല്ലാന്ന് ഇങ്ങൾക്ക് തിരിഞ്ഞൂടെ. കാറിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ആസ്വദിക്കുന്ന പ്ലസ്ടുക്കാരൻ അലനും എട്ടാം ക്ലാസുകാരി ഇഷയും ഇതൊന്നും അറിയുന്നതേ ഇല്ല.

\"ഓഹ്... ഇതാണ് മോളേ റോഡ്. ഇവിടെ വണ്ടി ഓടിച്ച് പഠിച്ചാ പിന്നെ ഈ ദുനിയാവിലെ എല്ലാ റോഡിലും കസർത്ത് ഓടിക്കാം.\"

\"അതേയ് അവിടെ അധികം വൺവേ ആണെന്ന് മറക്കണ്ട. ഇവിടെ എപ്പളാ ആരാ റോഡിലേക്ക് ചാടി എടങ്ങറ് ആക്കാന്ന് പറയാൻ പറ്റില്ല. വെറുതെ ഒന്ന് തട്ടിയാലും ഇടിച്ചെന്ന് പറഞ്ഞ് കായ് മേടിക്കും.\"

\"എന്റെ മൊഞ്ചത്തി പറഞ്ഞാ പിന്നെ അപ്പീലില്ല. ഇനി ഷൺമുഖാച്ചടെ വീട് എത്തും വരെ ഈ പച്ചപ്പ് കണ്ട് ആസ്വദിച്ച് പതിയെ പോകാം.\"

\"ഷൺമുഖാച്ചടെ വീട്ടിലേക്ക് വഴിയിൽ നിറയെ ആൾക്കാർ ആണല്ലോ ഇക്കാ!\"

\"എൺപത്തിനാലാമത്തെ പിറന്നാൾ അല്ലേ. നല്ല സ്വയമ്പൻ സദ്യ കാണും.
ആഹാ! എത്ര നാളായി നാട്ടിലെ ഇലയിൽ ചോറൊക്കെ വിളമ്പി സാമ്പാറും രസവും കൂടി ഒരു പിടി പിടിച്ചിട്ട്. ചൂട് പാലട ഇലയിൽ നിന്നും കുടിക്കണ സ്വാദ് എങ്ങനെ സൂപ്പർ മാർക്കറ്റിലെ കുപ്പിയിലെ പായസത്തിന് കിട്ടും.\"

കാറ് പാർക്ക് ചെയ്ത് നടക്കുമ്പോഴേക്കും വസുന്ധരയും സുമിത്രനും അച്ഛന്റെ പ്രിയപ്പെട്ട അതിഥികളെ കണ്ട് കൈകൂപ്പി ഇറങ്ങി വന്നു.

ഉമ്മറത്തെ രാജകീയ കസേരയിൽ കസവ് മുണ്ടും ഷർട്ടും മേൽമുണ്ടുമായി ഇരിക്കുന്ന ഷൺമുഖ വാര്യരെ കണ്ടപ്പോൾ ഭൂപതി വക്കീലിന്റെ പിന്നാലെ റോക്കറ്റ് വേഗത്തിൽ ആരെയും ശ്രദ്ധിക്കാതെ ഓടി നടന്നിരുന്ന രൂപമാണ് റഹിമിന് ഓർമയിലേക്ക് ഓടി വന്നത്.

പ്രത്യേക ക്ഷണത്തിൽ ഒരാഴ്ചത്തെ എമർജൻസി ലീവിൽ പിറന്നാൾ ആഘോഷിക്കാൻ വിളിച്ച്  വരുത്തിയിരിക്കുകയാണ്. ഷൺമുഖ വാര്യർക്കും നല്ലപാതി ഭാഗ്യലക്ഷ്മിക്കും മക്കളായ വസുന്ധരയോളവും സുമിത്രനോളവും ഏറെ പ്രിയപ്പെട്ടവരാണ് റഹീമും സജ്നയും. ജന്മം കൊടുക്കാതെ കർമ്മബന്ധത്തിലൂടെ ഇഴ ചേർത്തവർ എന്നാണ് അദ്ദേഹം എല്ലാവരോടും പറയുന്നത്.

പ്രായം തളർത്താത്ത ചുറുചുറുക്കും പ്രസരിപ്പും കണ്ട് ഭാഗ്യം ചെയ്ത മനുഷ്യൻ എന്ന് നാട്ടുകാർക്കിടയിൽ ഒരു ചൊല്ലുണ്ട്. രാവിലെ യോഗമുറകൾ ചെയ്തും ചിട്ടയായ ഭക്ഷണ രീതിയിലൂടെയും മരുന്നിനെ അകറ്റി നിർത്തി ജീവിതം ആസ്വദിക്കുന്ന ദമ്പതികൾ വാർദ്ധക്യത്തിൽ അവരുടെ മക്കളേക്കാൾ ജീവിതം ആസ്വദിക്കുകയാണെന്നാണ് നാട്ടിലെ ശ്രുതി.

ആളും തിരക്കും ഒഴിയാൻ വേണ്ടി കാത്ത് നിൽക്കുകയാണ് റഹീം. ജീവിതം തിരിച്ചു തന്നതിന്റെ നന്ദി എത്രയോ തവണ പറഞ്ഞിരിക്കുന്നു. എന്നാലും ഇനിയുമത് ആവർത്തിക്കാതെ തരമില്ല.

പതിവുപോലെ മേഘങ്ങൾ ഉരുണ്ടു കൂടി തുലാവർഷത്തിന് തയ്യാറെടുക്കുമ്പോൾ റഹീമും സജ്നയും ചാരുകസേരയിൽ എൺപത്തിനാല് പൂർണചന്ദ്രൻമാരെ കണ്ട ആഢ്യത്വത്തിന്റെ പൂർണരൂപമായി അവർ കണക്കാക്കുന്ന പഴയ വക്കീൽ ഗുമസ്തന്റെ ഇരുവശങ്ങളിലുമായി ഇരുന്നു.

\"അങ്ങയുടെ നല്ല മനസാണ് ആരോഗ്യത്തിന്റേയും സന്തോഷത്തിന്റേയും രഹസ്യം...\"
കൈകൾ കവർന്നെടുത്തു കൊണ്ട് റഹീം പറഞ്ഞു.

ഷൺമുഖ വാര്യർ പുഞ്ചിരിച്ചു കൊണ്ട് അവന്റെ തലയിൽ വാത്സല്യത്തോടെ തലോടി.

\"ഞങ്ങൾ ആരാണെന്ന് അങ്ങ് ബോധ്യപ്പെടുത്തി. ജീവിതത്തിൽ ഇവിടെ വരെ എത്തിക്കാൻ അങ്ങയുടെ ഹൃദയം തുളക്കുന്ന വാചകത്തിനേ കഴിഞ്ഞുള്ളു. അതിനുള്ള നന്ദി നിസ്ക്കാര പായയിലെ അങ്ങേക്കായുള്ള പ്രാർത്ഥനകളാണ്.\" കൈകൾ കൂപ്പി കൊണ്ട് റഹീം വികാരാധീനനായി.

\"രണ്ട് മക്കളുടെ അച്ഛനായ എനിക്ക് അന്ന് അങ്ങനെ പറയാനേ തോന്നിയുള്ളു. ഗുമസ്തൻ എന്നത് എന്റെ ജോലി മാത്രമാണ്. അതിനുമപ്പുറം ഞാനൊരു സാധാരണ കുടുംബസ്ഥനാണ്. കുടുംബ ബന്ധങ്ങൾ വിട്ടുകളയാൻ എളുപ്പമാണ്. കൂട്ടി ചേർത്ത് പിടിക്കാനാണ് ബുദ്ധിമുട്ട്.\" ഷൺമുഖ വാര്യർ അവരെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ചില പിന്നാമ്പുറ കഥകൾ:
***************************

നഗരത്തിലെ കുപ്രസിദ്ധനായ ഡൈവേർസ് കേസ് വക്കീലിന്റെ ഗുമസ്തനായിരുന്ന കാലം. ജോലിയോടുള്ള ആത്മാർത്ഥതയേക്കാൾ സ്നേഹവും കുടുംബ ബന്ധവും വിലങ്ങുതടിയാണെന്ന് തിരിച്ചറിഞ്ഞിരുന്ന നാളുകളായിരുന്നു അത്. ഓഫീസിൽ നിരന്തരം ദമ്പതികൾ കയറി വരുന്നത് കാണാറുണ്ട്. അതിൽ മുക്കാൽവസിയും വിവാഹ മോചനത്തിന് വരുന്നവർ അല്ല. ചെറിയ കുടുംബപ്രശ്നങ്ങളും, സൗന്ദര്യ പിണക്കവും, അല്ലറ ചില്ലറ വഴക്കും ഒക്കയേ കാണുള്ളു. പക്ഷേ വക്കീലിനെ കണ്ട് ഉപദേശം തേടുന്നവരെ വിവാഹമോചനം നല്ല വഴിയായി പറഞ്ഞു കൊടുക്കുന്ന അയാളെ പോലെ ഒരു ഹിംസ്രജന്തുവിനെ കണ്ട് തൊഴിലിനെ പോലും ഞാൻ വെറുത്ത് പോയി. പൈസയോടുള്ള ആർത്തി മറ്റുള്ളവരുടെ കുടുംബങ്ങളെ തകർക്കുന്നത് അയാളിൽ ഹരമായി മാറ്റി. അതിനായി സൃഷ്ടിക്കുന്ന അവിഹിത കഥകളും കള്ളക്കളികളും അവിശുദ്ധബന്ധങ്ങളും തൊഴിലിനോട് അക്ഷരാർത്ഥത്തിൽ മടുപ്പ് ഉളവാക്കുന്ന രീതിയിൽ ആക്കി. പക്ഷേ

എന്റെ വീട്ടിൽ അടുപ്പ് പുകയണമെങ്കിൽ ജോലി വേണം എന്നത് കൊണ്ട് ആദർശത്തിന്റെ പേരിൽ തൊഴിൽ ഉപേക്ഷിച്ച് ഇറങ്ങി പോരാനും പറ്റില്ല. അങ്ങനെയാണ് വക്കീൽ ഇല്ലാത്ത സമയങ്ങളിൽ വരുന്നവരോട് ബന്ധങ്ങളെ കൂട്ടിച്ചേർക്കുന്ന രീതിയിൽ  സംസാരിക്കാൻ തുടങ്ങിയത്. അതിൽ ചില കുടുംബങ്ങളെങ്കിലും കൂടി ചേർന്നപ്പോൾ അയാൾക്ക് ലക്ഷങ്ങൾ ഫീസ് നഷ്ടമായേക്കാം. പക്ഷേ അതിനേക്കാൾ വലുതാണ് ഭാര്യാ- ഭർത്തൃ ബന്ധം. അന്യരുടെ കണ്ണുനീരിന്റെ പൈസയിൽ സ്വന്തം കുടുംബത്ത് കഞ്ഞി വെച്ചാൽ എങ്ങനെയാണ് മക്കളേ സമാധാനമായി കഴിക്കുന്നത്? തങ്ങളുടേതല്ലാത്ത കാരണങ്ങളായിരുന്നും അച്ഛനമ്മമാരുടെ  വേർപെടലിൽ ചങ്ക് നീറുന്ന കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ കണ്ണുകൾ തെളിഞ്ഞ് വരുമ്പോൾ രാത്രി ഉറങ്ങാനും ബുദ്ധിമുട്ടാണ്.

മാനസികമായി അസ്വസ്ഥകൾ ഏറി വന്നപ്പോൾ ആ ജോലി ഉപേക്ഷിച്ച് കൃഷിയിൽ കൂടാൻ തീരുമാനിച്ചു. മറ്റുള്ളവരുടെ കുടുംബം വെണ്ണീറാക്കിയും മക്കളെ അനാഥരാക്കിയും നേടുന്ന പൈസയിൽ നമ്മുടെ മക്കൾ വളരേണ്ടതില്ല എന്ന് എന്റെ പാതിയും പറഞ്ഞപ്പോൾ അതാണ് ശരിയെന്ന് എനിക്കും തോന്നി. ഇനിയും മറ്റൊരു വക്കീൽ ഓഫീസിൽ ഗുമസ്ത പണിക്ക് പോകാൻ കഴിയാത്ത വിധം മനസ് തകർന്നിരുന്നു. എന്റെ ജോലിയുടെ അവസാന ദിവസത്തിൽ ഞാൻ കണ്ട രണ്ട് പേരാണ് ഇപ്പോൾ എന്റെ മുന്നിൽ മക്കളോടൊപ്പം സന്തോഷമായി ഇരിക്കുന്നത്.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

പഴയ ചിന്തകളിൽ സജ്നയും തുലാമഴ പോലെ ആർത്തു പെയ്യുകയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തി ആയല്ലോ എന്ന സമൂഹത്തിന്റെ പതിവു ചിന്തയിൽ വിവാഹ ബന്ധത്തിൽ ഏർപ്പെട്ട രണ്ടു പേരായിരുന്നു റഹീമും സജ്നയും. അറബി കമ്പനിയിൽ അക്കൗണ്ടന്റ് ആയ റഹീം ബീരാനു വേണ്ടി ഉമ്മച്ചിയും ഉപ്പയും പെങ്ങളും പെണ്ണുകണ്ട് കല്യാണം ഉറപ്പിച്ചു. ഗൾഫ്കാരന് നാട്ടിൽ വരുമ്പോഴേക്കും പെണ്ണ് ശരിയാക്കി വെച്ചാൽ വന്നാലുടൻ കല്യാണം നടത്താം. ബന്ധു വീടുകളിലെ വിരുന്ന് പോക്കു കഴിയുമ്പോഴേക്കും ലീവ് കഴിഞ്ഞ് തിരിച്ചു പോകാറായിട്ടുമുണ്ടാകും. ഇതിൽ പരസ്പരം അറിയാനും പറയാനും സമയമെവിടെ? അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലേക്ക് വന്ന വിവാഹ ഉടമ്പടിയിലെ രണ്ട് അപരിചിതർ മാത്രമായിരുന്നു റഹീമും സജ്നയും.

ഇടക്ക് ഒന്ന് രണ്ട് തവണ വിസിറ്റ് വിസയിൽ ദുബായിലേക്ക് ഭാര്യയെ കൊണ്ടു പോകാൻ റഹിം ശ്രമിച്ചപ്പോഴൊക്കെ ഉമ്മച്ചി എതിർത്തു. ഇവിടെ പെണ്ണുങ്ങളാരും ഭർത്താവിന്റെ ഒപ്പം ഗൾഫിൽ പോയി താമസിക്കാറില്ല എന്നൊരു മുടന്തൻ കഥയും പറഞ്ഞു.
ഗൾഫിലുള്ള ബന്ധുക്കൾ ആരും ഭാര്യയെ കൊണ്ടു പോകാറില്ല. ഭാര്യയെ നാട്ടിലാക്കി ബാച്ചിലർ ലൈഫിന്റെ അതിർത്തി വിട്ട സുഖസന്തോഷത്തിൽ അവിടെ ആർമാദിക്കും. അതിനപ്പുറം ചെയ്യാൻ റഹീമിനും തോന്നിയില്ല.

ഇടക്ക് ഫോൺ ചെയ്യുമ്പോൾ സജ്നയുടെ ഇടറുന്ന ശബ്ദത്തിന്റെ ആഴത്തിൽ നിങ്ങൾ എന്നെ ഇവിടെ ഒറ്റക്കാക്കി പോയല്ലേ എന്ന് പറയാതെ പറയുന്നത് ചങ്കിൽ കൊള്ളുമായിരുന്നു.

ജോലിയുള്ളത് സജ്നക്ക് ആശ്വാസമാണെങ്കിലും അതൊന്നും വിരഹത്തിനും ഏകാന്തതയ്ക്കുമുളള ആശ്വാസമായില്ല. മരുമകൾ വല്ലപ്പോഴും സ്വന്തം വീട്ടിലേക്ക് വിരുന്നു പോകുന്ന പോലെ പോയാൽ മതിയെന്നുള്ള ഉമ്മച്ചിയുടെ ദുർവാശികളെ കുടുംബ സമാധാനം ആലോചിച്ച് ഇരുവരും വിട്ടു കൊടുത്തു. മുൻപരിചയം ഇല്ലാത്ത ആളെ കല്യാണം കഴിച്ച് പിന്നീട് ഭർത്താവിന്റെ സാമീപ്യമില്ലാതെ അയാളുടെ വീട്ടുകാരോടൊപ്പം താമസിക്കുന്ന ഭാര്യയുടെ കരളിന്റെ നോവ് മനസിലാക്കിയപ്പോൾ കൊണ്ടുവരാനുള്ള വിസയും കാര്യങ്ങളും വീട്ടിൽ അറിയിക്കാതെ രഹസ്യമായി ചെയ്തു.

പക്ഷേ പ്രശ്നങ്ങളുടേയും അസൂയയുടേയും മാറാലയിൽ അവർ അകപ്പെടുന്നത് അവിടെ നിന്നായിരുന്നു. മകൻ ആണെങ്കിലും മകളേക്കാൾ പൈസ ഉണ്ടാക്കുമോ സന്തോഷിക്കുമോ എന്നൊക്കെ ചിന്തിച്ച് ഐഷാബിടെ ഉറക്കം പോയി തുടങ്ങി. ഒരു കണക്കിന് പറഞ്ഞാൽ ഐഷാബിടെ ഉറക്കം കളഞ്ഞാലേ സമാധാനമാവൂ എന്ന നിലയിലുള്ള അസൂയയും കുശുമ്പുമുള്ള വിഷവിത്തുക്കളായ ചങ്ങാതികളും ഉറ്റവരും അടുത്തു കൂടിയപ്പോൾ മകന്റെ കുടുംബ ജീവിതം ഇരുവഴിയിലാക്കിയേ സമാധാനം കിട്ടൂ എന്ന നിലയിൽ ആയി കാര്യങ്ങൾ.

വീട്ടുകാർക്ക് വേണ്ടി വിവാഹവും അവർക്ക് വേണ്ടി വിവാഹമോചനവും ചെയ്യുന്നവരെ നോക്കി നട്ടെല്ലില്ലാത്തവൻ എന്ന് പുച്ഛിച്ചിരുന്ന റഹീമും അവരിൽ ഒരാളാവാൻ അധികസമയം വേണ്ടി വന്നില്ല.

പിരിയണമെന്ന ഉറച്ച തീരുമാനത്തിൽ മ്യൂച്ചൽ ഡൈവേർസ് എന്ന് മാത്രം ഉരുവിട്ട് കൊണ്ട് വരാന്തയുടെ അറ്റത്ത് നിൽക്കുന്ന ഭർത്താവും താൻ ചെയ്ത തെറ്റ് എന്തെന്ന് ഇനിയും മനസിലാവാത്ത ഭാര്യയും ഇന്നും പഴയ ഗുമസ്തൻ ഷൺമുഖന്റെ മനസിലുണ്ട്.

അന്ന് റഹീമിനെ നോക്കി മന്ദഹാസത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു, \"ഭാര്യയെ സംരക്ഷിക്കാൻ താല്പര്യമില്ലാത്തവൻ വിവാഹം കഴിക്കരുത്. ഭാര്യയെ പോലും സംരക്ഷിക്കാൻ കഴിയാത്തവൻ മക്കളെ ഉണ്ടാക്കാനും നിൽക്കരുത്. ആദ്യമേ വീട്ടുകാർ മതിയെന്ന് തീരുമാനിച്ചാൽ ഇതുപോലെയുള്ള പെൺകുട്ടികളുടെ ജീവിതം നഷ്ടപ്പെടില്ലായിരുന്നു. തലച്ചോറും തീരുമാനവും സ്വന്തമായി ഇല്ലാത്തവർക്ക് പറഞ്ഞതല്ല വിവാഹജീവിതം.\"

റഹീം ഇടിവെട്ടലേറ്റ പോലെ താൻ ആരുടൊക്കെയോ കയ്യിലെ പാവയാണല്ലോ എന്ന് ഓർത്ത് കരഞ്ഞു പോയി. മറ്റുള്ളവർ പറയുമ്പോൾ ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്ന വാഴത്തണ്ട് നട്ടെല്ലുള്ള വെറുമൊരു പോങ്ങൻ ആയിരുന്നോ താൻ എന്ന് കണ്ണാടി നോക്കി ആയിരം തവണ ചോദിച്ചു.

ഒരാഴ്ച കഴിഞ്ഞാൽ കേസിന്റെ വിധി ദിവസമാണ്. തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിൽ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഹൃദയം തുറന്നു, \"ഭാര്യയെ അറിയാൻ ശ്രമിക്കാതെ പത്ത് വർഷം ജീവിച്ചു. ഒരു പക്ഷേ അറിഞ്ഞാൽ ഇതുപോലെ കോടതിയിൽ വരേണ്ടി വരില്ലായിരുന്നു. സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത ഭർത്താക്കൻമാരിൽ ഒരാൾ ആണ് ഞാനെന്നും മനസിലായി. മറ്റുള്ളവർക്ക് വേണ്ടി താലി കെട്ടിയ പെണ്ണിന്റെ കണ്ണീര് വീഴ്ത്താത്തവനാണ് നല്ല ഭർത്താവ് എന്നും തിരിച്ചറിയുന്നു.\" ഇടറുന്ന ശബ്ദത്തോടെ റഹീം ഇതു പറഞ്ഞ് നിർത്തിയപ്പോൾ കോടതി മുറിയിലെ എല്ലാവരും സ്തബ്ധരും നിശബ്ദരുമായി അനക്കമറ്റ് ഇരുന്നു. നീറുന്ന നെഞ്ചിടിപ്പോടെ സജ്ന ഭർത്താവിനെ നിറമിഴികളാൽ കൈകൂപ്പി ഞാനും അറിയാൻ ശ്രമിച്ചില്ലല്ലോ എന്ന് ഉറക്കെ പറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോൾ ജഡ്ജി ചെറു പുഞ്ചിരിയോടെ ദീർഘനിശ്വാസത്താൽ കൈയ്യിലെ പേന താഴെ വെച്ച് ആ കസേരയിൽ ഒന്നു അമർന്നിരുന്നു. അല്ലെങ്കിലും ബന്ധങ്ങൾ കൂടി ചേരുന്നത് കാണാൻ പ്രത്യേക ഭംഗിയല്ലേ...

മരുമകളെ വീട്ടിൽ കയറ്റിയാൽ ആത്മഹത്യ ചെയ്യുമെന്നും വീട് വിട്ട് ഇറങ്ങി പോകും എന്നൊക്കെയുള്ള പതിവ് കലാപരിപാടികൾ ഐഷാബി ഇറക്കിയെങ്കിലും ഉമ്മച്ചിയുടെ ശബ്ദത്തിനെ ഭയന്നിരുന്ന റഹീം ധൈര്യത്തോടെ പറഞ്ഞു, \"ഭാര്യയുടെ സ്ഥാനം ഉമ്മച്ചിക്കോ ഉമ്മച്ചിയുടെ സ്ഥാനം ഭാര്യക്കോ വെച്ച് മാറാൻ പറ്റില്ല. ഉമ്മച്ചിക്ക് കൂടെ നിൽക്കാൻ ഉപ്പയുണ്ട്, പെങ്ങൾക്ക് കൈത്താങ്ങിന് അളിയൻ ഉണ്ട്. എനിക്ക് ആരാണ് ഉള്ളത്? ഇനിയും ഈ കാര്യത്തിൽ നിങ്ങളുടെ വാക്കു കേട്ട് കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കാൻ പറ്റില്ല.\" ഇത്രയും കേട്ടപ്പോൾ ഐഷാബി ഞെട്ടിത്തരിച്ച് പോയി.

\"ഇതുവരെയും നിന്റെ ഉപ്പച്ചി പോലും എന്റെ വാക്കിനെ മറികടന്നിട്ടില്ല.\'\'

\"അതു തന്നെയായിരുന്നു ഇവിടത്തെ പ്രശ്നം ഉമ്മാ... എന്നും ഉമ്മയുടെ മുമ്പിൽ വിധേയത്വ ഭാവത്തിൽ മാത്രം നിൽക്കണ ഉപ്പയെ കണ്ടു വളർന്ന എനിക്ക് ചിന്താശേഷി ഇപ്പോഴാണ് വന്നത്. ഉടനെ തന്നെ ഇവളെ ഞാൻ ദുബായിൽ കൊണ്ടു പോകും. അവിടെ താമസ സൗകര്യമെല്ലാം ഏർപ്പാട് ആകുംവരെ തല്ക്കാലം ഇവളുടെ വീട്ടിൽ ഇവളും മക്കളും നിൽക്കട്ടെ. ഇനിയും ഞങ്ങളുടെ ജീവിതത്തിൽ കോലിട്ട് ഇളക്കരുത്. ഒരു മകനായി ഞാൻ എന്നും കൂടെയുണ്ടാകും. അതേ സമയം ഞാനൊരു ഭർത്താവും കൂടിയാണെന്നും എനിക്കും കുടുംബം ഉണ്ടെന്ന് ഉമ്മച്ചിയും മറക്കരുത്. അതിനെക്കുറിച്ച് കോടതി വീട്ടുകാരെ ഓർമിപ്പിച്ച പ്രത്യേക പരാമർശവും ഓർമ്മയുണ്ടല്ലോ. എനിക്കും അതു മാത്രമേ പറയാൻ ഉള്ളു.\"

ഭർത്താവിനോടൊപ്പം കൈ പിടിച്ച് അവിടെ നിന്നും ഇറങ്ങുമ്പോൾ അവൾ അയാളെ ബഹുമാനത്തോടെ നോക്കി. ഇതാ... ആദ്യമായി ഭാര്യക്ക് വേണ്ടി ധൈര്യപൂർവം സംസാരിച്ചിരിക്കുന്നു!

കോരിച്ചൊരിയുന്ന മഴയിൽ അവൾക്ക് കയറാനായി റഹീം തുറന്ന് പിടിച്ച കാറിന്റെ ഡോർ അടച്ച് കൊണ്ട് അവൾ ചോദിച്ചു. \"ഇക്കാക്കാന് മഴ നനയാൻ ഇഷ്ടാണോ?\"

കൈകൾ കോർത്ത് പിടിച്ച് അവർ ഒരു കുടക്കീഴിൽ നടന്ന് നീങ്ങുന്നത് സ്നേഹവർഷത്തിന്റെ മാരിയിലേക്കായിരുന്നു...

ജീവിതനൗക ഇടക്കെങ്കിലും നിയന്ത്രണമില്ലാതെ മറ്റുള്ളവർ സൃഷ്ടിക്കുന്ന അലകളിൽ ആടിയുലഞ്ഞാലും പരസ്പരം മനസിലാക്കുന്ന നല്ലൊരു ജീവിതം വേണമെന്ന്  ആത്മാർത്ഥസ്നേഹത്തോടെ ദമ്പതികൾ ആഗ്രഹിച്ചാൽ കൈവിട്ട് പോയ ഇടത്തിൽ നിന്നും തിരിച്ചു പിടിക്കാമെന്നതേ ഉള്ളു എന്ന് മനസിൽ അവൾ കുറിച്ചിട്ടു. സ്വാർത്ഥതയും അഹംഭാവവും താൻ പോരായ്മയും മാറ്റി വെച്ചുള്ള സന്തുഷ്ട കുടുംബത്തിലെ അലന്റെയും ഇഷയുടേയും കണ്ണിൽ റഹീമും സജ്നയും കുടുംബ ബന്ധങ്ങളെ ചേർത്ത് പിടിക്കുന്ന ഭൂമിയിലെ യഥാർത്ഥ സ്വർഗത്തിലെ മെഹ്ഫിൽ സ്നേഹ സംഗീതത്തിന്റെ സൃഷ്ടാക്കളാണ്.

               **************